ശീഇസത്തിലെ ഉൾപിരിവുകൾ

ലോക മുസ്‌ലിംകൾക്കിടയിൽ അസഹിഷ്ണുതയും ഛിദ്രതയുമുണ്ടാക്കിയ മതവിരുദ്ധതയുടെ ആൾക്കൂട്ടമാണ് ശീഇസം. ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇൽ നിന്നാരംഭിച്ച ഈ പ്രസ്ഥാനം പിന്നീട് ആഭ്യന്തര അഭിപ്രായ ഭിന്നതകളുടെയും തങ്ങളുടെ ഇമാം ആരാണെന്നുള്ള തർക്കത്തിന്റെയും അധികാര വടംവലിയുടെയും അടിസ്ഥാനത്തിൽ വിഘടിച്ച് വ്യത്യസ്ത ഉൾപിരിവുകളായി മാറി.
ശീഈ വിഭാഗങ്ങളെ കുറിച്ച് വിവിധ ഗ്രന്ഥങ്ങളിൽ പല രൂപത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശാഹ് വലിയുല്ലാഹി ദഹ്‌ലവിയുടെ മകൻ ശാഹ് അബ്ദുൽ അസീസ് ഗുലാം ഹലീം ദഹ്‌ലവി പേർഷ്യൻ ഭാഷയിൽ രചിക്കുകയും ഗുലാം മുഹമ്മദ് ബിൻ മുഹ്‌യിദ്ദീൻ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും സയ്യിദ് മഹമൂദ് സംഗ്രഹിക്കുകയും ചെയ്ത ‘മുഖ്ത്വസറുത്തുഹ്ഫ അൽഇസ്‌നാ അശരിയ്യ’ എന്ന ഗ്രന്ഥത്തിൽ പ്രധാനമായും നാല് വിഭാഗങ്ങളായാണ് ഇവരെ തരംതിരിക്കുന്നത്.
1. ശീഅതു മുഖ്‌ലിസൂൻ
2. ശീഅതു തഫ്‌ളീലിയ്യ
3. ശീഅതു സബ്ബിയ
4. ശീഅതു ഗുലാത്

പിന്നീട് ശീഅതു ഗുലാതിനെ ഇരുപത്തിനാല് ശാഖകളായും ഇതിൽപെട്ട ഇമാമിയ്യ എന്ന ശാഖയെ മുപ്പത്തി ഒമ്പത് ഉപശാഖകളായും തരംതിരിക്കുന്നതായി കാണാം.
അബൂമൻസൂർ അബ്ദുൽ ഖാഹിർ ബിൻ ത്വാഹിർ ബിൻ മുഹമ്മദ് അൽബഗ്ദാദി രചിച്ച ‘അൽഫർഖു ബൈനൽ ഫിറഖ്’ എന്ന ഗ്രന്ഥത്തിൽ മൂന്ന് പ്രധാന വിഭാഗങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.
1. സൈദിയ്യ
2. കൈസാനിയ്യ
3. ഇമാമിയ്യ
ഇതിൽ സൈദിയ്യ എന്ന വിഭാഗത്തിന് മൂന്നും കൈസാനിയ്യക്ക് രണ്ടും ഇമാമിയ്യക്ക് പതിനഞ്ച് ശാഖകളും വിവരിച്ചിട്ടുണ്ട്.
ശൈഖ് ജീലാനി(റ)യുടെ അൽഗുൻയ ലി ത്വാലിബി ത്വരീഖിൽ ഹഖ് എന്ന ഗ്രന്ഥത്തിലും മൂന്ന് പ്രധാന ഗ്രൂപ്പുകളായാണ് തിരിക്കുന്നത്.
1. ഗാലിയ്യ
2. സൈദിയ്യ
3. റാഫിളത്

പിന്നീട് ഗാലിയ്യയെ പന്ത്രണ്ടും സൈദിയ്യയെ ആറും റാഫിളതിനെ പതിനാലും ഉപഗ്രൂപ്പുകളായി വിഭജിക്കുന്നതു കാണാം.
എന്നാൽ, അബുൽ ഫതഹ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അശ്ശഹ്‌റസ്താനിയുടെ ‘അൽമിലലു വന്നിഹൽ’ എന്ന ഗ്രന്ഥത്തിൽ പ്രധാനമായും അഞ്ച് വിഭാഗങ്ങളായാണ് ശിയാക്കളെ പരിചയപ്പെടുത്തുന്നത്.
1. കൈസാനിയ്യ
2. സൈദിയ്യ
3. ഇമാമിയ്യ
4. ഗാലിയ്യ
5. ഇസ്മാഈലിയ്യ

കൈസാനിയ്യ

അലി(റ)യുടെ അടിമയായ കൈസാനിന്റെ ആശയങ്ങൾ കടമെടുത്തതുകൊണ്ടാണ് ഈ വിഭാഗം കൈസാനിയ്യ എന്ന പേരിലറിയപ്പെടുന്നത്.

പ്രധാന വിശ്വാസങ്ങൾ: 1. അലി(റ)ന് ഖൗല ബിൻത് ജഅ്ഫർ അൽഹനഫിയ്യ എന്ന അടിമസ്ത്രീയിൽ പിറന്ന മുഹമ്മദ് ബിൻ ഹനഫിയ്യ ഇമാമാണെന്നും മരിച്ചിട്ടില്ലെന്നും റള്‌വ എന്ന പർവതത്തിൽ വന്യജീവികളുടെ സംരക്ഷത്തിലായി കഴിയുകയാണെന്നും അവസാന ഘട്ടത്തിൽ നീതി നടപ്പാക്കാൻ പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.
2. ദീൻ എന്നാൽ ഇമാമിനെ അനുസരിക്കലാണെന്ന വിശ്വാസം.
3. അന്ത്യദിനത്തിലുള്ള വിശ്വാസക്കുറവ്.
4. പുനർജന്മവാദം.
5. അത്മാവിന്റെ മറുജന്മം.

ഈ വിഭാഗം നാല് ശാഖകളായി തിരിയുന്നുണ്ട്.
1) മുഖ്താറിയ. മുഖ്താർ ബിൻ അബീ അബീദിന്റെ അനുചരന്മാരാണിവർ.
അലി(റ)ന് ശേഷം ഇമാമത്ത് പദവി മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യിൽ നിക്ഷിപ്തമാണെന്നും ഹുസൈൻ(റ)വിന്റെ ഘാതകരെ മുഴുവൻ വധിക്കണമെന്നും അല്ലാഹുവിന് അഭിപ്രായമാറ്റം അഥവാ ‘ബദാഅ’ ഉണ്ടാകാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. അവതാരവാദം വരെ ഇവർക്കുണ്ട്.
2) ഹാശിമിയ്യ. മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യുടെ പുത്രനായ അബൂഹാശിമിന്റെ അനുയായികളാണിവർ. ഇദ്ദേഹത്തിന്റെ കാലശേഷം ഇമാമത്ത് പദവി ആർക്കാണെന്ന അഭിപ്രായ ഭിന്നതയിൽ അഞ്ച് ശാഖകളായി പിരിഞ്ഞു.
3) ബയാനിയ്യ. ബയാനുബ്‌നു സംആൻ അന്നഹ്ദിയുടെ അനുയായികളാണിവർ. അലി(റ) ഇലാഹാണെന്ന വിശ്വാസമുള്ളവരായതുകൊണ്ട് തന്നെ ഇവർ നിസ്സംശയം ഇസ്‌ലാമിൽ നിന്നു പുറത്ത് പോയവരാണ്.
4) റിസാമിയ്യ. റിസാമ എന്ന വ്യക്തിയുടെ അനുയായികളാണിവർ. ദീനെന്നാൽ ഇമാമിനെ അനുസരിക്കൽ മാത്രമാണെന്നാണ് ഇവരുടെ വാദം.

സൈദിയ്യ

ഹുസൈൻ(റ)വിന്റെ പേരക്കുട്ടിയായ സൈദ്ബിൻ അലിയ്യിനെ ഇമാമായി സ്വീകരിച്ചവരാണിവർ. ഇമാമത്ത് ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിൽ നിക്ഷിപ്തമാണെന്നാണ് ഇവരുടെ വാദം.
ഈ വിഭാഗം മൂന്ന് ശാഖകളായി പിരിയുകയുണ്ടായി.

1) ജാറൂദിയ്യ. അബുൽ ജാറൂദ് എന്ന വ്യക്തിയുടെ അനുചരന്മാരാണിവർ. തിരുനബി(സ്വ)ക്ക് ശേഷം അലി(റ)വാണ് ഖലീഫയാകേണ്ടത്, ഇമാം മഹ്ദി എവിടെയോ ഒളിവിൽ താമസിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം.
2) സുലൈമാനിയ്യ. സുലൈമാനുബ്‌നു ജരീരിന്റെ അനുയായികളായ ഇക്കൂട്ടർ ജരീരികൾ എന്നും അറിയപ്പെടും. ആദ്യ രണ്ട് ഖലീഫമാരെ അംഗീകരിക്കുന്നതോടൊപ്പം ഖലീഫയാകാൻ ഉത്തമൻ അലി(റ)വാണെന്നാണ് ഇവരുടെ വാദം. ഉസ്മാൻ(റ), ആഇശ(റ), സുബൈർ(റ), ത്വൽഹ(റ) എന്നിവർ കാഫിറാണെന്ന് വിശ്വസിക്കുന്നതിനാൽ ഇവരെ അവിശ്വാസികളായി പണ്ഡിതർ വിധിയെഴുതിയിട്ടുണ്ട്.
3) ബത്‌രിയ്യ/സ്വാലിഹിയ്യ. ഹസനുബ്‌നു സ്വാലിഹിന്റെയും അബ്തറിന്റെയും അനുയായികൾ. ഉസ്മാൻ(റ) കാഫിറാണെന്നോ അല്ലെന്നോ അഭിപ്രായം പറയാത്തവരാണിവർ.

ഇമാമിയ്യ

ശീഇസത്തിലെ വളരെ പ്രബലമായ വിഭാഗമാണിത്. നബി(സ്വ)ക്ക് ശേഷം അലി(റ)വാണ് യഥാർഥ ഖലീഫയും ഇമാമും എന്നാണ് ഇവരുടെ വാദം. അലി(റ)വിന് ശേഷം ഹുസൈൻ(റ), ഹസൻ(റ), സൈനുൽ ആബിദീൻ(റ) എന്നീ ക്രമത്തിലാണ് ഇമാമത്തും ഖിലാഫത്തുമെന്നാണ് വാദം. എന്നാൽ സൈനുൽ ആബിദീൻ(റ)ക്ക് ശേഷം ആരാണ് ഇമാം എന്നതിലെ അഭിപ്രായ വ്യത്യാസം മൂലം എഴുപതിലധികം ശാഖകളായി ഈ വിഭാഗം മാറി.

ചില പ്രധാന ഉപവിഭാഗങ്ങൾ

1) ബാഖിരിയ. സൈനുൽ ആബിദീൻ(റ)യുടെ പുത്രനായ മുഹമ്മദ് ബാഖിറി(റ)ലേക്ക് ചേർത്താണ് ഇവരിങ്ങനെ അറിയപ്പെടുന്നത്. ബാഖിർ(റ) മഹ്ദി ഇമാമാണെന്നും മരണശേഷം തിരിച്ചുവരുമെന്നും ഇവർ വിശ്വസിക്കുന്നു. അവതാരവാദം, സാദൃശ്യവാദം തുടങ്ങിയവയും ഇവർക്കുണ്ട്.
2) നാവൂസിയ്യ. ബാഖിർ(റ)വിന്റെ പുത്രൻ ജഅ്ഫർ സ്വാദിഖ്(റ)നെ ഇമാമായി സ്വീകരിച്ച വിഭാഗമാണിവർ. നാവൂസ് എന്നാളായിരുന്നു തലവൻ. ജഅ്ഫർ സാദിഖ്(റ) മരിച്ചിട്ടില്ലെന്നും നീതി സ്ഥാപിക്കാൻ വേണ്ടി പിന്നീട് പ്രത്യക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.
3) അഫ്തഹിയ്യ. ജഅ്ഫർ സാദിഖ്(റ)വിന് ശേഷം മൂത്ത പുത്രൻ അബ്ദുല്ലാഹ് അൽഅഫ്ത്വഹിയ്യയാണ് ഇമാമെന്ന് വിശ്വസിക്കുന്ന വിഭാഗം.
4) ശുമൈത്വിയ്യ. യഹ്‌യബ്‌നു അബീശുമയ്തിന്റെ അനുയായികളാണിവർ.
5) മൂസവിയ്യ. ജഅ്ഫർ സാദിഖ്(റ)വിന്റെ പുത്രൻ മൂസ ഇമാമാണെന്ന് വിശ്വസിക്കുന്നവർ.
6) ഇസ്‌നാ അശരിയ്യ. ഇമാമിയ്യ വിഭാഗത്തിലെ വളരെ പ്രധാനപ്പെട്ട ഉപശാഖയാണിത്.
അലി(റ), ഹസൻ(റ), ഹുസൈൻ(റ), സൈനുൽ ആബിദീൻ(റ), മുഹമ്മദ് ബാഖിർ(റ), ജഅ്ഫർ സാദിഖ്(റ), മൂസൽ കാളിം(റ), അലിയ്യുരിളാ(റ), മുഹമ്മദ് ബിൻ അലി(റ), അലിയ്യുബിൻ മുഹമ്മദ്(റ), ഹസനുബ്‌നു അലിയ്യ്(റ), മുഹമ്മദ് ബിൻ ഹസൻ(റ) എന്നീ 12 ഇമാമുകളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇവർ ഈ പേരിലറിയപ്പെടുന്നത്. ഇതിൽ അവസാനത്തെ ഇമാം പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയാണെന്നാണ് ഇവരുടെ വിശ്വാസം.

ഗാലിയ്യ/ ഗുലാത്
ഇമാമുകൾ ഇലാഹാണെന്ന് വരെ വിശ്വാസമുള്ള തീവ്ര ശിയാ വിഭാഗമാണിത്. ഈ വിഭാഗത്തിന് പതിനൊന്ന് ഉപശാഖകളുണ്ട്.
1) സബഇയ്യ. ശീഇസത്തിന് വിത്തു പാകിയ അബ്ദുല്ലാഹിബ്‌നു സബഇന്റെ പാർട്ടിക്കാരാണിവർ. അലി(റ) ഇലാഹാണെന്ന് വാദിക്കുന്നു.
2) കാമിലിയ്യ. അബൂകാമിലിന്റെ അനുയായികൾ. അലി(റ)നെ ബൈഅത്ത് ചെയ്യാത്തതുകൊണ്ട് എല്ലാ സ്വഹാബികളും ഖിലാഫത്ത് ഏറ്റെടുക്കാത്തതുകൊണ്ട് അലി(റ) തന്നെയും കാഫിറാണെന്നാണ് ഇവരുടെ വാദം.
3) ഗുൽബാഇയ്യ. ഗുൽബാഅ ബിൻ ദിറാഅ അദ്ദൗസി എന്നയാളുടെ അനുയായികൾ. നബി(സ്വ)യെക്കാൾ ശ്രേഷ്ഠത അലി(റ)വാണെന്നും നബി(സ്വ)യെ നിയോഗിച്ചത് അലി(റ) ആണെന്നുമാണ് ഇവരുടെ വിശ്വാസം.
4) മുഗീരിയ്യ. മുഗീറത് ബിൻ സഈദിന്റെ സംഘം. മനുഷ്യ വികാരങ്ങൾ ദൈവത്തിനുണ്ടെന്ന ആന്ത്രോപോമോർഫിസത്തിൽ വിശ്വസിക്കുന്നവരാണിവർ.
5) മൻസൂരിയ്യ. അബൂമൻസൂർ അൽഅജ്‌ലി എന്നയാളുടെ പാർട്ടിയാണിത്. ഇയാൾ സ്വയം ഇമാമാണെന്ന് വാദിച്ചു.
6) ഖതാബിയ്യ. അബൂഖതാബ് മുഹമ്മദ് എന്നയാളുടെ അനുയായികൾ. ഇമാമുകൾ അമ്പിയാക്കളാണെന്നും പിന്നീട് ഇലാഹാണെന്നു വരെയും വാദിച്ചു.
7) കയാലിയ്യ. അഹ്‌മദ് ബിൻ കയാൽ എന്നയാളുടെ പാർട്ടിയാണിത്. താൻ ഇമാമാണെന്നും പ്രതീക്ഷിത മഹ്ദിയാണെന്നും ഇദ്ദേഹം വാദിക്കുകയുണ്ടായി.
8) ഹിശാമിയ്യ. ഹിശാം ഇബ്‌നു ഹകം, ഹിശാം ബിൻ സാലിം എന്നിവരുടെ പാർട്ടി. അല്ലാഹുവിന് ശരീരമുണ്ടെന്നും സൃഷ്ടികളോട് സാദ്യശ്യമുള്ളവനാണെന്നും ഇവർ വിശ്വസിക്കുന്നു. നബിമാർ പാപം ചെയ്യുമെന്നും വിശ്വസിക്കുന്നുണ്ട്.
9) നുഅ്മാനിയ്യ/ശൈത്വാനിയ്യ. മുഹമ്മദ് നുഅ്മാൻ അബൂജഅ്ഫർ എന്നയാളുടെ പ്രസ്ഥാനമാണിത്. സൃഷ്ടികർമത്തിന് മുമ്പ് അല്ലാഹുവിന് സൃഷ്ടികളെക്കുറിച്ച് അറിവില്ല എന്നിവർ വാദിച്ചു. ശൈത്വാനിയ്യ എന്ന പേരിലും ഇവർ അറിയപ്പെടുന്നു.
10) യൂനുസിയ്യ. യൂനുസുബ്‌നു അബ്ദുറഹ്‌മാൻ അൽകുമ്മി എന്ന വ്യക്തിയുടെ അനുയായികളാണിവർ. അല്ലാഹു അർശിൽ ഇരിക്കുന്നുണ്ടെന്നും മലക്കുകൾ അർശിനെ വഹിക്കുന്നുവെന്നും ഇവർ വിശ്വസിക്കുന്നു.
11) നുസൈരിയ്യ. നബി(സ്വ)ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠത അലി(റ)ക്കാണെന്നാണ് ഇവരുടെ വാദം. സ്വർഗവും ഭൂമിയും സൃഷ്ടിക്കുന്നതിന് മുമ്പേ അലി(റ) സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ വിശ്വസിക്കുന്നു.

ഇസ്മാഈലിയ്യ

ആറാമത്തെ ഇമാം ജഅ്ഫർ സാദിഖ്(റ)വിന്റെ വിയോഗ ശേഷം ശീഇസത്തിൽ പിളർപ്പ് സംഭവിച്ചു. ചിലയാളുകൾ ജഅ്ഫർ സ്വാദിന്റെ മകൻ മൂസൽ കാളിമിനെ ഏഴാമത്തെ ഇമാമായി അംഗീകരിച്ചു. ഈ വിഭാഗമാണ് പിന്നീട് ഇസ്‌നാ അശ്‌രിയായത്. മറ്റു ചിലർ മറ്റൊരു മകനായ ഇസ്മാഈലിനെ ഇമാമായി സ്വീകരിച്ചു. ഇവരാണ് ഇസ്മാഈലികൾ എന്നറിയപ്പെടുന്നത്.
ഇസ്‌നാ അശരി വിഭാഗം കഴിഞ്ഞാൽ ഏറ്റവും അംഗബലമുള്ള ശീഈ വിഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ ഫാത്തിമിയ്യ ഭരണകൂടം (909-1171) സ്ഥാപിക്കുക വഴി ഇവർക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയുണ്ടായി. ഇവർക്കും ഉപവിഭാഗങ്ങളുണ്ട്.

സബ്ഇയ്യ/സവെനേഴ്‌സ്

ഏഴാമത്തെ ഇമാമായ ഇസ്മാഈൽ അവസാനത്തെ ഇമാമാണെന്ന് വിശ്വസിക്കുന്നവരാണിവർ. അതുകൊണ്ടാണ് ഇവർ സബ്ഇയ്യ എന്നറിയപ്പെടുന്നത്.

ഖറാമത്വിയ്യ

സബ്ഇയ്യ വിഭാഗത്തിന്റെ ശാഖയായി ഹംദാൻ ഖറാമത്വ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫാത്തിമിയ്യ ഖിലാഫത്തിനോട് വിഘടിച്ചുണ്ടായ പ്രസ്ഥാനമാണിത്. 930ൽ ഖറാമത്വി നേതാവ് അബൂത്വാഹിർ അൽജന്നബിയുടെ നേതൃത്വത്തിൽ ഹറം ശരീഫിൽ കൂട്ടക്കൊല നടക്കുകയും മൃതദേഹങ്ങൾകൊണ്ട് സംസം കിണർ മലിനമാക്കുകയും ചെയ്തു. കഅ്ബയുടെ വാതിൽ തകർക്കുകയും ഹജറുൽ അസ്‌വദ് യമനിലേക്കു കൊണ്ടുപോവുകയും ചെയ്തു. 952 വരെ നീണ്ട 22 വർഷം ഹജറുൽ അസ്‌വദ് ഖറാമത്വികളുടെ കറുത്ത കരങ്ങളിലായിരുന്നു. മുസ്‌ലിം ലോകത്തെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമായിരുന്നു അത്.

ബാത്വിനിയ്യാ

വിശുദ്ധ ഖുർആനിന് ആന്തരിക അർഥങ്ങളുണ്ടെന്നും അത് തങ്ങൾക്കറിയാമെന്നും അതാണ് നാം സ്വീകരിക്കേണ്ടതെന്നുമുള്ള വികലമായ ആശയമുള്ളവരാണിവർ. യഥാർഥത്തിൽ തങ്ങളുടെ വ്യാജവാദങ്ങൾക്കനുസരിച്ച് വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനിക്കാനുള്ള കുതന്ത്രമാണിവരുടേത്.

നിസാരി ഇസ്മാഈലി

ഇസ്മാഈലീ ശിയാക്കളിൽ കൂടുതൽ അംഗങ്ങളുള്ള വിഭാഗമാണ് നിസാരി ഇസ്മാഈലികൾ. ഇസ്മാഈലികളുടെ ഇമാമായ അൽമുസ്തൻസ്വിർ ബില്ലാഹിയുടെ മകൻ നിസാറിനെ പത്തൊമ്പതാമത്തെ ഇമാമായി സ്വീകരിച്ചവരാണ് നിസാരികൾ.
1838 ഹസൻ അലി ശാഹ് (ആഗാ ഖാൻ ഒന്നാമൻ) ഇറാനിലെ ഷായോട് പോരാടി പരാജയപ്പെട്ട് ഇന്ത്യയിലെ മുംബൈയിൽ സ്ഥിരതാമസമാക്കി. അങ്ങ നെ ഇന്ത്യയിൽ ഇവർക്ക് പ്രചാരം ലഭിച്ചു. ആഗാ ഖാൻ നാലാമൻ എന്നറിയപ്പെടുന്ന കരീം അൽഹുസൈനിയാണ് നാൽപത്തി ഒമ്പതാം ഇമാമായി ഈ വിഭാഗത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.

മുസ്തഅലി ഇസ്മാഈലി

പത്തൊമ്പതാം ഇമാമായി നിസാറിന് പകരം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മുസ്തഅലിയെ ഇമാമായി സ്വീകരിച്ചവരാണിവർ.

ബോറകൾ

പത്താം ഫാത്തിമി ഖലീഫയും ഇരുപതാം മുസ്തഅലി ഇസ്മാഈലീ വിഭാഗത്തിന്റെ ഇമാമും അൽആമിറുബി അഹ്കാമില്ലാഹ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്ത അബൂഅലിയ്യുൽ മൻസൂർ ബിൻ അൽമുസ്തഅലിയുടെ മരണശേഷം മുസ്തഅലി വിഭാഗം രണ്ടായി പിളർന്നു. അടുത്ത ഇമാമായി ഇദ്ദേഹത്തിന്റെ മകൻ ത്വയ്യിബ് അബുൽ ഖാസിമിയെ തിരഞ്ഞെടുത്ത ത്വയ്യിബി വിഭാഗവും അൽഹാഫിള് ലി ദീനില്ലാഹ് എന്ന പേരിലറിയപ്പെട്ട അബ്ദുൽ മാജിദിനെ ഇമാമായി സ്വീകരിച്ച ഹാഫിളി വിഭാഗവും ഉടലെടുത്തു.
ഇതിലെ ത്വയ്യിബി വിഭാഗമാണ് പിന്നീട് ബോറകളായി മാറിയത്. എന്നാൽ 1592ൽ ബോറകൾക്കിടയിൽ പിളർപ്പുണ്ടായി. ദാവൂദ് ബിൻ ഖുതുബ് ഷായുടെ നേതൃത്വത്തിൽ ദാവൂദി ബോറയും സുലൈമാൻ ബിൻ ഹസന്റെ നേതൃത്വത്തിൽ സുലൈമാനി ബോറയും നിലവിൽവന്നു. 1637ൽ ദാവൂദി ബോറയിൽ പിളർപ്പുണ്ടായി അലി ശംസുദ്ദീനിന്റെ നേതൃത്വത്തിൽ അലവി ബോറയും ഉണ്ടായി.

ദുറൂസി

ആറാമത്തെ ഫാത്തിമി ഖലീഫ അൽഹാകിം ബി അംറില്ലാഹ് എന്ന വ്യക്തിയിൽ ദിവ്യത്വം വിശ്വസിച്ച് ഉടലെടുത്ത പ്രസ്ഥാനമാണിത്. മുഹമ്മദ് ബിൻ ഇസ്മാഈൽ അൽദറസി, ഹംസ ബിൻ അലി എന്നിവരായിരുന്നു ഇതിന്റെ പ്രധാന പ്രചാരകർ. ഹൈന്ദവ, ക്രൈസ്തവ, ബുദ്ധ ദർശനങ്ങളിൽ നിന്ന് പലതും കടമെടുത്തതുകൊണ്ട് തന്നെ ഇവർ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്. മുവഹിദൂൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. പുതിയൊരു മതമായാണ് ഇവരെ കണക്കാക്കുന്നത്. ചുരുക്കത്തിൽ, അധികാര വടംവലിയിൽ ശാഖകളും ഉപശാഖകളും ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ശിഥില പ്രസ്ഥാനമാണ് ശീഇസം.

ജുനൈദ് ഖലീൽ നൂറാനി

Exit mobile version