ശൈഖ് ആദം ഹസ്‌റത്തിന്റെ ജീവിതം

പ്രസിദ്ധമായ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിൽ ആറു പതിറ്റാണ്ടു കാലം സേവനം ചെയ്ത തെന്നിന്ത്യൻ മുഫ്തി എന്നറിയപ്പെടുന്ന പണ്ഡിത തേജസ്വിയാണ് ശൈഖ് ആദം ഹസ്‌റത്ത്. വെല്ലൂരിലെ റഹ്മത്ത് പാളയത്തിൽ 3.6.1871 (ഹിജ്‌റ 1288) ശനിയാഴ്ചയാണ് ജനനം. പിതാവ് അബ്ദുറഹ്മാൻ സാഹിബ്. നാട്ടിലെ ദക്‌നി പ്രാഥമിക മദ്‌റസയിൽ മതപഠനം തുടങ്ങിയ മഹാൻ തമിഴ് ഭാഷാ പഠനത്തിനായി ഒരു നിലത്തെഴുത്ത് പാഠശാലയിൽ ചേർന്നു. അസാമാന്യ ബുദ്ധി വൈഭവം പ്രകടിപ്പിച്ച ആ കുട്ടി, മൗലവി അബ്ദുൽ മജീദ് സാഹിബിൽ നിന്ന് ഹ്രസ്വകാലം കൊണ്ട് വിശുദ്ധ ഖുർആൻ പഠനം പൂർത്തീകരിച്ചു. ബാഖിയാത്തിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും മുഴുവൻ പങ്കെടുപ്പിച്ച് വിഭവ സമൃദ്ധ സദ്യയൊരുക്കിയാണ് മകന്റെ ഖത്മുൽ ഖുർആൻ പിതാവ് നടത്തിയത്.

ആദം ഹസ്‌റത്തിന്റെ ഒമ്പതാം ആണ്ടിനോടനുബന്ധിച്ച് സുന്നി ടൈംസ് 19.6.69 ലക്കത്തിലും 26.9.69 ലക്കത്തിലും തുടർലേഖനം പ്രസിദ്ധീകരിച്ചു കാണാം. മൗലവി പിഎം കാരക്കുന്നാണ് ലേഖകൻ. മർഹൂം ശൈഖ് ആദം ഹസ്‌റത്ത് (ന.മ) സംഭവ ബഹുലമായ ആ ജീവിതത്തിലേക്കൊരെത്തിനോട്ടം എന്നാണു ശീർഷകം. അതിൽ നിന്ന്:

ഗുരു അബ്ദുൽ മജീദ് സാഹിബ് അവർകളിൽ നിന്ന് കൂടുതൽ പഠിക്കുവാനുള്ള സൗഭാഗ്യം ശൈഖുനാക്ക് ലഭിച്ചില്ല. ഈ ലോകത്തോട് യാത്ര പറഞ്ഞ അവിടുത്തെ ജനാസ സംസ്‌കരണത്തിൽ പങ്കുകൊള്ളാനെത്തിയ ബഹു. മദ്‌റസ ബാഖിയാത്തു സ്വാലിഹാത്ത് സ്ഥാപകരും പിന്നീട് ശൈഖുനായുടെ വന്ദ്യഗുരുവര്യരുമായ ശംസുൽ ഉലമാ അബ്ദുൽ വഹാബ് ഹസ്‌റത്ത് അവർകൾ ഗുരുവിന്റെ പരലോക യാത്രയിൽ കുണ്ഠിതപ്പെട്ടു. നേത്രങ്ങളിൽ നിന്ന് ചുടുബാഷ്പകണങ്ങൾ വാർത്തുകൊണ്ടിരുന്ന ആ ചെറു ബാലന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് സദസ്യരോട്, ‘ഇന്ന് റഹ്മത്ത് പാളയം അനാഥമായിത്തീർന്നു. ഈ കൊച്ചുബാലൻ അതിന്റെ നാഥനായിത്തീരുന്ന കാലം വിദൂരമല്ല’ എന്ന് പ്രവചിക്കുകയുണ്ടായി. അല്ലാമയുടെ പ്രസ്തുത വചനം സാക്ഷാൽകരിക്കപ്പെടുക തന്നെ ചെയ്തു.’

വെല്ലൂരിലെ തന്നെ ലത്വീഫിയ്യ മദ്‌റസയിലാണ് പിന്നീട് വിദ്യാർത്ഥി ജീവിതം. ദുബലാ മുഹ്‌യദ്ദീൻ ഹസ്‌റത്തിനെ പോലുള്ള അവിടുത്തെ പ്രധാനികളിൽ നിന്ന് വിവിധ വിജ്ഞാന ശാഖകൾ സ്വായത്തമാക്കി. ഉറുദു, ഫാരിസി ഗ്രന്ഥങ്ങളും പഠിച്ചു. ഹി. 1292-ൽ സ്ഥാപിച്ച ബാഖിയാത്തിൽ പതിനെട്ടാം വയസ്സിലാണ് ചേരുന്നത്. 1896-ൽ അവിടത്തെ പഠനം പൂർത്തീകരിച്ചു. എട്ടു വർഷം കൊണ്ട് അനേകം വിജ്ഞാനീയങ്ങൾ പ്രശസ്ത ഗുരുനാഥരിൽ നിന്ന് നുകർന്നു മഹാൻ.

ശംസുൽ ഉലമ അബ്ദുൽ വഹാബ് ഹസ്‌റത്ത് വാർധക്യ സഹജരോഗം കൊണ്ടു വിഷമത്തിലായപ്പോൾ വിവിധ പ്രദേശങ്ങളിൽ നിന്നുവരുന്ന അനേകം ചോദ്യങ്ങൾക്ക് ഫത്‌വ നൽകാനും അധ്യാപനത്തിനുമായി ആദം ഹസ്‌റത്തിനെ സഹ മുഫ്തിയായി നിയമിച്ചു. ഫത്‌വ എഴുത്തിനു പുറമെ, ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖു കൂടിയായ ശംസുൽ ഉലമയിൽ നിന്ന് ഇജാസത്തും നേടി. 1904-ലായിരുന്നു ഈ നിയമനം.

1919-ൽ അബ്ദുൽ വഹാബ് ഹസ്‌റത്തിന്റെ മരണത്തെ തുടർന്നു പുത്രൻ അല്ലാമാ സിയാഹുദ്ദീൻ ഹസ്‌റത്ത് പ്രിൻസിപ്പൽ സ്ഥാനമേറ്റെടുത്തപ്പോൾ ഫത്‌വ സംബന്ധമായ ചുമതല പൂർണമായി ആദം ഹസ്‌റത്തിനായി. പിന്നീട് മധ്യാഹ്നം വരെ ദർസും ശേഷം ഫത്‌വയുമായി ക്രമീകരിച്ചു. ഇടക്കാലത്ത് പ്രിൻസിപ്പലായി വന്ന അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ നിര്യാണത്തെ തുടർന്ന് ശൈഖുന ആ പദവിയിൽ അവരോധിതനായി. ഹി. 1377-ലാണ് ഹജ്ജ് യാത്ര നടത്തുന്നത്. 90-ാം വയസ്സിൽ. അതിനെക്കുറിച്ചിങ്ങനെ:

തന്റെ ചിരകാലാഭിലാഷ നിർവഹണത്തിന് അത്രയും സുദീർഘ കാലം ഒരു നല്ല ശമ്പളത്തിന് ജോലി ചെയ്ത ആ ഐഹിക പരിത്യാഗി യാതൊരു സമ്പത്തും സംഭരിക്കാതിരുന്നതിനാൽ പിതൃസ്വത്തായി ലഭിച്ച ഭൂമി അതിനായി വിൽക്കുകയാണുണ്ടായത്. സഹയാത്രികരായി തന്റെ വാത്സല്യ പുത്രൻ ജനാബ് മുഹമ്മദ് ആമീൻ സാഹിബും അന്ന് ബാഖിയാത്തിലെ ഒരു ഉയർന്ന അധ്യാപകനും പിന്നീട് ഏഴു വർഷം പ്രിൻസിപ്പാളുമായിരുന്ന ശൈഖുന അബൂബക്കർ ഹസ്‌റത്ത് അവർകളും കൂടെയുണ്ടായിരുന്നു. വയോവൃദ്ധനായ ശൈഖുനാ അവർകൾക്ക് ജനബാഹുല്യത്താൽ യുവാക്കൾക്ക് പോലും നിർവഹിക്കാൻ വിഷമം നേരിട്ടേക്കാവുന്ന ത്വവാഫ്, സഅ്‌യ് മുതലായ പുണ്യകർമങ്ങൾ നിർവഹിക്കാൻ മറ്റാരുടെയും സഹായമന്യേ സാധിച്ചുവെന്നുള്ള പരമാർത്ഥം കേൾക്കുമ്പോൾ നാം സ്തബ്ധചിത്തരായി പോകും.’

(തുടരും)

Exit mobile version