ശൈഖ് ജീലാനി(റ)യുടെ അന്ത്യനിമിഷങ്ങള്‍

ആത്മീയ ലോകം വേദനയോടെ പകച്ചുനിന്ന നിമിഷം. ഇപ്പോള്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) തന്റെ ജീവിതത്തിന്റെ അസാന നിമിഷങ്ങളിലാണ്. മക്കള്‍ തൊട്ടടുത്തുണ്ട്. ശൈഖ് ജീലാനി(റ) പതുക്കെ സംസാരിച്ചു തുടങ്ങി: “ആത്മാര്‍ത്ഥതയോടെ മാത്രം അല്ലാഹുവിനെ ആരാധിക്കുക. ആരെയും ഭയപ്പെടരുത്; അല്ലാഹുവിനെ ഒഴികെ. എല്ലാം അവനില്‍ നിന്ന് പ്രതീക്ഷിക്കുക. സ്വയം അല്ലാഹുവില്‍ അര്‍പ്പിക്കുക. കാരണം എല്ലാത്തിന്റെയും കേന്ദ്രം അവനാണ്. അവനില്‍ മാത്രം അഭയം തേടുക. അല്ലാഹു ഏകനാണ് എന്നതാണ് ഏറ്റവും വലിയ സത്യം.’
ശൈഖ് ജീലാനി(റ)ക്ക് മരണ വേദന തുടങ്ങി. മരണം അദ്ദേഹത്തെ സമീപിക്കുന്നു, വേദന കൂടുന്നു. മുഹ്യിദ്ദീന്‍ ശൈഖ്(റ) മക്കളെ അടുത്തേക്കു വിളിച്ചു പറഞ്ഞു: “യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്റെ എത്രയോ അകലെയാണ്. നമുക്കിടയില്‍ ആകാശവും ഭൂമിയും തമ്മിലുള്ള ദൂരമുണ്ട്. കേവലം എന്റെ ശരീരം മാത്രമാണ് നിങ്ങള്‍ക്കരികിലുള്ളത്. അകം മറ്റു ചിലരുടെ കൂടെയാണ്.’
മക്കള്‍ ശ്വാസമടക്കിപ്പിടിച്ചു നിന്നു. ശൈഖ്(റ) തുടര്‍ന്നു: “ഇവിടെ നിങ്ങളെ കൂടാതെ മറ്റു ചിലരുടെ കൂടി സാന്നിധ്യം ഞാനറിയുന്നു. നിങ്ങള്‍ അവര്‍ക്ക് ഈ മുറിയില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക. അല്ലാഹുവിന്റെ റഹ്മത് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്.’
മക്കളായ ശൈഖ് അബ്ദുര്‍റസാഖും ശൈഖ് മൂസയും ശൈഖ് അബ്ദുല്‍ അസീസും ശൈഖ് അബ്ദുല്‍ ജബ്ബാറും നിറകണ്ണുകളോടെ നോക്കിനില്‍ക്കേ ശൈഖ് ജീലാനി(റ) രണ്ടു കൈകളും ഉയര്‍ത്തി പറഞ്ഞു: “വഅലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു.’
ശേഷം ശൈഖ്(റ) പറഞ്ഞു: നിങ്ങള്‍ക്കെന്തറിയാം? എനിക്ക് ആരെയും പേടിയില്ല. മരണദൂതനായ മാലാഖയെപ്പോലും. അല്ലാഹുവിനെ അല്ലാതെ ഞാന്‍ ആരെ ഭയപ്പെടണം?
അപ്പോള്‍ ശൈഖ് അബ്ദുല്‍ അസീസ് ഭവ്യതയോടെ ചോദിച്ചു: “പ്രിയപ്പെട്ട പിതാവേ, ഇപ്പോള്‍ എന്തു തരം വേദനയാണ് താങ്കള്‍ അനുഭവിക്കുന്നത്? ഇപ്പോഴത്തെ അവസ്ഥ ഞങ്ങള്‍ക്കു പറഞ്ഞുതരൂ.’
ശൈഖ് ജീലാനി പ്രതിവചിച്ചു: “ഇപ്പോള്‍ എന്നോട് ഒന്നും ചോദിക്കരുത്. ഞാനിപ്പോള്‍ അല്ലാഹുവിന്റെ അറിവിലും ജലാലിയ്യത്തിലും അഭിരമിക്കുകയാണ്.’
നിശ്ശബ്ദത. അല്‍പം കഴിഞ്ഞ് അബ്ദുല്‍ അസീസ് വീണ്ടും ചോദിച്ചു: “പിതാവേ, താങ്കള്‍ക്ക് എന്തു രോഗമാണ് പിടിപെട്ടിരിക്കുന്നത്?
മറുപടിയായി ശൈഖ്(റ) പറഞ്ഞു: “എന്റെ രോഗം അറിയുന്നവര്‍ ആരും തന്നെയില്ല. അല്ലാഹു ഒരു കാര്യം വിധിക്കുന്നു. അവന്റെ അറിവില്‍ ഒന്നും മാറ്റാന്‍ സാധിക്കില്ല. എല്ലാ വിധികളും മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ അവന്റെ ജ്ഞാനം ഒരിക്കലും മാറില്ല. അല്ലാഹു ഉദ്ദേശിക്കുന്നത് മായ്ച്ചുകളയാന്‍ അവന് കഴിവും അധികാരവുമുണ്ട്. നമുക്കാര്‍ക്കും ഒന്നും ചോദിക്കാന്‍ കഴിയില്ല. പക്ഷേ, അവന്‍ എല്ലാവരെയും ചോദ്യം ചെയ്യും.’
ആ നിമിഷം മകന്‍ അബ്ദുല്‍ ജബ്ബാര്‍ അഭ്യര്‍ത്ഥിച്ചു: “പിതാവേ, ഞങ്ങളോട് പറഞ്ഞാലും. താങ്കളുടെ ശരീരം ഇപ്പോള്‍ അനുഭവിക്കുന്ന വേദന എന്താണ്?
ശൈഖ് ജീലാനി(റ) പറഞ്ഞു: “മകനേ, എന്റെ ശരീരത്തിലെ ഓരോ ഭാഗവും നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ വേദനിക്കുന്നുണ്ട്. പക്ഷേ, എന്റെ ആത്മാവ് മാത്രം ഈ വേദനയില്‍ നിന്ന് മുക്തമായി നില്‍ക്കുകയാണ്. എന്റെ ഹൃദയത്തിന് ഒരു വേദനയുമില്ല. അത് അല്ലാഹുവിന്റെ സാന്നിധ്യം കൊണ്ട് ആനന്ദ നിര്‍വൃതിയിലാണ്.’
അടിമയും സ്നേഹഭാജനവും കണ്ടുമുട്ടുന്ന മുഹൂര്‍ത്തമായി. ശൈഖ് ജീലാനി(റ)യുടെ ആത്മാവ് തേടിയിരുന്ന അനര്‍ഘ നിമിഷം. ആത്മനിര്‍വൃതിയുടെ പരകോടിയില്‍ മരണത്തിന്റെ വരവറിയിച്ച് മുഹ്യിദ്ദീന്‍ ശൈഖ്(റ) പതുക്കെ പറഞ്ഞു: “അല്ലാഹുവില്‍ നിന്ന് സഹായം. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാകുന്നു. ഏറ്റവും പരിശുദ്ധനും അവന്‍ തന്നെ. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്.’
മകന്‍ ശൈഖ് മൂസ ഓര്‍ക്കുന്നു: “അവസാന നിമിഷം പിതാവ് തഹ്ലീല്‍ ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം പതുക്കെ കൂടുതല്‍ ഗൗരവമുള്ളതായി. പിന്നീട് പിതാവിന്റെ ശബ്ദം “അല്ലാഹ് അല്ലാഹ് അല്ലാഹ്’ എന്ന് മാത്രമായി. അല്ലാഹു അവിടുത്തെ മേല്‍ നിത്യശാന്തി ചൊരിയട്ടെ.

യാസര്‍ അറഫാത്ത് നൂറാനി

Exit mobile version