ശൈഖ് ജീലാനി(റ)യുടെ ജ്ഞാനധന്യ ജീവിതം

Shaikh Jeelani R -malayalam

ത്മീയ പ്രപഞ്ചത്തിലെ നിറവസന്തമാണ് ശൈഖ് ജീലാനി(റ). പ്രപഞ്ച പരിത്യാഗി, ആത്മജ്ഞാനി, ഔലിയാക്കളുടെ രാജാവ്, ദീനിനെ ജീവിപ്പിച്ചവർ, അസത്യത്തെ നശിപ്പിച്ചവർ, അഗാധ ജ്ഞാനസാഗരം തുടങ്ങിയ സൽവിശേഷണങ്ങളുടെ നിറച്ചാർത്തുമായാണ് ശൈഖ് ജീലാനി(റ)യുടെ ജീവിതം. പ്രസിദ്ധ പണ്ഡിത കുടുംബത്തിൽ ഹി.471 റമളാൻ മധ്യത്തിലാണ് ശൈഖവർകൾ ജനിക്കുന്നത്. അബ്ദുൽ ഖാദിർ എന്നാണ് നാമം. അബൂമുഹമ്മദ് എന്നത് അപരനാമവും മുഹ്‌യിദ്ദീൻ പ്രസിദ്ധ നാമവുമാണ്. പിതാവ് അബൂസ്വാലിഹ് അബ്ദുല്ല. മാതാവ് ഉമ്മുൽ ഖൈർ. മാതാ-പിതാ വഴി ധൈഷണിക പ്രസിദ്ധിയിലും തസ്വവ്വുഫിലും വിശുദ്ധ ജീവിതത്തിലുമെല്ലാം കേളി കേട്ടവരായിരുന്നു. ബാല്യകാല ജീവിതം ജീലാനിൽ തന്നെയായിരുന്നു. പതിനെട്ടാം വയസ്സിൽ ബഗ്ദാദിലേക്ക് പുറപ്പെട്ടു. ഹി. 488-ലായിരുന്നു ഈ യാത്ര. ശൈഖ് ജീലാനിയുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തിയതും ലോകശ്രദ്ധയാകർഷിക്കുന്ന തലത്തിലേക്ക് വളർത്തിയതും ഈ യാത്രയാണ്. അന്ത്യം വരെ മഹാനവർകൾ കഴിഞ്ഞുകൂടിയതും ബഗ്ദാദിൽ തന്നെ. വീതിയുള്ള നീണ്ട താടിയും മെലിഞ്ഞ ശരീരവും മധുരമുള്ള ശബ്ദവുമായിരുന്നു ശൈഖവർകളുടേത്.

ജ്ഞാനതപസ്യ

മാതാ-പിതാ വഴി വിജ്ഞാനത്തിന്റേയും സൂക്ഷ്മതയുടേയും പാരമ്പര്യമുള്ളവരായത്‌കൊണ്ട് ചെറുപ്രായത്തിൽ തന്നെ ശൈഖവർകളുടെ മനസ്സിൽ വിജ്ഞാനത്തോട് അദമ്യവും തീവ്രവുമായ ബന്ധമാണുണ്ടായിരുന്നത്. പരിശ്രമവും ത്യാഗവും കൈവിടാതെ വിജ്ഞാന സമ്പാദനത്തിലേക്ക് ശൈഖവർകൾ തിരിഞ്ഞു. ഏറ്റവും നിപുണരിൽ നിന്ന്തന്നെ ഓരോ വിഷയവും നേടിയെടുക്കണമെന്നതായിരുന്നു ചിന്ത. വിശുദ്ധ ഖുർആൻകൊണ്ട് തന്നെ ജ്ഞാനാന്വേഷണം ആരംഭിച്ചു. അബുൽവഫാ അലി അൽഹമ്പലി, അബുൽ ഖത്ത്വാബ് മഹ്ഫൂള് അൽകൽവദാനി തുടങ്ങിയ പ്രഗത്ഭരിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കി. അബൂഹാലിബ് മുഹമ്മദ് ബ്‌നുൽ ഹസൻ അടക്കമുള്ളവരിൽ നിന്നാണ് ഹദീസ് ശാസ്ത്രത്തിൽ നൈപുണ്യം നേടിയത്. പ്രശസ്തരും മഹാശയരുമായ ഗുരുവര്യരിൽനിന്ന് കർമശാസ്ത്രത്തിലും ഭാഷാ-സംസ്‌കരണശാസ്ത്രത്തിലും കഴിവ് നേടി. അബൂസഅ്ദിൽ മുഖർറമി, അബൂസകരിയ്യ യഹ്‌യബ്‌നു അലി അത്തിബ്‌രീസി എന്നിവർ അവരിൽ പ്രമുഖരാണ്. ശരീഅത്ത്-ത്വരീഖത്ത് ജ്ഞാന ശാഖകളിൽ മഹോന്നതമായ പദവിയിലെത്തിയ ശൈഖ് ജീലാനി(റ) ഹമ്പലി മദ്ഹബിന്റെ ശൈഖാണ്. തത്ത്വങ്ങളും ആശയ പ്രപഞ്ചവും പ്രായോഗിക വിശദീകരണവും ഉൾകൊള്ളുന്നതായിരുന്നു ശൈഖവർകളുടെ ജ്ഞാന സദസ്സുകൾ. ഹി. 521 ശവ്വാൽ മാസത്തിൽ മദ്‌റസത്തു അബൂസഅ്ദിൽ മുഖർറമിയിൽ ശൈഖവർകൾ തുടക്കം കുറിച്ച സദസ്സ് പ്രശസ്തികൊണ്ടും ജനബാഹുല്യംകൊണ്ടും നിറഞ്ഞ് കവിഞ്ഞു. പതിനായിരങ്ങൾ ഒരേസമയം പങ്കെടുത്തിരുന്ന വിജ്ഞാന സദസ്സ് ഉൾകൊള്ളാനാവാതെ മദ്‌റസ കെട്ടിടം വികസിപ്പിക്കേണ്ടിവന്നു. വിവിധ വിജ്ഞാന ശാഖകൾ ശൈഖവർകളുടെ അധ്യാപനത്തിലുണ്ടായിരുന്നു. തഫ്‌സീർ, ഹദീസ്, മദ്ഹബ്, അടിസ്ഥാനശാസ്ത്രം, വ്യാകരണശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങി പതിമൂന്ന് വിജ്ഞാന ശാഖകൾ തലനാരിഴ കീറി ചർച്ച നടത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപന രീതി. ഹമ്പലി മദ്ഹബിന് പുറമെ ശാഫിഈ മദ്ഹബിലും ഫത്‌വ നൽകിയിരുന്ന ശൈഖവർകളുടെ വിധിതീർപ്പുകൾ അഗ്രേസരന്മാരായ പണ്ഡിതന്മാരെപോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഗുരുവര്യർ

ഓരോ വിഷയത്തിലും വിദഗ്ധരെ കണ്ടെത്തി അറിവ് നേടലായിരുന്നു ശൈഖവർകളുടെ പ്രകൃതം. അബൂമുഹമ്മദ് ജഅ്ഫറുബ്‌നു അഹ്മദ് അൽബഗ്ദാദി(ഹി. 417-500), അബൂഗാലിബ് മുഹമ്മദുബ്‌നുൽ ഹസൻ അൽബാഖില്ലാനി(ഹി. 420-500), അബൂസഅ്ദ് മുഹമ്മദുബ്‌നു അബ്ദുൽ കരീം അൽബഗ്ദാദി(ഹി. 413-502), അബൂബകർ അഹ്മദുബ്‌നുൽ മുളഫ്ഫർബ്‌നു ഹുസൈൻ അന്നമ്മാർ(ഹി. 411-503), അൽമുസ്‌നദു അബുൽ ഖാസിം അലിയ്യുബ്‌നു അഹ്മദ് അൽബഗ്ദാദി(ഹി. 413-510), അബൂത്വാലിബ് അബ്ദുൽ ഖാദിറുബ്‌നു മുഹമ്മദ് അൽബഗ്ദാദി(ഹി. 430-516), അബുൽ ബറകാത്ത് ഹിബത്തുല്ലാഹിബ്‌നുൽ മുബാറക് അൽബഗ്ദാദി(ഹി. 445-509), അബുൽ ഇസ്സ് മുഹമ്മദുബ്‌നുൽ മുഖ്താർ അൽഹാശിമി(ഹി. 428-508) എന്നിവർ ഹദീസിലെ ഗുരുനാഥന്മാരാണ്. ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതരായ അബുൽവഫാ അൽബഗ്ദാദി(ഹി. 431-513), അബുൽ ഖത്ത്വാബ് മഹ്ഫൂളുബ്‌നു അഹ്മദ്(ഹി. 432-510), അബൂസഅ്ദ് അൽമുബാറക് അൽബഗ്ദാദി എന്നിവരാണ് കർമശാസ്ത്രത്തിലെ പ്രധാന ഗുരുനാഥന്മാർ.

  ശിഷ്യസമ്പത്ത്

ശൈഖ് അവർകളിൽനിന്ന് വിദ്യനുകരാൻ എത്തിയിരുന്നത് അനേകായിരങ്ങളായിരുന്നു. നിറഞ്ഞ മനസ്സോടെയായിരുന്നു അവരെല്ലാം അവിടെ നിന്ന് പിരിഞ്ഞ് പോയതും. ഓരോ വിഷയവും കുരുക്കഴിച്ച് ശിഷ്യരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്ന വിധത്തിലായിരുന്നു ശൈഖ് ജീലാനി(റ)യുടെ ക്ലാസുകൾ. പ്രസിദ്ധരും പ്രഗത്ഭരുമായ ശിഷ്യരിൽ പലരും ഈ അനുഭവം പങ്കുവെക്കുന്നുണ്ട്. ശൈഖുൽ ഇറാഖ് അബൂഅലിയ്യുൽ ഹസൻ(ഹി. 404-594), അബൂഅബ്ദില്ല മുഹമ്മദു അൽആവാനി, അബുൽ ഖാസിം അബ്ദുൽ മലിക് അൽകുർദിയ്യി(ഹി. 516-605), അബൂമുഹമ്മദു അബ്ദുൽ ഗനി അൽമഖ്ദീസി(ഹി. 541-600), അബുൽ മഹാസിൻ ഉമറുബ്‌നു ആലി അൽഖുറശി(ഹി. 525-575), അബുൽ മആലി അഹ്മദുബ്‌നു അബ്ദുൽ ഗനി അൽബാജിസ്‌റാനിയ്യ്(ഹി. 489-563), അബൂസഅ്ദ് അബ്ദുൽ കരീമുബ്‌നു മുഹമ്മദു അത്തമീമിയ്യി(ഹി. 506-562) തുടങ്ങിയ പ്രഗത്ഭമതികൾ ശൈഖ് ജീലാനി(റ)യുടെ ശിഷ്യരാണ്. പ്രമുഖ ഹമ്പലീ ഗ്രന്ഥമായ മുഗ്‌നിയുടെ രചയിതാവ് ഇബ്‌നു ഖുദാമ(ഹി. 541-620) ശൈഖവർകളുടെ പാഠശാലയിൽ ഒരുമാസവും ഒമ്പത് ദിവസവും പഠനം നടത്തിയ വിദ്യാർത്ഥിയായിരുന്നു. ജീലാനി(റ)യുടെ ശിഷ്യനായ ഈ സമയത്താണ് ഇബ്‌നു ഖുദാമ മരണപ്പെടുന്നത്.

 

പ്രഗത്ഭരുടെ കാലം

ഇസ്‌ലാമിക ചരിത്രത്തിന്റെ അഞ്ചാം നൂറ്റാണ്ട് പ്രഗത്ഭരുടെ കാലമായിരുന്നു. ലോകത്ത് ജ്ഞാനസുഗന്ധം പരത്തിയ പണ്ഡിത പുഷ്പങ്ങളുടെ പ്രസന്നകാലം. ശൈഖ് ജീലാനി(റ)യുടെ സമകാലികർ ചില്ലറക്കാരായിരുന്നില്ല. അബൂഇസ്ഹാഖുശ്ശീറാസി, ഇമാം ഗസ്സാലി, അബുൽ വഫാഉബ്‌നു ആഖിൽ, അബ്ദുൽ ഖാഹിറുൽ ജുർജാനി, അബൂസകരിയ്യ തിബ്‌രീസി, അബുൽ ഖാസിമുൽ ഹശീറി, ജാറുല്ലാഹി അസ്സമഖ്ശരി, ഖാളി ഇയാള് അൽമാലികി എന്നിവർ അതിൽ പ്രധാനികളാണ്. സതീർത്ഥരും സമകാലികരുമായ ജ്ഞാനപ്രഭുക്കളുടെയെല്ലാം അംഗീകാരം നേടാനും ശൈഖവർകൾക്കായി. വളരെ അത്ഭുതത്തോടെയാണ് അവരെല്ലാവരും ശൈഖിനെ കണ്ടിരുന്നത്. തങ്ങളുടെ രചനകളിൽ ശൈഖ് ജീലാനി(റ)യെ കുറിച്ചെഴുതുകയും അദ്ദേഹത്തിന്റെ മഹത്ത്വം കോറിയിടുകയും ചെയ്തവരാണ് സമകാലികരായ ജ്ഞാനശ്രേഷ്ഠരിൽ ഏറിയ പേരും.

 

മഹത്ത്വങ്ങൾ

ശൈഖ് ജീലാനി(റ)യുടെ ജീവിതം നിരവധി പരമ്പരകളിലൂടെ പ്രസിദ്ധമാണ്. ശൈഖവർകളെ പരിചയപ്പെടുത്താത്തവർ ഇല്ലെന്നുതന്നെ പറയാം. ഇസ്സുദ്ദീനുബ്‌നു അബ്ദുസ്സലാം(റ) പറഞ്ഞു: ഒന്നിലധികം വിശ്വസനീയ പരമ്പരകളിലൂടെ കറാമത്തുകൾ പ്രകടമായ സംഭവങ്ങൾ ഞങ്ങൾക്ക് ലഭിച്ച വ്യക്തിയാണ് ശൈഖ് ജീലാനി (ശദറാത്തുദ്ദഹബ്: ഇബ്‌നു ഇമാദുൽ ഹമ്പലി 4/200). ഇതേ ആശയം ഇബ്‌നു തീമിയ്യയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പണ്ഡിത ശ്രേഷ്ഠർക്കും ഔലിയാക്കൾക്കും മീതെ തെളിഞ്ഞ് നിൽക്കുന്ന പ്രതാപവും അവരുടെ അനുസരണവും അംഗീകാരവും ശൈഖവർകളെ സുൽത്താനുൽ ഔലിയ എന്ന ശ്രേഷ്ഠനാമത്തിനർഹനാക്കി. ഒരിക്കൽ ബഗ്ദാദിലെ അതിബുദ്ധിമാന്മാരായ ചില പണ്ഡിതന്മാർ ശൈഖ് ജീലാനി(റ)യെ ഉത്തരംമുട്ടിക്കാൻ തീരുമാനിച്ചുറപ്പിച്ചു. കർമശാസ്ത്രത്തിൽ വ്യത്യസ്തങ്ങളായ നൂറ് ചോദ്യങ്ങൾ ശൈഖിന് മുന്നിൽ ഉന്നയിക്കാൻ തയ്യാറെടുപ്പ് നടത്തി. അവർ ശൈഖിന്റെ പർണശാലയിലെത്തി. ശൈഖവർകൾ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. ശൈഖിന്റെ നെഞ്ചിനുള്ളിൽ നിന്ന് ശക്തമായ ഒരു പ്രഭ പുറത്ത് വന്നു. ഉത്തരം മുട്ടിക്കാൻ ഒരുങ്ങിയിരിക്കുന്ന നൂറ് പേരുടേയും നെഞ്ചിനരികിലൂടെ ആ പ്രഭ കടന്നുപോയി. അവരോരോരുത്തരും പേടിച്ച് വിറച്ചും അട്ടഹസിച്ചും വസ്ത്രങ്ങൾ പിച്ചിച്ചീന്തിയും ശൈഖവർകളുടെ ഇരിപ്പിടത്തിനരികിലെത്തി. അവർ മുഴുവൻ അദ്ദേഹത്തിന്റെ കാലിൽ വീണ് മാപ്പപേക്ഷിച്ചു. സദസ്സ് ഒന്നടങ്കം ഘോരശബ്ദം മുഴക്കി. ബഗ്ദാദ് ഒന്നാകെ പേടിച്ച് വിറച്ചു. ശൈഖ് ജീലാനി(റ) നൂറ് പേരിൽ ഓരോരുത്തരെ തന്നിലേക്ക് ചേർത്ത് പിടിച്ചു. എന്നിട്ട് ഓരോരുത്തരുടേയും ചോദ്യവും അതിനുള്ള മറുപടിയും പറഞ്ഞ് കേൾപ്പിച്ചു. സദസ്സ് പിരിഞ്ഞതിന് ശേഷം തങ്ങൾക്കുണ്ടായ അവസ്ഥ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: ഞങ്ങൾ ശൈഖിന്റെ സദസ്സിലിരിക്കേണ്ട താമസം മനസ്സിലുള്ളതെല്ലാം മാഞ്ഞുപോയി. ഒന്നും അറിയുന്നില്ല. ശൈഖ് ജീലാനി ഞങ്ങളോരോരുത്തരെ തന്റെ നെഞ്ചിലേക്ക് പിടിച്ച് ചേർത്തപ്പോൾ ഞങ്ങൾ പഴയ അവസ്ഥയിലെത്തി (ഖലാഇദുൽ ജവാഹിർ 33). ശൈഖ് പറയുന്നു: ഞാൻ കടൽക്കരയിലൂടെ കുറെകാലം സഞ്ചരിച്ചു. ദിവസങ്ങൾ കഴിഞ്ഞു. വെള്ളം പോലും കിട്ടാതെ പ്രയാസപ്പെട്ടു. ശക്തമായ ദാഹം. എനിക്ക് മേഘം നിഴൽ വിരിച്ചു. ദാഹം തീർക്കാൻ ആവശ്യമായത് ലഭിച്ചു. ചക്രവാളം മുഴുവൻ പൊതിഞ്ഞ് നിൽക്കുന്ന ഒരു രൂപം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നോട് പറഞ്ഞു: അബ്ദുൽ ഖാദിർ! ഞാൻ നിങ്ങളുടെ രക്ഷിതാവാണ്. എല്ലാ നിഷിദ്ധങ്ങളും നിങ്ങൾക്ക് ഞാൻ അനുവദിച്ച് തന്നിട്ടുണ്ട്. ഉടനെ ഞാൻ പറഞ്ഞു: ‘അഊദു ബില്ലാഹി… പോടാ ശപിക്കപ്പെട്ടവനേ!’ ഇത് പറയേണ്ട താമസം വെളിച്ചം മാറി ഇരുട്ട് പരന്നു. രൂപം ഒരു പുകയായി മാറി. ശേഷം എന്നോട് ഇങ്ങനെ പറഞ്ഞു: ‘അബ്ദുൽ ഖാദിർ! നിങ്ങളുടെ ജ്ഞാനംകൊണ്ട് എന്നിൽനിന്ന് രക്ഷപ്പെടാനായി. ഇതേ പ്രയോഗത്തിലൂടെ എഴുപത് ഉന്നതരെ എനിക്ക് പിഴപ്പിക്കാനായിട്ടുണ്ട്’. എല്ലാ നിഷിദ്ധങ്ങളും നിങ്ങൾക്ക് അനുവദിച്ച് തന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കുറപ്പായി അവൻ ശൈത്വാനാണെന്ന്(ശദറാത്തുദ്ദഹബ് 4/200).

ശൈഖ് ജീലാനി(റ)യുടെ പ്രധാന ഉപദേശങ്ങളിൽ ഒന്ന് ഇങ്ങനെ കാണാം: ഖുർആനും സുന്നത്തും മുറുകെ പിടിക്കുക. പ്രവാചകാനുയായികളുടെ പാത കൈവിടാതിരിക്കുക. ശരീഅത്തിന്റെ സാന്നിധ്യമില്ലാത്ത ഹഖീഖത്ത് പിഴച്ചതാണ്. കിതാബ്, സുന്നത്ത് എന്നീ രണ്ട് ചിറകുകൾകൊണ്ട് അല്ലാഹുവിലേക്ക് പറക്കുക. തിരുനബി(സ്വ)യുടെ കരവലയത്തിനുള്ളിലായിരിക്കണം നിന്റെ കരം ഉണ്ടാവേണ്ടത്. റസൂൽ(സ്വ)യെ നിന്റെ ഗുരുനാഥനായി കാണുക (അൽഫത്ഹു റബ്ബാനി).

ശൈഖ് അബൂബക്‌റുൽ ഇമാദ്(റ) പറയുന്നു: വിശ്വാസശാസ്ത്രം പഠിക്കുമ്പോൾ എന്റെ മനസ്സിലൊരു സംശയമുണ്ടായി. അതിന്റെ നിവാരണത്തിനായി ഞാൻ ശൈഖ് ജീലാനി(റ)യുടെ സവിധത്തിലെത്തി. മനസ്സിന്റെ ഉള്ളറകൾ അറിയുന്ന ആളാണ് അദ്ദേഹമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനവിടെയെത്തിയതും അദ്ദേഹം ഇങ്ങനെ പറഞ്ഞ് തുടങ്ങി; ‘നമ്മുടെ വിശ്വാസം കഴിഞ്ഞകാല സലഫുകളുടെ വിശ്വാസമാണ്.’ ഇത് കേട്ട ഞാൻ മനസ്സിൽ കരുതി; പണ്ഡിതരുടെ ഏകോപിത വീക്ഷണമാണോ ശൈഖ് പറയുന്നത്. ഉടൻ ശൈഖ് എന്റെ ഭാഗത്തേക്ക് തിരിഞ്ഞ് സംസാരിക്കാനൊരുങ്ങി: പ്രസംഗിക്കുന്നവർ പല ഭാഗത്തേക്കും തിരിയുമല്ലോ എന്ന് അപ്പോൾ ഞാൻ കരുതി. അപ്പോൾ ശൈഖ് പറഞ്ഞു: അബൂബകർ. എണീക്കുക, നിങ്ങളുടെ പിതാവ് വന്നിട്ടുണ്ട്. എത്രയോ കാലം മുമ്പ് നാടുവിട്ടുപോയ പിതാവിനെ കുറിച്ചായിരുന്നു ഈ പറച്ചിൽ. ഞാനുടനെ പുറപ്പെട്ടു വീട്ടിലെത്തി. അത്ഭുതം! എന്റെ പിതാവ് തിരിച്ചെത്തിയിട്ടുണ്ടായിരുന്നു (സിയറു അഅ്‌ലാമിന്നുബല 20/442).

ആഴ്ന്നിറങ്ങിയ വിശ്വാസവും തെളിമയാർന്ന കരുത്തും ശൈഖ് ജീലാനിയുടെ പ്രത്യേകതകളായിരുന്നു. ഭൗതികതയുടെ പരിമളമോ ചമയാലങ്കാരമോ മഹാനെ ഒട്ടും സ്വാധീനിച്ചിരുന്നില്ല. എല്ലാറ്റിന്റേയും ഉടമസ്ഥാവകാശം അല്ലാഹുവിനാണല്ലോ? മുതലാളിയും പാവപ്പെട്ടവനുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികൾ. അല്ലാഹുവിന്റെ തീരുമാനങ്ങളും ന്യായങ്ങളുമാണ് നടക്കുക എന്നായിരുന്നു ശൈഖിന്റെ പ്രബോധനം. അതിസൂക്ഷ്മത, ഭയഭക്തി, ഉന്നത സ്വഭാവം, മോശത്തരങ്ങളിൽ നിന്ന് മോചനം, അല്ലാഹുവുമായി സ്‌നേഹബന്ധം, റബ്ബിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ ശക്തമായ ക്രോധം, അശരണരോടുള്ള അഗാധ കാരുണ്യ സ്പർശം തുടങ്ങിയ നിരവധി മഹത്ത്വങ്ങൾ ശൈഖവർകളുടെ പ്രത്യേകതകളായിരുന്നു. ഒന്നൊന്നിന് മെച്ചം എന്ന നിലയിലാണ് ഓരോന്നും (തഫ്‌രീജുൽ ഖാത്വിർ 15).

അനാഥകൾ, അഗതികൾ, വിധവകൾ, സാധുജനങ്ങൾ ശൈഖവർകളുടെ സംരക്ഷണത്തിലായിരുന്നു. അവരെ ഊട്ടാനും ഉടുപ്പിക്കാനും സന്തോഷിപ്പിക്കാനും ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കും. വെച്ച് വിളമ്പാനും ഊട്ടാനുമായി മാത്രം നിരവധി ജോലിക്കാരാണ് ശൈഖിന്റെ ഭക്ഷണശാലയിൽ ഉണ്ടായിരുന്നത്.

മഹാന്റെ കറാമത്തുകൾ അനവധി. അത്യപൂർവ രചനകളിലൂടെ നിരവധി മഹത്തുക്കൾ അവ ക്രോഡീകരിച്ചിട്ടുണ്ട്. അൽകവാകിബുദ്ദുർരിയ്യ ഫീ മനാഖിബിൽ ഖാദിരിയ്യ, ഖലാഇദുൽ ജവാഹിർ, അൽബാബുൽ അശ്ഹബ്, തഫ്‌രീജുൽ ഖാത്വിർ, ബഹ്ജ, തക്മിലത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിരവധി കറാമത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്.

  രചനകൾ

വിവിധ വിഷയങ്ങളിലായി അനവധി രചനകൾ ശൈഖവർകൾ തയ്യാറാക്കിയിട്ടുണ്ട്.

  1. ഇഹാസത്തുൽ ആരിഫീൻ വഹായത്തുമുനാ അൽവാസ്വിലീൻ, 2. ആദാബുസ്സുലൂക്ക് വത്തവസ്സ്വുലു ഇലാ മനാസിലിൽ മുലൂക്ക്, 3. തുഹ്ഫത്തുൽ മുത്തഖീൻ, 4. ജലാഉൽ ഖാത്വിർ, 5. അർരിസാലത്തുൽ ഗൗസിയ്യ, 6. രിസാലത്തുൻ ഫിൽ അസ്മാഇൽ അളീമ, 7, അൽഗുൻയത്തു ലിത്വാലിബി ത്വരീഖിൽ ഹഖ്, 8. അൽഫത്ഹു റബ്ബാനി, 9. മിഅ്‌റാജു ലത്വീഫിൽ മആനി, 10. യവാഖീത്തുൽ ഹികം എന്നിവ പ്രധാനപ്പെട്ടതാണ്.

വഫാത്ത്

ധന്യവും സമ്പന്നവുമായിരുന്നു ശൈഖ് ജീലാനി(റ)യുടെ ജീവിതം. ഒരു സമയവും വെറുതെയായില്ല. അറിവും ആരാധനയുമായി നീണ്ട തൊണ്ണൂറ്റി ഒന്ന് വർഷം മഹാൻ ജീവിച്ചു. ഹി. 561-ൽ റബീഉൽ ആഖിർ പത്തിനായിരുന്നു വഫാത്ത്. ലക്ഷക്കണക്കിനാളുകൾ ശൈഖ് ജീലാനി(റ)യുടെ സംസ്‌കരണ ചടങ്ങുകളിൽ പങ്കെടുത്തു. ബഗ്ദാദിലെ പർണശാലയിൽ തന്നെയാണ് മറവ് ചെയ്തത്. ജനന വർഷം 470 അറബി അക്ഷരമൂല്യ പ്രകാരം ഇശ്ഖ്(പ്രേമം) എന്ന വാക്യത്തെയും വഫാത്ത് വർഷം തമാമുസിയാദത്ത്(പൂർണ നേതൃത്വം) എന്ന വാക്യത്തെയും കുറിക്കുന്നുവെന്ന് മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version