ശ്മശാന വിപ്ലവത്തില്‍ മുജാഹിദുകളുടെ ഇമാമാരാണ്

മുജാഹിദുകള്‍ ചരിത്രത്തെ പകര്‍ത്തുന്നതെങ്ങനെയാണ്? പ്രസ്ഥാനത്തിന്റെ നാള്‍ വഴികളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ചെന്നെത്തുക, നെറികെട്ട ചില ചരിത്രങ്ങളുടെ ആവര്‍ത്തനത്തിന് ഇവര്‍ നല്‍കിയ പിന്തുണകളിലേക്കാണ്. പൗരാണികതയുടെ പുനര്‍വായനകളാണ് ചരിത്രാവതരണങ്ങളിലൂടെ നടക്കുന്നത്. ഇടക്കാലത്ത് ഉടലെടുത്ത പല പോരാട്ടങ്ങളിലും പഴമയുടെ കാലൊച്ചകള്‍ കാണാന്‍ കഴിയും. പലപ്പോഴും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് നട്ടെല്ല് നല്‍കിയതിലും നിഷ്ക്രിയരായ ചില സമൂഹങ്ങളുടെ കര്‍മാഗ്നി ആളിപ്പടര്‍ത്തിയതിലും ശരിയായ ചരിത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. സ്വാതന്ത്ര്യ സമരമുഖത്ത് തീ പാറുന്ന പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ മുസ്‌ലിം നേതൃത്വത്തെ പാകപ്പെടുത്തിയതും ഇത്തരം ചരിത്രാവബോധങ്ങളായിരുന്നു.
എന്നാല്‍ പൗരാണികതയുടെ ചില പ്രാകൃത നീക്കങ്ങളേയും മുന്നേറ്റ വഴിയില്‍ മാതൃകയായി സ്വീകരിച്ചവര്‍ കൂട്ടത്തിലുണ്ട്. മതേതര വ്യവസ്ഥിതിക്കറുതി വരുത്താനും ഹിന്ദുത്വ നിര്‍മിതിയെ ത്വരിതപ്പെടുത്തുന്നതിനും വേണ്ടി വര്‍ഗീയതക്കു ചൂട്ടുപിടിക്കുന്ന ഇന്ത്യന്‍ ഫാസിസം ഇതിനൊരുദാഹരണമാണ്. അകാരണമായ ഭയം ജനിപ്പിച്ച് നരവേട്ടക്ക് കാര്‍മികത്വം വഹിച്ച ചരിത്രത്തിലെ ചില ക്രൂരന്‍മാരെ പകര്‍ത്തിയാണ് ഫാസിസം ഇന്ത്യയില്‍ നിലനില്‍പ്പ് നേടിയത്.
ഇന്നലെകളിലെ വൃത്തികേടുകളെ അനുകരിക്കുന്നതില്‍ ഫാസിസത്തെപോലും തോല്‍പ്പിക്കുന്ന പാരമ്പര്യമാണ് കേരള മുജാഹിദുകള്‍ക്കുള്ളത്. മഖ്ദൂമുമാര്‍ കാച്ചിയെടുത്ത ആത്മീയ വിചാരങ്ങള്‍ക്കെതിരെ തങ്ങളുടെ യുക്തി പ്രമാണങ്ങള്‍ ഫലിക്കില്ലെന്ന തിരിച്ചറിവാണ് ചരിത്രത്തിലെ ചില കറുത്ത രൂപങ്ങളെ പകര്‍ത്തുവാനും ഇസ്‌ലാമിന്റെ പൂര്‍വകാല സ്മരണകള്‍ക്കെതിരെ ആയുധമണിയാനും ഇവരെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് പ്രാമാണിക ഇസ്‌ലാമില്‍ നിന്നും കര്‍സേവയിലേക്ക് ജനനചരിത്രം മുതല്‍ അവര്‍ ചുവടുമാറ്റുന്നത്. തുടര്‍ന്ന് കൊലവിളിയും ജാറം പൊളിയുമൊക്കെ പ്രസ്ഥാനത്തിന്റെ നാള്‍വഴികളിലെ മിഥ്യാഭിമാന അധ്യായങ്ങളായി രൂപാന്തരപ്പെട്ടു.
ആത്മീയ ചൈതന്യമൂന്നി നിന്നിരുന്ന അനേകം ഈടുവെപ്പുകളാണ് ഇവരുടെ സംഹാര താണ്ഡവത്തില്‍ കേരളത്തിന് നഷ്ടപ്പെട്ടത്. എടവണ്ണ വലിയ ജുമുഅത്ത് പള്ളിയുടെ ചാരത്ത് സ്ഥിതി ചെയ്തിരുന്നൊരു മഖ്ബറ ഈ മതദ്രോഹികള്‍ തുടച്ചുനീക്കിയതിന്റെ വിവരണം ഒരു മൗലവി നല്‍കുന്നതിപ്രകാരമാണ്: വലിയ പള്ളിയുടെ ഒരു ചെരുവില്‍ നിര്‍മിച്ചിരുന്ന ജാറം പൊളിച്ചു മാറ്റാന്‍ തൗഹീദിന്റെ ആളുകള്‍ തീരുമാനിച്ചു. അലവി മൗലവിയുടെ നേതൃത്വത്തിലായിരുന്നു തീരുമാനം. വെള്ളിയാഴ്ച്ച ഖുതുബക്കു ശേഷം പൊളിക്കുക, തീരുമാനം ഇപ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ ജുമുഅ ഖുതുബക്കു ശേഷം ധീര മുജാഹിദുകള്‍ ജാറം പൊളിക്കുവാന്‍ വേണ്ടി തയ്യാറെടുത്തു. ആദ്യമായി ജാറത്തില്‍ ആയുധം പ്രയോഗിച്ചത് കല്ലുവെട്ടി ചേക്കു, അനിയന്‍ ഉമ്മര്‍ കാക്ക, പി.സി.മുഹമ്മദ് ഹാജി എന്നിവരെല്ലാമായിരുന്നു. ജാറം ഇപ്രകാരം പൊളിച്ചു മാറ്റുകയും തൗഹീദിന്റെ ആളുകളുടെ മനസ്സില്‍ പ്രകാശം പ്രസരിക്കുകയും ചെയ്തു. (ജിഹാദും എടവണ്ണയും, പേ 27).
കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങളെപ്പോലെ തന്നെ പഴമയുള്ള ഇസ്‌ലാമിനെ മാറോട് ചേര്‍ത്ത നാടായിരുന്നു എടവണ്ണയും അവിടുത്തെ വലിയ ജുമുഅത്ത് പള്ളിയും. നജ്ദിയന്‍ ആശയങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട കാലമായിരുന്നു അത്. ഹദ്ദാദും റാത്തീബുമൊക്കെ അവിടത്തുകാരുടെ ദിനചര്യകളായിരുന്നു. മണ്‍മറഞ്ഞ ആത്മജ്ഞാനികളെ ആദരിച്ചും ബഹുമാനിച്ചുമുള്ള ജീവിതമേ അവര്‍ക്കറിയാമായിരുന്നുള്ളൂ. അങ്ങനെയാണ് സാത്വികന്റെ മഖ്ബറ അവിടെ ഉയര്‍ന്ന് വന്നതും ഇവിടേക്കാണ് പരിഷ്കരണവാദം അതിന്റെ രൗദ്രഭാവത്തോടെ കടന്നുവന്നതും സലഫീ കര്‍സേവകരുടെ കോടാലിക്ക് ആ മഖ്ബറ ഇരയായതും. ഈ ശ്മശാന വിപ്ലവക്കാരുടെ താണ്ഡവത്തിനിരയായ ആത്മീയ അടയാളങ്ങളില്‍ മറ്റൊന്നാണ് കൊടുങ്ങല്ലൂരിലെ മണപ്പാട്ട് ജുമുഅത്ത് പള്ളിയോട് ചേര്‍ന്ന് നിന്നിരുന്ന മഖ്ബറ. അത് ഇടിച്ചു നിരപ്പാക്കിയാണ്, ഇസ്‌ലാമിക നാഗരികതക്ക് പ്രഥമ സാന്നിധ്യമരുളിയ മാലിക് ദീനാറിന്റെ മണ്ണിലേക്ക് മുജാഹിദിസം വരവറിയിച്ചത്. കുറ്റ്യാടിയും നാടുകാണിയുമൊക്കെ ബിദ്അത്തിന്റെ ദുഷ്ടതകള്‍ ആഴ്ന്നിറങ്ങിയ മറ്റിടങ്ങളാണ്.
പാരമ്പര്യപ്രാമാണിക തലങ്ങളില്‍ ഒതുങ്ങി നിന്ന് സാമൂഹിക ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തിണ്ണബലത്തിലാണ് നവീകരണ പ്രസ്ഥാനങ്ങള്‍ അവരുടെ മുന്നേറ്റത്തിന്റെ പടവുകള്‍ താണ്ടിക്കയറിയിട്ടുള്ളത്. മുസ്‌ലിം ലോകത്തിന്റെ അംഗീകൃത രീതിയാണ് ജുമുഅ ഖുതുബകളിലെ ഊന്നുവടി. ഇതിനെതിനെതിരെ വെട്ടം അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍ ഒതായിയില്‍ നടപ്പിലാക്കിയ ചെകുത്താനിസം, ഇവരുടെ ധിക്കാരത്തിന്റെയും അതിലുപരി ആദര്‍ശ ശൂന്യതയുടെയും തെളിവാണ്. സംഭവം പുസ്തകം തന്നെ പരിചയപ്പെടുത്തുന്നതിങ്ങനെ: “മോയിന്‍കുട്ടി മുസ്ലിയാരായിരുന്നു അന്നത്തെ ഒതായി ഖാളിയും ഖതീബും. അബ്ദുല്ല ഹാജി മുസ്ലിയാരോടു ചോദിച്ചു: എന്താണ് മുസ്ലിയാരെ അത്? മുസ്ലിയാര്‍: പള്ളിയിലെ പഴയ വാളാണ്. ഹാജി: “നോക്കട്ടെ.’ ഹാജി ആ വാള്‍ കൈയ്യില്‍ വാങ്ങിയതും മരം കൊണ്ട് നിര്‍മിച്ച ആ വാള്‍ കാല്‍മുട്ടില്‍ വെച്ച് രണ്ട് കൈ കൊണ്ടും ഒരൊറ്റ പൊട്ടിക്കല്‍, പൊട്ടിക്കലും എറിയലും നിമിഷം കൊണ്ട് കഴിഞ്ഞു. മുസ്ലിയാര്‍ അതൊരിക്കലും പ്രതീക്ഷിച്ചതല്ല (വെട്ടം അബ്ദുള്ള ഹാജി സ്മരണിക56).
ഖുതുബയില്‍ വാളെടുക്കുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ അവിതര്‍ക്കിതമായ കാര്യമാണ്. ഇതിന്റെ പ്രാമാണിക ചര്‍ച്ചയില്‍ തിരുനബിചര്യയും ശേഷമുള്ള ഇസ്‌ലാമിക പാരമ്പര്യവും അഹ്ലുസ്സുന്നക്കൊപ്പമേ നിലയുറപ്പിച്ചിട്ടുള്ളൂ. പക്ഷേ പരിഷ്കരണ ഇസ് ലാമിസ്റ്റുകളുടെ യുക്തിവാദങ്ങള്‍ക്കു മുമ്പില്‍ ഇത് അരോചകവും അന്ധവിശ്വാസവുമായിരുന്നു. അത് കൊണ്ടാണ് തികച്ചും പ്രാകൃത രീതിയില്‍ ഈ പുണ്യ കര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞതും.
ഇത്തരം തേര്‍വാഴ്ചകള്‍ക്ക് ഫാസിസത്തെ പ്പോലെ മുജാഹിദുകള്‍ മാതൃക കണ്ടെത്തിയത് ചരിത്രത്തിലെ ചില ഇരുണ്ട നിമിഷങ്ങളില്‍ നിന്നായിരുന്നു. തിരുദൂതര്‍ കര്‍മം കൊണ്ടടിവരയിട്ടതും സാത്വികരായ ഖുലഫാഉറാശിദുകള്‍ തുടര്‍ന്നു വന്നതുമായ ഊന്നുവടി സന്പ്രദായത്തിനെതിരെ, ചരിത്രത്തിലാദ്യമായി ഉയര്‍ന്നു വന്ന കറുത്തകരം ഉസ്മാന്‍(റ)വിന്റെ കാലത്ത് ജഹ്ജാഉല്‍ ഗിഫാരി എന്ന കൊടും ഭീകരന്റെതായിരുന്നു. ഈ ചരിത്ര സത്യം ബിദഈ പുസ്തകം തന്നെ വിവരിക്കുന്നുണ്ട്: “ഉപരോധം നീണ്ടു. കലാപകാരികള്‍ അക്രമം തുടങ്ങി. ഒരിക്കല്‍ ഉസ്മാന്‍(റ) പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ അദ്ദേഹത്തെ പിടിച്ചിറക്കി. കൈയിലുള്ള ഊന്നു വടിപിടിച്ചു വാങ്ങി ഒരു കലാപകാരി കാല്‍മുട്ടില്‍ വെച്ച് പൊട്ടിച്ചു. റസൂലും ശേഷം വന്ന ഖലീഫമാരും പ്രസംഗിക്കുമ്പോള്‍ മിമ്പറില്‍ ഉപയോഗിച്ചിരുന്ന വടിയായിരുന്നു അത്’ (നാലു ഖലീഫമാര്‍/110).
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാണാമറയത്തേക്ക് വലിച്ചെറിയപ്പെട്ട ജഹ്ജാഉല്‍ ഗിഫാരിക്ക് പുതു ജീവന്‍ ലഭിച്ചത് വെട്ടം അബ്ദുല്ല ഹാജിയെന്ന മുജാഹിദ് പുരോഹിതനിലൂടെയാണെന്ന യാഥാര്‍ത്ഥ്യം, നവീകരണ പ്രസ്ഥാനങ്ങള്‍ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും നല്‍കുന്ന പിന്തുണയുടെ രീതി ശാസ്ത്രത്തെ അടയാളപ്പെടുത്തുന്നതാണ്. ഓര്‍മകളിലെ പുഴുക്കുത്തുകളെ മാത്രം പ്രമാണമാക്കിയവരില്‍ നിന്ന് ഇതിലും ഭീകരമായതേ നാം പ്രതീക്ഷിക്കേണ്ടതുള്ളൂ.
ശ്മശാന വിപ്ലവമെന്ന പേരില്‍ കേരളത്തില്‍ ഇവര്‍ നടത്തിയ സംഹാരകഥകളുടെ അടിവേര് ചെന്ന് പതിയുന്നതും ചരിത്രത്തിലെ ചില ചെളിക്കുഴികളിലാണ്. പൗരാണിക ശേഷിപ്പുകള്‍ക്കെതിരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവരുടെ ആരംഭകാലത്ത് നടന്ന നശീകരണ വിപ്ലവം മുസ്‌ലിം ലോകം ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. വിശുദ്ധ മക്ക, മദീനകളെപ്പോലും ഈ ദുര്‍മൂര്‍ത്തികള്‍ ചുടലക്കളമാക്കി മാറ്റിയത് കാലം പൊറുക്കുന്നതല്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂടാരങ്ങളാണെന്ന് മുദ്രകുത്തി ഇവര്‍ ഉയര്‍ത്തിയ കലാപക്കൊടിയില്‍ പൊലിഞ്ഞു പോയത് പ്രവാചക പത്നി ഖദീജ ബീവി(റ)യുടെയും പിതൃവ്യന്‍ ഹംസ(റ)ന്റെതുമടക്കം അനേകം സ്വഹാബി വര്യന്മാരുടെയും മഹത്തുക്കളുടെയും സുന്ദരമായ ജാറങ്ങളാണ്.
ഈ കോടാലി വിപ്ലവത്തെയാണ് മുജാഹിദുകള്‍ കേരളത്തിലും പരീക്ഷിക്കാന്‍ ശ്രമിച്ചത്. അങ്ങനെയാണ് മണപ്പാട്ടും കുറ്റ്യാടിയുമൊക്കെ ഈ ഭീകരതയുടെ ഓര്‍മഭൂമികളായി ചരിത്രത്തിലിടം പിടിച്ചതും പ്രവാചകരുടെ പച്ചഖുബ്ബ വരെ ഇടിച്ചു നിരപ്പാക്കുമെന്ന് ആക്രോശിക്കുന്ന മതഭ്രാന്തന്മാര്‍ ഇവിടെ ജന്മമെടുത്തതും.
ഇടക്കാലത്തുണ്ടായ സുന്നി സംഘടിത മുന്നേറ്റവും ആസുരത നിറഞ്ഞ പ്രബോധന മാര്‍ഗങ്ങള്‍ക്കെതിരെ സമുദായം നടത്തിയ കരുതലോടെയുള്ള നീക്കങ്ങളും തെല്ലൊന്നുമല്ല ഇവരെ പ്രതിരോധത്തിലാക്കിയത്.

മുഹമ്മദ് ശരീഫ് സഖാഫി ചെറിയമുണ്ടം

Exit mobile version