സംഘടനാ പ്രവർത്തനം അമാനത്താണ്

സമസ്ത കേരള ജംഇത്തുൽ ഉലമയുടെ നാൽപത് പണ്ഡിതരടങ്ങുന്ന കേന്ദ്ര മുശാവറയിൽ ദീർഘ കാലമായി പ്രവർത്തിച്ചു വരികയാണല്ലോ ഉസ്താദ്. യൗവന കാലത്തു തന്നെ സമസ്ത മുശാവറയിലെത്തുകയും രണ്ട് തലമുറയിലെ പണ്ഡിതരുമായി ഇടപഴകുകയും സുന്നി കേരളത്തെ സംബന്ധിച്ചു നിർണായകമായ പല സംഭവങ്ങൾക്കും സാക്ഷിയാവുകയും ചെയ്തു. ഇനി ആ ഘട്ടത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാം.

സമസ്ത മുശാവറയിൽ എന്നാണ് അംഗമാകുന്നത്?
സംഘടനയുടെ ആസ്ഥാന ജില്ലയുമായുള്ള അകലവും യാത്രാ പ്രശ്‌നങ്ങളുമൊക്കെ കാരണമായാവാം കേന്ദ്ര മുശാവറയിൽ വടക്കു നിന്ന് ചുരുക്കം ആളുകളേ മുമ്പുണ്ടായിരുന്നുള്ളൂ. കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയുടെ വഫാത്തിനു ശേഷം കാസർകോട് ഭാഗത്തു നിന്ന് ഒരാൾ വേണമെന്ന് ആലിമീങ്ങൾ കരുതിയിരിക്കും. കോട്ടുമല ഉസ്താദ്, ശംസുൽ ഉലമ, ഖുതുബി തങ്ങൾ തുടങ്ങിയവരുമായി ഒരു ഖാദിം എന്ന നിലയിലുള്ള ബന്ധവും അബൂബക്കർ ഹാജിയുടെ മകളുടെ ഭർത്താവ് എന്നതും പരിഗണിച്ചായിരിക്കണം 1965-ൽ എന്നെ സമസ്ത കേന്ദ്ര മുശാവറയിയിലേക്ക് തിരഞ്ഞെടുത്തത്. കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, താജുൽ ഉലമ തുടങ്ങിയ ഉന്നത ആലിമീങ്ങൾ ഇരിക്കുന്ന ആ സഭയിൽ വളരെ ചെറുപ്പമായ ഞാൻ ഭയബഹുമാനങ്ങളോടെയാണ് പോയിരുന്നത്. ഖാളി അവറാൻ മുസ്‌ലിയാരായിരുന്നു കാസർകോട് നിന്നുള്ള മറ്റൊരംഗം. ജില്ലാ താലൂക്ക് ഘടകങ്ങളൊന്നും അന്നില്ലാത്തതിനാൽ ആവശ്യമായ ഘട്ടങ്ങളിൽ യോഗം ചേർന്നാണ് ദീനീ കാര്യങ്ങൾ നടത്തിയിരുന്നത്.
അവിഭക്ത കണ്ണൂർ ജില്ലാ മുശാവറ ഉണ്ടാക്കാനായി നാൽപത് പേരുടെ ലിസ്റ്റ് തയ്യാറാക്കി ആലിമീങ്ങൾ കേന്ദ്ര മുശാവറക്കു സമർപ്പിച്ചിരുന്നു. അതു പരിശോധിച്ച് നൽകാൻ എന്നെയും ഇബ്‌നു ഖുതുബിയെയുമാണ് കേന്ദ്ര മുശാവറ ചുമതലപ്പെടുത്തിയത്. ഇബ്‌നു ഖുത്തുബി, നിങ്ങൾ ചെയ്താൽ മതി എന്നു പറഞ്ഞു അതെന്നെ ഏൽപിച്ചു. അങ്ങനെ ഞങ്ങളത് പരിശോധിച്ചു മുശാവറക്കു കൈമാറി. താജുൽ ഉലമയും നൂറുൽ ഉലമയും ചിത്താരി ഉസ്താദുമൊക്കെ നേതൃത്വം നൽകിയ കണ്ണൂർ ജില്ലാ മുശാവറ രൂപം കൊണ്ടതും ജാമിഅ സഅദിയ്യ അടക്കമുള്ള സ്ഥാപനങ്ങളും സംരംഭങ്ങളും വന്നതും പിന്നീടുള്ള ചരിത്രം.
ജില്ലാ കമ്മറ്റികൾ രൂപീകരിച്ചതോടെ സമസ്തക്കു പുതിയ ഊർജം കൈവന്നു. തുടക്കം മുതൽ തന്നെ കണ്ണൂർ ജില്ലാ ഘടകം വലിയ മുന്നേറ്റമാണ് നടത്തിയത്. കേന്ദ്ര മുശാവറയിൽ താജുൽ ഉലമ ഉപാധ്യക്ഷനായി വന്നതും എപി ഉസ്താദിന്റെ രംഗപ്രവേശവും സമസ്തയെ കൂടുതൽ ജനകീയമാക്കി.
പിന്നീട് എംഎ ഉസ്ദാടക്കം ഒരുപാട് നേതാക്കൾ വടക്കു നിന്നു സമസ്തയുടെ നേതൃത്വത്തിലെത്തി. കുമ്പോൽ പിഎ ഉസ്താദ്, കാഞ്ഞങ്ങാട് ഖാസി പിഎ ഉസ്താദ്, ത്വാഹിർ തങ്ങൾ, പൊസോട്ട് തങ്ങൾ, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ, ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ തുടങ്ങിയവരെല്ലാം ഈ ഭാഗത്തു നിന്ന് മുശാവറയിലെത്തുകയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാന്മാരെല്ലാം നമ്മെ വിട്ടു പിരിഞ്ഞു പോയി. സ്വർഗ ലോകത്ത് ഒരുമിക്കാൻ നമുക്കു പ്രാർത്ഥിക്കാം. ഇപ്പോൾ മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാരും തൃക്കരിപ്പൂർ സഖാഫിയുമൊക്കെ ജില്ലയിൽ നിന്നു കേന്ദ്ര മുശാവറയിലുണ്ടല്ലോ.

1989-ൽ മുശാവറയിലുണ്ടായ സംഭവങ്ങൾക്ക് നേർസാക്ഷിയാണല്ലോ ഉസ്താദ്. അന്നു മുശാവറയിൽ നിന്നും ഇറങ്ങി വരാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
അന്നത്തെ കാര്യങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അക്കാലത്ത് കണ്ണിയത്തുസ്താദിന്റെ അഭാവത്തിലും ചിലപ്പോൾ സാന്നിധ്യത്തിലും കേന്ദ്ര മുശാവറ യോഗങ്ങളിൽ തന്റെ പ്രിയ ശിഷ്യൻ കൂടിയായ ഉള്ളാൾ തങ്ങളായിരുന്നു അധ്യക്ഷത വഹിക്കാറുണ്ടായിരുന്നത്. പിളർപ്പിലേക്ക് നയിച്ച വിധിനിർണായകമായ ആ യോഗത്തിൽ ഈ പതിവിനു വിപരീതമായി കെകെ ഹസ്രത്ത് അവർകളെ ഇകെ ഉസ്താദ് യോഗ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിച്ചപ്പോൾ തന്നെ എന്തൊക്കെയോ നടക്കാൻ പോകുന്നുവെന്ന് അംഗങ്ങളായ ഞങ്ങൾക്ക് തോന്നിയിരുന്നു. ഏതായാലും യോഗം തുടങ്ങി അൽപം കഴിഞ്ഞപ്പോൾ രംഗം അൽപം ബഹളമായി. ജനറൽ സെക്രട്ടറി ഇകെ ഉസ്താദും വൈസ് പ്രസിഡന്റ് ഉള്ളാൾ തങ്ങളും തമ്മിൽ നീണ്ട വാഗ്വാദം തന്നെ നടന്നു. ഒരു ഭാഗത്ത് എന്റെ അഭിവന്ദ്യ ഗുരു. മറുഭാഗത്ത് വല്ലാതെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സയ്യിദ് കുടുംബത്തിലെ പ്രമുഖരായ ഉളളാൾ തങ്ങൾ. ഇരുഭാഗത്തും തലയെടുപ്പുള്ള ആലിമീങ്ങൾ. സംസാരം കൂടുതൽ ചൂട് പിടിക്കുന്നത് കണ്ട് അതിയായ വേദനയിൽ ഹൃദയം പിടഞ്ഞു. ഇനിയിവിടെ ഇരിക്കുന്നത് നല്ലതല്ലെന്ന് മനസ്സ് പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്നു പുറത്തിറങ്ങി. പിന്നീട് നടന്നതിനൊന്നും ഞാൻ സാക്ഷിയല്ല. ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ എംഎ ഉസ്താദ്, എപി ഉസ്താദ് അടക്കമുള്ളവർ മുശാവറയിൽ നിന്ന് ഇറങ്ങി വന്നതും മറ്റും ഞാൻ പിന്നീട് അറിഞ്ഞതാണ്. ഏതായാലും അല്ലാഹുവിന്റെ ഖളാഅ് നടന്നു. ആലിമീങ്ങൾ രണ്ട് ചേരിയിലായി.
സമസ്തയുടെ പേരിൽ കുറെക്കാലം എനിക്ക് കത്ത് വരുമായിരുന്നു. ഉസ്താദുമാരെ ആരെയും വേദനിപ്പിക്കാൻ താൽപര്യമില്ലാത്തതിനാൽ യോഗങ്ങൾക്കൊന്നും പോയില്ല. കുറെക്കാലം അങ്ങനെ തുടർന്നു. ആദർശ പാതയെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാൽ ജില്ലയിലും പരിസരങ്ങളിലും നടക്കുന്ന പരിപാടികളിൽ സംബന്ധിക്കുകയും താജുൽ ഉലമ, എംഎ ഉസ്താദടക്കമുള്ള നേതാക്കളുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ഇടവേളക്ക് ശേഷം താജുൽ ഉലമ നയിക്കുന്ന സമസ്തയുടെ മുശാവറയിൽ വീണ്ടും സജീവമായി. 2015 ഫെബ്രുവരിയിൽ കോട്ടക്കൽ താജുൽ ഉലമ നഗറിൽ നടന്ന എസ്‌വൈഎസ് സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് എപി ഉസ്താദ് ആവശ്യപ്പെട്ടതു പ്രകാരം സമസ്തയുടെ ഉപാധ്യക്ഷ പദവി ഏറ്റെടുക്കേണ്ടിവന്നത്.

മുശാവറയിൽ നിന്നിറങ്ങി വന്നുവെങ്കിലും ഇകെ ഉസ്താദുമായി വലിയ ബന്ധമായിരുന്നുവല്ലോ?

തീർച്ചയായും. തളിപ്പറമ്പ് ഖുവ്വത്തിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയതാണാ ബന്ധം. ഉസ്താദിന് എളിയ ഖിദ്മത്ത് ചെയ്തതുകൊണ്ടായിരിക്കാം മഹാനവർകളുടെ ഖൽബിൽ എനിക്കൊരു ഇടം കിട്ടി. ഖുവ്വത്തിൽ നിന്ന് വിട്ടതിനു ശേഷവും അതു തുടർന്നു. പിന്നീട് ഞാൻ മുദരിസായപ്പോഴും ഇടക്കൊക്കെ കാണാൻ പോകുമായിരുന്നു. ഈ ഭാഗത്തേക്ക് പല പരിപാടികൾക്കും കൂട്ടിക്കൊണ്ടു വന്നിട്ടുമുണ്ട്. ഞാൻ ബല്ലാകടപ്പുറത്ത് മുദരിസായി ജോലിയേറ്റ സമയത്ത് അവിടെ പള്ളിപ്പണി നടക്കുകയാണ്. പണി പൂർത്തിയായി. ഉദ്ഘാടനത്തിന് ശൈഖുനയെ ക്ഷണിച്ചിരുന്നുവെങ്കിലും വരുമെന്ന് ഉറപ്പില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉസ്താദിനെ ഞാൻ കൊണ്ടുവരാമെന്ന് അവർക്ക് ധൈര്യം കൊടുത്തു. പരിപാടിയുടെ തലേദിവസം ശംസുൽ ഉലമയെ കൂട്ടാൻ കോഴിക്കോട് വെള്ളിമാട് കുന്നിലെ വീട്ടിലെത്തി. ക്ഷീണിതനായതിനാൽ ആരെയും സ്വീകരിക്കാത്ത സമയം. അലിക്കുഞ്ഞിയാണെന്ന് പറഞ്ഞപ്പോൾ അകത്തേക്ക് വിളിക്കുകയും ക്ഷീണമെല്ലാം മറന്ന് പിറ്റേന്ന് ശൈഖുനായുടെ കാറിൽ തന്നെ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെടുകയും ചെയ്തത് ഇന്നും ഓർക്കുന്നു. അലിക്കുഞ്ഞി മുസ്‌ലിയാർ എന്റെ സ്വന്തം ആളാണ്, വിളിച്ചാൽ എങ്ങനെയാണ് പോകാതിരിക്കുക എന്ന് അവിടെയുള്ളവരോട് പറഞ്ഞതായി പിന്നീട് അറിയാൻ കഴിഞ്ഞു.
മറ്റ് പല സമയങ്ങളിലും എനിക്ക് വലിയ താങ്ങായി ശൈഖുനയുണ്ടായിരുന്നു. ഞാൻ ഉള്ളാൾ തങ്ങളുമായും എംഎ ഉസ്താദുമായുമൊക്കെ അടുത്തു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്നറിഞ്ഞിട്ടും എന്നോടുള്ള ഉസ്താദിന്റെ സ്‌നേഹത്തിന് ഒരു കുറവുമില്ലായിരുന്നു. ഉസ്താദിന്റെ വഫാത്ത് ഒരു തിങ്കളാഴ്ചയായിരുന്നു. അതിനു തൊട്ടു മുമ്പത്തെ ബുധനാഴ്ച ഞാൻ കാണാൻ പോയിരുന്നു. സുഖവിവരമന്വേഷിച്ചപ്പോൾ, തീരേ വയ്യ, എല്ലാം കഴിഞ്ഞു എന്ന് പറയുകയും എന്നോട് അടുത്തിരിക്കാൻ ആവശ്യപ്പെട്ട് തലയിൽ മന്ത്രിച്ചു തരികയും ചെയ്തു.

മടവൂർ ശൈഖുമായി വലിയ ആത്മീയ ബന്ധമാണല്ലോ ഉസ്താദിന്. അതിനു കാരണമെന്താണ്?

ഞാൻ തളിപ്പറമ്പ് ഖുവ്വത്തിൽ പഠിക്കുന്ന സമയത്ത് അവിടെയുള്ള മുതിർന്ന വിദ്യാർത്ഥിയാണ് സിഎം മടവൂർ. ഇകെ ഹസൻ മുസ്‌ലിയാർക്കു ശേഷം അദ്ദേഹത്തിന്റെ ക്ലാസ് എനിക്ക് ലഭിച്ച കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ. അവിടം വിട്ട ശേഷം കുറെകാലം ബന്ധമൊന്നും ഇല്ലായിരുന്നു. പിന്നീട്, ഞാൻ കാടങ്കോട് മുദരിസായ സമയത്താണ് മഹാനെ കാണുന്നത്. ഒരു നാൾ മടവൂർ ശൈഖിനെ കാണാൻ ചെന്നു. കണ്ടപാടേ അലിക്കുഞ്ഞീ എന്ന് വിളിച്ച് കുശലാന്വേഷണം നടത്തി. ഇരുപത് വർഷം കഴിഞ്ഞിട്ടും എന്നെ മറന്നില്ലല്ലോ എന്നതിൽ വലിയ സന്തോഷം തോന്നി. പിന്നീട് പലപ്പോഴും കാണുകയും ആത്മീയ പരിഹാരം തേടുകയും ചെയ്തിരുന്നു.
എന്റെ വീട് നിർമാണം പോലും കോട്ടുമല ഉസ്താദിന്റെയും മടവൂർ ശൈഖിന്റെയും വാക്കിന്റെ ബറകത്തിലാണ് വിഷമങ്ങളില്ലാതെ പൂർത്തിയായത്. പിന്നീട് വീട് നിൽക്കുന്ന സ്ഥലം സർക്കാർ ഭൂമിയായി കണക്കാക്കി കണ്ടുകെട്ടുമെന്ന് ഏതാണ്ട് ഉറപ്പായ സമയത്തും മടവൂർ ശൈഖിന്റെ ഒറ്റവാക്കിലാണ് എല്ലാ പ്രതിസന്ധിയും പോയിക്കിട്ടിയത്.
വീട്ടിൽ താമസം തുടങ്ങുന്നയന്ന് മടവൂർ ശൈഖ് വരണമെന്നത് വലിയ ആഗ്രഹമായിരുന്നു. ക്ഷണിച്ചുവെങ്കിലും അന്ന് വന്നില്ല. കുറച്ചുനാൾ കഴിഞ്ഞ് അവിചാരിതമായി മഹാൻ ഞങ്ങളുടെ വീട്ടിലെത്തി. വന്നയുടനെ കുളിക്കാൻ വെള്ളം ചോദിച്ചു. ചൂട് വെള്ളത്തിൽ നന്നായി കുളിക്കുകയും ബാക്കിയുള്ള കുറച്ചു വെള്ളം കിണറ്റിൽ ഒഴിക്കാൻ പറയുകയും ചെയ്തു. മുമ്പ് ഞങ്ങളുടെ കിണറിൽ വെള്ളം വറ്റുമായിരുന്നു. ആ വെള്ളം ഒഴിച്ച ശേഷം പിന്നീട് കിണർ വറ്റിയിട്ടില്ല.
വഫാത്തിനു ശേഷവും എന്ത് പ്രതിസന്ധിയുണ്ടാകുമ്പോഴും ഞാൻ മടവൂരിൽ പോകും. ആ ഹള്‌റത്തിൽ കാര്യങ്ങൾ പറയും. എല്ലാ പ്രശ്‌നങ്ങളും അതോടെ തീരും. ശിഷ്യന്മാർ പല പ്രശ്‌നങ്ങൾ പറഞ്ഞ് വരുമ്പോഴും മടവൂരിലേക്ക് പറഞ്ഞയക്കാറുണ്ട്.

എപി ഉസ്താദിനും മടവൂർ ശൈഖായിരുന്നു പ്രതിസന്ധി വേളകളിലെല്ലാം കരുത്തായി നിന്നതെന്നു കേട്ടിട്ടുണ്ട്.

അവർ വലിയ ബന്ധത്തിലായിരുന്നു. ജനങ്ങളുമായി അടുപ്പമൊന്നുമില്ലാതെ ശൈഖ് കഴിയുന്ന പ്രത്യേക സമയങ്ങളിലും അദ്ദേഹത്തെ കാണാനും സംസാരിക്കാനും എപി ഉസ്താദിന് അവസരം കിട്ടിയിരുന്നു. സംവാദങ്ങൾക്ക് ആശീർവാദം നൽകിയതും മർകസ് അടക്കമുള്ള വലിയ സംരംഭങ്ങളുടെ തുടക്കത്തിലും മറ്റനേകം പ്രതിസന്ധികളിലും മടവൂർ ശൈഖിന്റെ വലിയ പിന്തുണ ലഭിച്ചതായി എനിക്കറിയാം. എപി ഉസ്താദിന്റെ വിജയത്തിനു പിന്നിൽ ഇത്തരം അനേകം മഹത്തുക്കളുടെ അനുഗ്രഹം തന്നെയാണ്.

എപി ഉസ്താദുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച അനുഭവങ്ങൾ വിവരിക്കാമോ?

കാസർകോട് നടന്ന പണ്ഡിത ക്യാമ്പിന് എപി ഉസ്താദ് നേതൃത്വം നൽശിയത് നേരത്തെ പറഞ്ഞല്ലോ. സമസ്ത മുശാവറയിൽ വരുന്നതിനു മുമ്പ് തന്നെ ഉസ്താദിന്റെ പ്രസംഗങ്ങൾ കേട്ടിരുന്നു. സമസ്തയിൽ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ വലിയ ബന്ധമായി. എല്ലാവരെയും ഉൾക്കൊണ്ടും എല്ലാവർക്കും പരിഗണന നൽകിയുമുള്ള എപി ഉസ്താദിന്റെ നേതൃത്വം സുന്നത്ത് ജമാഅത്തിന് വലിയ നേട്ടമുണ്ടാക്കി. ആലിമീങ്ങളുടെ ഇസ്സത്ത് ഉയർത്തിപ്പിടിക്കാനും മുഴുസമയം ഇൽമിലും ദീനീ പ്രബോധനത്തിലും സജീവമാകാനും അദ്ദേഹത്തിന് അല്ലാഹു വലിയ തൗഫീഖ് നൽകിയിട്ടുണ്ട്. ശിഷ്യഗണങ്ങളുടെയും പ്രവർത്തകരുടെയും സ്‌നേഹാദരം ഇത്രയധികം ഏറ്റുവാങ്ങിയ മറ്റൊരാളെ സമീപ കാലത്ത് കാണാൻ കഴിയില്ല.
എസ്‌വൈഎസ് ഹജ്ജ് സെൽ ചീഫ് അമീറായി പോകേണ്ടി വന്നപ്പോൾ മിനയിലും മറ്റും ഞങ്ങൾ ഒന്നിച്ച് താമസിച്ചിരുന്നു. മിനയിൽ എല്ലാ സമയത്തും ദിക്‌റിലും ദുആയിലുമായിരുന്നു ഉസ്താദ്. രാത്രി വളരെ വൈകിയും എപി ഉസ്താദിന്റെ ദുആ കേട്ടതോർക്കുന്നു. വല്ലാത്ത ആത്മീയ ചൈതന്യമാണ് അദ്ദേഹത്തിന്റേത്. പ്രവർത്തകർക്കു വേണ്ടി സദാസമയം പ്രാർത്ഥിക്കുന്നതും കേട്ടിട്ടുണ്ട്. ആ സ്‌നേഹം തന്നെയാണ് അദ്ദേഹത്തിന് തിരിച്ചുകിട്ടുന്ന ഈ അംഗീകാരത്തിനും ആദരവിനും പിന്നിലും. എന്റെ പ്രിയ ശിഷ്യൻ കൂടിയായ ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ വഫാത്തായ സമയത്ത് അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകാൻ എപി ഉസ്താദ് വന്നപ്പോൾ ഇവിടെ വീട്ടിൽ വന്നിരുന്നു. കുറെ കാലത്തിനു ശേഷം നേരിൽ സംസാരിക്കാൻ കഴിഞ്ഞു. എല്ലാവരെയും ഒന്നിപ്പിച്ചും പരിഗണിച്ചും പ്രസ്ഥാനത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം വരുംതലമുറക്കും നേതാക്കൾക്കും മാതൃക തന്നെയാണ്.

മശാഇഖുമാരുമായുള്ള ബന്ധങ്ങൾ?

നമുക്ക് ഇൽമ് പകർന്നുതന്ന ഉസ്താദുമാർ തന്നെയാണ് നമ്മുടെ വലിയ മശാഇഖുമാർ. അവരുടെയെല്ലാം തർബിയത്ത് കിട്ടിയെന്നാണ് എന്റെ വിശ്വാസം. സമസ്തയിലെ മുതിർന്ന ആലിമീങ്ങളുമായും ആത്മീയ നായകരുമായും ബന്ധപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ആദ്യ ഹജ്ജ് യാത്രയിൽ വടകര മമ്മദാജി തങ്ങൾ ഞങ്ങളുടെ കപ്പലിലുണ്ടായിരുന്നതിനാൽ കൂടുതൽ ബന്ധപ്പെടാൻ സാധിച്ചു. ഞാൻ ഏറെ സ്‌നേഹിക്കുന്ന ഉള്ളാൾ തങ്ങളും ഇകെ ഉസ്താദും അന്ന് ഹജ്ജിനുണ്ടായിരുന്നതും വലിയ ഭാഗ്യമായി. താജുൽ ഉലമയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. പല കാര്യങ്ങൾക്കും സമീപിച്ചിരുന്നു.
അതിന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് കോട്ടുമല ഉസ്താദ് ഹജ്ജിന് പോകുന്ന സമയത്ത് പരപ്പനങ്ങാടിൽ വിദ്യാർത്ഥിയായിരിക്കെ ഞാൻ ഖാദിമായി ബോംബെ വരെ കൂടെ പോയിരുന്നു. ഉസ്താദിനെ യാത്രയാക്കിയ ശേഷമാണ് മടങ്ങിയത്. ബോംബെയിൽ താമസിക്കുന്ന സമയത്ത് ശൈഖ് ആദം ഹസ്രത്തുമായും ബന്ധപ്പെടാൻ കഴിഞ്ഞു. മഹാനവർകളും ഹജ്ജിന് പുറപ്പെടാൻ വന്നതായിരുന്നു. അദ്ദേഹം താമസിക്കുന്ന റൂമിലേക്ക് ചെറിയൊരു ഹദ്‌യയുമായി ചെന്ന രംഗം ഇന്നും മനസ്സിലുണ്ട്. ആജാനുബാഹുവായ ഒരാളും ചെറിയൊരു മനുഷ്യനുമാണ് റൂമിലുണ്ടായിരുന്നത്. വലിയ ആളായിരിക്കും ശൈഖ് എന്ന് കരുതി കൊണ്ടുപോയ ഹദ്‌യ അദ്ദേഹത്തിനു മുന്നിൽ വെക്കാനൊരുങ്ങിയപ്പോൾ ആ മനുഷ്യൻ പെട്ടെന്നൊരു വിശറിയെടുത്ത് ചെറിയ മനുഷ്യന് വീശിക്കൊടുക്കാൻ തുടങ്ങി. അപ്പോഴാണ് ചെറിയയാളാണ് ശൈഖ് എന്നു മനസ്സിലായത്. അറബിയിൽ കുറെ നേരം സംസാരിച്ചു പിരിഞ്ഞു. നാട്ടിലേക്ക് തിരിച്ചുവരുന്നത് വരെ പല തവണ കാണാൻ പോയി. അവസാനം മടങ്ങാൻ സമയമായപ്പോഴും കാണാൻ പോയി. ദുആ ഇരക്കാൻ ഓർമിപ്പിച്ചപ്പോൾ മഹാൻ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു: നീ എന്റെ മോനാണ്. ഞാൻ നിന്നെ മറക്കില്ല. നിനക്കു വേണ്ടി ദുആ ചെയ്യും. ഇൻശാ…
എന്റെ മറ്റൊരു ശൈഖാണ് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തലപ്പാവില്ലാതെ തൊപ്പി മാത്രം ധരിച്ചാണ് പോയത്. അലിക്കുഞ്ഞി എന്താ തലപ്പാവ് കെട്ടാത്തത് എന്ന് ഉസ്താദ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ആലിമീങ്ങളല്ലേ തലക്കെട്ട് കെട്ടുക. ആലിമല്ലാത്തത് കൊണ്ടാണ് ഞാൻ കെട്ടാത്തത്. ഉടനെ മൗലാനാ പറഞ്ഞു: അലിക്കുഞ്ഞി ആലിമാണ്. തലക്കെട്ട് കെട്ടണം. അന്നു മുതൽ തലപ്പാവ് സ്ഥിരമാക്കി.
പിന്നീടൊരിക്കൽ ഒരു പരിപാടിക്ക് കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ഉസ്താദ് എന്നിവരെ ഒരേ കാറിൽ കൂട്ടിക്കൊണ്ട് വരാനുള്ള അവസരവും ലഭിച്ചു. യാത്രക്കിടയിൽ നിസ്‌കാരത്തിനായി ഒരു പള്ളിയിൽ കയറി. കോട്ടുമല ഉസ്താദ് എന്നോട് ഇമാമത്ത് നിൽക്കാൻ പറഞ്ഞു. സലാം വീട്ടിയപ്പോഴുണ്ട് കണ്ണിയത്തോർ ഇടക്ക് ഇമാമിനെ പിരിഞ്ഞ് ഒറ്റക്ക് നിസ്‌കരിക്കുന്നു. നിസ്‌കാരം കഴിഞ്ഞ ശേഷം മഹാൻ ചോദിച്ചു: എന്ത് നിസ്‌കാരമാണ് നിന്റേത്, ഇത്ര ധൃതിയെന്താ? ഞാനൊന്നും മിണ്ടിയില്ല.
യാത്ര തുടർന്നു. അടുത്ത വഖ്ത്ത് നിസ്‌കാരത്തിന് ഇഖാമത്ത് കൊടുത്ത ശേഷം, ഞാൻ ഇമാമത്ത് നിന്നോട്ടേയെന്ന് കണ്ണിയത്തുസ്താദിനോട് മെല്ലെ ചോദിച്ചു. നേരെ നിസ്‌കരിക്കുമെങ്കിൽ നിന്നോ എന്ന് ഉസ്താദ്. നിസ്‌കാരം കഴിഞ്ഞപ്പോൾ ഇങ്ങനെയാണ് നിസ്‌കരിക്കേണ്ടതെന്ന് പറഞ്ഞു. അടുത്ത നിസ്‌കാരത്തിന് വേറൊരു പള്ളിയിലെത്തിയപ്പോൾ എന്നെ മുന്നിൽ കാണാത്തതിനാൽ കണ്ണിയത്തുസ്താദ് വിളിച്ചു: എവിടെ അലിക്കുഞ്ഞി? ഇമാമത്ത് നിൽക്ക്. അങ്ങനെ ആ യാത്രയിൽ ഇമാമത്തിനുള്ള മഹാനവർകളുടെ അംഗീകാരം വാങ്ങാൻ കഴിഞ്ഞു.
പരപ്പനങ്ങാടിയിൽ പഠിക്കുന്ന സമയത്താണ് വാളക്കുളം അബ്ദുറഹ്‌മാൻ മുസ്‌ലിയാരെ സന്ദർശിച്ചത്. മഹല്ലിയാണ് ഓതുന്നതെന്ന് പറഞ്ഞപ്പോൾ ഉസ്താദ് ഏറെ വാചാലനായി. മഹല്ലി നന്നായി പഠിക്കണം. അതിൽ ഓരോ അക്ഷരത്തിലും ഓരോ മുത്തുണ്ട്. മഹല്ലീ ഇമാം 16 വർഷം കൊണ്ടാണ് കിതാബ് എഴുതി പൂർത്തിയാക്കിയത്. ഇതും പറഞ്ഞ് മഹാൻ എനിക്ക് ഒരു രൂപ ബറകത്തിനായി തന്നു. നാട്ടിലും വിദേശത്തുമായി ഇതു പോലുള്ള പല മഹാന്മാരുമായും ബന്ധപ്പെടാനും അവരുടെ പൊരുത്തം നേടാനും സാധിച്ചത് കൊണ്ടാണ് ഒന്നുമല്ലാത്ത എനിക്ക് ഇങ്ങനെയെങ്കിലും ചൊല്ലിക്കൊടുക്കാൻ കഴിയുന്നത്.

സമസ്ത പൊതുവെ ത്വരീഖത്തുകളെ എതിർക്കുന്നുവെന്ന് ചിലർ കുറ്റപ്പെടുത്താറുണ്ട്?

വ്യാജ ത്വരീഖത്തുകളെയാണ് സമസ്ത എതിർക്കാറുള്ളത്. യഥാർത്ഥ ത്വരീഖത്ത് സ്വീകരിക്കുന്നവരും അംഗീകരിക്കുന്നവരുമാണ് ആലിമീങ്ങളെല്ലാം. പരപ്പനങ്ങാടിയിൽ പഠിക്കുന്ന സമയത്താണ് ഹഖായ ഒരു ത്വരീഖത്ത് സ്വീകരിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിക്കുന്നത്. ചാവക്കാട് കോയക്കുട്ടി തങ്ങളെക്കുറിച്ച് കേൾക്കാനിടയായി. കോട്ടുമല ഉസ്താദും ഉള്ളാൾ തങ്ങളുമെല്ലാം മഹാനിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചതായും അറിഞ്ഞു. അദ്ദേഹത്തെ തന്നെ ശൈഖാക്കാം എന്ന് വിചാരിച്ച് ഞങ്ങൾ മൂന്ന് മുതഅല്ലിമീങ്ങൾ സമ്മതം ചോദിച്ച് കോയക്കുട്ടി തങ്ങളുടെ വീട്ടിലെത്തി. ഞങ്ങൾ ആവശ്യം പറഞ്ഞു. അപ്പോൾ ഒരലർച്ചയായിരുന്നു തങ്ങളിൽ നിന്നുണ്ടായത്. ഓതുന്ന പിള്ളേർക്ക് ത്വരീഖത്തോ. പോടാ!
ഞങ്ങൾ പേടിച്ച് പുറത്തിറങ്ങിയെങ്കിലും മുറ്റത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു. കുറെ കഴിഞ്ഞ് എന്തോ ആവശ്യത്തിനു പുറത്തു വന്ന അദ്ദേഹം ഞങ്ങളെ കണ്ട് എന്താ പോയില്ലേ എന്ന് ചോദിച്ചു. ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങളുടെ ഉദ്ദേശ്യശുദ്ധി പരീക്ഷിച്ചറിഞ്ഞാവണം അകത്തേക്ക് വിളിച്ച് കുറെ ഉപദേശിച്ചു. ഒടുവിൽ ഖാദിരിയ്യ ത്വരീഖത്തിന്റെ ചില ഇജാസത്തുകൾ തന്നു. കുറച്ചു കഴിഞ്ഞ് ഒന്നുകൂടി വരാൻ പറഞ്ഞു. രണ്ട് വർഷത്തിനു ശേഷം വീണ്ടും പോയി. അന്നും കുറെ ഉപദേശം നൽകി. കുറച്ചു കൂടി ഇജാസത്തുകൾ തന്നു. മൂന്നാം തവണ ശൈഖിനെ കാണാൻ പോയപ്പോൾ പറഞ്ഞു: ഇനി നമ്മൾ കണ്ട് കൊള്ളണമെന്നില്ല. കുറച്ചു നാളുകൾക്കു ശേഷം മഹാൻ വഫാത്തായി. മഹാനർ അന്നു നൽകിയ ഇജാസത്ത് പ്രകാരമുള്ള വിർദുകൾ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
പഠിക്കുന്ന സമയത്ത് കിതാബോത്ത് തന്നെയാണ് വലിയ വിർദ്. പഠനത്തിനു തടസ്സമാകാത്ത കാര്യങ്ങളേ സ്വീകരിക്കാവൂ. വലിയ മഹാന്മാർ ചെയ്യുന്നത് കണ്ട് നമ്മൾക്കും അങ്ങനെയാവണമെന്ന് കരുതി പഠനം ഉപേക്ഷിച്ചു പോകുന്നവരുണ്ട്. അത് ശരിയല്ല. നടക്കുന്ന കാര്യവുമല്ല. ഞാൻ മുതഅല്ലിമുകളോട് ഇടക്കു പറയാറുണ്ട്: ഉസ്താദുമാരാണ് നമ്മുടെ വലിയ മശാഇഖ്. അവരെയാണ് മുതഅല്ലിമീങ്ങൾ മുറുകെ പിടിക്കേണ്ടത്.

അടുത്ത കാലം വരെ സംഘടനാ വേദികളിലെല്ലാം ഉസ്താദിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൂടിച്ചേരലുകൾ കുറഞ്ഞ പുതിയ സാഹചര്യത്തിൽ പ്രവർത്തകരോടുള്ള സന്ദേശം?

സുന്നത്ത് ജമാഅത്തിന്റെ സംഘടനാ സംവിധാനങ്ങൾ പഴയതിനെക്കാളും ശക്തിപ്പെട്ട സമയമാണിത്. ഇന്ന് ദഅ്‌വത്തിന് ധാരാളം അവസരങ്ങളുണ്ട്. അത് നല്ല പോലെ ഉപയോഗിച്ച് ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കണം. പഠിപ്പിച്ച ഉസ്താദുമാരോടും പഠിക്കുന്ന സ്ഥാപനത്തോടും പ്രവർത്തിക്കുന്ന സംഘനയോടും നാടിനോടുമെല്ലാം നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അതു ഭംഗിയായി നിർവഹിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. സംഘടനാ നേതൃത്വം അമാനത്താണ്. സുലൈമാൻ നബി(അ)യുടെ പക്ഷി ഹുദ്ഹുദിന്റെ ഉത്തരവാദിത്തം വെള്ളമുള്ള സ്ഥലം നിർണയിച്ചു കൊടുക്കലായിരുന്നുവല്ലോ. ഡ്യൂട്ടി സമയത്ത് ഒരിക്കൽ പക്ഷിയെ കാണാത്തപ്പോൾ സുലൈമാൻ നബി(അ) ദേഷ്യപ്പെട്ടതും ശിക്ഷിക്കാൻ തുനിഞ്ഞതുമെല്ലാം പ്രവർത്തകർക്കു പാഠമാണ്. ഏൽപിച്ച അമാനത്ത് വീഴ്ചയില്ലാതെ നിർവഹിക്കണമെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.
ഹജ്ജതുൽ വിദാഇൽ, ഇന്നേ ദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീനിനെ പൂർത്തീകരിച്ചു തന്നിരിക്കുന്നു, ഇസ്‌ലാമിനെ നിങ്ങൾക്കു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന ആശയമുള്ള ആയത്ത് (5: 3) അവതരിച്ചല്ലോ. അതു സ്വീകരിച്ചുകൊണ്ടാണ് നാം റളീനാബില്ലാഹി റബ്ബൻ വബിൽ ഇസ്‌ലാമി ദീനൻ… എന്നു ചൊല്ലുന്നത്. അങ്ങനെ പൊരുത്തപ്പെട്ട് വാങ്ങിയ ദീനിനെ അതേ നിലയിൽ കൊണ്ടുനടക്കൽ നമ്മുടെ ബാധ്യതയാണ്. നമുക്ക് ഒരാൾ മകളെ നികാഹ് ചെയ്തു തരുമ്പോൾ ഞാൻ സ്വീകരിച്ചു, പൊരുത്തപ്പെട്ടു എന്നു പറയാറുണ്ടല്ലോ. പിന്നെ അവളെ നോക്കൽ നമ്മുടെ ബാധ്യതയായി. ആ കടമ നിറവേറ്റാതിരുന്നാൽ പിതാവ് വന്ന് അവളെ കൂട്ടിക്കൊണ്ട് പോയെന്നിരിക്കും. ഇതു പോലെയാണ് മതത്തിന്റെ കാര്യവും. അല്ലാഹു ഏൽപിച്ച ദീനാകുന്ന അമാനത്ത് നേരാംവണ്ണം കൊണ്ടുനടന്നില്ലെങ്കിൽ റബ്ബ് അതിനെ നമ്മിൽ നിന്ന് എടുത്തുമാറ്റും, അവൻ നമ്മെ വെറുക്കാനും അത് കാരണമായേക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഏതു സാഹചര്യത്തിലും ദീനിന്റെ അമാനത്ത് കാത്തുസൂക്ഷിക്കാൻ നമുക്ക് പ്രയത്‌നിക്കാം. അതിനാണ് സംഘടന. നമ്മുടെ ആലിമീങ്ങളുടെ ഈ കൂട്ടായ്മയിൽ, ആദർശ പാതയിൽ അടിയുറച്ച് ദീനിന്റെ ഖാദിമാകാൻ കിട്ടുന്ന എല്ലാ അവസരവും വലിയ തൗഫീഖായി കരുതി നന്നായി പ്രവർത്തിക്കുക. അതാണ് എനിക്ക് എന്റെ നഫ്‌സിനോടും മറ്റുള്ളവരോടും വസ്വിയ്യത്ത് ചെയ്യാനുള്ളത്.

(അവസാനിച്ചു)

താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ/

പിബി ബശീർ പുളിക്കൂർ

Exit mobile version