സംഘടനാ മുന്നേറ്റത്തിനായി പ്രവർത്തകർ ഉറുദു പഠിക്കുക

The full moon, also known as Supermoon or Flower Moon, rises over a mosque minaret on the 14th day of the holy fasting month of Ramadan, in Amman, Jordan May 7, 2020. REUTERS/Muhammad Hamed

സംഘടനാ വർഷത്തെ നമ്മുടെ പ്രവർത്തനങ്ങൾ ആറ് മാസം പിന്നിട്ടുകഴിഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ സ്തുത്യർഹമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും സമൂഹത്തിന്റെ നന്മക്കായി വലിയ സംഭാവനകൾ നൽകാനും സുന്നി യുവജന സംഘത്തിന് സാധിച്ചുവെന്നത് സർവശക്തനായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. നമ്മുടെ പ്രവർത്തകരുടെ ഒത്തൊരുമയും സഹകരണവും ആത്മാർത്ഥതയും അർപ്പണബോധവും വെളിപ്പെടുത്തുന്നതാണിത്.
സാന്ത്വനവഴിയിൽ പാവപ്പെട്ട രോഗികളും നിരാലംബരും ഇപ്പോഴും നമ്മുടെ സഹായം കാത്തിരിക്കുന്നുണ്ട്. പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കുന്നവരും ജോലിയില്ലാത്തവരുമുണ്ട്. പല കാരണങ്ങളാൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. കഷ്ടപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നമ്മുടെ കരുതലും സഹായവുമെത്തിക്കാനുള്ള ജാഗ്രത തുടരുക. അറിവും അനുഭവങ്ങളും മറ്റുള്ളവർക്ക് പകർന്നുനൽകാനും സാമൂഹിക വിഷയങ്ങളിൽ നയപരവും നേതൃപരവുമായ ഭാഗധേയം നിർവഹിക്കാനും ശ്രദ്ധയുണ്ടാവണം. ഒപ്പം, നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും രോഗം പരക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

ഉറുദു ഭാഷാപഠനം നാം ഗൗരവത്തിലെടുക്കേണ്ടതാണ്. അതിഥി തൊഴിലാളികൾക്കിടയിൽ നമ്മൾ നടത്തിവരുന്ന സാമൂഹ്യ ക്ഷേമപദ്ധതികൾക്ക് കൂടുതൽ മികച്ച ഫലം സൃഷ്ടിക്കാൻ ഉറുദു പഠനം മൂലം സാധിക്കും. നമ്മുടെ ചുറ്റുവട്ടത്തുള്ള ഉത്തരേന്ത്യൻ സുഹൃത്തുക്കൾക്ക് നാം തണലായി മാറുകയും അവരുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയും വേണം. അതിനായി അവരുടെ ഭാഷയിൽ തന്നെ ആശയവിനിമയം നടത്താൻ നമുക്ക് സാധിക്കണം. ശരാശരി ഐക്യു ഉള്ള ഒരാൾക്ക് പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ ഒരു ഭാഷ പഠിക്കാൻ സാധിക്കും. അൽപം ശ്രദ്ധ കൊടുത്താൽ വളരെ എളുപ്പത്തിൽ പഠിക്കാവുന്ന ഭാഷയാണ് ഉറുദു. നമ്മുടെ യൂണിറ്റുകളിൽ ഉറുദു ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നാം സഗൗരവം പങ്കെടുക്കുകയും നിലവിൽ ഭാഷ വശമുള്ളവർ അവർക്കറിയുന്നയത്രയെങ്കിലും മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. സംഘടനയുടെ ദേശീയ തലത്തിലെ മുന്നേറ്റത്തിലും ഇത് നമുക്ക് ഉപകാരപ്പെടും. രാജ്യത്തെ മുസ്‌ലിംകളുടെ സംസാര ഭാഷ എന്ന നിലയിൽ ഏറെ പ്രചാരമുള്ള ഉറുദു ചരിത്രപരമായ ചില കാരണങ്ങളാൽ ദക്ഷിണേന്ത്യയിൽ ജനകീയമായില്ലെങ്കിലും ആധുനിക കാലഘട്ടത്തിൽ ഉറുദു അറിയുന്നവർക്കുള്ള പ്രബോധന സാധ്യത ഏറെ വലുതാണ്. ഇത് മനസ്സിലാക്കുകയും ഉറുദു സംസാരിച്ചുകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾക്കിടയിൽ നാം സജീവമായി പ്രവർത്തിക്കുകയും വേണം.

ധാരാളം കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട്. സംഘടനാ രംഗത്ത് പുതിയ പദ്ധതികളും പരിപാടികളും വരുന്നുണ്ട്. വ്യക്തിജീവിതം കൂടുതൽ ക്രിയാത്മകമാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള ആലോചനകളും സംഘടനക്കുണ്ട്. സർക്കാർ മത്സര പരീക്ഷകളെ നേരിടാനായി നടന്നുവരുന്ന പരിശീലന പരിപാടികളിൽ സജീവമായി പങ്കെടുക്കണം. ജില്ലകളിൽ സർക്കാർ തലത്തിലും അല്ലാതെയും നടക്കുന്ന കോച്ചിംഗുകളെക്കുറിച്ചുള്ള വിശദാംശങ്ങളും ക്ലാസുകളും നേരത്തേ പ്രവർത്തകർക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രാദേശിക നേതൃത്വത്തോട് അന്വേഷിക്കുകയും നമുക്ക് എത്തിപ്പിടിക്കാവുന്ന മേഖലകളെ പറ്റി വിശദമായി മനസ്സിലാക്കുകയും പരിശീലന പരിപാടികളിൽ സംബന്ധിക്കുകയും വേണം. നിരന്തരമുള്ള പരിശ്രമമാണ് സർക്കാർ, ഉദ്യോഗ തലങ്ങളിലെ കരിയറിനാവശ്യം.
സുന്നിവോയ്‌സ് പുതിയ മുഖത്തോടെയും പരിഷ്‌കാരങ്ങളോടെയും വൈകാതെ നിങ്ങളുടെ കൈകളിലെത്തും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സുന്നിവോയ്‌സ് പ്രചാരണ കാമ്പയിൻ വൻവിജയമാക്കിയ മുഴുവൻ പ്രവർത്തകരെയും ഘടകങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു. നാഥൻ വലിയ പ്രതിഫലം നൽകട്ടെ-ആമീൻ.

ഡോ.അബ്ദുൽ ഹകീം അസ്ഹരി

Exit mobile version