മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതിവിവരം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ അധ്യക്ഷതയിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഹൈലെവൽ കമ്മിറ്റിയെ 2005 മാർച്ച് ഒമ്പതിന് കേന്ദ്ര സർക്കാർ നിയമിച്ചു. അങ്ങനെ തയ്യാറാക്കിയ സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഇന്ത്യയിലെ മുസ്‌ലിംകൾ പട്ടികജാതി പട്ടികവർഗങ്ങളേക്കാൾ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് പോയത് എന്തുകൊണ്ടാണെന്ന ചരിത്രപരമായ ചോദ്യത്തെയാണ് അഭിമുഖീകരിച്ചത്. കമ്മീഷൻ കണ്ടെത്തിയ മുസ്‌ലിംകളുടെ പരിതാവസ്ഥ പിന്നാക്ക വിഭാഗമായ മുസ്‌ലിംകൾ എന്ന നിലയിൽ തന്നെ പരിഹരിക്കുന്നതിന് പകരം അതൊരു മതന്യൂനപക്ഷ പ്രശ്‌നമായി മാറുകയോ മാറ്റുകയോ ചെയ്തതിന്റെ പരിണതിയിലാണ് മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പിലെ മുസ്‌ലിം മുസ്‌ലിമിതര ന്യൂനപക്ഷ അനുപാതം റദ്ദാക്കുന്ന കേരള ഹൈക്കോടതി വിധി ഉണ്ടാകുന്നത്.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളിലൊന്നായ മുസ്‌ലിംകളുടെ അതിദയനീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥയെ സവിശേഷ പ്രാധാന്യത്തോടെ പരിശോധിച്ച് പരിഹാരം തേടുന്ന കമ്മീഷൻ റിപ്പോർട്ട് പ്രയോഗതലത്തിലെത്തിയപ്പോൾ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന നിയമപരമായ പ്രശ്‌നത്തിലേക്ക് വഴുതിപ്പോയത് സർക്കാറുകളുടെ വീഴ്ചകൊണ്ട് തന്നെയാണ്. സച്ചാർ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കേരളത്തിലുണ്ടായ പാലോളി കമ്മീഷൻ റിപ്പോർട്ടിൽ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒരു ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന നിർദേശത്തിലെ അനൗചിത്യവും അസാംഗത്യവും നേരത്തേ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിം എന്നു തന്നെ പ്രയോഗിക്കേണ്ട സ്ഥാനത്ത് ന്യൂനപക്ഷം എന്ന പൊതുസംഞ്ജ കടന്നുവന്നു എന്നതായിരുന്നു വിമർശനത്തിന്റെ മർമം. മുസ്‌ലിം പിന്നാക്കാവസ്ഥയെ നേർക്കുനേർ അഭിമുഖീകരിക്കുന്നതിന് പകരം ഒരുതരം ഒത്തുതീർപ്പ് പരിഹാരക്രിയകളായിരുന്നു പാലോളി റിപ്പോർട്ട് കുറച്ചെങ്കിലും മുന്നോട്ടുവെച്ചത് എന്ന സൂക്ഷ്മ വായന മുമ്പ് തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയിലാണ് 2011 ഫെബ്രുവരി 22ന് പാലോളി റിപ്പോർട്ട് പ്രകാരം മുസ്‌ലിം വിദ്യാർത്ഥികൾക്ക് മാത്രം നൽകിവന്ന സ്‌കോളർഷിപ്പ് ലത്തീൻ കത്തോലിക്കർക്കും മറ്റു പരിവർത്തിത ക്രൈസ്തവർക്കും കൂടി സംസ്ഥാന സർക്കാർ വകയിരുത്തുന്നത്. പിന്നീട് വന്ന സർക്കാറാണ് 2015ൽ മുസ് ലിം, മറ്റു പിന്നാക്ക ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം 80/20 എന്ന രീതിയിലാക്കിയത്.
കേരളത്തിലെ മുസ്‌ലിംകളെ മാറ്റിനിർത്തിയാൽ പ്രധാന ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമുദായത്തിന് ഒന്നടങ്കം ഇരുപത് ശതമാനം വിഹിതം വകവെച്ചു കൊടുത്തിട്ടില്ല മാറിവന്ന സർക്കാറുകൾ എന്നത് ശ്രദ്ധേയമാണ്. പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് മാത്രമാണ് അത് ലഭ്യമാക്കിയത് എന്നതിൽ ഒരു പിന്നാക്കാവസ്ഥാ പരിഹാരമായിരുന്നു ഇതിന്റെയെല്ലാം അടിത്തറ എന്ന് സമ്മതിക്കുക തന്നെയാണ്. എന്നാൽ ആ പിന്നാക്കാവസ്ഥാ പരിഹാരം സച്ചാർ കമ്മീഷൻ വിളംബരപ്പെടുത്തിയ ഇന്ത്യയിലെ മുസ്‌ലിംകളുടെ പരിതാപകരമായ ജീവിതാവസ്ഥയുടെ ബോധ്യത്താൽ കേരളത്തിൽ പാലോളി കമ്മീഷൻ മുന്നോട്ടുവെച്ച നടപടികളായിരുന്നു. അതിന്റെ അന്തസത്തയെ തന്നെ കളഞ്ഞുകുളിക്കുന്ന വിധത്തിൽ പ്രവർത്തിച്ച സർക്കാറുകൾ സച്ചാർ കമ്മീഷന്റെ താത്പര്യത്തിന് വിരുദ്ധമായ നടപടികളാണ് കൈകൊണ്ടതെന്നതിനാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.
മുസ്‌ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം ഭരണഘടനാവകാശമായി പ്രഖ്യാപിക്കുന്നു ആർട്ടിക്കിൾ 16(4). പ്രസ്തുത ഭരണഘടനാനുഛേദത്തെ കൃത്യമായി ഏറെക്കുറെ അതിന്റെ സമഗ്രതയിൽ വിശകലനം ചെയ്യുകയായിരുന്നു 1993ലെ പ്രസിദ്ധമായ ഇന്ദിരാ സാഹ്നി കേസിൽ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. അധികാര പങ്കാളിത്തത്തിൽ നിന്ന് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ മാറ്റിനിർത്തപ്പെടുന്നത് ഗുരുതര പ്രശ്‌നമാണെന്നും സർക്കാർ സർവീസിലടക്കം അവർക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകണമെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണമേർപ്പെടുത്തുന്നത് ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ വിദ്യാഭ്യാസ രംഗത്ത് അതിനനുസൃതമായ പുരോഗതിയുണ്ടാകണം. വിദ്യാഭ്യാസ മേഖലയിലും സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്ക് മുമ്പിൽ കവാടങ്ങൾ തുറക്കപ്പെടണം. പ്രസ്താവിത ഭരണഘടനാനുഛേദത്തിലെ ‘സംവരണ’ത്തിന് സൃഷ്ടിപരമായ വ്യാഖ്യാനമാണ് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി നൽകിയത്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഭാഗധേയം നടത്തുന്ന സവിശേഷ വ്യവസ്ഥകളിലെ (Special provisions) ഏറ്റവും ഉയർന്ന രൂപമാണ് സംവരണം. മുൻഗണനകൾ (Preferences), ഇളവുകൾ (Concessions), ഒഴിവാക്കലുകൾ (Exemptions) എന്നിവ താഴ്ന്ന നിലയിലുള്ള രീതികളുമാണെന്ന് വിശദീകരിച്ച പരമോന്നത നീതിപീഠം പദപ്രയോഗങ്ങളിലെ സാങ്കേതിക കെട്ടുപാടുകൾക്കപ്പുറം സാമൂഹിക നീതിയുടെ പ്രകാശനമാണ് 16(4) ഭരണഘടനാനുഛേദം ഉയർത്തിപ്പിടിക്കുന്നതെന്ന് തെര്യപ്പെടുത്തുകയായിരുന്നു.
സംവരണവുമായി ബന്ധപ്പെട്ട രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ നീതിശാസ്ത്രം എവ്വിധമാകണമെന്ന് വരച്ചുകാട്ടുകയാണ് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി ചെയ്തത്. അതിലെ ശ്രദ്ധേയ വിധിന്യായങ്ങൾ ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തിയ പിവി നരസിംഹറാവു സർക്കാറിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയതിലൂടെ സംവരണമെന്ന ആശയത്തിൽ വെള്ളം ചേർക്കാൻ അവസരം നൽകാതിരിക്കുകയാണ് പരമോന്നത നീതിപീഠം ചെയതത്. അതേസമയം പാർലമെന്റിലെ തങ്ങളുടെ ഭൂരിപക്ഷമുപയോഗിച്ച് നിയമനിർമാണം വഴി സവർണ സാമ്പത്തിക സംവരണം 2019ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നത് വിസ്മരിക്കുന്നില്ല. അതിന്റെ ഭരണഘടനാ സാധുത ഇപ്പോഴും സുപ്രീം കോടതിയുടെ മുമ്പിലാണ്.
ആർട്ടിക്കിൾ 16(4)ന്റെ ബലത്തിൽ സംവരണത്തെ സാമൂഹിക നീതിയുടെ തുലാസിൽ വ്യവഛേദിച്ച സുപ്രീം കോടതി ഇന്ദിരാ സാഹ്നി കേസിലൂടെ സംവേദനം ചെയ്തതിന്റെ പൊരുൾ തന്നെയാണ് സച്ചാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രൂപംകൊണ്ട പാലോളി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ്. അത് വിവേചനമല്ല. സാമൂഹിക നീതി ഉറപ്പാക്കാനുള്ള വിവേകപൂർണമായ ഇടപെടൽ മാത്രമാണ്.
സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന പൗരൻമാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം 14, 15 ഭരണഘടനാനുഛേദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാറിനുണ്ട്. എന്നാൽ അത് ആറ് നോട്ടിഫൈഡ് ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തിലാകുമ്പോൾ തുല്യമായി പരിഗണിക്കണം. അതില്ലാതെ പോയതിനാൽ പ്രസ്താവിത സ്‌കോളർഷിപ്പ് അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നാണ് മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പിലെ മുസ്‌ലിം, പിന്നാക്ക ക്രൈസ്തവ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രധാനമായി ചൂണ്ടിക്കാട്ടിയത്.
വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയുടെ ആധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 2004ലെ ഇ.വി ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. പട്ടികജാതി വിഭാഗത്തിൽ മതിയായ സംവരണാനുകൂല്യം ലഭിക്കാതെ പോയ വിഭാഗങ്ങളെ കണ്ടെത്തി അവർക്ക് കൂടി പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം പട്ടികജാതി സംവരണത്തെ പുന:ക്രമീകരിക്കുന്ന നിയമം പാസ്സാക്കിയ ആന്ധ്രാപ്രദേശ് സർക്കാറിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹരജി അംഗീകരിക്കുന്നതായിരുന്നു പ്രസ്തുത വിധി. എന്നാൽ ഇന്ദിരാ സാഹ്നി കേസിലെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ വിധിന്യായത്തെ തെറ്റായി മനസ്സിലാക്കുകയായിരുന്നു ചിന്നയ്യ കേസിൽ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് എന്ന വിമർശനം നിയമ മേഖലയിൽ നിന്ന് ഉയരുകയുണ്ടായി. സംവരണത്തിൽ നിന്ന് ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കുന്നതിൽ എസ്‌സി, എസ്ടി വിഭാഗങ്ങളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന ഇന്ദിരാ സാഹ്നിയിലെ സുപ്രീം കോടതി നിരീക്ഷണമാണ് ചിന്നയ്യ കേസിൽ തെറ്റായി ഉദ്ധരിക്കപ്പെട്ടു എന്ന വിമർശമുയർന്നത്. പട്ടികജാതി വിഭാഗങ്ങൾ ഏകതാനമായ ഒരു സമൂഹമാണെന്നും അവർക്കിടയിൽ ഉപവർഗീകരണം അനുവദിക്കുന്നില്ലെന്നുമാണ് ചിന്നയ്യ കേസിൽ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്. ചിന്നയ്യ കേസിൽ ഉന്നയിക്കപ്പെട്ട സമാന പ്രശ്‌നവുമായി സുപ്രീം കോടതിയിലെത്തിയ ദേവീന്ദർ സിംഗ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നത് ഇതിനോട് ചേർത്തുവായിക്കണം.
പിന്നാക്ക സംവരണം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 16(4) അനുഛേദത്തിലെ ‘പൗരൻമാരിലെ ഏത് പിന്നാക്ക വിഭാഗവും’ എന്നതിൽ ഹൈന്ദവ സമുദായത്തിൽ ജാതീയമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവർക്കൊപ്പം ഇതര സമുദായങ്ങളിലെ സംവരണത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളും ഉൾപ്പെടുമെന്ന് ഇന്ദിരാ സാഹ്നിയിൽ സുപ്രീം കോടതി അടിവരയിടുന്നുണ്ട്. മതമല്ല, സാമൂഹിക പിന്നാക്കാവസ്ഥയാണ് രാജ്യത്ത് സംവരണത്തിന് മാനദണ്ഡം. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീമിനെ ചോദ്യം ചെയ്യുന്ന അതേ യുക്തിയിൽ നാളെ മുസ്‌ലിംകളുടെ സംവരണാവകാശത്തെ തന്നെ ചോദ്യം ചെയ്തു കൂടായ്കയില്ല. പരമ്പരാഗതമായി മതകീയ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്നവരാണ് മുസ്‌ലിംകൾ. സാമൂഹികമായി പിന്നാക്കമാകയാൽ മറ്റ് ഏത് പിന്നാക്ക വിഭാഗങ്ങളെപ്പോലെ അവരും സംവരണത്തിന് അർഹരാണ്. മുസ്‌ലിംകളെ പിന്നാക്ക ലിസ്റ്റിലുൾപ്പെടുത്തുന്നതിനെ മതാടിസ്ഥാനത്തിലുള്ള സംവരണമായി കാണാൻ പറ്റില്ല. മുസ്‌ലിം സമുദായത്തിലെ തന്നെ മതവിശ്വാസവും ആചാരങ്ങളും ഉപേക്ഷിച്ചവർക്കും സംവരണം ലഭിക്കുന്നുണ്ട്. അവർക്ക് സംവരണം നിഷേധിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് മതാടിസ്ഥാനത്തിലുള്ള സംവരണമാകുന്നത്? സാമൂഹിക പിന്നാക്കാവസ്ഥയാണ് ഇന്ത്യയിൽ സംവരണത്തിന് അടിസ്ഥാനം. അതേ മാനദണ്ഡമാണ് മുസ്‌ലിംകളെ പിന്നാക്ക സംവരണത്തിനർഹരാക്കുന്നത്. സാമൂഹിക നീതിയെന്ന വിശാല കാഴ്ചപ്പാടിൽ സംവരണമുറപ്പുവരുത്തുന്ന ഭരണഘടന വിവിധ സമുദായങ്ങൾക്കിടയിൽ ഉപവർഗീകരണം നടത്തുന്നത് സംവരണ തത്ത്വത്തെ ഉയർത്തിപ്പിടിക്കുന്ന സുതാര്യ നടപടിയായാണ് കാണുന്നത്. അതാണ് സംവരണത്തിന്റെ പൊരുളും നീതിപീഠത്തിന്റെ തീർപ്പും.
അഡ്വ. അഷ്‌റഫ് തെച്യാട്