സംവാദവും സത്യവും തമ്മിലെന്ത്?

സാമൂഹിക മണ്ഡലങ്ങളിൽ സംവാദങ്ങളെന്ന പേരിൽ നടക്കുന്ന പലതും സംവാദങ്ങളല്ല. ബഹളവും തർക്കവുമാണ്. വാസ്തവത്തിൽ സംവാദമെന്നത് ആശയവിനിമയത്തിനുള്ള മികച്ചൊരുപാധിയാണ്. ആശയങ്ങൾ കൈമാറുന്നതിനായി പ്രയോഗിക്കപ്പെടുന്ന മാർഗങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതും സംവാദത്തിനായിരിക്കും. കേവലം ശ്രോതാവാകുക എന്നതിനപ്പുറം അഭിപ്രായങ്ങൾ പറയാനും നിലപാടുകൾ പരസ്പരം കൈമാറാനും സംവാദങ്ങളിൽ അവസരമുണ്ടാകുന്നുണ്ടല്ലോ.
എന്നാൽ വർത്തമാന കാലത്തെ പല സംവാദങ്ങളും സാംസ്‌കാരികമായി നിലവാരം പുലർത്തുന്നില്ലെന്നതാണ് നേര്, വിഷയത്തിലുള്ള അറിവില്ലായ്മ, മുന്നൊരുക്കമില്ലായ്മ പോലുള്ളവയും ഇതിന് കാരണമായേക്കാം.
എന്നാൽ പ്രധാന പ്രശ്‌നം സംവാദകരുടെ മനോഗതി തന്നെയാണ്. ജയിക്കണം, മുന്നിലെത്തണം എന്നതാണ് ആ മനോഗതിയുടെ മർമം. ജയിക്കുന്നതും മുന്നിലെത്തുന്നതും ഒരിക്കലുമൊരു തെറ്റല്ല. നല്ലതുതന്നെ. എന്നാൽ ജയിക്കുന്നതും മുന്നിലെത്തുന്നതും സത്യമായിരിക്കണം; സംവാദകനാവണമെന്നാവരുത്. അപ്പോഴാണ് എന്തെങ്കിലുമൊക്കെ തട്ടിവിട്ടിട്ടെങ്കിലും തന്റെ ആധിപത്യം ഉറപ്പിക്കണമെന്ന തോന്നലുണ്ടാകുന്നത്. സംവാദങ്ങളിൽ അവാസ്തവമായ കാര്യം പറഞ്ഞ് ഒരു കൂട്ടം ആളുകൾ നിന്നെ പരാജയപ്പെടുത്തിയാലും സത്യം തോറ്റിട്ടില്ലെന്നും അപ്രകാരം ബാത്വിൽ പറഞ്ഞ് കണ്ണിൽ പൊടിയിട്ട് സത്യത്തിന്റെ ഒരു സംഘത്തിന് മേൽ നീ ഒരാൾ മാത്രം ആധിപത്യം സ്ഥാപിച്ചാലും വിജയിച്ചത് സത്യമാണെന്ന് നീ കരുതണമെന്ന് ഇമാം ഗസാലി(റ) പറയുന്നുണ്ട്.
മതപരമായ വിഷയങ്ങളിൽ സത്യവും അസത്യവും പ്രമാണങ്ങൾ തീരുമാനിക്കും. അതിനെ കുറിച്ചല്ല ഇവിടെ പറയുന്നത്. സാമൂഹിക ആശയങ്ങൾ പങ്കുവെക്കുന്നിടത്ത് പോലും ഇത്തരമൊരു മനോഗതി ആർക്കും ഗുണം ചെയ്യില്ല. മാത്രമല്ല, തർക്കങ്ങൾ എന്നതിനപ്പുറം യാതൊരു ഫലവും നൽകുകയുമില്ല.
നന്മയിലൂന്നിയാണ് സംവദിക്കേണ്ടത് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. തർക്കിച്ചിട്ടാണെങ്കിലും തനിക്ക് ആധിപത്യം കിട്ടണമെന്ന് വിചാരിക്കുന്നവർക്ക് കാപട്യമാണുള്ളതെന്നാണ് മതഭാഷ്യം. നാം ജയിക്കുക എന്നാൽ സത്യം ജയിക്കുക എന്നതാവണം. തോൽക്കാതിരിക്കേണ്ടതും സത്യമാവണം. കേൾക്കാനുള്ള ശേഷി എന്നത് മികച്ചൊരു ഗുണമാണ്. അതില്ലാതെ പോകുന്നതാണ് പലരുടെയും പ്രശ്‌നം. പറയാൻ മാത്രമല്ല, കേൾക്കാനും നാം ശീലിക്കണം. പൊതുവിഷയമാകുമ്പോൾ മുൻവിധിയില്ലാതെ കേൾക്കാനായാൽ മനസ്സിന് കുറേക്കൂടി തുറവിയുണ്ടാകും.

ഹാദി

Exit mobile version