സംസ്‌കൃതനാക്കുന്ന വ്യക്തിഗുണങ്ങൾ

ക്ഷണികമായ ഐഹിക ജീവിതം നന്മയിൽ വിനിയോഗിച്ച് ശാശ്വത വിജയം നേടേണ്ടവരാണ് വിശ്വാസികൾ. ഐഹിക ജീവിതം ചില കളിതമാശകൾ മാത്രമാണെന്നും പരലോക ജീവിതമാണ് ശാശ്വതമെന്നും പ്രപഞ്ചനാഥൻ വിശുദ്ധ ഖുർആനിൽ ആവർത്തിക്കുന്നുണ്ട്. ഇഹലോകത്തിന്റെ ഉപമ വിവരിച്ചുനൽകാൻ തിരുദൂതരോട് ആവശ്യപ്പെടുന്നത് ഇപ്രകാരമാണ്: നബിയേ, താങ്കൾ അവർക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക. ആകാശത്ത് നിന്ന് നാം വെള്ളമിറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. (അതു പോലെയത്രെ ഐഹിക ജീവിതം) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു'(സൂറത്തുൽ കഹ്ഫ് 45).
ദുനിയാവിനെ നന്മയാൽ സമ്പന്നമാക്കലാണ് വിശ്വാസിയുടെ ജീവിതദൗത്യം. മറുത്തൊരു അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇഹലോക ജീവിതം പ്രതികൂലമാകുന്ന, വിശ്വാസി ജീവിതം ദുരന്ത പൂർണമായി പര്യവസാനിക്കുന്നതിനെ സംബന്ധിച്ച്? ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ആത്മവിചിന്തനം നടത്തി പരാജയത്തിന് പഴുതില്ലെന്ന് ഉറപ്പാക്കിയവർ എത്ര പേരുണ്ടാകും?
സാമൂഹ്യജീവിയാണ് മനുഷ്യൻ, വിവിധങ്ങളായ ബന്ധങ്ങളിൽ കണ്ണിചേർന്നവൻ. സാമൂഹിക ജീവിതത്തിൽ വിശ്വാസി സൂക്ഷിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. അവന്റെ വാചികവും ശാരീരികവുമായ അതിക്രമങ്ങളിൽ നിന്ന് അപരൻ സംരക്ഷിക്കപ്പെടുന്നതും അയൽവാസികൾ നിർഭയരാകുന്നതും വിശ്വാസത്തിന്റെ പൂർണതയാകുന്നത് സാമൂഹിക ജീവിതക്രമം ഉലച്ചിലില്ലാതെ നിലനിർത്തേണ്ടതിന്റെ അനിവാര്യതയാണ് ബോധ്യപ്പെടുത്തുന്നത്. ഈയൊരു യാഥാർത്ഥ്യം ഉൾക്കൊണ്ട് ചുറ്റിലും നോക്കൂ. വിശ്വാസി ഇടപെടുന്ന നിഖില മേഖലകളിലും ഇത്തരമൊരു ജാഗ്രത പുലർത്തുന്നുണ്ടോ! ഈമാനിന്റെ പ്രഭ കെടുത്തിക്കളയുന്ന ദൂഷ്യതകളിൽ വ്യാപരിക്കുന്നത് എന്തുമാത്രം അർത്ഥശൂന്യമാണ്. അവയെ തിരിച്ചറിഞ്ഞ് അകലം പാലിക്കുമ്പോളാണ് വിശ്വാസം സമ്പൂർണവും തിളക്കമുള്ളതുമാവുക.
വിട്ടുവീഴ്ചയില്ലായ്മ
ദൈവിക സ്വഭാവമാണ് വിട്ടുവീഴ്ച ചെയ്യൽ. വിശ്വാസി ആർജിക്കേണ്ട സ്വഭാവ സവിശേഷതകളിൽ പ്രധാനമാണിത്. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കേണ്ടവനാണ് മുസ്‌ലിം. പ്രതിസന്ധികളിൽ വിട്ടുവീഴ്ചയുടെ വിശാലഹൃദയം തുറന്നുകാണിച്ച് വിജയവഴി ചേരേണ്ടവൻ. ഖുർആൻ ഇത് അടിവരയിടുന്നുണ്ട്: സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും കോപം ഒതുക്കുകയും മനുഷ്യർക്ക് മാപ്പ് നൽകുകയും ചെയ്യുന്നവർക്ക് വേണ്ടി വിശാലമായ സ്വർഗം ഒരുക്കി വെച്ചിരിക്കുന്നു. സൽകർമം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'(ആലുഇംറാൻ 134).
അയൽപക്കങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ, റോഡിൽ വാഹനങ്ങൾ തമ്മിൽ ഉരസുമ്പോൾ തുടങ്ങി ജീവിതത്തിലെ ധാരാളം സന്ദർഭങ്ങളിൽ വിട്ടുവീഴ്ച വഴി സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാകും. ക്ഷിപ്രകോപവും അസഹിഷ്ണുതയും പ്രതിസന്ധി രൂക്ഷമാക്കുകയേയുള്ളൂ. അൽപ ജ്ഞാനികളുടെ ചെയ്തികളോട് വിട്ടുവീഴ്ച ചെയ്യുന്ന വിവേകികളായാണ് വിശ്വാസികളെ മതം പരിചയപ്പെടുത്തുന്നത്. പ്രതിസന്ധികളിൽ മാപ്പ് നൽകി സ്വർഗം പ്രാപിക്കേണ്ടവർ അനാവശ്യ പിടിവാശിയിലൂടെ നന്മകൾ ചോർത്തിക്കളയുന്നത് ദുരന്തമാണ്.
കുശുമ്പ് വേണ്ട
മറ്റുള്ളവർക്ക് നേട്ടങ്ങളും നന്മകളുമുണ്ടാകുമ്പോൾ അസ്വസ്ഥപ്പെടുന്ന മനസ്സ് വിശ്വാസിക്ക് ചേർന്നതാണോ? തദവസരങ്ങളിൽ ഈർഷ്യതയും അസന്തുഷ്ടിയും വെച്ചുപുലർത്തുന്ന അസൂയക്കാർ സ്വന്തം നന്മകളെ തന്നെയാണ് നശിപ്പിക്കുന്നത്. തിരുനബി(സ്വ) ഗൗരവത്തോടെ ഉണർത്തി: നിശ്ചയം അസൂയ മനുഷ്യന്റെ പുണ്യകർമങ്ങളെ തിന്നുകളയുന്നതാണ്. അഗ്നി വിറകിനെ തിന്നു നശിപ്പിക്കുന്നതു പോലെ (തുർമുദി).
സ്വന്തം ഗുണം മാത്രം ആഗ്രഹിക്കുന്ന സങ്കുചിത മനസ്സ് ഒരു സാമൂഹ്യ വിപത്താണ്. ആ വിപത്തിൽ നിന്നു രക്ഷ തേടാൻ മതം കൽപ്പിക്കുന്നു. അസൂയാലുവിന്റെ വിപത്തുകളിൽ നിന്ന് ഞാൻ രക്ഷ തേടുന്നുവെന്ന് പ്രാർത്ഥിക്കാൻ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവർക്ക് തിന്മ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ പെടും. അസൂയക്കാരന് ക്ലേശകരമായ അന്ത്യമായിരിക്കും. നബി(സ്വ) ഓർമിപ്പിക്കുന്നു: നിന്റെ സഹോദരന്റെ കഷ്ടപ്പാടിൽ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ലേശിപ്പിക്കുകയും ചെയ്യും (തുർമുദി).
നുണപ്രചാരണം
പെരുമാറ്റത്തിലും സംസാരത്തിലും സത്യസന്ധത പുലർത്തേണ്ടവനാണ് വിശ്വാസി. കളവുമായി യാതൊരു സന്ധിയും പാടില്ല. തമാശക്ക് പോലും കളവ് പറയരുതെന്നാണ് മതകൽപന. പ്രതിസന്ധികളിൽ കളവ് പറഞ്ഞ് രക്ഷപ്പെടാൻ പഴുത് തേടരുത്. ഇമാം മാലിക്(റ) ഉദ്ധരിക്കുന്ന ഹദീസിൽ തിരുനബി(സ്വ) അറിയിക്കുന്നു: ചില ദുർബല നിമിഷങ്ങളിൽ വിശ്വാസിക്ക് മറ്റേത് തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും ഒരു സാഹചര്യത്തിലും കളവ്, വഞ്ചന എന്നിവ വിശ്വാസിയിൽ നിന്ന് ഉണ്ടാവുകയില്ല.
കളവിന്റെ മാധുര്യം നുണയാനാണ് പലരും ഇഷ്ടപ്പെടുന്നത്. കളവിന്റെ ഗൗരവം അവരെ തെല്ലും അലട്ടുന്നേയില്ല. സാമൂഹിക മാധ്യമങ്ങൾ വലിയൊരളവിൽ നുണപ്രചാരണങ്ങളുടെ വേദിയാകുന്നു. പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുടെ വസ്തുത നാം ഉറപ്പുവരുത്താറുണ്ടോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇതും കളവിന് സമാനമാണ്. വിശ്വാസി ജാഗ്രത പുലർത്തേണ്ട ഇടമാണിത്. അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി കളവ് വ്യാപകമാകലിനെ നബി(സ്വ) എണ്ണുന്നുണ്ട്. തിരുനബിക്ക് ഏറ്റവും വെറുപ്പുള്ള സ്വഭാവം കളവ് പറയലായിരുന്നു. തന്റെയടുത്ത് കളവ് പറഞ്ഞവരോട് പശ്ചാത്തപിക്കും വരെ അവിടന്ന് പിണങ്ങി. ഒരാൾ കളവ് പറഞ്ഞതു കാരണം വമിക്കുന്ന ദുർഗന്ധം നിമിത്തം മലക്കുകൾ അവനിൽ നിന്ന് അകലുമെന്ന് അരുളി.
കളവ് ശീലമാക്കുന്നവരുടെ പര്യവസാനം അതി ദയനീയമായിരിക്കും. തിരുദൂതർ പറഞ്ഞു: ഞാൻ വേദനാജനകമായൊരു സ്വപ്‌നം കണ്ടു. ഒരാൾ തന്റെ വായ തുറക്കുന്നു, തത്സമയം രണ്ട് പിളർപ്പായി അത് കീറുന്നു. ഇപ്രകാരം പലവുരു ആവർത്തിച്ചു. കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷയാണിതെന്ന് രണ്ടു പേർ എനിക്ക് വിശദീകരിച്ച് തരികയുണ്ടായി. അന്ത്യനാൾ വരെ ഇത് തുടരും'(ഇമാം അഹ്‌മദ്). ഈ വിപത്തിനെതിരെ റസൂൽ(സ്വ) ഇപ്രകാരം കാവൽ തേടാറുണ്ടായിരുന്നു: അല്ലാഹുവേ, സത്യം മാത്രം പറയുന്ന നാവ് ഞാൻ നിന്നോട് ചോദിക്കുന്നു (തുർമുദി).
നേതൃമോഹം
ദുനിയാവിലെ പരീക്ഷണങ്ങളുടെ ഭാഗമാണ് സ്ഥാനമാനങ്ങളും പ്രശസ്തിയും. ദീനീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ വലിയ പുണ്യമാണ്. എന്നാൽ, ആത്മാർത്ഥതയാണ് സ്വീകാര്യതയുടെ മാനദണ്ഡം. ഭൗതിക താൽപര്യങ്ങൾ പ്രേരകമാകുന്നിടത്ത് നേതൃപദവികൾ പരാജയങ്ങൾക്ക് കാരണമാകും. വിശക്കുന്ന രണ്ട് ചെന്നായ്ക്കൾ ആട്ടിൻപറ്റത്തിൽ ഉണ്ടാക്കിത്തീർക്കുന്ന അപകടത്തേക്കാൾ വലുതാണ് സമ്പത്തും സ്ഥാനവും മോഹിക്കുന്നവർ ദീനിന് വരുത്തുന്ന അപകടമെന്ന് തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബ്ദുറഹ്‌മാനുബ്‌നു സമുറത്(റ)വിന് തിരുനബി നൽകിയ ഉപദേശം പ്രസിദ്ധം: നിങ്ങൾ അധികാരം ചോദിച്ച് വാങ്ങരുത്. ആവശ്യപ്പെടാതെ അധികാരം ലഭിക്കുന്നിടത്ത് അല്ലാഹുവിന്റെ സഹായമുണ്ടാകും. ചോദിച്ച് വാങ്ങുന്നപക്ഷം പ്രയാസങ്ങളെ ക്ഷണിച്ചുവരുത്തലായിരിക്കും ഫലം.
നേതൃമോഹികളുടെ സ്വഭാവദൂഷ്യങ്ങൾ ഫുളൈല്ബ്‌നു ഇയാള്(റ) എണ്ണിപ്പറഞ്ഞു: അസൂയ, അക്രമ മനോഭാവം, ജനങ്ങളുടെ പോരായ്മകൾ ചികയൽ, മറ്റുള്ളവരെ കുറിച്ച് നന്മ പറയുന്നത് വെറുക്കൽ തുടങ്ങിയവയാണവ. അബൂമൂസൽ അശ്അരി(റ)വിൽ നിന്ന് നിവേദനം: രണ്ട് പേർ തിരുസന്നിധിയിൽ വന്ന് തങ്ങളെ നേതാക്കളാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നബി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു: ചോദിച്ച് വരുന്നവർക്കും ആർത്തി കാണിക്കുന്നവർക്കും നാം അധികാരം നൽകില്ല.
ഗോപ്യമായ വൈകാരികത എന്നാണ് നേതൃമോഹത്തെ പൂർവ മഹത്തുക്കൾ വിശേഷിപ്പിക്കുന്നത്. പ്രശസ്തിയും ആദരവും ആഗ്രഹിക്കലും അത്യന്തം അപകടകരം തന്നെ. തിരുനബി(സ്വ)യെ കേൾക്കാം:’ജനങ്ങൾ തനിക്കുവേണ്ടി എഴുന്നേറ്റ് നിൽക്കുന്നത് ഒരാളെ സന്തോഷിപ്പിക്കുന്നുവെങ്കിൽ അയാൾ നരകത്തിലൊരു ഭവനം ഉറപ്പാക്കട്ടെ.
ചെയ്യുന്ന നന്മകളിൽ ഐഹിക ഔന്നത്യം പ്രതീക്ഷിക്കുന്നവർക്ക് പരാജയമായിരിക്കും പരിണതിയെന്ന് നബി(സ്വ). അവിടന്ന് പഠിപ്പിച്ചു: ആരെങ്കിലും ഐഹിക ലാഭങ്ങൾക്ക് വേണ്ടി ആത്മീയമായ അറിവ് പഠിച്ചാൽ അന്ത്യനാളിൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ആസ്വദിക്കാൻ കഴിയില്ല (ഇബ്‌നുമാജ).
അനീതി
വിശ്വാസി നീതി പുലർത്തുന്നവനാകണം. ഏത് പ്രതികൂലാവസ്ഥയിലും നീതി ചെയ്യണമെന്നാണ് ഖുർആനിക വൃത്താന്തം. സത്യവിശ്വാസികളേ, നിങ്ങൾ നീതി നിലനിർത്തുന്നവരും അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാവുക. അത് നിങ്ങളുടെ മാതാപിതാക്കൾക്കും ഉറ്റ ബന്ധുക്കൾക്കും നിങ്ങൾക്ക് തന്നെയും എതിരാണെങ്കിൽ പോലും (സൂറത്തുന്നിസാഅ് 135). ഖുർആൻ വിവിധയിടങ്ങളിൽ (ഉദാ: അഅ്‌റാഫ് 29, നഹ്ൽ 90) നീതി പാലിക്കാൻ കൽപ്പിക്കുകയും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് (ഉദാ: മാഇദ 48, മുംതഹിന 8) ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ ആവർത്തനങ്ങളുടെ മറുവശം ആലോചിച്ച് നോക്കൂ. അനീതി ചെയ്യുന്നതിന്റെ ഗൗരവം സുവ്യക്തം.
കുടുംബം, തൊഴിലിടം, മറ്റ് ഉത്തരവാദിത്വ മേഖലകൾ തുടങ്ങി സർവ രംഗങ്ങളിലും നീതി പാലിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്. മക്കൾക്കിടയിൽ പങ്കുവെക്കുന്നിടം മുതൽ അധികാരി ഭരണീയർക്കിടയിൽ വിധിക്കുന്നിടം വരെ വിശാലമാണ് നീതിബോധം. റസൂൽ(സ്വ) അരുളി:’സ്വകുടുംബത്തിലും തങ്ങൾ ഏൽപ്പിക്കപ്പെട്ടതിലും നീതി പുലർത്തുന്നവർ അല്ലാഹുവിങ്കൽ പ്രകാശത്തിന്റെ വേദികളിലായിരിക്കും (മുസ്‌ലിം). അനീതി വരുന്ന ഇടങ്ങളെ ഉന്നത നീതിബോധത്തോടെ തിരുത്തി പ്രവാചകർ(സ്വ). നുഅ്മാനുബ്‌നു ബശീറിനെ തിരുസവിധത്തിൽ കൊണ്ടുപോയി പിതാവ് പറഞ്ഞു: എന്റെ ഈ മകന് ഞാൻ ഒരു അടിമയെ കൊടുത്തു. നബി(സ്വ) ചോദിച്ചു: ഇപ്രകാരം താങ്കളുടെ മറ്റു കുട്ടികൾക്കും കൊടുത്തുവോ? ഇല്ലെന്ന മറുപടി കിട്ടിയപ്പോൾ നബി(സ്വ) പറഞ്ഞു: എങ്കിൽ അടിമയെ തിരിച്ചുവാങ്ങുക (ബുഖാരി, മുസ്‌ലിം). നീതി ചെയ്യാത്ത അധികാരികൾ വിവിധ ഘട്ടങ്ങളിൽ അനുഭവിക്കേണ്ട ദുരന്തങ്ങൾ അവിടന്ന് വരച്ചു കാട്ടിയിട്ടുണ്ട്. ആദ്യം ആക്ഷേപശരങ്ങളും പിന്നീട് ഖേദവും ആഖിറത്തിൽ കഠിനശിക്ഷയുമാണ് അത്തരക്കാരെ കാത്തിരിക്കുന്നത്.
അന്യായ സമ്പാദനം
ധനം മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. അനുവദനീയമായ മാർഗത്തിലൂടെയുള്ള ധനസമ്പാദനത്തെ മതം പ്രോത്സാഹിപ്പിച്ചു. ഹലാലായ സമ്പാദ്യം നേടിയെടുക്കാനായി ഒരാൾ അധ്വാനിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം ചെയ്യുന്നതിന് തുല്യമാണെന്നാണ് ഹദീസ് പാഠം. കുടുംബം പുലർത്താൻ അധ്വാനിക്കാനിറങ്ങുന്നവർ അല്ലാഹുവിന്റെ മാർഗത്തിലാണെന്ന് തിരുദൂതർ(സ്വ) ഓർമപ്പെടുത്തി. സമ്പാദ്യം നേടിയ മാർഗങ്ങളും വിനിയോഗിച്ച വഴികളുമെല്ലാം പാരത്രിക ലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്. ഏത് മാർഗത്തിലൂടെയും പണം സമ്പാദിക്കാമെന്ന ചിന്തയും പണത്തോടുള്ള ആർത്തിയും വർത്തമാന കാലത്തെ സാമൂഹ്യ പ്രശ്‌നങ്ങളാണ്. നബി(സ്വ) ഈ കാലത്തെ മുൻകൂട്ടി പ്രവചിക്കുന്നുണ്ട്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഹലാലിൽ നിന്നാണോ ഹറാമിൽ നിന്നാണോ എന്ന് പരിഗണിക്കാതെ മനുഷ്യർ ധനം വാരിക്കൂട്ടുന്ന കാലം വരാനിരിക്കുന്നു'(ബുഖാരി).
മനുഷ്യന്റെ ആർത്തിക്ക് മരണം മാത്രമേ പര്യവസാനം കുറിക്കൂ. രണ്ട് താഴ്‌വര നിറയെ സമ്പത്തുണ്ടെങ്കിലും മൂന്നാമതൊന്ന് കൂടി കിട്ടാൻ മനുഷ്യർ കൊതിക്കും. മണ്ണ് മാത്രമേ മനുഷ്യന്റെ ഉള്ള് നിറക്കൂ എന്നാണ് പ്രവാചകാധ്യാപനം. മനുഷ്യർക്ക് വാർധക്യവേളയിലും യുവത്വം പ്രാപിക്കുന്ന ആശകളാണ് ധനമോഹവും ആയുസ്സിനോടുള്ള കൊതിയുമെന്ന് പ്രവാചകർ(സ്വ).
മെയ്യനങ്ങാതെ പണം നേടണമെന്ന ചിന്തയാണ് അന്യായ സമ്പാദനങ്ങളുടെ മൂലകാരണം. സമ്പത്ത് ആർജിക്കുന്നതിന്റെ പ്രധാന മാർഗങ്ങളായ തൊഴിലും വ്യാപാരവും കൃഷിയുമെല്ലാം ന്യായമായ മാർഗത്തിലൂടെയാകണം. ധനമോഹം വിശ്വാസി സമൂഹത്തെ സാരമായ രൂപത്തിൽ ബാധിച്ചിരിക്കുന്നുവെന്ന് വർത്തമാനകാല അവസ്ഥകളിൽ നിന്ന് എളുപ്പം ബോധ്യപ്പെടും. നിയമവിരുദ്ധ സ്വർണക്കടത്തുകളിൽ കാരിയർമാരാകുന്നതിനും മൾട്ടിലെവൽ മാർക്കറ്റിംഗിന്റെ ചതിക്കുഴികളിൽ കണ്ണിചേരുന്നതിനും പിന്നിൽ ധനം വാരിക്കൂട്ടണമെന്ന ചിന്തയല്ലാതെ എന്ത്?! കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പഴുത് തേടിയും പണ്ഡിതരെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധിക്കു ശ്രമിച്ചും തങ്ങളുടെ വ്യവഹാരങ്ങൾ അനുവദനീയമാക്കാനുള്ള ശ്രമങ്ങളും വർധിച്ചുവരുന്നു. വഞ്ചനയും കള്ളവും ചതിയും വ്യാപാര മേഖലയെ മലിനപ്പെടുത്തുന്നു. വിശുദ്ധ ഖുർആൻ ഗൗരവമായി ഉണർത്തി: വല്ലവനും വല്ലതും വഞ്ചിച്ചെടുത്താൽ അവയുമായി ഉയർത്തെഴുന്നേൽപ്പു നാളിൽ അവൻ വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചുവെച്ചതിന്റെ ഫലം പൂർണമായി നൽകപ്പെടും. അവരോട് ഒരു അനീതിയും കാണിക്കില്ല (ആലുഇംറാൻ 161). പ്രവാചകർ(സ്വ) ഓർമപ്പെടുത്തുന്നതിങ്ങനെ: മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാണ്. താൻ കച്ചവടം നടത്തുന്ന ചരക്കിൽ വല്ല ന്യൂനതയുമുണ്ടെങ്കിൽ അത് വെളിപ്പെടുത്താതെ കച്ചവടം നടത്താൻ ഒരു മുസ്‌ലിമിന് പാടുള്ളതല്ല (ഇബ്‌നുമാജ). ചരക്കിന് അന്യായ വില വാങ്ങുന്നതിനെ (കൊള്ളലാഭം) നബി(സ്വ) വിരോധിച്ചിരിക്കുന്നു'(ബുഖാരി).
സഅ്ദ്ബ്‌നു അബീവഖാസ്(റ) തന്റെ മകന് നൽകിയ ഉപദേശങ്ങളിൽ പ്രധാനം ധനമോഹം സമാഗതമായ ദാരിദ്ര്യമാണെന്നതാണ്. വിരിപ്പിൽ നിന്ന് ലഭിച്ച കാരക്ക ഭക്ഷിക്കുകയും അത് സകാത്ത് മുതലിൽ പെട്ടതാകുമോയെന്ന് ആശങ്കപ്പെടുകയും ചെയ്ത പ്രവാചകരുടെ അനുചരരാണ് ന്യായാന്യായങ്ങൾ പരിഗണിക്കാതെ സമ്പത്തിന് പിന്നാലെ ഓടുന്നത്. സമുദായത്തിൽ ദാരിദ്ര്യത്തിലേറെ തിരുദൂതർ ഭയപ്പെട്ടിരുന്നത് സമ്പത്തിലെ വർധനവായിരുന്നു. സമ്പത്ത് വർധിക്കുന്നത് അടിസ്ഥാന വിശ്വാസത്തെ പോലും അപകടപ്പെടുത്തുമെന്നത് ഖാറൂനിന്റെ ചരിത്രത്തിലൂടെ ഖുർആൻ സൂചിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. ഹറാമിൽ വളർന്ന ശരീരത്തിന് നരകമാണ് ഏറ്റവും കടമപ്പെട്ടതെന്ന പ്രവാചക മുന്നറിയിപ്പ് വിശ്വാസി സമൂഹം അവഗണിച്ചുകൂടാ.
പലിശ
സാമൂഹിക വിപത്തായാണ് ഇസ്‌ലാം പലിശയെ സംബോധന ചെയ്യുന്നത്. സാമ്പത്തിക രംഗത്തിന്റെ അസ്ഥിരതയാണ് പലിശ മൂലം സംഭവിക്കുക. പുതിയ കാലത്ത് സർവ രംഗങ്ങളിലും പലിശ സാർവത്രികമായിരിക്കുന്നു. പലരും ഗൗരവം വെടിഞ്ഞ് ലാഘവത്തോടെ പലിശ ഇടപാടുകളിൽ വ്യാപൃതരാകുന്നു. എന്നാൽ ഖുർആൻ അതീവ ഗൗരവത്തോടെയാണ് പലിശയെ പ്രതിപാദിക്കുന്നത്. അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്യുന്നു (അൽബഖറ 175). പലിശ ഭക്ഷിക്കുന്നവനെയും അത് ഭക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും തിരുദൂതർ ശപിച്ചിട്ടുണ്ടെന്നാണ് ഹദീസധ്യാപനം. പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്ന താക്കീതു മാത്രം മതി പലിശ വരുത്തുന്ന അപകടത്തിന്റെ ആഴം ബോധ്യപ്പെടാൻ.
മഹാപാപങ്ങളിലൊന്നാണ് പലിശ. ഇമാം മാലിക്(റ) പറയുന്നു: അല്ലാഹുവിന്റെ ഗ്രന്ഥം ഞാൻ പരിശോധിച്ചു. കുഫ്‌റ് കഴിഞ്ഞാൽ പിന്നെ പലിശയേക്കാൾ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാൻ സാധിച്ചിട്ടില്ല. അതിനീചമായ വ്യഭിചാരത്തേക്കാൾ നിന്ദ്യമാണ് പലിശയിടപാടുകളെന്ന ഹദീസ് പാഠം വിശ്വാസികളുടെ ഉള്ളുലക്കേണ്ടതുണ്ട്. തിരുനബി(സ്വ) പറഞ്ഞു: അറിഞ്ഞുകൊണ്ട് ഒരാൾ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിർഹം പോലും മുപ്പത്തിയാറ് വ്യഭിചാരത്തേക്കാൾ കഠിനമായ പാപമാണ്'(അഹ്‌മദ്).
പലിശ എഴുപതിൽ പരം ഇനങ്ങളുണ്ട്. അതിൽ ഏറ്റവും ചെറിയ ഇനം ഒരാൾ തന്റെ മാതാവുമായി വ്യഭിചരിക്കുന്നത് പോലെ ഗുരുതരമാണെന്ന് പ്രവാചക വചനമുണ്ട്. പലിശയിടപാടുകളുടെ ഗൗരവം തിരിച്ചറിഞ്ഞ് പൂർണമായി വിട്ടുനിൽക്കാൻ വിശ്വാസികൾക്കാവണം.

പിശുക്ക്
അല്ലാഹു നൽകിയ സമ്പാദ്യം ആവശ്യക്കാർക്ക് നൽകാതെ പിടിച്ചുവെക്കുന്ന പിശുക്കന്മാർ നാശത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്. സ്വരുക്കൂട്ടിയെന്ന് അവർ കരുതിയതത്രയും അവർക്ക് ദോഷമായി ഭവിക്കുമെന്ന് ഖുർആൻ: അല്ലാഹു അവന്റെ ഔദാര്യത്തിൽ നിന്ന് തങ്ങൾക്ക് നൽകിയതിൽ ലുബ്ധത കാണിക്കുന്നവർ, അവർക്കത് ഗുണകരമാണെന്ന് വിചാരിക്കുകയേ അരുത്. അതവർക്ക് ദോഷമാണ്. ഏതൊരു സമ്പത്തിൽ അവർ ലുബ്ധത കാണിച്ചുവോ അത് ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ അവർക്ക് മാലയായി അണിയിക്കപ്പെടും. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാണ് (ആലുഇംറാൻ 180).
സ്‌നേഹബന്ധങ്ങളെ മുറിച്ചുമാറ്റുന്ന മാരകമായ ഹൃദയരോഗമാണ് പിശുക്കെന്ന് തിരുമൊഴിയിലുണ്ട്: നിങ്ങൾ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങൾ നശിച്ചത് പിശുക്കുകൊണ്ടാണ്. കുടുംബബന്ധം മുറിക്കുവാൻ അത് അവരോട് കൽപിച്ചു. തൽഫലമായി അവരത് മുറിച്ചു (അബൂദാവൂദ്). പിശുക്കൻ സ്രഷ്ടാവിൽ നിന്നും സൃഷ്ടികളിൽ നിന്നും സ്വർഗീയ വിജയത്തിൽ നിന്നും അകന്നവനും പരാജയത്തിന്റെ വൻ ഗർത്തത്തിലേക്ക് ആപതിച്ചവനുമാണ്.
കർമങ്ങളെ നിഷ്ഫലമാക്കുന്ന ദൂഷ്യതകളിൽ മുൻപന്തിയിലാണ് ലുബ്ധത. പോർക്കളത്തിൽ മൃത്യു വരിച്ചയാളെ ഭാഗ്യവാനായ രക്തസാക്ഷിയെന്ന് പുകഴ്ത്തിയ സ്വഹാബിയോടുള്ള തിരുദൂതരുടെ മറുപടി ഇപ്രകാരമായിരുന്നു: ഈ വ്യക്തി രക്തസാക്ഷിയാണെന്ന് എങ്ങനെ വിധിയെഴുതും? ഒരുപക്ഷേ, അനാവശ്യ സംസാരമോ പിശുക്കെന്ന ദുർഗുണമോ അയാൾക്കുണ്ടായിരുന്നെങ്കിലോ!
ധാരാളം ആരാധനകൾ നിർവഹിച്ചിരുന്ന ഒരു സ്ത്രീയിൽ പിശുക്കെന്ന ദൂഷ്യതയുണ്ടെന്നറിഞ്ഞ പ്രവാചകർ(സ്വ) അവളിൽ നന്മയില്ലെന്ന് പ്രസ്താവിക്കുന്നുണ്ട്. പിശുക്കന് ദുനിയാവിലെ ജീവിതവും ദുസ്സഹമായിരിക്കും. അടക്കിപ്പിടിച്ച സമ്പാദ്യം അവനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും. ഹൃദയത്തിലെ നന്മ വരണ്ടുണങ്ങും. ഹിദായത്തിന്റെ വെളിച്ചം കെട്ടുപോകുന്ന ദുരവസ്ഥയുണ്ടാകും. പിശുക്കിനെ സൂക്ഷിച്ചവരാണ് വിജയികളെന്ന് ഖുർആൻ.
ദുർവ്യയം
മിതത്വം ശീലിക്കുന്നവനാകണം വിശ്വാസി. അനാവശ്യമായി ചെലവഴിക്കുന്നത് പിശുക്കു പോലെ അഭിശപ്തമായ ദുർഗുണമാണ്. നിങ്ങൾക്കുണ്ടാവൽ അല്ലാഹു വെറുത്ത മൂന്ന് കാര്യങ്ങളിലൊന്ന് സമ്പത്തിന്റെ ദുർവ്യയമാണെന്നാണ് തിരുവചനം. സുഫ്‌യാനുസ്സൗരി(റ) പറയുന്നു: അല്ലാഹുവിന്റെ മാർഗത്തിലല്ലാതെ ചെലവഴിച്ചത്, അതെത്ര കുറഞ്ഞതാണെങ്കിലും അത് ദുർവ്യയമാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു:’അനുചിതമായ രൂപത്തിൽ ചെലവാക്കിയത് ഒരു ദിർഹമാണെങ്കിൽ കൂടി അത് ദുർവ്യയമാണ്. ഖുർആനികാഹ്വാനമിങ്ങനെ: അന്നപാനാദികൾ കഴിക്കുക, എന്നാൽ ദുർവ്യയമരുത്. ദുർവ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അൽഅഅ്‌റാഫ് 31).
നവകാല ജീവിതക്രമത്തിൽ ധൂർത്ത് വരുന്ന മേഖലകൾ നിരവധിയാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി മനുഷ്യന്റെ പ്രാഥമിക, ദ്വിതീയ ആവശ്യങ്ങളിലെല്ലാം അമിതവ്യയം പതിവു കാഴ്ചയത്രെ. മധ്യമ നിലപാട് സ്വീകരിക്കേണ്ടവരാണ് വിശ്വാസികളെന്ന് ഖുർആൻ.’ചെലവഴിക്കുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മധ്യമ നിലപാട് സ്വീകരിക്കുന്നവരാണ് അവർ (ഫുർഖാൻ 67).
അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാതെ, ഇഹലോക ജീവിതംകൊണ്ട് തൃപ്തിപ്പെടുകയും അതിൽ സമാധാനമടയുകയും ചെയ്തവർക്ക് നരകമാണ് ശിക്ഷയെന്ന് ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഈ ക്ഷണിക ലോകത്തെ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ വെച്ചു തന്നെ നാം വേഗത്തിൽ നൽകുമെന്നും പിന്നീടവർക്ക് നൽകുന്നത് നരകമായിരിക്കുമെന്നും അല്ലാഹു വ്യക്തമാക്കുന്നു. തിരുനബി(സ്വ) പ്രഖ്യാപിച്ചു:’ആരുടെയെങ്കിലും മുഖ്യപരിഗണന ഐഹിക ജീവിതമായാൽ പ്രപഞ്ചനാഥനിൽ നിന്ന് അവനൊരു പരിഗണനയും കിട്ടുകയില്ല. അതോടൊപ്പം നാല് അവസ്ഥകൾ അവന്റെ ഹൃദയത്തെ ബാധിക്കുകയും ചെയ്യും. അറ്റമില്ലാത്ത ദു:ഖം, അവസാനിക്കാത്ത ജോലിത്തിരക്ക്, വിരാമമില്ലാത്ത അറുതി, അറ്റമില്ലാത്ത ആർത്തി എന്നിവയാണവ.
ഇഹലോക ജീവിതത്തിന്റെ ദൂഷ്യതകളിൽ പെട്ട് ഈമാനിക വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കാൻ വിശ്വാസികൾക്കാവണം. എങ്കിലേ പരലോക വിജയം കൈപിടിയിലൊതുങ്ങൂ.

ഇർശാദ് സിദ്ദീഖി എടവണ്ണപ്പാറ

Exit mobile version