സകാത്തും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും

ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായത്തിന്റെ പ്രാധാന്യവും പ്രസക്തിയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നുവെന്നതാണ്. സാമ്പത്തിക വളര്‍ച്ചയിലൂന്നിയുള്ള സാമൂഹിക നീതി സകാത്ത് ത്വരിതപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നുവെന്നതു മറ്റൊരു സവിശേഷത. പ്രത്യക്ഷത്തില്‍ സകാത്തിന്റെ വിഹിതം ചെറുതാണെങ്കിലും സാമ്പത്തിക മേഖലയില്‍ അതിന്റെ സ്വാധീനവും പ്രതിഫലനവും അത്ര ചെറുതല്ലെന്നു പറയണം. സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലിയാണ് സകാത്ത് സമ്പ്രദായം.

വര്‍ഷാവര്‍ഷം നിശ്ചിത കാലത്ത് അവകാശികളിലേക്ക് നിര്‍ബന്ധപൂര്‍വം വിതരണം ചെയ്യപ്പെടുന്ന ഈ നിര്‍ണിത വിഹിതം ഇല്ലായ്മക്കെതിരായ ഒരു പോരാട്ടമായി കാണാവുന്നതാണ്.

പണത്തിന്റെ സകാത്ത് വിഹിതമായ രണ്ടര ശതമാനത്തെ നമുക്ക് ഉദാഹരണമായി എടുക്കാം. വ്യാപാരി തന്റെ ബിസിനസ്സില്‍ ഇറക്കിയ വലിയ സംഖ്യയില്‍ നിന്ന് രണ്ടര ശതമാനം സകാത്ത് നല്‍കുന്നു. പുതിയ വര്‍ഷാരംഭം മുതല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം അടുത്ത വര്‍ഷത്തേക്കുള്ള രണ്ടര ശതമാനവും വളര്‍ച്ച നേടുകയാണ്. പുതിയ വര്‍ഷത്തെ സകാത്ത് വിഹിതം അന്നുള്ള വ്യാപാര വസ്തുക്കളുടെ രണ്ടര ശതമാനമായിരിക്കും.

പത്തുലക്ഷം രൂപയുടെ കച്ചവട വസ്തുക്കളുള്ള വ്യാപാരി 25,000 സകാത്ത് നല്‍കി. ബാക്കി 9,75000-ന്റെ ചരക്കില്‍ വ്യാപാരം തുടരുന്നു. വര്‍ഷാവസാനം അത് 2,25,000 ലാഭമടക്കം 12 ലക്ഷത്തിലെത്തിയാല്‍ അക്കൊല്ലം അയാള്‍ സകാത്ത് നല്‍കേണ്ടത് 30,000 രൂപയാണ്. വര്‍ഷാവര്‍ഷം ബാധ്യതയായി അവന്റെ സ്വത്തില്‍ നിലീനമായിരുന്നത് 20 ശതമാനത്തിലധികം വളര്‍ച്ച നേടി ദരിദ്രരടക്കമുള്ളവര്‍ക്ക് കൈത്താങ്ങായി തീരുകയാണ്.

ഇങ്ങനെ സകാത്ത് നിക്ഷേപം പോലെ വളര്‍ച്ച നേടുന്നു. ഔദാര്യമല്ലാത്തതിനാല്‍ അര്‍ഹരുടെ അവകാശമാണത്. ഈ അവകാശബോധം കൊണ്ടാണ് സകാത്ത് സ്വീകരിക്കുന്നത് ഒരു തരം താഴ്ന്ന ഏര്‍പ്പാടല്ലാതായിത്തീരുന്നതും. സകാത്തിന്റെ അവകാശികളില്‍ ചിലര്‍ ദരിദ്രരോ അഗതികളോ അല്ലാത്തവരും ആവാറുണ്ട്. കൊടുത്തുവീട്ടല്‍ തന്റെ ബാധ്യതയാവുകയും അവകാശികള്‍ നിലവിലുണ്ടാവുകയും ചെയ്യുന്നതോടെ കൈമാറ്റപ്രക്രിയ മനഃസംതൃപ്തി നല്‍കുന്നതായിത്തീരുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമൂഹിക നീതി സംസ്ഥാപനത്തിനും സകാത്ത് വര്‍ത്തിക്കും പോലെ ദരിദ്രര്‍ക്ക് വേണ്ടി ഒരു സ്ഥിരനിക്ഷേപം നിര്‍ണയിച്ച പ്രത്യയശാസ്ത്രങ്ങളോ പ്രസ്ഥാനങ്ങളോ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദാരിദ്ര്യത്തെ താല്‍ക്കാലികമായി ശമിപ്പിക്കുക എന്നതില്‍ മാത്രമല്ല സകാത്തിന്റെ പ്രതിഫലനം കാണാനാവുക. സാമ്പത്തികമായ വളര്‍ച്ചക്കും അതുകാരണമാണ്. പണമില്ലാത്തവന്റെ കൈയില്‍ പണമെത്തിയാല്‍ അത് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു. അപ്പോള്‍ വിപണി സജീവമാവുന്നു. തല്‍ഫലമായി ഉല്‍പാദനവും അതിനനുസരിച്ച് നടത്തേണ്ടിവരുന്നു. ഇത് സകാത്തിന്റെ അനുബന്ധ സാമ്പത്തിക വികാസമാണ്.

ഉല്‍പാദനവും വിപണനവും നടക്കുന്ന മേഖലകളിലാണല്ലോ തൊഴിലവസരങ്ങളുണ്ടാവുക. നിക്ഷേപകന് ലാഭമുണ്ടാവണം. തൊഴിലാളിക്ക് വേതനവും. സമ്പന്നന്റെ സാമ്പത്തിക ലാഭം സകാത്ത് വിഹിതം വര്‍ധിപ്പിക്കുമ്പോള്‍ ക്രമാനുഗതമായ വളര്‍ച്ചയും സുസ്ഥിതിയും ആ മേഖലയുമായി ബന്ധപ്പെട്ടവര്‍ നേടിക്കൊണ്ടിരിക്കുന്നു. സകാത്ത് വിഹിതം സമ്പത്തുള്ളവനെ അപേക്ഷിച്ച് ചെറിയ വിഹിതമാണെങ്കിലും അതിന്റെ കുറവ് നിക്ഷേപത്തിലൂടെയും ഉല്‍പാദനത്തിലൂടെയും സ്വായത്തമാക്കാനുള്ള പ്രചോദനം നേടുന്നു. കഷ്ടത അനുഭവിക്കുന്നവനാകട്ടെ തനിക്ക് ലഭിച്ച സൗകര്യത്തിലും വര്‍ധനവിലും മനഃസംതൃപ്തിയോടെ ജോലി ചെയ്ത് സ്വയംപര്യാപ്തതയിലേക്കുയരുകയും ചെയ്യുന്നു.

ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായത്തെ സാമൂഹിക പ്രാധാന്യത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷിക്കുമ്പോള്‍ അതിന്റെ വ്യതിരിക്തത വ്യക്തമാണ്. വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും സര്‍ക്കാറുകള്‍ നടത്താറുണ്ട്. എന്നാല്‍ അവയൊന്നും യഥാര്‍ത്ഥ അവകാശികള്‍ക്കു കൃത്യമായി ലഭ്യമാവുന്നില്ല എന്ന ന്യൂനതയുണ്ടതിന്. പക്ഷേ, സകാത്ത് നേരിട്ട് തന്നെ ഇല്ലാത്തവരിലേക്ക്/അവകാശികളിലേക്ക് എത്തുകയാണ്, എത്തേണ്ടതാണ്.

ഭൗതിക നിക്ഷേപ പദ്ധതികള്‍ ഔപചാരികതകളുടെയും ഏജന്‍സികളുടെയും പേരില്‍ പാഴ്ചെലവുകള്‍ വരുത്തിവെക്കുമ്പോള്‍ സകാത്ത് അവകാശികളില്‍ ദാതാവുമായി അടുത്തവരും ബന്ധപ്പെട്ടവരുമായ കൂടുതല്‍ അര്‍ഹരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. സകാത്തിന്റെ സംഭരണത്തിനും വിതരണത്തിനും വേണ്ടി ഒരു മൂന്നാം കക്ഷിയുടെ രംഗപ്രവേശം സകാത്ത് സംഖ്യയില്‍ പാഴ്ചെലവിന് കാരണമാവുകയും അവകാശികള്‍ക്ക് നഷ്ടം വരുത്തുകയും ചെയ്യും. ഇതുകൂടി ഇക്കാലത്തെ സംഘടിത സകാത്ത് സംഭരണ സംവിധാനത്തിന്റെ ദൂഷ്യഫലങ്ങളില്‍ പെടുന്നു.

ഇസ്‌ലാമിക ഖിലാഫത്തോ ഭരണക്രമമോ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പോലും ദായകര്‍ സ്വയം പ്രേരിതമായി നേരിട്ട് സകാത്ത് വിതരണം നടത്തുകയും അതിന്റെ ഗുണങ്ങള്‍ സമൂഹം അനുഭവിക്കുകയും ചെയ്യുന്നത് നല്ല അനുഭവമാണ്. കേവലം ഒരു സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനമോ സാമ്പത്തിക വിക്രയമോ അല്ല സകാത്ത്. അതിനാല്‍ സകാത്തിനെ ന്യൂനവല്‍കരിക്കാന്‍ വിശ്വാസിക്ക് പാടില്ല. സകാത്തിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളുമായി പഠിപ്പിക്കുന്ന കാര്യങ്ങള്‍ പുലരാതിരിക്കുന്നതിന് അതിന്‍റേതായ കാരണങ്ങളുണ്ടാവും. നിര്‍ബന്ധമായ ഒരു ഇബാദത്ത് എന്ന നിലയില്‍ സകാത്തിന്റെ ബാധ്യത തനിക്കുണ്ടോ എന്ന് ആലോചിച്ച് യഥാവിധി നിര്‍വഹിക്കല്‍ അനിവാര്യമാണ്.

സകാത്തിന്റെ ഗുണഫലം പ്രത്യക്ഷമായും പ്രഥമമായും അനുഭവിക്കുന്നത് ദരിദ്രരടക്കമുള്ള അവകാശികളാണ്. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനും സൃഷ്ടികളുടെ യജമാനനും അല്ലാഹുവാണല്ലോ സൃഷ്ടിജാലങ്ങളില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്രഷ്ടാവ് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലര്‍ക്ക് ദാരിദ്ര്യവും മറ്റുചിലര്‍ക്ക് ഐശ്വര്യവും ഈ തീരുമാനപ്രകാരമാണ്. പക്ഷേ, നീതിമാനായ അവന്‍ സൃഷ്ടികള്‍ക്ക് നിശ്ചയിച്ചു നല്‍കിയ ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപകാരപ്രദവും ഗുണകരവുമായിത്തീരുന്ന വിധത്തില്‍ സംവിധാനിച്ചിട്ടുണ്ട്. സകാത്ത് നിര്‍ബന്ധമാക്കി അതിന്റെ അളവും സംഖ്യയും പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ദരിദ്രര്‍ക്കും മറ്റും സമ്പത്തില്‍ അവകാശങ്ങളുണ്ടെന്ന് അവന്‍ പ്രഖ്യാപിച്ചു. അദ്ദാരിയാത് അധ്യായത്തിലെ 19-ാം സൂക്തത്തിലും അല്‍മആരിജ് 25-ാം സൂക്തത്തിലും ദരിദ്രനും കഷ്ടതയനുഭവിക്കുന്നവനും ആവശ്യമുന്നയിക്കുന്നവനും വിശ്വാസികളുടെ സമ്പത്തില്‍ അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കുന്നു. ചില പ്രത്യേക വിഭാഗങ്ങളെ പരാമര്‍ശിച്ചും ഇത്തരം നിര്‍ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്.

മക്കാ കാലഘട്ടത്തില്‍ അവതരിച്ച ഖുര്‍ആന്‍ ഭാഗങ്ങളാണിത്. ആദ്യ വിശ്വാസികള്‍ അവരുടെ സൗകര്യത്തിനപ്പുറത്ത് സഹായങ്ങള്‍ നല്‍കി സഹോദരങ്ങളെ പരിഗണിക്കുകയും ഖുര്‍ആനിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയുമുണ്ടായി. ദരിദ്രര്‍ക്കും അഗതികള്‍ക്കും ഭക്ഷണവും ആവശ്യ പൂര്‍ത്തീകരണവും നല്‍കണമെന്ന് മാത്രമല്ല, അതിനായി പ്രേരണ നല്‍കുന്നതും വിശ്വാസിയുടെ സ്വഭാവമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചുരുക്കത്തില്‍ ദാരിദ്ര്യത്തിന്റെ പരിണതിയായ കഷ്ടതകള്‍ അകറ്റുക ലക്ഷ്യമാക്കിയുള്ള നിര്‍ദേശങ്ങള്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പുതന്നെ വന്നിട്ടുണ്ട്. സകാത്ത് നിര്‍ബന്ധ ബാധ്യതയാകുന്നത് മദീനയിലെത്തിയ ശേഷമാണ്.

ദാരിദ്ര്യത്തിന് ശമനമാവാന്‍ സകാത്ത് വിഹിതവും മറ്റു നിര്‍ദിഷ്ട കാര്യങ്ങളും മതിയാകുമെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. അലി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ‘ദരിദ്രരുടെ ആവശ്യ പൂര്‍ത്തീകരണത്തിനുതകുന്ന വിഹിതം, മുസ്ലിംകളിലെ സമ്പന്നരുടെ സമ്പത്തുക്കളില്‍ അല്ലാഹു നിര്‍ബന്ധമായി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ദരിദ്രര്‍ വിശപ്പടക്കാന്‍ വഴിയില്ലാതെയും വസ്ത്രം ധരിക്കാനില്ലാതെയും ക്ലേശമനുഭവിക്കുന്നത് അവര്‍ക്കിടയിലെ സമ്പന്നര്‍ വീഴ്ച വരുത്തുന്നതിനാല്‍ മാത്രമാണ്. അറിയുക, അല്ലാഹു അവരെ കടുത്ത വിചാരണ നടത്തുകയും വേദനാജനകമായ ശിക്ഷ നല്‍കുകയും ചെയ്യും’ (ത്വബ്റാനി).

സമ്പത്തിന്റെ ഭൗതികമായ ഉടമാവകാശം ഉള്ള കാരണത്താല്‍ അത് തന്‍റേത് മാത്രമാണെന്ന ധാരണ സമ്പന്നനെ പിടികൂടാന്‍ പാടില്ല. സ്വന്തം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആ ധനം ഉപയോഗപ്പെടുത്തുന്ന പോലെ ദരിദ്രരുടെ ആവശ്യത്തിന് ഉപകാരപ്പെടുന്ന വിഹിതം അവര്‍ക്ക് നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം അതിന്റെ പേരില്‍ വിചാരണയും ശിക്ഷയും നേരിടേണ്ടിവരും. പരലോകത്ത് വളരെ നഷ്ടവും ഖേദവും സമ്മാനിക്കുന്നതാണ് ഈ അവകാശ നിഷേധം. നബി(സ്വ) ഗൗരവപൂര്‍വം അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അനസ്(റ)ല്‍ നിന്ന് നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: ‘അന്ത്യനാളില്‍ ദരിദ്രരെ അപേക്ഷിച്ച് സമ്പന്നര്‍ക്ക് മഹാനാശമാണ്. ദരിദ്രര്‍ അന്നു പറയും: ഞങ്ങളുടെ നാഥാ, ഈ സമ്പന്നര്‍ നീ ഞങ്ങള്‍ക്ക് നിശ്ചയിച്ചുനല്‍കിയ അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിക്കാതെ അതിക്രമം പ്രവര്‍ത്തിച്ചവരാണ്. അപ്പോള്‍ അല്ലാഹു പറയും: എന്റെ പ്രതാപവും മഹത്ത്വവും തന്നെ സത്യം. നിശ്ചയം ഞാനിന്ന് നിങ്ങളെ സമീപസ്ഥരായി സ്വീകരിക്കുകയും അവരെ അകറ്റുകയും ചെയ്യും. ഇതു പറഞ്ഞ ശേഷം നബി(സ്വ) അവരുടെ സമ്പത്തുക്കളില്‍ ആവശ്യപ്പെടുന്നവര്‍ക്കും ദരിദ്രര്‍ക്കും അവകാശമുണ്ട് എന്നര്‍ത്ഥമുള്ള സൂക്തം പാരായണം ചെയ്യുകയുണ്ടായി (ത്വബ്റാനി).

സമ്പന്ന വിഭാഗം സകാത്ത് വിതരണത്തില്‍ കാണിക്കുന്ന വീഴ്ചയും അലംഭാവവുമാണ് ദരിദ്രരുടെ കഷ്ടതകള്‍ക്ക് പ്രധാന നിദാനമെന്ന് കൂടി ഈ വചനം വ്യക്തമാക്കുന്നു. വിതരണത്തിനുള്ള സ്വയം പ്രചോദനമോ നിര്‍ബന്ധിത സാഹചര്യമോ ഇല്ലാതാവുമ്പോള്‍ സകാത്ത് നല്‍കുന്നതില്‍ വിമുഖത സ്വാഭാവികം. സാമ്പത്തിക കൈമാറ്റമെന്ന നിലയില്‍ കേവലമായ മനുഷ്യപ്രകൃതം പിറകോട്ടടിക്കാനാണ് സാധ്യത. ബാധ്യതയേറെയുള്ളപ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ നാം ജീവിക്കുന്ന കാലത്തും ലോകത്തും ദാരിദ്ര്യമകറ്റുന്നതിനു സകാത്തിനെ ഫലപ്രദമാക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഒരു പ്രദേശത്തിന്റെ ആവശ്യം തീരുകയും എന്നിട്ടും സകാത്ത് ധനം ശേഷിക്കുകയും ചെയ്താല്‍ അത് അന്യദേശങ്ങളിലേക്കെത്തിക്കുന്നതിനും ഇക്കാലത്ത് നിയമപരവും പ്രായോഗികവുമായ തടസ്സങ്ങള്‍ ഏറെയാണ്.

സകാത്ത് വിഹിതം ദാരിദ്ര്യോഛാടനത്തിന് ഏതു വിധേന ഉപയോഗിക്കണമെന്ന് കര്‍മശാസ്ത്രം വിശദീകരിക്കുന്നുണ്ട്. ഇമാം നവവി(റ) പറയുന്നു: ‘ദരിദ്രനും അഗതിക്കും അവരുടെ ആവശ്യങ്ങളില്‍ നിന്ന് ഐശ്വര്യത്തിലേക്കെത്തിക്കുന്ന വിഹിതം നല്‍കണം. അവരുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നേക്കും നിറവേറ്റുന്നതാണ് ഈ വിഹിതം. ഇത് ഇമാം ശാഫിഈ(റ) വ്യക്തമാക്കിയതാണ് (അല്‍മജ്മൂഅ് 6/193).

ഇതിന് പ്രമാണമായി അവലംബിച്ച ഹദീസും സംഭവവും വിവരിച്ച ശേഷം നല്‍കേണ്ട അളവിനെക്കുറിച്ച് ഇമാം വിശദമാക്കുന്നു:

അവന്‍ തൊഴിലെടുത്ത് ജീവിക്കുന്നവനാണെങ്കില്‍ തൊഴിലുപകരണങ്ങള്‍ വാങ്ങാന്‍ ഉപകരിക്കുന്നത് നല്‍കണം. അതിന്റെ വില കൂടിയാലും കുറഞ്ഞാലും ശരി. കച്ചവടം ശീലിച്ചവന് സാധാരണ ഗതിയില്‍ ലാഭവിഹിതം ജീവിതത്തിന് തികയുന്നത്ര ലഭിക്കും വിധത്തിലുള്ള കച്ചവടത്തിനാവശ്യമായ മൂലധനം നല്‍കണം. തൊഴിലുകളും നാടുകളും കാലങ്ങളും വ്യക്തികളും വ്യത്യാസപ്പെടുന്നതിനനുസരിച്ച് വിഹിതത്തില്‍ മാറ്റങ്ങളുണ്ടാവും. നമ്മുടെ പണ്ഡിതര്‍ വിശദീകരിക്കുന്നു: ചീര കച്ചവടക്കാരന് അഞ്ചോ പത്തോ ദിര്‍ഹം നല്‍കണം. ജ്വല്ലറി താല്‍പര്യമുള്ളവനാണെങ്കില്‍ പതിനായിരം ദിര്‍ഹം (ഉദാഹരണം) നല്‍കണം. അതില്ലാതെ അവന് മതിയാകുന്നത്ര ലഭ്യമാവില്ല എങ്കിലാണിത്. സാധാരണ കച്ചവടക്കാരനോ ബേക്കറിക്കാരനോ അത്തര്‍ കച്ചവടക്കാരനോ നാണയ കൈമാറ്റക്കാരനോ ആണെങ്കില്‍ അതിനനുയോജ്യമായ സംഖ്യ നല്‍കണം.

തുന്നല്‍ക്കാരനോ മരപ്പണിക്കാരനോ അറവുശാലക്കാരനോ അലക്കുകാരനോ മറ്റു സ്വയം തൊഴിലുകാരനോ ആണെങ്കില്‍ അതിന് പറ്റും വിധത്തിലുള്ള ഉപകരണങ്ങള്‍ക്കാവശ്യമായത് നല്‍കണം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവനാണെങ്കില്‍ കൃഷി സ്ഥലം വാങ്ങാനാവശ്യമായതോ വിശാലമായ കൃഷി സ്ഥലത്തില്‍ വിഹിതം നേടാനാവശ്യമായതോ നല്‍കണം.

അവന്‍ തൊഴിലോ കച്ചവടമോ അറിയുന്നവനല്ലെങ്കില്‍ അവന്റെ ആജീവനാന്ത ജീവിതത്തിനാവശ്യമായത് നല്‍കണം. അതുതന്നെ അവന്റെ നാട്ടില്‍ അവനെ പോലെയുള്ളവര്‍ ജീവിക്കും വിധം കഴിയാന്‍ പറ്റുന്നതായിരിക്കണം (ശറഹുല്‍ മുഹദ്ദബ് 6/193).

നിര്‍ദിഷ്ട വിഹിതം നല്‍കുന്നതിനും സ്വീകരിക്കുന്നതിനും സകാത്ത് ബാധ്യത നിര്‍വഹിക്കാനും നിബന്ധനകളും യോഗ്യതകളും അനിവാര്യമായും പരിഗണിക്കേണ്ടതുണ്ട്. ആവശ്യത്തിന് മതിയായത് എന്നു പറഞ്ഞത് ഇമാം നവവി(റ) ഇങ്ങനെ വിശദീകരിക്കുന്നു:

ഒരാളുടെ ആവശ്യത്തിനു മതിയാകുന്ന ഭക്ഷണം, വസ്ത്രം, താമസം, തനിക്കും താന്‍ ചെലവ് നല്‍കുന്നവര്‍ക്കും ധൂര്‍ത്തും വലിയ ക്ലേശവുമില്ലാത്തവിധം അനുയോജ്യമായ വിധത്തില്‍ കഴിയാനാവശ്യമായവയെല്ലാം അതില്‍ ഉള്‍പ്പെടും (മജ്മൂഅ് 6/191).

സകാത്ത് ദാരിദ്ര്യവും ക്ലേശവും മാറുന്നതിനുപകരിക്കണമെന്നതാണ് ശരീഅത്തിന്റെ താല്‍പര്യം. അത് ഫലപ്രദമായി നടപ്പാക്കി വിജയിച്ച ചരിത്രവും ഇസ്‌ലാമിനുണ്ട്. ഉമറുബ്നു അബ്ദില്‍ അസീസ്(റ)ന്റെ കാലത്ത് ഇറാഖിലെ ഗവര്‍ണര്‍ അബ്ദുല്‍ ഹമീദുബ്നു അബ്ദുറഹ്മാന് സകാത്ത് വിതരണ കാര്യത്തില്‍ അദ്ദേഹം എഴുതി: ജനങ്ങള്‍ക്ക് നല്‍കേണ്ടതെല്ലാം നല്‍കുക.

ഗവര്‍ണര്‍ മറുപടി അയച്ചു:

‘എല്ലാം ഞാന്‍ നല്‍കി, ഇനിയും ഖജനാവില്‍ ഏറെ ബാക്കിയുണ്ട്.’

‘ധൂര്‍ത്തടിച്ചോ വിഡ്ഢിത്തം കാണിച്ചോ അല്ലാതെ കടത്തില്‍ കുടുങ്ങിയവരുണ്ടോ എന്നു നോക്കുക. എന്നിട്ട് അതു വീട്ടിക്കൊടുക്കുക.’

ഗവര്‍ണറുടെ മറുപടി: ‘അതും വീട്ടിക്കഴിഞ്ഞു. ഇനിയും ധാരാളം സമ്പത്ത് ശേഷിപ്പുണ്ട്.’

വീണ്ടും ഖലീഫയുടെ നിര്‍ദേശം: ‘മഹ്ര്‍ നല്‍കാനില്ലാത്തതിനാല്‍ വിവാഹം ചെയ്യാതിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വിവാഹം നടത്തിക്കൊടുക്കുകയും മഹ്ര്‍ നല്‍കുകയും ചെയ്യുക.’

‘അങ്ങനെ കണ്ടെത്തിയവര്‍ക്കെല്ലാം വിവാഹം നടത്തിക്കൊടുത്തു. ഇനിയും ധനം ബാക്കിയാണ്.’

‘ആരെങ്കിലും ജിസ്യ നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ സ്വന്തം ഭൂമിയില്‍ എന്തെങ്കിലും ചെയ്ത് സമ്പാദിക്കാന്‍ സാധിക്കാത്ത ദുര്‍ബലനാണെങ്കില്‍ അവന് ജോലിയെടുക്കാന്‍ സാധിക്കും വിധം പര്യാപ്തത കൈവരിക്കാന്‍ ആവശ്യമായതു നല്‍കുക. ഈ വര്‍ഷത്തിലും അടുത്ത രണ്ടു വര്‍ഷത്തിലും പ്രവിശ്യകളില്‍ നിന്ന് സാമ്പത്തിക നേട്ടം നാം ഉദ്ദേശിക്കുന്നില്ല’ (കിതാബുല്‍ അന്‍വര്‍).

അമവീ ഖിലാഫത്തില്‍ മാതൃകാപരമായ ഭരണം നടത്തിയ ഭരണാധികാരിയായിരുന്നു ഉമറുബ്നുല്‍ അബ്ദില്‍ അസീസ്(റ). സാമ്പത്തികവും സാംസ്കാരികവും ആത്മീയവുമായ പുരോഗതി തന്റെ ഭരണത്തിനു കീഴില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സാമ്പത്തിക ക്രമീകരണം വഴി ഇസ്‌ലാമിക ഖിലാഫത്തിനു കീഴിലുണ്ടായ സമൃദ്ധിയാണീ സംഭവം കാണിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ പല ഘട്ടങ്ങളിലും സകാത്ത് വിഹിതവും അത് തികയാത്ത ഘട്ടങ്ങളില്‍ സമ്പന്നരായ സ്വഹാബി വര്യന്മാരുടെയും മറ്റും ഉദാരതയും ദരിദ്രരെയും കഷ്ടതയനുഭവിക്കുന്നവരെയും സംരക്ഷിച്ചത് കാണാന്‍ സാധിക്കും.

സകാത്ത് വിഹിതം തികയാതെവരികയോ സാമൂഹ്യ ക്ഷേമവും രാഷ്ട്ര സുസ്ഥിതിയും സാധ്യമാക്കാന്‍ പൊതുമുതല്‍ തികയാതെ വരികയോ ചെയ്യുമ്പോഴും കഷ്ടതയനുഭവിക്കുന്നവരെ വൈയക്തികമായി തന്നെ സഹായിക്കാന്‍ സമ്പന്നര്‍ ബാധ്യസ്ഥരാണ്. കര്‍മശാസ്ത്രം ഇതും വിശദമായി ചര്‍ച്ച ചെയ്തതുകാണാം. ചുരുക്കത്തില്‍ സകാത്തിന് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയ പങ്കുണ്ട്. എക്കാലത്തും ഇതിന് സാധ്യവുമാണ്.

സമ്പത്തിന്റെ രണ്ടര ശതമാനമെന്ന സകാത്ത് വിഹിതത്തിന്റെ ‘ചെറുപ്പം’ ഉയര്‍ത്തിക്കാട്ടി ഇസ്‌ലാമിനെ നിസ്സാരപ്പെടുത്തുന്നവര്‍ക്ക് സ്വന്തമായോ അവരുടെ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളോ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തി ഫലപ്രദവും വ്യവസ്ഥാപിതവുമായ സകാത്തിനെപ്പോലൊരു ബദല്‍ പദ്ധതി നാളിതുവരെ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ബാലിശമായ വിമര്‍ശം. സമ്പൂര്‍ണമായ അധികാരവും സൗകര്യവും ലഭിച്ചപ്പോള്‍ പോലും അവരില്‍ നിന്ന് അത്തരം നീക്കങ്ങളുണ്ടായിട്ടില്ല. അടിമയെപ്പോലെ ജോലി ചെയ്യാനും പീഡനങ്ങളേല്‍ക്കാനുമാണ് പല ബദല്‍ സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങളിലും ദരിദ്രരുടെയും തൊഴിലാളികളുടെയും വിധിയെന്നത് ചരിത്രം. എന്നാല്‍ ഇസ്‌ലാം സകാത്ത് എന്ന കുറ്റമറ്റ സംവിധാനം വഴി പരാധീനര്‍ക്ക് പരിഹാരം നിശ്ചയിച്ചു.

ഇസ്‌ലാം സകാത്ത് പദ്ധതി നടപ്പിലാക്കുമ്പോഴും അതിന്റെ മുമ്പ് കാലത്തും നിലനിന്നിരുന്ന ദരിദ്ര പീഡനാനുഭവങ്ങളും തൊഴില്‍-ജീവിത സംസ്കാരങ്ങളും മുന്നില്‍ വെച്ചേ സകാത്താനന്തര സാമൂഹ്യ ജീവിത നിലവാരത്തെ വിലയിരുത്താനാവൂ. അതിന് വിശദമായ ചരിത്രവായന വേണ്ടിവരും. അത്തരം ഒരു സാമൂഹിക ക്രമത്തെ തിരുത്തി തൊഴിലാളിയും പരിചാരകനും സഹോദരനാണെന്ന് മാത്രമല്ല അവന്റെ അവസ്ഥക്കനുസൃതമായി ചില അവകാശങ്ങള്‍ കൂടി ഇസ്‌ലാം നിര്‍ണയിക്കുകയുണ്ടായി. അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന അവകാശമാണ് സകാത്ത്. സമ്പന്നന്റെ എച്ചിലല്ല അത്. ഈ അവകാശബോധം പകരാന്‍ ഇസ്‌ലാമിനു മാത്രമേ സാധിച്ചിട്ടുള്ളൂ.

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version