സക്രിയ യൗവനത്തിന് കരുത്താവുക

sakriya youwanam- malayalam

‘സക്രിയ യൗവനത്തിന് കരുത്താവുക’ എന്ന ശീർഷകത്തിൽ എസ്‌വൈഎസ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുകയാണ്. സെപ്തംബർ-ഫെബ്രുവരി കാലയളവിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നു. ഇതുസംബന്ധമായി ധാരാളം പദ്ധതികൾ സംഘടനക്കുണ്ട്. എന്തിനാണൊരു സംഘടനാ തെരഞ്ഞെടുപ്പ്? അംഗത്വ ക്യാമ്പയിൻ? എന്തിനാണ് കുറേ പേരെ സംഘടനയിലേക്കു കൂട്ടികൊണ്ടുവരുന്നത്? ഈ ചോദ്യങ്ങളെക്കുറിച്ചുള്ള ആലോചന സംഗതമാണ്.

അല്ലാഹു പറഞ്ഞു: സന്മാർഗത്തെ ആരെങ്കിലും പിൻപറ്റിയാൽ അവൻ ഒരിക്കലും പരാജിതനാവില്ല (സൂറത്തു ത്വാഹാ: 123). സന്നിഗ്ധതകളുടെയും ആശയ സംഘർഷങ്ങളുടെയും കാലത്താണ് നാം നിലകൊള്ളുന്നത്. ഒന്നിനും ഒരു തീർച്ചയും നിശ്ചയവും സാധിക്കാത്തവിധം അസ്വസ്ഥാഭരിതമാണ് ഓരോ ചെറുപ്പക്കാരന്റെയും അവസ്ഥ. ഏതാണ് ശരിയായ മാർഗം? ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ പലർക്കുമാവുന്നില്ല. അവരും കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ? അതും ശരിയല്ലേ തുടങ്ങി അനേകം ചോദ്യങ്ങൾ യുവജനങ്ങൾ അഭിമുഖീകരിക്കുന്നു.

വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് നമ്മിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരും നല്ലതു പ്രവർത്തിക്കുന്നുണ്ട്. ഉത്കൃഷ്ടമായ പല കാര്യങ്ങളും ചെയ്യുന്നു. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യസേവന രംഗത്ത് നിറഞ്ഞുനിൽക്കുന്നു. നിങ്ങളിൽ മാത്രം പ്രത്യേകമായി എന്തുണ്ട്?! ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയണമെങ്കിൽ ഇത്തിരി സമർപ്പണ മനസ്സോടെ പ്രതിപക്ഷ ദർശന-വീക്ഷണങ്ങളെ ആരോഗ്യകരമായ രീതിയിൽ സമീപിച്ചുകൊണ്ട്, ഒരു വിഭാഗത്തെയും ആക്ഷേപിക്കാതെയും അക്രമിക്കാതെയും നാം നിലകൊള്ളുന്ന ആശയാദർശത്തെ പ്രകാശിപ്പിക്കാനും പറഞ്ഞുകൊടുക്കാൻ നമുക്ക് സാധിക്കണം.

നല്ല അടുക്കും ചിട്ടയുമുള്ള അണിയറ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഈ രീതിയിൽ മുന്നേറാനും പുതിയ പ്രവർത്തകരെ കണ്ടെത്താനും പ്രസ്ഥാനവുമായി അടുപ്പിക്കുവാനും സാധിക്കുകയുള്ളൂ. ഈ വർഷവും കുറച്ച് ആളുകളുടെ പേരുകൾ എഴുതി സമർപ്പിക്കുന്ന രീതി സ്വീകരിച്ചാൽ ക്യാമ്പയിന്റെ യഥാർത്ഥ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയില്ലെന്നത് ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.

എസ് വൈ എസിന്റെ പതാക പതിറ്റാണ്ടുകളായി വിശുദ്ധമായൊരു ധർമത്തെ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി തീക്ഷ്ണമായി പ്രവർത്തിച്ച തലമുറയുടെ മുഖമുദ്രയാണ്. ഈയൊരു ചിന്തയിൽ നിന്നാണ് കേവലമൊരു തുണിക്കഷ്ണമല്ല അതെന്ന സമീപനമുണ്ടാവുന്നത്. യൂണിറ്റുകളിലേക്കയക്കുന്ന സർക്കുലറുകളും നയരേഖകളും കേവലം കടലാസുകളല്ലെന്ന തിരിച്ചറിവും ഇവിടെ നിന്നാണ് രൂപപ്പെടുക. സംഘടനാ പ്രവർത്തനം ഉന്നതമായ ദൗത്യമായി ഏറ്റെടുക്കാൻ കഴിയണം. അതിലൂടെ വലിയ സമർപ്പണങ്ങൾക്ക് ഓരോ പ്രവർത്തകനും സാധിക്കും.

ഒരു നിശ്ചയവുമില്ലാതെ നടക്കുന്ന അനേകം ചെറുപ്പക്കാരുണ്ട് നാട്ടിൽ. അവർ ഈ പ്രസ്ഥാനത്തിന്റെ കൊടി പിടിക്കുകയോ സംഘടനാ വഴിയിലേക്ക് കടന്നുവരികയോ ചെയ്തിരിക്കില്ല. അവർക്കെല്ലാം ഇനിയും ചില നിശ്ചയങ്ങൾ വരാനുണ്ട്. അവരുടെ സംശയങ്ങൾക്ക് നിവാരണം ലഭിക്കേണ്ടതുണ്ട്. അതെല്ലാം കൊടുക്കാനും പരിഹരിക്കാനും ഓരോ പ്രവർത്തകനും സാധിക്കണം. വിശുദ്ധ ഖുർആൻ ഉൾക്കാഴ്ചയെ (ബസ്വീറത്) എടുത്തുപറഞ്ഞതു കാണാം. ബസ്വീറത്തോടെയും ഹിക്മതോടെയുമാണ് അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ടത്. ഉള്ളിൽ തീർച്ച വന്നിട്ടുള്ള ഒരു ആദർശത്തിനു വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത് എന്ന തിരിച്ചറിവ് നമ്മെ നയിക്കണം. അംഗത്വമെടുത്ത് ഈ വൃത്തത്തിൽ നിന്ന് പ്രവർത്തിക്കുന്നവന് ഒരർത്ഥത്തിലും സംശയത്തിനവസരമുണ്ടാവരുത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന വാർത്തകൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോഴേക്ക് ചോർന്നുപോകുന്നതാവരുത് ആദർശം. അത്തരം പ്രചാരങ്ങളും സംശയങ്ങളും ഉടലെടുക്കുന്ന അവസരത്തിൽ അതിനെല്ലാം ഉചിതമായ മറുപടി നൽകാൻ കഴിയണം.

ഇവിടെയാണ് സംഘടന എന്ന ചാനലിന്റെ ആവശ്യകതയും പ്രാധാന്യവും ഉയർന്നുവരുന്നത്. യൂണിറ്റു മുതൽ സംസ്ഥാനതലം വരെയുള്ള ശൃംഖല പ്രവർത്തിക്കുന്നത് ഈ ലക്ഷ്യത്തിലാണ്. മേൽഘടകങ്ങളെ അനുസരിച്ചുകൊണ്ടായിരിക്കണം താഴെ തട്ടിലെ പ്രവർത്തനങ്ങൾ. ഈ ഓരോ പ്രവർത്തകനും മുന്നോട്ട് നീങ്ങുമ്പോൾ സംശയങ്ങൾക്ക് പഴുതുണ്ടാകില്ല.

പല തീവ്രവാദ സംഘടനകളും സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നതായി കാണാം. ഇത്തരം സേവനങ്ങൾ മറയാക്കി അവർ പ്രചരിപ്പിക്കുന്ന ആദർശാന്ധകാരത്തെ കൃത്യമായി പഠിപ്പിച്ചുകൊടുക്കാൻ നമുക്ക് സാധിക്കണം. ഇസ്‌ലാമിക രാഷ്ട്രവും ഭരണവും നിലനിൽക്കുന്നിടത്ത് മാത്രമേ മുസ്‌ലിംകൾക്ക് ജീവിക്കാൻ പറ്റൂ എന്നാണ് മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന വിശ്വാസം. എന്നാൽ ഇസ്‌ലാം അങ്ങനെ പറഞ്ഞിട്ടില്ല. മതേതര രാഷ്ട്രത്തിൽ ജീവിച്ച മുസ്‌ലിമിനും ഇസ്‌ലാമിക ഭരണം നിലനിൽക്കുന്ന രാജ്യത്ത് ജീവിച്ച മുസ്‌ലിമിനും ചെയ്യുന്ന സത്കർമങ്ങൾക്ക് ഒരേ പ്രതിഫലമാണ് സ്രഷ്ടാവ് നൽകുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കോടതിക്ക് കുറ്റവാളിയെ ശിക്ഷിക്കാമെന്നല്ലാതെ ഓരോരുത്തരും നിയമം കയ്യിലെടുത്ത് പ്രവർത്തിക്കുന്നത് അരാജകത്വവും മതവിരുദ്ധവുമാണ്. ഇത് മഹത്തായൊരു ആശയമാണ്. മനുഷ്യരാശിയുടെ സുഭദ്രമായ സഞ്ചാരം സാധ്യമാവണമെങ്കിൽ ഇത്തരം നിയമങ്ങൾ നിലനിൽക്കണം. ഒരുപക്ഷേ ഇത് ഒരു തീവ്രവാദിക്ക് ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. വളരെ സൗമ്യമായ രീതിയിൽ അത്തരക്കാരെ ഈ മഹത്തായ ആശയം ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. തീവ്രവാദ വഴിയിൽ പോകാൻ സാധ്യതയുള്ള ഒരോ ചെറുപ്പക്കാരനെയും സ്‌നേഹമസൃണമായി പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്വവും നമ്മുടേതാണ്. അങ്ങനെയുള്ള ഒരു സംഘം എല്ലാ ഗ്രാമത്തിലും ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് എസ്‌വൈഎസ് യൂണിറ്റ് ശാക്തീകരണം ആവിഷ്‌കരിച്ചിരിക്കുന്നത്. കേവലം കുറേ ആളുകളുടെ പേര് ചേർത്ത് അംഗത്വ ഫീസ് വാങ്ങി മേൽഘടകത്തിന് രേഖകൾ കൈമാറുക എന്നതല്ല മെമ്പർഷിപ്പ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നത്.

സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന എല്ലാത്തിന്റെയും പിന്നാലെ നാം പോവേണ്ടതില്ല. വളരെ ആരോഗ്യകരമായി ആലോചിച്ചതിനു ശേഷം പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുള്ളതു മാത്രം ഷെയർ ചെയ്താൽ മതി. തീവ്രവാദ ചിന്തയുള്ളവർക്കെല്ലാം എപ്പോഴും സംഘർഷങ്ങളാണാവശ്യം. അതിനാൽ അത്തരം സാഹചര്യങ്ങൾ കരുതിക്കൂട്ടി സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വികാരങ്ങളെ ഉദ്ദീപിപ്പിച്ചതുകൊണ്ട് എന്താണ് സംഭവിക്കുക എന്ന് ആലോചിക്കാവുന്നതേയുള്ളൂ. വികാരങ്ങളിലൂടെ രൂപപ്പെട്ടവയ്ക്ക് കൂടുതൽ ആയുസ്സുണ്ടാവില്ല. അവയ്ക്ക് ഈമാനിക ശക്തിയും കുറവായിരിക്കും. മതേതര-ബഹുസ്വര-സംസ്‌കൃതി നിലനിൽക്കുന്ന നാട്ടിൽ പരസ്പരം സംഘർഷം സൃഷ്ടിച്ച് ആർക്കും ഒന്നും നേടാനാവില്ല. ഇവിടെയെല്ലാം ദീർഘദൃഷ്ടിയുള്ള മുൻഗാമികളായ പണ്ഡിതന്മാരുടെ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്.

തിരുനബി(സ്വ) അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം മദീനയിലേക്ക് ഹിജ്‌റ പോയി. ദീനീ ദഅ്‌വത്തിന് ശാന്തമായ അന്തരീക്ഷം മദീനയിൽ സൗകര്യപ്പെട്ടു. നല്ലൊരു ജനതയെ വാർത്തെടുത്തതിനു ശേഷം തങ്ങൾ മക്കയിലേക്കുതന്നെ തിരിച്ചുവന്നല്ലോ. മക്കാവിജയം എന്ന പേരിൽ ഈ സംഭവം ചരിത്രം രേഖപ്പെടുത്തി. ഇതിൽ ഒരുപാട് പാഠങ്ങളുണ്ട്. മൃഗീയമായ പീഡനങ്ങൾക്കിരയാക്കിയ കൊടിയ ശത്രുക്കൾ അപ്പോഴും മക്കയിൽ അവശേഷിച്ചിരിപ്പുണ്ടായിരുന്നുവല്ലോ? പക്ഷേ നബി(സ്വ)യുടെ തിരിച്ചുവരവ് കൊലപാതകങ്ങൾ നടത്തിക്കൊണ്ടായിരുന്നില്ല. സമാധാനത്തിന്റെ ലോകമാതൃകയായി അവിടുന്ന് നിലകൊണ്ടു. വികാരങ്ങളെ ഉദ്ദീപിപ്പിച്ച് മുസ്‌ലിം സമുദായത്തെ മഹാദുരന്തത്തിലേക്ക് നയിക്കുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ നയമാണ്. പ്രവാചക പാത പിന്തുടരുന്ന പ്രവർത്തകനിൽ നിന്ന് അതുണ്ടായിക്കൂടാ.

വ്യാജമായ ആത്മീയ രംഗമാണ് യുവാക്കൾ ഇന്ന് നേരിടുന്ന മറ്റൊരു തലവേദന. നേരത്തെ കൃത്യമായി നിസ്‌കരിക്കുകയും കർമനിരതമായിരുന്ന ചിലരെയെങ്കിലും വ്യാജമായ ആത്മീയ കേന്ദ്രങ്ങളിൽ അകപ്പെട്ട അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ താടിയും തലപ്പാവും വച്ച് രംഗപ്രവേശം നടത്തുന്ന വ്യാജ ആത്മീയ അപ്പോസ്തലന്മാരെ തിരിച്ചറിയേണ്ടതുണ്ട്. യുവാക്കൾ ഇക്കാര്യത്തിൽ ജാഗ്രത്തായിരിക്കണം.

കേരളം പ്രളയദുരിതത്തിൽ അകപ്പെട്ടപ്പോൾ എല്ലാവരും പ്രവർത്തിച്ചു. എസ്‌വൈഎസ് സാന്ത്വനം വളണ്ടിയർമാരുടെ സജീവ സാന്നിധ്യം എല്ലായിടത്തുമുണ്ടായിരുന്നു. സമർപ്പിത മനസ്സുള്ള ത്യാഗസന്നദ്ധരായ യുവത്വത്തെ എസ് വൈ എസിനു സമൂഹസമക്ഷം സമർപ്പിക്കാനായിട്ടുണ്ടെന്നത് അനിഷേധ്യ യാഥാർത്ഥ്യമാണ്. ദുരന്തങ്ങളിൽ നിന്ന് അനേകം പാഠങ്ങൾ മനുഷ്യൻ പഠിക്കും. എല്ലാ കറകളും നീക്കി പരസ്പരം സ്‌നേഹിക്കാമെന്നാണ് കേരളീയർ ഈ പ്രളയ ദുരിതത്തിൽ നിന്നും ഉൾക്കൊണ്ട പ്രധാന പാഠം. എന്നാൽ ഈ സമയത്തും വെറുപ്പിന്റെ വേദമോതുന്നവർ അവരുടെ പതിവു തുടരും. അതും നമ്മൾ കണ്ടതാണ്. സലഫി പ്രസ്ഥാനം, ഇസ്‌ലാഹീ പ്രസ്ഥാനം എന്നീ പേരുകളിൽ പ്രത്യക്ഷപ്പെട്ട പരിഷ്‌കരണവാദികൾക്ക് സമൂഹത്തിൽ യാതൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഥയറിയാതെ ചിലർ ഈ വഴിയെ അബദ്ധസഞ്ചാരം നടത്തിയിട്ടുണ്ട്. നിരന്തരമായി പിന്തുർന്നാണ് യുവാക്കളെ അവർ വലയിൽ വീഴ്ത്തുന്നത്. ഇവരെ വ്യാപകമായൊന്നും ദുരിതാശ്വാസ പ്രവർത്തന രംഗത്ത് കാണാൻ സാധിച്ചില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം. ഇവർ ആ സമയത്തും ഇയർഫോൺ തിരുകിവച്ച് വികാരം ഉദ്ദീപിപ്പിക്കുന്ന പ്രസംഗങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. എല്ലാ വാഡ്‌സ്അപ്പ്-ഫെയ്‌സ് ബുക്ക്-സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ദുരന്ത നിവാരണത്തെക്കുറിച്ച് ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ ഇവരുടെ ഗ്രൂപ്പുകൾ മാത്രം ഈ സംഭവം അറിഞ്ഞതേയില്ല. വൃത്തികെട്ട പദപ്രയോഗങ്ങളിലൂടെ പണ്ഡിതന്മാരെ ആക്ഷേപിക്കാനും തെറിപറയാനുമാണ് ഈ പരിഷ്‌കരണവാദികൾ അപ്പോഴും ഉത്സാഹിച്ചത്. മമ്പുറത്ത് വെള്ളം കയറിയത് വലിയ്യിന് കറാമത്തില്ലാത്തതു കൊണ്ടാണെന്നായിരുന്നു പ്രളയ കാലത്തെ മുജാഹിദ് ഗവേഷണം. വൃത്തിഹീനമായ രീതിയിലാണ് ചെറുപ്പക്കാരെ പരിഷ്‌കരണവാദികൾ മാറ്റിപ്പണിയുന്നത്. ഈ ചെളികൾ നീക്കി ആ യുവാക്കളുടെ ഹൃദയത്തിലേക്ക് ഇസ്‌ലാം ദീനിന്റെ ശരിയായ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കേണ്ട മഹത്തായ ഉത്തരവാദിത്വം നമുക്കുണ്ട്.

ഉപര്യുക്ത കാര്യങ്ങളെല്ലാം സ്വന്തം മനസ്സിൽ രൂപപ്പെടുത്തിയതിനു ശേഷമാവണം പ്രവർത്തനരംഗത്തിറങ്ങുന്നത്. നമ്മുടെ വൃത്തത്തിനപ്പുറത്തുള്ള ചിലരെയെങ്കിലും നമ്മുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ക്യാമ്പയിൻ കാലയളവിൽ സാധിക്കണം. അതിനുവേണ്ടി കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടത്തണം. ഒരാളുടെയെങ്കിലും മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചാൽ അതിലൂടെ വരുംനാളുകളിൽ സംഘടനയ്ക്കുണ്ടാകുന്ന നേട്ടം ചെറുതല്ല. ഈയൊരു ലക്ഷ്യത്തോടെയാണ് കേരള മുസ്‌ലിം യുവജന സമ്മേളനം ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒരു പ്രസ്ഥാനവും വെറുതെ വളർന്നിട്ടില്ല. ആസൂത്രിതമായ ശ്രമങ്ങളിലൂടെയേ സംഘടന വളരൂ. അതിന് അരയും തലയും മുറുക്കി പ്രവർത്തന ഗോഥയിലിറങ്ങുക. നാം പ്രവേശിച്ചിട്ടുള്ള പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങളോട് അങ്ങേയറ്റത്തെ സമർപ്പണ മനോഭാവം പുലർത്താൻ സാധിക്കണം.  പ്രസ്ഥാനത്തിന്റെ നയനിലപാടുകൾ നമ്മടേതു കൂടെയാവണം. ഏതെങ്കിലും തരത്തിലുള്ള ഭൗതിക നേട്ടങ്ങൾ പ്രതീക്ഷിച്ചുകൊണ്ടല്ല സംഘടനാ പ്രവർത്തനത്തിനിറങ്ങുന്നത്. പ്രതികൂല സാഹചര്യങ്ങളിലും സമയവും സമ്പത്തും ഊർജ്ജവുമെല്ലാം ദീനിനുവേണ്ടി മാറ്റിവെക്കുന്നുവെങ്കിൽ അതവന്റെ വിജയമായി വിലയിരുത്താം. സംഘടനയെ ഉള്ളിൽ പേറിയാവണം ക്യാമ്പയിൻ പ്രവർത്തനങ്ങൾ. ആത്മാർത്ഥമായ കർമങ്ങളേ സ്വീകാര്യമാവൂ. നാഥൻ അനുഗ്രഹിക്കട്ടെ.

Exit mobile version