സന്താനങ്ങള്‍ നരകം സമ്മാനിക്കാതിരിക്കാന്‍

മക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട  മര്യാദകളെ കുറിച്ച് നബി(സ്വ)പറയുന്നു: ‘നബിയെ സ്‌നേഹിക്കുക, അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക, ഖുര്‍ആന്‍ പഠിക്കുക എന്നീ മൂന്ന് കാര്യങ്ങളാല്‍ നിങ്ങള്‍ കുട്ടികള്‍ക്ക് അദബ് പഠിപ്പിക്കണം. കാരണം ഖുര്‍ആനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക്, ഒരു നിഴലുമില്ലാത്ത ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും കൂടെ അര്‍ശിന്റെ തണല്‍ ലഭിക്കും’ (അല്‍ ഫതാവല്‍ ഹദീസിയ്യ/ഇബ്‌നു ഹജറില്‍ ഹൈതമി). ഏഴ് വയസ്സായാല്‍ നിസ്‌കാരം കൊണ്ടു കല്‍പ്പിക്കണമെന്നും പത്തു വയസ്സായാല്‍ നിസ്‌കരിച്ചില്ലെങ്കില്‍ അടിക്കണമെന്നും നമുക്കറിയാം. എന്നാല്‍ അതിനു മുമ്പ് ഇതേ പ്രാധാന്യത്തോടെ, വകതിരിവെത്തിയ കുട്ടിക്ക് തിരുനബി(സ്വ)യെ കുറിച്ച് പഠിപ്പിച്ചു കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് ഫത്ഹുല്‍ മുഈനില്‍ രേഖപ്പെടുത്തിയതായി കാണാം. നബിയുടെ ജനന – മരണ സ്ഥലങ്ങളും മറ്റും അവര്‍ക്ക് പറഞ്ഞു കൊടുക്കണം. പാട്ടിലൂടെയും മറ്റും അവരെ നബിസ്‌നേഹികളാക്കാന്‍ ശ്രദ്ധിക്കുകയും വേണം.

‘നിങ്ങള്‍ സ്വന്തം ശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് സംരക്ഷിക്കണമെന്ന്’ ഖുര്‍ആന്‍ പറഞ്ഞതിനെ വിശദീകരിച്ച് ഇഹ്‌യാ ഉലൂമുദ്ദീനില്‍ ഇമാം ഗസ്സാലി(റ) എഴുതി: ‘ഒരു പിതാവ് ദുനിയാവിലെ തീയിനെ തൊട്ട് തന്റെ കുടുംബത്തെ സംരക്ഷിക്കുമ്പോള്‍ ആഖിറത്തിലെ തീയില്‍നിന്ന് എന്തായാലും കാക്കണമല്ലോ! അതുകൊണ്ട് കുട്ടികള്‍ക്ക് മര്യാദ, നല്ല സംസ്‌കാരം പഠിപ്പിക്കുക, മോശപ്പെട്ട കൂട്ടുകെട്ടില്‍ നിന്ന് കാവല്‍ നല്‍കുകയും ചെയ്യുക.കുട്ടികളില്‍ നിന്ന് ആദ്യം ഉണ്ടാകുന്ന മര്യാദക്കേട് ഭക്ഷണത്തിന്റെ വിഷയത്തിലായിരിക്കും. വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക, തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലിക്കൊടുക്കുക, തൊട്ടരികത്തുള്ള ഭക്ഷണം കഴിക്കാന്‍ പറയുകയും മറ്റുള്ളവരുടെ ഭക്ഷണത്തിലേക്ക് കൈ നീട്ടുന്നത് തടയുകയും ചെയ്യുക (ഇഹ്‌യാ ഉലൂമിദ്ദീന്‍).

സ്വന്തം ശരീരത്തെയും കുടുംബത്തെയും കാക്കണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അദബ് പഠിപ്പിക്കുക, അല്ലാഹുവിന് സല്‍കര്‍മങ്ങള്‍ ചെയ്യുക, ഉത്തമ കാര്യങ്ങളിലേക്ക് ക്ഷണിക്കുക, ശിക്ഷ കിട്ടുന്ന കാര്യത്തെ തൊട്ട് തടയുക, ദീനിയ്യായ അറിവ് നല്‍കുക, സുന്നത്ത് ജമാഅത്തിനെപറ്റി അറിയിച്ചു കൊടുക്കുക മുതലായവയാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു (ലത്വാഇഫുല്‍ ഇശാറാത്ത്/ഇമാം ഖുശൈരി).നരകം ചോദിച്ചു നല്‍കുന്ന മക്കള്‍മക്കള്‍ ദുനിയാവില്‍ നിങ്ങള്‍ക്ക് അഴകാണെന്ന് അല്ലാഹു പറഞ്ഞു. എന്നാല്‍ മറ്റൊരിടത്ത് ഇങ്ങനെ: നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്’ (അല്‍ കഹ്ഫ്:46, അത്തഗാബുന്‍: 14)

മക്കള്‍ക്ക് ദീനിയ്യായ വിഷയം പഠിപ്പിച്ച് കൊടുത്തില്ലെങ്കില്‍ നാം നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളെ കുറിച്ച് പണ്ഡിതര്‍ പറയുന്നതു കാണുക: ഖിയാമത്ത് നാളില്‍ ഒരു മനുഷ്യനോട് ആദ്യം ബന്ധപ്പെടുന്നത് അവന്റെ മക്കളും ഭാര്യയുമായിരിക്കും. അവര്‍ പറയും: ‘പടച്ചവനേ, ഈ മനുഷ്യനില്‍ നിന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വാങ്ങിത്തരണം. ഞങ്ങള്‍ക്ക് ദീനിയ്യായ കാര്യങ്ങള്‍ ഇയാള്‍ പഠിപ്പിച്ചു തന്നില്ല. ഞങ്ങളെ ഹറാമ് ഭക്ഷിപ്പിച്ചു, ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. ആ രൂപത്തിലാണ് ഞങ്ങള്‍ ജീവിച്ചത്’. സ്വന്തം പിതാവിനെ ഇങ്ങനെ  നരകത്തിലേക്ക് തള്ളാതിരിക്കാന്‍ മക്കളെ നന്മയുടെ വെള്ളവും വളവും നല്‍കി വളര്‍ത്തേണ്ടത് അനിവാര്യമാണ് (അല്‍ ജവാഹിര്‍/ശൈഖ് അബുല്ലൈസ് അസ്സമര്‍ഖന്ദി).

ചുരുക്കത്തില്‍, ഇഹപര ജീവിതത്തിലെ സൗഭാഗ്യവും ദൗര്‍ഭാഗ്യവും നമ്മുടെ മക്കളാണ്. ധാര്‍മിക മൂല്യങ്ങളിലൂടെ അവരെ ഉന്നതരാക്കണം. നബി(സ്വ) പറയുന്നു: ‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് കാര്യങ്ങളല്ലാതെ അവന് ഉപകരിക്കില്ല. 1. നിലനില്‍ക്കുന്ന സ്വദഖ, 2. ഉപകാരപ്രദമായ അറിവ്. 3. അവനു വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ സന്താനം (തുര്‍മുദി).  നാം മരിച്ചാലും നമുക്ക് ഉപകാരപ്പെടുന്ന മക്കളുണ്ടാകണമെങ്കില്‍ അവരില്‍ നന്മകള്‍ വളര്‍ത്തണം. സന്താനങ്ങളെ കൊണ്ട് ഇഹലോകത്തും പരലോകത്തും സന്തോഷിക്കാന്‍ അല്ലാഹു ഭാഗ്യം നല്‍കട്ടെ.

(അവസാനിച്ചു)

Exit mobile version