സന്തുഷ്ട കുടുംബം;ഉമ്മുസലമ(റ)യുടെ മാതൃക

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും താഴ്വരയിലാണ് ‘കുടുംബം’ സ്ഥാപിതമാകുന്നത്. പരസ്പരം സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും ദമ്പതികള്‍ക്ക് സാധിക്കുമ്പോള്‍ കുടുംബ ജീവിതം അര്‍ത്ഥ പൂര്‍ണമാകുന്നു. വിവാഹം മനസ്സമാധാനം ലഭിക്കാന്‍ വേണ്ടിയാണെന്ന് ഖുര്‍ആന്‍. ആരോഗ്യമുള്ള സമൂഹത്തിന്‍റെ ആണിക്കല്ല് ആരോഗ്യമുള്ള കുടുംബ സംവിധാനം തന്നെയാണ്. കുടുംബത്തെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവും ധാര്‍മികവും സാംസ്കാരികവുമായ ആരോഗ്യം പരമ പ്രധാനമാണ്.

ജീവിത പങ്കാളിയുടെ മനസ്സ് വായിക്കാന്‍ കഴിയാത്ത ഇണ കുടുംബത്തിന്‍റെ ഭാരമായി മാറും. നൈമിഷിക വികാരമോ അവിവേക പൂര്‍ണമായ ആലോചനയോ ക്ഷണികമായ അഭിലാഷമോ കുടുംബത്തിന്‍റെ അടിത്തറയിളക്കാന്‍ ഇടവരരുത്. അവധാന പൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവും ബുദ്ധിപൂര്‍വമായ തീരുമാനമെടുക്കാനുള്ള തന്‍റേടവും കുടുംബ ഭദ്രത കാത്തു സൂക്ഷിക്കാനുതകുന്ന കാര്യങ്ങളാണ്.

കുടുംബ ജീവിത വിജയം കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം തീര്‍ത്ത പൂര്‍വ്വസൂരികളുടെ ചരിതങ്ങള്‍ക്ക് ഇക്കാലത്ത് വലിയ പ്രാധാന്യമുണ്ട്. ബന്ധങ്ങള്‍ ബന്ധനങ്ങളും ദാമ്പത്യം നിത്യശാപവുമായി മാറുന്ന ആധുനിക പരിതസ്ഥിതിയില്‍ വിശേഷിച്ചും. സദാചാര ബോധവും മതനിഷ്ഠയും കൈമുതലാക്കിയ പൂര്‍വ്വികര്‍, കുടുംബ സൗധത്തെ ഭംഗിയായി ആവിഷ്ക്കരിച്ച വിധം നവലോകത്തിനു മുഴുവന്‍ മാതൃകയാണ്. അത്തരം മാതൃകാ ദമ്പതികളില്‍പ്പെട്ട രണ്ടു പേരാണ് അബൂസലമ(റ) വും ഉമ്മുസലമ(റ)വും.

അബൂസലമ(റ) ഉമ്മുസലമ(റ)യുടെ പിതൃവ്യന്‍റെ പുത്രനാണ്. ഇസ്ലാമിക പ്രബോധന രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന സ്വഹാബീ പ്രമുഖരില്‍ പ്രധാനിയാണ് ഇദ്ദേഹം. യഥാര്‍ഥ നാമം അബ്ദുല്ലാഹി ബ്നു അബ്ദില്‍ അസദ് ശത്രുക്കളുടെ നിരന്തര പീഡനം  അസഹനീയമായപ്പോഴും മതം മറച്ചു വെക്കാതെ പ്രബോധന രംഗത്ത് സജീവമായ സ്വഹാബികളുടെ കൂട്ടത്തിലായിരുന്നു അബൂസലമ(റ). ഇസ്ലാമാശ്ലേഷിച്ച ആദ്യ പത്തു പേരിലൊരാളുമാണ് മഹാനവര്‍കള്‍ (സ്വുവറുന്‍ മിന്‍ ഹയാതി സ്സ്വഹാബ).

ഉമ്മുസലമ(റ)വിന്‍റെ യഥാര്‍ത്ഥ നാമം ഹിന്ദ് ബിന്‍ത് അബീ ഉമയ്യ എന്നാണ്. ആതിക ബിന്‍ത് ആമിറാണ് മാതാവ്. പേരു കേട്ട നേതാവും വലിയ ഔദാര്യവാനുമായിരുന്നു പിതാവ്. ഖാലിദ് ബ്നു വലീദ് (റ)വിന്‍റെ പിതൃവ്യ പുത്രിയും ആമിര്‍ ബിന്‍ അബീ ഉമയ്യ, അബ്ദുല്ലാഹി ബിന്‍ അബീ ഉമയ്യ എന്നിവരുടെ സഹോദരിയുമായിരുന്നു. പ്രസിദ്ധ സ്വഹാബീവര്യനായ അമ്മാര്‍ ബിന്‍  യാസിറിന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരി കൂടിയാണ് ഉമ്മു സലമ(റ).

അബൂസലമ(റ)-ഉമ്മുസലമ(റ) ദമ്പതികള്‍ സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ജനിച്ചതും വളര്‍ന്നതും. ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലത്തു തന്നെ സത്യ വിശ്വാസം പുല്‍കിയതു കൊണ്ട് മതത്തിന്‍റെ ബദ്ധ വൈരികളുടെ പീഡനങ്ങള്‍ ഇരുവര്‍ക്കും നിരന്തരം സഹിക്കേണ്ടി വന്നു. ഒടുവില്‍ ജനിച്ചു വളര്‍ന്ന സമ്പത് സമൃദ്ധികളെല്ലാം ഉപേക്ഷിച്ച് ഇരുവരും അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയില്‍  നജ്ജാശിയുടെ അഭയത്തില്‍ സ്വസ്ഥവും സമാധാന പൂര്‍ണവുമായ ജീവിതം നയിക്കാന്‍ ഹിജ്റ പോയ മുസ്ലിംകള്‍ക്ക് സാധിച്ചു. എന്നാല്‍ മക്കയില്‍ ഇസ്ലാമിന്‍റെ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ടെന്നും നിരവധി പ്രമുഖര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്ലിംകള്‍ ജന്മനാട്ടില്‍ സുരക്ഷിതരാണെന്നുമുള്ള വ്യാജ വാര്‍ത്തയറിഞ്ഞ് അവര്‍ കൂടുതല്‍ പ്രതീക്ഷയോടെ മക്കയിലേക്ക് തിരിക്കുകയായിരുന്നു.

മുത്ത്നബി(സ്വ)യോടൊപ്പമുള്ള സ്നേഹമസൃണമായ ജീവിതം ആഗ്രഹിച്ച് അബ്സീനിയയില്‍ നിന്നെത്തിയ നിഷ്കളങ്കരായ മുസ്ലിംകളെ എതിരേറ്റത് വഞ്ചകരായ ഖുറൈശികളായിരുന്നു. പലായനം ചെയ്ത മുസ്ലിംകളുടെ സ്വൈര്യമായ ജീവിതത്തിനറുതി വരുത്താന്‍ ഖുറൈശികളൊരുക്കിയ കെണിയായിരുന്നു പ്രസ്തുത വ്യാജ വാര്‍ത്തയെന്ന് പിന്നീടാണ് മുസ്ലിംകള്‍ക്ക് മനസ്സിലായത്. ശത്രുക്കള്‍ പീഡന മുറക്ക് ആക്കം കൂട്ടിക്കൊണ്ടിരുന്നു. മര്‍ദനങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മുസ്ലിംകള്‍ക്ക് വീണ്ടുമൊരു പലായനത്തിന് ഒരുങ്ങേണ്ടി വന്നു. ആ പുറപ്പാടാവട്ടെ ഉമ്മു സലമ(റ)ക്ക് വന്‍ ദുരന്തമാണ് സമ്മാനിച്ചത്. ഒരിക്കലും മറക്കാനാവാത്ത വേദനകള്‍ ഉമ്മു സലമ(റ)യുടെ മനസ്സില്‍ ആ യാത്ര കോറിയിട്ടു.

അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക് പുറപ്പെടാനുള്ള സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി. യാത്ര തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. അവര്‍ മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ്റി. അങ്ങനെ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ കുഞ്ഞിനെയും കൊണ്ട് പോയി. ഭര്‍ത്താവായ അബൂസലമ(റ) മദീനയിലേക്കും പോയി.

ഭര്‍ത്താവില്‍ നിന്നും മകനില്‍ നിന്നും അകറ്റിയ വേദന ഉമ്മു സലമ(റ)യെ  വേട്ടയാടി ക്കൊണ്ടിരുന്നു. പ്രതീക്ഷ വറ്റിയ രാപ്പലുകളില്‍ അവര്‍ പ്രിയതമനെയും കുഞ്ഞിനെയും മനസ്സില്‍ കണ്ടു. കാത്തിരിപ്പും കണ്ണീരുമായി ദിനങ്ങള്‍ കഴിച്ചു കൂട്ടി. കുഞ്ഞും ഭര്‍ത്താവുമില്ലാത്ത ജീവിതം മഹതിക്ക് ദുസ്സഹമായിത്തീര്‍ന്നു. എല്ലാ ദിവസവും രാവിലെ ഈ ദുരന്ത സ്ഥലത്തെത്തി മഹതി കുറേ നേരം കരയും. ഒരുവര്‍ഷത്തോളം ഇതേ നില തുടര്‍ന്നു. പ്രിയതമനോടും മകനോടുമുള്ള സ്നേഹം മഹതിയുടെ ഉള്ളില്‍ തളം കെട്ടി നിന്നു. യാദൃച്ഛികമായാണ് മുഗീറയുടെ സന്തതികളില്‍ പെട്ട ഒരാള്‍ മക്കയുടെ തെരുവിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മഹതിയെ കണ്ടത്. അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉമ്മുസലമ ബീവിയോട് ആര്‍ദ്രത തോന്നി. അദ്ദേഹം തന്‍റെ ഗോത്രക്കാരെ ചെന്നു കണ്ടു. അവരോട് ചോദിച്ചു:

ഈ പാവത്തെ ഒന്ന് വിട്ടയച്ചു കൂടേ. ഇവരെ  ഭര്‍ത്താവില്‍ നിന്നും കുഞ്ഞില്‍ നിന്നും എന്തിനാണിങ്ങനെ മാറ്റി നിര്‍ത്തുന്നത്?

അയാളുടെ വാക്കുകള്‍ കേട്ട ഗോത്രക്കാരുടെയും മനസ്സലിഞ്ഞു. അവര്‍ പറഞ്ഞു; ‘വേണമെങ്കില്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോകാം.’

മഹതിക്കു സന്തോഷം തോന്നി. പക്ഷേ തന്‍റെ മകനെ മക്കയില്‍ ഒറ്റക്കാക്കി പോകുന്ന കാര്യം മഹതിക്കു ഓര്‍ക്കാന്‍ പോലും സാധിച്ചില്ല. ഇതു മനസ്സിലാക്കിയ അബ്ദുല്‍ അസദ് ഗോത്രക്കാര്‍ മകനെയും തിരിച്ച് കൊടുത്തു. മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കിയ അവര്‍ മദീനയിലുള്ള ഭര്‍ത്താവിനെ ലക്ഷ്യം വെച്ചു യാത്ര തിരിച്ചു.

വാഹനം തന്‍ഈമിലെത്തിയപ്പോള്‍ പരോപകാരിയായ ഉസ്മാനുബ്നു ത്വല്‍ഹയെ കണ്ട് മുട്ടി. അദ്ദേഹം ചോദിച്ചു: അബൂ ഉമയ്യയുടെ മകള്‍ എങ്ങോട്ടാണ് യാത്ര പോകുന്നത്?

മഹതി പറഞ്ഞു: ‘മദീനയിലുള്ള എന്‍റെ ഭര്‍ത്താവാണ് ലക്ഷ്യം’.

അദ്ദേഹം വീണ്ടും ചോദിച്ചു: കൂടെ ആരുമില്ലേ?

‘അല്ലാഹുവാണ് സത്യം, അല്ലാഹുവും ഈ കുഞ്ഞുമൊഴികെ ഒരാളും എന്‍റെ കൂടെയില്ല’- ഉമ്മുസലമ പ്രതിവചിച്ചു.

ഉസ്മാനു ബ്നു ത്വല്‍ഹ മഹതിയെ മദീനയിലെ ഖുബാഇലുള്ള ഒരു പട്ടണത്തിലെത്തിച്ചു. എന്നിട്ടു പറഞ്ഞു: ‘ഇതാ, ഈ ഗ്രാമത്തിലാണ് നിങ്ങളുടെ ഭര്‍ത്താവുള്ളത്. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് അങ്ങോട്ട് ചെല്ലുക’. പിന്നീട് അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ചെയ്തു.

കുലീനനും മാന്യനുമായ സഹയാത്രികന്‍ എന്നാണ് ഉസ്മാനു ബ്നു ത്വല്‍ഹയെ ഉമ്മു സലമ(റ) വിശേഷിപ്പിച്ചത്. മഹതി ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവാണ് സത്യം. അബൂ സലമയുടെ കുടംബത്തിനുണ്ടായ അത്രയും വിപത്തുകള്‍ മറ്റൊരു കുടുംബത്തിനുമുണ്ടായതായി എനിക്കറിയില്ല. ഉസ്മാനു ബ്നു ത്വല്‍ഹയേക്കാള്‍ മാന്യനായ ഒരു കൂട്ടുകാരനെയും ഞാന്‍ കണ്ടിട്ടുമില്ല’ (ഇബ്നു ഹിശാം/അസ്സീറത്തുന്നബവിയ്യ 1/468).

ഉമ്മുസലമ(റ), അബൂസലമയെ കണ്ടുമുട്ടി. ദമ്പതികള്‍ക്ക് ഏറെ കണ്‍ കുളിര്‍ത്ത ദിനം. അവരുടെ മനസ്സുകളില്‍ നിന്നും വേര്‍പാടിന്‍റെ വ്രണങ്ങള്‍ ക്രമേണ നീങ്ങിത്തുടങ്ങി. വീണ്ടും സന്തോഷത്തിന്‍റെ രാപ്പകലുകള്‍. ആഹ്ലാദവും ആമോദവും അവരുടെ ജീവിതത്തില്‍ കളിയാടി. ജീവിത പ്രതിസന്ധികള്‍ ഒരിക്കലും ദാമ്പത്യത്തെ പിടിച്ചുലച്ചില്ല. ഓര്‍ക്കാപ്പുറത്തുള്ള പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ സാധിക്കാതെ അവരുടെ മനസ്സ് ആടിയുലഞ്ഞതുമില്ല. അല്ലെങ്കിലും മനുഷ്യ ബന്ധങ്ങളെ ശക്തമാക്കുന്നത് പ്രതിസന്ധികളാണല്ലോ. പ്രതിസന്ധികളിലൂടെയുള്ള പ്രയാണം മൂലമാണ് ഏതൊരു ബന്ധവും അഗ്നിശുദ്ധി കൈവരിക്കുന്നത്.

ധീരനും പരിത്യാഗിയുമായ അബൂസലമ(റ) വിശുദ്ധ ദീനിന്‍റെ പ്രബോധനത്തിനും പ്രചാരണത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത അബൂ സലമയും സംഘവും വിജയ ശ്രീലാളിതരായി മടങ്ങി. ഉഹ്ദിലും അബൂസലമ(റ) പൊരുതി നിന്നു. യുദ്ധത്തിനിടയിലുണ്ടായ മുറിവ് നിമിത്തം മഹാനവര്‍കള്‍ രോഗശയ്യയിലായി. ആ മുറിവ് മൂലമാണ് ഹിജ്റ മൂന്നാം വര്‍ഷം ജുമാദല്‍ ഉഖ്റയില്‍ മഹാനവര്‍കള്‍ വഫാത്താവുന്നത് (ഉസ്ദുല്‍ ഗാബ 3/190).

പ്രിയ ശിഷ്യനെ കാണാനായി തിരുനബി(സ്വ) അബൂസലമയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മരണത്തിന്‍റെ മാലാഖയും അവരുടെ പടിവാതിലില്‍ എത്തിയത്. തിരുനബി(സ്വ)യാണ് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അടച്ചു കൊടുത്തത്. മഹാനവര്‍കളുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയ നബി(സ്വ) ഒന്‍പത് തക്ബീറുകള്‍ ചൊല്ലി. അപ്പോള്‍ ചോദ്യമുണ്ടായി: അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ മറന്നതാണോ, അതോ അശ്രദ്ധ സംഭവിച്ചതാണോ? ‘ഞാന്‍ മറന്നിട്ടില്ല, എനിക്ക് അശ്രദ്ധ സംഭവിച്ചിട്ടുമില്ല. അബൂസലമക്കു വേണ്ടി ഞാന്‍ ആയിരം തക്ബീര്‍ ചൊല്ലിയാലും അദ്ദേഹം അതിനര്‍ഹന്‍ തന്നെയാണ്’- അവിടുന്ന് മറുപടി പറഞ്ഞു (താരീഖുത്ത്വബരി 2/177).

ജീവിതകാലത്ത് സന്തോഷ വേളകളിലും സന്താപ ഘട്ടങ്ങളിലും ഒപ്പം നിന്ന പ്രിയതമ, തന്‍റെ വിയോഗാനന്തരവും സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം  അബൂ സലമക്കുണ്ടായിരുന്നു. അതിനു വേണ്ട കാര്യങ്ങള്‍ വഫാത്തിനു മുമ്പ് തന്നെ മഹാനവര്‍കള്‍ ഉമ്മു സലമ ബീവിക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. മഹതി തന്നെ പറയുന്നതു കാണുക: ‘ഒരു ദിവസം നബി(സ്വ)യുടെ അടുക്കല്‍ നിന്നുവന്ന അബൂ സലമ(റ) എന്നോട് ഇപ്രകാരം പറഞ്ഞു. നബി(സ്വ)യില്‍ നിന്ന് ഇന്ന് ഞാനൊരു കാര്യം കേട്ടിട്ടുണ്ട്. അത് എന്നെ ഏറെ സന്തോഷിപ്പിച്ചിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: മുസ്ലിംകളില്‍പ്പെട്ട ആര്‍ക്കെങ്കിലും വല്ല വിപത്തും വരികയും എന്നിട്ടവന്‍ ഇന്നാലില്ലാഹി പറയുകയും ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ, ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു ആ കാര്യം നിറവേറ്റുക തന്നെ ചെയ്യും.

മഹതി പറയുന്നു: ഇത് ഞാന്‍ മനപ്പാഠമാക്കി വെച്ചു. പിന്നീട് അബൂസലമ(റ) വഫാത്തായപ്പോള്‍ ഞാന്‍ ഇന്നാലില്ലാഹി പറഞ്ഞു. ശേഷം ‘അല്ലാഹുവേ എന്‍റെ ഈ വിപത്തില്‍ എനിക്ക് നീ പ്രതിഫലം നല്‍കേണമേ. ഇതിനേക്കാള്‍ നന്മയുള്ളത് പകരം നല്‍കുകയും ചെയ്യേണമേ’  എന്ന് പ്രാര്‍ത്ഥിക്കുകയുമുണ്ടായി. പിന്നീട് ഞാന്‍ ഇങ്ങനെ ആത്മഗതം ചെയ്തു: ‘അബുസലമയേക്കാള്‍ നല്ല ഒരാളെ എവിടുന്ന് കിട്ടാനാണ്?’. അങ്ങനെ എന്‍റെ ഇദ്ദ അവസാനിച്ചു. ഒരു ദിവസം പ്രവാചകന്‍(സ്വ) എന്‍റെ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സമ്മതം ചോദിച്ചു വന്നു. അപ്പോള്‍ ഞാന്‍ തോല്‍ ഊറക്കിടുകയായിരുന്നു. ഞാന്‍ ഉടനെ കൈ കഴുകി. തിരുനബിക്ക് സമ്മതം നല്‍കി. അവിടുന്ന് വീട്ടില്‍ കയറിയിരുന്നു. ശേഷം വിവാഹാലോചന നടത്തി. അപ്പോള്‍ മഹതി പറഞ്ഞു: ഈ മഹാഭാഗ്യത്തിനു എനിക്കു താല്‍പര്യമുണ്ട്. പക്ഷേ, ഞാനൊരു അമിത കോപമുള്ള സ്ത്രീയാണ്. എന്നില്‍ നിന്നും അനിഷ്ടകരമായ വല്ലതുമുണ്ടാവുകയും അതു നിമിത്തം അല്ലാഹു എന്നെ ശിക്ഷിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു. മാത്രമല്ല. വിവാഹ പ്രായമൊക്കെ കഴിഞ്ഞ ഒരു സ്ത്രീയാണ് ഞാന്‍. കൂടാതെ കുടുംബവുമുണ്ട്. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിന്‍റെ കോപം അല്ലാഹു മാറ്റിത്തരും. വയസ്സിന്‍റെ കാര്യത്തില്‍ നിന്നേക്കാള്‍ മുതിര്‍ന്നവനാണു ഞാന്‍. പിന്നെയുള്ളത് കുടുംബത്തിന്‍റെ കാര്യമാണ്. നിന്‍റെ കുടുംബം എന്‍റേയും കുടുംബമാണ്. അപ്പോള്‍ മഹതി പറഞ്ഞു: ‘ഞാന്‍ അംഗീകരിച്ചു’. ഈ ദാമ്പത്യത്തെ കുറിച്ച് മഹതി പിന്നീട് പറഞ്ഞതിങ്ങനെ: ‘അല്ലാഹു എനിക്ക് അബൂ സലമയേക്കാള്‍ നല്ല ഭര്‍ത്താവിനെ പകരം തന്നിരിക്കുന്നു’ (ഇബ്നുകസീര്‍, അസ്സ്വിറാതുന്നബവിയ്യ 3/175).

ഭര്‍തൃ വിയോഗ ശേഷം അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ ഉമ്മുസലമയോട് വിവാഹാലോചന നടത്തിയിരുന്നെങ്കിലും അവര്‍ തിരസ്കരിക്കുകയായിരുന്നു. വിധിച്ച മഹാഭാഗ്യം തന്നെ അവര്‍ക്കു ലഭിക്കണമല്ലോ.  തിരുനബി(സ്വ) ഉമ്മു സലമയെ വിവാഹം കഴിക്കുന്നതോടെയാണ് സലമയുടെ മാതാവും മഖ്സൂം ഗോത്രക്കാരിയുമായ ഹിന്ദ് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ(റ) ആയിത്തീരുന്നത്.

ഉമ്മു സലമ(റ)ക്ക് തിരുനബി(സ്വ)യുടെ പത്നീ പദവിയിലും വലിയ ആദരവായിരുന്നു ലഭിച്ചിരുന്നത്. ഭാര്യമാരുടെ  സന്ദര്‍ശനം  ഉമ്മു സലമ ബീവിയുടെ അടുത്ത് നിന്നായിരുന്നുവത്രെ നബി(സ്വ) തുടങ്ങിയിരുന്നത്.. ആഇശ(റ) പറയുന്നു: നബി(സ്വ) അസ്വ്റ് നിസ്കാരം കഴിഞ്ഞാല്‍ ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ട്. ആദ്യം പോകാറുള്ളത് ഉമ്മു സലമ(റ)ന്‍റെ അടുത്തേക്കായിരുന്നു. അവരായിരുന്നു ഭാര്യമാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവര്‍. അവസാനമാണ് എന്‍റെയടുത്തേക്ക് വന്നിരുന്നത് (സുബുലുല്‍ ഹുദാ വര്‍റശാദ് 11/170).

ഇസ്ലാമിക പ്രബോധന മാര്‍ഗത്തില്‍ സര്‍വസ്വവും സമര്‍പ്പിച്ച മഹതിയെ നബി(സ്വ) കൂടുതല്‍ പരിഗണിച്ചിരുന്നു. ഉമ്മുസലമയെ വിവാഹം കഴിച്ചപ്പേള്‍ റസൂല്‍(സ്വ) അവരോട് പറഞ്ഞു: ‘ഞാന്‍ നജ്ജാശി രാജാവിന് പുതു വസ്ത്രവും കുറേ കസ്തൂരിയും കൊടുത്തയച്ചിട്ടുണ്ട്. നജ്ജാശി മരണപ്പെട്ടിട്ടുണ്ടെന്നും അവ എനിക്കു തന്നെ തിരിച്ച്  കൊടുത്തയക്കപ്പെടുമെന്നുമാണ് ഞാന്‍ കരുതുന്നത്. അവ തിരികെ വന്നാല്‍ നിനക്കുള്ളതാണ്. അവിടുന്ന് പറഞ്ഞതു പോലെ അവ തിരിച്ചുവന്നു. തിരുനബി(സ്വ) എല്ലാ ഭാര്യമാര്‍ക്കും ഓരോ ഊഖിയ (12 വെള്ളിത്തൂകം) വീതം കസ്തൂരി നല്‍കുകയും ഉമ്മു സലമ(റ)വിന് ബാക്കിയുള്ള കസ്തൂരിയും പുതു വസ്ത്രവും നല്‍കുകയും ചെയ്തു (മുസ്നദു അഹമദ്).

ഉമ്മുസലമ(റ) അതീവ ബുദ്ധിമതിയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും അവതരിക്കാന്‍ മഹതി നിദാനമായിട്ടുണ്ട്. മുജാഹിദ്(റ)പറയുന്നു: ഉമ്മു സലമ (റ) ഒരിക്കല്‍ പ്രവാചകര്‍(സ്വ)യുടെ സവിധത്തില്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, പുരുഷന്മാര്‍ യുദ്ധം ചെയ്യുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യുന്നില്ല. അനന്തരവകാശത്തിലും ഞങ്ങള്‍ക്ക് പകുതിയാണുള്ളത്.’ അപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പ്രത്യേകമായി അല്ലാഹു നല്‍കിയത് നിങ്ങള്‍ ആഗ്രഹിക്കരുത്. പുരുഷന്മാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതമുണ്ട്. സ്ത്രീകള്‍ക്കുമുണ്ട് തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള വിഹിതം. അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും നിങ്ങള്‍ അവനോട് ചോദിക്കുക. തീര്‍ച്ചയായും അവന്‍  എല്ലാ കാര്യങ്ങളും അറിയുന്നവനാണ്’ (4/32) എന്ന സൂക്തം അവതരിച്ചത്.

ഉമ്മുസലമ(റ) പറയുന്നു: ഒരു ദിവസം ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ‘ഖുര്‍ആനില്‍ പുരുഷന്മാരെ കുറിച്ച് പ്രതിപാദ്യമുള്ളതു പോലെ ഞങ്ങളെക്കുറിച്ച്  എന്തു കൊണ്ട് പ്രതിപാദിക്കുന്നില്ല?’ പിന്നീട് മിമ്പറില്‍ വെച്ചുള്ള നബി(സ്വ)യുടെ പ്രഭാഷണമാണ് എനിക്ക് എന്‍റെ വീട്ടില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിശ്ചയം മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അനുസരണയുള്ള പുരുഷന്മാരും സ്ത്രീകളും സത്യസന്ധരായ പുരുഷന്‍മാരും സ്ത്രീകളും ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും ഇലാഹീ ഭയമുള്ള പുരുഷന്മാരും സ്ത്രീകളും ദാന ധര്‍മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും  നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും സ്വകാര്യാവയവങ്ങള്‍  സംരക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും- ഇവര്‍ക്കെല്ലാം പാപമോചനവും മഹത്തായ പ്രതിഫലവും അല്ലാഹു  ഒരുക്കിവെച്ചിരിക്കുന്നു’ (അഹ്സാബ് 35-മുസ്നദു അഹ്മദ്).

അംറ്ബ്നു ദീനാര്‍(റ)വില്‍ നിന്ന് നിവേദനം: ഉമ്മു സലമ(റ) പ്രവാചകര്‍(സ്വ)യോട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘അല്ലാഹുവിന്‍റെ റസൂലേ, ഹിജ്റയുടെ കാര്യത്തില്‍ അല്ലാഹു സ്ത്രീകളെ  പരാമര്‍ശിച്ചതു നാം തീരെ കേട്ടിട്ടില്ലല്ലോ?’ ഉടന്‍ ആയത്തിറങ്ങി. ‘അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരം നല്‍കി. പുരുഷനായാലും സ്ത്രീയായാലും നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്‍റെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് സ്വദേശം വെടിഞ്ഞവരും സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും എന്‍റെ മാര്‍ഗത്തില്‍ മര്‍ദദ്ദിതരായവരും ധര്‍മയുദ്ധം നടത്തിയവരും അങ്ങനെ കൊല്ലപ്പെട്ടവരുമാരോ അവരുടെ മുഴുവന്‍ പാപങ്ങളും ഞാന്‍ മായ്ച്ചു കളയും. താഴ് ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. തീര്‍ച്ച. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമെന്ന നിലക്ക്. അല്ലാഹുവിന്‍റെ പക്കലാണ് ഏറ്റവും നല്ല പ്രതിഫലമുള്ളത്’ (ആലു ഇംറാന്‍/195).

വൈജ്ഞാനിക രംഗത്തും വ്യക്തി മുദ്ര പതിപ്പിക്കാന്‍ മഹതിക്കു സാധിച്ചു. കര്‍മശാസ്ത്ര വിശാരദരായ സ്വഹാബീ വനിതകളില്‍പ്പെട്ട ഒരാളാണെന്നാണ് ഉമ്മു സലമ(റ)ക്കുറിച്ച് ഹാഫിള് ദഹബി അഭിപ്രായപ്പെട്ടത്. നബി(സ്വ)യില്‍ നിന്ന് 380 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി സ്ത്രീ സംബന്ധമായ  മസ്അലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതായി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.

ഉമ്മു സലമ(റ) റിപ്പോര്‍ട്ട് ചെയ്ത ചില ഹദീസുകള്‍ കാണുക:

‘ജനാബത്തുള്ളപ്പോള്‍ ഞാനും തിരു നബി(സ്വ)യും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കാറു ണ്ടായിരുന്നു. നോമ്പുകാരനായിട്ടും അവിടുന്നെന്നെ ചുംബിക്കാറുണ്ടായിരുന്നു.’

‘നബി(സ്വ) ജനാബത്തുണ്ടായിരിക്കെ,  സ്വുബ്ഹി ആവുകയും അങ്ങനെ നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.’ ‘ഉമ്മു സുലൈം(റ) വന്ന് തിരുനബിയോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസുലേ, സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹു ലജ്ജിക്കില്ലല്ലോ. സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? ‘അതേ. വെള്ളം കണ്ടാല്‍ കുളി വേണം’- നബി(സ്വ) പറഞ്ഞു.

ഇതു കേട്ട് ഉമ്മുസലമ(റ) ചിരിച്ചു. ശേഷം ചോദിച്ചു: സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമോ? അപ്പോള്‍ നബി(സ) തിരിച്ചു ചോദിച്ചു: ‘പിന്നെയെങ്ങനെയാണ് കുട്ടിക്ക് (ഉമ്മയുടെ) രൂപ സാദൃശ്യം ലഭിക്കുന്നത്?” രക്ത വാര്‍ച്ചയുള്ള ഒരു സ്ത്രീയെപ്പറ്റി ഉമ്മു സലമ(റ) തിരുനബി(സ്വ)യോട് ഫത്വ ചോദിച്ചു. അവിടുന്ന് പറഞ്ഞു: ‘ഓരോ മാസവും ആര്‍ത്തവമുണ്ടാകാറുള്ള രാപ്പകലുകള്‍ അവള്‍ പ്രതീക്ഷിച്ചിരിക്കുകയും ആ സമയങ്ങളില്‍ നിസ്കാരം ഉപേക്ഷിക്കുകയും ശേഷം കുളിച്ച് തുണി കൊണ്ട് കെട്ടി നിസ്കാരം തുടരുകയും വേണം.’

‘സ്ത്രീകളുടെ പള്ളികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അവരുടെ വീടുകളുടെ അകത്തളങ്ങളാണ്’ (മുസ്നദു അഹ്മദ്).

ഹിജ്റ 61-ാം വര്‍ഷം യസീദ് ബ്നു മുആവിയയുടെ ഭരണകാലത്താണ് ഉമ്മു സലമ ബീവി വഫാത്താവുന്നത്.  വയസ്സ് 84 ആയിരുന്നു.  ഫാത്വിമ(റ)ന്‍റെ ഖബറിടത്തിനു സമീപം മുഹമ്മദ് ബ്നു സൈദ്(റ)ന്‍റെ ചാരത്ത് ബഖീഇലാണ് അന്ത്യവിശ്രമം. അബൂഹുറൈറ(റ) ആണ് ജനാസ നിസ്കാരത്തിനു നേതൃത്വം നല്‍കിയത്. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട സഈദ് ബ്നു സൈദ് നിസ്കരിക്കണമെന്നായിരുന്നു മഹതിയുടെ വസ്വിയ്യത്ത്. എന്നാല്‍ സഈദ് ബ്നു സൈദ്(റ) മഹതിക്കു  മുമ്പു തന്നെ വഫാത്തായിരുന്നു. നബിപത്നിമാരില്‍ അവസാനമായി വഫാത്തായതും ഉമ്മു സലമ ബീവി തന്നെ.

ജീവിത കാലത്ത് സന്തുഷ്ടരായതു പോലെ തന്‍റെ വിയോഗ ശേഷവും ഭാര്യയും മക്കളും സ്വസ്ഥവും സമാധാന പൂര്‍ണവുമായി ജീവിതം നയിക്കണമെന്ന അബൂസലമ(റ) യുടെ പ്രാര്‍ത്ഥന ഫലം കണ്ടതിന്‍റെ ലക്ഷണങ്ങളായിരുന്നു പിന്നീട് അവരുടെ ജീവിതത്തിലുടനീളം ഉണ്ടായത്. ഭാര്യ ഉമ്മു സലമ(റ)യും മക്കളായ സലമ(റ), ഉമര്‍(റ), സൈനബ്(റ), ദുര്‍റ(റ) എന്നിവരും തിരു നബി(സ്വ)യുടെ തണലില്‍ സന്തോഷ പൂര്‍വം ജീവിച്ചു.  മൂത്തമകനായ സലമ(റ)വിന് നബി(സ്വ) അവിടുത്തെ പിതൃവ്യന്‍റെ പുത്രിയായ ഉമാമ ബിന്‍ത് ഹംസ(റ)യെ വിവാഹം കഴിച്ച് കൊടുത്തു. രണ്ടാമത്തെ മകനായ ഉമര്‍(റ) നബി(സ്വ)യില്‍ നിന്നും മതപരമായ വിധിവിലക്കുകളും മര്യാദകളും സ്വായത്തമാക്കി പ്രഗത്ഭനായിത്തീര്‍ന്നു. മാതാവില്‍ നിന്നും നിരവധി ഹദീസുകള്‍  റിപ്പോര്‍ട്ട് ചെയ്ത ഉമര്‍(റ) വില്‍ നിന്നും സഈദ്ബ്നു മുസയ്യബ്(റ), ഖുദാമത്ത്ബ്നു ഇബ്റാഹീം(റ) തുടങ്ങിയ പ്രമുഖരും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്റ മുപ്പത്തിയെട്ടാം വര്‍ഷമായിരുന്നു മഹാനവര്‍കളുടെ വഫാത്ത്. മകളായ സൈനബ്(റ), ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ), ഉമ്മു ഹബീബ(റ) എന്നിവരെല്ലാം അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അലിയ്യ്ബ്നു ഹുസൈന്‍(റ), ഖാസിം ബ്നു മുഹമ്മദ്(റ), ഉര്‍വ(റ) തുടങ്ങിയവരെല്ലാം സൈനബ്(റ)വില്‍ നിന്നും ഹദീസുകള്‍ കരഗതമാക്കിയിട്ടുണ്ട്. ഹിജ്റ നാല്‍പത്തി ആറാം വര്‍ഷത്തോടടുത്താണ് സൈനബ്(റ) വഫാത്താകുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളില്‍ കര്‍മശാസ്ത്രത്തില്‍ ഏറ്റവും അവഗാഹമുള്ളവരായിരുന്നു മഹതി. അബ്ദുല്ലാഹിബ്നു സുമ്അ(റ)വായിരുന്നു ഭര്‍ത്താവ്. ഇളയ മകളായ ദുര്‍റ(റ)വിന് റുഖയ്യ എന്ന പേരുമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകവിശ്വാസികള്‍ക്ക് മാതൃകാ ദമ്പതികളായി അബൂസലമയും ഉമ്മസലമയും മുന്നേ കടന്നുപോയി. അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഇരുലോകവും അല്ലാഹു സന്തോഷപൂര്‍ണമാക്കട്ടെ.

സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

Exit mobile version