സന്തോഷഭരിതമാകട്ടെ കുടുംബജീവിതം

സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷിതത്വവും ജീവിതാധ്വാനത്തിനു വേണ്ട ഊര്‍ജസ്വലതയും ഭാവിയെക്കുറിച്ചുള്ള ശുഭചിന്തയും ലഭിക്കുക സാധാരണ ഗതിയില്‍ സംതൃപ്തമായ കുടുംബ ബന്ധങ്ങളില്‍ നിന്നാണ്.

ഖുര്‍ആന്‍ പറഞ്ഞു: ‘നിങ്ങള്‍ പരസ്പരം ആശ്വാസം കൊള്ളേണ്ടതിന് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെടുന്നു. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കരുണയും അവന്‍ ഉണ്ടാക്കുകയും ചെയ്തു. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്’ (30/21).

അന്യോന്യം ആശ്വാസവും ശാന്തിയും പകര്‍ന്ന് ജീവിത യാനത്തില്‍ ഒന്നിച്ചൊഴുകുന്ന ഉദാത്ത ബന്ധമായാണ് മതം കുടുംബത്തെ വീക്ഷിക്കുന്നത്. ഇഴയടുപ്പം സൃഷ്ടിക്കാനാണ് ദമ്പതികള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും അല്ലാഹു ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ പരമാവധി സഹകരിച്ചും വിട്ടുവീഴ്ച ചെയ്തും കുടുംബം മുന്നോട്ടു കൊണ്ടുപോവേണ്ട ബാധ്യത ഇണകളില്‍ ഓരോരുത്തര്‍ക്കുമുണ്ട്.

ഇതിനുതകും വിധം നിരവധി നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. നിന്റെ ഭാര്യയുടെ വായയില്‍ നീ വെച്ചുകൊടുക്കുന്ന മാംസക്കഷ്ണവും സ്വദഖയാണ് (അബൂദാവൂദ്) എന്ന നബിവചനം ഓര്‍ക്കുക. ഇണകളുടെ സമീപന രീതിയെ കൃത്യമായി വരച്ചുകാണിച്ചിരിക്കുന്നു ഈ വാക്യത്തില്‍. ഭക്ഷണം വരെയും മനസ്സറിഞ്ഞ് നല്‍കാതെ എന്തോ ബാധ്യതയെന്ന വിധം ചെയ്തുതീര്‍ക്കുന്നവര്‍, എങ്ങനെയാണ് ഭാര്യയെ സംരക്ഷിക്കേണ്ടതെന്ന് ഇതില്‍ നിന്നു പഠിക്കണം. ഭക്ഷണപ്പൊതി ഭാര്യയുടെ മുമ്പിലേക്ക് നീട്ടി എറിഞ്ഞുകൊടുത്ത് വേണമെങ്കില്‍ വിഴുങ്ങിക്കോ… എന്ന ശൈലിയില്‍ കൈകാര്യം ചെയ്യുന്നവരാണ് പലരും. അവര്‍ക്ക് നബി(സ്വ) നല്‍കുന്ന നിര്‍ദേശമാണ് ഭക്ഷണം വായില്‍ വെച്ചു നല്‍കണമെന്നത്!

മറ്റൊരു ഹദീസ് ഇപ്രകാരം: ‘നിന്റെ ഭാര്യക്ക് നല്‍കുന്ന സേവനം തന്നെയും ധര്‍മമാണ്’ (കന്‍സുല്‍ ഉമ്മാല്‍). ഇപ്രകാരമുള്ള നിരവധി തത്ത്വങ്ങള്‍ വിശുദ്ധ ദാമ്പത്യത്തെ ദൃഢമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു മതം നല്‍കുന്ന പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.

ഭൗതികവും ആത്മീയവുമായി മനുഷ്യന് സമ്പൂര്‍ണതയിലേക്ക് എത്താനാവുന്ന ഇലാഹീ സംവിധാനമാണ് ഇസ്‌ലാം. കേവലം ആത്മീയ കാര്യങ്ങളില്‍ പരിമിതമല്ല അതിന്റെ ദര്‍ശനങ്ങള്‍. യഥാര്‍ത്ഥ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിടത്തു പോലും ദുന്‍യാവിനും പ്രാധാന്യം നല്‍കിയതു കാണാം. സമ്പത്ത് സ്വരൂപിക്കുന്നതോ ആവശ്യാനുസരണം സ്വന്തം കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനോ ഒരു തടസ്സവുമില്ല. സ്വഹാബി പ്രമുഖരായ ഉസ്മാന്‍(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ) തുടങ്ങിയവരൊക്കെയും അതിസമ്പന്നരായിരുന്നുവെന്നത് ചരിത്രം.

വിശ്വാസിക്കു ലഭിക്കുന്ന മൂന്ന് അനുഗ്രഹങ്ങള്‍ റസൂല്‍(സ്വ) പഠിപ്പിച്ചതിപ്രകാരം; സദ്വൃത്തയായ ഭാര്യ, സൗകര്യപ്രദമായ ഭവനം, ആവശ്യത്തിനുതകുന്ന വാഹനം. നോക്കുക, ഇവിടെയും ഭൗതിക കാര്യങ്ങള്‍ പ്രധാനമായി വരുന്നു. ഓര്‍മപ്പെടുത്തുന്നത് മനുഷ്യന് സന്തോഷവും ആത്മവൃത്തിയും പ്രദാനം ചെയ്യുന്ന നിയതമായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരം ഭൗതിക താല്‍പര്യത്തിന്റെ ഭാഗമായാണ് പൊതുവെ വിലയിരുത്തപ്പെടാറുള്ളത്. ഇതുപോലും, പരലോക മോക്ഷത്തിനുള്ള മുന്നുപാധിയാണെന്നാണ് മതത്തിന്റെ വീക്ഷണം.

മനുഷ്യന്റെ നൈസര്‍ഗിക ചോദനയാണ് ലൈംഗിക മോഹങ്ങള്‍. അത് അടിച്ചൊതുക്കുന്നതില്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ട്. കല്യാണം കഴിക്കാത്തവര്‍ അതു ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശം ബൈബിളിലെ റോമര്‍ക്കെഴുതിയ ലേഖനത്തില്‍ കാണാം. പ്രകൃതിയുടെ മതത്തിന് ഇത് അംഗീകരിക്കാന്‍ വയ്യ. കേവല ബുദ്ധികൊണ്ടുള്ള വിലയിരുത്തലില്‍ തന്നെയും ഈ രീതിയുടെ അപ്രായോഗികത തിരിച്ചറിയാനാവും. പൗലോസിന്റെ ഈ ഉപദേശം സ്വീകരിച്ച് അവിവാഹിതരെല്ലാം വിവാഹ വിരുദ്ധ പ്രതിജ്ഞയെടുത്ത് സ്വതന്ത്രരായി ജീവിക്കുകയാണെങ്കില്‍ ആ തലമുറയോടെ മനുഷ്യവര്‍ഗം വംശമറ്റു പോവുകതന്നെ ചെയ്യും.

ഇസ്‌ലാം മനുഷ്യനൊപ്പം നിലകൊള്ളുന്നതിനാല്‍, വിവാഹത്തെ അത് പ്രോത്സാഹിപ്പിച്ചു. ‘ചെലവിനു മാര്‍ഗമുള്ളവരെല്ലാം വിവാഹം കഴിക്കട്ടെ, അത് കണ്ണിനും ലൈംഗിക ഭാഗങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കും’ എന്നാണ് നബിവചനം. മുന്‍ വിവാഹബന്ധം തകര്‍ന്ന് വീട്ടിലിരിക്കുന്നവരെ പോലും കല്യാണത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് മതം പറയുന്നു. എല്ലാവര്‍ക്കും സ്വന്തം ഇണയുമൊത്ത് ജീവിക്കാനാവണം, അവരുമായി സുഖ-ദുഃഖങ്ങള്‍ പങ്കുവെച്ച് പരസ്പരം ആനന്ദം പകരാനുമാവണം. അങ്ങനെ ഭൗതിക ജീവിതത്തില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊക്കെയും പരിഹാരം കാണാന്‍ ഇതുവഴി സാധിക്കണം. ഇങ്ങനെയുള്ള ഭൗതികവശം നിലനില്‍ക്കുമ്പോള്‍ തന്നെ ആത്മീയ പുരോഗതിക്കും സ്വര്‍ഗ പ്രവേശത്തിനും അടിസ്ഥാന കാരണമായും കുടുംബത്തെയും ദാമ്പത്യത്തെയും പരിഗണിക്കേണ്ടതുണ്ട്.

ഭാര്യാഭര്‍ത്താക്കന്മാര്‍ പുഞ്ചിരിക്കുക, പരസ്പരം നന്മ ഉപദേശിക്കുക, ക്ഷമ കാണിക്കുക, സാമ്പത്തിക അച്ചടക്കത്തിനു പ്രേരിപ്പിക്കുക, അന്യോന്യം സഹായിക്കുക, രോഗ-സാമ്പത്തിക ഞെരുക്ക ഘട്ടങ്ങളില്‍ സാന്ത്വനം പകരുക, ആരാധനകളില്‍ സഹായകമായി വര്‍ത്തിക്കുക, ലൈംഗിക മോഹങ്ങള്‍ക്ക് പരിഹാരം നല്‍കുക തുടങ്ങിയവയൊക്കെയും ആഖിറം നേടാനുള്ള മാര്‍ഗങ്ങളാക്കി മതം സംവിധാനിച്ചിട്ടുണ്ട്.

ഒരു ഹദീസ് കാണുക: ‘അല്ലാഹു ഒരു പുരുഷനു കാരുണ്യം ചെയ്യട്ടെ, അവന്‍ രാത്രി എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ചു. ഭാര്യയെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. അവള്‍ വിലങ്ങിനിന്നപ്പോള്‍ വെള്ളം തെളിച്ച് ഉറക്ക് ഒഴിവാക്കി. അങ്ങനെ അവളും നിസ്കരിച്ചു. ഇപ്രകാരം നിസ്കരിക്കുകയും ഭര്‍ത്താവിനെ നിസ്കരിപ്പിക്കുകയും ചെയ്ത പെണ്ണിനും അല്ലാഹു കാരുണ്യം ചെയ്യട്ടെ’ (അഹ്മദ്).

മതം കുടുംബ ബന്ധത്തെ കണക്കാക്കുന്ന പ്രധാന രീതി ഇതാണ്. നന്മക്ക് പരസ്പരം സഹായം ചെയ്യുക. ഈയൊരു പൊതു തത്ത്വം മുന്‍നിറുത്തി കുടുംബവുമായി ബന്ധപ്പെട്ട മത-മനഃശാസ്ത്ര ശീലുകള്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ് ഈ പംക്തിയുടെ താല്‍പര്യം.

(തുടരും)

മുഹമ്മദ് മിന്‍ഹാല്‍

Exit mobile version