ലൗഹുല്‍ മഹ്ഫൂളിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത്. അതിന്റെ രൂപമോ കാലമോ വിവരിക്കപ്പെട്ടിട്ടില്ല. പ്രസ്തുത അവതരണം ഖുര്‍ആന്‍ മുഴുവനായാണെന്നാണ് പ്രമാണങ്ങളുടെ സൂചന: അത് മഹത്തായ ഖുര്‍ആനാണ്. അത് ലൗഹുല്‍ മഹ്ഫൂളിലാണ് (ബുറൂജ് 21,22).
ഖുര്‍ആനിന്റെ ഈ അവതരണത്തിലെ പൊരുള്‍ മനുഷ്യയുക്തിക്കപ്പുറമാണ്. അഭൗതിക സങ്കേതമായ ‘ലൗഹുല്‍ മഹ്ഫൂളി’നെ ഒരു പ്രഭവ കേന്ദ്രമായി കരുതാം. ഖുര്‍ആന്‍ മറ്റൊരിടത്ത് ഈ സങ്കേതത്തെ കുറിച്ച് ‘ലൗഹ് മക്‌നൂന്‍’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടും ഒന്നു തന്നെയെന്നാണ് തഫ്‌സീര്‍ ബൈളാവിയുടെ വ്യാഖ്യാനമായ ശൈഖ് സാദ വിശദീകരിക്കുന്നത്. മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമാകാത്ത നിലയില്‍ സംരക്ഷിക്കപ്പെടുന്ന കേന്ദ്രമായത് കൊണ്ടാണ് ലൗഹുല്‍ മഹ്ഫൂള് (സുരക്ഷിത ഫലകം) എന്ന് നാമകരണം ചെയ്യപ്പെട്ടതെന്നു വിശദീകരണമുണ്ട്. മലക്കുകളൊഴികെയുള്ള സൃഷ്ടികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സങ്കേതമെന്നും ലൗഹുല്‍ മഹ്ഫൂളിനെ കുറിച്ച് പരാമര്‍ശമുണ്ട്.
അര്‍ശിന്റെ വലതുഭാഗത്താണ് ലൗഹുല്‍ മഹ്ഫൂളിന്റെ സ്ഥാനമെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഖാത്തില്‍(റ) കുറിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നതിങ്ങനെ: നബി(സ്വ) പറഞ്ഞു: വെളുത്ത മുത്ത് കൊണ്ടാണ് ലൗഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചിട്ടുള്ളത്. അതിലെ താളുകള്‍ ചുവന്ന മാണിക്യമാണ് (മുഅ്ജമുല്‍ കബീര്‍, ത്വബ്‌റാനി 72/12). സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കും ലൗഹുല്‍ മഹ്ഫൂള് എന്നു പറയുമെന്ന് ഖത്താദ(റ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ ഉമ്മുല്‍ കിതാബ് എന്ന് പരിചയപ്പെടുത്തുന്നത് അഭൗതിക ലോകത്തെ അത്ഭുത സങ്കേതമെന്ന് വിവക്ഷിക്കുന്ന ലൗഹുല്‍ മഹ്ഫൂളിനെ കുറിച്ചാണെന്നാണ് പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. ഖുര്‍ആനിന്റെ മുമ്പ് അവതരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെയും ഏടുകളുടെയും എല്ലാം പ്രഭവകേന്ദ്രവും ലൗഹുല്‍ മഹ്ഫൂള് തന്നെയാണ്.
പ്രപഞ്ചത്തിന്റെ മുഴുവന്‍ ചലനങ്ങളും ക്രമബദ്ധമായി കോര്‍ത്തിണക്കി സൂക്ഷിക്കപ്പെട്ട സുരക്ഷിത കേന്ദ്രമാണ് ലൗഹുല്‍ മഹ്ഫൂള്. ജനനം, മരണം തുടങ്ങി ചെറുകാര്യങ്ങള്‍ വരെ ആ സങ്കേതത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രപഞ്ചത്തിലെ ഏതുകാര്യവും നടക്കുക.
ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്കുള്ള അവതരണമാണ് ഖുര്‍ആന്‍ അവതരണത്തിന്റെ രണ്ടാം ഘട്ടം. ബൈത്തുല്‍ ഇസ്സ എന്നാണ് ആ സങ്കേതത്തിന്റെ നാമം. ഈ അവതരണവും ഒറ്റത്തവണയായിരുന്നെന്നാണ് പ്രമാണങ്ങളുടെ സൂചന. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ഖുര്‍ആനിനെ ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിക്കപ്പെട്ടു. അവിടെ നിന്ന് ഘട്ടം ഘട്ടമായി നബി(സ്വ)ക്ക് വിവിധ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ അവതരിച്ചു (ഹാകിം 222/2). ഖുര്‍ആനിന്റെ രണ്ടാം അവതരണഘട്ടത്തെ കുറിച്ചാണ് സൂറത്തുദ്ദുഖാന്റെ മൂന്നാം വചനമെന്ന് ഇബ്‌നു അബ്ബാസ്(റ), ഇക്‌രിമ(റ) അടക്കമുള്ള മുഫസ്സിറുകള്‍ പറയുന്നു. മൂന്നാംഘട്ടം ഒന്നാം ആകാശത്ത് നിന്ന് തിരുനബിയുടെ ഹൃദയത്തിലേക്കുള്ള കൈമാറ്റമാണ്. മക്കയിലെ ജബലുന്നൂറിലെ (പ്രകാശ പര്‍വതം) ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കവെയാണെന്ന് ഈ അവതരണത്തിന്റെ ആരംഭം. വിശുദ്ധ റമളാനിലായിരുന്നു അത് (ക്രിസ്തു വര്‍ഷപ്രകാരം 610 ആഗസ്റ്റ് മാസത്തില്‍). ഖുര്‍ആന്‍ പറഞ്ഞു: റമളാന്‍ മാസം ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണ് (അല്‍ ബഖറ). ഈ അവതരണത്തെ കുറിച്ച് ഖുര്‍ആനില്‍ വിവിധയിടങ്ങളില്‍ പരാമര്‍ശമുണ്ട്. ആ ഖുര്‍ആനുമായി വിശ്വസ്തനായ ആത്മാവ് (ജിബ്‌രീല്‍) തങ്ങളുടെ ഹൃദയത്തിലേക്കിറങ്ങി. മുന്നറിയിപ്പുകാരില്‍ ഉള്‍പ്പെടാന്‍ (ശുഅറാഅ്: 193, 194). ആ ഖുര്‍ആന്‍ സന്ദേശം നല്‍കുന്നത് തന്നെയാണ്. അതിശക്തിമാനായ ജിബ്‌രീല്‍(അ) ആണ് അത് പഠിപ്പിക്കുന്നത് (നജ്മ് 4,5).
മലീമസമായ അേറബ്യന്‍ അന്തരീക്ഷത്തില്‍ നിന്ന് മാറി ഏകനായി ആരാധന നിര്‍വഹിക്കാനായിരുന്നു നബി തിരുമേനി(സ്വ) ഹിറാ ഗുഹയില്‍ എത്തിയത്. പ്രവാചകത്വവുമായി ബന്ധപ്പെട്ട് ശൈശവ കാലത്തു തന്നെ നബിക്ക് വിവിധ അനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്വപ്‌ന ദര്‍ശനം, അശരീരി, ഇല്‍ഹാം(ബോധോദയം) തുടങ്ങി അസാധാരണ മാര്‍ഗങ്ങളിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു നബി(സ്വ)യുടെ അക്കാലത്തെ ജീവിതം. തിരുനബി(സ്വ) സഞ്ചരിക്കുന്ന വഴികളില്‍ മേഘം നിഴലിടുമായിരുന്നു. കല്ലുകളും മരങ്ങളും സലാം പറയുമായിരുന്നു. ഒരിക്കല്‍ അഭൗമ മണ്ഡലത്തില്‍ നിന്നെത്തിയ ശുഭ്രവസ്ത്രധാരികള്‍ നബിയെ സമീപിച്ചു. അവിടുത്തെ ഹൃദയ ഭാഗത്ത് ശാസ്ത്രക്രിയ പോലുള്ള ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തി. നാലു പ്രാവശ്യം ഇങ്ങനെ സംഭവിച്ചതായി ഇബ്‌നു കസീര്‍ പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കമായിരുന്നു ഇതെല്ലാം.
ആരംഭം
വഹ്‌യി(ഇലാഹീ സന്ദേശം)നെ കുറിച്ച് ആഇശാ(റ) പറയുന്നത് കാണുക: നിദ്രാ വേളയിലെ ചില സ്വപ്‌നങ്ങളാണ് ആദ്യമായി നബിക്ക് ലഭിച്ച വഹ്‌യുകള്‍. അവ കൃത്യമായി പുലരുമായിരുന്നു. പിന്നീട് നബിക്ക് ഏകാന്തത പ്രിയമായി. ഒരു ദിവസം മലക്ക് ജീബ്‌രീല്‍(അ) ഹിറാഗുഹയില്‍ നബി സവിധത്തിലെത്തി. നബിയോട് വായിക്കാന്‍ ആവശ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു: എനിക്ക് വായന അറിയില്ല. ഇതേ കുറിച്ച് നബി(സ്വ) പറയുമായിരുന്നു: വായന അറിയില്ല എന്നു പറഞ്ഞപ്പോള്‍ എന്നെ ജിബ്‌രീല്‍ ആശ്ലേഷിച്ചു. എനിക്കത് പ്രയാസമുണ്ടാക്കി. പിന്നെ പിടി വിട്ടു. വീണ്ടും വായിക്കാനാവശ്യപ്പെട്ടു. ഞാന്‍ മേല്‍ മറുപടി ആവര്‍ത്തിച്ചു. അപ്പോള്‍ മലക്ക് എന്നെ പൂര്‍വോപരി ശക്തമായി ആശ്ലേഷിക്കുകയും ഞെക്കുകയും ചെയ്തു. എന്നിട്ട് മലക്ക് പറഞ്ഞു: ഇഖ്‌റഅ് ബിസ്മി….(ബുഖാരി).
ഇതാണ് ഭൂമിലോകത്തേക്കുള്ള ഖുര്‍ആന്‍ അവതരണത്തിന്റെ ആരംഭം. ഈ അവതരണം ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടു നിന്നു. തിരുനബി(സ്വ) വഫാത്താകുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖുര്‍ആന്‍ അവതരണം നിലച്ചു. പ്രസ്തുത ഇരുപത്തി മൂന്ന് വര്‍ഷത്തില്‍ പന്ത്രണ്ടര വര്‍ഷം മക്കയിലും ബാക്കി പത്ത് വര്‍ഷം മദീനയിലുമായിരുന്നു.
അവതരണ രീതി
ഖുര്‍ആന്‍ ഒറ്റ തവണയായല്ല അവതരിച്ചത്. വിവിധ സന്ദര്‍ഭങ്ങളില്‍ ഘട്ടംഘട്ടമായാണ് ഇറങ്ങിയത്. എന്നാല്‍ മറ്റു ഗ്രന്ഥങ്ങളുടെയെല്ലാം അവതരണം ഒറ്റത്തവണയായിരുന്നു. ഖുര്‍ആനെതിരെ ശത്രുക്കള്‍ ഇതൊരു പ്രധാന ആക്ഷേപമായി ഉന്നയിക്കുകയുണ്ടായി. ഖുര്‍ആന്‍ പറഞ്ഞു: നിഷേധികള്‍ പറയുന്നു. അദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റ പ്രാവശ്യമായി അവതരിപ്പിക്കപ്പെടാത്തതെന്ത് കൊണ്ടാണ്? എന്നാല്‍ നാം അങ്ങനെ അവതരിപ്പിക്കാത്തത് നിങ്ങളുടെ ഹൃദയത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്. സാവധാനം നാം അതിനെ കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നു (ഫുര്‍ഖാന്‍ 32).
23 വര്‍ഷം കൊണ്ടാണ് ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതെന്നതിനാല്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലത്തെ കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഒരു നിശ്ചിത വിഷയത്തെ കുറിച്ച് വിഷയ സൂചിക നല്‍കിയുള്ള വിവരണ രീതിയല്ല ഖുര്‍ആനിന്റേത്. ചിലപ്പോള്‍ ചില വചനങ്ങള്‍ മാത്രമായും മറ്റു ചിലപ്പോള്‍ അധ്യായങ്ങളായും ഇതുതന്നെ പലയാവര്‍ത്തിയായും അവതരിച്ചിട്ടുണ്ട്. ചില സന്ദേശങ്ങള്‍ക്കിടയില്‍ ദിവസങ്ങളുടെയും മാസങ്ങളുടെയും ഇടവേളകളുമുണ്ടാകാം. ഇത്തരത്തിലുള്ള അവതരണ രീതി സ്വീകരിച്ചതില്‍ നിന്ന് ഖുര്‍ആന്‍ ഒരു പ്രായോഗിക തത്ത്വഗ്രന്ഥമാണെന്ന് കൂടി മനസ്സിലാക്കാം. സമൂഹത്തിന്റെ ഉദ്ധാരണത്തിന് ആവശ്യമായ നിയമസംഹിതകള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു. പ്രബോധന ലക്ഷ്യത്തോടെ സത്യമാര്‍ഗത്തിന്റെ ചൂണ്ട് പലകയായി സമൂഹത്തിന് ആവശ്യമായ രൂപത്തിലായിരുന്നു ഖുര്‍ആന്റെ അവതരണം.
മക്കയില്‍ ആദ്യകാലത്ത് പരസ്യമായ പ്രബോധനം സാധ്യമല്ലായിരുന്നു. മുസ്‌ലിമാണെന്ന് പറയാന്‍ ഭയമുള്ള കാലം. അക്കാലത്ത് വിധി വിലക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ അവതരണങ്ങളുണ്ടായില്ല. എതിര്‍പ്പുകളും പ്രതികൂലങ്ങളും കുറഞ്ഞുവന്ന മുറക്കു നിയമങ്ങളുടെയും വിധികളുടെയും ആവശ്യങ്ങളനുസരിച്ച് അവതരണങ്ങള്‍ നടന്നുകൊണ്ടിരുന്നു. പ്രബോധന ദൗത്യം പൂര്‍ണമായപ്പോള്‍ അവതരണവും പൂര്‍ണമായി. നബി തിരുമേനിയുടെ വിയോഗത്തിന്റെ തൊട്ടുമുമ്പുള്ള വര്‍ഷങ്ങൡ ഖുര്‍ആനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ അവതരിച്ചു. തിരുനബി(സ്വ)യുടെ വഫാത്തിന്ന് മുമ്പ് അല്ലാഹു കൂടുതല്‍ വഹ്‌യുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ വഹ്‌യ് ലഭിച്ചത് നബി(സ്വ)യുടെ വിയോഗം നടന്ന വര്‍ഷത്തിലാണ് (ബുഖാരി).
തിരുനബി(സ്വ)യുടെ നാല്‍പ്പതാം വയസ്സില്‍ ഖുര്‍ആന്‍ അവതരണം ആരംഭിക്കുമ്പോള്‍, അല്ലാഹുവിന്റെ ഏകത്വവും ഇസ്‌ലാമിന്റെ വിളംബരവും പരസ്യമായി പ്രകാശിപ്പിക്കാന്‍ പഴുതില്ലായിരുന്നു. ആ ഘട്ടത്തില്‍ വായിക്കാനും പഠിക്കാനും ഉല്‍ബോധിപ്പിച്ച് കൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയത്. അല്ലാഹുവിനെ പരിചയപ്പെടുത്തിയും അവന്റെ ദൃഷ്ടാന്തങ്ങള്‍ ആലോചിക്കാന്‍ ആഹ്വാനം ചെയ്തും അവതരണം തുടര്‍ന്നു. പിന്നീട് മക്കക്കാരുടെ വിശ്വാസപരവും ധാര്‍മികവും സാമൂഹികവുമായ അപചയങ്ങളും വൈകല്യങ്ങളും ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള ഭാഗങ്ങള്‍ അവതരിച്ചു. മക്കയിലെ ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ അവതരിച്ച ഭാഗങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ഭദ്രമായ ഖുര്‍ആനിന്റെ സമര്‍ത്ഥനം കുറേ മനസ്സുകളെ സ്വാധീനിച്ചു. അത് മക്കയുടെ അതിരുകള്‍ കടന്നും പ്രചരിക്കാന്‍ തുടങ്ങി. തിരുനബിയുടെ നാല്‍പ്പത്തിയഞ്ച് വയസ്സ് വരെ അവതരിച്ച വചനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.
ഖുര്‍ആന്‍ അവതരണത്തിന്റെ മധ്യ ഘട്ടത്തില്‍ വിശ്വാസികള്‍ അധികരിച്ചു കൊണ്ടിരുന്നു. ഖുര്‍ആനിന്റെ ശബ്ദം പലരുടെയും ഉറക്കം കെടുത്തി. പല മാനസങ്ങളിലും അള്ളിപ്പിടിച്ചിരുന്ന വികല വിശ്വാസങ്ങള്‍ നീങ്ങിത്തുടങ്ങി. സമൂഹത്തിന്റെ സമൃദ്ധവും സമ്പന്നവുമായ നിലനില്‍പ്പിനാവശ്യമായ സന്ദേശങ്ങളാണ് ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ നല്‍കിക്കൊണ്ടിരുന്നത്. ശത്രുക്കളുടെ ശക്തമായ എതിര്‍പ്പു കാരണം വിശ്വാസികള്‍ പലരും നാടുവിടാന്‍ നിര്‍ബന്ധിതരായി. അവരുടെ ഉപരോധം മൂലം ഭക്ഷണം പോലും ലഭിക്കാതെ മഹായാതന അനുഭവിച്ച ആ കാലത്ത് മറ്റു വിശ്വാസക്കാരോടുള്ള നയങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കി. ശത്രുക്കളോടുള്ള നിലപാട്, യുദ്ധഘട്ടത്തില്‍ ശത്രുജനതയോടുള്ള സമീപനങ്ങള്‍, വേട്ടക്കാരോടുള്ള പെരുമാറ്റരീതി, സ്വന്തമായ പരിശുദ്ധിയും സംസ്‌കൃതിയും എങ്ങനെ രൂപപ്പെടുത്തണം എന്നെല്ലാമായിരുന്നു ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ സംസാരിച്ചത്.
സ്വരാജ്യത്ത് നിന്ന് തിരുനബി(സ്വ)യും അനുയായികളും മദീനയിലെത്തി. അവിടെ വെച്ച് ആരാധനകളെ കുറിച്ചും വിധിവിലക്കുകളെ കുറിച്ചും നിയമനിര്‍മാണങ്ങള്‍, പൊതുസമൂഹത്തോടുള്ള കടപ്പാടുകള്‍ എന്നിവയെ സംബന്ധിച്ചെല്ലാമുള്ള ത്യാഗവും അര്‍പ്പണ ബോധവും ഉണര്‍ത്തുന്ന വചനങ്ങള്‍ അവതരിച്ചു. മദീനാവേളയിലെ ഈ അവതരണങ്ങളില്‍ ആത്മധൈര്യം നല്‍കുന്ന വചനങ്ങള്‍ നിരവധിയാണ്. ബദ്ര്‍, ഉഹ്ദ്, തബൂക്ക് അടക്കമുള്ള സമരങ്ങൡ പങ്കാളികളാകാനും സമ്പത്തടക്കമുള്ള സര്‍വവും സമര്‍പ്പിക്കാനും ഉത്തേജനം നല്‍കുന്ന വചനങ്ങളുടെ അവതരണങ്ങളും ആ കൂട്ടത്തിലുണ്ട്. തമസ്സകറ്റി ജ്ഞാനത്തിന്റെയും ശാന്തിയുടെയും പ്രവാഹമായ വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം തിരുനബി(സ്വ)യുടെ വേര്‍പ്പാടിന്റെ എട്ടു ദിവസം മുമ്പ് നിലച്ചുവെന്നാണ് ചരിത്രം. അതിജയിക്കാനാകാത്ത സാഹിത്യ ഗ്രന്ഥമായും സകലമാന വിജ്ഞാനങ്ങള്‍ക്കും മാനവികതയുടെ വിജയത്തിനും അടിസ്ഥാന രേഖയായും ഖുര്‍ആനിന്റെ അവതരണം പൂര്‍ണമായി. അല്‍ബഖറ സൂറത്തിലെ 281-ാം വചനമാണ് അവസാനമായി അവതരിപ്പിക്കപ്പെട്ടതെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. തൗബ സൂറത്തിലെ അവസാനത്തെ രണ്ട് വചനങ്ങളാണെന്നും അല്‍ ബഖറയിലെ പലിശ സംബന്ധിയായ വചനങ്ങളാണെന്നും അഭിപ്രായമുണ്ട്.
മക്കയില്‍ അവതരണം നടന്നതിന്റെ വലുപ്പം നോക്കിയാല്‍ അവ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ട് ഭാഗം വരും. ബാക്കി ഒരു ഭാഗം (24 സൂറത്തുകള്‍) മദീനയിലാണ് അവതരിച്ചത്. ആകെ 114 സൂറത്തുകള്‍ 6236 വചനങ്ങള്‍ 77933 വാക്കുകള്‍, 332015 അക്ഷരങ്ങള്‍. (എണ്ണങ്ങളുടെ കൃത്യതയില്‍ ചില ഗവേഷകര്‍ക്ക് ചെറിയ പക്ഷാന്തരങ്ങളുണ്ട്).
പശ്ചാത്തലങ്ങള്‍
ഖുര്‍ആന്‍ മക്കിയ്യ്, മദനിയ്യ് എന്നിങ്ങനെ രണ്ട് വിഭാഗമാണ്. ഹിജ്‌റക്ക് മുമ്പ് അവതീര്‍ണമായവയാണ് മക്കിയ്യ്, ഹിജ്‌റക്കു ശേഷമുള്ളത് മദനിയ്യ്. യാത്രാവേളയില്‍ അവതരിപ്പിക്കപ്പെട്ടവക്ക് സഫരി എന്നും നാട്ടിലവതരിച്ചതിന് ഹളരി എന്നും പറയുന്നു. അപ്രകാരം ലൈലിയ്യ്(രാത്രിയില്‍ അവതരിച്ചത്), നഹാരിയ്യ്(പകലില്‍ അവതരിച്ചത്), സമാഇയ്യ്(ആകാശത്ത് അവതരിച്ചത്), അര്‍ളിയ്യ്(ഭൂമിയില്‍ അവതരിച്ചത്) എന്നിങ്ങനെ ഓരോ സൂക്തത്തിനും വിശേഷണങ്ങളുണ്ട്.
ഖുര്‍ആനിന്റെ ആശയം ഗ്രഹിക്കാനും സാരാര്‍ത്ഥങ്ങള്‍ അറിയാനും അവതരണ പശ്ചാത്തലങ്ങള്‍ (സബബുന്നുസൂല്‍) ഗ്രഹിക്കല്‍ നിര്‍ബന്ധമാണ്. തിരുനബി(സ്വ)യുടെ കാലത്ത് സംഭവിച്ച വിഷയത്തിനോ അല്ലെങ്കില്‍ നബിയുടെ മുന്നില്‍ ചോദ്യമായെത്തിയ വിഷയത്തിനോ ഒന്നോ അധികമോ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുന്നു. ഇത്തരം വചനങ്ങളുടെ യഥാര്‍ത്ഥ ആശയവും അര്‍ത്ഥവും അറിയണമെങ്കില്‍ പശ്ചാത്തലങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. ഇമാം വാഹിദി(റ) പറഞ്ഞു: ആയത്തുകളുടെ അവതരണ കാരണം അറിയാതെ തഫ്‌സീര്‍ (വ്യാഖ്യാനം) സാധ്യമല്ല. ഖുര്‍ആന്റെ ആശയങ്ങളും അര്‍ത്ഥവും മനസ്സിലാക്കാന്‍ സബബുന്നുസൂല്‍ (അവതരണ കാരണം) അറിയല്‍ നിര്‍ബന്ധമാണെന്ന് പ്രമുഖ പണ്ഡിതനായ ഇബ്‌നു ദഖീഖില്‍ ഈദ് അഭിപ്രായപ്പെടുന്നു (ഇത്ഖാന്‍).
ഖുര്‍ആന്‍ സൂക്തങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. കൂടുതല്‍ ഖുര്‍ആന്‍ വചനങ്ങളും ഈ രൂപത്തിലുള്ളതാണ് (മനാഹിലുല്‍ ഇര്‍ഫാന്‍). രണ്ട്, പ്രത്യേക അവതരണ പശ്ചാത്തലങ്ങളുള്ളത്.
ഇമാം ബുഖാരി(റ)യുടെ ഗുരു അലിയ്യുബ്‌നുല്‍ മദീനി(റ), അല്ലാമാ ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ) തുടങ്ങിയവര്‍ ഇവ്വിഷയകമായി രചനകള്‍ നടത്തിയവരാണ്. വ്യാപകാര്‍ത്ഥമുള്ള പല പദങ്ങളുടെയും വിവക്ഷ, നിയമ വിധികളുടെ വ്യാപ്തി, സോപാധികവും നിരുപാധികവുമായ പ്രയോഗങ്ങളിലടങ്ങിയ രഹസ്യം തുടങ്ങി അനേകം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ആയത്തുകളുടെ അര്‍ത്ഥം ഗ്രഹിക്കുന്നതിനും അവതരണ പശ്ചാത്തലങ്ങള്‍ അറിയാതെ സാധ്യമല്ല. പദങ്ങള്‍ക്ക് സന്ദര്‍ഭാനുസരണം അര്‍ത്ഥമാറ്റം സംഭവിക്കുന്നത് എല്ലാ ഭാഷകളിലുമുള്ളതാണെങ്കിലും അറബിയില്‍ ഈ അര്‍ത്ഥമാറ്റം സര്‍വ സാധാരണവും വ്യാപകവുമാണ്. അവതരണോദ്ദേശ്യവും പശ്ചാത്തലവും അറിയാതിരുന്നാല്‍ പലപ്പോഴും ആശയപരമായ മാറ്റങ്ങള്‍ തന്നെ സംഭവിക്കാനിടയുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ വജ്ഹുണ്ട് എന്ന ആശയമുള്ള സൂക്തം ഉദ്ധരിച്ച് നിസ്‌കാരത്തില്‍ ഖിബ്‌ലയിലേക്ക് തിരിയല്‍ നിര്‍ബന്ധമില്ലെന്നും ഏത് ഭാഗത്തേക്കും തിരിഞ്ഞ് നിസ്‌കരിക്കാവുന്നതാണെന്നും ചിലര്‍ വാദിക്കുകയുണ്ടായി. എന്നാല്‍ ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം മനസ്സിലാക്കിയാല്‍ പ്രസ്തുത വാദം തെറ്റാണെന്ന് ബോധ്യമാവും. യാത്രക്കാരന്റെ സുന്നത്ത് നിസ്‌കാരത്തെ കുറിച്ചാണ് ഈ ആയത്തിലെ പരാമര്‍ശം. അനുവദനീയ യാത്രകളില്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ക്ക് മാത്രമാണ് ഈ നിയമമെന്നും ഫര്‍ള് നിസ്‌കാരങ്ങളിലെല്ലാം ഖിബ്‌ലയിലേക്ക് തിരിയല്‍ നിര്‍ബന്ധമാണെന്നും ഇമാമുമാര്‍ വിശദീകരിച്ചിട്ടുണ്ട്.
ചില പ്രത്യേക സംഭവങ്ങളെ ആധാരമാക്കിയാണ് സൂക്തം അവതീര്‍ണമാകുന്നതെങ്കിലും പൊതുവീക്ഷണമുള്ള പദങ്ങളുള്‍ക്കൊള്ളുമ്പോള്‍ അതിനെ വ്യാപകാര്‍ത്ഥപ്രകാരം തന്നെ പരിഗണിക്കുന്നു. ആയത്തിലെ നിയമ വിധികള്‍ എക്കാലത്തുമുണ്ടാകുന്ന തുല്യ സംഭവങ്ങള്‍ക്ക് കൂടി ബാധകമാവുന്നതാണ്. ഖുര്‍ആനിന്റെ സാര്‍വലൗകികത തെളിയിക്കുന്നത് ഇതിലൂടെയാണ്. ആഇശ ബീവി(റ)ക്കെതിരെയുണ്ടായ അപവാദ കഥയുടെ പശ്ചാത്തലത്തിലാണ് ഖദ്ഫിന്റെ (അപവാദാരോപണ വിധി) വചനം അവതരിക്കുന്നത്. അപ്രകാരം തന്നെ സാബിത്ത് ബ്‌നു ഖൈസ്, സലമത്ത് ബ്‌നു സഖ്ര്‍ എന്നിവരെ സംബന്ധിച്ചാണ് ളിഹാര്‍ (ഭര്‍ത്താവ് ഭാര്യയെ തന്റെ വിവാഹം നിഷിദ്ധമായ ബന്ധുക്കളായ സ്ത്രീകളോട് ഉപമിക്കല്‍) വിധികള്‍ വിവരിച്ച് കൊണ്ട് ആയത്തിറങ്ങിയത്. ദാമ്പത്യ രംഗത്തെ മറ്റൊരു നടപടിയായ ലിആനിന്റെ (ആരോപണ വിധേയരായ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സത്യം ചെയ്ത് പിരിയുക) വിധികളിറങ്ങിയത് ഹിലാലുബ്‌നു ഉമയ്യ എന്ന സ്വഹാബിയുടെ പ്രശ്‌നത്തിലാണ്. അവ ഇറങ്ങിയത് പ്രത്യേക സാഹചര്യത്തിലും വ്യക്തികളിലുമാണെങ്കിലും അവയിലെ വിധികള്‍ എക്കാലത്തേക്കും ബാധകമാണ്. മനുഷ്യ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാര സൂചനകള്‍ ഖുര്‍ആന്‍ തരുന്നു.
ഏത് സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളും പ്രശ്‌നങ്ങളും ഏകമായിരിക്കും. അതിനാല്‍ തിരുനബി(സ്വ)യുടെ കാലത്ത് നടന്ന സംഭവവികാസങ്ങള്‍ക്കു പൂരണമായി അവതരിച്ച ഖുര്‍ആന്‍ സന്ദേശങ്ങള്‍ അവയെ സമീപിക്കേണ്ടതിലേക്കുള്ള ദിശാ സൂചകങ്ങളാണ്. വിശദാംശങ്ങളിലും വീക്ഷണ രീതികളിലും വൈജാത്യമുണ്ടെങ്കിലും അടിസ്ഥാനം ഒന്നായിരിക്കും. അതുകൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിധികള്‍ എല്ലാവര്‍ക്കും ബാധകമാണ്. ആധുനിക പ്രശ്‌നങ്ങള്‍ പൗരാണിക പ്രശ്‌നങ്ങളുടെ തുല്യ വിഷയങ്ങളായത് കൊണ്ട് പുതിയ ഗവേഷണത്തിനാവശ്യമില്ലെന്നും അല്‍പ്പം വിശദീകരണമോ ചര്‍ച്ചയോ മതിയാവുമെന്നും പറയുന്നത് അത് കൊണ്ടാണ്.
ചില സ്വഹാബികളുടെ അഭിലാഷത്തിനനുസരിച്ചും ഖുര്‍ആനിക വചനങ്ങള്‍ അവതരിച്ചിട്ടുണ്ട്. ഉമര്‍(റ)വിന്റെ അഭീഷ്ടത്തിനൊത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹു ഉമറിന്റെ നാക്കിലും ഹൃദയത്തിലും സത്യത്തെ നിശ്ചയിച്ചിരിക്കുന്നു. ഹിജാബ് (പര്‍ദ്ദ), മഖാമു ഇബ്‌റാഹീം, ബദ്‌റിലെ തടവുകാര്‍, മദ്യനിരോധനം എന്നിവയെ കുറിച്ച് ഉമര്‍(റ)വിന്റെ അഭിപ്രായം ശരിവെച്ച് ഖുര്‍ആനവതരണമുണ്ടായിട്ടുണ്ട്. സഅ്ദുബ്‌നു മുആദ്, മുസ്അബുബ്‌നു ഉമൈര്‍ തുടങ്ങിയ സ്വഹാബീ പ്രമുഖരുടെ വാചകങ്ങളും ഖുര്‍ആന്‍ ആയത്തുകളായി അവതീര്‍ണമായിട്ടുണ്ട്. ലൗഹുല്‍ മഹ്ഫൂളിലുള്ള, ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് സമാനമായി ചില വചനങ്ങള്‍ പ്രത്യേക സാഹചര്യങ്ങളില്‍ സ്വഹാബികളുടെ സ്ഫുടമായ മനസ്സില്‍ തെളിയുന്നതാണിതിനു കാരണം. അവര്‍ അത് ബോധോദയമെന്നോ വഹ്‌യ് എന്നോ അവകാശപ്പെടാതെ സ്വാഭാവികമായി പുറത്ത് വിടുകയും പിന്നീട് ആ വാക്കുകള്‍ ഖുര്‍ആന്‍ സൂക്തങ്ങളായി നബിക്ക് ലഭിക്കുകയും ചെയ്യുന്നു. നബിയില്‍ നിന്ന് കേള്‍ക്കുമ്പോഴാണ് തങ്ങളുടെ വാക്കുകള്‍ ഖുര്‍ആന്‍ സൂക്തങ്ങളുമായി ഒത്തുവന്ന വിവരങ്ങള്‍ അവര്‍ അറിയുന്നത്.
ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലങ്ങള്‍ അറിയുന്നതിന്റെ നേട്ടങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
- അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ അടങ്ങിയിട്ടുള്ള പൊരുളുകള്‍ മനസ്സിലാക്കാന്‍ കഴിയുന്നു.
- ഖുര്‍ആന്‍ സൂക്തങ്ങളുടെ കൃത്യമായ അര്‍ത്ഥങ്ങളും ഉദ്ദേശ്യവും ഗ്രഹിക്കാന്‍ കഴിയുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് പഴുതില്ലാതാവുന്നു. സൂക്തങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും ചരിത്രവും മനസ്സിലാക്കാതെ സാരം ഗ്രഹിക്കുക സാധ്യമല്ലെന്നാണ് ഇമാം വാഹിദി(റ)യുടെ അഭിപ്രായം.
താങ്കള്‍ പ്രവര്‍ത്തിച്ച കാര്യത്തില്‍ സന്തോഷിക്കുകയും പ്രവര്‍ത്തിക്കാത്തതില്‍ പ്രശംസിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടവരാണെന്ന് താങ്കള്‍ ഒട്ടും വിചാരിക്കരുത്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട് എന്ന് സാരം വരുന്ന(3:188) സൂക്തമവതരിച്ചപ്പോള്‍ മര്‍വാനുബ്‌നു ഹകം(റ)വിന് ശക്തമായ പ്രയാസമുണ്ടായി. ചെയ്ത കാര്യത്തില്‍ സന്തോഷിക്കുകയും ചെയ്യാത്തതില്‍ പ്രശംസിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക നിമിത്തം ശിക്ഷിക്കപ്പെടുമെങ്കില്‍ നാമെല്ലാം കടുത്ത ശിക്ഷക്ക് ഇരകളാവുമല്ലോ എന്നായിരുന്നു മര്‍വാനുബ്‌നു ഹകം(റ)വിന്റെ സംശയം. ഇബ്‌നു അബ്ബാസ്(റ) ആ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ചപ്പോഴാണ് തന്റെ സംശയങ്ങള്‍ നീങ്ങിയതും മനസ്സമാധാനമുണ്ടായതും. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഇത് വേദക്കാരെ കുറിച്ച് അവതരിച്ച സൂക്തമാണ്. ഒരു ദിവസം നബി(സ്വ) ജൂതന്മാരുടെ വേദഗ്രന്ഥത്തിലുള്ള ഒരു വിഷയം ചോദിച്ചപ്പോള്‍ സത്യം മൂടിവെച്ച് അവര്‍ മറ്റൊന്ന് പറഞ്ഞു. തങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് നബി(സ്വ) ധരിച്ചിരിക്കുമെന്ന് അവര്‍ കരുതുകയും അവര്‍ സന്തുഷ്ടരാവുകയും ചെയ്തു. സത്യം പറഞ്ഞവരാണെന്ന് ധരിച്ച് ജനങ്ങള്‍ തങ്ങളെ പ്രശംസിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. ഈ സന്ദര്‍ഭത്തില്‍ അവരെ കുറിച്ചാണ് ഈ സൂക്തം അവതരിക്കുന്നത്.
- സൂക്തത്തില്‍ പ്രതിപാദിച്ചവര്‍ക്കു മാത്രമേ അതിലെ വിധി ബാധകമാവുകയുള്ളൂ എന്ന ധാരണ നീക്കാനും വിധിയുടെ വ്യാപ്തി ഗ്രഹിക്കാനും സാധിക്കുന്നു.
- സൂക്തങ്ങള്‍ വേഗം ഓര്‍മിക്കാനും സാരം ഗ്രഹിക്കാനും കഴിയുന്നു.
- സൂക്താവതരണത്തിന് കാരണമായ പ്രത്യേക വ്യക്തിയെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അത് മനസ്സിലായില്ലെങ്കില്‍ സൂക്തത്തില്‍ ഉള്‍ക്കൊള്ളുന്ന വിധി മറ്റൊരാളുടെ മേല്‍ ആരോപിക്കാന്‍ ഇടവരും. സൂറത്തുല്‍ അഹ്ഖാഫിലെ 17-ാം സൂക്തത്തില്‍ മാതാപിതാക്കളെ അനുസരിക്കാത്ത ഒരു പുത്രനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുത്രന്‍ സിദ്ദീഖ്(റ)വിന്റെ മകന്‍ അബ്ദുറഹ്മാനാണെന്ന് മര്‍വാന്‍ ഒരിക്കല്‍ ആരോപിച്ചു. ആഇശ(റ) അവതരണ പശ്ചാത്തലം വിവരിച്ചു കൊണ്ട് അത് തെറ്റാണെന്നു മനസ്സിലാക്കിക്കൊടുക്കുകയുണ്ടായി (ഇബ്‌നു കസീര്‍ 4/159).
നബി(സ്വ)ക്ക് വഹ്‌യ് (ദിവ്യസന്ദേശം) ലഭിക്കുന്നത് അനുഭവത്തിലൂടെ മനസ്സിലാക്കിയവരാണ് സ്വഹാബികള്‍. അവരില്‍ നിന്ന് ലഭിക്കുന്ന ശരിയായ റിപ്പോര്‍ട്ടുകളാണ് അവതരണ പശ്ചാത്തലം നിര്‍ണയിക്കുന്നതില്‍ അവലംബിക്കുന്നത്.
എന്നാല്‍ ഒരു താബിഇല്‍ (സ്വഹാബികളുടെ ശിഷ്യന്‍) നിന്നാണ് റിപ്പോര്‍ട്ടെങ്കില്‍ മറ്റൊരു സ്വീകാര്യനായ താബിഇലൂടെ അതു ബലവത്താകണമെന്ന നിബന്ധനയുണ്ട്. അതിന് പുറമെ സ്വഹാബികളില്‍ നിന്നു ഹദീസ് നിവേദനം ചെയ്യാന്‍ അര്‍ഹനുമായിരിക്കണം (മനാഹിലുല്‍ ഇര്‍ഫാന്‍). ഒരു സൂക്തത്തിനുതന്നെ വിവിധ അവതരണ പശ്ചാത്തലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതാണ് സ്വീകാര്യം എന്നതു സംബന്ധിച്ചു ഇമാമുകളുടെ നിലപാട് ഇതാണ്:
1) ഒരു റിപ്പോര്‍ട്ട് സ്വഹീഹും (കുറ്റമറ്റത്) മറ്റൊന്ന് സ്വഹീഹ് അല്ലാത്തതും വരുമ്പോള്‍ സ്വഹീഹ് സ്വീകരിക്കണം.
പൂര്‍വാഹ്നത്തെക്കൊണ്ട് സത്യം; ഇരുള്‍ മൂടിയ രാത്രിയെ കൊണ്ടും സത്യം; താങ്കളുടെ നാഥന്‍ അങ്ങയെ ഉപേക്ഷിച്ചിട്ടില്ല. താങ്കളോട് കോപിച്ചിട്ടുമില്ല എന്നര്‍ത്ഥം വരുന്ന 93-ാം സൂറത്തിലെ സൂക്തങ്ങളവതരിക്കാനുള്ള കാരണം വിവരിച്ചുകൊണ്ടുള്ള രണ്ട് നിവേദനങ്ങളുണ്ട്. ഒന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.
രോഗം കാരണം നബി(സ്വ)ക്ക് ഒന്നോ രണ്ടോ രാത്രി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ വന്നുപറഞ്ഞു: മുഹമ്മദ്! നിന്റെ ശൈത്വാന്‍ നിന്നെ ഉപേക്ഷിച്ചെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞ അവസരത്തിലാണ് പ്രസ്തുത സൂക്തങ്ങള്‍ അവതരിച്ചത്. മറ്റൊന്ന് ത്വബ്‌റാനി(റ)യുടെ റിപ്പോര്‍ട്ടാണ്. അത് ഇങ്ങനെ: ഒരു നായക്കുട്ടി നബി(സ്വ)യുടെ കട്ടിലിനടിയില്‍ കിടന്നു ചത്തു. ആരും അതറിഞ്ഞില്ല. അനന്തരം നാലു ദിവസം വരെ വഹ്‌യ് ഇറങ്ങിയില്ല. വീട്ടില്‍ അസാധാരണമായ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഖൗല(റ)യോട് നബി(സ്വ)പറഞ്ഞു. ഖൗല വീട് അടിച്ചു വൃത്തിയാക്കാന്‍ തുടങ്ങി. അങ്ങനെ നായക്കുട്ടി ദൃഷ്ടിയില്‍പെട്ടു. അതിനെ എടുത്തുമാറ്റി. താമസിയാതെ വഹ്‌യിറങ്ങി. (നായ ഉള്ളിടത്ത് ജിബ്‌രീല്‍ ഇറങ്ങുകയില്ല). പ്രസ്തുത സൂക്തങ്ങള്‍ തദവസരം അവതരിച്ചതാണ് (ഉംദത്തുല്‍ ഖാരീ 7/172). മുകളിലുദ്ധരിച്ച രണ്ട് കാരണങ്ങളില്‍ ആദ്യത്തേത് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തതായതിനാല്‍ അതിനാണ് മുന്‍ഗണന.
2) രണ്ടും സ്വഹീഹാണെങ്കിലും ഒന്നിന് ചില കാരണങ്ങളാല്‍ മുന്‍തൂക്കം ലഭിച്ചാല്‍ അതിന് മുന്‍ഗണന നല്‍കുന്നു. അവര്‍ റൂഹി (ആത്മാവ്)നെക്കുറിച്ച് ചോദിക്കുന്നു. റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍പ്പെട്ടതാണെന്ന് മറുപടി പറയുക എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം ഇമാം ബുഖാരി(റ) വിവരിക്കുന്നതിങ്ങനെയാണ്: ഇബ്‌നു അബ്ബാസ്(റ) പറയുന്നു; ഞാന്‍ നബി(സ്വ)യോടൊന്നിച്ച് മദീനയിലൂടെ നടന്നുപോവുകയാണ്. ഒരു സംഘം യഹൂദികളുടെ സമീപമെത്തിയപ്പോള്‍ നബി(സ്വ) നടത്തം നിര്‍ത്തി. തങ്ങള്‍ക്ക് വഹ്‌യ് അവതരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അനന്തരം തങ്ങള്‍ പ്രസ്തുത സൂക്തമോതി (ബുഖാരി).
ജൂതന്മാരുടെ പ്രേരണ നിമിത്തം ഖുറൈശികള്‍ നബി(സ്വ)യോട് റൂഹിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പ്രസ്തുത സൂക്തമവതരിച്ചതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു (തുര്‍മുദി). രണ്ട് നിവേദനങ്ങളും സ്വഹീഹ് തന്നെ. പക്ഷേ ബുഖാരിയുടെ നിവേദനത്തിന് മുന്‍ഗണനയുണ്ട്. ദൃക്‌സാക്ഷിവിവരണവുമാണത്. രണ്ടാമത്തേത് അങ്ങനെയാണെന്നതിന് തെളിവില്ല.
3) രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹായിരിക്കുകയും അവയിലൊന്നിന് പ്രത്യേക മുന്‍ഗണനയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ രണ്ടു കാരണങ്ങളും ഒന്നിച്ചുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുന്നു. ഉദാഹരണം, ഒരാള്‍ സ്വന്തം ഭാര്യയെ കുറിച്ച് വ്യഭിചാരമാരോപിച്ചാല്‍ ആ ആരോപണത്തിനുള്ള ശിക്ഷയില്‍ നിന്നൊഴിവാകാന്‍ അയാള്‍, താന്‍ സത്യം പറയുന്നവരില്‍പെട്ടവനാണെന്ന് നാലു തവണ അല്ലാഹുവെ മുന്‍നിര്‍ത്തി സത്യം ചെയ്യണം. അഞ്ചാം തവണ താന്‍ കളവു പറയുന്നവരില്‍പെട്ടവനാണെങ്കില്‍ തന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്നു ശാപപ്രാര്‍ത്ഥന നടത്തുകയും വേണം. ഇതിനു ‘ലിആന്‍’ എന്നു പറയുന്നു. ഈ വിധി പ്രഖ്യാപിക്കുന്ന 24: 6-7 സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ഇമാം ബുഖാരി(റ) ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു: ‘തന്റെ ഭാര്യ വ്യഭിചരിക്കുന്നതായി ഹിലാലുബ്‌നു ഉമയ്യത്ത് നേരില്‍ കണ്ടു. അദ്ദേഹമത് നബി(സ്വ)യോട് പറഞ്ഞു. സാക്ഷികള്‍ വേണം, അല്ലെങ്കില്‍ വ്യഭിചാരാരോപണ ശിക്ഷക്കു താങ്കള്‍ വിധേയനാകേണ്ടിവരുമെന്ന് നബി(സ്വ) പറഞ്ഞു. അപ്പോള്‍ ഹിലാല്‍(റ) പറഞ്ഞു: ഒരാള്‍ തന്റെ ഭാര്യ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സാക്ഷിനിറുത്താന്‍ ആളെ അന്വേഷിച്ചു പോകുമോ നബിയേ? ഞാന്‍ പറഞ്ഞത് സത്യമാണ്.’ ഈ സംഭവത്തോടനുബന്ധിച്ചാണു മുകളിലുദ്ധരിച്ച സൂക്തങ്ങളവതരിച്ചത്.
ഇമാം ബുഖാരി(റ)യുടെ മറ്റൊരു ഹദീസില്‍, ഉവൈമിറിനെയും ഭാര്യയെയും കുറിച്ചാണ് മേല്‍ സൂക്തങ്ങള്‍ അവതരിച്ചതെന്നുമുണ്ട്. ഈ രണ്ടു റിപ്പോര്‍ട്ടുകളും കുറ്റമറ്റതാണ്. ഒന്നിനും മുന്‍ഗണനയില്ല. രണ്ടു സംഭവങ്ങളുമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടും അവതരണപശ്ചാത്തലമായി ഗണിക്കുന്നു.
4) രണ്ടു റിപ്പോര്‍ട്ടുകളും സ്വഹീഹായിരിക്കെ രണ്ടു സംഭവങ്ങളും ഒന്നിച്ചുണ്ടാക്കാന്‍ സാധ്യതയുമില്ല. വ്യത്യസ്ത സംഭവങ്ങള്‍ക്കനുസരിച്ച് സൂക്തം ആവര്‍ത്തിച്ചവതരിച്ചുവെന്ന് മനസ്സിലാക്കുന്നു. ഉദാഹരണം: ‘നിങ്ങള്‍ ശിക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെട്ടതിനു തുല്യമായി ശിക്ഷിക്കുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ ക്ഷമാശീലര്‍ക്ക് അതാണുത്തമം’ എന്ന ആശയമുള്ള 16: 126-128 സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഉഹ്ദ് യുദ്ധത്തില്‍ ഹംസ(റ) കൊല്ലപ്പെട്ടു. ശത്രുക്കള്‍ അദ്ദേഹത്തെ ചിത്രവധം ചെയ്തു. ഇതു കണ്ട് വേദനാപൂര്‍വം തിരുനബി(സ്വ) പറഞ്ഞു: താങ്കളുടെ സ്ഥാനത്ത് ശത്രുക്കളില്‍ നിന്ന് ഏഴുപേരെ നാം ചിത്രവധം ചെയ്യും. ഉടനെ മുകളിലുദ്ധരിച്ച സൂക്തങ്ങളവതരിച്ചു (ബൈഹഖി). മറ്റൊരു റിപ്പോര്‍ട്ട്: ഉഹ്ദ് യുദ്ധത്തില്‍ അന്‍സ്വാരികളില്‍ 64 പേരും മുഹാജിറുകളില്‍ ആറു പേരും കൊല്ലപ്പെട്ടു. ശത്രുക്കള്‍ അവരെ ചിത്രവധം ചെയ്തു. ഇതു കണ്ട അന്‍സ്വാരികള്‍ പറഞ്ഞു: ഇനിയൊരുദിനം നമുക്കു ലഭിച്ചാല്‍ ഇതിനേക്കാള്‍ കൂടുതല്‍ നാം ശത്രുക്കളെ ചിത്രവധം ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം മുസ്‌ലിംകള്‍ മക്ക വിജയിച്ചടക്കി. അപ്പോഴാണ് പ്രസ്തുത സൂക്തങ്ങളവതരിക്കുന്നത് (തിര്‍മുദി). ബൈഹഖി(റ)യുടെ റിപ്പോര്‍ട്ടനുസരിച്ച് ഉഹ്ദിലാണ് അവതരണം. തിര്‍മുദി(റ)യുടേതനുസരിച്ച് മക്കാ ഫത്ഹിലും. രണ്ടിനുമിടയില്‍ വര്‍ഷങ്ങളുടെ അകലമുണ്ട്. അതുകൊണ്ട് രണ്ടു സന്ദര്‍ഭങ്ങളിലും സൂക്തങ്ങളവതരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഒരു സൂക്തം ആവര്‍ത്തിച്ചവതരിച്ചാല്‍ അതിന് മറ്റു സൂക്തങ്ങളേക്കാള്‍ മഹത്ത്വമര്‍ഹിക്കുന്നുവെന്നും അത് സൂചിപ്പിക്കുന്നു. അതിലെ ആശയങ്ങള്‍ പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുവെന്നും വരുന്നു.
കാരണം ഒന്ന്; സൂക്തം പലത്
ഒരു സൂക്തമവതരിക്കാന്‍ ഒന്നിലധികം കാരണമുണ്ടാവുന്നതു പോലെ ഒരു കാരണത്താല്‍ പല സൂക്തങ്ങള്‍ അവതരിക്കുകയുമുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ പ്രവാചകര്‍(സ്വ)യോട് ഉമ്മുസലമ(റ) പറഞ്ഞു: തങ്ങള്‍ പുരുഷന്മാരെ കുറിച്ച് പറയുന്നു. സ്ത്രീകളെ പരാമര്‍ശിക്കുന്നുമില്ല. എന്താണത്? സൂറത്തുല്‍ അഹ്‌സാബിലെ 35-ാം സൂക്തവും ആലുഇംറാനിലെ 195-ാം സൂക്തവും അവതരിച്ചത് ഈ ചോദ്യത്തിന് മറുപടിയായിക്കൊണ്ടായിരുന്നു (ഹാകിം). ഈമാന്‍ കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നത് ആണോ പെണ്ണോ ആവട്ടെ അവരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല എന്ന ആശയമാണ് ആ സൂക്തങ്ങളുള്‍ക്കൊള്ളുന്നത്.
ആമ്മ്, ഖാസ്സ്വ്
ഒരു പ്രത്യേക വ്യക്തിയെയോ സംഭവത്തെയോ മാത്രം ബാധിക്കുന്നതിന് ഖാസ്സ്വ് (വ്യക്തിപരം) എന്നും എല്ലാവരെയും ബാധിക്കുന്നതിന് ആമ്മ് (സാമാന്യമായത്) എന്നും പറയുന്നു. അവതരണ പശ്ചാതലത്തിലും അതനുസരിച്ചവതരിക്കുന്ന സൂക്തങ്ങളിലെ പദങ്ങളിലും ഇവ രണ്ടും കാണാം.
അപൂര്‍ണമായ മറുപടി
ഒരു ചോദ്യത്തിന്റെ മറുപടി രണ്ടു വിധത്തില്‍ വരുന്നു. ഒന്ന്, സ്വയം പൂര്‍ണമല്ലാത്തത്. ചോദ്യത്തോട് ബന്ധപ്പെടുത്തിയാല്‍ മാത്രമേ അതില്‍നിന്നു നിയമം ലഭിക്കുകയുള്ളൂ.
രണ്ട്, ചോദ്യത്തോട് ബന്ധപ്പെടുത്താതെ തന്നെ നിയമം ലഭ്യമാകുന്നത്. ഒന്നാമത്തെ വിഭാഗത്തില്‍ ചോദ്യവും മറുപടിയും തുല്യനിലയില്‍ വരുമ്പോള്‍ അതിനെ രണ്ടായി തരം തിരിക്കാനാവും.
1) സാമാന്യ(ആമ്മ്)മായ ചോദ്യവും മറുപടിയും. അതിലെ നിയമം സാമാന്യമായിരിക്കും. ഉദാഹരണം: കടലിലെ വെള്ളം കൊണ്ട് വുളു എടുത്താല്‍ അനുവദനീയമാണോ എന്ന ചോദ്യത്തിന് അതേ എന്നോ അനുവദനീയമാകും എന്നോ ആണ് മറുപടിയെങ്കില്‍ ഉദ്ദേശ്യമിതാണ്, കടലിലെ വെള്ളംകൊണ്ട് ചോദ്യകര്‍ത്താവടക്കമുള്ള എല്ലാവര്‍ക്കും വുളു എടുക്കാം.
2) ചോദ്യവും മറുപടിയും സാമാന്യമല്ല. ഖാസ്സ്വ് ആണ്. അവിടെ നിയമവും സമാന്യമായിരിക്കുകയില്ല എന്നാണ് ശരിയായ പക്ഷം. ഉദാഹരണം, ഞാന്‍ കടലിലെ വെള്ളംകൊണ്ട് വുളു എടുത്തു. എനിക്കതുമതിയാകുമോ എന്ന ചോദ്യത്തിനു നിനക്കതുമതിയാകും എന്നാണ് മറുപടിയെങ്കില്‍ ചോദ്യകര്‍ത്താവിനെ മാത്രമേ ‘മതിയാകും’ എന്ന നിയമം ബാധിക്കുകയുള്ളൂ. മറ്റുള്ളവരുടേത് മറുപടി ഉള്‍ക്കൊള്ളുന്നില്ല. അതിനു വേറെ തെളിവുവേണം.
ചോദ്യത്തോട്, അഥവാ കാരണത്തോട് ബന്ധപ്പെടുത്താതെ തന്നെ നിയമം ഗ്രഹിക്കാവുന്ന മറുപടിയും രണ്ടായി തരം തിരിക്കാം. ഒന്ന്, സാമാന്യമായ ചോദ്യവും അഥവാ കാരണവും മറുപടിയും. അപ്പോള്‍ നിയമവും സാമാന്യമായിരിക്കും (അനാഥ കുട്ടികളോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യവും മറുപടിയും ഇതിനുദാഹരണമാണ്- 2:220).
രണ്ട്: വ്യക്തിപരമായ ചോദ്യവും കാരണവും മറുപടിയും. ഇതില്‍ നിയമവും വ്യക്തിപരം (ഖാസ്സ്വ്) ആയിരിക്കും. ഉദാഹരണം, ആത്മീയ സംസ്‌കരണത്തിനായി ധനം നല്‍കുന്ന ഭക്തന്മാര്‍ അതില്‍ (നരകത്തില്‍) നിന്ന് അകലെയാക്കപ്പെടും. എന്ന അ ല്ലൈല്‍ സൂറത്തിലെ 17-ാം സൂക്തം മുതല്‍ക്കുള്ള ഭാഗം ബിലാല്‍(റ)വിനെ സിദ്ദീഖ്(റ) മോചിപ്പിച്ചതിനെ പുരസ്‌കരിച്ചവതരിച്ചതാണ് (ജലാലൈനി). ഭക്തിയുള്ളവര്‍ എന്നര്‍ത്ഥം വരുന്ന അല്‍ അത്ഖാ എന്നതിലെ ‘അല്‍’ എന്ന അവ്യയം ഒരു പ്രത്യേക വ്യക്തിയെ കുറിക്കുന്നു.
ഇനി സ്വയം പൂര്‍ണമായ മറുപടി ചോദ്യവുമായി (കാരണവുമായി) യോജിക്കാതെ വരുമ്പോള്‍ രണ്ടായി തിരിക്കാം. ഒന്ന്, ചോദ്യം (കാരണം) സമാന്യമായത്. മറുപടി വ്യക്തിപരം. ഇതൊരു ബൗദ്ധിക സാധ്യത മാത്രമാണ്. ഖുര്‍ആനില്‍ അതിന് ഉദാഹരണമില്ല.
രണ്ട്, ചോദ്യം വ്യക്തിപരം, സാമാന്യമായ മറുപടി. ലഹരി ബാധിച്ചവരായി നിസ്‌കരിക്കുന്നതിനെ വിരോധിച്ചുകൊണ്ടവതരിച്ച 4:43 സൂക്തവും ‘ലിആനി’നെക്കുറിച്ചവതരിച്ച 24: 6-7 സൂക്തങ്ങളും ഉദാഹരണങ്ങളാണ്. വ്യക്തിപരമായ പ്രശ്‌നത്തെ പുരസ്‌കരിച്ച് സാമാന്യ പദങ്ങളുപയോഗിച്ചു കൊണ്ടവതരിച്ച ഇത്തരം സൂക്തങ്ങളിലെ വിധികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഖുര്‍ആന്റെ ഘടനയെയും ആശയസമ്പുഷ്ടതയോടും അനുയോജ്യം അതാണെന്നവര്‍ വ്യക്തമാക്കുന്നു.
ഹിലാലുബ്‌നു ഉമയ്യത്ത് തന്റെ ഭാര്യയുടെ മേല്‍ വ്യഭിചാരം ആരോപിച്ചു. സാക്ഷികളില്ലാത്തതുകൊണ്ട് വ്യഭിചാരാരോപണ ശിക്ഷ (80 അടി)ക്ക് വിധേയനാകേണ്ടിവരുമെന്ന് നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: തദവസരം ‘ലിആനി’ന്റെ ആയത്തവതരിച്ചു. ഇവിടെ ഹിലാല്‍(റ)ന്റെതാണ് പ്രശ്‌നം. അത് വ്യക്തപരം (ഖാസ്സ്വ്) ആണ്. സൂക്തത്തിലെ പദം ‘മൗസൂല’യാണ്. അത് സര്‍വനാമമാണ്. വാച്യാര്‍ത്ഥം കൊണ്ട് തന്നെ ഓരോ വ്യക്തിക്കും അത് ബാധകമാകുമെന്ന് വ്യക്തം. ഭാര്യമാരുടെ മേല്‍ വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളെ ഹാജറാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കള്‍ക്കൊക്കെ ഈ സൂക്തത്തിലെ വിധി ബാധകമാണെന്ന് സ്പഷ്ടമാണ്. മറ്റൊരു തെളിവ് അതിനാവശ്യമില്ല. ഇതാണ് ഭൂരിപക്ഷാഭിപ്രായം. സൂക്താവതരണത്തിന് കാരണമായ ഹിലാല്‍(റ)വിന് മാത്രമേ സൂക്തത്തിലെ വിധി വ്യക്തമായി ബാധിക്കൂ. ‘ഖിയാസ്’ പോലെയുള്ള വേറെ തെളിവുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും ബാധകമാകും. ഇതാണ് മറുപക്ഷം പറയുന്നത്. എന്നാല്‍ അവതരണത്തിന് കാരണമായ വ്യക്തിക്ക് മാത്രമേ അത് ബാധകമാവൂ എന്നതിന് പ്രത്യേക തെളിവുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കത് ബാധകമാവുകയില്ല എന്നത് അവിതര്‍ക്കിതമാണ്.