സമര സംവാദങ്ങളിൽ നിന്ന് ഗ്രഹിക്കേണ്ടത്

1921 മലബാർ സമരോർമകൾ നമ്മുടെ സാമൂഹിക പരിസരത്തെ വീണ്ടും സജീ വമാക്കിയിരിക്കുന്നു. ധൈഷണികവും സംവാദാത്മകവുമായ ആലോചനകൾ എക്കാലത്തും സാമൂഹിക മണ്ഡലത്തെ ജീവസ്സുറ്റത്താക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്.
ചരിത്രം, സംസ്‌കാരം, കല, സാഹിത്യം എന്നീ മേഖലകളിലെല്ലാം ഈടുറ്റ ചർച്ചകളും ആക്കാദമിക സ്വഭാവമുള്ള പ്രവർത്തനങ്ങളും നടക്കുന്നത് നല്ലതാണെന്നേ പറയാനാവൂ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലബാർ സമര ചരിത്രത്തെ ഓർക്കേണ്ടതും ഓർമിപ്പിക്കേണ്ടതും.
ചരിത്രം നമുക്ക് മികച്ച പാഠമാണ്,നല്ലൊരു ദിശാസൂചികയും! അതോടൊപ്പം സംഘടനയുടെ സാംസ്‌കാരിക പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ ഇനമാണ് ചരിത്ര പഠനവും സംരക്ഷണവും.
തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരുത്തുറ്റ വടമാണ് ചരിത്രവും അതിനെ മുൻനിർത്തിയുള്ള ആലോചനകളും സംവാദങ്ങളും. ഖേദകരമെന്നു പറയട്ടെ, നമ്മുടെ സാമൂഹിക മണ്ഡലത്തെ മലിനപ്പെടുത്തുന്ന ചിലരുണ്ടിവിടെ. വർഗീയതയാണ് അവരുടെ അന്നവും വെള്ളവും. വർഗീയതയുടെ വിത്തിറക്കാൻ അവസരം പാർത്ത് കഴിയുന്നവർ! വർഗീയ വിളവെടുപ്പിൽ അർമാദിക്കുന്നവർ. വളരെയധികം ജാഗ്രതയോടെയാണ് നാമിതിനെ കാണേണ്ടത്.
1921ൽ മലബാർ കേന്ദ്രീകരിച്ചു നടന്ന ഐതിഹാസികമായ സമര പോരാട്ടങ്ങളടക്കം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതും വ്യവസ്ഥാപിതവും അല്ലാത്തതുമായ കണക്കില്ലാത്ത സമരങ്ങൾ രാജ്യസ്‌നേഹവും സാമൂഹിക മുന്നേറ്റത്തിനു ധീരമായ ചുവടുവെപ്പുകളുമായിരുന്നു. ദീർഘ കാലത്തെ വൈദേശികാധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള അഭിമാനകരമായ പ്രവർത്തനങ്ങളായിരുന്നു അതൊക്കെയും. ഈ സമരങ്ങളുടെയെല്ലാം എതിർസ്ഥാനത്തുണ്ടായിരുന്നത് ഒരു കൂട്ടം മാത്രം-ഇന്ത്യയുടെ ശത്രുക്കൾ! അത്രയേ പോരാളികൾ പരിഗണിച്ചിട്ടുള്ളൂ. അവരിലെ മതജാതി വേർതിരിവുകളായിരുന്നില്ല അന്നത്തെ ചർച്ചാ വിഷയം. ഇത്തരമൊരു നിലപാടിന്റെയും ദേശസ്‌നേഹത്തിന്റെയും പേരിലാണ് പോരാളികളെയും അവർ നയിച്ച സമരങ്ങളെയും നാം ആദരിക്കുന്നത്. എന്നാൽ ചരിത്രത്തിന്റെ തല വെട്ടുന്നവരും ചരിത്രാധ്യായങ്ങളിൽ മാലിന്യം പുരട്ടുന്നവരും ചിലതൊക്കെ കണക്ക് കൂട്ടുന്നുണ്ട്. നിഗൂഢമായ ലക്ഷ്യങ്ങളും അവർക്കുണ്ട്. നാം ഒരിക്കലും അതിൽ വീണുപോകരുത്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാനായി വർഗീയത പരത്തുകയെന്ന തന്ത്രമാണ് അവർ മെനഞ്ഞെടുക്കുന്നത്. അവരാണ് മലബാർ സമരങ്ങളെ ഹിന്ദുഉന്മൂലനമായി അവതരിപ്പിക്കുന്നത്. ഇത് നാം തിരിച്ചറിയണം. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രാജ്യത്തിനു വേണ്ടിയാണ് പട നയിച്ചത്. അദ്ദേഹമടക്കമുള്ള പോരാളികൾ രക്തസാക്ഷികളായതും തുറങ്കിലടക്കപ്പെട്ടതും തൂക്കിലേറ്റപ്പെട്ടതും നാടുകടത്തപ്പെട്ടതുമെല്ലാം രാജ്യത്തിനു വേണ്ടി മാത്രം! ആ വീരചരിതം ഓർക്കുന്നതിൽ രാജ്യസ്‌നേഹവും അഭിമാനവുമുണ്ട്. മതജാതി വൈജാത്യങ്ങൾ ക്കപ്പുറം ഹിന്ദുവും മുസ്‌ലിമും ഒന്നിച്ചുനിന്ന് നയിച്ച പോരാട്ടകഥകൾ അയവിറക്കുന്നതിൽ മതേതര രാജ്യത്തിന് കൃത്യമായ രാഷ്ട്രീയ സന്ദേശവുമുണ്ട്. ബ്രിട്ടീഷുകാർ വെച്ചുനീട്ടിയ ആനുകൂല്യങ്ങളിൽ കണ്ണ് നട്ട് സമരത്തെ ഒറ്റു കൊടുത്തവരുടെ ജാതിയും മതവും നോക്കാതെയുള്ള പോരാട്ടങ്ങളാണ് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്.
ഇത് രാജ്യത്തിന്റെ ചരിത്രമാണ്, ഒരുമയുടെ ഗീതമാണ്. ആ നിലയിലാണ് നാം ചരിത്രത്തെ വായിക്കുന്നത്, വായിക്കേണ്ടതും. എന്നാൽ വാരിയൻ കുന്നനടക്കമുള്ളവർ നയിച്ച സമരങ്ങളുടെ സാമൂഹിക സാഹചര്യത്തെ മുൻനിർത്തി ചരിത്രം വായിക്കുന്നതിന് പകരം വർഗീയാന്ധത ബാധിച്ച മനസ്സുകൊണ്ട് ചരിത്രത്തെ നിരീക്ഷിക്കുകയാണ് സാമൂഹിക ദ്രോഹികൾ ചെയ്തത്. ദോഷൈക ദൃക്കുകൾ ഒന്നിലും നന്മ കാണില്ലെന്നതാണ് വാസ്തവം. നമുക്ക് ചരിത്രത്തെ വായിക്കണം, വായിപ്പിക്കണം. ഏതു ഘട്ടത്തിലായാലും വർഗീയതക്കെതിരെ നിലകൊള്ളണം. അതോടൊപ്പം അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഉടലെടുത്ത പോരാട്ടങ്ങളുടെ പേരിൽ പുതിയ ജിഹാദ് വിളംബരവുമായി രംഗത്തുവരാൻ ആഗ്രഹിക്കുന്നവരോട് നമുക്ക് ഐക്യപ്പെടാനാവില്ല. ഒരുമയുടെ ചരിത്രവും സാഹിത്യങ്ങളും വായിക്കപ്പെടട്ടെ, വിദ്വേഷത്തിന്റെ തീക്കനലുകൾക്കു മേൽ എണ്ണയൊഴിക്കുകയല്ല, വെള്ളമൊഴിച്ച് കെടുത്തുകയാണ് നാം ചെയ്യേണ്ടത്.

ഹാദി

 

Exit mobile version