സമസ്ത ഉലമാ സമ്മേളനം: പ്രസക്തിയും പ്രാധാന്യവും

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒമ്പത് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന പണ്ഡിതസഭയാണ്. ഇന്ത്യയിൽ കാലാകാലങ്ങളായി ഉയർന്നു വന്നതും ഉരുത്തിരിഞ്ഞതുമായ പ്രശ്‌നങ്ങളിൽ പൊതുവെ സമസ്തക്ക് നയവും നിലപാടുണ്ടായിരുന്നു. വിശേഷിച്ച് മതപരവും സാമുദായികവുമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളെടുത്തുകൊണ്ടാണത് പ്രവർത്തിച്ചു വരുന്നത്. കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു എന്നതിനാൽ അതിന്റെ ദൗത്യനിർവഹണത്തിന്റെ ഫലം കേരളീയ സമൂഹത്തിനാണ് കൂടുതൽ ലഭിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി ഇന്ത്യൻ മുസ്‌ലിംകളെ മൊത്തത്തിൽ പ്രബോധിത സമൂഹമായികണ്ടുകൊണ്ടാണത് പ്രവർത്തിക്കുന്നത്. സമസ്ത എന്ന പണ്ഡിത സഭയും അതിന്റെ പോഷക സംഘടനകളും കീഴ്ഘടകങ്ങളും ഉപസമിതികളും ചേർന്ന് അഖിലേന്ത്യാ തലത്തിൽ തന്നെ മുസ്‌ലിം നവോത്ഥാനത്തിനു നേതൃത്വം നൽകി വരുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ പ്രകടമായിക്കാണും വിധം വിപുലവും വ്യാപകവുമാണ്.

ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തന്റെ പൗരധർമം നിർവഹിച്ച് രാഷ്ട്രത്തിന്റെ സുസ്ഥിതിയിൽ പങ്കാളികളാവേണ്ടവനാണ്. അതോടൊപ്പം വിശ്വാസി എന്ന നിലയിൽ തന്റെ മുസ്‌ലിം വ്യക്തിത്വം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലക്ക് സ്വാഭാവികമായും ചില പ്രശ്‌നങ്ങൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. എന്നല്ല ചില രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടത്തിൽ ഒരു ന്യൂനപക്ഷമെന്ന നിലയിൽ മുസ്‌ലിം സമൂഹത്തിന്റെ നിലപാടെന്തായിരിക്കണമെന്ന് സമൂഹത്തിന് പഠിപ്പിക്കാനും നേതൃത്വം നൽകാനും സമസ്ത മുന്നോട്ട് വന്നതാണ് ചരിത്രം.

സങ്കുചിത രാഷ്ട്രീയ വീക്ഷണങ്ങളിൽ നിന്നും മുക്തമായി മുസ്‌ലിം വിചാരത്തിലും ആത്മീയ പ്രചോദനത്തിലുമാണ് കാര്യങ്ങളെ സമീപിക്കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. രാഷ്ട്രീയമായ മുഖവും ഭാവവും നേടിയ ഒരു പ്രശ്‌നത്തെ രമ്യമായി പരിഹരിക്കാൻ സാധിക്കാതെ വരിക എന്നത് സ്വാഭാവികമാണ്. അതിനാൽ സമസ്തയും ഘടകങ്ങളും വിഷയങ്ങളെ കൃത്യമായി വിലയിരുത്തി സമൂഹത്തിന് ദിശാബോധം നൽകുന്നു.

ഇന്നത്തെ സാഹചര്യം ശുഭകരമല്ല എന്നു പറയാതെ വയ്യ. കാരണം മതേതര ജനാധിപത്യ മൂല്യങ്ങൾ അവഗണിക്കപ്പെടുന്ന രീതി ഭരണസംവിധാനങ്ങളിൽ നിന്ന് പല കാര്യങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സമൂഹം കാലാകാലങ്ങളായി നിലനിർത്തിപ്പോരുന്ന കീഴ്‌വഴക്കങ്ങളും സമീപന രീതികളും തിരുത്തപ്പെടുന്നുവെന്നാണനുഭവം. ഒരു ബഹുമത, ബഹുസ്വര സമൂഹത്തിന്റെ ക്ഷേമകരമായ അവസ്ഥയെ തകിടം മറിക്കാൻ ചില ഭരണകൂട നിലപാടുകൾ കാരണമാകുന്നു എന്നാണ് യാഥാർത്ഥ്യം. ഇന്ത്യൻ സമൂഹം ഒന്നാകെ അനുഭവിച്ചതും സാധിച്ചതുമായ ഒരു നല്ല അന്തരീക്ഷം ഇല്ലാതാക്കാനുള്ള പഴുതുകളല്ല തേടേണ്ടത്. മറിച്ച് നിലനിർത്താനും സംരക്ഷിക്കാനുമുള്ള സാധ്യതകളാണ് ആരായേണ്ടത്. മേൽക്കോയ്മയുടേയോ പരാജയപ്പെടലിന്റെയോ അർത്ഥ തലത്തിൽ അനാവശ്യമായി കാര്യങ്ങളെ തളച്ചിടുന്ന രീതി ഗുണകരമാവില്ല.

രാജ്യത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരും ജനാധിപത്യ മതേതര മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരും പൊതുവായി പരിഗണിക്കേണ്ട വിഷയങ്ങളാണ് പലതും. ഇന്ത്യയിലെ വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തങ്ങളെടുക്കുന്ന നിലപാടുകൾ ആത്യന്തികമായി ഗുണകരമായിരിക്കണം. ലക്ഷ്യവും മാർഗവും നന്നാവണമെന്നത് പ്രധാനമാണ്. അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന തൽപര കക്ഷികൾ പ്രത്യക്ഷപ്പെടാൻ സാധ്യത കൂടുതലുള്ള സാഹചര്യം നിലവിലുണ്ട്. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലും ശരീഅത്തിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിലും വലിയ താൽപര്യമില്ലാത്തവരോ, വ്യതിയാന ചിന്തകൾ സ്വാധീനിച്ചവരോ ആയ ആളുകൾ അവസരം ചൂഷണം ചെയ്യുന്നുമുണ്ട്. ഗുണത്തേക്കാളേറെ ദോഷം ചെയ്യാനേ അത്തരം സമീപനങ്ങൾക്കാവൂ.

മുസ്‌ലിം എന്ന നിലയിൽ ഓരോ പൗരനും തന്റെ അടിസ്ഥാന ആശയാദർശങ്ങൾ പാ

ലിക്കാൻ ബാധ്യസ്ഥനാണ്. ഈ വിശ്വാസത്തിലും നിലപാടിലും പ്രചോദിതമായാണ് അവന്റെ സാമൂഹിക ഇടപാടുകളുണ്ടാവേണ്ടത്. മതം വിലക്കുന്നതും മതത്തിന്റെ പരിധിയിൽ സാധുത നേടാനാവാത്തതുമായ രീതികൾ വ്യക്തിജീവിതത്തിലെന്ന പോലെ സാമൂഹ്യ സമീപനങ്ങളിലും വിശ്വാസി സ്വീകരിച്ചുകൂടാ. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ ഒരു ഭരണഘടനയും കീഴ്‌വഴക്കവുമുള്ള പ്രസ്ഥാനമാണ്. അതടിസ്ഥാനത്തിൽ ഏതൊരു ഘട്ടത്തിലും സമാധാനത്തിന്റെ മാർഗമാണത് പ്രബോധനം ചെയ്തതും ചെയ്യുന്നതും.

നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളും അതിന്റെ കാലാകാലങ്ങളിലെ വ്യാഖ്യാനങ്ങളും അനുവദിക്കുന്ന അവകാശാധികാരങ്ങളുടെ പരിധിയിൽ നിന്നു വേണം ആവശ്യങ്ങളുന്നയിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും. സങ്കീർണതകൾക്കു നടുവിലും വിശ്വാസാദർശത്തെ സംരക്ഷിക്കാനാവുമെന്ന് പൂർവികരായ മുസ്‌ലിംകൾ തെളിയിച്ചതാണ്. അത്‌കൊണ്ട് തന്നെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് സമസ്തയുടെ പ്രവർത്തനങ്ങൾ. പഴുതുകൾ തേടി കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്ന രീതി ഗുണമായിരിക്കില്ല എന്നത് മനസ്സിലാക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇതുവരെയുള്ള ചരിത്രം ഒരു തുറന്ന പുസ്തകമാണ്. ഇസ്‌ലാമിനും അതിന്റെ നിയമവ്യവസ്ഥകൾക്കും വിധേയപ്പെട്ടാണ് അത് പ്രവർത്തിച്ചിട്ടുള്ളത്. അവയുടെ സംരക്ഷണത്തിനും പ്രബോധനത്തിനും മുന്തിയ പരിഗണന നൽകിയിട്ടുമുണ്ട്. ഇന്ത്യയിൽ പല ഘട്ടങ്ങളിൽ ശരീഅത്ത് സംബന്ധമായ വിവാദങ്ങളുയർന്നു വന്നു. ആ ഘട്ടങ്ങളിലെല്ലാം സമസ്ത നയം രൂപീകരിക്കുകയും ആവശ്യമായവ ചെയ്യുകയുമുണ്ടായി. മുസ്‌ലിംകളെ രാഷ്ട്രീയമായി പ്രതിനിധീകരിക്കുന്നവർ പലപ്പോഴും ‘വെടക്കാക്കി തനിക്കാക്കൽ’ പ്രവണത സ്വീകരിച്ചതിന്റെ പ്രത്യാഘാതം ചില പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയുണ്ടായി. പ്രശ്‌നങ്ങളെ അവയുടെ ശരിയായ പശ്ചാത്തലത്തിൽ വിലയിരുത്തി ലക്ഷ്യം നിർണയിച്ച് പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുക എന്നതാണ് സമസ്ത സ്വീകരിച്ചു വരുന്ന രീതി.

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രത്തിൽ ഗുണപരമായി ഭവിച്ച ഘട്ടങ്ങളെല്ലാം തന്നെ നിലപാടുകളുടെ ഫലം കൂടിയായിരുന്നുവെന്നു കാണാം. ഭരണഘടനയും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയും അനുവദിക്കുന്ന ഒരു തലത്തിൽ നിന്ന് പ്രധിഷേധവും ആവശ്യവും ഉന്നയിക്കപ്പെട്ടപ്പോഴാണ് വിജയമുണ്ടായത്. എന്നാൽ ‘രാഷ്ട്രവും നിയമവും എന്തെന്ന് നമുക്കറിയേണ്ട, ഞങ്ങൾക്കിതിങ്ങനെയാവണം, ആയിക്കൂടാ’ എന്ന നിലപാടുകൾ പരിഹാരത്തിനല്ല കാരണമാവുക. രാഷ്ട്രീയമായ സമവാക്യങ്ങൾ കാരണമായി വഴിവിട്ട സമീപനങ്ങളും പരിഹാരങ്ങളും ഉണ്ടായാൽ തന്നെ അൽപായുസ്സ് മാത്രമേ അതിനുണ്ടാവൂ. സമസ്തയെ സംബന്ധിച്ചിടത്തോളം വിജയത്തിനും സമാധാനത്തിനും കാരണമാവുന്ന മാർഗമാണത് അവലംബിച്ചിട്ടുള്ളത്.

നമ്മുടെ രാജ്യം പൊതുവെ നേരിടുന്ന വെല്ലുവിളികളുണ്ടാവും. വ്യത്യസ്ത വിഭാഗങ്ങളും പ്രദേശങ്ങളും നേരിടുന്ന വെല്ലുവിളികളുമുണ്ടാവും, വിവേചനപൂർവം ആവശ്യമായ സമീപന രീതികളാണ് സ്വീകരിക്കേണ്ടത്. ഇന്ത്യ നമ്മുടെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീ സഹോദരൻമാരാണ്…നമ്മുടെ കുട്ടിക്കാല പ്രതിജ്ഞയാണിത്. എല്ലാ ഇന്ത്യക്കാരും മനസാ ഉൾക്കൊള്ളേണ്ടതാണിതെന്നാണ് സമസ്തയുടെ നിലപാട്. അതിനാൽ ഒരാൾക്കും ശല്യമാകുന്ന രീതി അനുവർത്തിച്ചു കൂടാ എന്നാണ് സമസ്തക്ക് പറയാനുള്ളത്. സമൂഹത്തിൽ ഈ ചിന്ത പ്രചരിപ്പിക്കുകയും ബോധം തളിർത്ത് നിലനിർത്തുകയും ചെയ്യാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിജ്ഞാബദ്ധമാണ്. സമസ്തയുടെ പൂർവകാല സമ്മേളനങ്ങളും പ്രവർത്തനങ്ങളും നയനിലപാടുകളും ഇതിനു സാക്ഷിയാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നില്ല. ഒരു നവോത്ഥാനക്കുതിപ്പായിരുന്നു. സംഘടന എന്ന തലത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ്. പരമ്പരാഗതമായി പതിമൂന്ന് നൂറ്റാണ്ടു കാലം ഇവിടെ നിലനിന്നിരുന്ന, ഇസ്‌ലാം, മുസ്‌ലിം സംസ്‌കൃതിയുടെ പ്രബോധന പ്രവർത്തനവും അനുബന്ധ കാര്യങ്ങളും വേഗത്തിൽ വ്യാപകമാക്കുന്നതിന് വേണ്ടിയുമുള്ള  സംഘടിത സംവിധാനം. സമസ്ത പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ പൊതുവായ നന്മകൾക്ക് സമസ്ത എന്നും പ്രാമുഖ്യം നൽകിയിട്ടുണ്ട്.

വർത്തമാന കാലത്ത് വിശുദ്ധ ഇസ്‌ലാമിക ദർശനത്തെയും പ്രമാണങ്ങളെയും മുസ്‌ലിംകളെയും പൊതു സമൂഹത്തിന്റെ മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന കാരണങ്ങൾ കൂടുതലായിട്ടുണ്ട്. കേരള മുസ്‌ലിം ചരിത്രത്തിന്റെ യഥാർത്ഥ ചിത്രം കറുപ്പിട്ട് മൂടിക്കൊണ്ട് പ്രവർത്തിക്കുന്ന ബിദഇകളാണതിൽ മുൻപന്തിയിലുള്ളത്. 1920കളിൽ രംഗപ്രവേശനം ചെയ്ത് തുടങ്ങിയ മതനവീകരണക്കാർക്ക് പൂർവ ചരിത്രത്തെ തമസ്‌കരിക്കൽ ആവശ്യമയിരുന്നു. മുസ്‌ലിം നവോത്ഥാനത്തിന് അതിരടയാളങ്ങൾ നിശ്ചയിച്ച് സ്വന്തമാക്കാനുള്ള ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കേരള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രമെന്താണെന്ന് നാമറിയിക്കാൻ ശ്രമിക്കേണ്ടി വരുന്നതിവിടെയാണ്.

നബി(സ്വ)യുടെ കാലത്ത് സ്വഹാബികളിൽ നിന്ന് ഇസ്ലാം പഠിക്കാൻ ഭാഗ്യമുണ്ടായവരാണ് കേരളീയർ. പതിമൂന്ന് നൂറ്റാണ്ടു കാലം തനിമയോടെ ഇസ്‌ലാം നിലനിന്നിട്ടുണ്ട്. പകർന്നും നുകർന്നു കൊണ്ടും കൊടുത്തും യഥാർത്ഥ ദീനിനെ സംരക്ഷിച്ചവരാണ് പൂർവികർ. അവർ ചെയ്ത സേവനങ്ങൾ ഒട്ടും ചെറുതല്ല. അവരുടെ കാലത്തിനും സമൂഹത്തിനുമനുസരിച്ചുള്ള പ്രബോധന രീതികൾ അവർ അവലംബിച്ചിട്ടുണ്ട്. ആരും ഒരു വീഴ്ച്ചയും വരുത്തിയില്ല. കാരണം നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്‌ലിം ലോകത്ത് പ്രചാരത്തിലുള്ള മഹാഗ്രന്ഥങ്ങളിലുള്ള ആശയങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അത് പഠിപ്പിച്ചവരുടെയും അത് പകർന്നു തന്നവരുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ല.

മഹാനായ സൈനുദ്ദീൻ മഖ്ദൂം(റ)യുടെ കാലമെത്തുമ്പോൾ പൂർവ കാലത്തേക്കാൾ കൂടുതൽ സൗകര്യങ്ങളുണ്ടായി. വിജ്ഞാന പ്രകാശനത്തിനും വിതരണത്തിനും പ്രബോധനത്തിനും അവ നന്നായി ഉപയോഗപ്പെടുത്തി. വിദേശികളുടെ കടന്നു വരവോടെ നമ്മുടെ പ്രദേശത്ത് പുതിയ കൂട്ടായ്മയും സമ്പർക്കവും രൂപപ്പെട്ടു. അത് പ്രയോജനപ്പെടുത്തിയും ഇസ്ലാം വിജ്ഞാനപ്രചാരണത്തിന് സൈനുദ്ദീൻ മഖ്ദൂം അടക്കമുള്ളവർ ശ്രമിച്ചു.

പള്ളികളിൽ ഒതുങ്ങാതെ, പള്ളികൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള നേതൃത്വവും പ്രബോധനവും നടത്തിയ പണ്ഡിത തലമുറകളാണ് പിന്നീട് വന്നവരെല്ലാം. മഖ്ദൂമുമാർ, കോഴിക്കോട് ഖാളിമാർ, ജിഫ്രി സാദാത്തുക്കൾ, ബുഖാരി സാദാത്തുക്കൾ, മശാഇഖുകൾ, സ്വൂഫീവര്യൻമാർ, പണ്ഡിതൻമാർ… ഓരോ കാലഘട്ടങ്ങളിലും ഈ സമുദായത്തെ നേരിന്റെ മാർഗത്തിൽ വഴി നടത്തിയവരേറെയാണ്. മഖ്ദൂമിൽ തുടങ്ങി ഉമർ ഖാസി മമ്പുറം തങ്ങളിലൂടെ തുടർന്ന് ചാലിലകത്ത് കുഞ്ഞഹമ്മദാജി വരെ എന്ന് നാം സൗകര്യത്തിനു വേണ്ടി പറയുന്നു.എന്നാൽ അഞ്ച് നൂറ്റാണ്ടുകളിൽ മതനേതൃത്വം നിർവഹിച്ച മഹാന്മാർ എത്രയാണ്!

ഇബ്‌നു തയ്മിയ്യ ഉയർത്തിയ മതനവീകരണ പ്രവർത്തനം തന്റെ ഏതാനും ശിഷ്യൻമാരിലൂടെ പുസ്തകവൽക്കരിക്കപ്പെട്ടെങ്കിലും സമൂഹത്തിൽ കാര്യമായ സ്വാധീനം നേടിയിരുന്നില്ല. ഭരണകൂടത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്തുണയില്ലായ്മയാണിതിന്റെ ഒരു കാരണം. ഉന്നത ശീർഷരായ പണ്ഡിത മഹത്തുക്കൾ നൽകിയ പാഠങ്ങളുടെയും പരിശീലനങ്ങളുടെയും അലയൊലി അവസാനിക്കും മുമ്പായിരുന്നു ഇബ്‌നു തയ്മിയ്യയുടെ വരവ് എന്നത് തിരസ്‌കരിക്കപ്പെടാനുള്ള പ്രധാന കാരണമായിരുന്നു.

ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇബ്‌നു അബ്ദിൽ വഹാബ് രാഷ്ട്രീയ പിന്തുണയോടെ തീമിയ്യൻ ചിന്താഗതി പ്രചരിപ്പിച്ചു തുടങ്ങി. ഇബ്‌നു അബ്ദിൽ വഹാബ് ജനിക്കുന്നതിന്റെ ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ(റ) നവോത്ഥാന പ്രവർത്തനം നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് ഖാസി മുഹമ്മദ്(റ)യും പിതാക്കളും പ്രവർത്തിക്കുന്നുണ്ട്. തുടർന്ന് മത സാമൂഹിക രംഗത്ത് മുസ്‌ലിംകൾക്ക് ജീവസ്സുറ്റ നേതൃത്വം നൽകിയ മഹദ്‌വ്യക്തിത്വങ്ങളായ പണ്ഡിത സാദാത്തുക്കളനവധിയാണ്. ഓരോ കാലത്തും അനിവാര്യമായതൊന്നും അവർ ശ്രദ്ധിക്കാതിരുന്നില്ല. സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു അവരെല്ലാം. കേരള മുസ്‌ലിം ചരിത്രത്തെ വക്രതയില്ലാതെ സമീപിക്കുന്നവർക്കെല്ലാം ഇത് മനസ്സിലാക്കാനാവുന്നതാണ്.

1922-ൽ ഐക്യസംഘം രൂപീകരിച്ച്, 1923-ൽ വക്കം മൗലവി കൂടിച്ചേരുന്നതോടെ ആകാശത്തു നിന്നു പൊട്ടിവീണതല്ല കേരളത്തിലെ മുസ്‌ലിം നവോത്ഥാനം. ഐക്യസംഘം എന്ന ആശയം രൂപപ്പെടും മുമ്പ് കോഴിക്കോട്ടെ മുസ്‌ലിംകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി നടത്തിയിരുന്നു. സയ്യിദുമാരും പണ്ഡിതൻമാരും പൗരപ്രധാനികളും ചേർന്നൊരുക്കിയ വിദ്യാഭ്യാസ സംവിധാനങ്ങളുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ജനറൽ സെക്രട്ടറി പി വി മുഹമ്മദ് മുസ്‌ലിയാർ പ്രസ്തുത സ്‌കൂളിലേക്ക് പാഠപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. രണ്ടര ദശാബ്ദക്കാലം സമസ്തയുടെ സെക്രട്ടറിയായിരുന്നു പി വി.

കേരളീയ പണ്ഡിതർ ഇസ്‌ലാമും മുസ്‌ലിമും നിലനിൽക്കാനും അവരുടെ രാജ്യം സമാധാനപൂർണമാവാനും സംരക്ഷിതമാവാനും ആവശ്യമായത് ചെയ്തിട്ടുണ്ട്. സമരം, പോരാട്ടം, ഗ്രന്ഥരചന, ഉദ്‌ബോധനം, ദർസ്, പ്രഭാഷണം, സംവാദം, ഖണ്ഡനം, ആത്മീയ ശിക്ഷണം തുടങ്ങിയ എല്ലാ രംഗത്തും പണ്ഡിതർ സാന്നിധ്യവും ചരിത്രവും തീർത്തിട്ടുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വരെ ഇത് തുടർന്നു.

1922-ൽ ഐക്യസംഘത്തിൽ തുടങ്ങിയ പുതിയ വാദങ്ങളും മതം തിരുത്തലും പണ്ഡിതനിന്ദയും ഉണ്ടാകുന്നത് വരെ കേരളത്തിലെ മതരംഗം പൊതുവെ ശാന്തമായിരുന്നു. അതിനിടെ പ്രത്യക്ഷപ്പെട്ട ആത്മീയചൂഷകരായ വ്യാജ ശൈഖുമാരും കേന്ദ്രങ്ങളുമുണ്ടായിരുന്നെങ്കിലും പണ്ഡിത നേതൃത്വത്തിന്റെ ഇടപെടൽ മൂലം അവർക്ക് നാശം വിതക്കാനായില്ല. ഐക്യസംഘത്തിന്റെ വരവോട് കൂടി മറ്റൊരു ചിത്രമാണ് പ്രകടമായത്. ഏതാനും സമ്പന്നരും വക്കീലുമാരും ഉദ്യോഗസ്ഥരും ചേർന്ന് ചില മൗലവിമാരെ വശത്താക്കി ഒരു മുന്നണി രൂപീകരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ വ്യത്യസ്ത നിലപാടുകളുള്ളവരുടെ ഐക്യമാണ് ഐക്യസംഘത്തിന്റെ തുടക്കം. പണക്കാർ പണമിറക്കുകയും മൗലവിമാർ അവർക്കു വേണ്ടി മതം തിരുത്തുകയും തന്ത്രങ്ങൾ മെനയുകയും ചെയ്തപ്പോൾ അതിനെ ആശങ്കയോടെ കാണേണ്ടി വന്നു.

അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരു കൂട്ടം ആളുകൾ ചെയ്ത പ്രവർത്തനത്തെ പണ്ഡിതൻമാർ എതിർക്കുകയായിരുന്നുവെന്ന ആരോപണം കഴമ്പില്ലാത്തതാണ്. മൗലവിമാരുടെ പ്രവർത്തനം വഴി ഉണ്ടായതെന്താണെന്ന് നിരീക്ഷിച്ചാൽ ഇത് വ്യക്തമാവും. പൂർവികരായ മുസ്‌ലിംകളെ കാഫിറുകളും മുശ്‌രിക്കുമാക്കി, സമൂഹത്തിൽ ആത്മീയത നിലനിർത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങളെ ബിദ്അത്തും ശിർക്കുമാക്കി, കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കി, മുസ്‌ലിം മഹല്ലുകളിൽ ഭിന്നിപ്പുണ്ടാക്കി, ആരാധനകൾ ചടങ്ങുകളാക്കി, സമൂഹത്തിന് നേതൃത്വം നൽകി വന്ന പണ്ഡിതൻമാരെക്കുറിച്ച് അപവാദം പറഞ്ഞ് സാധാരണ മുസ്‌ലിംകളെ അവരിൽ നിന്ന് അകറ്റാൻ പരിശ്രമിച്ചു. ഇങ്ങനെ ഒരു സമുദായത്തെ എല്ലാ അർത്ഥത്തിലും അനൈക്യത്തിലും സംഘർഷത്തിലുമെത്തിച്ചുക്കൊണ്ടിരുന്നു. പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ച് അവയുടെ മഹത്ത്വം കെടുത്തി, ആർക്കും കേറി മേയാവുന്ന തരത്തിൽ ഖുർആനിനെയും സുന്നത്തിനെയും കേവലം അറബി ഗ്രന്ഥങ്ങളാക്കി അവതരിപ്പിച്ചു. ദീനിനെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനമായേ ഇതിനെ കാണാനൊക്കൂ.

ഇത്തരമൊരു ഘട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ച് പണ്ഡിതർ കടമ നിർവഹിക്കുന്നതിൽ സംഘടിതമായി മുന്നേറി. പുത്തൻ വാദികളുടെ മനക്കോട്ട തകർത്ത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. പ്രതിരോധവും നിർമാണവും ഒപ്പം നടത്തി. സമസ്തയുടെ ചരിത്രം വ്യക്തമാക്കിത്തരുന്നതാണിവ. സമസ്ത അക്ഷരത്തിലും അർത്ഥത്തിലും പൂർവികരുടെ മാതൃകയാണ് അവലംബിച്ചത്. വൈകാരികമായോ ദുരുപതിഷ്ടമായോ എന്തെങ്കിലും നയസമീപനങ്ങൾ സമസ്തക്ക് സ്വീകരിക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് തന്നെ നയവ്യതിയാനം നടത്തിയവരും ദുരുപതിഷ്ടമായി കാര്യങ്ങൾ നീക്കിയവരും സമസ്തയിൽ നിന്ന് മാറ്റി നിർത്തപ്പെടുകയുണ്ടായിട്ടുണ്ട്.

സമസ്തയെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ സാർവത്രികമായ ഗുണത്തെയാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രവും സമൂഹവും സുരക്ഷിതമായിരിക്കണമെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. ആദർശപരമായി പിറകോട്ട് പോകാൻ അതിന് സാധിക്കുകയുമില്ല. വർത്തമാന കാലത്ത് മതവും സമൂഹവും നേരിടുന്ന വെല്ലുവിളികളുണ്ട്. ഇതു പഠിച്ചു മനസ്സിലാക്കേണ്ടതാണ്. ഉപരിസൂചിപ്പിച്ച പോലെ കൃത്യമായ നിലപാടുകൾ വച്ചു പുലർത്തുന്ന സമസ്തക്ക് അവരുടെ പ്രചാരണത്തിനും

പ്രബോധനത്തിനും മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെയും സമാന ചിന്താഗതിക്കാരുടെയും ശ്രദ്ധ ഈ വിഷയങ്ങളിലുണ്ടാവണമെന്ന് സമസ്ത കരുതുന്നു. ഇത്തരം ഘട്ടത്തിലാണ് സമസ്ത നടത്തുന്ന ഈ പണ്ഡിത സമ്മേളനവും അനുബന്ധ പരിപാടികളും പ്രസക്തമാവുന്നത്.

1926-ൽ രൂപീകൃതമായ സമസ്തയുടെ ചരിത്രത്തിൽ കുതിപ്പുകളുടെ ധാരാളം രംഗങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു 1989-ൽ നടന്നത്. സമസ്തയെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലധിഷ്ഠിതമായി നിലനിർത്തുന്നതിന് സമസ്തയിൽ ദശാബ്ദങ്ങളായി പ്രവർത്തിച്ച് വരുന്ന നേതാക്കൾക്ക് മാർഗം കാണേണ്ടിവന്നു. രണ്ടര ദശാബ്ദ കാലത്തോളം ജനറൽബോഡി പോലും ചേരാതെ നിന്ന സമസ്തയുടെ ജനറൽബോഡി ചേരുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തു.  തുടർന്ന് സമസ്ത അതിന്റെ ദൗത്യ നിർവഹണ വഴിയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. കേരളത്തിലെ വിദ്യാഭ്യസ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങൾ പരിശോധിക്കുന്ന ആർക്കും ഇത് ബോധ്യപ്പെടാതിരിക്കില്ല.

ഒരുസംഘടന എന്ന നിലയിൽ പാലിക്കേണ്ട മര്യാദകളും ഔപചാരികതകളും പരിഗണിച്ചും പാലിച്ചുമാണ് സമസ്ത പ്രവർത്തിച്ചു വരുന്നത്. ഭരണഘടനയും കീഴ്‌വഴക്കവും മുന്നോട്ട് വക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചും അർഹരായ പണ്ഡിതൻമാരെ പ്രാഥമിക മെമ്പർമാരായി ചേർത്തും പുതുക്കിയും അതിന്റെ ജനറൽ ബോഡികൾ നിർദേശിക്കപ്പെട്ടതു പോലെ നടന്നു. ഏറ്റവും താഴെ തട്ടിൽ താലൂക്ക് ഘടകങ്ങളാണ്, എല്ലാ താലൂക്ക് ഘടകങ്ങളുടെയും ജില്ലാ ഘടകങ്ങളുടെയും പുനഃസംഘടന നടന്നു കഴിഞ്ഞു. ഇനി കേന്ദ്രമുശാവറയുടെ പുനഃസംഘടന ഉലമാ സമ്മേളനത്തോടനുബന്ധിച്ചു നടക്കും. പുതിയ മെമ്പർമാരിൽ നിന്നും നേരത്തെ രജിസ്റ്റർ ചെയ്ത 15000 പേരാണ് സമ്മേളനത്തിൽ സംബന്ധിക്കുക.

സമ്മേളനത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതു പൂർത്തീകരിക്കുന്നതിനുള്ള പരിപാടികളുമായി പ്രവർത്തകർ കർമ ഭൂമിയിൽ സജീവമായിട്ടുണ്ട്. തൃശൂർ ജില്ല പ്രത്യേകമായി കേന്ദ്രീകരിച്ച് വ്യത്യസ്ത ഘട്ടങ്ങളിലായി 500ലധികം ദഅ്‌വാ സംഘങ്ങളും വ്യക്തിഗത പ്രചാരണവും ഗൃഹസന്ദർശനവും നടത്തിക്കഴിഞ്ഞു. കേരളത്തിലെ മുഴുവൻ മഹല്ലുകളിലും സമസ്തയുടെ സന്ദേശമെത്തിക്കുന്നതിനും വ്യാപകമായി പ്രചരിപ്പിക്കുന്നതിനും പദ്ധതികളാവിഷ്‌കരിക്കും. പണ്ഡിത ധർമത്തെ വർത്തമാന കാലത്ത് എങ്ങനെ നിർവഹിക്കണമെന്നതിനെ കുറിച്ച് ഉലമാ പ്രതിനിധി സമ്മേളനം പ്രഗൽഭ പണ്ഡിതരുടെ നേതൃത്വത്തിലും സാന്നിധ്യത്തിലും ചർച്ച ചെയ്യും.

Exit mobile version