സമസ്ത ഓഫീസ് സെക്രട്ടറി പദവി: പുറത്താക്കിയിട്ടില്ലെന്ന് ഇകെയുടെ സാക്ഷ്യം

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പ്രയോഗം പലയാവര്‍ത്തി ശരിയാണ് കാന്തപുരം ഉസ്താദിന്റെ കാര്യത്തില്‍. എസ് വൈ എസിന്റെയും സമസ്തയുടെയും അമരത്തേക്കുള്ള ഉസ്താദിന്റെ വരവ് പട്ടുപാതയിലൂടെയായിരുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്നു കാണുന്ന പ്രഭാവത്തിന് നിദാനം ഇന്നലെകളില്‍ വരിച്ച താഡനങ്ങളും അതിലെ സഹനവുമാണ്. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എല്ലാം മടക്കിവെച്ചിരുന്നുവെങ്കില്‍ സമുദായത്തിന്റെ, പ്രസ്ഥാനത്തിന്റെ വര്‍ത്തമാനം ഇത്ര ഗംഭീരമാകുമായിരുന്നില്ലെന്ന് സത്യം.

താന്താങ്ങളുടെ വക താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് എപി ഉസ്താദിനെ കുറിച്ച് ദീര്‍ഘദര്‍ശനം നടത്തിയവര്‍ക്ക് പിഴച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഉസ്താദിനെ മുന്നില്‍ നിന്നു മാറ്റിനിര്‍ത്താന്‍ അവര്‍ ആവും വിധം എക്കാലത്തും പരിശ്രമിക്കുകയുണ്ടായി. പക്ഷേ, ഈ അങ്കത്തില്‍ അവര്‍ക്ക് തോല്‍വി മാത്രമായിരുന്നു. ഉസ്താദിനെ സമസ്തയില്‍ നിന്നും സമസ്ത ഓഫീസ് സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കിയെന്ന വ്യാജ വാര്‍ത്ത മലര്‍പൊടിക്കാരന്റെ കിനാവുകളായി പരിണമിച്ചതു സംഭവത്തിന്റെ ബാക്കി പത്രം. 1979 നവംബര്‍ 30നാണ് ചന്ദ്രിക ദിനപത്രത്തില്‍ എപി ഉസ്താദിനെ പുറത്താക്കിയതായി വ്യാജവാര്‍ത്ത വരുന്നത്. സമസ്ത നേതാക്കള്‍ അതു നിഷേധിച്ചു. നിഷേധക്കുറിപ്പ് പക്ഷേ, പത്രം പ്രസിദ്ധീകരിച്ചതുമില്ല. 1979 ഡിസംബര്‍ 7ലെ സുന്നിവോയ്സ് ഈ വിവാദത്തിലേക്ക് വെളിച്ചം പകരുന്ന എഡിറ്റോറിയലും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു കാണാം. “മുസ്‌ലിംകള്‍ വഞ്ചിതരാവരുത്, എസ് വൈ എസ് കീഴ്ഘടകങ്ങള്‍ ജാഗ്രത കാണിക്കുക’ എന്ന തലക്കെട്ടിലുള്ള പത്രാധിപക്കുറിപ്പ് ഇങ്ങനെ:

“സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സെക്രട്ടറിയും സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്‍റുമായ ബഹു എപി അബൂബക്കര്‍ മുസ്‌ലിയാരെ സമസ്തയില്‍ നിന്നു പുറത്താക്കി എന്ന നീചവും നികൃഷ്ടവും നിന്ദ്യവുമായ ഒരു പ്രചാരവേലയുമായി ചില കുത്സിത ബുദ്ധികള്‍ രംഗത്തുവന്നതായി കാണുന്നു. 30.11.79ലെ ചന്ദ്രികയില്‍ യഥാര്‍ത്ഥ വാര്‍ത്തയെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് നീചാല്‍ നീചമായ ഈ നീക്കം ആരംഭിച്ചിട്ടുള്ളത്. ചന്ദ്രികയില്‍ വന്ന പ്രസ്തുത വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് സമസ്ത ഓഫീസില്‍ നിന്നു കൊടുത്ത പ്രസ്താവന പ്രസിദ്ധീകരിക്കാനുള്ള സന്മനസ്സുപോലും ചന്ദ്രിക കാണിച്ചിട്ടില്ല എന്ന വസ്തുത ഖേദകരമാണ്.

സമസ്തയുടെ മുന്‍ തീരുമാനം മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വഹാബികള്‍ക്കുണ്ടായ കനത്ത പരാജയം മറച്ചുപിടിക്കാനും ആ തീരുമാനം സമസ്ത പിന്‍വലിച്ചു എന്ന ധാരണ ജനങ്ങളില്‍ ഉളവാക്കാനും വഹാബികളുടെ ഏജന്‍റുമാരായ ചിലരുടെ ഈ നീക്കത്തെ ശക്തിയുക്തം നേരിട്ടു പരാജയപ്പെടുത്തണമെന്നു സുന്നി യുവജന സംഘം കീഴ്ഘടകങ്ങളോടും ഇത്തരം തെറ്റിദ്ധരിപ്പിക്കലില്‍ വഞ്ചിതരാകരുതെന്നു മുസ്‌ലിം ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.’

ഇതേ ലക്കത്തിന്റെ ഒന്നാം പേജില്‍ “ചന്ദ്രിക വാര്‍ത്ത സമസ്ത ഓഫീസ് നിഷേധിക്കുന്നു’ എന്ന കുറിപ്പും കാണാം. അതില്‍ നിന്ന്:

“സമസ്ത ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് ജനാബ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ നീക്കം ചെയ്തതായി നവംബര്‍ 30ലെ ചന്ദ്രിക പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. എപി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദേശത്തായതുകൊണ്ട് ഒഴിവുവന്ന ഓഫീസ് സെക്രട്ടറി സ്ഥാനത്തേക്ക് താല്‍ക്കാലികമായ ഒരു നിയമനം നടത്തുക മാത്രമാണുണ്ടായത്.

സമസ്തയുടെ ആശയത്തിന് വിരുദ്ധമായി ചില അംഗങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്തതായി യോഗത്തില്‍ ആരോപണമുണ്ടായി’ എന്ന് ഇക്കഴിഞ്ഞ മുശാവറ യോഗത്തെപ്പറ്റി ചന്ദ്രികയില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണ്. അത്തരത്തിലുള്ള യാതൊരാരോപണവും മുശാവറയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല.

എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ കോഴിക്കോട് താലൂക്ക് സുന്നി യുവജന സംഘം കണ്‍വന്‍ഷന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന ചന്ദ്രിക വാര്‍ത്തയും അസത്യമാണ്. അത്തരത്തിലുള്ള യാതൊരാവശ്യവും സമസ്ത മുശാവറയില്‍ ഉന്നയിക്കപ്പെടുകയോ ചര്‍ച്ചക്കു വരികയോ ഉണ്ടായിട്ടില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് സമസ്ത സെക്രട്ടറിയേറ്റ് ഇറക്കിയ സര്‍ക്കുലര്‍ വിവാദപരമായിട്ടില്ല. ആ സര്‍ക്കുലറില്‍ സമസ്ത ഇപ്പോഴും ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. പല പണ്ഡിതന്മാരും വിദേശത്തായിരുന്നപ്പോള്‍ ആരും അറിയാതെ ചിലര്‍ ചേര്‍ന്നു പടച്ചുണ്ടാക്കിയതായിരുന്നു ആ സര്‍ക്കുലറെന്ന ചന്ദ്രികയുടെ ആരോപണം തെറ്റും വാസ്തവ വിരുദ്ധവുമാണ്.

ചന്ദ്രികാ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ തെറ്റിദ്ധാരണയില്‍ അകപ്പെട്ടു പോകരുതെന്ന് അറിയിപ്പില്‍ തുടര്‍ന്നു പറഞ്ഞു.’

ഡിസംബര്‍ 28 ലക്കത്തില്‍ “സുന്നിവിരുദ്ധരെ പരാജയപ്പെടുത്തണം, സമസ്തയുടെ തീരുമാനത്തില്‍ മാറ്റമില്ല’ എന്ന സമസ്ത സെക്രട്ടറിയേറ്റ് കുറിപ്പുണ്ട്. എപി ഉസ്താദ് വിദേശത്തായതിനാല്‍ ഓഫീസ് ചുമതല മറ്റൊരാളെ താല്‍ക്കാലികമായി ഏല്‍പ്പിച്ചതാണെന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും സെക്രട്ടറിയേറ്റ് കുറിപ്പ് പറയുന്നു. ഇക്കാര്യം ചന്ദ്രികയെയും ലീഗ് ടൈംസിനെയും എഴുതി അറിയിച്ചിരുന്നെങ്കിലും ചന്ദ്രിക അതു പ്രസിദ്ധീകരിച്ചില്ലെന്നും ആവര്‍ത്തിക്കുന്നുണ്ട്. ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൂറ്റനാട് കെവി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് എപി ഉസ്താദിനെ സമസ്തയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത്.

Exit mobile version