അല്ലാഹു തന്നെയാണ് വലിയവൻ, അവന്റെ അറിവിനും അധികാരത്തിനും അറ്റമില്ല, അല്ലാഹു അക്ബർ! അല്ലാഹു വലിയവനാണ് എന്നത് ഏറ്റവും ഉയർന്നുനിൽക്കേണ്ട ശബ്ദമാണ്. പിന്നിട്ട ദിനങ്ങളിൽ ലോകത്താകമാനം ഈ ശബ്ദം മുഴങ്ങിക്കേട്ടു. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്ന് അനേക ലക്ഷം വിശ്വാസികൾ അവന്റെ വീടെന്ന് വിശേഷിപ്പിക്കപ്പെട്ട കഅ്ബത്തിങ്കലെത്തി. വലിയവനായ, നിലക്കാത്ത അധികാരത്തിന്റെ ഒരേയൊരു ഉടമയായ ആ റബ്ബിനെ വഴങ്ങിയും വാഴ്ത്തിയും ആത്മസായൂജ്യമടഞ്ഞു. മക്കയിൽ മാത്രമല്ല, ലോകത്താകമാനം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിനിടെ വിശുദ്ധ ദിനങ്ങളിൽ അല്ലാഹു അക്ബർ എന്ന ആ മഹാഘോഷം മുഴങ്ങിക്കേട്ടു. സത്യവിശ്വാസികൾക്ക് ആനന്ദവും കുളിരും ആത്മനിർവൃതിയും നൽകുന്ന വല്ലാത്തൊരു ശബ്ദമാണത്. മീതെ, എല്ലാത്തിനും മീതെ വലിയവനായ ഒരു റബ്ബുണ്ടല്ലോ, ഒരു ഇലാഹുണ്ടല്ലോ എന്ന വലിയ ആശയം!
യജമാനനാണവൻ. നാം അടിമകളും. അവനു മാത്രം അടിമപ്പെടേണ്ടവർ. മറ്റൊന്നിനോടും നമുക്ക് സമ്പൂർണമായ വിധേയത്വമില്ല, വിനയപ്പെടലുമില്ല, കീഴ്‌പ്പെടലുമില്ല. നമ്മുടെ ദൗർബല്യങ്ങൾ നമുക്കറിയാം. അറിവില്ല, അധികാരമില്ല, ശക്തിയില്ല… ഉള്ളതുതന്നെ തീർത്തും പരിമിതം. എന്നാൽ അല്ലാഹുവിന്റേത് എല്ലാം ശാശ്വതമാണ്. അവന് മരണമില്ല, നാശമില്ല, അധികാരങ്ങൾക്ക് പരിധികളുമില്ല. പരിധികളില്ലാതെ കേൾക്കുന്നവനും കാണുന്നവനുമാണവൻ. അറ്റമില്ലാത്ത അറിവുകളുടെ ഉടമയുമാണവൻ.
ഈ ആശയങ്ങളെല്ലാം ഉൾക്കൊണ്ടാണ് അല്ലാഹു അക്ബർ എന്ന് നാം ഉറക്കെ മുഴക്കുന്നത്. ലോകത്ത് കഴിഞ്ഞുപോയ എല്ലാ നബിമാരും സജ്ജനങ്ങളും ആവേശപൂർവം ഏറ്റെടുത്ത് ഉറക്കെ വിളിച്ചുപറഞ്ഞ ഒരു ശബ്ദമാണിത്. അല്ലാഹുവിന്റെ മഹത്ത്വത്തെ വാഴ്ത്തുന്നു ഈ വാക്ക്. സങ്കടങ്ങൾ പറയാനും നമ്മുടെ കുറവുകൾ പരിഹരിക്കാനും കഴിയുന്നവനാണവൻ. മറ്റേത് കഴിവുകൾ എത്ര വലുതായാലും ചെറുതായാലും അതെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിൽ മാത്രം.
അല്ലാഹു അക്ബർ… ഇരുൾമുറ്റി നിൽക്കുന്ന മനസ്സകങ്ങളെ വെളിച്ചത്തിലേക്ക് നയിക്കാൻ കഴിയുന്നത് ഇത്തരം ദിക്‌റുകളിലൂടെയാണ്. ദിക്ർ നമ്മുടെ മനസ്സിന് സമാധാനം നൽകും. പരിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: ‘അറിയുക, അല്ലാഹുവിനെ മനനം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസ്സുകൾക്ക് ശാന്തി ലഭിക്കും.’ വളരെ സാരവത്താണിത്. പല തരത്തിലുള്ള അസ്വസ്ഥതകളാലും സംഘർഷങ്ങളാലും ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന മനസ്സാണ് നമ്മുടേത്. ഖൽബ് (ഇളകി മറിയുന്നത്) എന്നർഥമുള്ള വാക്ക് തന്നെ നമ്മുടെ മനസ്സിന് നൽകിയത് വളരെ അർഥവത്താണെന്നോർക്കുക. എല്ലാത്തരം ഇളക്കങ്ങളെയും സംഘർഷാന്തരീക്ഷങ്ങളെയും പിടിച്ചുനിർത്താൻ അല്ലാഹുവിനെക്കുറിച്ചുള്ള ഓർമകൾക്ക് വലിയ ശേഷിയുണ്ട്. തീർച്ചയായും വർത്തമാന കാലത്ത് അല്ലാഹുവിന്റെ ദിക്ർകൊണ്ട് നമ്മുടെ ഖൽബുകളെ പിടിച്ചു നിർത്തുക. ആ ഖൽബുകൾക്ക് അല്ലാഹു ശാന്തി നൽകും, സമാധാനമേകും. നമുക്ക് പ്രതീക്ഷയർപ്പിക്കാം.
ഹാദി