സയ്യിദ നഫീസ(റ): നൈലിന്റെ ജ്ഞാനപുത്രി

‘മകളേ നഫീസ, സന്തോഷിക്കൂ. നീ പരിശുദ്ധയാണ്. സൂറത്ത് മുസ്സമ്മിൽ പതിവാക്കണം. ആരാധനയിൽ നന്നായി പരിശ്രമിക്കണം. വിശുദ്ധ ഖുർആൻ ധാരാളം പാരായണം ചെയ്യണം. ജിഹാദ് പോലൊരു ആരാധനയാണ് ദരിദ്രർക്ക് അന്നം നൽകാൻ പരിശ്രമിക്കലും സ്ത്രീകൾക്ക് ഗ്രഹഭരണവും. ഭാഗ്യവതിയായ നീ സജ്ജനങ്ങളിൽ മുൻനിരയിലാണ്.’ ഖലീലുല്ലാഹി ഇബ്‌റാഹീം(അ)ന്റെ മഖ്ബറ സിയാറത്ത് ചെയ്യാനെത്തിയപ്പോൾ ബീവി നഫീസ(റ) ഖബറിനകത്ത് നിന്ന് കേട്ട അശരീരിയാണിത്.
ആത്മീയ ലോകത്തെ പൊൻതാരകമായ സയ്യിദ നഫീസ(റ) ജനിക്കുന്നത് ഹിജ്‌റ 145 റബീഉൽ അവ്വൽ 11 ബുധനാഴ്ച വിശുദ്ധ മക്കയിലാണ്. പ്രവാചക പൗത്രൻ ഹസൻ(റ)വിന്റെ സന്താന പരമ്പരയിൽ പെട്ട ഹസനുൽ അൻവർ(റ) പിതാവും ഹുസൈൻ(റ)വിന്റെ താവഴിയിൽ വന്ന ഉമ്മു സലമ(റ) മാതാവുമാണ്. പിതൃസഹോദരിയും അബ്ബാസി ഖലീഫ വലീദുബ്‌നു അബ്ദിൽ മലികിന്റെ ഭാര്യയുമായ നഫീസ ബിൻത് സൈദിനോട് രൂപസാദൃശ്യമുള്ളത് കൊണ്ട് മാതാപിതാക്കൾ കുട്ടിക്ക് അതേ പേര് തന്നെ വിളിക്കുകയായിരുന്നു.
ഉന്നത കുടുംബത്തിൽ ജനിച്ച മഹതി അറിവിലും ആത്മീയതയിലും മികച്ചുനിന്ന മാതാപിതാക്കളുടെ പരിപാലനത്തിലായി അദ്ധ്യാത്മിക രംഗത്ത് ചിട്ടയായ വളർച്ച നേടി. പേരു കേട്ട പണ്ഡിതനും സൂഫിയുമായിരുന്നു പിതാവ്. ഹി. 150ൽ അദ്ദേഹം മദീനയിലെ ഗവർണറായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഉയർച്ചയിൽ അസൂയപൂണ്ട ഒരാളുടെ തെറ്റിദ്ധരിപ്പിക്കൽ നിമിത്തം ഹി. 156ൽ ഖലീഫ മൻസൂർ മഹാനെ ജയിലിലടച്ചു. പിന്നീട് ഹി. 159ൽ ഖലീഫ മഹ്ദിയുടെ കാലത്താണ് മോചിതനാവുന്നത്.
പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നയാളെന്ന് അറിയപ്പെട്ട മഹാനായിരുന്നു ഹസനുൽ അൻവർ. ഒരിക്കൽ അദ്ദേഹം ഒരു വിജന പ്രദേശത്ത് നിൽക്കുകയായിരുന്നു. അതു വഴി ഒരു മാതാവും കുഞ്ഞും കടന്നുപോയി. പെട്ടെന്ന് ആ മാതാവിന്റെ കരച്ചിൽ കേട്ട് നോക്കിയ അദ്ദേഹം കാണുന്നത് ഒരു ഭീമൻ പക്ഷി കുട്ടിയെ റാഞ്ചിയെടുത്ത് പറക്കുന്നതാണ്. നിസ്സഹായയായ സ്ത്രീ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാനായി അദ്ദേഹത്തിനരികിൽ വന്ന് പ്രാർഥിക്കാനപേക്ഷിച്ചു. മഹാൻ ദുആ നടത്തി. അത്ഭുതം, ആ പക്ഷി കുട്ടിയെ സുരക്ഷിതമായി തിരിച്ചേൽപ്പിച്ചു. ഹി. 168ൽ ഖലീഫ മഹ്ദിയോടൊത്തുള്ള ഹജ്ജ് യാത്രയിലാണ് അദ്ദേഹം പരലോകം പുൽകുന്നത്.
മകൾ നഫീസ(റ)യെ തിരുനബി(സ്വ)യുടെ റൗളയിൽ കൊണ്ടുപോയി പ്രാർഥന നടത്താറുണ്ടായിരുന്നു. ഒരു ദിവസം നബി(സ്വ) സ്വപ്നത്തിൽ വന്ന് ഹസൻ(റ)വിനോട് അറിയിച്ചു: നിന്റെ മകൾ നഫീസയെ നിന്നെപ്പോലെ ഞാനും ഇഷ്ടപ്പെടുന്നു. അതു കാരണം അല്ലാഹുവും അവളെ ഇഷ്ടപ്പെടുന്നുണ്ട്.’
അഞ്ചാം വയസ്സിൽ പിതാവൊത്ത് മഹതി മദീനയിലേക്ക് തിരിച്ചു. ആത്മീയതയുടെ വളക്കൂറുള്ള കുടുംബ പശ്ചാത്തലത്തിൽ വളർന്നതുകൊണ്ട് തന്നെ ചെറുപ്രായത്തിലേ ആരാധനകളോടും മതചര്യകളോടും ബീവിക്ക് വലിയ അടുപ്പമായിരുന്നു. അതോടൊപ്പം കൂർമബുദ്ധിയും പഠനത്തോടുള്ള അത്യാവേശവും സ്ഥിരോത്സാഹവും കൂടിയായപ്പോൾ അദ്ധ്യാത്മിക ലോകത്തെ ഉയരങ്ങളിലേക്കുള്ള കുതിപ്പിനൊപ്പം വൈജ്ഞാനിക രംഗത്തും വിപ്ലവങ്ങൾ സാധ്യമായി.
ജ്ഞാന സാഗരമായ സ്വപിതാവിൽ നിന്ന് മത-ഭൗതിക വിദ്യാഭ്യാസം നേടി. ആറാം വയസ്സിൽ ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കി. പിതാവിന്റെ ‘മുഹമ്മദിയ്യ’ എന്ന സ്ഥാപനത്തിൽ ചേർന്ന് പഠിച്ച ബീവി ഖുർആൻ, തഫ്‌സീർ, ഹദീസ്, കർമശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ ജ്ഞാനശാഖകളിൽ വ്യുൽപത്തി നേടി. പിന്നീട് ഇമാം മാലിക്(റ)ന്റെ ദർസിൽ ചേർന്നു. സ്ത്രീകൾക്ക് പ്രത്യേകം സജ്ജമാക്കിയ ഇടത്ത് ചെന്നിരുന്നാണ് അദ്ദേഹം രചിച്ച മുവത്വ പഠിച്ചത്. അങ്ങനെ ചെറിയ പ്രായത്തിൽ തന്നെ അറിവിൽ ഒരത്ഭുതമായി മാറി. കുറഞ്ഞ കാലം കൊണ്ട് ‘മുവത്വ മന:പാഠമാക്കുകയും മതവിഷയങ്ങളിൽ ഗഹനമായ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാലിക്(റ) ജീവിച്ചിരിക്കെ തന്നെ പലരും പഠനത്തിനായി ബീവിയെ അവലംബിച്ചിരുന്നുവെന്നത് അവരുടെ അറിവിന്റെ ആഴം വ്യക്തമാക്കുന്നു. ജ്ഞാനത്തിനോടുള്ള അമിതമായ ആർത്തി നിമിത്തം ‘നഫീസത്തുൽ ഇൽമ്’ എന്ന സ്ഥാനപ്പേര് ബീവിക്ക് ലഭിക്കുകയുണ്ടായി.
ഇറാഖിൽ നിന്ന് മിസ്‌റിലെത്തിയ ഇമാം ശാഫിഈ(റ) വഫാത്തു വരെ ബീവിയുമായി അറിവ് പങ്കുവെക്കുകയും ആത്മീയ ചർച്ചകൾ നടത്തുകയും ചെയ്യുമായിരുന്നു. ഇമാമിന് വല്ല അസുഖവും വന്നാൽ ബീവിക്കരിക്കിലേക്ക് ആളെ അയക്കും. മഹതി പ്രാർഥിക്കും. ഉടനെ രോഗം സുഖപ്പെടുകയും ചെയ്യും. മരണാസന്നനായപ്പോൾ പതിവ് പോലെ ഇമാം ശിഷ്യനെ അയച്ചു. അന്ന് ബീവി പ്രാർഥിച്ചതിങ്ങനെ: ‘അല്ലാഹുവുമായുള്ള കണ്ടുമുട്ടൽ കൊണ്ട് അദ്ദേഹത്തെ നാഥൻ ധന്യനാക്കട്ടെ.’
അതോടെ ഇമാം ശാഫിഈ(റ) തന്റെ മരണം ഉറപ്പിച്ചു. മയ്യിത്ത് നിസ്‌കരിക്കാൻ ബീവിയോട് വസ്വിയ്യത്ത് നടത്തുകയും ചെയ്തു. ദിവസങ്ങൾക്കകം ഇമാം വഫാത്തായി. വസ്വിയ്യത്ത് പ്രകാരം ബീവി ജനാസ നിസ്‌കരിക്കുകയും ചെയ്തു. ഇമാമിനെ ബീവി അനുശോചിച്ചതിങ്ങനെ: ‘ഇമാം ശാഫിഈ വുളൂ നന്നാക്കുന്നവരായിരുന്നു. അഥവാ എല്ലാ കാര്യങ്ങളും നന്നാക്കുമായിരുന്നു. വുളൂ എല്ലാ നല്ല കാര്യങ്ങളുടെയും അടിസ്ഥാനമാണല്ലോ.’

വിവാഹം

നബികുടുംബം, പണ്ഡിത, സൂഫി വനിത, സുന്ദരി , സൽഗുണ സമ്പന്ന തുടങ്ങി ഉദാത്തമായ ഗുണങ്ങൾ മേളിച്ച മഹതിയെ സ്വന്തമാക്കാൻ അഹ്‌ലുബൈത്തിൽ പെട്ട പലരും ആഗ്രഹിച്ചു. വിവാഹാലോചനയുമായി സമീപിച്ചവരെയല്ലാം പിതാവ് തിരിച്ചയച്ചു. വന്നവരിൽ നബിപൗത്രൻ ഇസ്ഹാഖുൽ മുഅ്തമിനുമുണ്ടായിരുന്നു. നിരാശനായ അദ്ദേഹം റൗളയിലെത്തി തിരുനബി(സ്വ)യോട് ആവലാതിപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, ഞാൻ ഹസനുൽ അൽവറിന്റെ മകളെ വിവാഹാഭ്യർഥന നടത്തി. അവരുടെ ആത്മീയതയും അറിവുമാണ് എന്നെ ആകർഷിച്ചത്. പക്ഷേ അവർ അനുകൂലമായി പ്രതികരിച്ചില്ലല്ലോ!’
അന്ന് രാത്രി ബീവിയുടെ പിതാവ് തിരുനബി(സ്വ)യെ സ്വപ്നം കണ്ടു. അവിടന്ന് കൽപ്പിച്ചു: ‘ഹസനേ, മകളെ ഇസ്ഹാഖുൽ മുഅ്തമിന് വിവാഹം ചെയ്തുകൊടുക്കുക.’ അങ്ങനെ ഹി. 161 റജബ് അഞ്ച് വ്യാഴാഴ്ച ആ വിവാഹം മംഗളമായി നടന്നു. ഖാസിം, ഉമ്മുകുൽസൂം എന്നീ രണ്ട് മക്കൾ ആ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ പുഷ്പങ്ങളാണ്.

ഈജിപ്തിലേക്ക്

മഹതിയുടെ ഏറ്റവും വലിയ ഒരു അഭിലാഷമായിരുന്നു ഖലീലുല്ലാഹി ഇബ്‌റാഹീം(അ)നെ സിയാറത്ത് ചെയ്യുക എന്നത്. അതിനായി നാഥനോട് നിരന്തരം കേണു. ‘എന്റെ രക്ഷിതാവേ, നിന്റെ ഖലീലായ ഇബ്‌റാഹീം നബി(അ)യെ സന്ദർശിക്കാൻ എനിക്ക് വിധിക്കൂട്ടണേ.’ അല്ലാഹു പ്രാർഥന സ്വീകരിച്ചു. മിസ്‌റിലേക്ക് ഒരു യാത്ര തരപ്പെട്ടു. വഴിമധ്യേ അവർ ബൈത്തുൽ മുഖദ്ദസിലിറങ്ങി. ഇബ്‌റാഹീം(അ) സിയാറത്ത് ചെയ്തു. ആ അനുഭവം ബീവി അനുസ്മരിക്കുന്നുണ്ട്: ‘ആ പരിശുദ്ധ സന്നിധിയിൽ എത്തും മുമ്പേ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഖുർആനിൽ ഇബ്‌റാഹീം നബിയെ പരാമർശിക്കുന്ന ആയത്തുകളോതി ഭയഭക്തിയോടെയും താഴ്മയോടെയും ഞാനവിടെയിരുന്നു.’
സിയാറത്ത് പൂർത്തീകരിച്ച് മിസ്‌റിലേക്ക് തിരിച്ചു. ഹി. 193 റമളാൻ 26നാണ് അവിടെ എത്തിയത്. നഫീസ(റ)യുടെ വരവറിഞ്ഞ ഈജിപ്തുകാർ ആഹ്ലാദഭരിതരായി. ആവേശത്തോടെയും ആദരവോടെയും അവർ മഹതിയെ സ്വീകരിച്ചു. ഭക്തനും പ്രമാണിയുമായ ജമാലുദ്ദീൻ അബ്ദില്ലാഹിൽ ജസ്സാസിന്റെ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. അതോടെ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം അങ്ങോട്ടൊഴുകി. മഹതിയെ കൊണ്ട് പ്രാർഥിപ്പിക്കുക, ബറകത്ത് നേടുകയായിരുന്നു ചിലരുടെ ലക്ഷ്യം, ബീവിയിൽ നിന്ന് അറിവ് നുകരലായിരുന്നു മറ്റു ചിലരുടെ ആവശ്യം. ജനപ്രവാഹം വർധിച്ചപ്പോൾ അവിടെനിന്ന് താമസം മാറ്റി. ബീവിയുടെ കറാമത്തുകൾ നാടൊട്ടുക്കും പ്രചരിച്ചതോടെ ജനപ്രവാഹം അസാമാന്യമാം വിധം വർധിച്ചു. തിരക്കൊഴിഞ്ഞ സമയം വീട്ടിലില്ല എന്ന ഘട്ടമെത്തി. പണ്ഡിതരും പാമരരും ഭരണാധികാരികളും പ്രജകളും ഔലിയാക്കളും തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവരെല്ലാം അവിടെ നിത്യ സന്ദർശകരായി.
ജനങ്ങളുടെ ആധിക്യം ബീവിയെ വിഷമിപ്പിച്ചു. തന്റെ ഇബാദത്തുകൾക്ക് ഇതെല്ലാം തടസ്സമാവുമോ എന്ന് ഭയപ്പെട്ടു. അതിനാൽ ഈജിപ്ത് വിടുന്നതിനെ കുറിച്ച് മഹതി ആലോചിച്ചു. മദീനയിൽ വന്ന് സ്വസ്ഥയായി ഇബാദത്തിൽ മുഴുകാൻ ആഗ്രഹിച്ചു. തീരുമാനം അറിഞ്ഞതോടെ ഈജിപ്തുകാർ അതീവ ദു:ഖിതരായി. അവരുടെ എല്ലാ കാര്യത്തിലെയും അവലംബമായിരുന്നല്ലോ ബീവി. തീരുമാനം മാറ്റാൻ ജനങ്ങൾ അപേക്ഷിച്ചു. ഫലമുണ്ടായില്ല. അവസാനം ഭരണാധികാരി സരിയ്യുബ്‌നു ഹകമിനോട് ജനം പരാതിപ്പെട്ടു. അദ്ദേഹം വീട്ടിലെത്തി മഹതിയോട് സംസാരിച്ചു. മിസ്ർ വിടാനുള്ള തീരുമാനം പിൻവലിക്കാൻ വീണ്ടും അപേക്ഷിച്ചു. മഹതി പറഞ്ഞു: ‘ഞാനൊരു ദുർബല സ്ത്രീയാണ്. ഈ ആളൊഴുക്ക് എന്റെ ആരാധനകളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇവിടെയാണെങ്കിൽ ഇത്രയും ജനങ്ങളെ ഉൾകൊള്ളാൻ വളരെ പ്രയാസവുമാണ്. എന്റെ ദു:ഖങ്ങളെല്ലാം ഞാൻ തിരുനബി(സ്വ)യുടെ മുമ്പിൽ സമർപ്പിക്കുകയാണ്.’
ഹകം പ്രതികരിച്ചു: ‘നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം ഞാൻ സാധിപ്പിച്ചുതരാം. ‘ദർബുസ്സബാഇൽ’ എനിക്ക് വിശാലമായ വീടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞാനത് വിട്ടുതരാം. പിന്നെയുള്ള പ്രയാസം ജനത്തിരക്കാണല്ലോ. സന്ദർശന സമയം നിശ്ചയിച്ച് നമുക്കത് നിയന്ത്രിക്കാം. സന്ദർശനം ആഴ്ചയിൽ രണ്ട് ദിവസമാക്കി ചുരുക്കാം.’ ഭരണാധികാരിയുടേത് പ്രായോഗിക നിർദേശമായതിനാൽ ബീവി സ്വീകരിക്കുകയുണ്ടായി. അങ്ങനെ ആഴ്ചയിൽ ശനി, ബുധൻ ദിവസങ്ങൾ സന്ദർശകർക്കായി നീക്കിവെച്ചു. മരണം വരെ അങ്ങനെ തുടർന്നു.

ആരാധന, പരിത്യാഗം

പരലോകം മോഹിച്ച് ഐഹിക ലോകത്തെ ത്യജിച്ച നഫീസ ബീവി(റ) മുഴുസമയവും സ്രഷ്ടാവിനെ ഭയന്ന് ആരാധന നകളിൽ മുഴുകി. ദുൻയാവിലെ സകല സുഖാഡംബരങ്ങളും വെടിഞ്ഞു. സഹോദര പുത്രി സൈനബ അനുസ്മരിക്കുന്നു: ‘എന്റെ അമ്മായിക്ക് ഞാൻ നാൽപത് വർഷം സേവനം ചെയ്തു. നോമ്പ് നിഷിദ്ധമായ ദിനങ്ങളല്ലാത്ത മറ്റെല്ലാ ദിവസവും പകൽ നോമ്പായിരുന്നു. രാത്രി ഉറങ്ങാതെ നിസ്‌കാരവും. ഒരിക്കൽ ഞാൻ ചോദിച്ചു: അമ്മായിക്ക് ശരീരത്തോട് അൽപം കരുണ കാണിച്ചുകൂടേ? മറുപടി ഇതായിരുന്നു: ‘എനിക്കു മുമ്പിൽ നിരവധി കടമ്പകളുണ്ട്. വിജയികൾക്കേ അവ ഭേദിക്കാൻ കഴിയൂ. പിന്നെ ശരീരത്തോട് ഞാനെങ്ങനെ കരുണ കാണിക്കും?’.
ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ആശയതലം ചിന്തിച്ച് ബീവി കരയും. നബിചര്യ വള്ളി പുള്ളി വിടാതെ ജീവിതത്തിൽ പകർത്തി. ജീവൻ നിലനിർത്താനവശ്യമായ അൽപം ഭക്ഷണമാണ് കഴിച്ചിരുന്നത്. അതുതന്നെ മൂന്ന് ദിവസത്തിലൊരിക്കൽ. അല്ലാഹുവിനെ അങ്ങേയറ്റം സ്‌നേഹിച്ചു. മുപ്പത് പ്രാവശ്യം ഹജ്ജ് കർമം നിർവഹിച്ചിട്ടുണ്ട്. ഭൂരിഭാഗവും നടന്നിട്ടാണ് പോയത്. തന്റെ പക്കലുള്ളതെല്ലാം പാവങ്ങൾക്ക് ദാനം ചെയ്യുമായിരുന്നു. ഖബ്‌റിലെ അവസ്ഥയെ കുറിച്ചും പരലോകത്തെ ഭീകരതകളെ കുറിച്ചും ചിന്തിച്ച് മിക്കപ്പോഴും കരയും.
ഒരിക്കൽ ഭരണാധികാരി 38 ലക്ഷം ദിർഹം ബീവിക്ക് ഹദ്‌യ നൽകി. വൈകാതെ അവ മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്തു. ഇതു കണ്ട് ഭൃത്യ ചോദിച്ചു: ‘ഒരു ദിർഹമെങ്കിലും ബാക്കിയാക്കിയിരുന്നെങ്കിൽ നമുക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാമായിരുന്നു.’ അപ്പോൾ മഹതി ഒരു നൂൽകെട്ടെടുത്ത് നൽകി അത് വിൽപ്പന നടത്തി നോമ്പ് തുറക്കു വല്ലതും വാങ്ങാൻ നിർദേശിച്ചു.

അന്ത്യയാത്ര

നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു നഫീസ(റ). 150ൽ പരം കറാമത്തുകൾ ഇബ്‌നു ഹജർ(റ) എണ്ണുന്നുണ്ട്. അമീർ സരിയ്യ്ബ്‌നുൽ ഹകം സമ്മാനിച്ച വീട്ടിൽ താമസിക്കുന്ന കാലത്ത് മഹതി സ്വന്തമായി കുഴിച്ച ഖബറിലിരുന്ന് ഇബാദത്ത് ചെയ്യുമായിരുന്നു. ഖബറിൽ വെച്ച് ആറായിരം (ഒരഭിപ്രായത്തിൽ രണ്ടായിരം) പ്രാവശ്യം ഖുർആൻ ഖത്മ് ചെയ്തു.
ഇസ്‌ലാമിക ലോകമാകെ ആത്മീയപ്രഭ പരത്തിയ നഫീസത്തുൽ മിസ്‌രിയ്യ(റ) ഹി. 208 റജബ് തുടക്കത്തിൽ രോഗബാധിതയായി. റമളാൻ ആദ്യ വെള്ളിയായപ്പോഴേക്ക് അസുഖം മൂർച്ചിച്ചു. നോമ്പ് മുറിക്കാൻ ചികിത്സകർ ആവശ്യപ്പെട്ടപ്പോൾ ബീവിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘നോമ്പുകാരിയായി മരിപ്പിക്കാൻ മുപ്പത് വർഷമായി ഞാനെന്റെ റബ്ബിനോട് പ്രാർഥിക്കുന്നു. എന്നിട്ട് ഈ ഘട്ടത്തിൽ നോമ്പ് മുറിക്കാൻ താങ്കൾ എന്നോട് പറയുകയോ?’
റമളാൻ പകുതിയായപ്പോഴേക്ക് സ്ഥിതി കൂടുതൽ വഷളായി. മരണം ആസന്നമായപ്പോൾ സൂറത്തുൽ അൻആം പരായണം ചെയ്യുകയായിരുന്നു. ‘അവരുടെ റബ്ബിങ്കൽ അവർക്ക് ശാന്തിയുടെ ഭവനമുണ്ട്. അവരുടെ രക്ഷിതാവ് അവനാണ്. അവർ പ്രവർത്തിച്ചതിന്റെ ഫലമാണത്’ എന്നർഥം വരുന്ന 127ാമത്തെ ആയത്ത് എത്തിയപ്പോൾ ആ പരിശുദ്ധാത്മാവ് യാത്രയായി. ഹി. 208 റമളാൻ 15നായിരുന്നു വിയോഗം.
അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയ ഭർത്താവ് ജനാസ മദീയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അരുതെന്ന് നാട്ടുകാർ കേണപേക്ഷിച്ചു. പക്ഷേ അദ്ദേഹം തീരുമാനത്തിൽ നിന്ന് മാറിയില്ല. എന്നാൽ, ഈജിപ്തിൽ തന്നെ മറവ് ചെയ്യാൻ സ്വപ്നത്തിലൂടെ നബി(സ്വ) നിർദേശിച്ചു. മഹതിയുടെ ബറകത്ത് കൊണ്ട് ഈജിപ്തുകാർക്കെല്ലാം അനുഗ്രഹം ലഭിക്കുമെന്ന് സുവിശേഷമറിയിക്കുകയും ചെയ്തു. അതുപ്രകാരം മഹതിയെ ഈജിപ്തിൽ തന്നെ മറവ് ചെയ്യുകയായിരുന്നു.
(അവലംബം: നൂറുൽ അബ്‌സ്വാർ, നഫീസ(റ), ഹിൽയത്തുൽ ഔലിയാഅ്)

അസീസ് സഖാഫി വാളക്കുളം

Exit mobile version