ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തിൽ ഏറ്റവും ശോഭനമായ ഘട്ടം, വൈജ്ഞാനിക-ധർമജാഗരണ ഭൂപടത്തിൽ കാലാതിവർത്തിയായി നിലനിൽക്കുന്ന ശാഫിഈ കർമശാസ്ത്രം ഉത്ഭ-വികാസം പ്രാപിച്ച ഹിജ്‌റ 150-204 കാലമാണ്. ഈ അമ്പത്തിനാല് വർഷത്തിനിടയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് വൈജ്ഞാനിക ലോകത്ത് ഉണ്ടായത്. ഇമാം ശാഫിഈ(റ)യുടെ അനിതര സാധാരണ ധിഷണയും രചനകളും വചനങ്ങളും പാണ്ഡിത്യഗരിമയുമാണ് അതിനു നിദാനം. അദ്ദേഹത്തിന്റെ യാത്രകളും സംവാദങ്ങളും ജീവിതം മുഴുവനും ജ്ഞാന സമ്പാദനത്തിന് വേണ്ടി മാത്രമായിരുന്നു. വിദ്യാവിതരണത്തിനും സമ്പാദനത്തിനുമായി മക്കയിലും മദീനയിലും യമനിലും ഇറാഖിലും ഈജിപ്തിലും മരുഭൂമികളിലും ആ ധന്യജീവിതം പരന്നൊഴുകി. ‘ഭൂതലമാകെ വിജ്ഞാനം നിറക്കുന്ന ഖുറൈശീ പണ്ഡിതൻ’ എന്ന തിരുവചനപ്പൊരുൾ ഇമാം ശാഫിഈ(റ)യാണെന്ന പണ്ഡിതാഭിപ്രായം എന്തുമാത്രം പ്രസക്തമാണ്.
പഠനയാത്രയിൽ നീണ്ട 21 വർഷം മക്കയിലും 16 വർഷം മദീനയിലുമായിരുന്നു വിജ്ഞാന സമ്പാദനത്തിൽ മുഴുകിയത്. ബാക്കി അഞ്ച് വർഷം യമനിലും അഞ്ചുവർഷം ബഗ്ദാദിലും നാലു വർഷം അലക്‌സാണ്ട്രിയയിലും.
ഏഴു വയസ്സായപ്പോഴേക്കും ഖുർആനും പത്താം വയസ്സിൽ 12000 ഹദീസുകളുടെ സമാഹാരമായ മാലികീ ഇമാമിന്റെ മുവത്വയും മനഃപാഠമാക്കി. മക്കയിലെ പ്രമുഖ ഖുർആൻ പണ്ഡിതനായ ശൈഖ് ഇസ്മാഈലിന്റെ കീഴിലായിരുന്നു ഖുർആൻ പാരായണം അഭ്യസിച്ചത്.
ഒരു രാപ്പകൽ കൊണ്ട് കിതാബുൽ ഔസാത്തും ഹൃദിസ്ഥമാക്കി. കൂട്ടുകാരിൽ നിന്ന് കടം വാങ്ങുന്ന തടിച്ച കിതാബുകൾ അതിവേഗം മനഃപാഠമാക്കുമായിരുന്നു. സ്വപ്നത്തിൽ തിരുനബി(സ്വ)യുടെ ഉമിനീരിന്റെ ബറകത്ത് ലഭിച്ചതിനാൽ മറവിയോ അബദ്ധമോ സംഭവിച്ചിരുന്നില്ല. ഭാഷാ പണ്ഡിതരുടെയും വൈയാകരണന്മാരുടെയും പരിശോധനയിൽ ഒരു സ്ഖലിതം പോലും സാഹിത്യ രചനകളിലോ സംഭഷണങ്ങളിലോ കണ്ടെത്താനായിട്ടുമില്ല. ‘ഇമാം ശാഫിഈ(റ)യുടെ പ്രയോഗത്തേക്കാൾ മറ്റൊരു പ്രയോഗം നന്നായി തോന്നിയിട്ടുമില്ല’ ചരിത്ര-വ്യാകരണ പണ്ഡിതനായ അബ്ദുൽ മലികിന്റെ വാക്കുകളാണിത്.
സംഘർഷ ഭരിതമായ സാഹചര്യത്തിലായിരുന്നു ഇമാം ശാഫിഈ(റ)യുടെ പഠന പര്യടനങ്ങളും ഗവേഷണങ്ങളും നടക്കുന്നത്. വിവിധ നാഗരികതകളും ദേശീയതകളും സാംസ്‌കാരിക പൈതൃകങ്ങളും സംഗമിച്ച് സംഘർഷം മുറ്റിനിൽക്കുന്ന അന്തരീക്ഷം. രാഷ്ട്രീയ പ്രക്ഷോഭങ്ങളും ആഭ്യന്തര കലഹങ്ങളും സാർവത്രികമായിരുന്നു. അന്യഭാഷാ ഗ്രന്ഥങ്ങളുടെ അറബിയിലേക്കുള്ള മൊഴിമാറ്റ സംരംഭങ്ങൾ സജീവമായി. യവനചിന്തകരായ പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ദാർശനിക കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു. അറബി ഭാഷ യവന ചിന്താ ധാരകളാൽ നിർഭരമായി. നിർമത-നിരീശ്വര വാദികളുടെ രംഗപ്രവേശവും അധിനിവേശവും സങ്കീർണതൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇത്തരം പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇമാമിന്റെ പടയോട്ടം.
വിജ്ഞാനം അതിന്റെ അടിസ്ഥാന സ്രോതസ്സുകളിൽ നിന്ന് പഠിച്ചെടുക്കുന്നതിന് എന്തു ത്യാഗം സഹിക്കാനും ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായി. ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കുന്നതാണ് പരമപ്രധാനം. അതാണ് ശരിയായ പഠനവും.
വിജ്ഞാന തൃഷ്ണയും വൈപുല്യവും
അടങ്ങാത്ത വിജ്ഞാന ദാഹം ഒരിടത്ത് ഒതുങ്ങിക്കഴിയാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അനുബന്ധ വിജ്ഞാന ശാഖകൾ എല്ലാത്തിലും സമുദ്രസമാന ജ്ഞാനം നേടിയ സർവ വിജ്ഞാനകോശമായി അദ്ദേഹം മാറി. മികവുറ്റ ഭാഷാ പണ്ഡിതനും ഗ്രന്ഥകർത്താവും അനുഗ്രഹീത പ്രഭാഷകനുമായി. അറബി സാഹിത്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ആധികാരികമായി അംഗീകരിക്കപ്പെട്ടു. എക്കാലത്തെയും അറബിയുടെ തറവാടായി അറിയപ്പെട്ട ഖുറൈശി-മുത്തലിബീ ഗോത്രത്തിൽ ജനിച്ചിട്ടും അറബി ഭാഷാ സാഹിത്യ പഠനത്തിന് മാത്രമായി നീണ്ട ഇരുപത് വർഷം ചെലവഴിച്ചു.
ഹുദൈൽ ഗോത്രക്കാരുടെ കൂടെ
ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആനും ഹദീസും ആധികാരികമായി ഗ്രഹിക്കുന്നതിന് അറബി ഭാഷയും സാഹിത്യവും അവയുടെ അംഗീകൃത അവലംബമായി പരിഗണിക്കപ്പെടുന്ന ഗോത്രങ്ങളെ സമീപിച്ച് അവരിൽ നിന്ന് പഠിക്കുകയായിരുന്നു. ഹുദൈൽ, അസദ്, തമീം, ഖൈസ് തുടങ്ങിയ ഗോത്രങ്ങൾ ഉദാഹരണം. ശുദ്ധവും സ്ഫുടവുമായ അറബി സാഹിത്യം ശരിയായ വിധം പഠിക്കാൻ ചെറുപ്പത്തിൽ തന്നെ ഹുദൈൽ ഗോത്രത്തോടൊപ്പം താമസിച്ചു. പതിനായിരത്തിൽ പരം അറബിക്കവിതകൾ ആഴത്തിൽ പഠിച്ചു. ഭാഷാ സാഹിത്യ നൈപുണ്യത്തിൽ ഏറെ പ്രശസ്തരായ ഹുദൈൽ ഗോത്രങ്ങളുടേതുപോലെ ഭാഷയും സാഹിത്യവും ഇമാമിൽ ഒരു സർഗഗുണമായി അന്തർഭവിച്ചു. ഇസ്മഈയെ പോലുള്ള അതിനിപുണരായ ഭാഷാ ശാസ്ത്രജ്ഞന്മാർക്ക് വരെ അവലംബാർഹമായ ജ്ഞാന സമ്പത്തിന്റെ ഉടമയായിത്തീർന്നു അദ്ദേഹം. ‘മുഹമ്മദുബ്‌നു ഇദ്‌രീസ് എന്നു പേരുള്ള ഒരു ഖുറൈശി യുവാവിനെ സമീപിച്ചാണ് ഹുദൈൽ ഗോത്ര കവിതകളിലെ തെറ്റും ശരിയും നിർണയിച്ചിരുന്നത്’ ഇസ്മഈയുടെ സാക്ഷ്യം. അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യം വ്യാകരണ പണ്ഡിതർ അംഗീകരിക്കുകയും ഖുർആൻ ഹദീസ് വചനങ്ങളുടെ അർത്ഥ കൽപനകൾക്ക് അവലംബമാക്കപ്പെടുകയും ചെയ്യുമായിരുന്നു. പ്രമാണങ്ങളുടെ വ്യാഖ്യാനത്തിനും നിയമനിർദ്ധാരണത്തിനും ഭാഷാപ്രാവീണ്യം ഇമാമിന് ഏറെ സഹായകമായിത്തീർന്നു.
അദ്ദേഹത്തിന്റെ സംഭാഷണങ്ങളും സാഹിത്യരചനകളും ശ്രദ്ധിച്ച സമകാലിക സാഹിത്യ ചരിത്രകാരന്മാർ വിസ്മയിച്ചതു ചരിത്രം. മാസ്മരികത പോലെ അവർക്ക് അവയനുഭവപ്പെട്ടു (ഇമാം നവവി-റ, തഹ്ദീബ് 1/71).
ഭാഷാ സാഹിത്യത്തികവിൽ അഹങ്കരിക്കുകയും മത്സരിക്കുകയും ചെയ്തിരുന്നവരെ അതിജയിക്കുന്നസാഹിത്യ സമ്പുഷ്ടിയും ഘടനാ സൗന്ദര്യവുമാണ് ഇമാമിന്റെ കൃതികൾക്ക്. ആകർഷകമായ പ്രയോഗങ്ങളും ആശയ സമർത്ഥന രീതിയും ജ്ഞാന കുലപതികളെ പോലും അമ്പരപ്പിച്ചു.
യമനിലേക്ക്
വൈജ്ഞാനിക വൃത്തങ്ങളിൽ പുതിയ ഉണർവും പ്രതീക്ഷയും ഉളവാക്കുന്നതായിരുന്നു മഹാന്റെ യാത്രകൾ. അക്ഷരാർത്ഥത്തിൽ അറിവിന്റെ ഉറവയും തന്റെ അത്താണിയുമായിരുന്ന മാലികി ഇമാമിന്റെ വിയോഗം അദ്ദേഹത്തിൽ ദുഃഖം ഉളവാക്കി. ശരിക്കും അഭയം നഷ്ടപ്പെട്ട സ്ഥിതി. അനാഥത്വവും കടുത്ത ദാരിദ്ര്യവും ജോലിക്ക് പോകാൻ നിർബന്ധിതനാക്കി. വീട് പണയപ്പെടുത്തി യമനിലേക്ക് ജോലിയും വിജ്ഞാനവും തേടി യാത്ര തിരിച്ചു. വിവിധ ജോലികളിൽ ഏർപ്പെട്ടപ്പോഴും പഠനത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇമാം അംറുബ്‌നു അബീ സലമ(റ), യഹ്‌യബ്‌നു ഹസ്സാൻ(റ), ഹിശാമുബ്‌നു യൂസുഫ്(റ), മാസിനിസ്സൻആനി(റ) പോലുള്ള ഒട്ടേറെ മഹാപണ്ഡിതരിൽ നിന്ന് വൈദ്യശാസ്ത്രം, കർമശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവ പഠിക്കാൻ അവസരം ലഭിച്ചു. പിന്നീട് യമൻ ഗവർണറേറ്റിനു കീഴിലുള്ള നജ്‌റാന്റെ ഖാസിയായി അവരോധിതനായി. അങ്ങനെ അധികാരവും സേവനങ്ങളും അധ്യാപനവും പഠനവുമായി അഞ്ചുവർഷം യമനിൽ ചെലവഴിച്ചു.
രചനാലോകം
ഗ്രന്ഥങ്ങളുടെ ആധിക്യത്തിലും ആഖ്യാന വൈശിഷ്ട്യതയിലും ആധികാരികതയിലും ഇമാമിന്റെ അനിതര സാധാരണത്വവും കഴിവും പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അതീവ സുന്ദരമായ ശൈലിയും ഏറ്റവും മികച്ച ഘടനയും ക്രമീകരണവും കൊണ്ട് സമ്പന്നമാണ് രചനകളത്രയും. വിരസതയില്ല, ദുർഗ്രാഹ്യതയുമില്ല. ഓരോ വായനയിലും പുതിയ വിവരങ്ങളും ആശയങ്ങളും ലഭ്യമാകും വിധം വിസ്മയാവഹമായ എഴുത്ത്. പദങ്ങൾക്ക് വശീകരണവും കവിതയുടെ ഒഴുക്കും ആകർഷണീയതയും താളാത്മകതയും. എല്ലാം ഉഗ്രശിഖരം പ്രാപിച്ച രചനകൾ തന്നെ.
ആശയ സമർത്ഥനങ്ങൾക്കും വിമർശന നിരൂപണങ്ങൾക്കും സംവാദങ്ങൾക്കുമെല്ലാം സവിശേഷ മാതൃകകൾ സമ്മാനിച്ചു അദ്ദേഹം. പ്രമാണങ്ങളുടെയും യുക്തിന്യായങ്ങളുടെയും പിൻബലത്തിൽ സമർത്ഥിക്കുകയും പ്രതികൂല വീക്ഷണങ്ങളെ സമചിത്തതയോടെ സമീപിക്കുകയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും ചെയ്യുന്ന രീതിശാസ്ത്രം മഹാൻ സംഭാവന ചെയ്തു.
വിവിധ വിഷയങ്ങളിലായി 142 ഗ്രന്ഥങ്ങൾ രചിച്ചു. അതിൽ 120 എണ്ണവും കർമശാസ്ത്ര പ്രാധാന്യമുള്ളതാണ്. ഈജിപ്തിലായിരുന്ന അവസാന നാലു വർഷങ്ങളിലായിരുന്നു അധിക രചനകളും. സംഭവബഹുലമായ കാലഘട്ടമായിരുന്നു അത് (ഫവാഇദുൽ മദനിയ്യ, പേ 242).
ആദ്യരചന ‘അർരിസാലത്തുൽ ഖദീമ’യാണ്. ഇതിന്റെ ക്രോഡീകരണം ബഗ്ദാദിൽ വെച്ച് നടന്നെങ്കിലും ഈജിപ്തിൽ വെച്ച് ‘അർരിസാലതുൽ ജദീദ്’ എന്ന പേരിൽ പുനഃക്രോഡീകരിക്കുകയുണ്ടായി. നിയമനിർമാണ ശാസ്ത്രമെന്ന നിദാന ശാസ്ത്ര വിഷയത്തിൽ ഏറ്റവും പ്രചാരണം നേടിയ ഗ്രന്ഥമാണ് രിസാല. ഇഖ്തിലാഫുൽ ഇസ്തിഹ്‌സാൻ, ജിമാഉൽ ഇൽമ് എന്നിവയും നിയമ നിർദ്ധാരണ നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ്. ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണങ്ങൾ സഹിതം കർമശാസ്ത്ര വിഷയങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് വിഖ്യാതമായ അൽഉമ്മ്. കർമശാസ്ത്ര വിജ്ഞാന കോശമെന്ന് ഇതിനെ വിശേഷിപ്പിച്ചവരുണ്ട്.
കിതാബുൽ ഹുജ്ജ, അമാലി, മജ്മൂഉൽ കാഫി, ഉയൂനുൽ മസാഇൽ, അൽബഹ്‌റുൽ മുഹീത്വ് തുടങ്ങിയ ഗ്രന്ഥങ്ങൾ ഇമാം ശാഫിഈ(റ)യുടെ ഖദീമായ അഭിപ്രായമനുസരിച്ചും കിതാബുൽ ഉമ്മ്, ഇംലാഅ്, മുഖ്തസറുൽ മുസ്‌നി, മുഖ്തസറുൽ ബുവൈത്വി, അൽജാമിഉൽ കബീർ എന്നിവ ജദീദിലും രചിക്കപ്പെട്ടവയാണ്. അർശസ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് അടിമയായിട്ടും ചുരുങ്ങിയ കാലയളവിൽ നിരവധി ഗ്രന്ഥരചനകൾക്ക് അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ വലിയ കറാമത്ത് തന്നെയാണ്.
സർഗധനനായ കവി
ആവിഷ്‌കാര സൗന്ദര്യവും ആശയ ഗാംഭീര്യവും സാഹിത്യസമ്പുഷ്ടിയും ഒത്തിണങ്ങിയ ദാർശനികവും വൈജ്ഞാനികവുമായ ഒട്ടേറെ കവിതകളുടെ ഉടമ കൂടിയാണ് ഇമാം ശാഫിഈ(റ). ഭാവനാ കവിതകളല്ല, ദാർശനിക തത്ത്വോപദേശങ്ങളാണ് മഹാന്റെ കവിതകൾ. പ്രശസ്ത ഭാഷാ പണ്ഡിതൻ ഇമാം മുബർറദ് പുകഴ്ത്തിയത് കാണുക:
നിശ്ചയം ശാഫിഈ(റ) ജനങ്ങളിൽ ഏറ്റവും മികച്ച കവിയായിരുന്നു. കവിതകളിൽ തത്ത്വദർശനവുൾക്കൊള്ളുന്നു (ഇന്ന മിനശ്ശിഅ്‌രി ല ഹിക്മ) എന്ന തിരുവചനം എത്ര ശ്രദ്ധേയമാണ്!
ഇമാം ശാഫിഈ(റ) പറഞ്ഞു:
കൽപിത രചനകൾ പണ്ഡിതർക്ക് നിന്ദാപരമായിരുന്നില്ലെങ്കിൽ ലബീദിനേക്കാൾ വല്ലഭനായ കവിയാകുമായിരുന്നു ഞാൻ (വ ലൗലശ്ശിഅ്‌റു ലിൽ ഉലമാഇ വിസ്‌റു. ലകുൻതുൽ യൗമ അശ്അറ മിൻ ലബീദി).
‘കാലം ശിക്ഷണം നൽകിയപ്പോഴെല്ലാം എന്റെ ബുദ്ധിയുടെ പോരായ്മ എനിക്ക് ബോധ്യമായി.
അറിവ് കൂടുംതോറും അറിവ്‌കേടിനെ കുറിച്ചുള്ള എന്റെ ബോധ്യം വർധിച്ചു’ (കുല്ലമാ അദ്ദബനിദ്ദഹ്‌റു അറാനീ നഖ്‌സ്വ അഖ്‌ലീ. വഇദാമാ സദദ്തു ഇൽമൻ സാദനീ ഇൽമൻ ബി ജഹ്‌ലി).
ശാഫിഈ കവിതകൾ ദീവാനുശ്ശാഫിഈ, അൽജൗഹറുന്നഫീസ് ഫീ ശഅ്‌രിൽ ഇമാം മുഹമ്മദുബ്‌നുൽ ഇദ്‌രീസ് തുടങ്ങിയ കവിതാ സമാഹാരങ്ങളിൽ കാണാം.
ജ്ഞാനാന്വേഷകന്റെയും വിജ്ഞാന വിനിമയം ദൗത്യമായി ഏറ്റെടുത്ത മഹാമനീഷിയുടെയും ത്യാഗമനസ്സോടെയായിരുന്നു അദ്ദേഹത്തിന്റെ പര്യടനങ്ങളത്രയും. കടന്നുചെല്ലുന്ന നാടുകളിലെ വിജ്ഞാന കുലപതികളെ അത്ഭുതപ്പെടുത്തുകയും അവിടങ്ങളിലെ മുഴുവൻ വിജ്ഞാനങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നതുമൂലം മഹാന്റെ ആഗമനത്തിൽ എല്ലാവരും അങ്ങേയറ്റം സന്തോഷിച്ചു.
ശുകൂർ സഖാഫി വെണ്ണക്കോട്