സിംഗിൾ പാരന്റിംഗിലെ വെല്ലുവിളികൾ

പെട്ടെന്നുണ്ടായ വിവാഹമോചനത്തിനു ശേഷം ചിലരൊക്കെ കുറ്റബോധത്തിന്റെ നീർച്ചുഴിയിൽ വീണുപോകുന്നത് സാധാരണമാണ്. ഒറ്റപ്പെട്ടുപോയല്ലോ എന്ന ബോധ്യവും കുട്ടിയെ പങ്കാളിയിൽ നിന്ന് വേർപ്പെടുത്തിയതിലെ കുറ്റബോധവുമെല്ലാം മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉന്നയിക്കും. കുട്ടി അവരെ ചോദിച്ചു കരഞ്ഞാൽ പ്രത്യേകിച്ചും.
ഒരുപക്ഷേ പങ്കാളിയോട് ക്ഷമിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ? കുട്ടികൾക്ക് തിരിച്ചറിവുള്ള പ്രായമാകുമ്പോൾ ഞാൻ ചെയ്തത് തെറ്റാണെന്ന് അവർ കരുതുമോ? വേർപിരിയലിനു ശേഷം എങ്ങനെ എന്റെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടു? ഉത്തരം ലഭിക്കാത്ത ഇത്തരം വിചാരങ്ങളെല്ലാം നിങ്ങളുടെ നിരപരാധിത്വത്തെ കവർന്നെടുക്കുകയും രക്ഷാകർതൃബന്ധത്തെ കൂടുതൽ ബുദ്ധിമുട്ടിക്കുകയും അത് നിയന്ത്രിച്ചു നിർത്താനാകാത്ത വിധം മോശപ്പെട്ടതാക്കി മാറ്റുകയും ചെയ്യും.
സ്വയം കുറ്റപ്പെടുത്തി ഇനി കാലം കഴിക്കുന്നത് ആരോഗ്യകരമല്ല എന്ന തിരിച്ചറിവോടെ മുന്നോട്ട് പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും അതിനുതകുന്ന പോസിറ്റീവ് വശങ്ങൾ കണ്ടെത്താമെന്നും തീരുമാനമെടുക്കുകയാണ് പക്വതയുള്ളയാൾ ചെയ്യേണ്ടത്. കുട്ടികളെ നേർവഴിക്ക് നയിക്കുകയും നന്നായി വളർത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതാണ് തന്റെ ഇപ്പോഴത്തെ കടമയെന്ന വിചാരത്തോടെ അതിനായി യത്‌നിക്കുക. ധാരാളം പ്രാർത്ഥിക്കുക. അല്ലാഹു സഹായിക്കാതിരിക്കില്ല.

സാമ്പത്തിക പ്രതിസന്ധി

സിംഗിൾ പാരന്റായ സ്ത്രീ നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാന പ്രശ്‌നം സാമ്പത്തിക ഭാരം തന്നെയാണ്. കുട്ടികളുടെ ആവശ്യം നിറവേറ്റുന്നതിലും കുടുംബം നന്നായി നടത്തിക്കൊണ്ട് പോകുന്നതിലും ഓരോ പങ്കാളിക്കും പ്രത്യേകം പങ്കുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. തന്റെ മാത്രം കാര്യമാണെങ്കിൽ സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടാകും. എന്നാൽ കുട്ടികളുടേത് കൂടി വരുമ്പോൾ സംഗതി കൂടുതൽ ദുർഘടമായി മാറുന്നു. സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ഒറ്റക്ക് വഹിക്കുന്ന സ്ത്രീകളുടെ ജീവിതം അതോടെ വെല്ലുവിളികൾ നിറഞ്ഞതാകും. ഈ ഘട്ടത്തിലാണ് അവർക്ക് സമൂഹത്തിന്റെ പിന്തുണ ആവശ്യമാകുന്നത്.
പുറത്ത് ജോലിക്ക് പോകുന്നവരാണെങ്കിൽ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ വേണ്ട സമയം ജോലിയിൽ ചെലവഴിക്കണം. കുട്ടികളെ അവസ്ഥ ബോധ്യപ്പെടുത്തി ജീവിതത്തിലെ ആഡംബരങ്ങളും പാഴ്‌ചെലവുകളും എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കണം, ചിന്തിപ്പിക്കണം. ചെലവഴിക്കുന്ന പണത്തെ കുറിച്ച് ശ്രദ്ധാലുവാകണം, അവരെ ശ്രദ്ധാലുക്കളാക്കണം. അവർക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. ജോലി കഴിഞ്ഞ് നല്ലൊരു സമയം കുട്ടികളുടെ കൂടെ ഉണ്ടായിരിക്കണം. സാമ്പത്തികമായ സ്വയംപര്യാപ്തതക്ക് നിങ്ങളെ കൊണ്ടാവും വിധം ശ്രമിക്കണം. അഭിമാനത്തിന് കളങ്കമേൽക്കാതെ പ്രതിസന്ധി ഘട്ടങ്ങളിലും ജീവിക്കാനുള്ള വഴികൾ നമ്മിലൂടെയാവണം മക്കൾ മനസ്സിലാക്കുന്നത്. എല്ലാ ഇഷ്ടങ്ങളും സാധിപ്പിച്ചുകൊടുത്താൽ അവർക്ക് ഇത് പരിശീലിക്കാനാകില്ല.
അനിവാര്യ ഘട്ടങ്ങളിൽ സുമനസ്സുകളുടെ സഹായം തേടാനും സ്വീകരിക്കാനും മടി കാണിക്കരുത്. അത്തരം സഹായങ്ങൾ സ്ഥിരമായി സ്വീകരിക്കുന്നതൊഴിവാക്കാൻ കുടുംബശ്രീ പോലുള്ള സാമൂഹിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്ഥിരമായ ജീവിത മാർഗങ്ങൾ കണ്ടെത്താവുന്നതാണ്. കഴിവതും വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന തൊഴിലുകൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക. ജോലിത്തിരക്കു മൂലം കുടുംബത്തിൽ ശ്രദ്ധക്കുറവ് സംഭവിക്കാതിരിക്കാൻ ഇതുപകരിക്കും.
നമ്മുടെ ജോലിയും മറ്റും മക്കളുടെ പഠനത്തെയോ വ്യക്തിത്വ വികസനത്തെയോ ബാധിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കണം. രക്ഷാകർത്താവെന്ന നിലയിൽ നിങ്ങളുടെ സാമീപ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുകയും അതനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിങ്ങൾക്കും കുട്ടികൾക്കും നല്ലത്.
ജീവിതത്തിൽ ഒറ്റക്കായിപ്പോയ ശേഷവും പ്രതീക്ഷ കൈവിടാതെ നല്ലൊരു രക്ഷിതാവായി ജീവിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതിനെ ഒരു പ്രക്ഷുബ്ധ അനുഭവമായിക്കണ്ട് തളർന്നുപോയാൽ ജീവതം ഒരിക്കലും മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കില്ല. നിരന്തരമായ പരിശ്രമത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമെല്ലാം ഒഴുക്കിനെതിരെ തുഴയാനുള്ള തോണിയാക്കി ജീവിതത്തെ മാറ്റിയെടുക്കുക.

നിങ്ങളെ ശ്രദ്ധിക്കുക

ജീവിതം ഞാനെന്റെ കുഞ്ഞിനായി മാറ്റിവെച്ചിരിക്കുകയാണ് എന്ന ധാരണയിൽ നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കാതെ പോയാൽ കുഞ്ഞിനോട് ചെയ്യുന്ന വലിയ തെറ്റായിരിക്കും അത്. കുഞ്ഞ് സ്വന്തം കാര്യത്തിൽ ശ്രദ്ധയുള്ളവനായി വളരണമെങ്കിൽ അവനത് രക്ഷിതാവിൽ നിന്നു കണ്ടു പഠിക്കണം. അതിനുള്ള അവസരമാണ് നാം ഒരുക്കിക്കൊടുക്കേണ്ടത്.
കുട്ടികളെ വളർത്താനുള്ള നെട്ടോട്ടമായിരിക്കാം നിങ്ങളുടെ ജീവിതം. എന്നാൽ അതിനിടക്ക് അവരോട് സംസാരിക്കാൻ സമയം കണ്ടെത്താതെ പോകരുത്. അതവരെ തളർത്തും. വീട്ടിലെ എല്ലാ കാര്യങ്ങളും അവരോട് പങ്കുവെക്കുക. ചെറുതും വലുതുമായ കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുക. ഇത് നമ്മുടെ ആശങ്കകൾ അകറ്റാനും അവർക്ക് കൂടുതൽ പക്വത കൈവരാനും ഉപകരിക്കും. ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ ഓരോരുത്തരുടെയും കൂടെ ചെലവഴിക്കാൻ സമയം കണ്ടെത്തണം. ചെറിയ കുഞ്ഞ് ഉറങ്ങുമ്പോൾ വലിയ കുട്ടിയോടൊത്ത് അവരുടെ പ്രകൃതത്തിനിണങ്ങുന്ന കളികളിലോ കുസൃതികളിലോ ഏർപ്പെടാൻ ശ്രമിക്കുക. വലിയ കുട്ടി സ്‌കൂളിൽ പോകുമ്പോൾ ചെറിയ കുട്ടിയോടൊപ്പവും. അതുപോലെ അവരെ ഒരുമിച്ചിരുത്തിയും സ്‌നേഹ സന്തോഷങ്ങൾ പങ്കിടുക.
എന്നാൽ മുതിർന്നവരുടെ പ്രശ്‌നങ്ങൾ കുട്ടികളുമായി പങ്കുവെക്കാതിരിക്കുന്നതാണ് നല്ലത്. അതിന് നമ്മുടെ ബന്ധങ്ങളിൽ നിന്നുള്ളവരെ (ഉദാ: രക്ഷിതാക്കൾ, കൂട്ടുകാർ) കണ്ടെത്തുക. നമ്മുടെ സങ്കടങ്ങളും വേവലാതികളും മക്കളോട് പങ്കുവെക്കുന്നത് അവരുടെ ഭാവിജീവിതത്തെക്കുറിച്ച് മനസ്സിൽ ആധികൾ ഉടലെടുക്കാൻ കാരണമായേക്കും. എന്നാൽ നികത്താൻ സാധിക്കാത്ത വിധത്തിൽ കുടുംബത്തിലുണ്ടാകുന്ന ചില കുറവുകളെ/ ശൂന്യതകളെ വളരെ സൗമ്യമായി ബോധ്യപ്പെടുത്തുകയും വേണം. അത് പരിഹരിക്കുന്നതിനുള്ള വഴികളും കാണിച്ചുകൊടുക്കുക.

സമാനാവസ്ഥയുള്ളവരെ പരിചയപ്പെടുക

ഉപ്പയില്ലാത്തതായി നീ മാത്രമല്ലെന്നും നിന്നെ പോലെ നിരവധിയാളുകളുണ്ടെന്നും കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സമാനാവസ്ഥയിലുള്ള കുടുംബങ്ങളെ പരിചയപ്പെടുത്തുന്നതും നല്ലതാണ്. ഒപ്പം, ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നതങ്ങൾ കീഴടക്കിയവരുടെ ജീവിതാനുഭവങ്ങൾ കൂടി കുട്ടികൾക്ക് പകർന്നു കൊടുക്കുക. സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും അവരുടെ അഭിരുചികൾ അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുകയും ചെയ്യുക. ജീവിതത്തിലുടനീളം മാനസികമായ പിന്തുണയും പരിഗണനയും നൽകുക.
വളർന്നുവരുന്ന ഒരു ചെടിക്ക് വായുവും വെള്ളവും എത്രത്തോളം പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന്റെ മാതാപിതാക്കൾ. ഉമ്മയും ഉപ്പയും ചേർന്ന് ഒരേപോലെ സ്‌നേഹവും ലാളനയും നൽകി കുഞ്ഞിനെ വളർത്തുന്നത് പോലെയല്ല ഏക രക്ഷിതാവ് എന്ന നിലക്ക് കുഞ്ഞിനെ വളർത്തുന്നത്. പലപ്പോഴും കുഞ്ഞിനെ സംബന്ധിക്കുന്ന നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നത് നിങ്ങളുടെ മാത്രം ചുമതലയായി വരും. അതൊന്നും ഒരു പരീക്ഷണമായി ഗണിക്കാതെ അവസരമായി കാണണം.
ഏക രക്ഷിതാവ് വളർത്തുന്ന കുട്ടികൾ പൊതുവെ മറ്റു കുട്ടികളിൽ നിന്ന് പല നിലക്കും വ്യത്യസ്തരായിരിക്കും. ഇത്തരം കുട്ടികളോടുള്ള സമൂഹത്തിന്റെ സമീപനം അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ കാതലായ മാറ്റങ്ങളുണ്ടാകുന്നതിന് കാരണമാകാറുമുണ്ട്. വാശിയും ദേഷ്യവും ഇവരിൽ അൽപം കൂടുതലായി കണ്ടുവരുന്നു. വളരെയേറെ വൈകാരികത്വമുള്ളവരും (ഋാീശേീിമഹ) പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരുമായിരിക്കും (ടലിശെശേ്‌ല) ഇവരെന്ന് ഉൾക്കൊള്ളണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത് മനസ്സിലാക്കി വേണം ഇവരോട് പെരുമാറാൻ.
കുട്ടികളെ നല്ല അച്ചടക്കത്തിലും ധാർമിക ബോധത്തിലും വളർത്തിക്കൊണ്ടുവരിക എന്നതാണ് രക്ഷാകർതൃത്വത്തിന്റെ അടിസ്ഥാന തത്ത്വം. എന്നാൽ സിംഗിൾ പാരന്റിംഗെന്ന അവസ്ഥ ഇതിനെ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറ്റുന്നു. കുട്ടികളെ പരിചരിക്കുന്നത് പങ്കാളികളിൽ ഒരാൾ മാത്രമായി മാറുമ്പോൾ ഇത് ഏറെ ബുദ്ധിമുട്ടുള്ളതായി പരിണമിക്കും. പലപ്പോഴും കുട്ടികളിലുണ്ടാകുന്ന വൈകാരിക സമ്മർദവും അച്ചടക്കമില്ലായ്മയും ഇവർക്ക് മാത്രമായി നിയന്ത്രിക്കാൻ കഴിയാതെ വരും.
ശരിയായ മാർഗനിർദേശങ്ങൾ ലഭിക്കാത്തപക്ഷം കുട്ടികളിൽ ധിക്കാരപരമായ പെരുമാറ്റ രീതികൾ വികസിച്ചേക്കാം. ഇത്തരം സന്ദർഭങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്ന രക്ഷാകർത്താവിന് വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാക്കും. ഒരു ഉപ്പയുടെ സ്ഥാനത്തുനിന്നും തിരിച്ചറിയേണ്ട ജീവിതപാഠങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ പ്രത്യേകിച്ചും. നിങ്ങൾ ഒരാളുടെ മാത്രം ആശയവിനിമയത്തിലൂടെ അവരെ നേർവഴിക്ക് നയിക്കാൻ കഴിയുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ ഇത് വലിയ ബുദ്ധിമുട്ടായി മാറുന്നു.
ഒരു സ്ത്രീയെ സംബന്ധിച്ച് പിതാവിന്റെ വേഷം കൂടി അണിയേണ്ടി വരുമ്പോൾ അതിന്റേതായ വിഷമങ്ങൾ തുടക്കത്തിൽ നേരിടേണ്ടി വന്നേക്കാം. എന്നാൽ അത്തരമൊരു ഉത്തരവാദിത്വ നിർവഹണത്തിന് മാനസികമായി തയ്യാറെടുക്കുക എന്നതാണതിന്റെ പരിഹാരമാർഗം. ഇദ്ദയുടെ കാലയളവ് ഇത്തരം ബോധ്യപ്പെടലുകൾക്കും മാനസിക പരിവർത്തനങ്ങൾക്കും വേണ്ടി കൂടി ഉപയോഗിക്കുന്നത് നന്നായിരിക്കും.
ജീവിതത്തിൽ സ്ത്രീയുടെ റോൾ പുരുഷൻ ഏറ്റെടുക്കുമ്പോഴും, മറിച്ചാണെങ്കിലും പൂർണതയോടെ നിർവഹിക്കാൻ സാധിക്കില്ല എന്നതുതന്നെയാണ് യാഥാർത്ഥ്യം. മാനസികമായ തയ്യാറെടുപ്പിലൂടെയും പക്വമായ ഇടപെടലിലൂടെയും കൃത്യമായ പ്ലാനിങ്ങിലൂടെയും ഒരുപരിധി വരെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാം. പിന്നെ, കുറവുകൾ മനുഷ്യ ജീവിതത്തിൽ സ്വാഭാവികമാണന്നും ആരും പൂർണരല്ലെന്നുമുള്ള ബോധ്യം മനസ്സിലേക്ക് കൊണ്ടുവരിക.

കുട്ടികളുടെ അച്ചടക്ക കാര്യങ്ങൾ

വിവാഹമോചനം മൂലം വേർപിരിഞ്ഞവരാണ് നിങ്ങളെങ്കിൽ കുട്ടികളുടെ കാര്യത്തിൽ അതിരുകൾ നിശ്ചയിച്ച് അച്ചടക്കവും സഹരക്ഷാകർതൃത്വവും കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യത്തെ അംഗീകരിക്കണം. ശരിയായ ധാർമികബോധം കുട്ടികൾക്ക് പകർന്നുനൽകുന്നതിൽ പരാജയപ്പെടാതിരിക്കാൻ ഇടയ്‌ക്കെല്ലാം സ്വന്തം രക്ഷിതാക്കളോടോ സുഹൃത്തുക്കളോടൊ അധ്യാപകരോടൊ ആശയവിനിമയം നടത്തുക. കുട്ടികളുടെ കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുക.
ഭർത്താവിന്റെ മരണം മൂലമാണ് നിങ്ങൾക്ക് സിംഗിൾ രക്ഷിതാവിന്റെ വേഷമണിയേണ്ടി വന്നതെങ്കിൽ നിങ്ങളുടെ തോളിൽ അധിക ഉത്തരവാദിത്വങ്ങളുണ്ടായിരിക്കും. രക്ഷാകർത്താവായി അവർക്ക് നിങ്ങൾ മാത്രമേ ഉള്ളൂ എന്ന വെല്ലുവിളി ഒരിക്കലും നിങ്ങളെ തളർത്തരുത്. ജീവിതപങ്കാളിയുടെ അഭാവത്തിൽ നിങ്ങൾക്ക് സഹായം തേടി ചെല്ലാനും കുട്ടിയുടെ കാര്യത്തിൽ അധികാരമുള്ള വ്യക്തികളായി പ്രവർത്തിക്കാനുമെല്ലാം നിങ്ങളുടെ കുടുംബത്തെയും ഉത്തമ സുഹൃത്തുക്കളെയും ഉൾപ്പെടുത്താൻ കഴിയും. എങ്കിൽത്തന്നെയും ഈയൊരു രീതി ഫലപ്രദമാകണമെങ്കിൽ കുട്ടികൾക്ക് അവരുമായി അടുത്ത സ്‌നേഹബന്ധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അത്തരത്തിൽ ഇടപെടുന്നവർ കുട്ടികളുടെ മനസ്സറിഞ്ഞു സമീപിക്കുന്നവരുമായിരിക്കണം.
കുട്ടികളിലെ വൈകാരിക അസ്ഥിരതയെയും വിവേചനരഹിതമായി അവരിലുണ്ടാവുന്ന പ്രശ്‌നങ്ങളെയുമെല്ലാം നേരിടാൻ ഇത്തരം രക്ഷിതാക്കൾക്ക് റിലേഷൻഷിപ്പ് കൗൺസിലർമാരുടെയും സൈക്കോളജിസ്റ്റുകളുകളുടെയും സഹായവും തേടാവുന്നതാണ്.
ഒഴിവു സമയങ്ങൾ കുട്ടികൾക്ക് കൂടുതൽ ഉപയോഗപ്രദമായ രീതിയിൽ സംവിധാനിക്കാൻ ശ്രമിക്കുക. രചന, പാട്ട്, പ്രസംഗം, കമ്പ്യൂട്ടർ വിദ്യാഭ്യാസം, ഭാഷാ പഠനങ്ങൾ, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അവർക്ക് പരിശീലനം നൽകുകയും മറ്റു രക്ഷിതാക്കളിൽ നിന്നു വ്യത്യസ്തമായി ചിലതെങ്കിലും ചെയ്യാൻ ശ്രമിക്കുകയും ഇത് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നത് ഉപ്പയില്ലാത്തതിന്റെ നഷ്ടബോധം കുട്ടികളിൽ നിന്ന് ഇല്ലായ്മ ചെയ്യാനും നിങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സഹായിക്കും.
കൃത്യമായൊരു ടൈം ടേബിളുണ്ടാക്കി ചിട്ടയായ ജീവിതക്രമവും പ്രശ്‌നത്തെ നേരിടാനുള്ള മാനസികാവസ്ഥയും എപ്പോഴും പോസിറ്റീവായി ചിന്തിക്കാനുള്ള ത്രാണിയും ഉണ്ടാക്കിയെടുക്കാൻ നിർബന്ധമായും ശ്രമിക്കുക.
(അവസാനിച്ചു)

 

എംഎസ് കാരക്കുന്ന്

Exit mobile version