സിനിമ ഹറാമുതന്നെ പഴയപോലെ ഇപ്പോഴും

മാരകമായൊരു കലാരൂപമാണ് സിനിമ. മനുഷ്യനെ ഇത്രമേൽ സ്വാധീനിക്കുന്ന മറ്റൊരു എന്റർടൈമെന്റ് ഇല്ലതന്നെ. കൂടുതൽ സ്വാധീനിക്കുന്നുവെന്നതിനാൽ തന്നെ അതിന്റെ പ്രതിഫലനം മാരകമായിരിക്കും. ദൗർഭാഗ്യകരമെന്നു പറയാം, ചെറിയ രീതിയിലുള്ള ഗുണപാഠങ്ങൾ ചില സിനിമകൾ ഉൾക്കൊള്ളുന്നുവെങ്കിൽ തന്നെയും പൊതുവെ ധർമനിഷ്ഠമായൊരു സമൂഹത്തിന്റെ നിഷ്‌കാസനമാണ് സിനിമവഴി സംഭവിക്കുന്നത്. വർധിച്ചുവരുന്ന വ്യത്യസ്ത രീതിയിലുള്ള മൂല്യച്യുതികളുടെയൊക്കെയും പിറകിൽ പ്രത്യക്ഷമായോ പരോക്ഷമായോ സിനിമയുടെ വേരുകൾ കാണാനാകും.

ഇസ്‌ലാം മാനവമോചനത്തിന്റെ ദൈവിക മാർഗമാണ്. മനുഷ്യന്റെ കലാ-കായിക-വിനോദോപാധികൾ അത് അനുവദിക്കുന്നുണ്ട്. ആർക്കും എങ്ങനെയുമാകാമെന്ന തലത്തിലാകുന്നത് അധഃപതനത്തിലേക്കെത്തിക്കുമെന്നതിനാൽ, ഈ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം. അത് കലാരംഗത്ത് മാത്രമുള്ള പ്രവണതയൊന്നുമല്ലതാനും. ആരാധനയിലും വ്യവഹാരങ്ങളിലും ലൈംഗിക ജീവിതത്തിലുമടക്കം മനുഷ്യനുമായി ബന്ധപ്പെട്ടിടങ്ങളിലൊക്കെ മതത്തിന്റെ ഈ ശ്രദ്ധയുണ്ട്. താന്തോന്നികളാകുന്നത് ബുദ്ധിയും വിവേകവും പക്വതയും വിവേചന ശേഷിയുമുള്ള വർഗത്തിന് പറഞ്ഞതല്ല. മൃഗങ്ങൾക്കതാവുന്നത് ഈ പറഞ്ഞ സദ്ഗുണങ്ങളുടെ അസാന്നിധ്യം കൊണ്ടുതന്നെയാണ്.

കാട്ടുമൃഗങ്ങൾക്ക് ഒരു നിയമവുമില്ല. ഒരു ജീവിയോ ദർശനമോ അവയെ നിയന്ത്രിക്കുന്നുമില്ല. ജന്മസിദ്ധമായി ലഭിക്കുന്ന ദൈവിക ചോദനകൾക്കനുസരിച്ച് ജീവിച്ച് തീരുകയാണ് അവയുടെ ജന്മങ്ങൾ. അതുകൊണ്ടുതന്നെ അവർക്കിടയിൽ രാജാവോ മന്ത്രിയോ പോലീസോ പട്ടാളമോ ഇല്ല. മനുഷ്യനങ്ങനെയല്ലാത്തതു കൊണ്ട് മതമില്ലാത്ത രാജ്യങ്ങളിൽ പോലും സുശക്തമായ സിവിൽ-ക്രിമിനൽ നിയമങ്ങളുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ മാനവരുടെ ഇരുലോക വിജയത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകുന്നതിനാൽ നിയമ-നിയന്ത്രണ രംഗത്ത് ഇസ്‌ലാം പ്രാധാന്യം നൽകുന്നു. കലയും കായിക വിനോദങ്ങളുമൊക്കെ പരലോക പ്രാധാന്യം പരിഗണിച്ചു മാത്രം വിശുദ്ധമതം വീക്ഷിക്കുന്നത് അതുകൊണ്ടാണ്.

അഭിനയം മുതൽ തുടങ്ങുന്നതാണ് സിനിമയുമായി ബന്ധപ്പെട്ടുള്ള മതശാസനകൾ. ആൺ-പെൺ വേഷങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കാത്തതായിരിക്കണമെന്നത് മതത്തിന്റെ അടിസ്ഥാന ശാസനകളിൽ പെടുന്നു. അന്യ സ്ത്രീ-പുരുഷരുടെ സമാഗമം, സ്പർശനം, ഒറ്റപ്പെടൽ, കൂടിക്കലരൽ എല്ലാം മതം വിലക്കിയതാണ്. കുടുംബ ബന്ധങ്ങൾക്ക് പവിത്രത നൽകുന്നതിനാൽ അതിന്റെ ഛിദ്രതയ്ക്ക് കാരണമാകുന്നതൊന്നും ഇസ്‌ലാമിന് സമ്മതമല്ല. സിനിമാ രംഗത്ത് നടക്കുന്ന ഉൾസാര രഹസ്യങ്ങൾ അങ്ങാടി പരസ്യമാണല്ലോ. ഒരു നടി നീണ്ട കാലം നായികയായി നിൽക്കണമെങ്കിൽ അഭിനയ ശേഷി മാത്രം മതിയാവില്ലെന്നത് എല്ലാവർക്കുമറിയാം. അതുകൊണ്ടാവണം സിനിമാ രംഗത്തുള്ള പലരും അതേ മേഖലയിൽ പ്രവർത്തിക്കുന്നവരെ കല്യാണം കഴിക്കാൻ വിമുഖത കാണിക്കുന്നത്. മമ്മുട്ടി, മോഹൻലാൽ, പൃഥിരാജ് തുടങ്ങിയ നടന്മാരൊക്കെയും ഈ രീതി തുടർന്നവരാണ്. അപൂർവമായി സിനിമാ നടിമാരുമായി വിവാഹത്തിലേർപ്പെട്ട നടന്മാർ അതോടെ ഭാര്യയുടെ അഭിനയം നിർത്തിക്കുന്നതും പൊതു ശൈലിയാണ്. ജയറാം മുതൽ ഫഹദ് ഫാസിൽ വരെയും ഉദാഹരണങ്ങൾ. ഇനി അഭിനയിക്കാൻ ഭർത്താവ് സമ്മതിക്കില്ലെന്ന് ഒരു പുതുമുഖ നടി ഈയിടെ പ്രഖ്യാപിച്ചുവല്ലോ. സിനിമക്കാരുടെ ഭാര്യമാർ അഭിനയ രംഗത്തേക്ക് പുനഃപ്രവേശം നടത്തിയാൽ ബന്ധം താറുമാറാകുന്നതും നാം കാണുന്നു. ദിലീപ്-മഞ്ജുവാര്യർ ജോഡികൾ ഉദാഹരണം.

എന്തുകൊണ്ടാണിങ്ങനെ? സിനിമക്കകത്തുള്ള ചില മോശം പ്രവണതകളെക്കുറിച്ചുള്ള ദുസ്സൂചനകൾ ഇതിൽ നിന്നു ലഭിക്കുന്നുണ്ട്. ഒരു പ്രമുഖ നടിയുടെ കല്യാണമുറപ്പിച്ച വാർത്തയുടെ താഴെ സോഷ്യൽ മീഡിയകൾ ആഘോഷിച്ച് പ്രചരിപ്പിച്ച അടിക്കുറിപ്പ് ഇങ്ങനെ: അങ്ങനെ ഒരു പൊതു സ്വത്തുകൂടി സ്വകാര്യവൽക്കരിക്കുന്നു!

ഞാൻ സിനിമയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കില്ലെന്ന് ഒരു പുതുമുഖ നടി അഭിപ്രായപ്പെട്ടതിനു മാതൃഭൂമി പ്രതികരണം കുറച്ചുകൂടി കാര്യം വ്യക്തമാക്കുന്നു: അതിന് സിനിമക്കാർ ഒരാളെയായിട്ട് കല്യാണം കഴിക്കാറില്ലല്ലോ!

ഇതുസംബന്ധമായ വസ്തുതകളെക്കുറിച്ച് കുറിപ്പെഴുത്തുകാരന് അത്ര തിട്ടം പോരാ. എന്നാലും, നാലു പേർ സാക്ഷികളാകാതെ വ്യഭിചാരാരോപണം ഉന്നയിക്കുന്നത് ശിക്ഷാർഹമായ അപരാധമാണെന്ന വിശുദ്ധ വേദവാക്യം ഓർമിച്ചുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും, സിനിമക്കകത്തുനിന്ന് വമിക്കുന്ന ഇത്തരം ആരോപണങ്ങൾ അത്ര സുഖകരമല്ലെന്നുറപ്പ്. കണ്ടുവരുന്ന സിനിമക്കാരുടെ രീതികളും കേൾക്കുന്ന വാർത്തകളും അത്ര പന്തിയുമയല്ല. തെറ്റിദ്ധാരണകളുടെ സാധ്യതപോലും ഒഴിവാക്കണമെന്നു കൽപിച്ച മതത്തിന് സിനിമക്കകം തന്നെ നിഷിദ്ധമാകുന്നതിന്റെ പ്രായോഗിക കാരണങ്ങളിലൊന്ന് സൂചിപ്പിച്ചതാണ്. അഭിനയം എന്ന പരിപാടി തന്നെ വിശാലമായി ചർച്ച ചെയ്യേണ്ടതാണ്.

ആത്മഹത്യ , ബലാത്സംഗം, കൊല, കൊള്ള, മദ്യപാനം, താന്തോന്നിത്തം, പ്രേമചാപല്യങ്ങൾ തുടങ്ങി മതവിരുദ്ധമായ ചീത്ത പ്രവൃത്തികൾക്കൊക്കെയും വലിയൊരു അളവ് കാരണമാകുന്നത് സിനിമയാണെന്നതിൽ സംശയമുണ്ടാകാനിടയില്ല. അണിയറ പ്രവർത്തകർക്ക് സമ്മതമല്ലെങ്കിൽ പോലും വസ്തുത ഇതാണ്.

ജീവിതം എപ്പോഴും സന്തോഷപ്രദമാവണമെന്നില്ല. ദുഃഖവും സന്താപവും പലപ്പോഴും ബാധിച്ചേക്കും. അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങൾ പൊടുന്നനെ ഇല്ലാതെയുമാവാം. അപ്പോഴൊക്കെ സമചിത്തതയോടെ പിടിച്ചുനിൽക്കാനും ക്ഷമ കൈക്കൊള്ളാനുമാണ് മതപാഠം. ഇത്തരം പ്രതിസന്ധികൾ ദൈവിക പരീക്ഷണമാണെന്നുൾക്കൊണ്ട് നാളേക്കായുള്ള സമ്പാദ്യമാക്കി മാറ്റുകയാണ് വേണ്ടത്. പിന്നെയും നല്ല ദിനങ്ങളുണ്ടാകാമെന്ന പ്രതീക്ഷ കൈവിടുകയുമരുത്. എല്ലാം സാധിക്കുന്നവനാണല്ലോ നമ്മെ പടച്ചത്. വ്യത്യസ്തമാണ് പൊതുവെ സിനിമ നൽകുന്ന സന്ദേശം. ചെറിയ ജീവിത പ്രതിസന്ധികൾക്കു പോലും പരിഹാരമായി അത് ആത്മഹത്യ പഠിപ്പിക്കുന്നു. വിഷക്കുപ്പിയും ഒരു മുറിക്കയറും ഏതു പ്രശ്‌നവും പരിഹരിക്കുമെന്ന് അത് സമൂഹത്തെ നിരന്തരമായി ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. ദുർഘട സന്ധികളിലും പിടിച്ചുനിൽക്കുന്ന കഥാപാത്രങ്ങളില്ലേയെന്നു ചോദിച്ചേക്കാം. ശരിതന്നെ. പക്ഷേ, അവരെക്കാൾ ദുർബല മനസ്‌കരെയും താഴ്ന്ന ജീവിതനിലവാരമുള്ളവരെയും സ്വാധീനിക്കുന്നത് ആത്മഹത്യാ പ്രേരണ നൽകുന്ന കഥകളും കഥാപാത്രങ്ങളുമാണ്. ആറു വയസ്സുകാരി ആത്മഹത്യ ചെയ്ത നാടാണു കേരളം. അവർക്ക് അതിന് പ്രേരണ ലഭിക്കുന്നത് സീരിയലിൽ നിന്നും സിനിമയിൽ നിന്നുമല്ലാതെ മറ്റെവിടെനിന്ന്?

മദ്യപാനത്തിന്റെ കാര്യം പരിശോധിച്ചാലും സിഗരറ്റ് വലിയെക്കുറിച്ച് ചിന്തിച്ചാലുമൊക്കെയും സമാന വിശദീകരണം പ്രസക്തമാണ്. ടെൻഷനടിച്ച നായകൻ വേഗം ചെല്ലുന്നത് മദ്യശാലയിലേക്കാണ്. പിന്നെ മൂക്കറ്റം കുടിതന്നെ. നായകനു വേണ്ടി ജീവൻ തന്നെയും നൽകാൻ സന്നദ്ധനായ പ്രേക്ഷകൻ ജീവിതത്തിലെ സമാന ഘട്ടത്തിൽ മദ്യം തന്നെ രക്ഷാമാർഗമായി കരുതുന്നു. സമൂഹം പൊതുവെയും യുവതലമുറ പ്രത്യേകമായും നാലു കാലിലാടി ജീവിതം തുലച്ചുകളയും വിധം അധഃപതിക്കാൻ ഈ കലാരൂപം കാരണമായി തീരുകയാണ്.

അനുകരണ ഭ്രമം യുവതയുടെ സ്വഭാവമാണ്. അത് സമ്പൂർണ ഭാവം നേടുകയാണ് സിനിമാ താരങ്ങളിൽ. പ്രേമം സിനിമ കാരണം കേരളം അനുഭവിക്കുന്ന പുകിലുകൾ അവസാനിക്കുന്നില്ല. ഒരു പാവം വിദ്യാർത്ഥിനിയുടെ ജീവനെടുത്തതടക്കം നിരവധി അനർത്ഥങ്ങൾ. മീശപിരിച്ച് ആടിപ്പാടുന്ന, സ്വന്തം അധ്യാപികയെ പോലും കാമക്കണ്ണുകൊണ്ട് വീക്ഷിക്കാൻ മനഃശക്തി നേടിയ വിദ്യാർത്ഥി സമൂഹമാണ് അതിന്റെ ഒന്നാമത്തെ സംഭാവന. പിന്നെ ധിക്കാരികളായ പുതിയ തലമുറ സൃഷ്ടിക്കപ്പെട്ടുവെന്നതും. തങ്ങളെ ഉപദേശിക്കാനും നിയന്ത്രിക്കാനും ആരും ആയിട്ടില്ലെന്നും ഞങ്ങളുടെ രീതിയും ശൈലിയും സ്വന്തമായി തീരുമാനിച്ചോളുമെന്നും അവർ പറയുക മാത്രമല്ല കാണിച്ചുകൊടുക്കുക തന്നെ ചെയ്യുന്നു. കല്യാണ വേളകളിലും മറ്റാഘോഷങ്ങളിലും കരിങ്കുപ്പായവും മെറൂൺ തുണിയുമുടുത്ത മീശപിരിയന്മാർ ആടിപ്പാടുമ്പോൾ സമൂഹം കാത്തുസൂക്ഷിച്ച ഒരു കൂട്ടം നന്മകളാണ് കാലഹരണപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഡിജിപി സെൻകുമാറിനെപ്പോലുള്ളവർ ഇതുപോലുള്ള സിനിമകൾ പുറത്തിറക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞത്.

നിരവധി കൊലപാതകങ്ങൾക്ക് പ്രേരകമായും തെളിവു നശിപ്പിക്കുന്നതിനു സൂപ്പർ ഗൈഡായും ദൃശ്യം എന്ന സിനിമ വർത്തിച്ചത് ഏവർക്കുമറിയാം. ഇക്കാര്യം പ്രതികൾ തന്നെ പോലീസിനോട് ഏറ്റുപറഞ്ഞ കേസുകൾ നിരവധിയുണ്ട്.

ധൂം സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു ചേലേമ്പ്ര ബാങ്ക് കവർച്ചയടക്കം നിരവധി കൊള്ളകൾ. എടിഎം കള്ളന്മാരും സിനിമയെ തന്നെ ഗുരുവായി സ്വീകരിച്ചു. സൂപ്പർ നായകൻ സഞ്ചരിച്ച ബൈക്കിനു മിറർ വെക്കാത്തതു കാരണം സ്വന്തം ബൈക്കിൽ നിന്നും അത് അഴിച്ചുമാറ്റി അപകടങ്ങളിൽ പെടുന്നവർ കണക്കില്ലാതെയുണ്ട്. ഗാർഹിക പീഡനങ്ങളുടെ വർധനവിനും വലിയ സ്വാധീനം ഈ കലതന്നെ.

പിതാവും മാതാവും മക്കളും ഒന്നിച്ചിരുന്ന് സിനിമ കാണുമ്പോൾ മനുഷ്യനാവാൻ ആവശ്യമായ ചില അലിഖിത നിയന്ത്രണങ്ങൾക്ക് ലോപം വരുന്നു. പല ചലചിത്രങ്ങളും കണ്ടു തരിച്ചിരിക്കുമ്പോൾ സഹോദരനു സ്വന്തം പെങ്ങൾ വെറുമൊരു പെണ്ണു മാത്രമായി തോന്നുന്നതാണ് പ്രശ്‌നം. അവർക്കിടയിലുണ്ടാകേണ്ട വിലക്കുകൾ ലോപിച്ചില്ലാതാകുന്നിടത്ത് ഗാർഹിക പീഡനം തലപൊക്കുക സ്വാഭാവികം. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത അധർമങ്ങൾക്ക് പ്രേരണ നൽകുന്നതിനാൽ സിനിമ ഇപ്പോഴും ഹറാമു തന്നെയാണ്. മുമ്പ് സിനിമ പ്രശ്‌നവും ഇപ്പോൾ മുഴുനീള ധർമപ്രഭാഷണവുമാണെന്ന് ആർക്കു പറയാനാവും?

മതം വിലക്കിയ മറ്റു പല പ്രശ്‌നങ്ങൾ കൂടിയുണ്ട് സിനിമയിൽ. നിഷിദ്ധമായ പലവിധ വാദ്യോപകരണങ്ങളുടെ ഉപയോഗം, കള്ളം പറയൽ, ചിരിപ്പിക്കാൻ വേണ്ടി ഇല്ലാത്തതു പറഞ്ഞുണ്ടാക്കൽ, സൗന്ദര്യമുള്ള അന്യസ്ത്രീ-പുരുഷന്മാരെ കണ്ടാസ്വദിക്കൽ, വൃത്തികെട്ട വർത്തമാനങ്ങൾ, ഹൃദയത്തെ അഹിതമായി ഉത്തേജിപ്പിക്കുന്ന ഗാനരംഗങ്ങൾ, കിടപ്പറ രംഗങ്ങളും ബലാത്സംഗങ്ങൾ, രഹസ്യഭാഗങ്ങളുടെ പ്രദർശനം തുടങ്ങിയവ പ്രധാനം.

മുസ്‌ലിം നാമമുള്ള കഥാപാത്രങ്ങൾ അഭിനയിക്കുന്ന ഹോം സിനിമകളും ഇങ്ങനെയുള്ളവയാണ്. പൂർണമായും നിഷിദ്ധങ്ങളാണവ. പികെ, മൈ നെയിം ഈസ് ഖാൻ പോലുള്ള സിനിമകളും സമാനം. അവ എന്തെങ്കിലുമൊരു സന്ദേശം കൈമാറുന്നുവെന്ന് വെക്കുക, അതുകൊണ്ടുമാത്രം നൂറുകൂട്ടം നിഷിദ്ധങ്ങൾക്ക് ന്യായീകരണമാകുന്നില്ല. മൈ നെയിം ഈസ് ഖാൻ ലോകത്ത് മുസ്‌ലിംകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവതരിപ്പിച്ചതിനു ശേഷം അതിന്‌ന്തെങ്കിലും കുറവുകളുണ്ടായോ എന്ന ആലോചനയും പ്രസക്തമാണല്ലോ. അത്തരം സന്ദേശങ്ങൾ വെറും സിനിമയായി കാണാൻ സമൂഹത്തെ ശീലിപ്പിച്ചതാണ് പ്രശ്‌നം. അതു മാറ്റങ്ങളുണ്ടാക്കിയാൽ പോലും സിനിമ ഹലാലാവില്ലെന്നതു വേറെ കാര്യം.

പികെയുടെയും മൈ നെയിം ഈസ് ഖാന്റെയം പേരെടുത്ത് പറഞ്ഞ്, മമ്മുട്ടിയെയും മോഹൻലാലിനെയും ഇഷ്ടമാണെന്നു വെളിപ്പെടുത്തുന്നതാണ് പച്ചക്കുതിരയിൽ വന്ന മുനവ്വറലി തങ്ങളുടെ ഇന്റർവ്യൂ. അതിനു തിരുത്തായി അദ്ദേഹം നൽകിയ ഫേസ്ബുക് പോസ്റ്റിൽ വിജ്ഞാനപ്രദമായ ഡോക്യുമെന്ററികളാണ് താനുദ്ദേശിച്ചതെന്നാണ് കാണുന്നത്. പച്ചക്കുതിര വളച്ചൊടിക്കാതെ രേഖപ്പെടുത്തിയതാണെങ്കിൽ ഈ വിശദീകരണം അതുമായി ഒത്തുപോവുകയേ ഇല്ല. പിന്നെ നല്ല ഡോക്യുമെന്ററിക്ക് തങ്ങൾ കാണിക്കുന്ന ഉദാഹരണം ഉമർ(റ)നെക്കുറിച്ച് ഇറങ്ങിയതാണ്. ഒരു കാര്യം പറയട്ടെ, അതു കൂടുതൽ അപകടകാരിയാണ്. ദൃശ്യത്തേക്കാളും പ്രേമത്തേക്കാളും മാരകം. പൂർവിക മഹാന്മാർ ഇതിലഭിനയിച്ച ദുർബലരിലൂടെ ചിത്രീകരിക്കപ്പെടുന്നത് ചെറിയ കാര്യമാണോ? ഇതാണ് ഉമർ(റ)വും ബിലാൽ(റ)വും എന്നൊക്കെ സമൂഹം ചിന്തിച്ചു തുടങ്ങുന്നത് എന്തു ഗുണമാണ് ചെയ്യാൻ പോകുന്നത്? സമൂഹം തെറ്റുകളോട് രാജിയാകുമ്പോൾ നിയമങ്ങൾ വ്യതിയാനപ്പെടുക മാനുഷ നിർമിത പ്രസ്ഥാനങ്ങളുടേതാണെന്നു കൂടി ഓർമിക്കേണ്ടതുണ്ട്. അല്ലാതെ ഇലാഹീ നിയമങ്ങളല്ലെന്നും മറക്കാതിരിക്കുക. അതുകൊണ്ട് സിനിമ ഹറാം തന്നെയാണ്; പണ്ടത്തെപ്പോലെ ഇപ്പോഴും…!

മുഹമ്മദ് മിൻഹാജ്

Exit mobile version