സിയാറത്ത്: പ്രാമാണികതയും ദാര്‍ശനികതയും

അല്ലാഹുവിന്റെ മഹത്തുക്കള്‍ ജീവിതകാലത്തെന്ന പോലെ മരണശേഷവും സത്യവിശ്വാസിയുടെ സാന്ത്വനവും ആശ്രയവുമാണ്. അവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും സത്യവിശ്വാസ പൂര്‍ത്തീകരണത്തിന്റെ നിദാനമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. മരണാനന്തരം അവരെ ആശ്രയിക്കുന്നതും അവരുടെ വിശ്രമ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും വിശ്വാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കാനും അവരിലൂടെ പാരത്രിക ഗുണങ്ങള്‍ ലഭിക്കുവാനും കാരണമാവുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി പ്രമാണങ്ങള്‍ ഇത് തെളിയിക്കുന്നതാണ്.
ലോകത്തെ ഏറ്റവും പരിശുദ്ധമായ ഖബര്‍ പ്രവാചകര്‍(സ്വ)യുടെതാണ്. പുണ്യവാന്മാരില്‍ ഏറ്റവും ഉന്നതനായ തിരുനബി(സ്വ) യുടെ ഖബര്‍ശരീഫ് സത്യവിശ്വാസിയുടെ അഭയവും ആശ്രയവുമാണെന്നതില്‍ സംശയമില്ല. പുണ്യശരീരം കിടക്കുന്ന സ്ഥലത്തിനാണ് കൂടുതല്‍ പരിശുദ്ധിയുള്ളത്. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യാനും പുണ്യങ്ങള്‍ സന്പാദിക്കാനും ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നു. സൂറത്തുന്നിസാഇന്റെ 64ാം സൂക്തത്തിന്റെ ആശയം ഇങ്ങനെ: അവര്‍ അവരുടെ ശരീരങ്ങളെ അക്രമിക്കുകയും ശേഷം തങ്ങളുടെ അരികില്‍ വരികയും അല്ലാഹുവിനോട് അവര്‍ പാപമോചനം തേടുകയും നബി(സ്വ) അവര്‍ക്ക് വേണ്ടി പാപമോചനമാവശ്യപ്പെടുകയും ചെയ്താല്‍ അല്ലാഹുവിനെ തൗബ സ്വീകരിക്കുന്നവനും കാരുണ്യവാനുമായും അവര്‍ എത്തിക്കും.
പാപപങ്കിലമായ മനസ്സും ശരീരവും മനുഷ്യനെ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് ബഹു ദൂരം അകറ്റി നിറുത്തുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന മനഃസാന്നിധ്യവും ശരീര ശുദ്ധിയുമാണ് ഒരു സത്യ വിശ്വാസി നേടേണ്ടത്. അതിനുവേണ്ട മാര്‍ഗമാണ് ഖുര്‍ആന്‍ ഇവിടെ പഠിപ്പിച്ചത്. തിരുനബി(സ്വ) യെ സന്ദര്‍ശിക്കുന്നതിലൂടെ അത് സന്പാദിക്കാനാവുമെന്ന് ഖുര്‍ആന്‍. മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ ആയത്ത് വിശദീകരിച്ചതും അങ്ങനെയാണ്.
ഇമാം ഖുര്‍ത്വുബിയുടെ വ്യാഖ്യാനം ഇങ്ങനെ: ‘തിരുനബി (സ്വ)യെ മറവ് ചെയ്ത ശേഷം ഒരാള്‍ നബി(സ്വ) യുടെ ഖബര്‍ശരീഫിനരികില്‍ വന്ന് തലയില്‍ മണ്ണ് വാരിയിട്ട് പറഞ്ഞു: നബിയേ, അങ്ങയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്, മനഃപാഠമാക്കിയിട്ടുണ്ട്. അങ്ങേക്ക് അല്ലാഹു അവതരിപ്പിച്ചതാണല്ലോ, അവര്‍ അവരുടെ ശരീരങ്ങള്‍ അക്രമിച്ചാല്‍ എന്ന് അര്‍ത്ഥം വരുന്ന ആയത്ത്. നബിയേ ഞാന്‍ പാപിയാണ് തെറ്റുകാരനാണ്, അങ്ങയുടെ അടുക്കല്‍ ഞാന്‍ വന്നത് എനിക്ക് അവിടുന്ന് പാപമോചനം തേടാനാണ്. നിനക്ക് പൊറുക്കപ്പെട്ടിരിക്കുന്നു എന്ന് ഖബറില്‍ നിന്ന് അയാള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചു’ (തഫ്സീറു ഖുര്‍ത്വുബി 5/265). സമാന സംഭവം ഇബ്നു കസീര്‍ 1/787, ഇമാം നവവി(റ)യുടെ ഈളാഹ്/498, ഇബ്നുഖുദാമയുടെ മുഗ്നി 3/556, ശറഹുല്‍ കബീര്‍ 3/495 തുടങ്ങിയവയില്‍ കാണാം.
ഇബ്നു ഉമര്‍(റ) പറയുന്നു: ‘നബി(സ്വ) പറഞ്ഞു: എന്റെ ഖബര്‍ ഒരാള്‍ സന്ദര്‍ശിച്ചാല്‍ എന്റെ ശിപാര്‍ശ അവന് നിര്‍ബന്ധമായി’ (ദാറുഖുത്നി 2/218). ഈ ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച് ഇമാം സുയൂത്വി(റ) തന്റെ മനാഹീനിലും പേ:208, അല്ലാമാമുനാവി തന്റെ ഫൈളുല്‍ ഖദീറിലും(6/140)ലും ചര്‍ച്ച ചെയ്യുന്നുണ്ട്.
മുല്ലാ അലിയ്യുല്‍ ഖാരി പറഞ്ഞു: ഇബ്നു ഉമര്‍(റ)വിന്റെ ഈ ഹദീസ് പണ്ഡിതന്മാര്‍ സാധൂകരിക്കുകയും ദഹബിയടക്കമുള്ള ഹദീസ് വിശാരഥന്മാര്‍ അംഗീകാരം നല്‍കിയതുമാണ് (ശറഹുശ്ശിഫ 3/482). അല്‍ ഹാഫിള് ളിയാഉല്‍ മഖ്ദീസി ഫളാഇലുല്‍ അഅ്മാല്‍ പേ: 413,414, അല്‍ ഹാഫിള് അബൂ അബ്ദുല്ലാഹില്‍ ഹാലീമി ശുഅബ് 2/13, ഇമാം റാഫി(റ) അത്തല്‍ഹീസ് 2/267, ഇമാം നവവി(റ) ഈളാഹ്/488, ഇബ്നു മുല്‍ഖീന്‍ തുഹ്ഫത്തുല്‍ മുഹ്താജ് 2/189 ഇമാം സുബ്കി(റ) ശിഫാഉസ്സഖാം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ മേല്‍ പറഞ്ഞ ഹദീസിന്റെ സ്വീകാര്യത ബലപ്പെടുത്തുന്നുണ്ട്.
ഇബ്നു ഉമര്‍(റ) വിന്റെ മറ്റൊരു ഹദീസ്: ‘നബി (സ്വ) പറഞ്ഞു: എന്നെ ഒരാള്‍ സിയാറത്ത് ചെയ്തു. സിയാറത്ത് അല്ലാതെ മറ്റൊന്നും ലക്ഷ്യമിട്ടതുമില്ല. എന്നാല്‍ അവനു ശിപാര്‍ശക്കാരനാവുക എന്നത് എന്റെ ബാധ്യതയാണ് (ത്വബ്റാനി തന്റെ കബീറില്‍ 12/291, ഇബ്നു അസാഖീറിന്റെ താരീഖ് 2; 402).
തിരു നബി(സ്വ)യുടെ റൗള സന്ദര്‍ശനം കൊണ്ട് ഭൗതികവും ആന്തരികവുമായ വളരെ നേട്ടങ്ങള്‍ സംഭരിക്കാമെന്നാണ് പ്രമാണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. മഹാന്മാരായ സ്വഹാബത്ത് തുടങ്ങിവെക്കുകയും ഇന്നും നിലനില്‍ക്കുന്നതുമാണ് ആ പരിശുദ്ധ പുണ്യകര്‍മം. ഇബ്നു ഉമര്‍(റ) നബി(സ്വ)യുടെ റൗളക്കരികില്‍ വന്ന് സലാം പറയുന്നത് നൂറിലേറേ പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ടെന്ന് നാഫിഅ്(റ). അനസുബ്നു മാലിക്(റ) തിരുറൗളക്കരികില്‍ വന്ന് രണ്ട് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. ഇബ്നുഖയ്യിം ഖസീദത്തു നൂനിയ്യയില്‍ (പേ: 181) പറയുന്നു: വളരെ ഭക്തിയോടെ റൗളക്കരികില്‍ നില്‍ക്കണം, ഖബര്‍ശരീഫില്‍ തിരുനബി(സ്വ) ഹയാത്തോടെയുണ്ട്. അവിടം സന്ദര്‍ശിക്കുന്നവര്‍ പിരടി താഴ്ത്തിയാണ് നില്‍ക്കേണ്ടത്. കാലങ്ങളോളമായി കണ്ണുനീര്‍ വീഴുന്ന ആ തിരു സവിധത്തില്‍ കണ്ണു നീര്‍ വീഴണം. അവിടെ വെച്ച് ശബ്ദം ഉയര്‍ത്തരുത്. തിരുറൗള സന്ദര്‍ശനം ഏറ്റവും പുണ്യകരമായ ഇബാദത്താണ്. ജാബിര്‍(റ) നബി (സ്വ) യുടെ ഖബര്‍ ശരീഫിനടുത്ത് ഇരുന്നു കരയുന്നു, ഇവിടെയാണല്ലോ എല്ലാ ഹൃദയങ്ങളും തുറക്കപ്പെടുന്നത് എന്ന് പറഞ്ഞ് വിലപിക്കുന്നു (ശുഅ്ബുല്‍ ഈമാന്‍ 8/99).
വിശ്വാസ സംരക്ഷണമാണ് തിരുനബി(സ്വ) യുടെ റൗളയടക്കം മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് മുഖേന നേടാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യം. മഹാന്മാരുടെ ഖബറുകളില്‍ നിന്ന് സന്തോഷദായകമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നു. സിയാറത്ത് നടത്തുന്നവര്‍ക്ക് അത് നേടിയെടുക്കാനാവുന്നു. അത് കാരണം അവന്റെ വിശ്വാസം പുഷ്പിക്കുന്നു. ഇമാം അസ്ഖലാനി (റ) വിന്റെ വാചകങ്ങള്‍ ഇങ്ങനെ: ‘ഏതൊരു സത്യ വിശ്വാസിയും മദീന ലക്ഷ്യം വെക്കുന്നവനാണ്. തിരുനബി(സ്വ)യുടെ ജീവിതകാലത്ത് ആ തിരു സാന്നിധ്യത്തില്‍ നിന്ന് പഠിക്കാനും നുകരാനും ആയിരുന്നു ചെന്നിരുന്നതെങ്കില്‍ നബി(സ്വ) യുടെ വഫാത്തിന് ശേഷം അവിടുത്തെ റൗള സന്ദര്‍ശനത്തിലൂടെയും തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍ മുഖേനയും അത് സാധ്യമാകുന്നു’ (ഫതഹുല്‍ ബാരി 4/112).
മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് മുഖേന പ്രത്യേകമായ പുണ്യങ്ങള്‍ സന്പാദിക്കാന്‍ കഴിയുമെന്നും അല്ലാഹുവിന്റെ അനുഗ്രഹം നഷ്ടപ്പെട്ടവര്‍ക്കല്ലാതെ ഇത് നിഷേധിക്കാന്‍ കഴിയില്ല എന്നും ഇമാം ഇബ്നു ഹജരില്‍ ഹൈതമി(റ) (തുഹ്ഫ 3/201, ഇആനാത്ത് 2/162). മഹാന്മാരുടെ പദവികള്‍ക്കനുസരിച്ച് അവരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യുന്നവര്‍ക്ക് ഗുണം ലഭിക്കും (ഇഹ്യാ 219). മഹാന്മാരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യുമ്പോള്‍ അവരിലൂടെ ലഭിക്കുന്ന ആത്മീയ കിരണങ്ങള്‍ വലിയ വിജയത്തിന് കാരണമാണ്. ഖബറ് സിയാറത്തിന്റെ നിരവധി ഗുണങ്ങളില്‍ പെട്ടതാണിത് (അസ്നല്‍ മത്വാലിഅ് 7:276).
മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നത് മുഖേന കിട്ടുന്ന പുണ്യങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. വൈരുധ്യാധിഷ്ഠിത പരിഷ്കരണവാദക്കാര്‍ അതില്‍ മായം കലര്‍ത്താന്‍ തുനിഞ്ഞപ്പോഴാണ് അപകടം പിണഞ്ഞത്. ഉന്നത ലക്ഷ്യങ്ങള്‍ നേടാന്‍ പുറപ്പെടുന്നത് മഹാന്മാരെ സന്ദര്‍ശിച്ച് കൊണ്ടാവണമെന്ന വലിയ പാഠമാണ് ഇസ്റാഅ് മിഅ്റാജ് യാത്രയുടെ തുടക്കത്തില്‍ അല്ലാഹു പഠിപ്പിച്ചത്. സൂറതുല്‍ ഇസ്റാഅ് ഒന്നാം സൂക്തത്തിലെ ‘ബാറക്നാ ഹൗലഹു’ വിശദീകരിച്ച് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മഹാന്മാരുടെ ഖബറുകള്‍ സിയാറത്ത് ചെയ്ത് നബി(സ്വ) മാതൃക കാണിച്ചു. എല്ലാ വര്‍ഷവും നബി(സ്വ) ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളെ സിയാറത്ത് ചെയ്തിരുന്നതായി അബൂഹുറൈറ (റ) പറയുന്നു അബൂബക്കര്‍, ഉമര്‍(റ) എന്നിവരും ഇത് ചെയ്തിരുന്നു (ഇബ്നു കസീര്‍ 2/511).
ബിലാല്‍(റ) ശാമില്‍ നിന്നെത്തി തിരുറൗള സിയാറത്ത് ചെയ്ത ഹൃദയ സ്പര്‍ശിയായ സംഭവം ഹാഫിള് തഖിയുദ്ദീനുസ്സുബ്കി (റ) ശിഫാഉസ്സഖാമില്‍ (പേ:52) ഉദ്ധരിക്കുന്നുണ്ട്. ഉമര്‍ (റ) ബൈത്തുല്‍ മുഖദ്ദസ് കീഴടക്കിയതിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്. മറ്റു പ്രമുഖ സ്വഹാബികളും സംഭവത്തിന് സാക്ഷികളാണ്. ബിലാല്‍ (റ) തന്റെ മുഖം ഖബറ് ശരീഫില്‍ വെച്ചമര്‍ത്തി പൊട്ടിക്കരയുന്നത് നബി(സ്വ) യുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ കണ്ടു. ഈ സംഭവം ഹാഫിള് അബുല്‍ഖാസിം ഇബ്നു അസാകിര്‍, ഹാഫിള് അബൂമുഹമ്മദ് അബ്ദുല്‍ ഗാനി തുടങ്ങിയവരും ഉദ്ധരിക്കുന്നുണ്ട്.
റൗള സന്ദര്‍ശന വിധി
മാലികീ പണ്ഡിത പ്രമുഖന്‍ അല്‍ ഹാഫിള് അബ്ദുല്‍ ഫള്ല് പറയുന്നു: നബി(സ്വ) യുടെ ഖബറ് സിയാറത്ത് ചെയ്യല്‍ മുസ്ലീംകളുടെ ഏകോപന ചര്യയില്‍പെട്ടതാണ്. സുന്നത്തും ഏറ്റവും ശ്രേഷ്ഠകരവും പുണ്യവുമാണ് (ശിഫാ, ഖാളി ഇയാള് 2/83). ഓരോ കാലത്തും തിരുറൗള സന്ദര്‍ശനം നടന്നിട്ടുണ്ട്. മദീനയിലെ തിരു ശേഷിപ്പുകള്‍, നബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കൊണ്ട് ബറകത്തെടുക്കലും മദീന സന്ദര്‍ശനം കൊണ്ട് നേടാനാവും. മുഅ്മിനിന് മാത്രമേ മദീനയിലെത്താനാവൂ…. (ശറഹു മുസ്‌ലിം 2/177).
മദീനാവാസികള്‍ നാട്ടില്‍ നിന്ന് പുറത്ത് പോകുമ്പോഴും മദീനയിലേക്ക് വരുമ്പോഴും ഖബര്‍ ശരീഫിനരികില്‍ വരുന്നവരും സലാം പറയുന്നവരുമായിരുന്നു. വിദേശികള്‍ സിയാറത്ത് ലക്ഷ്യം വെച്ച് മാത്രം വരുന്നവരായിരുന്നു (ശിഫാ ഖാളി ഇയാള് 20/88). ഇമാമുല്‍ അഅ്ളം അബൂ ഹനീഫ(റ)ന്റെ വീക്ഷണം നിര്‍ബന്ധ ഹജ്ജാണ് നിര്‍വഹിക്കുന്നതെങ്കില്‍ ഹജ്ജിന് ശേഷമാണ് നബി(സ്വ)യെ സന്ദര്‍ശിക്കേണ്ടത് ആദ്യം സിയാറത്തായാലും കുഴപ്പമില്ല (റദ്ദുല്‍മുഖ്താര്‍ 2/257).
ഹനഫി പണ്ഡിത പ്രമുഖന്‍ അല്‍ ഇമാമുല്‍ മുഹഖിഖ് ഇബ്നുല്‍ ഹുമാം പറയുന്നത് ഏറ്റവും പ്രബലമായ സുന്നത്തില്‍ പെട്ടതാണ് തിരുറൗള സന്ദര്‍ശനമെന്നാണ്. അത് നിര്‍ബന്ധത്തോടടുത്ത് നില്‍ക്കുന്ന ശ്രേഷ്ഠ കര്‍മമാണ്(ഫതഹുല്‍ ഖദീര്‍ 2/336). ഇമാം അബൂഹനീഫ(റ) റൗളാ ശരീഫിനരികില്‍ വന്ന് ‘യാ അക്റമ സഖലൈനി’ എന്ന് തുടങ്ങുന്ന പദ്യങ്ങള്‍ പാടി സിയാറത്ത് ചെയ്തിരുന്നത് ഏറെ പ്രസിദ്ധമാണ് (ഫതഹുല്‍ ഖദീര്‍).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അല്‍ ഇമാം അബൂ ഇസ്ഹാഖു ശിഅ്റാസി പറഞ്ഞു: നബി(സ്വ)യുടെ ഖബ്റ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. എന്റെ ഖബ്റ് ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശിപാര്‍ശ അവന് നിര്‍ബന്ധം എന്ന ഹദീസാണ് അഇതിന് തെളിവ് (മുഹദ്ദബ് 10/324) ഇമാം നവവി(റ) പറയുന്നു: നബി(സ്വ)യുടെ ഖബര്‍ ശരീഫ് സന്ദര്‍ശനം ഏറ്റവും പുണ്യകരമായ ആരാധനയും രക്ഷാ കവചവുമാണ്. ഹജ്ജ് ഉംറ നിര്‍വഹിക്കുന്നവന്‍ മക്കയില്‍ നിന്ന് മദീനയിലെത്തണം. അത് ഏറ്റവും ശക്തമായ സുന്നത്താണ്. നബി(സ്വ)യെ സന്ദര്‍ശിക്കാനാണ് മദീനയിലെത്തുന്നത് (മജ്മൂഅ്).
ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം സംസം കുടിക്കലും തിരുനബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യലും സുന്നത്താണ് (ഈളാഅ്/488). നബി(സ്വ)യുടെ സിയാറത്തിന് പുറപ്പെടുന്നവര്‍ സഞ്ചരിക്കുന്ന വഴിയിലെല്ലാം സ്വലാത്ത് വര്‍ധിപ്പിക്കണം. മദീനയിലെ മരങ്ങള്‍, മദീന ഹറം തുടങ്ങിയവ കാണാന്‍ തുടങ്ങിയാല്‍ സ്വലാത്ത് വര്‍ധിപ്പിക്കുകയും സിയാറത്ത് കൊണ്ട് ഉപകാരം ലഭിക്കുവാനും സ്വീകരിക്കപ്പെടാനും പ്രാര്‍ത്ഥിക്കുകയും വേണം (ഈളാഹ് 489).
ഇമാം ജലാലുദ്ദീന്‍ മഹല്ലീ 2/125, ഇമാം സകരിയ്യല്‍ അന്‍സ്വാരിയുടെ ഫത്ഹുല്‍ വഹാബ് അലാ മന്‍ഹജുത്തുല്ലാബ് 1/149, ഇമാം ശംസുദ്ദീനുറംലിയുടെ നിഹായത്തുല്‍ മുഹ്താജ് 3/319, ഇമാം മുഹമ്മദ് ശര്‍ബീനിയുടെ മുഗ്നി 1/512 തുടങ്ങിയ പ്രമുഖരായ ശാഫിഈ പണ്ഡിതരെല്ലാം ഏറ്റവും ഉത്തമ ആരാധനയാണെന്നാണ് നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിനെ കുറിച്ച് പരിചയപ്പെടുത്തിയത്. ഇമാം ഇബ്നു ഹജര്‍ ഇതുസംബന്ധിയായി പ്രൗഢമായ രചനതന്നെ നടത്തി. അല്‍ ജൗഹറുല്‍ മുനള്ളം ഫീ സിയാറത്തി ഖബരി ശ്ശരീഫിന്നബവീയ്യില്‍ മുകര്‍റം. തിരുനബിയുടെ ഖബര്‍ ശരീഫ് സിയാറത്ത് സുന്നത്താണെന്നും അതിനുമപ്പുറം നിര്‍ബന്ധമാണെന്നും അഭിപ്രായമുണ്ടെന്നും അവിടുത്തെ ഖബര്‍ സിയാറത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവന്‍ സ്വയം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്നും ഇബ്നു ഹജര്‍ (റ) അഭിപ്രായപ്പെടുന്നു (തുഹ്ഫ 4/144).
നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. സൂറത്തുന്നിസാഇലെ 64,100 എന്നീ ആയത്തുകളും സിയാറത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ഖിയാസും ഇജ്മാഉമെല്ലാം വിശദമായി ഇബ്നു ഹജര്‍(റ) തന്റെ അല്‍ ജൗഹറുല്‍ മുനള്ളമില്‍ ചര്‍ച്ച ചെയ്യുന്നു (പേ:4755).(തുടരും)

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

Exit mobile version