സുകൃതങ്ങളുടെ കൃഷിയിടമാണ് ദുൻയാവ്

 

ദുൻയാവ് അഥവാ ഐഹിക ലോകം ഒരവസരമാണ്. പാരത്രിക ലോകത്തേക്കുള്ള വിഭവങ്ങൾ സമാഹരിക്കാനുള്ള കൃഷിയിടം. ദുൻയാവിൽ കൃത്യമായ ആസൂത്രണവും ആവേശം ചോരാത്ത അധ്വാനവുമുണ്ടെങ്കിൽ പ്രസന്നമായ മരണാനന്തര ജീവിതം വിശ്വാസിക്കു സുനിശ്ചിതം. കാലം അതിവേഗം കടന്നുപോവുകയാണെന്നും സ്രഷ്ടാവിന്റെ പ്രീതി പ്രതീക്ഷിക്കാൻ സാധ്യമായതെല്ലാം ഒരായുഷ്‌കാലത്തിനുള്ളിൽ ചെയ്തുതീർക്കാൻ നല്ല പരിശ്രമവും നിശ്ചയ ദാർഢ്യവും അനിവാര്യമാണെന്നും വിശ്വാസി മനസ്സിലാക്കണം.
ഈ ആസൂത്രണവും പരിശ്രമവും കുറഞ്ഞാൽ ഐഹിക ജീവിതം സമൃദ്ധമാകില്ലെന്നുറപ്പാണ്. എന്തെന്നാൽ ഭൗതിക വിഭവങ്ങളുടെ ധാരാളിത്തം കൊണ്ടല്ല, പാരത്രിക ലോകത്തേക്കുള്ള കരുതിവെപ്പുകൾ കൊണ്ടു മാത്രമാണ് ജീവിതം സമൃദ്ധമാകുന്നത്. മരണാനന്തര വിജയമാണ് യഥാർഥ വിജയമെന്നുറപ്പിക്കുന്ന വിശ്വാസികൾ പരലോകത്തിനുവേണ്ടി ബോധപൂർവം സമയം ക്രമീകരിക്കുകതന്നെ വേണം. ആലസ്യത്തിന്റെ അടിമകളായി, ശ്രദ്ധ മുഴുവൻ വർത്തമാന കാലത്തു മാത്രമായാൽ വിചാരണ വേളയിൽ സ്രഷ്ടാവിന്റെ മുന്നിൽ തലതാഴ്ത്തി നിന്നു ഖേദിക്കേണ്ടി വരുമെന്ന ചിന്ത വേണം.

സുകൃതങ്ങളുടെ ഐഹികം

പാരത്രിക ലോകത്തെ രക്ഷക്കുപകരിക്കുന്ന വിഭവങ്ങൾ പരമാവധി സമാഹരിക്കാനുള്ള ഇടമാണല്ലോ ദുൻയാവ്. വിശുദ്ധ ഖുർആൻ പാരായണം വർധിപ്പിച്ചും സ്വലാത്ത് കൂടുതൽ ചൊല്ലിയും ദിക്‌റുകൾ ജീവിതത്തിന്റെ ഭാഗമാക്കിയും നാം സമയം ഉപയോഗപ്പെടുത്തണം. ഖുർആൻ പാരായണം നഷ്ടമില്ലാത്ത വ്യാപാരമാണെന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം: ‘നിശ്ചയം, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും നിസ്‌കാരം ക്രമപ്രകാരം നിർവഹിക്കുകയും നാം നൽകിയതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ നഷ്ടം വരാത്ത കച്ചവടമാണ് ആശിക്കുന്നത് (സൂറത്തുൽ ഫാത്വിർ 29).
ഖുർആൻ അല്ലാഹുവിന്റെ സദ്യയാണെന്നും അത് പാരായണം ചെയ്യുന്നവർക്ക് മലക്കുകളുടെ ആശീർവാദമുണ്ടെന്നും ഹദീസുകളിലുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ്വ) പറയുന്നു: ഈ ഖുർആൻ അല്ലാഹുവിന്റെ സദ്യയാണ്. സാധ്യമാകുന്ന വിധം നിങ്ങൾ സദ്യ സ്വീകരിക്കുക. ഖുർആൻ അല്ലാഹുവിന്റെ സുദൃഢമായ പാശവും വ്യക്തമായ പ്രകാശവും ഉപകാരപ്രദമായ രോഗശമനവുമത്രെ (ഹാകിം).
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനമുള്ള ഹദീസിൽ നബി(സ്വ) അരുളി: അല്ലാഹുവിന്റെ ഭവനങ്ങളിൽപെട്ട ഒരു ഭവനത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തും പഠനം നടത്തിയും കഴിയുന്നവരെ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മലക്കുകൾ പൊതിയുന്നതാണ് (അബൂദാവൂദ്).
ഖുർആൻ ഓതുന്നതിനു മാത്രമല്ല, കേൾക്കുന്നതിനും വലിയ പുണ്യമുണ്ട്. ഇബ്‌നു മസ്ഊദ്(റ) പറയുകയുണ്ടായി: ഒരിക്കൽ നബി(സ്വ) എന്നോട് ഇപ്രകാരം ഉണർത്തി: നിങ്ങൾ എനിക്ക് ഖുർആൻ ഓതിക്കേൾപ്പിക്കുക.
അപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ ഓതിക്കേൾപ്പിക്കുകയോ?
‘മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കാൻ ഞാനിഷ്ടപ്പെടുന്നു’ എന്നായിരുന്നു അതിന് നബി(സ്വ) നൽകിയ മറുപടി.
തദനന്തരം ഞാൻ സൂറത്തുന്നിസാഅ് ഓതിത്തുടങ്ങി. ‘ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടർക്കെതിരിൽ നിങ്ങളെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ’ എന്നർഥമുള്ള സൂക്തമെത്തിയപ്പോൾ അവിടന്ന് പാരായണം നിർത്താനാവശ്യപ്പെട്ടു. ഞാൻ ഓത്ത് നിർത്തി നബി(സ്വ)യുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടത്തെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു (ബുഖാരി, മുസ്‌ലിം).
‘നിങ്ങൾ എന്നെ ഓർക്കുക, എന്നാൽ ഞാൻ നിങ്ങളെയും ഓർക്കും’ (അൽബഖറ 152) എന്ന സൂക്തവും നിങ്ങളുടെ നാവ് ദിക്‌റുകൊണ്ട് സജീവമാകട്ടെ എന്ന ഹദീസും (തുർമുദി 3375) ദിക്ർ നമ്മുടെ ജീവിതത്തിലുണ്ടാകേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. ദിക്ർ ഇഹപര വിജയ നിദാനമാണെന്നും ചൊല്ലുന്നവർക്ക് പാപമോചനവും മഹാപ്രതിഫലവുമുണ്ടെന്നും ഖുർആൻ ഉദ്‌ബോധിപ്പിച്ചു: നിങ്ങൾ ധാരാളം ദിക്ർ ചൊല്ലുക; നിങ്ങൾ വിജയികളാവാൻ വേണ്ടി (62:10). നിശ്ചയം അല്ലാഹുവിനെ അനുസരിക്കുന്നവരും സത്യവിശ്വാസികളും ഭക്തിയുള്ളവരും സത്യസന്ധരും സഹനശീലമുള്ളവരും റബ്ബിനെ ഭയമുള്ളവരും ദാനധർമങ്ങൾ ചെയ്യുന്നവരും വ്രതമനുഷ്ഠിക്കുന്നവരും സ്വകാര്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമായ അല്ലാഹുവിനെ ധാരാളമായി ദിക്‌റ് ചെയ്യുന്ന സ്ത്രീ-പുരുഷന്മാർക്ക് നാം പാപമോചനവും മഹാപ്രതിഫലവും തയ്യാറാക്കിയിട്ടുണ്ട് (33:35). ദിക്ർ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സംസാരമാണെന്നും കർമങ്ങളിൽ ശ്രേഷ്ഠമാണെന്നും ഹദീസുകളിൽ കാണാം.

ഒരിക്കൽ അബൂദർറ്(റ)വിനോട് നബി(സ്വ) ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സംസാരം ഏതാണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? സുബ്ഹാനല്ലാഹി വബിഹംദിഹീ എന്നതാണ് (മുസ്‌ലിം 2731).
മുഹാജിറുകളിൽ പെട്ട ദരിദ്രർ വന്ന് നബി(സ്വ)യോട് പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിലെ ധനികർ ഉന്നത സ്ഥാനങ്ങൾ കൊണ്ടുപോയി. ഞങ്ങളെപ്പോലെയാണ് അവർ നിസ്‌കരിക്കുന്നതും നോമ്പനുഷ്ഠിക്കുന്നതും. പക്ഷേ, അവർക്ക് പണമുണ്ട്. അവർ ഹജ്ജ് ചെയ്യുന്നു, ഉംറ ചെയ്യുന്നു, ജിഹാദ് ചെയ്യുന്നു, സ്വദഖ നൽകുന്നു’. നബി(സ്വ) പറഞ്ഞു: നിങ്ങളെ മുൻകടന്നവർക്കൊപ്പം നിങ്ങൾക്കെത്താവുന്ന, ശേഷമുള്ളവരേക്കാൾ നിങ്ങൾക്ക് മുൻഗണന ലഭിക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? നിങ്ങൾ ചെയ്യുന്നതുപോലെ ചെയ്താലേ ആർക്കും ആ പ്രതിഫലം ലഭിക്കുകയുള്ളൂ.
അവർ: പറഞ്ഞു തന്നാലും.
നബി(സ്വ) അറിയിച്ചു: ഓരോ നിസ്‌കാരത്തിന്റെ ശേഷവും നിങ്ങൾ 33 തവണ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നു പറയുക (ബുഖാരി 843, മുസ്‌ലിം 595).
ദിക്‌റിനു പുറമെ സ്വലാത്തും ഹൃദയ ശുദ്ധീകരണത്തിനുതകുന്നതാണ്. വിശ്വാസിയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതും മാനസിക സംഘർഷങ്ങൾ നിഷ്‌കാസനം ചെയ്യുന്നതും വിശ്വാസത്തിന് കരുത്ത് പകരുന്നതും കൺകുളിർമയും ഹൃദയ സമാധാനവും വദന പ്രസന്നതയും പ്രദാനിക്കുകയും ചെയ്യുന്ന മഹത്ത്വമേറിയ ആരാധനയാണ് സ്വലാത്ത്. ‘എന്റെ മേൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് ഗുണങ്ങൾ നൽകുന്നതാണ്’ (മുസ്‌ലിം), അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവൻ എന്റെ മേൽ സ്വലാത്ത് വർധിപ്പിച്ചവരായിരിക്കും (തുർമുദി) തുടങ്ങിയ ഹദീസുകൾ ഉൾക്കൊണ്ട് സ്വലാത്തുകൾ വർധിപ്പിച്ച് ഹൃദയത്തിൽ പ്രവാചകാനുരാഗം തളംകെട്ടി നിർത്താൻ വിശ്വാസിക്ക് കഴിയണം.
മരണശേഷം ഖബ്‌റിലുള്ളപ്പോഴും പ്രതിഫലം ലഭിക്കുന്ന കർമങ്ങൾ ചെയ്യാൻ ജീവിതകാലത്ത് സമയം കണ്ടെത്താനും വിശ്വാസി ശ്രമിക്കണം. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറയുന്നു: ഏഴു കാര്യങ്ങളുടെ പ്രതിഫലം മരണശേഷം ഖബ്‌റിലും തുടർന്നുകൊണ്ടിരിക്കും. ഇൽമ് പഠിപ്പിക്കുക, പുഴ ഒഴുക്കുക, കിണർ കുഴിക്കുക, ഈന്തപ്പന നടുക, പള്ളി നിർമിക്കുക, മുസ്വ്ഹഫ് അനന്തരമായി നൽകുക, മരണശേഷം ദുആ ചെയ്യുന്ന മക്കളുണ്ടാവുക എന്നിവയാണവ’ (ബസ്സാർ).

സദ്‌സ്വഭാവവും വിട്ടുവീഴ്ചയും

പരലോക രക്ഷക്ക് വേണ്ടി വിശ്വാസിക്ക് ദുൻയാവിൽ വെച്ച് സമ്പാദിക്കാവുന്ന രണ്ട് കാര്യങ്ങളാണ് സൽസ്വഭാവവും വിട്ടുവീഴ്ചയും. സൽസ്വഭാവം ഉന്നത സ്ഥാനങ്ങൾ ലഭിക്കാനുള്ള കർമമാണെന്നും സ്വർഗ പ്രവേശത്തിനുള്ള പ്രധാന നിദാനമാണെന്നും ഹദീസുകളിൽ കാണാം. ‘പകൽ സ്ഥിരമായി നോമ്പനുഷ്ഠിക്കുന്നവരുടെയും രാത്രി നിരന്തരമായി നിസ്‌കരിക്കുന്നവരുടെയും സ്ഥാനം സൽസ്വഭാവം കൊണ്ട് വിശ്വാസി നേടിയെടുക്കും’ (അബൂദാവൂദ് 4798). ജനങ്ങളെ സ്വർഗത്തിലെത്തിക്കുന്ന മഹത്തായ രണ്ട് കർമങ്ങളാണ് തഖ്‌വയും സൽസ്വഭാവവും’ (തുർമുദി 2004).
അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നതിനും തിരുനബി(സ്വ)യുടെ സമീപത്ത് സംഗമിക്കുന്നതിനും സൽസ്വഭാവം നിദാനമാകും. ഉസാമ(റ) പറയുന്നു: ഞങ്ങൾ നബി(സ്വ)യുടെ സവിധത്തിൽ ഇരിക്കുകയായിരുന്നു. ഞങ്ങളുടെ തലകളുടെ മേൽ പക്ഷികൾ ഇരിക്കുന്നതുപോലെ(അനക്കമില്ലാത്ത ഇരുത്തം)യുള്ള അവസ്ഥ. ആരും ഒന്നും മിണ്ടുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകൾ കയറിവന്നത്. അവർ ചോദിച്ചു: സൃഷ്ടികളിൽ അല്ലാഹുവിനോട് കൂടുതൽ ഇഷ്ടമുള്ളവർ ആരാണ്? നബി(സ്വ) പ്രതികരിച്ചു: ‘അവരിലെ സൽസ്വഭാവികൾ’ (ത്വബ്‌റാനി).

തിരുനബി(സ്വ) പറയുകയുണ്ടായി: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് എന്നോട് ഏറ്റവും ഇഷ്ടമുള്ളവരിലും എന്നോടൊപ്പം കൂടുതൽ സാമീപ്യത്തോടെ സംഗമിക്കുന്നവരിലും പെട്ടവരാണ് സൽസ്വഭാവികൾ (തുർമുദി). മനുഷ്യരുടെ കർമങ്ങൾ തൂക്കുന്ന തുലാസിൽ കൂടുതൽ ഭാരമുള്ള പുണ്യവും ഈമാനിന്റെ സമ്പൂർണതയുമാണ് സൽസ്വഭാവം. അബൂദ്ദർദാഅ്(റ) നബി(സ്വ)യെ ഉദ്ധരിക്കുന്നു: ഖിയാമത്ത് നാളിൽ സൽസ്വഭാവത്തേക്കാൾ മീസാനിൽ ഭാരമാകുന്ന മറ്റൊരു കർമവുമില്ല (അബൂദാവൂദ് 4799). ഉത്തമ സ്വഭാവമുള്ളവരാണ് പൂർണ സത്യവിശ്വാസികൾ (തുർമുദി:1162).
യഥാർഥ വിശ്വാസി വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പു നൽകുന്നവനുമായിരിക്കും. ഒരാളോടും പകയും വിദ്വേഷവും വെച്ചുപുലർത്താതെ വിട്ടുവീഴ്ചയോടെയും ക്ഷമയോടെയും വിനയത്തോടെയും പ്രതികരിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. നബി(സ്വ) പറയുന്നുണ്ട്: ഗുസ്തിയിൽ ജയിക്കുന്നവനല്ല, ദേഷ്യം വരുമ്പോൾ സ്വശരീരത്തെ നിയന്ത്രിച്ചു നിർത്തുന്നവനാണ് ശക്തൻ (ബുഖാരി 6114).
വിട്ടുവീഴ്ച ചെയ്യുന്ന വിശ്വാസികളെ വിശുദ്ധ ഖുർആൻ മുക്തകണ്ഠം പ്രശംസിച്ചു. ‘ക്ഷാമകാലത്തും ക്ഷേമ സമയത്തും സമ്പത്ത് ദാനം ചെയ്യുകയും ദേഷ്യം കടിച്ചമർത്തുകയും ജനങ്ങൾക്ക് വിട്ടുവീഴ്ച നൽകുകയും ചെയ്യുന്നവരാണ് തഖ്‌വയുള്ളവർ. അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലുഇംറാൻ 134).
സൃഷ്ടികളോട് കരുണയും വിട്ടുവീഴ്ചയും പ്രകടിപ്പിക്കണമെന്നും ദേഷ്യം കടിച്ചിറക്കണമെന്നും റസൂൽ(സ്വ) പഠിപ്പിച്ചു: ഒരാൾ കടിച്ചിറക്കുന്നതിൽ വെച്ച് ഏറ്റവും പ്രതിഫലമുള്ളത് അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ദേഷ്യത്തെ അമർച്ച ചെയ്യുന്നതാണ് (ഇബ്‌നുമാജ 4189).
ഒരിക്കൽ ഉഖ്ബത്(റ)നോട് നബി(സ്വ) ഇപ്രകാരം ഉണർത്തി: ഉഖ്ബതേ, ഇഹലോകത്തെയും പരലോകത്തെയും ജനങ്ങളുടെ സ്വഭാവങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം. നിന്നോട് ബന്ധം വിഛേദിച്ചവരോട് നീ ബന്ധം പുലർത്തുക. നിനക്ക് നിഷേധിക്കുന്നവർക്ക് നീ നൽകുക, നിന്നോട് അതിക്രമം കാണിച്ചവർക്ക് നീ വിട്ടുവീഴ്ച ചെയ്യുക (ത്വബ്‌റാനി 14158).

കാരുണ്യവും സാന്ത്വനവും

മനുഷ്യന്റെ ഏറ്റവും ഉത്തമ വികാരമായ കരുണ വിശ്വാസിക്ക് ഇല്ലാതെ പോകരുത്. കാരണം കരുണയില്ലാതെ ഈ ലോകത്ത് ജീവനു തന്നെ നിലനിൽപ്പില്ല. തന്നെ കാരുണ്യവാനായാണ് സ്രഷ്ടാവ് പരിചയപ്പെടുത്തുന്നത്. തിരുദൂതർ(സ്വ) കാരുണ്യത്തിന്റെ പര്യായവും. ശത്രുക്കളോട് പോലും അവിടന്ന് കാരുണ്യത്തിന്റെ നീരുറവയായാണ് വർത്തിച്ചത്. ഈ സ്വഭാവ സവിശേഷത ഓരോ വിശ്വാസിയും കൈക്കൊള്ളണം.
വിശ്വാസിയുടെ ജീവിതത്തിൽ കാരുണ്യം നിറഞ്ഞുനിൽക്കുമ്പോഴാണ് സ്രഷ്ടാവിന്റെ കാരുണ്യം അവനു ലഭിക്കുക. ‘കരുണ ചെയ്യാത്തവന് കരുണ ലഭിക്കില്ല’ (ബുഖാരി: 4920). ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ കാണിക്കും (തുർമുദി 1924).
ദുർബലൻ സ്രഷ്ടാവിന്റെയടുക്കൽ ഉന്നതസ്ഥാനമുള്ളവനാണ്. ഉസാമ(റ) അനുസ്മരിക്കുന്നു: മിഅ്‌റാജ് രാത്രിയിൽ സ്വർഗകവാടം കണ്ടുവെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിൽ പ്രവേശിക്കുന്നവരിൽ അധികപേരും അഗതികളത്രെ (മുസ്‌ലിം 2736). പാവപ്പെട്ടവരുടെ സേവകരായി മാറാൻ കഴിയുന്ന വിശ്വാസികൾ സൗഭാഗ്യമുള്ളവരാണ്. ഖുർആൻ പറഞ്ഞു: സത്യവിശ്വാസികൾക്ക് താങ്കൾ ചിറക് താഴ്ത്തിക്കൊടുക്കുക (അൽഹിജ്ർ 88).
‘താങ്കളുടെ നാഥന്റെ പ്രീതിയുദ്ദേശിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും അവനോട് പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം താങ്കളുടെ മനസ്സിനെ ഒതുക്കിനിർത്തുക. ഐഹിക ജീവിതത്തിന്റെ ആഡംബരമുദ്ദേശിച്ചുകൊണ്ട് താങ്കളുടെ നേത്രങ്ങൾ അവരെ വിട്ടു മാറിപ്പോകാതിരുന്നുകൊള്ളട്ടെ’ (അൽകഹ്ഫ് 28). അനാഥയെ താങ്കൾ അടിച്ചമർത്തരുത്. യാചകനെ താങ്കൾ വിരട്ടുകയുമരുത് (സൂറത്തുള്ളുഹാ 9,10).
കരുണ ചെയ്യുന്നവർ തിരുനബി(സ്വ)യുടെ ഒപ്പമാണെന്നും അഗതികൾക്കും വിധവകൾക്കും വേണ്ടി കഷ്ടപ്പെടുന്നവർ അല്ലാഹുവിന്റെ മാർഗത്തിലെ പോരാളിയാണെന്നും തിരുദൂതർ. നടുവിരലും ചൂണ്ടുവരിലും അൽപം ഉയർത്തുകയും ശേഷം വിടർത്തുകയും ചെയ്തുകൊണ്ട് അവിടന്നു പറഞ്ഞു: ഞാനും അനാഥകളെ സംരക്ഷിക്കുന്നവരും സ്വർഗത്തിൽ ഇപ്രകാരമാണ് (ബുഖാരി). ക്ഷീണമില്ലാതെ നിസ്‌കരിക്കുന്നവനെ പോലെയും തീരെ ഒഴിവാക്കാതെ നോമ്പനുഷ്ഠിക്കുന്നവനെ പോലെയുമാണ് അഗതികൾക്കും വിധവകൾക്കും വേണ്ടി പരിശ്രമിക്കുന്നവൻ (മുസ്‌ലിം 2982). സഹജീവികളോട് കാരുണ്യം പ്രകടിപ്പിക്കാൻ കാൽചുവട്ടിൽ തന്നെയുള്ള അവസരങ്ങൾ നാം ഉപയോഗപ്പെടുത്തണമെന്ന് ചുരുക്കം.

സ്വദഖയും സകാത്തും

സമ്പത്തിന്റെ ക്രയവിക്രയങ്ങളിൽ കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ച മതമാണ് ഇസ്‌ലാം. പാവപ്പെട്ടവരുടെ അവകാശമായ സകാത്ത് നൽകാതെ ധനവിനിമയം നടത്തുന്നത് പാപവും സഹജീവി വിരുദ്ധ പ്രവർത്തനവുമായാണ് ഇസ്‌ലാം കാണുന്നത്. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ പുലർത്താതെയും സകാത്ത് ശരിയായ വിധം കൊടുത്തു വീട്ടാതെയും ജീവിക്കുന്നവർക്ക് പാരത്രിക ലോകത്ത് രക്ഷപ്പെടാൻ കഴിയില്ല. അല്ലാഹു പറയുന്നു: സ്വർണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സുവിശേഷം നൽകുക. നരകാഗ്‌നിയിൽ വെച്ച് അവ ചുട്ടുപഴുപ്പിക്കുകയും അതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടു വെക്കുകയും ചെയ്യുന്ന ദിവസം. നിങ്ങൾ നിങ്ങൾക്കു വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്, അതിനാൽ നിങ്ങൾ നിക്ഷേപിച്ചുവെച്ചത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടും (അത്തൗബ 34,35).
സഹജീവികളുടെ പ്രയാസമകറ്റുന്ന സ്വദഖ ദാതാവിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കു കാരണമായാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. ചില ഹദീസുകൾ കാണുക: വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപങ്ങളെ കെടുത്തിക്കളയും (തുർമുദി 614). അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവൻ തണൽ നൽകുന്ന ഏഴു വിഭാഗങ്ങളിലൊന്ന് രഹസ്യമായി സ്വദഖ നൽകുന്നവരാണ്. വലതു കൈ ചെലവഴിക്കുന്നത് ഇടതു കൈ അറിയാത്ത വിധം ദാനം കൊടുക്കുന്നവരാണവർ’ (ബുഖാരി 1423). ആരെങ്കിലും തന്റെ സഹോദരന്റെ ഒരു പ്രയാസം അകറ്റിക്കൊടുത്താൽ ഖിയാമത്ത് നാളിൽ അല്ലാഹു അവന്റെ പ്രയാസവും അകറ്റിക്കൊടുക്കും. ആരെങ്കിലുമൊരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുവെച്ചാൽ അല്ലാഹു ദുൻയാവിലും ആഖിറത്തിലും അവന്റെ ന്യൂനത മറച്ചുവെക്കും (മുസ്‌ലിം 2699).
പരീക്ഷണത്തിന്റെയും പ്രയാസത്തിന്റെയും നശ്വരതയുടെയും വീടായ ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന് ചുരുക്കം. ഇഹലോകത്ത് സൽകർമങ്ങൾ കൊണ്ട് കൃഷി ചെയ്യുന്നവർക്ക് പാരത്രിക ലോകത്ത് ഫലം കൊയ്‌തെടുക്കാം. അതുമൂലം ശാശ്വത സ്വർഗത്തിലെ നിത്യവാസിയാകാനും കഴിയും. ഇഹലോകത്ത് വേണ്ടവിധം സുകൃതങ്ങൾ ചെയ്തില്ലെങ്കിൽ അനന്തമായ നരകത്തിൽ ആപതിക്കുകയും ചെയ്യും.

 

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Exit mobile version