സുന്നത്തിന്റെ അപ്രമാദിത്വം

ഖുര്‍ആന്‍ വിവരണത്തിനായി റസൂല്‍(സ്വ)ക്ക് നല്‍കപ്പെട്ട വഹ്യാണ് സുന്നത്ത്. അതിനാല്‍ ഖുര്‍ആന്‍ സുരക്ഷിതമാണെന്നതുപോലെ ഹദീസും സുരക്ഷിതമാകണം. എന്നാല്‍ രണ്ടിനും സ്വന്തമായ മഹത്ത്വങ്ങളും അസ്തിത്വവുമുണ്ട്. അതിനനുസൃതമായ സംരക്ഷണമാണ് അല്ലാഹു അവ രണ്ടിനും നിശ്ചയിച്ചിട്ടുള്ളത്. ഖുര്‍ആന്‍ സുരക്ഷിതമാണ് എന്നതംഗീകരിക്കുമ്പോള്‍ തന്നെ സുന്നത്തിന്‍റെ സുരക്ഷിതാവസ്ഥയെ സംശയിക്കുന്നവരും നിഷേധിക്കുന്നവരുമുണ്ട്. ഹദീസിന്‍റെ സുരക്ഷ തള്ളുന്ന അവര്‍ ഖുര്‍ആന് മാത്രം അവകാശപ്പെട്ടതാണ് സുരക്ഷിതത്വമെന്ന് ജല്‍പിക്കുന്നു. ഈ വാദം അപകടകരവും പരമാബദ്ധവുമാണ്.

ഖുര്‍ആന്‍റെ വിവരണമാണെന്ന ഹദീസിന്‍റെ വ്യക്തിത്വം തന്നെ അതിന് സുരക്ഷിതത്വം അനിവാര്യമാക്കുന്നു. വിവരണത്തിന്‍റെ അനിവാര്യത ഖുര്‍ആനിനുള്ള കാലത്തൊക്കെയും സുന്നത്തിന്‍റെയും സാന്നിധ്യം വേണം. മനുഷ്യജീവിതത്തിന് വെളിച്ചവും പ്രകാശവുമായ ഒന്നിനെ, പ്രകാശിപ്പിക്കാനും ആശയപ്രപഞ്ചത്തെ പ്രായോഗികമായി വിനിമയം ചെയ്യാനും വേണ്ടി നിശ്ചയിക്കപ്പെട്ടതും പ്രാമാണികമാകേണ്ടതുണ്ട്. അഥവാ ഖുര്‍ആന്‍ പ്രമാണമാണെങ്കില്‍ സുന്നത്തും പ്രമാണമാണ്, സുന്നത്ത് പ്രമാണമാണെങ്കില്‍ അതും സുരക്ഷിതമായിരിക്കണം. ഇത് അടിസ്ഥാനപരമായ വസ്തുതയാണ്. ഖുര്‍ആന്‍ സംരക്ഷിക്കുന്നവന്‍ സുന്നത്തിന്‍റെ സംരക്ഷണത്തിനും സാഹചര്യം തീര്‍ത്തിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: ‘നിശ്ചയം നാം സന്ദേശത്തെ അവതരിപ്പിച്ചു, നാം തന്നെ അതിനെ സംരക്ഷിക്കുന്നു (അല്‍ഹിജ്ര്‍ 9).

അല്ലാഹു അവതരിപ്പിച്ചതിനെ അവന്‍ തന്നെ സംരക്ഷിക്കുമെന്നാണെങ്കില്‍ കാലഹരണപ്പെടാത്ത ഖുര്‍ആനിനൊപ്പം നിലനില്‍ക്കേണ്ട സുന്നത്തിനെ മാത്രം അല്ലാഹു സംരക്ഷിച്ചില്ല എന്ന് വാദിക്കുന്നതെങ്ങനെ? ദിക്റ് അഥവാ സന്ദേശം എന്ന് അന്നഹ്ല്‍ സൂക്തത്തില്‍ പരാമര്‍ശിച്ചത് ഖുര്‍ആന്‍ മാത്രമാണെന്ന് പറയാന്‍ ന്യായങ്ങളില്ല. മനുഷ്യന്‍റെ കൂടെ അവരുടെ ഉല്‍ബോധനത്തിനായി നിലകൊള്ളുന്നതാണ് ദിക്റ്. അതില്‍ ഖുര്‍ആന്‍ മാത്രമല്ല, അതിന്‍റെ വിവരണവും മറ്റനിവാര്യതകളും ഉള്‍പ്പെടുന്നുണ്ട്. ഖുര്‍ആന്‍ മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂവെന്ന് വന്നാല്‍ അത് ഏത് വിധത്തിലായിരിക്കുമെന്ന ആലോചനയും സംഗതമാവുന്നുണ്ട്. ഒരു നിയമപുസ്തകം എന്ന നിലയില്‍ ഖുര്‍ആനെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ പോലും അത് വിവരണമാവശ്യപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഖുര്‍ആനും സുന്നത്തും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ അനിവാര്യതയാണ് അവ രണ്ടിന്‍റെയും സംരക്ഷണം. എന്നിരിക്കെ ഒന്നിനെ സംരക്ഷണ പരിധിക്കു പുറത്താക്കുന്നതിന് പിന്നില്‍ ചില താല്‍പര്യങ്ങളുണ്ട്. തിരുനബി(സ്വ)യുടെ സാര്‍വകാലിക പ്രവാചകത്വത്തിന്‍റെ ചിറകരിയലാണതിലൊന്ന്. ഖുര്‍ആന്‍ വിവരണത്തിന്‍റെ ഔദ്യോഗിക സംവിധാനത്തിന്‍റെ അപര്യാപ്തത സ്ഥാപിക്കലാണ് മറ്റൊന്ന്. ഖുര്‍ആന്‍ സ്വന്തം താല്‍പര്യം പോലെ ദുര്‍വ്യാഖ്യാനിക്കാനും അതിലെ നിര്‍ദേശങ്ങള്‍ സ്ഥലകാലങ്ങളില്‍ പരിമിതപ്പെടുത്താനും സൗകര്യമൊരുക്കുകയാണിതിന്‍റെ ലക്ഷ്യം.

ഖുര്‍ആന്‍ സുരക്ഷിതമാണെന്നതിന്‍റെ അടിസ്ഥാനം അതൊരു അമാനുഷിക വചന സംയുക്തമാണെന്നതാണ്. അതിന്‍റെ സാന്നിധ്യം എക്കാലത്തും മനുഷ്യനുമായി ബന്ധപ്പെട്ടുള്ളതാണ്. മനുഷ്യനുമായി അതിനെ ബന്ധപ്പെടുത്തുന്നതും നിലനിര്‍ത്തുന്നതും സുന്നത്തും അതിന്‍റെ പ്രയോഗവുമാണ്. അഥവാ ഖുര്‍ആന്‍റെ സാര്‍വകാലിക സംരക്ഷണോപാധി കൂടിയാണത്. ഖുര്‍ആന്‍റെ സുരക്ഷക്കെന്ന പോലെ സുന്നത്തിന്‍റെ സംരക്ഷണത്തിനും അല്ലാഹു സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

വഹ് യല്ല സുന്നത്ത്!

സുന്നത്തിന്‍റെ സംരക്ഷണം അല്ലാഹു നടത്തിയില്ല എന്ന വാദത്തിന് സാധൂകരണമുണ്ടാകണമെങ്കില്‍ ചില ന്യായങ്ങള്‍ സ്ഥിരപ്പെടേണ്ടതുണ്ട്. ഒന്ന്, അല്ലാഹു നല്‍കിയ വഹ്യിന്‍റെ വെളിപ്പെടുത്തലായിരുന്നില്ല നബി(സ്വ) നടത്തിയത്. മറിച്ച്, അവിടുന്ന് മെനഞ്ഞ സ്വന്തം വചനങ്ങളും ആശയങ്ങളുമായിരുന്നു അതെന്ന് വരണം. ഇത് മഹാ അബദ്ധമാണെന്നതിന് തെളിവാവശ്യമില്ല. കാരണം തിരുനബി(സ്വ) ദൈവദൂതനാണ്, അഥവാ നിയോഗിച്ചയച്ചവനെ അനുസരിച്ച്, ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ ബാധ്യതയുള്ളവരാണ്. ഇതില്‍ നിന്ന് തന്നെ റസൂല്‍(സ്വ) മതകാര്യങ്ങളൊന്നും സ്വന്തമായി പറഞ്ഞിട്ടില്ല എന്ന് ഗ്രഹിക്കാനാകും. പിന്നെ എന്താണ് അവിടുന്ന് പഠിപ്പിച്ചത്? ഖുര്‍ആന്‍ അതിന് മറുപടി നല്‍കുന്നത് ഇങ്ങനെയാണ്: അവിടുന്ന് സ്വന്തമായൊന്നും സംസാരിക്കില്ല. വഹ്യ് ലഭിക്കുന്ന സന്ദേശമല്ലാതെ മറ്റൊന്നുമായിരുന്നില്ല അത് (അന്നജ്മ് 4).

വഹ്യല്ല സുന്നത്ത് എന്ന വാദം നിലനില്‍ക്കുന്നതല്ല എന്നതിന് ഇതിലപ്പുറം തെളിവാവശ്യമില്ല. ഇനി അങ്ങനെ വന്നാല്‍ തന്നെയും സുന്നത്തിന് സംരക്ഷണം വേണ്ടെന്ന് വരുന്നില്ല. കാരണം, തിരുനബി(സ്വ)യുടേത് അന്തിമ ദൗത്യമാണ്. അവിടുന്ന് ഖാതിമുന്നബിയ്യീനാണ്.  വഹ്യ് എന്ന സമര്‍പ്പണ രീതിതന്നെ മുഹമ്മദ് നബി(സ്വ)യോടെ അവസാനിച്ചിരിക്കുന്നു. ലോകാന്ത്യം വരെ നിലനില്‍ക്കേണ്ട സന്ദേശങ്ങളുടെ സമര്‍പ്പിത രൂപമാണ് സുന്നത്ത് എന്നര്‍ത്ഥം. സാര്‍വകാലികമായ സുന്നത്ത് നിലനില്‍ക്കുകയും മനുഷ്യര്‍ക്കത് മാര്‍ഗദര്‍ശനമായിത്തീരുകയും ചെയ്യണമെങ്കില്‍ അത് സുരക്ഷിതമാകാതെ മറ്റെന്തു വഴിയാണുള്ളത്? അതിനാല്‍ സുന്നത്ത് വഹ്യല്ലെന്നു വന്നാലും സുരക്ഷിതമായിരുന്നില്ല എന്ന് വാദിക്കാനാകില്ല.

 

സുന്നത്തിനു സംരക്ഷണമില്ലേ?

രണ്ടാമതായി സ്ഥിരപ്പെടേണ്ടത് ഖുര്‍ആനല്ലാതെ മറ്റൊന്നിനും ദൈവിക സംരക്ഷണമില്ല എന്നതാണ്. സുന്നത്ത് സംരക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹു ഒഴിവാണെന്ന് വരണമെങ്കില്‍ ഇങ്ങനെയൊരു ന്യായം പറഞ്ഞേ തീരൂ. ഇത് ചില ഉത്തരങ്ങള്‍ തേടുന്നുണ്ട്. അങ്ങനെയൊരു നിശ്ചയം അല്ലാഹുവിനുണ്ടെങ്കില്‍ അതറിയാനുള്ള മാര്‍ഗം ഖുര്‍ആനാണല്ലോ. സുന്നത്തിനെ സംരക്ഷിക്കുന്നതില്‍ നിന്ന് അല്ലാഹു ഒഴിവാണെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞുകാണുന്നില്ല. എന്നാല്‍ ഖുര്‍ആന്‍റെ സംരക്ഷണത്തിന് തെളിവായി പറയുന്ന വചനത്തിന്‍റെ പരിധിയില്‍ സുന്നത്തിന്‍റെ സംരക്ഷണം ഉള്‍പ്പെടുന്നുണ്ടുതാനും. സൂറത്തുല്‍ ഹിജ്റിലെ ഒമ്പതാം സൂക്തത്തില്‍ പറഞ്ഞ ‘ദിക്റ്’ എന്ന പദത്തെ ഖുര്‍ആനില്‍ പരിമിതപ്പെടുത്തുന്നവര്‍ അന്നഹ്ല്‍ സൂറത്തിലെ ഈ സൂക്തം ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു പറയുന്നു:  ജനങ്ങള്‍ക്കായി ഇറക്കപ്പെട്ടത് അങ്ങ് അവര്‍ക്ക് വിശദീകരിക്കുന്നതിനായി അങ്ങേക്ക് നാം ദിക്ര്‍ (സന്ദേശം) അവതരിപ്പിച്ചിരിക്കുന്നു (അന്നഹ്ല്‍ 44).

തിരുനബി(സ്വ)യുടെ വിവരണമായ ഒരു ദിക്ര്‍  ഉണ്ടെന്നതില്‍ സംശയത്തിനവകാശമില്ല. മാത്രമല്ല, അവിടുന്ന് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളില്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചു പോകുന്നു. അവ രണ്ടും ഉണ്ടായിരിക്കേ നിങ്ങള്‍ പിഴക്കുകയില്ല. അല്ലാഹുവിന്‍റെ വേദവും എന്‍റെ സുന്നത്തു(ചര്യ)മാണവ. ഹൗളിങ്കല്‍ എത്തുന്നതുവരെ അവ രണ്ടും പിരിയുന്നതല്ല  (ഹാകിം).

വ്യത്യസ്ത പദങ്ങളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. എല്ലാറ്റിലും ഖുര്‍ആനില്‍ നിന്നും വേര്‍പ്പെടാത്തവിധം, ഖുര്‍ആന്‍ നിലനില്‍ക്കുന്ന കാലത്തൊക്കെ നിലനില്‍ക്കേണ്ട ഒരു പ്രമാണത്തിന്‍റെ പ്രാധാന്യം വ്യക്തമാണ്. ഖുര്‍ആനിനോട് ചേര്‍ത്ത് പറഞ്ഞത് ഖുര്‍ആന്‍ പോലെതന്നെ ആശയ പ്രധാനമായിരിക്കും. അതുകൊണ്ട് സുന്നത്തിന് അതിന്‍റെ വൈപുല്യവും ശേഖരണ വിതരണ സങ്കീര്‍ണതകളും അനുസരിച്ചുള്ള രക്ഷാമാര്‍ഗം അനിവാര്യമത്രെ. നബി(സ്വ)യുടെ വിയോഗാനന്തരം ഏറെ കഴിയും മുമ്പ്തന്നെ ഖുര്‍ആന്‍ പൂര്‍ണമായി ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

സുന്നത്തിന്‍റെ വൈപുല്യം സ്വാഭാവികമാണ്. ഖുര്‍ആനെ/വിശുദ്ധ ഇസ്ലാമിനെ സമര്‍പ്പിച്ചത് അതാണല്ലോ. സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചും പ്രസ്താവിച്ചും സമൂഹത്തില്‍ പരിശീലിപ്പിച്ചും റസൂല്‍(സ്വ) നടത്തിയ സുന്നത്തിന്‍റെ വൈപുല്യം കൂടുന്നത് സ്വാഭാവികം. അതിന്‍റെ ശേഖരണത്തിന് സമയവും അധ്വാനവും ആവശ്യവുമാണ്. പൂര്‍ണമായി ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കുന്നതിനുള്ള സാധ്യതയും സാധാരണമല്ല. സുന്നത്തിന് അമാനുഷികതയുടെ ശക്തിയുമില്ലല്ലോ. അതിനാല്‍ അതിന് കൃത്യമായ സൂക്ഷിപ്പും സുരക്ഷിതത്വവും ധാരാളം സാഹചര്യപ്പൊരുത്തങ്ങളും വ്യത്യസ്ത മേഖലകളില്‍ ധാരാളം സേവകരും അനിവാര്യം. സുന്നത്തിന്‍റെ ചരിത്രവും അതിനുവേണ്ടി നടത്തിയിട്ടുള്ള വൈജ്ഞാനിക സേവനങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തുംവിധം സമ്പന്നമാണ്.

 

കേള്‍ക്കുന്നവരേക്കാള്‍ ഗ്രഹിച്ചവര്‍

സുന്നത്തിന്‍റെ സംരക്ഷണ കാര്യത്തില്‍ ആദ്യകാല സമൂഹം കാണിച്ച ശുഷ്കാന്തി ചരിത്രത്തിന്‍റെ സുപ്രധാന ഭാഗമാണ്. ജീവിതം മുഴുവന്‍ സുന്നത്തിന്‍റെ സേവനത്തിനായി വിനിയോഗിച്ച ത്യാഗിവര്യന്‍മാര്‍ ഏറെയുണ്ട്. ത്യാഗപൂര്‍ണമായ അന്വേഷണവും ശേഖരണവും വഴി സുന്നത്തുകള്‍ കൂടുതല്‍ മന:പാഠമാക്കുന്നവരും സൂക്ഷിക്കുന്നവരും പില്‍ക്കാലത്തുണ്ടാകുമെന്ന് പ്രവാചകര്‍(സ്വ) അറിയിച്ചിട്ടുള്ളതാണ്. അവിടുന്ന് പറയുന്നു: ഇത് നേരിട്ട് കേള്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ ഹൃദിസ്ഥമാക്കി ഗ്രഹിച്ചവര്‍ എത്രയോ ഉണ്ടാകും (ബുഖാരി).

ഹജ്ജത്തുല്‍ വദാഇല്‍ നബി(സ്വ) നടത്തിയ പ്രസംഗങ്ങളില്‍ നിന്നുള്ളതാണിത്. കൂടുതല്‍ ശേഖരിക്കാനും അതിനായി ദീര്‍ഘകാലം പരിശ്രമിക്കാനും ശേഷം വരുന്നവര്‍ക്ക് അവസരമുണ്ടാകും. അതവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്.

നബി(സ്വ)യില്‍ നിന്ന് നേരിട്ട് സുന്നത്തനുഭവിക്കാന്‍ ഭാഗ്യമുണ്ടായത് സ്വഹാബികള്‍ക്കാണ്. അവരില്‍ പലരും നടത്തിയ ഹദീസ് വിവരണവും കൈമാറ്റവും കേള്‍ക്കാനും പഠിക്കാനും അവസരമുണ്ടായവരാണ് ഈ ഹദീസില്‍ പറയുന്ന ‘മുബല്ലഗ്’ എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്. സുന്നത്തിനെ കൂടുതല്‍ പഠിക്കാന്‍ യോഗ്യതയും സാധ്യതയുമുള്ളവര്‍ ശേഷക്കാരിലുണ്ടാകുമെന്നര്‍ത്ഥം. സുന്നത്തിന്‍റെ സൂക്ഷ്മമായ ക്രോഡീകരണവും അതിന്‍റെ ആശയ പ്രകാശനവും പില്‍ക്കാലത്ത് വരാനുണ്ടെന്ന് ഈ വചനം വ്യക്തമാക്കുന്നു.

സ്വഹാബത്തിന്‍റെ കാലം തീരും മുമ്പ് ഗ്രന്ഥത്തിലായി ഹദീസ് ക്രോഡീകൃതമായില്ല എന്നത് ഒരു ന്യൂനതയല്ല. കാരണം, സുന്നത്തിന് അതിന്‍റെ സംരക്ഷണത്തിനാവശ്യമായ ധാരാളം കാര്യങ്ങള്‍ വൈജ്ഞാനിക തലത്തില്‍ ഒത്തു വരേണ്ടതുണ്ട്. നബി(സ്വ)ക്ക് ലഭിച്ച വഹ്യ് അവിടുന്ന് അവസരോചിതം സമൂഹത്തിന് സമര്‍പ്പിച്ചതാണ് സുന്നത്ത്. അതിന് ഖുര്‍ആനോളം വചനപ്രാധാന്യമില്ല, ആശയ പ്രധാനമാണത്. അതിന് അമാനുഷികതയില്ലാത്തതിനാല്‍ കൂട്ടിച്ചേര്‍ക്കാനും വെട്ടിച്ചുരുക്കാനും സാധ്യതയുണ്ട്. പില്‍ക്കാല സമൂഹത്തിലേക്ക് എത്തിച്ചേരുകയും ആശയ നിര്‍ധാരണം നടക്കുകയും ചെയ്യുന്നതാണ് സുന്നത്തെന്നതിനാല്‍ ശേഷ കാലത്തേക്കുള്ള ഒരു സഞ്ചാരവഴി സുന്നത്തിനെ സംബന്ധിച്ച് ആവശ്യമാണ്. അത് കൃത്യവും വ്യക്തവുമായിരിക്കുകയും വേണം.

സ്വഹാബത്തിന്‍റെ കാലത്തുതന്നെ അല്‍പാല്‍പമായി എഴുതിവെക്കപ്പെട്ട കൃതികളുണ്ടെങ്കിലും അവ തന്നെയും പൊതുവായ അംഗീകാരത്തോടെ സ്വീകാര്യത നേടിയതല്ലാത്തതിനാല്‍ അതിന്‍റെ യഥാര്‍ത്ഥ ഉടമയിലേക്കെത്തുന്ന വഴിയും കൃത്യമായിരിക്കണം. സുന്നത്തിന് മൂലവചന(മത്ന്)ത്തെ സത്യസാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദക പരമ്പര (സനദ്) കൂടി ആവശ്യമാണെന്നു പറയുന്നത് ഇതിനാലാണ്.

സനദില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെട്ടവരായിരിക്കും. അതിനനുസരിച്ച് ഹദീസിന്‍റെ വചനങ്ങള്‍ക്ക് സാങ്കേതികമായ വിശേഷണങ്ങള്‍ നല്‍കിയത് കാണാം. പ്രത്യക്ഷത്തില്‍ ഇതൊക്കെ സങ്കീര്‍ണതകളാണ്. പക്ഷേ, അവയെ മറികടക്കുന്നതിലും കീഴ്പ്പെടുത്തുന്നതിലും സുന്നത്തിന്‍റെ സേവകരായ പൂര്‍വികര്‍ വിജയിച്ചുവെന്നാണ് ചരിത്രം.

സുന്നത്തിന്‍റെ യഥാര്‍ത്ഥ സംരക്ഷണ മാര്‍ഗമായ സമ്പൂര്‍ണ ആശയനിര്‍ധാരണ വിവരണം വരെയുള്ള ഘട്ടങ്ങളില്‍ വരെ അത് സുരക്ഷിതമായിരുന്നു. ആശയ നിര്‍ധാരണ ഘട്ടത്തില്‍ പണ്ഡിതര്‍ക്ക് സുന്നത്തുകളുടെ ലഭ്യത എത്രമാത്രമായിരുന്നുവെന്ന് ചരിത്രം വിവരിച്ചതാണ്. എന്നാല്‍ ഗ്രന്ഥരൂപത്തില്‍ പിന്നീട് ക്രോഡീകരിക്കപ്പെട്ടത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ മതത്തിന്‍റെ യഥാര്‍ത്ഥ ചൈതന്യം ലഭിക്കാന്‍ സുന്നത്ത് ശേഖരണത്തിന്‍റെ പുഷ്കലഘട്ട പങ്കാളിത്തം നേടിയവരെ അനുധാവനം ചെയ്തേ മതിയാകൂ. മറിച്ച് ഇന്നു ലഭ്യമായ വളരെ കുറച്ച് ഹദീസുകളില്‍ നിന്ന് ചൈതന്യവത്തായ മതത്തെ സ്വീകരിക്കാനാവില്ല. ക്രോഡീകരിക്കപ്പെട്ടവ പിന്നീട് പരമ്പരാഗതമായി സുരക്ഷിതമായിതന്നെയാണ് കൈമാറി വന്നിട്ടുള്ളത്. അതിനാല്‍ അതില്‍ കടത്തിക്കൂട്ടലുകളോ തിരുത്തിക്കുറിക്കലുകളോ വെട്ടിക്കളയലുകളോ നടത്താന്‍ ശ്രമിച്ചവര്‍ വിജയിച്ചിട്ടില്ല. ഒരു കൃതിയുടെയോ  വചനത്തിന്‍റെയോ സ്വാഭാവികമായ കൈമാറ്റങ്ങളല്ല സുന്നത്തിന്‍റ ചരിത്രത്തില്‍ കാണാനാവുക. നിശ്ചിത ദൗത്യങ്ങളുമായി നിയോഗിതരായ കുറേ ആളുകള്‍ കഠിനാധ്വാനം ചെയ്ത് സുന്നത്തിന്‍റെ സംരക്ഷണത്തില്‍ പങ്കാളികളാവുകയായിരുന്നു. സുന്നത്ത് എന്നോ ഹദീസ് എന്നോ കേള്‍ക്കുന്ന മാത്രയില്‍ സ്വീകരിക്കുന്നതിനു പകരം പറയുന്നവരെയും പകരുന്നവരെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായി വിലയിരുത്തി മാത്രമാണ് പണ്ഡിതലോകം സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്തത്.

 

കൃത്യമായ സംരക്ഷണം

കാലവും സാഹചര്യവും വിഷയവും ആവശ്യപ്പെടുന്ന എല്ലാവിധ സംരക്ഷണ മാര്‍ഗങ്ങളും കൃത്യമായി നടക്കുകയുണ്ടായി. ഒരു ഹദീസാണെങ്കില്‍ പോലും അത് തേടിപ്പിടിക്കുന്നതിന് അനേകം കാതങ്ങള്‍ താണ്ടി, മൂലവചനത്തിന്‍റെ കൈമാറ്റത്തില്‍ കണ്ണികളായ ഗുരുവര്യന്‍മാരെ കുറിച്ച് നന്നായി പഠിച്ചു, ശ്രദ്ധിച്ചു കേട്ടു, മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കി, സാധ്യമായ വസ്തുക്കളില്‍ എഴുതിവച്ചു. അങ്ങനെയെല്ലാമാണ് ഹദീസ് ശേഖരണത്തിന്‍റെ സുപ്രധാന ഘട്ടം പൂര്‍വികര്‍ പിന്നിട്ടത്.

ഈ മഹിതമായ സേവനത്തില്‍ പങ്കാളികളാകാനവസരം ലഭിച്ചവരില്‍ പ്രഥമഗണനീയര്‍ സ്വഹാബികള്‍ തന്നെയാണ്. ഖുര്‍ആനും സുന്നത്തും തമ്മില്‍ കൂടിക്കലരാതിരിക്കുന്നതിനായി ആദ്യകാലങ്ങളില്‍ സുന്നത്ത് രേഖപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ കൂടിക്കലരാത്ത വിധം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ചിലര്‍ സുന്നത്ത് രേഖപ്പെടുത്തുകയുണ്ടായി. ഹജ്ജത്തുല്‍ വദാഇലെത്തുമ്പോള്‍ നബി(സ്വ) തന്നെ എഴുതാന്‍ നിര്‍ദേശിച്ച സംഭവം ഉദ്ധരിക്കപ്പെട്ടതാണ്. അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ്(റ)വിനു നബി(സ്വ) ഹദീസെഴുതാന്‍ സമ്മതം കൊടുത്തിരുന്നു (അബൂദാവൂദ്).  അബൂഹുറൈറ(റ) ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഹദീസ് സമാഹാരത്തിന് അസ്സ്വാദിഖ എന്നായിരുന്നു പേര്. തന്‍റെ പൗത്രനായ അംറുബ്നു ശുഐബ്(റ) വഴി ഈ സമാഹാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് അറിയപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്ന ഉദാഹരണങ്ങള്‍ കാണാം.

തങ്ങള്‍ കേള്‍ക്കാത്ത ഹദീസ് ആരുടെയെങ്കിലും അടുത്തുണ്ടെന്നറിഞ്ഞാല്‍ അത് സമ്പാദിക്കുന്നതിനായി ത്യാഗപൂര്‍ണമായ ദീര്‍ഘ യാത്രകള്‍ നടത്തുമായിരുന്നു പല സ്വഹാബികളും. ജാബിറുബ്നു അബ്ദുല്ല(റ) ഖിസ്വാസ്വിന്‍റെ അധ്യായത്തില്‍ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് കേള്‍ക്കാനായി ഒരു മാസം യാത്ര ചെയ്യുകയുണ്ടായി. അബ്ദുല്ലാഹിബ്നു ഉനൈസില്‍ അന്‍സ്വാരി(റ) എന്ന സ്വഹാബി അവസാന കാലത്ത് സിറിയയിലായിരുന്നു താമസം. അദ്ദേഹത്തിന്‍റെ അടുക്കല്‍ നിന്നൊരു ഹദീസ് പഠിക്കാന്‍ ജാബിര്‍(റ) വാഹനമായി ഒരൊട്ടകം വാങ്ങി ഒരു മാസം സഞ്ചരിച്ചു. തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍  രണ്ടു സ്വഹാബിമാരും ആലിംഗനം ചെയ്ത് ആശ്ലേഷിച്ചു. അങ്ങനെ ആ ഹദീസ് പഠിക്കുകയുണ്ടായി (അര്‍റിഹ്ലത്തു ഫീ ത്വലബില്‍ ഹദീസ്).

 

താബിഉകളുടെ സുന്നത്ത് സേവനം

സ്വഹാബത്തില്‍ നിന്നു സുന്നത്തിനെ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത് താബിഉകള്‍ക്കാണ്. അവരും സുന്നത്ത് ശേഖരിക്കാനും മന:പാഠമാക്കാനും വലിയ താല്‍പര്യം കാണിക്കുകയുണ്ടായി. ഹദീസ് വചനങ്ങളും അതിന്‍റെ മറ്റു ഘടകങ്ങളും സുന്നത്ത് തന്നെയാണെന്ന് കൃത്യതവരുത്തിയാണവര്‍ സ്വീകരിച്ചത്. ഒരു ഹദീസിന്‍റെ ശേഖരണത്തിനും സ്ഥിരീകരണത്തിനും വേണ്ടി ദിവസങ്ങളോളം അവര്‍ യാത്ര ചെയ്തു.

അബൂഹുറൈറ(റ) നിവേദനം ചെയ്ത ഒരു ഹദീസ് അദ്ദേഹത്തില്‍ നിന്ന് നേരില്‍ കേള്‍ക്കാനായി അബൂഉസ്മാനന്നഹ്ദി(റ) സിറിയയില്‍ നിന്ന് മദീനയിലെത്തി. അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ)യില്‍ നിന്ന് ഹദീസ് സ്വീകരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ആ വര്‍ഷം ഞാന്‍ ഹജ്ജ് യാത്ര നടത്തിയത്. അബൂഹുറൈറ(റ)യെ സമീപിച്ചു ഞാന്‍ പറഞ്ഞു: അങ്ങയെ കാണണമെന്നുദ്ദേശിച്ചാണ് ഞാന്‍ ഈ വര്‍ഷം ഹജ്ജിനു വന്നിരിക്കുന്നത്. അങ്ങനെ ഞാന്‍ ഹദീസ് സ്വീകരിച്ചു (അര്‍റിഹ്ലത്തു ഫീ ത്വലബില്‍ ഹദീസ്).

ക്രോഡീകരിച്ച രൂപത്തില്‍ ഹദീസ് കിട്ടാനില്ലാത്ത കാലമായിരുന്നല്ലോ അത്. എന്നിട്ടും നേരിട്ട് കേട്ടു ഹൃദിസ്ഥമാക്കുകയെന്ന ലക്ഷ്യത്തില്‍ ദീര്‍ഘയാത്ര നടത്തി. ഗുരുവിനെ കുറിച്ച് പൂര്‍ണമായ വിവരം സമ്പാദിച്ചാണ് ഹദീസ് ശേഖരണം തുടര്‍ന്നത്. ഹദീസിന്‍റെ മൂല വചനങ്ങളും നിവേദകരുടെ പൂര്‍ണമായ ചരിത്രവും ആവശ്യാനുസരണം അതിവിപുലമായി ശേഖരിച്ച് രേഖപ്പെടുത്തി.

ഹദീസ് നിദാന ശാസ്ത്രം വലിയൊരു വിജ്ഞാനശാഖയാണ്. സുന്നത്തിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ മുഖ്യഘടകമായി അതു നിലകൊള്ളുന്നു. സുന്നത്തിന്‍റെ കൃത്യത ഉറപ്പു വരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും അതിലാണുള്ളത്. ഖുര്‍ആന്‍ സൂചിപ്പിച്ചതു പോലെ അല്ലാഹുവില്‍ നിന്നു മനുഷ്യനിലേക്കുള്ള സന്ദേശ(ദിക്ര്‍)ത്തെ സംരക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞത് പൂര്‍ത്തീകരിക്കുന്നതിനനിവാര്യമായ എല്ലാ ഉപാധികളും സേവകരെയും അവന്‍ തന്നെ നിശ്ചയിക്കുകയുണ്ടായി. ലോകചരിത്രത്തില്‍ ഒരു വചനത്തെയോ വേദത്തെയോ സംരക്ഷിക്കുന്നതിനായി ക്രമനിബദ്ധവും ഫലപ്രദവുമായ ഉപാധികള്‍ ഇത്ര കണിശമായി  സ്വീകരിക്കപ്പെട്ടത് കാണാനാകില്ല. മറ്റുള്ളവയില്‍ മൂലവാചകങ്ങള്‍ പോലും സുരക്ഷിതമാണോ എന്ന് അവയുടെ വക്താക്കള്‍ക്കും നിശ്ചയമുണ്ടാകണമെന്നില്ല.

 

സേവനം ആരാധന

അല്ലാഹുവിന്‍റെ സന്ദേശത്തെ സംരക്ഷിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുകയെന്നത് സുന്നത്തിന്‍റെ സുരക്ഷിതത്വത്തിന്‍റെ ഭാഗമാണ്. അതിനാല്‍ തന്നെ അതിലുള്ള പങ്കാളിത്തത്തെ ഏതു വിധേനയാണെങ്കിലും മഹദ് കര്‍മമായി മതം പഠിപ്പിച്ചു. സുന്നത്ത് സ്വായത്തമാക്കാന്‍ കൂടുതല്‍ ഗുരുനാഥന്‍മാരെ സമീപിക്കുന്നതും അവര്‍ ഇഷ്ടപ്പെട്ടു. കാരണം തിരുനബി(സ്വ)യുടെ സുന്നത്തിന്‍റെ പേരില്‍ കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാവുകയാണല്ലോ. ഒരു സ്വഹാബിയില്‍ നിന്ന്/ഗുരുവില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസിനെ കുറിച്ച് കേട്ടാല്‍, ആ ഗുരു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ നേരിട്ട് കേള്‍ക്കുന്നതിനു വേണ്ടി അവര്‍ ഏറെ ദൂരം യാത്ര ചെയ്യുമായിരുന്നു. പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസുമായ അബുല്‍ ആലിയ(റ) പറയുന്നു: ഞങ്ങള്‍ ബസ്വറയിലായിരിക്കുമ്പോള്‍, മദീനയില്‍ ജീവിച്ചിരിപ്പുള്ള സ്വഹാബികളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ കേള്‍ക്കും. അപ്പോള്‍ അവരില്‍ നിന്ന് ഹദീസ് നേരിട്ട് കേള്‍ക്കാനായി ഞങ്ങള്‍ മദീനയില്‍ പോകും. നേരില്‍ കേള്‍ക്കാതെ ഞങ്ങള്‍ക്ക് സംതൃപ്തിയാകില്ല (ഫത്ഹുല്‍ മുഗീസ്).

ഹദീസ് എന്ന നിലയില്‍ കേള്‍ക്കുന്നതും അറിയുന്നതുമൊക്കെ രേഖപ്പെടുത്തുകയായിരുന്നില്ല മുന്‍ഗാമികളുടെ രീതി. അതിന്‍റെ സനദില്‍ ജീവിച്ചിരിപ്പുള്ള ആദ്യ കണ്ണികളെ നേരില്‍ കണ്ട് അവരില്‍നിന്ന് തന്നെയാണതെന്ന് ഉറപ്പുവരുത്തും. അതിനു സാധ്യമല്ലെങ്കില്‍ അവരുടെ ചരിത്രം കൃത്യമായി അന്വേഷിച്ചറിയും. ഹദീസ് നിരൂപണ ശാസ്ത്രവും നിദാന ശാസ്ത്രവും അനേകം ഗ്രന്ഥങ്ങളാല്‍ സമ്പന്നമാണ്. വളരെ കൃത്യവും കണിശവുമായി ക്രോഡീകരിക്കുകയും ഗ്രന്ഥരൂപത്തിലാക്കുകയും ചെയ്തവയാണവ. ഹദീസിന്‍റെ സംരക്ഷണ ചരിത്രത്തില്‍ ശ്രദ്ധേയമായ വസ്തുതയായി നമുക്കിതിനെ കാണാന്‍ സാധിക്കും. പലരും പല കാലത്തും ഹദീസുകള്‍ നിര്‍മിക്കുകയും വ്യക്തമായി തെളിയിക്കപ്പെട്ട ഹദീസുകള്‍ തന്നെ, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തള്ളുകയും ചെയ്തത് ചരിത്രത്തില്‍ കാണാം. എന്നാല്‍ ലഭ്യമായ ഹദീസുകളില്‍ നിര്‍മിതവും വ്യാജവും സത്യവും അസത്യവും തിരിച്ചറിയുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ തന്നെ യഥാര്‍ത്ഥ സുന്നത്തിനെ തിരസ്കരിക്കാന്‍ കഴിയില്ല. രാവിനെയും പകലിനെയും പോലെ വേര്‍തിരിച്ചറിയാന്‍ സാധിക്കുംവിധം വ്യാജവും സത്യവും തിരിച്ചറിയാന്‍ മാനദണ്ഡങ്ങളുണ്ട്. തിരിച്ചറിയാനുള്ള യോഗ്യതയുണ്ടാകണമെന്ന് മാത്രം. സുന്നത്തിന്‍റെ കാര്യത്തില്‍, നിഷേധമായാലും സംശയം ജനിപ്പിക്കലായാലും മതവിരുദ്ധ കേന്ദ്രങ്ങളുടെ ചില വ്യാമോഹങ്ങള്‍ മാത്രമാണത്. അല്ലാഹു അവന്‍റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സുന്നത്തിന്‍റെ സംരക്ഷണ മാര്‍ഗങ്ങളും ഘട്ടങ്ങളും അവയുടെ പ്രാധാന്യത്തോടെ അംഗീകരിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. ഹദീസിന്‍റെ ശേഖരണമെന്നതിനേക്കാള്‍ പ്രധാനമാണ് അവ ചേര്‍ത്തുവച്ച് നടത്തിയ നിര്‍ധാരണ സേവനങ്ങള്‍. വൈരുദ്ധ്യങ്ങളില്ലാത്ത നിയമ നിര്‍ധാരണ വിജയത്തിന് വലിയ മന:പാഠശേഷി വേണം. മദ്ഹബിന്‍റെ ഇമാമുകളില്‍ പത്തുലക്ഷം ഹദീസുകള്‍ മന:പാഠമാക്കിയവരുണ്ടായിരുന്നുവല്ലോ. അതിനാല്‍തന്നെ സുന്നത്തിന്‍റെ സംരക്ഷണഘട്ടങ്ങളില്‍ പ്രധാനമാണ് മതനിയമങ്ങളുടെ വ്യക്തവും വിശദവുമായ അവതരണഘട്ടം. അത് നിര്‍വഹിച്ചത് മദ്ഹബിന്‍റെ ഇമാമുകളാണ്. സമാന യോഗ്യര്‍ പിന്നീടുണ്ടാവുകയോ നിര്‍ധാരണം നടത്തി സ്വീകാര്യത നേടുകയോ ചെയ്തിട്ടില്ല. അതിനാല്‍ സമൂഹത്തില്‍ അവ സ്വീകാര്യവുമല്ല. സുന്നത്തിന്‍റെ ആശയം പൂര്‍ണ സുരക്ഷിതമാണെന്നു ചുരുക്കം.

Exit mobile version