സുബുലുൽ ഹുദാ വർറശാദ്: നബിചരിത്രത്തിലെ വിജ്ഞാനകോശം

തിരുനബി(സ്വ)യുടെ ചരിത്ര രചനയും പഠനവും പ്രസാധനവും പരമപ്രധാനമായി ഇസ്‌ലാം ഉയർത്തിക്കാണിക്കുന്നു. ഇസ്‌ലാമിന്റെ ചരിത്രം യഥാർത്ഥത്തിൽ മനുഷ്യ സമൂഹത്തിന്റെ ചരിത്രമാണ്. മുത്ത് നബിയുടെ സമ്പൂർണചരിത്രം ഇസ്‌ലാമിന്റെ യാഥാർത്ഥ ചരിത്രവും.

തിരുനബി(സ്വ)യെ കുറിച്ചുള്ള രചനകൾ എത്രയോ ഭാഷകളെ സമ്പന്നമാക്കിയിട്ടുണ്ട്. എക്കാലത്തെയും മഹാചിന്തകന്മാരെയും ഗവേഷകരെയും അത് വിസ്മയിപ്പിച്ചിട്ടുണ്ട്. വീക്ഷണ വ്യത്യാസമുള്ളവർ പോലും ആ ചരിത്ര വ്യക്തിത്വത്തെ കുറിച്ചറിയാൻ വെമ്പൽകൊണ്ടിട്ടുമുണ്ട്.
മുസ്‌ലിംകളുടെ ജീവിത ദർശനത്തെ രൂപപ്പെടുത്തുന്നതിൽ നബിചരിത്രത്തിന് സുപ്രധാനമായ പങ്കുണ്ട്. അവിടത്തെ ജീവിതവുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും സംഭവങ്ങളും വസ്തുനിഷ്ഠമായി രേഖപ്പെടുത്തി വെക്കേണ്ടത് അനിവാര്യമായതിനാൽ ലോകനേതാവിന്റെ ചരിത്രപരമായ തായ്‌വേരുകൾ തേടി ജൈത്രയാത്ര നടത്തുകയായിരുന്നു മുസ്‌ലിം ലോകം. നിശ്ചയം അവരുടെ ചരിത്രത്തിൽ ബുദ്ധിയുള്ളവർക്ക് പാഠമുണ്ട് (യൂസുഫ് 111).
തിരുനബി(സ്വ)യുടെ ഇരുപത്തിമൂന്ന് വർഷത്തെ ഐതിഹാസികമായ ജീവിതമാണ് യഥാർത്ഥത്തിൽ ഇസ്‌ലാം. ആ മഹിത ജീവിതം അക്ഷരാർത്ഥത്തിൽ അനുധാവനം ചെയ്യാൻ കൽപിക്കപ്പെട്ടവരും അതനുസരിച്ചു മാതൃകാപരമായ ജീവിതം നയിക്കേണ്ടവരുമാണ് ലോകാവസാനം വരെയുള്ള മുസ്‌ലിംകൾ. നിശ്ചയം നിങ്ങൾക്ക് പുണ്യനബി(സ്വ)യിൽ മികച്ച മാതൃകയുണ്ടെന്നും (അഹ്‌സാബ് 21) അല്ലാഹുവിൽ നിന്ന് റസൂൽ കൊണ്ടുവന്നതെന്തും നിങ്ങൾ സ്വീകരിക്കണമെന്നും (ഹശ്ർ 7) ഖുർആൻ പറയുന്നത് ശ്രദ്ധേയമാണ്.

പ്രവാചക ചരിത്രമെന്ന പ്രത്യേക ശാഖ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. തിരുചര്യയും ചരിത്രവും ഒരുമിച്ചായിരുന്നു ക്രോഡീകരിക്കപ്പെട്ടിരുന്നത്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ചരിത്രം വേർതിരിച്ച് പുനഃക്രമീകരിക്കുന്നത്. പിന്നീട് പ്രവാചക ചരിത്രരചനയിൽ പ്രസിദ്ധീകരണ പ്രളയം തന്നെയുണ്ടായി. സീറ, തദ്കിറ, ഖബർ, താരീഖ്, ത്വബഖാത്ത്, ശമാഇൽ, മഗാസി, ദലാഇൽ തുടങ്ങി ഒട്ടേറെ പേരുകളിൽ വർഗീകരിച്ച് പ്രസിദ്ധീകൃതമായിട്ടുണ്ട്.

നബി(സ്വ)യെ ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ മുഹമ്മദ് നബി (സ്വ)തന്നെ ഒരു മഹാചരിത്രമാണെന്നു പറയുകയാണ് ഉചിതം. ആറാം നൂറ്റാണ്ടു മുതലുള്ള ചരിത്രത്തിലെ നിറസാന്നിധ്യമാണ് അവിടന്ന്. വസ്തുനിഷ്ഠവും സത്യസന്ധവുമായ സമ്പൂർണ ചരിത്രം രേഖപ്പെടുത്തി സൂക്ഷിക്കപ്പെട്ട ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ്‌നബി(സ്വ) മാത്രമാണ്. തന്റെ ജീവിതത്തിൽനിന്നും സന്ദേശങ്ങളിൽനിന്നും ഒന്നും ഒഴിഞ്ഞുപോകാത്ത വിധം സമ്പൂർണവും സമഗ്രവുമായിരുന്നു അത്.
ജീവിത പുസ്തകം തുറന്നുവെച്ച് സർവ പരസ്യവും രഹസ്യവുമായ സംഭവങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യാൻ അവിടന്ന് അനുചരന്മാരെ നിയോഗിച്ചു. മുഴുസമയവും റസൂൽ(സ്വ)യെ നിഴൽ പോലെ പിന്തുടർന്ന ശിഷ്യന്മാർ പ്രവാചക ജീവിതം സമ്പൂർണമായി ഒപ്പിയെടുത്ത് കൃത്യമായി രേഖപ്പെടുത്തി. പ്രസ്തുത ചരിത്ര രചനയിൽ വ്യാപൃതരായവരുടെ മുഴുവൻ ചരിത്രവും ക്രോഡീകരിക്കപ്പെട്ടു.

പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ പ്രവാചക ചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിലായി വിരചിതമായിട്ടുണ്ട്. ഇതെല്ലം കൂടി ഒരിടത്ത് ഒരുമിച്ചുകൂട്ടിയാൽ ‘മുഹമ്മദ് അബ്ദുൽ ഹയ്യുൽ കത്താനി’ പറഞ്ഞതുപോലെ അതുതന്നെയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയം. പ്രപഞ്ചത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പഠനം നടത്തപ്പെട്ട ഒരു ചരിത്ര പുരുഷനെ വേറെ കാണാൻ കഴിയില്ല.
പന്ത്രണ്ടായിരത്തിൽ പരം സ്വഹാബികൾ പ്രവാചക ചരിത്ര രചനയിൽ സർവ സജീവമായിരുന്നു. അർധസത്യമാകാൻ അൽപ സാധ്യതയുള്ളവ പോലും തന്റെ ഹിസ്റ്ററി ക്രോഡീകരണത്തിൽ അബദ്ധവശാൽ കടന്നുപോകരുതെന്ന കണിശമായ നിർദേശം നബി(സ്വ)യിൽ നിന്നുണ്ടാവുകയും ചെയ്തിരുന്നു. ചില അറബി ഗോത്രങ്ങൾക്കിടയിലുണ്ടായ ഉടമ്പടികളും രാജാക്കന്മാർക്കയച്ച എഴുത്തുകളും അതിപ്രധാനപ്പെട്ട ചില തിരുവചനങ്ങളും മറ്റും അബ്ദുല്ലാഹി ഇബ്‌നു അംറുബ്‌നുൽ ആസ്വ്(റ) ഉൾപ്പെടെ പല സ്വഹാബി പണ്ഡിതരും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അലി(റ), ഉബ്ബയ്യുബ്‌നു കഅ്ബ്(റ) തുടങ്ങിയ പ്രവാചക ശിഷ്യന്മാർ ഈ രംഗത്ത് അത്യുത്സുകരായിരുന്നു. പിന്നീട് താബിഈ പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്ന ഇമാം ഇബ്‌നു ശിഹാബു സുഹ്‌രി(റ)യുടെ നേതൃത്വത്തിൽ അതിവിപുലമായ ചരിത്രാന്വേഷണവും ക്രോഡീകരണവും നടന്നിട്ടുണ്ട് (തദ്കിറതു ദഹബി 1/3).
തിരുനബി(സ്വ)യുടെ സമ്പൂർണ ചരിത്രം വളരെ വിശാലവും ആധികാരികവുമായി ക്രോഡീകരിച്ച മഹാപണ്ഡിതനും ഗ്രന്ഥകാരനുമാണ് ഇമാം ശംസുദ്ദീൻ അബൂഅബ്ദില്ലാ മുഹമ്മദ്ബ്‌നു യൂസുഫുസ്സ്വാലിഹി അശ്ശാമി(റ) ഹിജ്‌റ 942-ലാണ് അദ്ദേഹം വഫാതാകുന്നത്. ‘സുബുലുൽ ഹുദാ വർറശാദ് ഫീ സീറതി ഖൈറിൽ ഇബാദ്’ എന്ന പതിമൂന്നു ബ്രഹത്തായ വാള്യങ്ങളുള്ള നബിചരിത്രത്തിലെ വിജ്ഞാനകോശം എന്ന പേരിൽ പ്രസിദ്ധമായ റഫറൻസ് ഗ്രന്ഥം കൂടിയാണത്. ഓരോ വാള്യത്തിനുമുണ്ട് അഞ്ഞൂറിലേറെ പേജുകൾ. ആകെ ഏഴായിരത്തോളം പേജുകൾ. നബിചരിത്രവുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാന ശാഖകളും പ്രസ്തുത ഗ്രന്ഥത്തിൽ പരാമർശ വിഷയമാണ്. ആയിരം അധ്യായങ്ങളിലായാണ് വിഷയങ്ങളെ വിഭജിച്ചിട്ടുള്ളത്.
ആമുഖത്തിൽ അദ്ദേഹം പറയുന്നത് എന്തുമാത്രം ശ്രദ്ധേയമാണ്: മുന്നൂറിലധികം ബ്രഹത്തായ ഗ്രന്ഥങ്ങളിൽ നിന്ന് സംഗ്രഹിച്ച് ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ് ‘സുബുലുൽ ഹുദ’യുടെ ഇതിവൃത്തം. സത്യസന്ധമായി ബോധ്യപ്പെട്ടതും ആധികാരികമായി തെളിയിക്കപ്പെട്ടതും മാത്രം ഉദ്ധരിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയിരിക്കുന്നു. കൽപിത കഥകളോ പരമ ദുർബല ഹദീസുകളോ തീരെ കൊണ്ടുവരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. നബി(സ്വ)യിലേക്ക് ചേർക്കപ്പെട്ടതെന്തും അവതരിപ്പിക്കുകയല്ല ചെയ്തിട്ടുള്ളത്. സ്വാഭീഷ്ട പ്രകാരമോ ദുരുദ്ദേശ്യപരമായോ ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഓരോ വിഷയവും ഉദ്ധരിക്കുമ്പോൾ പഴുതടച്ച പരിശോധന നടത്താനും സൂക്ഷ്മത പുലർത്താനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രമാണബദ്ധമോ അവലംബ യോഗ്യമോ അല്ലാത്തതൊന്നും രചനയിൽ കടന്നുവന്നിട്ടില്ല (സുബുലുൽ ഹുദാ വർറശാദ് 1/3,4,5).

ഇമാം ശഅ്‌റാനി(റ) ത്വബഖാത് എന്ന വിഖ്യാത ഗ്രന്ഥത്തിൽ കുറിച്ചു: വിവിധ വിജ്ഞാന ശാഖകളിൽ അത്യഗാധ പാണ്ഡിത്യമുള്ള മഹാപണ്ഡിതനും അനിതര സാധാരണ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു ഇമാം മുഹമ്മദ്ബ്‌നു യുസുഫുസ്സ്വാലിഹി(റ). സാത്വികരായ സമകാലിക പണ്ഡിതരുടെ സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം പ്രവാചക ചരിത്രം ക്രോഡീകരിക്കുന്നത്. ആയിരം കിതാബുകൾ അരിച്ചുപൊറുക്കിയും അനവധി പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തിയും വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് പ്രസ്തുത ഗ്രന്ഥരചന പൂർത്തിയാക്കിയത്. നബി(സ്വ)യുടെ പാരാവാരം കണക്കെയുള്ള ശ്രേഷ്ഠതകളിൽ നിന്ന് ഏതാനും തുള്ളികൾ ഞാനിതിൽ വിവരിക്കുന്നു എന്നാണ് അദ്ദേഹം എഴുത്തുയത് (സുബുലുൽ ഹുദ 1/3).

ശൈഖുൽ ഇസ്‌ലാം
ഖാതിമതുൽ മുഹദ്ദിസീൻ

ചെറുപ്രായത്തിൽ തന്നെ വിജ്ഞാന ദാഹിയായതിനാൽ ജീവിതം മുഴുവൻ പഠനത്തിലും അന്വേഷണത്തിലും അധ്യാപനത്തിലും മുഴുകുകയായിരുന്നു. വിവാഹം കഴിക്കാത്തതിനാൽ വീട് നിർമാണം, കുടുംബ ജീവിതം, സന്താന പരിപാലനം, സ്ഥിരം ജോലി തുടങ്ങിയവയിലൊന്നും സമയം വിനിയോഗിക്കേണ്ടിവന്നില്ല. സദാസമയവും വൈജ്ഞാനിക സേവനങ്ങൾക്കും സാമൂഹിക പ്രവർത്തനത്തിനും സമയം കണ്ടെത്തി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യുക, വീട്ടാവശ്യങ്ങൾ നിർവഹിക്കുക, വിരുന്നുകാർക്ക് വിഭവങ്ങളൊരുക്കുക തുടങ്ങിയവയ്ക്ക് പലപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു. ഉപജീവനത്തിന് വേണ്ടി അധ്വാനിക്കണമെന്ന് ശിഷ്യരോട് ഉപദേശിക്കുമായിരുന്നു.

മധുരമനോഹരമായി സംസാരിക്കുകയും വശ്യമായി പെരുമാറുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. പുഞ്ചിരിക്കുന്നതിനിടയിലും ആദരവിന്റെ അടയാളം മുഖത്ത് പ്രകടമാകും. ആരാധനാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. അധിക സമയത്തും ആരാധനാ നിരതനായി. സുന്നത്ത് നിസ്‌കാരം, നോമ്പ് എന്നിവയിൽ കൂടുതൽ തൽപരൻ. രാത്രിസമയങ്ങളിൽ സദാ പ്രാർത്ഥനയിലായിരിക്കും. രാത്രികളിൽ ഒരുമിച്ച് താമസിച്ചിരുന്ന പലരും അദ്ദേഹം കിടന്നുറങ്ങുന്നത് കണ്ടിരുന്നില്ലെന്ന് ഇമാം ശഅ്‌റാനി(റ) ഉദ്ധരിക്കുന്നുണ്ട്.

അനാഥ-അഗതികളുടെയും അശരണരുടെയും സംരക്ഷത്തിന് സമയം കണ്ടെത്തുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തിരുന്നു. ഇത്തരം പൊതുപ്രവർത്തനത്തിന് ഭരണാധികാരികളുടെയോ സഹയാത്രികരുടേയോ ഫണ്ടുകളോ ഭക്ഷണക്കിറ്റുകളോ സ്വീകരിക്കുമായിരുന്നില്ല. പൂർണമായും ഹലാലാണെന്ന് ഉറപ്പുള്ള സമ്പത്തിൽ നിന്ന് മാത്രമേ പാവപ്പെട്ടവർക്ക് നൽകാവൂ എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. വിനയവും ലാളിത്യവും ആകർഷകമായ വ്യക്തിത്വവും ത്യാഗമനോഭാവവുമെല്ലാം ഇമാം സ്വാലിഹിയെ മറ്റു പലരിൽനിന്നും വ്യത്യസ്തനാക്കി. വൈജ്ഞാനിക-ആത്മീയ രംഗത്ത് അദ്ദേഹം നിർവഹിച്ച അനുഗൃഹീത സേവനത്തിന് അക്കാലത്തെ പണ്ഡിത സമൂഹം നൽകിയ അതിശ്രേഷ്ഠമായ പുരസ്‌കാരമാണ് ശൈഖുൽ ഇസ്‌ലാം ഖാതിമതുൽ മുഹദ്ദിസീൻ എന്നത്.

സവിശേഷ ഗ്രന്ഥം

പ്രവാചക ചരിത്ര സംബന്ധമായി ഏറെ ശ്രദ്ധേയമായ ഗ്രന്ഥമാണ് സുബുലുൽ ഹുദാ വർറശാദ്. വിവരണങ്ങൾക്കും വിശേഷണങ്ങൾക്കും വഴങ്ങാത്ത വിധം പ്രശസ്തമാണത്. എക്കാലത്തും പണ്ഡിതലോകത്ത് അതിന് വലിയ സ്വീകാര്യത ലഭിച്ചു. ആശയ വൈപുല്യവും ആകർഷക രചനാ സൗന്ദര്യവും ആദ്യന്തം നിറഞ്ഞുനിൽക്കുന്ന സാഹിത്യ സമ്പുഷ്ടിയും ആധികാരികമായ സമർത്ഥനരീതിയും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. ഓരോ വിഷയവും അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത ഉയർന്ന ഘടനാ സംവിധാനം ആരെയും വിസ്മയിപ്പിക്കും. തിരുനബി(സ്വ)യെ വായിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും എളുപ്പം ഗ്രഹിക്കാൻ പറ്റും വിധം ലളിതവും സമഗ്രവുമായ പ്രതിപാദനമാണ് അതിന്റെ മറ്റൊരു പ്രത്യേകത.
ആമുഖത്തിന് ശേഷം ആദ്യം തുടങ്ങുന്നത് തിരുജന്മത്തിന് മുമ്പുള്ള അത്ഭുത സംഭവങ്ങളെക്കുറിച്ചാണ്. അവിടത്തെ അമാനുഷിക ജന്മത്തിന് അല്ലാഹു തിരഞ്ഞെടുത്ത മക്കയുടെ പ്രത്യേകതകളാണ് അടുത്ത അധ്യായം. പ്രവാചകരുടെ കുടുംബ പാരമ്പര്യമാണ് പിന്നെ. അവിടത്തെ ജനനവും മുലകുടിയും വളർച്ചയുടെ വിവിധ ഘട്ടങ്ങളും ശാരീരിക സവിശേഷതകളും കച്ചവടവും കല്യാണവും കുടുംബജീവിതവും പ്രവാചകത്വവും പലായനവും സമരപോരാട്ടങ്ങളും ഭരണസംവിധാനങ്ങളും പ്രബോധന പ്രവർത്തനങ്ങളുമെല്ലാം സമഗ്രമായി സമർത്ഥിക്കുന്നതിൽ ഗ്രന്ഥകർത്താവ് പൂർണമായും വിജയിച്ചിട്ടുണ്ട്.
ചരിത്രസംഭവങ്ങളുദ്ധരിക്കുമ്പോൾ അവയ്ക്ക് ഉപോൽബലകമായ ഹദീസുകളും അത് സംബന്ധമായി അവതരിച്ച ആയത്തുകളും ആവശ്യമായ വിവരണങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ആശയ സമർത്ഥനത്തിന് സഹായകമാവുന്ന പദ്യങ്ങളും അനിവാര്യമായ മറ്റു ചേരുവകളും ഉൾക്കൊള്ളിച്ചു. ഹദീസുകളിൽ പരാമർശിക്കുന്ന പദപ്രയോഗങ്ങൾക്ക് അറബി അക്ഷരങ്ങളുടെ ക്രമത്തിൽ വ്യാഖ്യാനങ്ങളും നൽകി. ഓരോ അധ്യായത്തിന്റെയും അവസാനത്തിൽ ചില ശ്രദ്ധേയമായ ഉണർത്തലുകൾ തൻബീഹാത് എന്ന ഉപശീർഷകത്തിൽ പ്രത്യേകം നൽകുന്നതു കാണാം. വൈരുദ്ധ്യമായി അനുഭവപ്പെടുന്ന ഹദീസുകളെയും സംഭവങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് വിശദീകരിക്കുന്നതും ശ്രദ്ധേയമാണ്.
ഒന്നാം വാള്യത്തിന്റെ അവസാന ഭാഗത്ത് 138 പേജുകളിലായി തിരുനബി(സ്വ)യുടെ അനുഗൃഹീത നാമവിശേഷണങ്ങൾ അക്ഷരമാല ക്രമത്തിൽ വിവരിക്കുന്നു. പേരുകളുടെ ആധിക്യം വിളിക്കപ്പെടുന്ന ആളിന്റെ മഹത്ത്വത്തെ കുറിക്കുന്നു. മുത്ത് നബി(സ്വ)യുടെ അധിക പേരുകളും അവിടത്തെ വിശേഷണങ്ങളാണെന്ന ഇമാം നവവി(റ)യുടെ അഭിപ്രായവും ഉദ്ധരിക്കുന്നുണ്ട്. മുഹമ്മദ്, അഹ്‌മദ്, മാഹിൻ, ഹാശിർ, ആഖിബ് എന്നീ അഞ്ച് നാമങ്ങൾ അതിപ്രധാനമാണെന്ന ഇമാം ബുഖാരി(റ)യുടെ ഹദീസ് എടുത്തു കാണിക്കുന്നു. മറ്റു പേരുകളുടെ സ്രോതസ്സുകളും പ്രമാണബദ്ധമായി അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ വിപൽസന്ധികളിൽ അവിടത്തെ ശിഷ്യന്മാരായ അനുചരന്മാർ ആ നാമവിശേഷണങ്ങൾ ആവർത്തിച്ച് ഉരുവിട്ട് ബറകതെടുക്കുകയും പ്രശ്‌നപരിഹാരം തേടുകയും ചെയ്യുന്നു (സുബുലുൽ ഹുദ 1/400 മുതൽ 538 വരെ നോക്കുക).
രണ്ടാം വാള്യം ആരംഭിക്കുന്നത് നബിതങ്ങളുടെ ശാരീരിക സൗന്ദര്യവും വിശേഷണങ്ങളും വിവരിച്ചു കൊണ്ടാണ്. പേജ് 5 മുതൽ 14 വരെ പ്രവാചക സവിശേഷതകളാണ്. ഓരോ അവയവത്തിന്റെയും പ്രത്യേകതകൾ അധ്യായങ്ങൾ നൽകിയാണ് വിവരിക്കുന്നത്. പൂർവകാല പ്രവാചകന്മാരുൾപ്പെടെ മറ്റാർക്കുമില്ലാത്ത പ്രത്യേക സവിശേഷതകൾ റസൂൽ(സ്വ)യിൽ സമ്മേളിച്ചിരുന്നു. സകല സദ്ഗുണ ശീലങ്ങളുടെയും സംപൂർത്തീകരണം തിരുനബി(സ്വ)യുടെ നിയോഗത്തിന്റെ ലക്ഷ്യമാണ്. അവിടുത്തെ നിറം, ശരീര ഘടന, സൗന്ദര്യം, സംസാരം, പെരുമാറ്റ രീതി, നടത്തം, ഉറക്കം, സാഹിത്യ ഭംഗി തുടങ്ങി സർവ സവിശേഷതകളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എല്ലാത്തിനും ഹദീസുകളും ആവശ്യമായ ഉദ്ധരണങ്ങളും കവിതകളും അകമ്പടിയായി ചേർക്കുന്നുമുണ്ട്.
ഖദീജ ബീവി(റ)യുടെ വിവാഹം, കഅ്ബ പുനർനിർമാണം, വഹ്‌യിന്റെ ഭാരം, പ്രബോധനത്തുടക്കം, പലായന സാഹചര്യം, പ്രതിസന്ധികളുടെ കാഠിന്യം തുടങ്ങിയ സംഭവങ്ങളാണ് ബാക്കി ഭാഗത്തുള്ളത്. നാലും അഞ്ചും ആറും വാള്യങ്ങൾ സമ്പൂർണമായി ചർച്ച ചെയ്യുന്നത് നബി(സ്വ)തങ്ങൾ നയിച്ച ധർമ പോരാട്ടങ്ങളെ സംബന്ധിച്ചാണ്. പ്രവാചകത്വത്തിന് ശേഷം നീണ്ട പതിനഞ്ച് വർഷത്തോളം ശത്രുക്കളോട് ഏറ്റുമുട്ടാത്ത വിധം അങ്ങേയറ്റം ക്ഷമയോടെ ജീവിച്ചു. ജന്മനാട് വിട്ട് പലായനം ചെയ്തിട്ടും അവിടെയും സ്വസ്ഥത തരാതെ ഉപദ്രവിച്ചപ്പോൾ അല്ലാഹുവിന്റെ അനുമതി പ്രകാരം പ്രതിരോധ സമരത്തിന് സന്നദ്ധരാകേണ്ടിവന്നു. അങ്ങനെ പ്രവാചകർ ഇരുപത്തി രണ്ട് സമരങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും പല സമരങ്ങൾക്കും സ്വഹാബികളെ സംഘടിപ്പിച്ച് അയക്കുകയും ചെയ്തു.
വിശ്വാസ-ആദർശ സംരക്ഷണത്തിനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള പ്രതിരോധമായിരുന്നു സത്യത്തിൽ സമരങ്ങളത്രയും. ഒരാളെയും നോവിക്കാതെ, ഒരു തുള്ളി രക്തം ചിന്താതെ സമാധാന പൂർണമായ പ്രബോധനം നടത്തിയിരുന്ന തിരുനബിയെയും അനുയായികളെയും നിരന്തരം പീഡിപ്പിക്കുകയും ബഹിഷ്‌കരിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത ശത്രുക്കളിൽ നിന്ന് സുരക്ഷിതത്വം ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു അവയത്രയും. സഅദ്ബ്‌നു അബീവഖാസി(റ)ന്റെയും സുഹൈബി(റ)ന്റെയും ആയുഷ്‌കാല സമ്പാദ്യങ്ങൾ ബലമായി പിടിച്ചെടുത്ത് ഉപയോഗിച്ചു. കിണറുകളും വീടുകളും തകർക്കുക, തീ വെക്കുക തുടങ്ങിയ അതിക്രമങ്ങളിലൂടെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നിരന്തര ശ്രമങ്ങളാണ് സമരങ്ങൾക്ക് പ്രേരകം.
ബദ്ർ, ഉഹുദ്, ഖന്ദഖ്, ഖൈബർ, ഹുനൈൻ, ഫത്ഹ് മക്ക തുടങ്ങി ഇരുപത് സമരങ്ങൾ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ഇമാം ഇബ്‌നു ഇസ്ഹാഖിനെയും ഇബ്‌നു സഅദിനെയും ഉദ്ധരിച്ച് ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു (4/9).
ലോകത്ത് ഇന്നോളം നടന്നിട്ടുള്ള സമരങ്ങളിലും സായുധ സംഘട്ടനങ്ങളിലും നിത്യവിസ്മയമായി നിലനിൽക്കുന്നതാണ് ബദ്ർ സമരമെന്നും അത് തലമുറകളെ സ്വാധീനിച്ചുവെന്നും സമുദായ ചരിത്രത്തിലുടനീളം ഉത്തേജനമായി വർത്തിച്ചുവെന്നും ഇമാം സ്വാലിഹി(റ) നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ ഇസ്‌ലാമിന്റെ അടിക്കല്ല് ഉറപ്പിക്കാനും സത്യനിഷേധത്തിന്റെ മൂടുകല്ല് ഇളക്കാനും നിമിത്തമായത് ബദ്‌റിൽ വിശ്വാസികൾക്ക് ലഭിച്ച വിസ്മയാവഹമായ വിജയമായിരുന്നുവെന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട് (സുബുലുൽഹുദ 4/18).
ഇസ്‌ലാമിക സമരങ്ങളുടെ പശ്ചാത്തലവും യാഥാർത്ഥ്യവും അവയിലൂടെയുണ്ടായ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളും എക്കാലത്തെയും ഇസ്‌ലാം വിരോധികൾക്കുണ്ടായ ഉൾക്കിടലവും അതിഗഹനവും വിശദവുമായി പരാമർശിച്ചുകൊണ്ടാണ് ഈ അധ്യായം അവസാനിപ്പിക്കുന്നത്. അലി(റ) ഉദ്ധരിക്കുന്ന പ്രമുഖമായ ഹദീസ് ഇങ്ങനെയാണ്. സ്വഹാബികൾ വിശുദ്ധ ഖുർആൻ സൂക്തങ്ങളും സൂറതുകളും പഠിപ്പിക്കുന്ന പ്രാധാന്യത്തോടെ തിരുനബി(സ്വ)യുടെ സമരചരിത്രം പഠിപ്പിക്കുമായിരുന്നു. സന്താനങ്ങൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ആവേശപൂർവം വിവരിച്ചുകൊടുക്കുന്ന മഹിതമാതൃക നിലനിൽക്കണമെന്നതിന്റെ പേരിലാണ് ഇത്തരം ചരിത്രപഠനമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഈ സമരങ്ങളിലൊന്നും ആധുനിക യുദ്ധങ്ങളിലുണ്ടായത് പോലെയുള്ള ആളപായങ്ങളോ സാമ്പത്തിക നഷ്ടമോ ഉണ്ടായില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഇന്നും ചർച്ച ചെയ്യേണ്ടതും!

വൈദ്യശാസ്ത്ര സംബന്ധിയായ ചർച്ചകളാണ് പന്ത്രണ്ടാം വാള്യത്തിന്റെ പ്രധാന ഉള്ളടക്കം. രോഗങ്ങളെയും ചികിത്സകളെയും സംബന്ധിച്ച സമഗ്രമായ ചർച്ച ഇതിൽ കാണാം. പ്രവാചക വൈദ്യമെന്ന പേരിൽ പിൽക്കാലത്ത് രൂപപ്പെട്ട മോഡേൺ മെഡിസിന്റെ വക്താക്കൾ അവലംബിക്കുന്ന നിരവധി ഹദീസുകൾ ഈ വിഷയത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രകൃതി ചികിത്സയും മരുന്നും മന്ത്രവും ഉപയോഗിച്ചുള്ള ചികിത്സാ രീതികളുമെല്ലാം ഇതിൽ പ്രതിപാദ്യ വിഷയമാണ്. കണ്ണേറ് ബാധയേറ്റ സ്ത്രീയെ മന്ത്രിക്കാൻ കൽപ്പിക്കുന്ന ഹദീസാണ് ഒന്നാം അധ്യായത്തിലെ പരാമർശിക്കുന്നത്. വിഷബാധയേറ്റവർക്ക് മന്ത്രിക്കാൻ കൽപിച്ച തിരുനബി(സ്വ) തന്നെ ശിർക്ക് കലർന്ന മന്ത്രവും ഉറുക്കും നിരോധിക്കുന്നുമുണ്ട്.
കഠിനമായ വേദനകൊണ്ട് പുളയുന്ന രോഗികൾക്കും മാരകവും ഗുരുതരവുമായ അണുക്കളേറ്റ് ചികിത്സ ലഭിക്കാതെ നട്ടംതിരിയുന്നവർക്കും മറ്റും ബാഹ്യവും ആന്തരികവുമായ ഒട്ടേറെ ചികിത്സാ മുറകൾ അവിടന്ന് കൃത്യമായി നിർദേശിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് ആലോചിക്കുവാൻ പോലും സാധിക്കാത്ത മെഡിസിനുകളും ചികിത്സാരീതികളും പ്രവാചക വൈദ്യത്തിലുണ്ടെന്ന് വിവരിക്കുന്ന ഉദ്ധരണങ്ങളും സംഭവങ്ങളുമാണ് ഇതിൽ പറയുന്നത്.
പനി, ചെന്നിക്കുത്ത് എന്നിവയെ കുറിച്ചും അവയുടെ ഫലപ്രദമായ ചികിത്സാ രീതികളെ സംബന്ധിച്ചും വിശദമായി അപഗ്രഥിക്കുന്നു. പനിക്ക് ഐസ് ട്രീറ്റ്‌മെന്റ് നൽകുന്നത് പ്രവാചകാധ്യാപനത്തിന്റെ ഭാഷാന്തരം മാത്രമാണ്. അവിടന്ന് ശക്തമായ പനി പിടിച്ച ശിഷ്യനെ നന്നായി തണുപ്പിക്കാൻ ആഹ്വാനം ചെയ്തതു ശ്രദ്ധേയം. തണുത്ത വെള്ളം കുടയാനും തുടക്കാനും മറ്റും പറയുന്ന ഹദീസുകളുമുണ്ട്. ഏത് രോഗത്തിനും മരുന്നുണ്ടെന്നും മരുന്നാണ് രോഗത്തിന് മുമ്പ് തന്നെ അല്ലാഹു നൽകുന്നതെന്നും മാറാവ്യാധി രോഗങ്ങളില്ലെന്നും അതു മനുഷ്യന്റെ വിവരക്കേട് മറച്ചുവെക്കാൻ വേണ്ടിയുള്ള ന്യായീകരണമാണെന്നും പണ്ഡിതന്മാർ വിവരിക്കുന്നു.
സുബുലുൽ ഹുദയുടെ അവസാന വാള്യം പന്ത്രണ്ട് വാള്യങ്ങളുടെയും വിഷയ വിവരപ്പട്ടിക വിശദമായി അവതരിപ്പിക്കുന്നതാണ്. ഓരോ വാള്യത്തിലെയും അധ്യായങ്ങൾ, ക്രമീകരണങ്ങൾ, പേജ് നമ്പറുകൾ പഠിതാക്കൾക്ക് കൂടുതൽ ഉപകരിക്കും വിധമാണ് അതിന്റെ ക്രമം.

ശുക്കൂർ സഖാഫി വെണ്ണക്കോട്

Exit mobile version