മൂന്ന് വയസ്സ് പൂര്‍ത്തിയായ കുട്ടികളെയാണ് കിന്‍റര്‍ഗാര്‍ട്ടണില്‍ ചേര്‍ക്കാറുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ഒരിക്കലും ഈ പ്രായത്തിലെ കുട്ടികളെ, പ്രൈമറി ക്ലാസുകളിലെ കുട്ടികളുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കരുത് എന്നതാണ്. വിദ്യാഭ്യാസ രീതിയുടെയും പഠന ക്രമത്തിന്‍റെയും ഈ വ്യത്യാസം രക്ഷാകര്‍ത്താക്കള്‍ തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കേണ്ടതാണ്. കൃത്യ സമയത്ത് നഴ്സറിയില്‍ എത്തിക്കുന്നതുകൊണ്ട് അവരില്‍ സമയബോധവും കൃത്യനിഷ്ഠയും കുഞ്ഞിലേ വളര്‍ത്തിയെടുക്കാന്‍ കഴിയും. ശുചിത്വം കുരുന്നിലേ ഉണ്ടാക്കിയെടുക്കണം. യൂണിഫോമുകള്‍, പുസ്തകങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിച്ചു തുടങ്ങിയാല്‍ പിന്നെ ഏത് കാര്യവും ശുചിത്വത്തോടെ ചെയ്യാന്‍ അവര്‍ പഠിച്ചുതുടങ്ങും. കൂടുതല്‍ സമയം എഴുതിക്കരുത്. അവരില്‍ പഠിത്തത്തോടുള്ള താല്‍പര്യം കെടുത്തരുത്. ഒരു പരിധിയിലധികം പാഠപുസ്തകങ്ങളുമായി സര്‍ക്കസിനു വിടേണ്ട കാര്യവുമില്ല. സ്കൂളിലേക്ക് അയക്കുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളേ കൊടുത്തുവിടാവൂ. ആരോഗ്യപരമായ ടോയ്ലറ്റ് ശീലങ്ങള്‍ കുട്ടികളെ വീട്ടില്‍ നിന്നുതന്നെ ശീലിപ്പിക്കേണ്ടതാണ്. സ്കൂള്‍ കുട്ടികള്‍ സ്വന്തം തൂക്കത്തിന്‍റെ 10 ശതമാനത്തിലധികം ഭാരം ചുമക്കാന്‍ പാടില്ലാത്തതാണ്. 30 കിലോയുള്ള കുട്ടി മൂന്നു കിലോയിലധികം ചുമന്നു നടക്കാന്‍ പാടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഒരു നാലാം ക്ലാസുകാരന്‍റെ സ്കൂള്‍ ബാഗിനു തന്നെ അഞ്ചര കിലോയോളം തൂക്കമുണ്ടാകാറുണ്ട്. ബാഗ് തന്നെയുണ്ടാകും 750 ഗ്രാമോളം. പിന്നെ ഉച്ചഭക്ഷണവും വെള്ളവുംകൂടി ഒരു കിലോയിലധികം. ഇതില്‍ ഭക്ഷണം കുറയ്ക്കാന്‍ പാടില്ല. മറ്റെല്ലാം കുറയ്ക്കാവുന്നതാണ്.
കുട്ടി അമിത ഭാരവും ചുമന്നു നടക്കുമ്പോള്‍ സ്വയമറിയാതെ തന്നെ മുമ്പോട്ടു ഒരു വളവുണ്ടാകും. 15 ഡിഗ്രി വരെ ഇങ്ങനെ കൂന് ഉണ്ടാകാനിടയുണ്ട്. ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഐ.പി.എ. കേരളത്തില്‍ നടത്തിയ സര്‍വേയിലെ കണക്കനുസരിച്ച് 30 ശതമാനത്തോളം കുട്ടികള്‍ക്ക് അസ്ഥിസംബന്ധമായ പ്രശ്നങ്ങളുണ്ട്. വര്‍ഷം 200 ദിവസത്തോളം രണ്ടുനേരം മുതുകില്‍ പുസ്തക ഭാരവും പേറി 12 കൊല്ലത്തോളം ഈ നടപ്പ് തുടരുന്ന കുഞ്ഞുങ്ങള്‍ക്ക് കൂനു പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും ഭാരം കുറയുകയും വാട്ടര്‍ ബോട്ടില്‍ കനം കുറക്കുകയും ചെയ്താല്‍ സ്കൂള്‍ ബാഗിന്‍റെ ഭാരം ഒന്നര കിലോയില്‍ താഴെയായി നിര്‍ത്താനാവും. 250 ഗ്രാമില്‍ കുറഞ്ഞ തൂക്കമുള്ള ബാഗ് ധാരാളം മതിയാകും കുഞ്ഞിന്. ബാഗ് വാങ്ങുമ്പോള്‍ രക്ഷിതാക്കള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അതിന്‍റെ തൂക്കമാണ്. 250300 ഗ്രാമിലധികം തൂക്കമുള്ള ബാഗ് വാങ്ങരുത്. കുട്ടികളുടെ യൂണിഫോമിന്‍റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. കോട്ടണ്‍ യൂണിഫോം ആണ് നല്ലത്. ചൂട് കുറയ്ക്കാനും വായു സഞ്ചാരമുണ്ടാക്കാനും ശരീരത്തിന് ആശ്വാസമേകാനും കഴിയുന്ന കോട്ടണ്‍ വസ്ത്രങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം. നിത്യം ഏഴു മണിക്കൂര്‍ കഴുത്തിലൊരു കുരുക്കുപോലെ ടൈ കെട്ടിയിടുന്നതും നൈലോണ്‍ സോക്സ് ധരിക്കുന്നതും കുട്ടിയുടെ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ടൈ ഒഴിവാക്കുന്നതും സോക്സ് 100 ശതമാനം കോട്ടണ്‍ ആയിരിക്കുന്നതുമാണ് ആരോഗ്യകരം.
സ്കൂളില്‍ പോകുന്ന കുട്ടികളും കൗമാര പ്രായക്കാരും മിഠായികളും മധുര പലഹാരങ്ങളും ധാരാളം കഴിക്കാറുണ്ട്. ഉപ്പിലിട്ടതും അച്ചാറുകളും പുറമെ. സഹപാഠികളുടെ ജന്മദിനം, മറ്റാഘോഷങ്ങള്‍, ചെറിയ ക്ലാസിലെ കുട്ടികള്‍ കരയാതിരിക്കാനായി ടീച്ചര്‍മാര്‍ കൊടുക്കുന്ന മിഠായികള്‍ അങ്ങനെ പലതും. ഇവ പല്ല് കേടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. മിഠായി തീരെ ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും പരമാവധി ഒഴിവാക്കുന്നതാണ് ദന്താരോഗ്യത്തിന് നല്ലത്. ഐസ് ക്രീമുകള്‍, അമിതമായ തണുപ്പുള്ള പാനീയങ്ങള്‍ എന്നിവ ദന്തക്ഷയം മാത്രമല്ല; തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് എന്നിവയും കേടായ പല്ലുകളില്‍ നീരും ഉണ്ടാകാന്‍ കാരണമാകുന്നതാണ്. പല്ലുകളില്‍ ഒട്ടിപ്പിടിച്ച് അഭംഗിയുണ്ടാക്കുന്ന കാല്‍ക്കുലസ് എന്ന വസ്തു മോണരോഗം, വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുമത്രെ. ഉമിനീരില്‍ നിന്നുള്ള ചില ഘടകങ്ങള്‍, ബാക്ടീരിയയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണിതില്‍ കൂടുതലുണ്ടാവുക. പല്ലുകളിലും മോണയിലും രൂപപ്പെടുന്ന പ്ലാക്ക് എന്ന നേരിയ പാട, കാത്സ്യം ചേര്‍ന്ന് കട്ടിയാവുന്ന കാല്‍ക്കുലസാണ്. പ്ലാക്ക് നേരത്തെതന്നെ നീക്കം ചെയ്താല്‍ കാല്‍ക്കുലസ് ഉണ്ടാവില്ല. ബ്രഷ് ചെയ്യലാണ് പ്ലാക്ക് നീക്കം ചെയ്യാനുള്ള സാധാരണ വഴി. എന്നാല്‍ കാല്‍ക്കുലസ് ബ്രഷ് കൊണ്ട് പോവില്ല. അത് ക്ലീനിംഗ് എന്ന ചികിത്സ വഴി നീക്കം ചെയ്യണം. മോണരോഗങ്ങള്‍ തടയാനും അത് സഹായിക്കും.
സ്കൂള്‍ വിട്ട് വരുമ്പോള്‍ അഴുക്കുമായിട്ടായിരിക്കും കുട്ടികള്‍ വരിക.അഴുക്ക് എന്ന വാക്ക് കുട്ടികളെ സംബന്ധിച്ചിടത്തോളം മോശമായ ഒന്നല്ല. പൊടിമണ്ണ് വാരിക്കളിക്കുന്ന അല്ലെങ്കില്‍ കുഴച്ച മണ്ണുകൊണ്ട് പലതും ഉണ്ടാക്കിക്കളിക്കുന്ന കുട്ടിയുടെ ജിജ്ഞാസ അത് ചെയ്തുതീര്‍ക്കുന്നതോടെ തീരുന്നു. മണ്ണും വെള്ളവും എന്തെന്ന് തൊട്ടു മനസ്സിലാക്കുന്ന കുട്ടി സ്വന്തം ഭാവനയ്ക്കനുസരിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയെന്നുവരും. അഴുക്കു പുരണ്ട വസ്ത്രങ്ങളും ചെളി പിടിച്ച ദേഹവുമായി കുട്ടികളെ കാണുമ്പോഴേക്കും ചില രക്ഷിതാക്കള്‍ക്ക് കലിയിളകും. ശരിയാണ്, ചെളി പുരണ്ട വസ്ത്രങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ പാടാണ്. അതു കൂടുതല്‍ ഉണ്ടാവുകയും ചെയ്താലോ? അകത്തും തറയിലുമൊക്കെ പറ്റിപ്പിടിച്ച ചെളിയും മണ്ണും കളഞ്ഞ് വീട് വൃത്തിയാക്കാനുള്ള അധ്വാനം വേറെയും. പക്ഷേ, ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച്ചേ പറ്റൂ. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ശഠിക്കരുത്. ഇരുത്തിയ ഇടത്തു തന്നെ ഇരിക്കാനും കിടത്തിയ സ്ഥലത്തുതന്നെ കിടക്കാനും പാവയൊന്നുമല്ലല്ലോ കുട്ടികള്‍! ചില നിബന്ധനകള്‍ ആകാം. ഭക്ഷണത്തിന് മുമ്പ് കുട്ടികള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ഭക്ഷണത്തിനു ശേഷം കൈ നന്നായി കഴുകി തുടയ്ക്കണം. വീട്ടുമുറ്റത്തോ പുറത്തോ കളിച്ചു കഴിഞ്ഞു വന്നാല്‍ സന്ധ്യയോടെ കൈകാലുകള്‍ ഉരച്ചു കഴുകി കുളിക്കണം. ഇത്തരം ചിട്ടകള്‍ ചെറുപ്പത്തിലേ ശീലിപ്പിക്കുക.
കായിക വിനോദത്തിലൂടെ കുട്ടികള്‍ക്ക് നേട്ടമേ ലഭിക്കുന്നുള്ളൂ. കുട്ടികളില്‍ കൂടുതല്‍ ശാരീരികാരോഗ്യം അതുണ്ടാക്കുന്നു. കുട്ടികളിലെ അധികോര്‍ജ്ജത്തെ സമൂഹം അനുവദിക്കുന്ന രീതിയില്‍ ചോര്‍ത്തിക്കളയാന്‍ സഹായിക്കുന്നു. കളിയിലൂടെ അവര്‍ക്ക് തങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പല കഴിവുകളെക്കുറിച്ച് അറിവ് ലഭിക്കുന്നു. കായിക വിനോദങ്ങളും മത്സരങ്ങളും കുട്ടികളിലെ സ്വാര്‍ത്ഥത ഇല്ലാതാക്കുന്നു. ടീം സ്പിരിറ്റ് ഉണ്ടാക്കുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ലഭിക്കുന്നു. പരാജയത്തെയും വിജയത്തെയും സ്വീകരിക്കാനുള്ള പരിശീലനം പിഞ്ചു ഹൃദയങ്ങള്‍ക്ക് ചെറുപ്പത്തിലേ ലഭിക്കുന്നു. അന്തര്‍മുഖരും നാണംകുണുങ്ങികളുമായ കുട്ടികള്‍ക്ക് കൂട്ടുകാരെ പിടിച്ച് കൊടുക്കാനും അവരില്‍ കൂടുതല്‍ ബഹിര്‍മുഖത്വം ഉണ്ടാക്കാനും ഇതിലൂടെ കഴിയുന്നു. കളികളിലേര്‍പ്പെടുന്ന കുട്ടികള്‍ പത്രം, മാസികകള്‍, പുസ്തകം തുടങ്ങിയവ വായിക്കുന്നതിലേര്‍പ്പെടുന്നു. അതിലൂടെ കുട്ടികളില്‍ വിജ്ഞാനം വര്‍ധിക്കുന്നു. കായിക വിനോദം കൊണ്ട് ബുദ്ധിവളര്‍ച്ചയും ശാരീരികമാനസിക വളര്‍ച്ചയും ഉണ്ടാകുന്നു. പഠനത്തോടൊപ്പം കളിക്കാനുള്ള അവസരവും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കണം.
തത്ത്വചിന്തകനും മുജദ്ദിദുമായ ഇമാം ഗസ്സാലി(റ) പറയുന്നു: പഠിച്ചു കഴിഞ്ഞാല്‍ വിശ്രമത്തിനും വ്യായാമത്തിനുമായി സ്വതന്ത്രമായി കുട്ടികളെ കളിക്കാന്‍ അനുവദിക്കേണ്ടതനിവാര്യമാണ്. എന്നാല്‍ അമിതമായി ക്ഷീണിപ്പിക്കുന്നതാകുകയുമരുത്. തീരെ വിശ്രമവും വിനോദവും കൂടാതെ സദാ പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. അതവരുടെ മസ്തിഷ്കത്തെ മരവിപ്പിക്കും. പാഠശാല ജീവിതം ക്ലേശകരമാക്കിത്തീര്‍ക്കുകയും ചെയ്യും. തല്‍ഫലമായി പഠനത്തില്‍ നിന്നും മുക്തരാകാന്‍ അവര്‍ വഴി തേടുകയും ചെയ്യും (ഇഹ്യാ ഉലൂമുദ്ദീന്‍).
ഡോ. സലാം സഖാഫി ഓമശ്ശേരി