സ്നേഹമാം സര്ഗ്ധാരയില്‍

കവിത പ്രണയ മാധ്യമമായി അവലംബിച്ചവരാണ് അധിക കവികളും. തീവ്ര പ്രണയ വികാരങ്ങളെ അടക്കിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിര്‍വരമ്പുകള്‍ ഭേദിക്കുമാറ് അവ പ്രണയകാവ്യങ്ങളായി ആഞ്ഞടിച്ചുവന്നാല്‍ ആര്‍ക്കെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ? തിരുനബി(സ്വ)യോടുള്ള പ്രണയം ഒന്നര സഹസ്രാബ്ദത്തിനിടെ പല തലമുറകളില്‍ പെട്ട കവികള്‍ക്കും ഗായകര്‍ക്കും സര്‍ഗക്രിയകള്‍ക്കുള്ള അഗ്നിയായി വര്‍ത്തിച്ചു. ആശിഖുറസൂല്‍ ഇമാം ബൂസ്വീരി(റ)യിലും ഉമര്‍ഖാളിയിലും അഹ്മദ് റസാഖാനി(റ)ലും അല്ലാമാ ഇഖ്ബാലി(റ)ലും പ്രകടമാവുന്നതതാണ്.
പേര്‍ഷ്യന്‍ കവിതകളില്‍ ജ്വലിച്ചുനില്‍ക്കുന്നത് പ്രവാചക പ്രകീര്‍ത്തനത്തിന്റെ പുഷ്ക്കല പാരമ്പര്യമുള്ള കവിതകളാണ്. ഉറുദു കാവ്യലോകത്ത് പ്രണയാനുഭവത്തിന്റെയും ആവിഷ്കാരങ്ങളുടെയും ആലിപ്പഴങ്ങള്‍ തോരാതെ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ഉത്തരേന്ത്യന്‍ ബൂസ്വീരിയായ അഹ്മദ് റസാഖാന്‍(റ), റസൂല്‍(സ്വ)യുമായുള്ള പ്രണയത്തിന്റെ ആഴിയില്‍ വസിക്കുകയും പ്രേമകാവ്യങ്ങളുടെ അനര്‍ഘചിപ്പികള്‍ വാരിവിതറുകയും ചെയ്തവരാണ്. ബറേല്‍വി(റ)യുടെ വിശ്രുത കാവ്യമായ ‘ലാക്കോ സലാംബൈത്ത്’ ഇന്നും പ്രവാചക പ്രേമം ജീവിത പ്രമേയമാക്കിയവര്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ പ്രേമകാവ്യങ്ങളെഴുതി മാദിഹീങ്ങളെ തിരുത്വൈബയിലേക്ക് ആകര്‍ഷിപ്പിക്കുകയാണ് അനുഗ്രഹീത കവി അബ്ദുറഹ്മാന്‍ അല്‍ജാമി.
ജാമിയുടെ കവിതകള്‍ അനുരാഗ ലഹരിയില്‍ അലയുന്ന പ്രാണനുകളെ മദീനയിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. പ്രണയാതുരമായ ഹൃദയവും വിശിഷ്ടമായ സര്‍ഗാത്മകതയും സീമകളില്ലാത്ത ഭാവനയും ഉരുകിച്ചേര്‍ന്ന് പ്രകമ്പിതമായ കവിതകള്‍ക്ക് ജന്മം നല്‍കി പുണ്യത്വൈബ കവിതയുടെ ആത്മാവാക്കിയ ഇഖ്ബാല്‍, ഒരുവേള താന്‍ ഒളിപ്പിച്ചുവച്ച തീക്ഷ്ണ പ്രണയം വെളിപ്പെടുത്തി. 1905 സപ്തംബറില്‍ കപ്പലില്‍ യൂറോപ്പിലേക്കുള്ള യാത്രാവേളയില്‍ ഇഖ്ബാലിന്റെ അധരം ചലിച്ചു:
‘ഓ അറേബ്യയിലെ വിശുദ്ധ മണല്‍ തരികളേ, നിങ്ങളെത്ര ഭാഗ്യവാന്മാരാണ്. ലോകത്തിനാകമാനം സംസ്കാരവും സന്മാര്‍ഗവും പഠിപ്പിച്ചു മക്കയില്‍ പിറന്ന ആ പുണ്യപ്രവാചകന്റെ പുണ്യശരീരം ഏറ്റുവാങ്ങാനും അതിന്റെ പരിമളം ആവോളമാസ്വദിക്കാനും നിങ്ങള്‍ക്കാണല്ലോ ഭാഗ്യം ലഭിച്ചത്. ഹസ്രത്ത് ബിലാലിന്റെ ശ്രവണസുന്ദരമായ മധുര വാങ്കൊലി കേട്ട് പുളകമണിഞ്ഞ പവിത്രമായ ആ മണല്‍പ്പരപ്പില്‍ ഒന്ന് ചുംബനമര്‍പ്പിച്ചാല്‍ ഈ എളിയവന്റെ ജീവിതത്തിലെ മുഴുവന്‍ പാകപ്പിഴവുകള്‍ക്കും പരിഹാരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
ഇത് ഒറ്റപ്പെട്ട വികാരമല്ല. ഇങ്ങനെ എത്രയെത്ര പേര്‍ മനം നിറയെ കണ്ടും കരള്‍കുളിരെ കേട്ടും ആവോളം വഴങ്ങിയും പ്രവാചകനോട് കൂടിക്കഴിയാന്‍ കൊതിക്കുന്നു. അനശ്വര ലോകത്തിലെ ഭയാനകതയില്‍ നിന്ന് രക്ഷനേടാന്‍ തിരുനബി(സ്വ)യോട് ശിപാര്‍ശ തേടിയവരാണ് പൂര്‍വിക പണ്ഡിത പ്രതിഭകള്‍.
ചരിത്ര പണ്ഡിതനായ ഇബ്നു ഖല്‍ദൂന്‍ പാടുന്നു:
അങ്ങയുടെ ശിപാര്‍ശയാണെന്‍ പ്രതീക്ഷ
എന്റെ പാപങ്ങള്‍ക്കെല്ലാം സുന്ദരമായ മാപ്പ്
സ്വൂഫീ കവി ഫരീദുദ്ദീന്‍ തില്‍മസാനി പ്രതീക്ഷാ സ്വരത്തില്‍ ചൊല്ലി:
എണ്ണമറ്റ് പാപങ്ങള്‍ ചെയ്തു ഞാന്‍
നരകാഗ്നിയില്‍ നിന്ന് പക്ഷേ
അങ്ങയുടെ ശിപാര്‍ശയേ എനിക്ക് രക്ഷയുള്ളൂ
അല്‍കവാകിബു ദുര്‍രിയ്യ ഫീ മദ്ഹി ഖൈറില്‍ ബരിയ്യ എന്ന ഖസീദതുല്‍ ബുര്‍ദയിലൂടെ ഇമാം ബൂസ്വീരി(റ) നബി(സ്വ)യോടു പറയുന്നു:
‘ഹുവല്‍ ഹബീബുല്ലദീ…
തുടരെ തുടരെ സംഭവിക്കുന്ന മഹാ വിപത്തുകളില്‍ നിന്ന് ശിപാര്‍ശ പ്രതീക്ഷിക്കാവുന്ന പ്രിയനാണ് അവിടുന്ന്.’
പുണ്യറൗളക്കുമുണ്ട് ഒരുപാട് പ്രണയമൊഴികള്‍. ആത്മീയ പ്രേമലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ടവരുടെ അവലംബമാണ് ഹരിതഗേഹം. വിശുദ്ധ പച്ചഖുബ്ബ കണ്ടപ്പോള്‍ ത്രസിക്കുന്ന ഹൃദയം സ്നേഹത്തിന്റെ പൂഞ്ചോലയായത് പലരുടെയും അനുഭവം. അങ്ങനെ തീക്ഷ്ണമായ പ്രേമത്താല്‍ തപിക്കുന്ന ഹൃദയം കവിതകളാലപിച്ചു കൊണ്ടിരുന്നു.
ഖസീദുതുനുഅ്മാനിയ്യയില്‍ അബൂഹനീഫ(റ) അത് പ്രകടമാക്കുന്നുണ്ട്:
അങ്ങയെ അല്ലാതെ
മറ്റൊന്നും തേടാത്ത
ഒരു ഹൃദയമെനിക്കുണ്ട്.
അബൂഹനീഫക്ക്, അങ്ങല്ലാതെ
സൃഷ്ടികളില്‍ മറ്റാരുണ്ട്?
പൂന്തേന്‍ നിറഞ്ഞുകിടക്കുന്ന പൂവിലേക്ക് അത്യാവേശത്തോടെ പറന്നടുക്കുന്ന വിശന്നുവലഞ്ഞ വണ്ടിനെ പോലെ ശൈഖ് രിഫാഈ(റ) തിരുസന്നിധിയില്‍ വന്നുകൊണ്ട് വികാരഭരിതനായി നനഞ്ഞ നയനങ്ങളോടെ പ്രവാചക പ്രകീര്‍ത്തനം ആലപിക്കാന്‍ തുടങ്ങി:

‘വിദൂരസ്ഥനായിരിക്കെ ഞാനെന്റെ ആത്മാവിനെ ഇങ്ങോട്ടു പറഞ്ഞയച്ചിരുന്നു, എനിക്കു പകരക്കാരനായി അങ്ങയുടെ പുണ്യഭൂമി ചുംബിക്കുവാന്‍. ഇപ്പോഴിതാ ഞാന്‍ വന്നിരിക്കുന്നു. എനിക്കു വലതുകരമൊന്ന് നീട്ടിത്തരണം. എന്റെ അധരം അതിനാല്‍ സുഭഗമായിത്തീരാന്‍ വേണ്ടി.’
ഉടന്‍തന്നെ തിരുഹുജ്റയില്‍ നിന്ന് നബി(സ്വ)യുടെ വിശുദ്ധകരം പുറത്തേക്ക് നീണ്ടു. ശൈഖ്(റ) തിരുകരം മതിവരുവോളം ചുംബിച്ചു.
മുത്ത്നബിയോടുള്ള അനുരാഗ തീവ്രതയാല്‍ ശരീരത്തിലെ സമസ്ത കോശങ്ങളിലും പ്രവാചകന്റെ പാദം പതിഞ്ഞ മണ്ണിലെത്താനായി ആധി പെരുത്ത ഉമര്‍ഖാളി(റ) ഹരിതഗേഹത്തിലേക്ക് ആര്‍ത്തിയോടെ നടന്നടുക്കുകയും റൗളകണ്ട മാത്രയില്‍

താന്‍ രഹസ്യമാക്കിയ തീവ്ര പ്രണയം കവിതാരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു:

ബാഷ്പം നിറഞ്ഞൊഴുകുന്ന
കണ്‍കളുമായി
വാതില്‍ക്കല്‍ വന്നിതാ
നില്‍ക്കുന്നു ഞാന്‍
പാവമാണീ ഉമര്‍ മോഹമനവധി
ഒന്നു കടാക്ഷിക്കൂ
ഔദാര്യവാരിധേ…

എന്നു തുടങ്ങുന്ന വരികള്‍ ‘സ്വല്ലല്‍ ഇലാഹു’ എന്ന പേരില്‍ പ്രസിദ്ധമാണിപ്പോഴും.
എല്ലാവരും കൊതിക്കുന്നു, തിരുവദനം ഒന്നു കാണാന്‍, നിനവില്‍, കനവില്‍… പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളെ മാറോടണച്ച് ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കുകയാണവര്‍. ഇന്ന് കേരളത്തിലെ ഓരോ വിശ്വാസിയും ബുര്‍ദ ആസ്വദിക്കുന്നു; ആലപിക്കുന്നു. പലര്‍ക്കും പൂര്‍ണമായി അത് ഹൃദിസ്ഥമാണ്. അല്‍പജ്ഞര്‍ മുറുമുറുത്താലും പ്രവാചക കീര്‍ത്തനങ്ങള്‍ വിശ്വാസി ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുക തന്നെയാണെപ്പോഴും.

ഉത്തരേന്ത്യന്‍ ബൂസ്വീരിയായ അഹ്മദ് റസാഖാന്‍(റ), റസൂല്‍(സ്വ)യുമായുള്ള പ്രണയത്തിന്റെ ആഴിയില്‍ വസിക്കുകയും പ്രേമകാവ്യങ്ങളുടെ അനര്‍ഘചിപ്പികള്‍ വാരിവിതറുകയും ചെയ്തു. ബറേല്‍വി(റ)യുടെ വിശ്രുത കാവ്യമായ ‘ലാക്കോ സലാംബൈത്ത്’ ഇന്നും പ്രവാചക പ്രേമം ജീവിത പ്രമേയമാക്കിയവര്‍ക്കിടയില്‍ ജീവിക്കുന്നു

താജുദ്ദീന്‍ ബല്ലാ കടപ്പുറം

Exit mobile version