സ്നേഹ സ്വരൂപനാം റസൂലിനു മുന്നില്‍

തുഷാര ബിന്ദുക്കളുടെ തലോടലില്‍ പ്രകൃതി കുളിരണിഞ്ഞു നില്‍ക്കുന്ന ഈ ശാന്തഘട്ടത്തില്‍ വിശ്വാസി മാനസങ്ങളില്‍ ആത്മീയ കുളിരിന്റെ അനിര്‍വചനീയത പകര്‍ന്ന് പുണ്യ റബീഅ് ആഗതമാവുന്നു. ഇനി മൗലിദ് മാസം, ഇശ്ഖിന്റെ ഗിരി ശൃംഗങ്ങളിലേറി വിശ്വാസികള്‍ നായകനിലേക്കെത്തുന്നു. ബുര്‍ദയും സ്വല്ലല്‍ ഇലാഹുവും മറ്റു കീര്‍ത്തനങ്ങളും അന്തരീക്ഷത്തെ തേജോമയമാക്കുന്നു. എവിടെയും നബിഘോഷണങ്ങള്‍. പ്രകീര്‍ത്തനത്തിന്റെ ഭാവതീരങ്ങളില്‍ അലിഞ്ഞു ചേരാന്‍ പരസ്പരം മത്സരിക്കുകയാണ് ഓരോ സൃഷ്ടിയും “അങ്ങയെ കുറിച്ചുള്ള സ്മരണ, വര്‍ത്തമാനം ഞാന്‍ വര്‍ധിപ്പിച്ചിരിക്കുന്നു’വെന്ന ഖുര്‍ആന്‍ പ്രവചനത്തിന്റെ പ്രത്യക്ഷ നിര്‍വൃതിയില്‍ നാം അഭിമാനിതരാവുകയാണ്.
ഇത് വിശ്വാസികളുടെ ചിത്രം. സ്വാഭാവികമായും നബിജന്മത്തെ ക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ പോലും മുറുമുറുപ്പുണ്ടാക്കുന്ന “മുസ്‌ലിം’കളും നമുക്കിടയില്‍ അങ്ങിങ്ങ് കാണാം. എന്നല്ല , ഇവിടെയാണ് അത്തരമൊരു വര്‍ഗത്തെ കണ്ടുവരുന്നത്. ലോകം മദ്ഹിന്റെയും മൗലിദാഘോഷത്തിന്റെയും സായൂജ്യം നുകരുമ്പോള്‍ വിഷണ്ണരായി നില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യരെ ഓര്‍ത്ത് നമുക്ക് സഹതപിക്കാം.
നബിദിനാഘോഷത്തിനെതിരെ കാലങ്ങളായി വ്യവസ്ഥാപിതമായി തന്നെ എതിര്‍പ്പുകളുയര്‍ത്തുന്നു ബിദ്അത്തുകാര്‍. എന്നിട്ടെന്തു സംഭവിച്ചു? മൗലിദ് സദസ്സുകള്‍ വര്‍ധിച്ചു, ഏറെ ബൃഹത്തായി, ഓരോവിശ്വാസിയും ബുര്‍ദപോലുള്ള ദീര്‍ഘമദ്ഹ് കവിതകളുടെ നിത്യാസ്വാദകരായി, എപ്പോഴും മൗലിദ് കിതാബുകളുമായി നടക്കുന്ന യുവാക്കള്‍ ധാരാളമായുണ്ടായി, മുടങ്ങാതെ ദലാഇലുല്‍ ഖൈറാത്ത് ചൊല്ലുന്നവര്‍ അനവധി കാണാനായി. വിമര്‍ശകര്‍ക്ക് കൈകടിക്കാം. അവരുടെ വായാടിത്തങ്ങളൊന്നും റസൂലിനെ സ്നേഹിക്കുന്നവരെ ഒരുവിധത്തിലും സ്വാധീനിച്ചില്ല.
ലോകം നബി സ്നേഹത്തില്‍ തുടികൊട്ടുമ്പോള്‍ ചില സ്നേഹ വിചാരങ്ങളുമായി സുന്നിവോയ്സ് അതില്‍ പങ്ക്ചേരുന്നു. സ്വലാതും കീര്‍ത്തനങ്ങളും പഠന മനനങ്ങളുമായി കൂടുതല്‍ നബിയിലേക്കടുക്കാന്‍ ഈ പുണ്യ വസന്തം നമുക്ക് പ്രചോദനമാവട്ടെ ആമീന്‍…

Exit mobile version