സ്ഫുടം-8 : ഇതൊരു മാറ്റത്തിന്‍റെ റബീആകട്ടെ

Sfudam

സ്വഹീഹുല്‍ ബുഖാരി ക്ലാസെടുക്കുന്നതിനിടെ ഒരു കുട്ടി സംശയമുന്നയിച്ചു: ഇന്നലെയെടുത്ത ബുഖാരിയുടെ കിതാബുല്‍ ബുയൂഇ(വാണിജ്യത്തെ കുറിച്ച് പറയുന്ന ഭാഗം)ല്‍ പറയുന്നത് ബിസിനസില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും പരസ്പരം സത്യസന്ധത പുലര്‍ത്തണമെന്നും, വഞ്ചനയും ചതിയും പാടില്ലെന്നും, വില്‍ക്കുന്ന വസ്തുവില്‍ വല്ല ന്യൂനതയുമുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും കുഴപ്പം മറച്ചുവച്ച് വില്‍ക്കരുത് എന്നും ഇത് പാലിക്കുന്നവര്‍ക്ക് ബിസിനസില്‍ അല്ലാഹു വലിയ ബറകത്ത് ചൊരിയുമെന്നെല്ലാമാണല്ലോ. എന്നാല്‍, മുമ്പൊരിക്കല്‍ ഉസ്താദ് ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്‍റെ ആദ്യ കാലത്തെ മരക്കച്ചവടത്തെ കുറിച്ചു പറഞ്ഞിരുന്നു. മരം വാങ്ങാന്‍ വരുന്നവരോടെല്ലാം അതിന്‍റെ ന്യൂനതകള്‍ മഹാനവര്‍കള്‍ ചൂണ്ടിക്കാണിച്ചിരുന്നതിനാല്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ ആ കച്ചവടം പൊളിഞ്ഞുപോയെന്നും ഉസ്താദ് പറഞ്ഞിരുന്നല്ലോ. ന്യൂനത വ്യക്തമാക്കിയാല്‍ ബറകത്തുണ്ടാകുമെങ്കില്‍ ഇത് ബുഖാരി(റ) കിതാബുല്‍ ബുയൂഇല്‍ ഉദ്ധരിച്ച ഈ ഹദീസിനോട് വിരുദ്ധമല്ലേ?

ഈ സംശയം പലര്‍ക്കും ഉണ്ടാകുന്നതാണ്. എന്നാല്‍ മടി കാരണം പലരും ചോദ്യക്കാറില്ലെന്നു മാത്രം.

ഞാന്‍ മറുപടി പറഞ്ഞു: ‘ലാഭവും ബറകത്തും രണ്ടാണ്. ബുഖാരിയില്‍ ഈ ഹദീസിന്‍റെ ബാക്കി ഭാഗത്ത് റസൂല്‍(സ്വ) പറയുന്നതായി കാണാം; അവര്‍(ഇടപാടുകാര്‍) രണ്ട് പേരും കളവ് പറയുകയും മറച്ചുവെക്കുകയും ചെയ്താല്‍, അഥവാ അവര്‍ പരസ്പരം ന്യൂനതകളും കുറവുകളും പറയതെ ഇടപാടുകള്‍ നടത്തിയാല്‍ അവര്‍ക്ക് ഒരു പക്ഷേ, വലിയ ലാഭമുണ്ടായേക്കാം. എന്നാല്‍ ബറകത്ത് അല്ലാഹു അവരില്‍ നിന്ന് എടുത്ത് മാറ്റുമെന്ന് ഹദീസിന്‍റെ ബാക്കി ഭാഗം ഓതി നോക്കിയാല്‍ കാണാം. അതിനാല്‍ ഹദീസും ഈ അനുഭവവും തമ്മില്‍ പൊരുത്തക്കേടില്ല.’

ബറകത്ത് എന്നാല്‍ ലഭിക്കുന്ന ഖൈറിനെ അല്ലാഹു സ്ഥിരപ്പെടുത്തി തരലും അതില്‍ വര്‍ധനവുണ്ടാക്കലുമാണ്. ബറകത്തുള്ള വസ്തുവില്‍ ദിനം പ്രതി അഭിവൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. ജീവിതത്തില്‍ നാം എപ്പോഴും പ്രാര്‍ത്ഥിക്കണ്ട ഒരു വിഷയമാണ് ബറകത്ത്. വിവാഹം കഴിഞ്ഞവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊടുക്കുന്നതിനെക്കാള്‍ മഹത്തരമാണ് ബാറകല്ലാഹു ലകുമാ വാബാറക അലൈകുമാ വ ജമഅ ബൈനകുമാ ഫീ ഖൈരിന്‍ വലുത്വ്ഫിന്‍ വ ആഫിയ എന്ന് പ്രാര്‍ത്ഥിച്ചുകൊടുക്കല്‍.

ജീവിതത്തില്‍ എന്ത് നന്മയുണ്ടായാലും അതില്‍ ബറകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന വ്യക്തികള്‍ക്ക് ബറകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്തിനാണ്? അവരുടെ ജീവിതത്തിന്‍റെ ആരംഭത്തിലുണ്ടാകുന്ന ആ സന്തോഷം ജീവിത കാലം മുഴുക്കെ നിലനില്‍ക്കാന്‍ വേണ്ടിത്തന്നെ. ഇന്നത്തെ തലമുറയുടെ വിവാഹ ജീവിതം പരിശോധിച്ചു നോക്കുക. വിവാഹത്തിന്‍റെ തുടക്ക കാലങ്ങളിലെല്ലാം വിട്ടുപിരിയാന്‍ സാധിക്കാത്തവിധം ദമ്പതികള്‍ പരസ്പരം അടുക്കും. ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒരേ സീറ്റിലേ ഇരിക്കൂ, ഒരേ ഡോറിലൂടെയേ രണ്ടു പേരും കയറുകയുള്ളൂ. പിന്നീടത് രണ്ട് പേരും രണ്ട് ഡോറിലൂടെ കയറുന്നതിലേക്കും അകലത്തിലുള്ള വ്യത്യസ്ത സീറ്റുകളില്‍ ഇരിക്കുന്നതിലേക്കുമെത്തും. ഒടുവില്‍ നീ കയറുന്ന ബസില്‍ ഞാനില്ലെന്നാവും, എന്‍റെ ജീവിതത്തില്‍ നീ വേണ്ടെന്നും. പോലീസ് സ്റ്റേഷനുകളിലും കോടതി വരാന്തകളിലും ആ ബന്ധം പര്യവസാനിക്കും. കുട്ടികള്‍ അനാഥരാകും. എവിടെയാണ് കുടുംബ ജീവിതത്തിന്‍റെ ബറകത്ത് നഷ്ടപ്പെടുന്നത്?

സാന്ദര്‍ഭികമായി പറയാം, 1991 വരെ കേരളത്തില്‍ കുടുംബ കോടതികളുണ്ടായിരുന്നില്ല. ആ കാലഘട്ടത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വിഘ്നമായി നില്‍ക്കുന്ന കാരണമായി അന്നത്തെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പറഞ്ഞിരുന്നത് ഭൗതിക വിദ്യാഭ്യാസത്തിന്‍റെ അഭാവമായിരുന്നു. എന്നാല്‍ 1991-ല്‍ നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. 1992-ല്‍ ആദ്യമായി ഫാമിലി കോര്‍ട്ട് വന്നു. ഇന്ന് നമ്മള്‍ പുരോഗതിയുടെ അളവുകോലായി പറയുന്ന പല കാര്യങ്ങളും എടുത്ത് നോക്കൂ. എന്‍റെ നാട്ടില്‍ മെഡിക്കല്‍ കോളേജുണ്ട്, ഡയാലിസിസ് സെന്‍ററുകളുണ്ട്, കാന്‍സര്‍ സെന്‍ററുണ്ട്, എന്‍റെ മകന്‍ ഡോക്ടറാണ്- എന്തെല്ലാം പൊങ്ങച്ചങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇത് പുരോഗതിയുടെ അളവുകോലാണോ? അല്ലതന്നെ. മറിച്ച് നമ്മുടെ നാടുകളില്‍ കുടുംബ കലഹങ്ങളും രോഗങ്ങളും അടിക്കടി വളരുന്നുവെന്നതിന്‍റെ തെളിവുകളാണ്.

കുടുംബ ജീവിതത്തിലെ ബറകത്തിലേക്കു തന്നെ വരാം. പഴയകാല ദമ്പതികളെയും കുടുംബങ്ങളെയും എടുത്ത് പരിശോധിക്കുക. ദാരിദ്ര്യം അവരുടെ കൂടെപിറപ്പായിരുന്നു. എങ്കിലും നിലനില്‍ക്കുന്ന സന്തോഷം ദുരിതങ്ങളുടെ മുഖത്ത് നോക്കി പല്ലിളിക്കുമായിരുന്നു. വഴക്കും വക്കാണങ്ങളും പിണക്കങ്ങളും അവരില്‍ കുറവായിരുന്നു. എന്തായിരുന്നു ഇതിനു കാരണമെന്നന്വേഷിച്ചിണ്ടോ? പഴയകാല വീടിന്‍റെ അകത്തളങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമായിരുന്നു. മൗലിദുകളെ കൊണ്ട് സജീവമായിരുന്നു. റബീഅ് പിറന്നാല്‍ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി മൗലിദ് ആലപിക്കുമായിരുന്നു. പരസ്പരം സന്തോഷം പങ്കിടുകയും ചെയ്യും. ഉള്ളിലെ ആവലാതികളും പരാതികളുമെല്ലാം ആ ഒത്തുചേരലുകളില്‍ അലിഞ്ഞില്ലാതാകും. ഇന്ന് നമ്മള്‍ വളരെ വിപുലമായി തന്നെ മൗലിദാഘോഷിക്കാറുണ്ട്. തോരണങ്ങള്‍ കെട്ടിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയും വര്‍ണാഭമാക്കുന്നു. പള്ളികളും മദ്റസകളും ആഘോഷപ്പൊലിമയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത് അഭിനന്ദനാര്‍ഹമാണ്. തീര്‍ച്ചയായും കൊണ്ടാടേണ്ടതുമാണ്. എന്നാല്‍ വ്യക്തിജീവിതത്തില്‍ നാം എത്രമാത്രം മൗലിദിനോട് നീതി പുലര്‍ത്താറുണ്ട്. കുടുംബത്തോടൊന്നിച്ചിരുന്ന് നമ്മള്‍ മൗലിദാഘോഷിക്കാറുണ്ടോ? ഇല്ലായെന്നായിരിക്കും മിക്കവരുടെയും ഉത്തരം. നമ്മുടെ പൂര്‍വികര്‍ മൗലിദുകള്‍ നടത്താന്‍ വേണ്ടി സമ്പത്തിന്‍റെ നല്ലൊരു ഭാഗം മാറ്റിവെക്കുമായിരുന്നു. പറമ്പിന്‍റെ ഒരു ഭാഗം തന്നെ മൗലിദിന് വേണ്ടി വഖ്ഫ് ചെയ്തത് ചില നാടുകളില്‍ ഇപ്പോഴും കാണാം. ഈ പാരമ്പര്യം അവര്‍ക്ക് ലഭിച്ചത് മഹത്തുക്കളായ പണ്ഡിതരില്‍ നിന്നാണ്. ഇമാം ഹസനുല്‍ ബസ്വരി(റ)യുടെ ചരിത്രത്തില്‍ ഇങ്ങനെ കാണാം: ‘എനിക്ക് ഉഹുദ് മലയോളം സ്വര്‍ണമുണ്ടായിരുന്നുവെങ്കില്‍ അതു മുഴുവന്‍ നബി(സ്വ)യുടെ മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.’

മാറി ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വീടിന്‍റെ അകത്തളങ്ങള്‍ മൗലിദുകളെ കൊണ്ട് നിര്‍ഭരമാകണം. അങ്ങനെ ഈ റബീഅ് നമ്മുടേതാക്കണം. റബീഅ് വിടപറയുമ്പോഴേക്ക് കുടുംബത്തിനകത്തുള്ള അസ്വാരസ്യങ്ങളെല്ലാം അലിഞ്ഞു തീരണം. ഇതൊരു മാറ്റത്തിന്‍റെ റബീആകട്ടെ.

Exit mobile version