അര്‍ധരാത്രി കഴിഞ്ഞിരുന്നു. അബ്ദുല്‍ മുത്തലിബ് വീണ്ടും കിടന്നു. ഏറെ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. അദ്ദേഹം എഴുന്നേറ്റ് മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പഴുത്ത ഈത്തപ്പഴത്തിന്‍റെ മണമുള്ള കാറ്റ് പുറത്ത് വീശുന്നു.
കഴിഞ്ഞ മൂന്നു നാളുകളായി തുടരെ കാണുന്ന സ്വപ്നം അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഉറക്കം മുറുകുമ്പോഴെല്ലാം സ്വപ്നത്തിലെ അശരീരി കേള്‍ക്കുന്നതുപോലെ.
ത്വൈബ, ബര്‍റ, മള്നൂന, സംസം.
മൂന്നു നാളായി പാതിരാത്രിയില്‍ സ്വപ്നത്തില്‍ അബ്ദുല്‍ മുത്തലിബിനെ ഒരാള്‍ സമീപിക്കുന്നു. സൂര്യപ്രകാശം പൊഴിക്കുന്ന വട്ടമുഖം. നക്ഷത്രങ്ങളെ മയക്കുന്ന കണ്ണുകള്‍.
‘നീ ത്വൈബ കുഴിക്കുക’
ഗംഭീര നിര്‍ദേശം. അബ്ദുല്‍ മുത്തലിബ് യാചനയോടെ ആഗതനെ നോക്കി. ചുണ്ടുകള്‍ വിറയലോടെ ചലിച്ചു:
‘മനസ്സിലായില്ല, എന്താണീ ത്വൈബ?’
മറുപടിയില്ല. ആഗതന്‍ മിന്നല്‍പിണര്‍ പോലെ മറഞ്ഞു.
രണ്ടും മൂന്നും രാത്രികളിലും ഇതാവര്‍ത്തിച്ചു. ബര്‍റ തുറക്കുക, മള്നൂന തുറക്കുക. വജ്രത്തേക്കാള്‍ കാഠിന്യമായിരുന്നു ആ ശബ്ദത്തിന്. അബ്ദുല്‍ മുത്തലിബിന്‍റെ ശേഷിച്ച സ്വസ്ഥത കൂടി അതോടെ നശിച്ചു.
നാലാം ദിവസവും സ്വപ്നം ആവര്‍ത്തിച്ചു. അന്നു പക്ഷേ അവ്യക്തതയുടെ മൂടുപടം നീക്കിയിരുന്നു.
‘നീ സംസം കിണര്‍ തുറക്കുക, ഒരു കാലത്തും വറ്റാത്ത നീരുറവ! ഹാജിമാര്‍ക്ക് നീ അതു പാനം നടത്തുക.’
‘സംസം എവിടെയാണുള്ളത്. നാലഞ്ച് തലമുറകള്‍ക്ക് മുമ്പ് മണ്ണടിഞ്ഞുപോയ സംസം?’
മറുപടിക്കായി കാത് കൂര്‍പ്പിച്ചു അദ്ദേഹം.
‘രക്തക്കുടലും ആമാശയവും പുരളുന്നിടത്ത്, ചിറകില്‍ വെള്ളപാണ്ടുള്ള കാക്ക കൊത്തിപരത്തുന്ന സ്ഥലത്ത്, ഉറുമ്പിന്‍ പുറ്റുള്ള സ്ഥലമാണത്.’
മൂന്നടയാളങ്ങള്‍ വിവരിച്ച് ആഗതന്‍ മറഞ്ഞു.
ഉറക്കുണര്‍ന്ന അബ്ദുല്‍ മുത്തലിബില്‍ ബോധത്തിന്‍റെ കണിക തെളിഞ്ഞു. ശുഭ സ്വപ്നത്തിന്‍റെ സൂചനകള്‍ ഓര്‍മിച്ചെടുത്തു. സത്യമാണീ കിനാവ്. സംസം കിണര്‍ തുറക്കുവാന്‍ തനിക്കല്ലാഹുവിന്‍റെ കല്‍പന വന്നിരിക്കുന്നു.
ഖുറൈശികളുടെ ഇന്നത്തെ കാരണവരും വിഗ്രാഹാരാധന നടത്താത്ത നേതാവും താനായതു കൊണ്ടാകാം ഈ കല്‍പന. ഇത് നിറവേറ്റണം. പ്രശസ്തിയും പെരുമയും കൈവരുന്നത് ഈ നാടിനാണ്, ഖുറൈശി കുടുംബത്തിനാണ്. എല്ലാം അല്ലാഹുവിന്‍റെ ഹിതം, അബ്ദുല്‍ മുത്തലിബ് ആത്മഗതം ചെയ്തു.
ഇളംകാറ്റില്‍ ഉലയുന്ന പനയോലയില്‍ കണ്ണും നട്ട് അദ്ദേഹം കിടന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രവാചകരുടെ പിതാവായ ഇബ്റാഹിം നബി(അ)യും അറബികളുടെ പിതാവായ ഇസ്മാഈല്‍ നബി(അ)യും മക്കയിലെ കഅ്ബാ ചാരത്ത് വന്ന് പാര്‍ത്ത കാലം. കുട്ടിയായ ഇസ്മാഈല്‍ കാലിട്ടടിച്ചപ്പോള്‍ ഉറവു പൊട്ടിയ സംസം പാനീയം, ഭൂഗര്‍ഭത്തിലെ അമൃത്. അത് പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജര്‍ ബീവി തടുത്തു നിര്‍ത്തി; ‘സമീ, സമീ നില്‍ക്കൂ, നില്‍ക്കൂ.’
ഭൂമിയിലെ തുല്യതയില്ലാത്ത കിണറാണിത്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും നിത്യസ്മാരകം. ആ നീരുറവ കേന്ദ്രമാക്കി കഅ്ബയുടെ ചാരത്ത് പുരാതന അറബികള്‍ കൂര കെട്ടി പാര്‍ത്തു. ജലനിബിഡമല്ലാതിരുന്ന മക്കയിലെ മാമലകള്‍ക്കിടയില്‍ ജനവാസം പെരുകി. ജുര്‍ഹൂമികളായ അറബികളാണ് ആദ്യത്തെ കുടിയേറ്റക്കാര്‍. തുടര്‍ന്ന് യമനില്‍ പാര്‍ത്തിരുന്ന ഖുസാഅത്ത് ഗോത്രവും മക്കയില്‍ കുടിയേറി. ആമിറിന്‍റെ മകന്‍ അംറിന്‍റെ സന്താന പരമ്പരയിലെ ഒരു വിഭാഗമാണ് ഖുസാഅത്ത്.
യമനിലെ അതിപുരാതനമായ മആരിബ് അണക്കെട്ട് തകര്‍ന്നപ്പോള്‍ യമനി അറബികള്‍ ജീവനും കൊണ്ടോടി. നാനാ പ്രദേശങ്ങളില്‍ അവരെത്തി. ശാമിലേക്ക് പലായനം ചെയ്ത ഒരു സംഘം പരിശുദ്ധ മക്കയുടെ ചാരത്തെത്തിയപ്പോള്‍ അവിടെ വിശ്രമിക്കാനായി പിന്തിനിന്നു. അവരാണ് ‘പിന്തിപ്പോയവര്‍’ എന്നര്‍ത്ഥത്തില്‍ ഖുസാഅത്തായി മാറിയത്.
അബ്ദുല്‍ മുത്തലിബ് ഓര്‍മയുടെ നിലവറകളില്‍ ചിക്കിച്ചികഞ്ഞ് ചരിത്രം സ്മരിക്കുകയായിരുന്നു.
കഅ്ബയുടെയും സംസമിന്‍റെയും സംരക്ഷണവും പരിപാലനവും മക്കയുടെ ഭരണവും ഇസ്മാഈല്‍ നബിയും സന്താനങ്ങളും തുടര്‍ന്ന് ജുര്‍ഹൂമികളും ശേഷം ഖുസാഅത്ത് ഗോത്രക്കാരും കൈകാര്യം ചെയ്തുവന്നു.
അധികാരത്തിന്‍റെ പൂമെത്ത കൈവശപ്പെടുത്താനായി ഖുസാഅത്ത് ജുര്‍ഹൂമികളോട് കനത്ത സമരം നയിച്ചു. ഒടുവില്‍ ജുര്‍ഹൂമികളുടെ അന്നത്തെ തലവന്‍ അംറുബ്നു ഹാരിസ കഅ്ബാ മന്ദിരത്തിനകത്തുണ്ടായിരുന്ന നിധികളും അമൂല്യ വസ്തുക്കളും സംസം കിണറിലിട്ട് മൂടി നാടുവിട്ടു. യമനിലേക്കാണവര്‍ കടന്നത്.
സംസം മണ്ണില്‍ പുതഞ്ഞുകിടന്നു. സ്വദേശികളോ വിദേശികളോ ആയ ആര്‍ക്കും പിന്നീട് സംസം പാനീയം ലഭിക്കുകയോ അതിന്‍റെ സ്ഥാനം അറിയുകയോ ചെയ്തിരുന്നില്ല. ചരിത്രത്തിലെ കേട്ടുകേള്‍വി മാത്രമായി അത് നിലനിന്നു. ഇസ്മാഈല്‍ നബിയുടെ പരമ്പരയില്‍ വരുന്നത് ഖുറൈശികളാണല്ലോ. അവരുടെ ഇന്നത്തെ നേതാവായ തനിക്കാണ് സ്വപ്നത്തില്‍ ആ വെളിപാടുണ്ടായത്. ചാരിതാര്‍ത്ഥ്യത്തോടെ അബ്ദുല്‍ മുത്തലബ് ഓര്‍ത്തു.
തന്‍റെ പതിനൊന്നാമത്തെ പിതാമഹന്‍ നള്ര്‍ ആണ് ഖുറൈശ് എന്ന അപര നാമത്തിലറിയപ്പെട്ടത്. ദുര്‍ബലരും അവശരുമായ സാധുജനങ്ങളെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ പരിഹരിച്ചു കൊടുക്കുന്ന സേവകനായത് കൊണ്ട് ‘പരിശോധകന്‍’ എന്ന അര്‍ത്ഥത്തില്‍ ഖുറൈശ് എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. ആ പരമ്പരയില്‍ പെട്ടവരും പില്‍ക്കാലത്ത് ഖുറൈശികള്‍ എന്നു വിളിക്കപ്പെട്ടു.
പതിനൊന്ന് തറവാടുകള്‍ ഈ പേരില്‍ അറിയപ്പെടുന്നു. അവരില്‍ ഏറ്റവും പ്രശസ്തര്‍ നാലു കുടുംബങ്ങളാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠം ഹാശിം വംശവും. ആ കുടുംബത്തിലാണ് തന്‍റെ ജനനം. ജനനം കൊണ്ടും ജീവിതം കൊണ്ടും അനുഗ്രഹിക്കപ്പെട്ടത് തന്‍റെ ഭാഗ്യം. പിതാമഹന്മാരുടെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. സാധുസംരക്ഷണം, അഗതികള്‍ക്കും ജന്തുക്കള്‍ക്കും പറവകള്‍ക്കും ഭക്ഷണം കൊടുക്കല്‍ ഇതൊക്കെ പൂര്‍വോപരി സജീവമാക്കണം.
* * * *
പ്രഭാതവെയിലിന് ചൂടുകൂടി വരുന്നു. മഞ്ഞിന്‍റെ കോട ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്നു. ഓര്‍മച്ചെപ്പ് പൂട്ടിവെച്ച് കനത്ത ശബ്ദത്തില്‍ അബ്ദുല്‍ മുത്തലിബ് നീട്ടിവിളിച്ചു:
‘ഹാരിസ്’
തന്‍റെ ഒരേയൊരു മകനാണ് അവന്‍. മറ്റാരും ഇപ്പോള്‍ ജനിച്ചിട്ടില്ല. തനിക്ക് തുണയായിട്ടുള്ള ഏക ആണ്‍ സന്തതി.
‘എന്താണുപ്പാ’
ഹാരിസ് താഴ്മയോടെ ഉപ്പയുടെ മുന്നില്‍ വന്നുനിന്നു.
അല്‍പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി.
‘നാലു ദിവസമായി ഞാന്‍ നിരന്തരം ഒരു സ്വപ്നം കാണുന്നു. വിവിധ ശൈലിയില്‍ ഒരേ കാര്യം എന്നോട് കല്‍പിച്ചുകൊണ്ടിരിക്കുന്നു.’
എന്താണത്? ഹാരിസ് ജിജ്ഞാസപ്പെട്ടു.
‘സംസം കിണര്‍ തുറക്കണമെന്നാണ് കല്‍പന’
‘ങും’ ഹാരിസ് മൂളി.
‘മൂന്നടയാളങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.’
കഅ്ബാ മന്ദിരത്തിന്‍റെ കിഴക്കുഭാഗം, മുശ്രിക്കുള്‍ ദേവപ്രീതിക്കായി ബലിദാനം നടത്തുന്ന സ്ഥലം. അവിടെയാണ് ഉപ്പയും മകനും എത്തിച്ചേര്‍ന്നത്. അടയാളങ്ങള്‍ക്കായി അബ്ദുല്‍ മുത്തലിബിന്‍റെ ദൃഷ്ടികള്‍ പരതി നടന്നു.
ആ സമയത്ത്, എങ്ങുനിന്നോ ഒരു പാണ്ടന്‍ കാക്ക പറന്നെത്തി. നിശ്ചിത സ്ഥലത്ത് വന്നിരുന്നു. ഒന്നാമത്തെ അടയാളം പുലര്‍ന്നിരിക്കുന്നു. അബ്ദുല്‍ മുത്തലിബിന്‍റെ മനം കുളിര്‍ത്തു. കാല്‍വിരല്‍ കൊണ്ട് അവിടെ പരതി നോക്കി. അപ്പോഴതാ അവിടെ ചിതല്‍പുറ്റ്. രണ്ടാമത്തെ അടയാളം.
ഇനി മൂന്നാമത്തെ ലക്ഷണം കൂടി കണ്ടാല്‍ കുഴിക്കാന്‍ തുടങ്ങാം. നിമിഷങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ ഒരു അറവ്മാട് ഓടിവരുന്നു. പിന്നാലെ കശാപ്പുകാരനും. എങ്ങനെയോ വിവരമറിഞ്ഞു നാട്ടുകാരില്‍ പലരും വട്ടംകൂടി.
എല്ലാവരുടെയും ശ്രദ്ധ ആ ഉരുവിലേക്കായി. ഓടിത്തളര്‍ന്ന ആ ബലിമൃഗം വന്നുവീണത് അതേ സ്ഥലത്തുതന്നെ. കശാപ്പുകാരന്‍റെ കഠാരി മൃഗത്തില്‍ ആഴ്ന്നിറങ്ങി. രക്തവും കുടല്‍പെട്ടിയും അവിടെ പുരണ്ടതോടെ മൂന്നാം ലക്ഷണവും തികഞ്ഞു.
ഇനിയും കാത്തിരിക്കേണ്ടതില്ല. അബ്ദുല്‍ മുത്തലിബ് പിക്കാസെടുത്ത് ആഞ്ഞ് കിളച്ചു. ആഴം കൂടിക്കൂടി വന്നപ്പോള്‍ കിണറിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമായി.
‘അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍’
അദ്ദേഹം കണ്ഠം പൊട്ടുമാറ് ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലി. ഹാരിസ് ഏറ്റുപറഞ്ഞു.
അബ്ദുല്‍ മുത്തലിബ് ലക്ഷ്യം നേടിയെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ ഓടിവന്നു.
‘തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണീ കിണര്‍!’ അവര്‍ അവകാശമുന്നയിച്ചു. പണി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
അബ്ദുല്‍ മുത്തലിബ് കേട്ട ഭാവം നടിച്ചില്ല. എതിര്‍പ്പുകളെ നേരിടാന്‍ ഹാരിസിനെ ചുമതലപ്പെടുത്തി പണി തുടര്‍ന്നു.
സംസമിന്‍റെ നീരുറവ കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ സന്തോഷത്തിനതിരില്ലാതായി. ജലം മാത്രമല്ല, പണ്ട് ജുര്‍ഹമൂമികള്‍ കുഴിച്ചുമൂടിയ രണ്ട് സ്വര്‍ണമാന്‍, വാളുകള്‍ എന്നിവയും കണ്ടെത്തി. ഇതുകൂടിയായപ്പോള്‍ ഖുറൈശികളുടെ നിയന്ത്രണമറ്റു. അവകാശവാദം മൂത്തു. അവസാനം ഉടമസ്ഥാവകാശം ആര്‍ക്കെന്ന് നറുക്കിട്ട് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്തു.
സ്വര്‍ണമാനിന് വേണ്ടിയെടുത്ത നറുക്ക് കഅ്ബക്ക് ലഭിച്ചു. വാളിനുവേണ്ടിയെടുത്ത നറുക്ക് അബ്ദുല്‍ മുത്തലിബിനും. ഖുറൈശികള്‍ വെറുംകൈയോടെ മടങ്ങി. അബ്ദുല്‍ മുത്തലിബിനു ആത്മനിര്‍വൃതിയുടെ പുഞ്ചിരി.
കഅ്ബാലയത്തിനു ലഭിച്ച സ്വര്‍ണമാന്‍ അടിച്ചുപരത്തി തകിടാക്കി കഅ്ബയുടെ വാതില്‍ അലങ്കരിച്ചു. വിശുദ്ധ ഭവനം ആദ്യമായി സ്വര്‍ണം പൂശിയ ഖ്യാതിയും അബ്ദുല്‍ മുത്തലിബ് നേടി.
നിരാശ മൂത്ത ചില ഖുറൈശികള്‍ അക്രമത്തിനൊരുങ്ങി. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ ഹാരിസല്ലാതെ മറ്റാരുമില്ലല്ലോ എന്നായി അദ്ദേഹത്തിന്‍റെ വേപഥു. അബ്ദുല്‍ മുത്തലിബിന്‍റെ മനസ്സ് നീറി. വ്രണിത ഹൃദയത്തിന്‍റെ ഭാഷ ഒരു നേര്‍ച്ചയുടെ സ്വരമായി.
‘നാഥാ, എനിക്ക് പത്ത് ആണ്‍മക്കള്‍ പിറക്കുകയും അവര്‍ വളര്‍ന്ന് വലുതായി പ്രതിസന്ധികളില്‍ എന്നെ സഹായിക്കുന്നവരായി തീരുകയും ചെയ്താല്‍ അവരില്‍ ഒരാളെ നിന്‍റെ പ്രീതിക്കായി ബലിദാനം ചെയ്യാന്‍ നേര്‍ച്ചയാക്കുന്നു.’
കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗ്രഹം പൂവണിഞ്ഞു. പതിമൂന്ന് ആണ്‍മക്കള്‍ ജനിച്ചു. നേര്‍ച്ചക്കടം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു കഥയായി.
പിഎസ്കെ മൊയ്തു ബാഖവി മാടവന