സ്വര്‍ഗം സല്‍സ്വഭാവിക്ക്

jl1 (7)സന്തോഷത്തിലും സന്താപത്തിലും ചെലവഴിക്കുന്നവരും ദ്യേത്തെ അടക്കിപ്പിടിക്കുന്നവരും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുന്നവരുമാണ് ഭയക്തിയുള്ളവര്‍ എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അവിടുന്ന് മഹത്തായ സ്വഭാവത്തിന്‍റെ ഉടമയാണ് എന്നാണ് അല്ലാഹു റസൂല്‍(സ്വ)യെ പരിചയപ്പെടുത്തിയത്. കേവലം ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ടാണ് അധാര്‍മികതയില്‍ അഭിരമിച്ചിരുന്ന ജനതയെ ഒന്നടങ്കം തന്‍റെ സ്നേഹവായ്പും സ്വഭാവ ചാരുതയും കൊണ്ട് പ്രവാചകര്‍ മാറ്റിപ്പണിതത്. തിരു സ്വഭാവ വൈശിഷ്ട്യത്തിന്‍റെ വിജയമായിരുന്നു അത്. സമൂഹത്തിന്‍റെ സമൂലമാറ്റത്തിന് തിരികൊളുത്താന്‍ സല്‍സ്വഭാവത്തിന് സാധിക്കുമെന്നതിന് നബിജീവിതം മികച്ച സാക്ഷ്യം.
സല്‍സ്വഭാവികളെ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ. അവരെ അനുസരിക്കാന്‍ മനുഷ്യര്‍ സന്നദ്ധനാവും. പെരുമാറ്റം പേരുമാറ്റും എന്നാണല്ലോ ചൊല്ല്. പെരുമാറ്റത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്വഭാവ സംസ്കരണത്തിന് അനല്‍പമായ പങ്കുണ്ട്.
എന്താണ് സല്‍സ്വഭാവം
മുഹമ്മദ്(സ്വ)യോട് ഒരാള്‍ ചോദിച്ചു: എന്താണ് സല്‍സ്വഭാവം?
വിട്ടുവീഴ്ച മുഖമുദ്രയാക്കുകയും സത്കര്‍മം കല്‍പിക്കുകയും അറിവില്ലാത്ത മൂഢന്മാരെ തിരസ്കരിക്കുകയും ചെയ്യുക എന്ന ഖുര്‍ആനിക സൂക്തം ഓതി റസൂല്‍(സ്വ) പറഞ്ഞു: ബന്ധം വിഛേദിക്കുന്നവരോട് ബന്ധം പുനഃസ്ഥാപിക്കുകയും നിനക്ക് തടഞ്ഞവര്‍ക്ക് കൊടുക്കുക, നിന്നോട് അക്രമം കാണിച്ചവരോട് മാപ്പാക്കുക.
മറ്റൊരാള്‍ തിരുദൂതരോട് ചോദിച്ചു: എന്താണ് ദീന്‍? അവിടുന്ന് പറഞ്ഞു: സല്‍സ്വഭാവം. ആഗതന്‍ നബി(സ്വ)യുടെ വലതുഭാഗത്തിലൂടെ വന്നു ചോദിച്ചു: എന്താണ് ദീന്‍? അവിടുന്ന് പറഞ്ഞു: സല്‍സ്വഭാവം. അദ്ദേഹം ഇടതുഭാഗത്തിലൂടെ വന്ന് ചോദ്യം ആവര്‍ത്തിച്ചു, പ്രവാചകര്‍(സ്വ) മറുപടിയും. പിന്നെ അയാള്‍ നബി(സ്വ)യുടെ പിന്നിലൂടെ വന്നും അതേ ചോദ്യമുന്നയിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു: നിനക്ക് മനസ്സിലായില്ലേ? നീ ക്ഷോഭിക്കരുത്, അതാണ് ദീന്‍.
നബി(സ്വ)യുടെ സ്വഭാവം
ജീവിതത്തിതന്‍റെ നിഖില മേഖലയിലും മാതൃക തീര്‍ത്ത റസൂല്‍(സ്വ) സല്‍സ്വഭാവത്തിലും സന്പൂര്‍ണനായിരുന്നു. അനുഭവം മുന്‍നിറുത്തി ആഇശ(റ) പറഞ്ഞു: റസൂലിന്‍റെ സ്വഭാവം ഖുര്‍ആനായിരുന്നു.
നബി(സ്വ)യും അനസ്(റ)യും സഞ്ചരിക്കവെ, ഒരു പ്രാകൃതന്‍ വന്ന്, ആക്രോശിച്ചു: എനിക്കവകാശപ്പെട്ട സ്വത്ത് ബൈതുല്‍മാലില്‍ നിന്ന് തരൂ മുഹമ്മദേ. ശേഷം അയാള്‍ പ്രവാചകരുടെ തോളിലുണ്ടായിരുന്ന, പാര്‍ശ്വങ്ങള്‍ പരുപരുത്ത നജ്റാനിയന്‍ പുതപ്പ് പിടിച്ചുവലിച്ചു. വലിയുടെ ആഘാതത്താല്‍ തിരിഞ്ഞുനിന്ന നബി(സ്വ) മന്ദസ്മിതം തൂകി അഅ്റാബിയെ എതിരേറ്റു. അദ്ദേഹത്തിനു സ്വത്ത് നല്‍കാന്‍ ഉത്തരവിട്ടു. അനസ്(റ) പറയുന്നു: പുതപ്പ് വലിച്ച പാട് നബി(സ്വ)യുടെ തിരുകഴുത്തില്‍ അപ്പോഴും കാണാമായിരുന്നു.
ശ്രേഷ്ഠത
മുഹമ്മദ് നബി(സ്വ) പറയുന്നു: അന്ത്യദിനത്തില്‍ മീസാനില്‍ ഭാരം തൂങ്ങുന്ന രണ്ടു പ്രവര്‍ത്തനങ്ങളാണ്; തഖ്വയും സല്‍സ്വഭാവവും. മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്‍റെ അടിമ അവന്‍റെ സല്‍സ്വഭാവം കാരണമായി പരലോകത്തിലെ മഹത്തായ സ്ഥാനങ്ങള്‍ കരസ്ഥമാക്കും. അവന് കര്‍മകുശലതയില്ലെങ്കിലും മഹനീയമായ പദവികള്‍ അവന് ലഭിക്കും. നബി(സ്വ) പറഞ്ഞു: സല്‍സ്വഭാവം നിമിത്തം പകല്‍ വ്രതമനുഷഠിച്ചവന്‍റെയും രാത്രി നിസ്കരിച്ചവന്‍റെയും സ്ഥാനം സത്യവിശ്വാസിക്ക് നേടാന്‍ കഴിയുന്നു.
ഒരാള്‍ വന്ന് നബി(സ്വ)യോട് തന്നെ ഉപദേശിക്കാനാവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: നീ എവിടെയാണെങ്കിലും അല്ലാഹുവിന് തഖ്വ ചെയ്യുക. ആഗതന്‍ ചോദ്യം ആവര്‍ത്തിച്ചു. ചീത്ത ചെയ്തികളെ മായ്ച് കളയുന്ന നല്ല കാര്യം ചെയ്യുക എന്നു മറുപടി. ചോദ്യകര്‍ത്താവ് വസ്വിയ്യത് അധികരിക്കാനാവശ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു: സല്‍സ്വഭാവത്തോടെ ജനങ്ങളുമായി പെരുമാറുക. കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോഴും സല്‍സ്വഭാവം എന്നാണ് പറഞ്ഞത്.
ഫുളയ്ല്‍(റ) പറയുന്നു: പകല്‍ വ്രതമനുഷ്ഠിക്കുന്ന, രാത്രി മുഴുവന്‍ നിസ്കരിക്കുന്ന ഒരു സ്ത്രീയുണ്ട് അവള്‍ ദുഃസ്വഭാവിയാണ്, നാവ് കൊണ്ട് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് നബി(സ്വ)യോട് പറയപ്പെട്ടപ്പോള്‍, അവിടുന്ന് പ്രതിവചിച്ചു: അവള്‍ നരകാവകാശിയാണ്. അല്ലാഹു ഈമാനിനെ ശക്തിപ്പെടുത്തുന്നത് സല്‍സ്വഭാവം കൊണ്ടുകൂടിയാണ്.
സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത് പലപ്പോഴും സ്വഭാവദൂഷ്യത്തില്‍ നിന്നാണ്. മനുഷ്യരാശിയെ സംസ്കാര സമ്പന്നമാക്കുന്നതില്‍ സല്‍സ്വഭാവം സാരമായ പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ യമനിലേക്കു മതപ്രബോധനത്തിനായി പോകുന്ന പ്രിയ ശിഷ്യനെ അവിടുന്ന് ഓര്‍മിപ്പിച്ചത്: ഓ മുആദ്, ജനങ്ങള്‍ സല്‍സ്വഭാവത്തില്‍ വര്‍ത്തിക്കണേ.
സല്‍സ്വഭാവത്തിന് പ്രചോദനം നല്‍കുന്ന നബി(സ്വ)യുടെ നിരവധി പ്രഖ്യാപനങ്ങള്‍ കാണാം. ജരീര്‍ബ്നു അബ്ദില്ല(റ)യോട് നബി(സ്വ) പറഞ്ഞു: അല്ലാഹു സൃഷ്ടിപ്പ് നന്നാക്കിയവനാണ് നീ. അതുകൊണ്ട് നിന്‍റെ സ്വഭാവം നീ നന്നാക്കണം.
ബറാഅ്ബ്നു ആസിബ്(റ) പറയുന്നു നബി(സ്വ) മുഖകമലവും സ്വഭാവഭംഗിയുള്ളവരുമായിരുന്നു. സല്‍സ്വഭാവത്തിനായി നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. തിരുനബി(സ്വ) പറഞ്ഞു: നിങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവരും ആഖിറത്തില്‍ എന്‍റെ സാമീപ്യം ലഭിക്കുന്നവരും സല്‍സ്വഭാവികള്‍ മാത്രമാണ്.
ഭാര്യ ഉമ്മുഹബീബ(റ), നബി(സ്വ)യോടാരാഞ്ഞു: ഇഹലോകത്ത് ഒരു സ്ത്രീക്ക് രണ്ടു അവസരങ്ങളിലായി രണ്ടു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. അങ്ങനെ ഭാര്യയും ഭര്‍ത്താക്കന്മാരും മരിച്ചു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവരില്‍ സല്‍സ്വഭാവിയുടെ, ഉമ്മുഹബീബാ, ഇഹപര ലോകത്തിന്‍റെ സകല സുകൃതങ്ങളും സല്‍സ്വഭാവത്തില്‍ ഊന്നിനില്‍ക്കുന്നു.
മൊഴിമുത്തുകള്‍
ഫുളയ്ല്‍(റ)പറഞ്ഞു: ദുഃസ്വഭാവിയായ അടിമകളോട് സഹവസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം സല്‍സ്വഭാവിയായ തെമ്മാടിയോട് സഹവസിക്കലാണ്.
അലി(റ): സല്‍സ്വഭാവം മൂന്ന് കാര്യത്തിലാണ്; അധര്‍മം വെടിയുക, അനുവദനീയമായത് തേടുക, കുടുംബാശ്രിതര്‍ക്ക് വിശാലത ചെയ്യുക.
ഹസന്‍(റ): മുഖപ്രസന്നത, കയ്യഴഞ്ഞ ധര്‍മം, ബുദ്ധിമുട്ട് തടയുക എന്നിവയാണ്.
ഇബ്നു അബ്ബാസ്(റ): കെട്ടിടത്തിന് അടിത്തറയുണ്ടാകുമല്ലോ. അപ്രകാരം ഇസ്ലാമിന്‍റെ അടിത്തറയത്രെ സല്‍സ്വഭാവം.
അത്വാഅ്(റ): ആരെല്ലാം വിജയിച്ചിട്ടുണ്ടോ, അവരുടെയൊക്കെ വിജയരഹസ്യം സല്‍സ്വഭാവമായിരുന്നു. വാസിത്വി(റ): തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കലാണ് സല്‍സ്വഭാവം.
ജുനൈദ്(റ): നാലു കാര്യങ്ങളാല്‍ സ്രഷ്ടാവ് അടിമയെ ഉയര്‍ന്ന പദവികളിലേക്ക് ഉയര്‍ത്തും. അവന്‍റെ അറിവും കര്‍മവും കുറഞ്ഞതാണെങ്കിലും സഹനം, വിനയം, ധര്‍മം, സല്‍സ്വഭാവം എന്നിവയാണവ.

അജ്മല്‍ പി മമ്പാട്

Exit mobile version