നാഥാ, ഞാന്‍ നിന്നെ പേടിച്ചു ജീവിച്ചു. ഇന്നു ഞാന്‍ നിന്‍റെ അനുഗ്രഹം കാംക്ഷിക്കുന്നു. നീ എന്നോട് കരുണ കാണിക്കണേ. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും അരുവികളൊഴുക്കാനും വിഭവങ്ങള്‍ സംഭരിക്കാനുമായിരുന്നില്ല ഞാനീ ദുനിയാവില്‍ പാടുപെട്ടതെന്ന് നിനക്കറിയാമല്ലോ? വിശപ്പും ദാഹവും സഹിച്ച് ക്ലേശകരമായ പരിത്യാഗം വരിച്ച് വിജ്ഞാനത്തിന്‍റെയും ഉല്‍കൃഷ്ടതയുടെയും മഹത്ത്വം പ്രാപിക്കാനായിരുന്നു ഞാന്‍ മോഹിച്ചത്. മരണമേ സ്വാഗതം, വിരുന്നുകാരാ സ്വാഗതം… ലാഇലാഹ…
ജീവിതാന്ത്യത്തില്‍ തന്‍റെ സുകൃത ജډത്തിന്‍റെ അകക്കാമ്പ് കനിവോടെ ഓര്‍ത്ത് റബ്ബിങ്കലേക്ക് തിരിക്കാന്‍ തിടുക്കം കൂട്ടി കണ്ണടച്ച ഈ സുകൃതന്‍ റഈസുല്‍ ഉലമാഅ് (പണ്ഡിത്മാരുടെ നേതാവ്) എന്ന് തിരുദൂതര്‍ വിശേഷിപ്പിച്ച ഉത്തമ നൂറ്റാണ്ടിലെ പക്വതയാര്‍ന്ന മഹാജ്ഞാനി മുആദുബ്നു ജബല്‍(റ) എന്ന സാത്വികനാണ്.
രണ്ടാം അഖബയില്‍ എഴുപതോളം മദീനക്കാര്‍ തിരുസന്നിധിയില്‍ അനുസരണ പ്രതിജ്ഞയില്‍ ഏര്‍പ്പെട്ട കൂട്ടത്തില്‍ പ്രസന്നവദനനായ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനായിരുന്നു മുആദുബ്നു ജബല്‍(റ).
തിരുദൂതര്‍(സ്വ)യില്‍ നിന്ന് വൈജ്ഞാനിക കൈത്തിരി സ്വയം പകര്‍ത്തിയും മറ്റുള്ളവര്‍ക്ക് പകര്‍ന്നും ജീവിതാന്ത്യം വരെ കെടാതെ സൂക്ഷിച്ചു. അറിവിന്‍റെ ഉന്നമനത്തിനും വ്യാപനത്തിനും അഹോരാത്രം പരിശ്രമിച്ചു. ബുദ്ധികൂര്‍മത, ചിന്താശേഷി, ഗവേഷണ പാടവം, പാണ്ഡിത്യത്തിന്‍റെ ആഴം തുടങ്ങിയ ഒട്ടേറെ സദ്ഗുണങ്ങളില്‍ മുആദ്(റ) സമകാലീനരില്‍ നിസ്തുലനായി.
ആഇദുല്ലാഹിബ്നു അബ്ദുല്ല(റ) പറയുന്നു: ഉമര്‍ ഫാറൂഖിന്‍റെ ഭരണകാലത്ത് ഞാനൊരിക്കല്‍ പള്ളിയില്‍ ചെന്നു. എന്‍റെ കൂടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അപ്പോള്‍ നാല്‍പതോളം പേരുള്ള ഒരു വിജ്ഞാന സദസ്സ് കണ്ടു. നബി(സ്വ)യുടെ തിരുവചനം ഉദ്ധരിക്കുന്ന സദസ്സില്‍ സുമുഖനായ ഒരു കോമളനുണ്ട്. സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹത്തില്‍ നിന്നായിരുന്നു അവര്‍ അറിവു നുകര്‍ന്നത്. തന്നെ സമീപിക്കുന്നവരുടെ സംശയങ്ങള്‍ക്കു കൃത്യമായ മറുപടി പറയുന്നതിലപ്പുറം ഒന്നും അദ്ദേഹം സംസാരിച്ചിരുന്നില്ല. സദസ്സ് പിരിഞ്ഞപ്പോള്‍ ഞാന്‍ പരിചയപ്പെടാന്‍ ചെന്നു. അപ്പോഴാണറിയുന്നത് മുആദുബ്നു ജബല്‍(റ) ആണെന്ന്.
ഞാനൊരിക്കല്‍ ഹിമ്മസിലെ മസ്ജിദിലെത്തി. കുറെ മധ്യവയസ്കര്‍ പള്ളിയിലിരിക്കുന്നു. കൂട്ടത്തില്‍ ഒരു യുവാവുമുണ്ട്. അവരെല്ലാം ആ ചെറുപ്പക്കാരനില്‍ നിന്നായിരുന്നു വിജ്ഞാനദാഹം തീര്‍ത്തിരുന്നതും സംശയ നിവാരണം നേടിയിരിക്കുന്നതും.
ആ യുവാവിനെ അറിയുമോ? എന്‍റെ കൂട്ടുകാരന്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു: ‘ഇല്ല.’
‘അദ്ദേഹമാണ് മുആദുബ്നു ജബല്‍(റ)’
അപ്പോളെനിക്ക് അദ്ദേഹത്തോട് വലിയ ആദരവും ബഹുമാനവും തോന്നി-അബൂ മുസ്ലിമുല്‍ ഖൗലാനീ(റ)യുടെ സാക്ഷ്യം.
സ്വഹാബത്തിന്‍റെ ഇടയില്‍ പാണ്ഡിത്യവും പക്വതയും ഒത്തുചേര്‍ന്ന ഉന്നത വ്യക്തിത്വമായി മുആദ്(റ) പരിഗണിക്കപ്പെട്ടു. പ്രമുഖ സ്വഹാബിമാര്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.
ഉമര്‍(റ) ഉള്‍പ്പെടെ പലരും പല വിഷയത്തിലും അദ്ദേഹത്തോട് അഭിപ്രായം ആരായുമായിരുന്നു. പ്രായോഗികവും സൂക്ഷ്മവുമായ ആ പണ്ഡിതാഭിപ്രായം കേട്ട് ഒരിക്കല്‍ ഉമര്‍(റ) പറഞ്ഞു:
‘മുആദില്ലായിരുന്നുവെങ്കില്‍ ഞാനാകെ വിഷമിക്കുമായിരുന്നു.’
‘എന്‍റെ സമുദായത്തിലെ ഹലാലും ഹറാമും നന്നായി മനസ്സിലാക്കിയ വലിയ പണ്ഡിതനാണ് മുആദുബ്നു ജബല്‍(റ).’ ‘പണ്ഡിതډാരുടെ നേതാവ്.’ നബി(സ്വ) പറഞ്ഞു. ഇതിലും വലിയ അംഗീകാരവും സാക്ഷ്യവും എന്തിന്.
എല്ലാ ആപല്‍ഘട്ടങ്ങളിലും സമര രംഗങ്ങളിലും തിരുനബി(സ്വ)ക്കൊപ്പം അന്‍സാരികളിലെ ഈ മുന്‍ നിരക്കാരന്‍ നിഴല്‍ പോലെ ഉണ്ടായിരുന്നു.
യമനിലെ വിശ്വാസികള്‍ക്ക് മതം പഠിപ്പിക്കാന്‍ തിരുദൂതര്‍ തെരഞ്ഞെടുത്തത് മുആദ്(റ)നെയായിരുന്നു. അന്ന് നബി(സ്വ) ചോദിച്ചു:
മുആദ്, മതനിയമങ്ങളില്‍ എങ്ങനെയായിരിക്കും തീര്‍പ്പ് കല്‍പ്പിക്കുക?
‘ഖുര്‍ആന്‍ അനുസരിച്ച്.’
‘ഖുര്‍ആനില്‍ നിന്നും വ്യക്തമല്ലെങ്കിലോ?’
‘എങ്കില്‍ ഞാന്‍ അങ്ങയുടെ വാക്കുകള്‍ അവലംബിക്കും.’
‘എന്‍റെ ചര്യകളില്‍ നിന്നും വ്യക്തമല്ലാത്ത പ്രശ്നങ്ങളില്‍..?
‘ഞാന്‍ ഗവേഷണം നടത്തും.’
പ്രതികരണം കേട്ട് മനംനിറഞ്ഞ നബി(സ്വ) പറഞ്ഞു:
‘ഞാന്‍ നിയോഗിക്കുന്ന ദൂതനെക്കുറിച്ച് എനിക്ക് സംതൃപ്തി നല്‍കിയ നാഥന് സര്‍വസ്തുതിയും.’
മുആദ്(റ)ന്‍റെ നിലപാടുകളില്‍ വലിയ മതിപ്പായിരുന്നു തിരുദൂതര്‍ക്ക്. ഒരിക്കല്‍ ആ അരുമശിഷ്യനെ അടുത്ത് വിളിച്ചു റസൂല്‍(സ്വ) ആരാഞ്ഞു:
‘മുആദേ, താങ്കള്‍ ഈ പ്രഭാതം എങ്ങനെയാണ് പുലര്‍ന്നത്?’
‘ഒരു യഥാര്‍ത്ഥ സത്യവിശ്വാസി ആയിക്കൊണ്ട്.’
‘സത്യവിശ്വാസത്തിന്‍റെ യഥാര്‍ത്ഥ്യം നീ ഗ്രഹിച്ചത് എങ്ങനെയാണ്?’
‘യാ റസൂലല്ലാഹ്… ഓരോ പ്രഭാതം പുലരുമ്പോഴും അന്നത്തെ പ്രദോഷം വരെ ഞാന്‍ ജീവിക്കുമെന്ന് കരുതാറില്ല. ഓരോ പ്രദോഷത്തിലും അടുത്ത പ്രഭാതം വരെ ഞാനുണ്ടാകുമെന്ന് ഉറപ്പിക്കാറില്ല. ഓരോ കാലടി വെക്കുമ്പോഴും അടുത്ത കാലടി പൂര്‍ത്തിയാക്കുമെന്ന് ഞാനൊരിക്കലും ഉറപ്പിക്കാറില്ല.’
മരണം വരിച്ച ഓരോ ജനവിഭാഗത്തിനും അവരുടെ നډ-തിډകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം പരലോകത്ത് നല്‍കപ്പെടുന്നത് ഞാന്‍ നേരിട്ടുകാണുന്ന പോലെയുണ്ട്.
സ്വര്‍ഗാവകാശികള്‍ അനുഗ്രഹീതരായി സ്വര്‍ഗലോകത്ത് വസിക്കുന്നതും നരകാവകാശികള്‍ ശിക്ഷകള്‍ ഏറ്റവാങ്ങുന്നതും വ്യക്തമായി കാണുന്നതു പോലെയാണ് എനിക്കനുഭവപ്പെടുന്നത്.
വിശദീകരണം ശ്രദ്ധിച്ച തിരുദൂതര്‍(സ്വ) പറഞ്ഞു: ‘മുആദ്, താങ്കള്‍ ശരിക്കും ഗ്രഹിച്ചിരിക്കുന്നു.’
‘മുആദ് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. അദ്ദേഹം ഋജുവായി തന്‍റെ നാഥനു കീഴ്പ്പെട്ടു. ഖലീലുല്ലാഹി ഇബ്റാഹിം(അ)യോട് ആയിരുന്നു ഞങ്ങളദ്ദേഹത്തെ ഉപമിച്ചിരുന്നത്.’
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെ വിലയിരുത്തല്‍.
മുആദ്(റ)ന്‍റെ യമനിലെ ദൗത്യകാലം അദ്ദേഹത്തിനൊരു സ്വപ്നദര്‍ശനമുണ്ടായി. ഒരാള്‍ സമീപത്തു വന്നു പറഞ്ഞു: ‘മുആദേ, താങ്കള്‍ കിടന്നുറങ്ങുകയാണല്ലേ… താങ്കളുടെ ഹബീബിന്‍റെ ശരീരം ഖബറിലേക്കെടുത്തു വെക്കാന്‍ തുടങ്ങിയിരിക്കുന്നു…’
റസൂല്‍(സ്വ) റഫീഖുല്‍ അഅ്ലയിലേക്ക് നീങ്ങിയ വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. മുആദ് ഉടനെ പിടഞ്ഞെഴുന്നേറ്റു. സ്വപ്നവാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ഉല്‍കണ്ഠാകുലനായി വീണ്ടും കിടന്നു. ഉറക്കിലേക്ക് വഴുതിയപ്പോള്‍ വീണ്ടും ഇതേ സ്വപ്നം. പിന്നെ ഉറക്കം വന്നില്ല, പുലര്‍ന്ന ശേഷം തിരുഹള്റത്തിലെത്താനുറച്ചു. സുബ്ഹ് നിസ്കാരാനന്തരം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനെടുത്തു. കണ്ണിലാദ്യം തറച്ച സൂക്തം ഇന്നക മയ്യിത്തുന്‍…. നിശ്ചയം നീ മൃതശരീരമാണ് നിശ്ചയം അവരും മയ്യിത്താണ്.
എന്തൊക്കെയോ സംഭവിച്ചിരിക്കുന്നതായി മുആദ്(റ) തോന്നി. മഹാന്‍ പലതും ഓര്‍ത്തു. പൊട്ടിപൊട്ടിക്കരയാന്‍ തുടങ്ങിയ ഉടനെ യമനില്‍ നിന്നും മദീനത്തുര്‍റസൂലിലേക്ക് യാത്രയായി. പട്ടണാതിര്‍ത്തിയിലെത്തും മുമ്പേ ഒരു കൊച്ചു കുട്ടിയെപ്പോലെ അദ്ദേഹം വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു:
‘യാ റസൂലല്ലാഹ്, അങ്ങെവിടെയാണ്? യാ ഹബീബല്ലാഹ്, അങ്ങ് എവിടെയാണ്…?’
ഖുര്‍ആന്‍ പാരായണം നടത്തുന്ന ഒരു അന്‍സാരി യുവാവിനടുത്തുകൂടി മുആദ്(റ) കടന്നുപോയി. യുവാവ് പാരായണം ചെയ്യുന്നത് മുആദ്(റ)ന്‍റെ ശ്രവണപുടത്തില്‍ അലയടിച്ചു. ‘എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ്.’
പാരായണത്തിനിടെ തിരുദൂതരെ വിളിച്ചുള്ള മുആദിന്‍റെ സഞ്ചാരം കണ്ടു യുവാവ് വിളിച്ചു പറഞ്ഞു:
‘മുആദുബിന്‍ ജബല്‍, അല്ലാഹുവിന്‍റെ ഹബീബ് ഇഹലോകവാസം വെടിഞ്ഞത് താങ്കളിതുവരെ അറിഞ്ഞില്ലേ?’
ഇതുകേള്‍ക്കേണ്ട താമസം മുആദ്(റ) ബോധരഹിതനായി വീണു.
സിദ്ദീഖ്(റ)ന്‍റെ കത്ത് കൈപ്പറ്റിയ മുആദ്(റ) കത്തിനു മുകളില്‍ പതിഞ്ഞ തിരുദൂതരുടെ മോതിരത്തിന്‍റെ മാതൃകയുള്ള സീല്‍ കണ്ടു പൊട്ടിക്കരയാന്‍ തുടങ്ങി. തിരുകുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ മറക്കുപിന്നില്‍ നിന്നും തിരുപുത്രി ഫാത്വിമ ബീവി(റ) പറഞ്ഞു:
‘മുആദ്, അല്ലാഹുവിന്‍റെ ഹബീബ് വഫാത്താകുന്നതിന് തൊട്ടുമുമ്പ് താങ്കള്‍ക്ക് അസ്സലാമു അലൈകും എന്നു സലാം പറയാന്‍ ഏല്‍പിക്കുകയും സ്വര്‍ഗീയ പണ്ഡിതരുടെ ഇമാമാണ് താങ്കളെന്ന് ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്.’
മരണനൊമ്പരത്തിലും ഹബീബ്(സ്വ) തന്നെ മറന്നിട്ടില്ലെന്ന് മുആദ്(റ)ന് ബോധ്യപ്പെട്ടു.
‘മുആദ്, റസൂലില്‍ നിന്നും താങ്കള്‍ കേട്ട ഒരു ഹദീസ് എനിക്ക് പറഞ്ഞു തരുമോ?’ അദ്ദേഹത്തെ സമീപിച്ച് ഒരാള്‍ ആവശ്യപ്പെട്ടു. ഇതുകേട്ട മുആദ്(റ) ഏറെ നേരം വിതുമ്പി. ഇടക്ക് പറഞ്ഞു:
‘എനിക്കെന്‍റെ ഹബീബിനെ കാണാന്‍ കൊതിയാവുന്നു.’
ജനങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊണ്ട് സിറിയയിലും മുആദ്(റ) നാളുകള്‍ കഴിച്ചുകൂട്ടി. തന്‍റെ സമകാലികനും സിറിയ ഗവര്‍ണറുമായിരുന്ന അബൂഉബൈദ(റ) വഫാത്തായപ്പോള്‍ തല്‍സ്ഥാനത്ത് ഖലീഫ ഉമര്‍(റ) നിയോഗിച്ചത് മുആദുബ്നു ജബല്‍(റ)നെയായിരുന്നു. ഏതാനും മാസങ്ങള്‍ മാത്രമേ ആ പദവി വഹിക്കാനദ്ദേഹത്തിന് അവസരം ലഭിച്ചുള്ളൂ.
ഖലീഫ ഉമര്‍(റ)ന് മുആദ്(റ)നോട് വലിയ മതിപ്പായിരുന്നു. ഉമര്‍(റ) വഫാതാകുന്നതിനു മുമ്പ് മുആദ്(റ) ഈ ലോകത്തോട് വിടപറഞ്ഞു. മരണശയ്യയില്‍ കിടക്കുന്ന ഉമര്‍(റ)നെ സന്ദര്‍ശിച്ച ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അങ്ങ് പിന്‍ഗാമിയെ നിര്‍ദേശിച്ചുതന്നാല്‍ ആ വ്യക്തിക്ക് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യാം. ആരെയാണ്?
ഖലീഫ പ്രതികരിച്ചതിങ്ങനെ:
‘മുആദുബ്നു ജബല്‍(റ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ എന്‍റെ പിന്‍ഗാമിയായി നിര്‍ദേശിക്കുമായിരുന്നു. എന്നിട്ട്, ഉമറേ ഉമ്മതു മുഹമ്മദിന് നീ ആരെയാണ് നിന്‍റെ പിന്‍ഗാമിയായി നിശ്ചയിച്ചത് എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ പണ്ഡിതരുടെ നേതാവ് എന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ച മുആദിനെയാണ് ഞാന്‍ നിയമിച്ചത് എന്നു മറുപടി പറയുമായിരുന്നു.’
ഖലീഫ ഉമര്‍(റ)ന്‍റെ ഭരണകാലം സിറിയയില്‍ വെച്ച് മുആദ്(റ) ഇഹലോക വാസം വെടിഞ്ഞു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു പ്രായം.
(ശറഹുമുസ്ലിം, സുവറുമിന്‍ ഹയാതിസ്വഹാബ, മിര്‍ഖാത്ത്).
ടിടിഎ ഫൈസി പൊഴുതന