സ്വലാത്ത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു

അല്ലാഹുവും അവന്റെ മലക്കുകളും നബി(സ്വ)യുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും പ്രവാചകരുടെ മേൽ സ്വലാത്തും സലാമും നിർവഹിക്കുക (അഹ്‌സാബ് 56).
സ്വലാത്തിന്റെ മാസമാണ് ശഅ്ബാൻ. മേൽ ആയത്ത് അവതരിച്ചതും പ്രസ്തുത മാസത്തിൽ. വിശ്രുതരായ അമ്പതിലേറെ മുഹദ്ദിസുകൾ സ്വലാത്തിന്റെ മഹത്ത്വങ്ങൾ കുറിക്കുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉമറുബ്‌നുൽ ഖത്താബ്(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ), അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ), ഫാത്വിമ(റ), ഹസൻ(റ), ഹുസൈൻ(റ), അബൂബക്കർ(റ), അബ്ദുല്ലാഹിബ്‌നു ഉമർ(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അനസ്(റ) എന്നിവർ അവരിൽ പ്രമുഖരാണ്. ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളിൽ ഞാനുമായി ഏറ്റവും അടുത്തവൻ എന്റെ മേൽ സ്വലാത്ത് അധികരിപ്പിച്ചവരായിരിക്കും (തുർമുദി). നബി(സ്വ) അരുളി: എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് ഗുണങ്ങൾ നൽകുന്നതാണ് (മുസ്‌ലിം). എന്റെ പേര് പറയപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലാത്തവൻ പിശുക്കനാണ് (നസാഈ).
അറ്റമില്ലാത്ത പുണ്യങ്ങളും മഹത്ത്വങ്ങളുമുള്ള ആരാധനയാണ് തിരുനബിയുടെ മേലിലുള്ള സ്വലാത്ത്. ഹൃദയത്തിൽ പ്രവാചകസ്‌നേഹവും അനുരാഗവും തളംകെട്ടിനിൽക്കുന്ന വിശ്വാസിയുടെ ആത്മനിശ്വാസമായി അവന്റെ ചുണ്ടുകൾ സ്വലാത്തിൽ ലയിച്ചുകൊണ്ടേയിരിക്കും.
സ്വലാത്തിന്റെ പുണ്യങ്ങളും പവിത്രതകളും പരാമർശിക്കുന്ന പ്രമാണങ്ങൾ പഠനവിധേയമാക്കുമ്പോൾ മുസ്‌ലിമിന്റെ ഇഹപര വിജയങ്ങൾ മുഴുവനും സ്വലാത്തുകൊണ്ട് കയ്യടക്കാനാവുമെന്ന് ബോധ്യപ്പെടും. സ്വലാത്ത് മുസ്‌ലിമിനെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എല്ലാ മാനസിക ദുർഗുണങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു. മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കുന്നു. വിശ്വാസത്തിന് കരുത്ത് പകരുന്നു. ശരീരത്തിന് ആരോഗ്യം നൽകുന്നു. ജീവിതത്തിലും കുടുംബം, ഭവനം, ഇണ, സന്താനം, സമ്പത്ത് തുടങ്ങിയവയിലെല്ലാം ബറകത്തും ഐശ്വര്യവും നിലനിർത്തുന്നു. കണ്ണിന് കുളിർമയും ഖൽബിന് സമാധാനവും വദനത്തിന് പ്രസന്നതയും നൽകുന്നു. പുണ്യനബി(സ്വ)യെ സ്വപ്‌നത്തിൽ ദർശിക്കാനും സാധ്യമാകും. അബൂ അബ്ദില്ലാഹി മുഹമ്മദ്(റ) എഴുതി: നിരവധി മഹത്തുക്കൾക്ക് തിരുദർശനം സാധ്യമായതിന്റെ കാരണം തിരുനബിയുടെ മേലിലുള്ള സ്വലാത്താണെന്നാണ് അവരെല്ലാം പറഞ്ഞത് (മിസ്ബാഉള്ളലാം). സഹ്‌ലുബ്‌നു അബ്ദുല്ല(റ) പറഞ്ഞു: നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് ആരാധനകളിൽ വലിയ മഹത്ത്വമുള്ളതാണ്. കാരണം സ്വലാത്തിനെ അല്ലാഹുവും മലക്കുകളും ഏറ്റെടുക്കുകയും സത്യവിശ്വാസികളോട് അത് ചെയ്യാൻ കൽപിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് ഇബാദത്തുകളൊന്നും അങ്ങനെയല്ല.
അല്ലാഹുവും അവന്റെ വിശുദ്ധരായ മലക്കുകളും ഏറ്റെടുത്ത് നിർവഹിക്കുന്ന സ്വലാത്തിന് സത്യവിശ്വാസിയുടെ പങ്കാളിത്തത്തിന്റെ ആവശ്യമെന്തെന്ന ചോദ്യത്തിന് ഇമാം റാസി(റ) നൽകിയ മറുപടി ഇങ്ങനെ: തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് അവിടന്ന് സ്വലാത്തിന്ആവശ്യക്കാരനായതു കൊണ്ടല്ല. അല്ലാഹുവിന്റെ പേര് പറയൽ നമുക്ക് നിർബന്ധമായത് നമ്മുടെ സ്മരണ അല്ലാഹുവിന് ആവശ്യമുള്ളതു കൊണ്ടല്ലല്ലോ. സ്വലാത്തും ദിക്‌റുമെല്ലാം നമുക്ക് പ്രതിഫലം ലഭിക്കാനാണ് (റാസി 25/196).
സുഫ്‌യാനുസ്സൗരി(റ) പറഞ്ഞു: ഞാൻ വിശുദ്ധ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു. അയാൾ ഓരോ കാലടി വെക്കുമ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: തസ്ബീഹും തഹ്‌ലീലും തൽബിയത്തുമൊന്നും ചൊല്ലാതെ താങ്കൾ സ്വലാത്ത് മാത്രം ഉരുവിടുന്നതെന്താണ്? അയാളുടെ ചോദ്യം: നിങ്ങൾ ആരാണ്? സുഫ്‌യാനുസ്സൗരിയാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അയാൾ: താങ്കൾ ഇക്കാലത്തെ മഹാനും ജ്ഞാനിയുമല്ലായിരുന്നുവെങ്കിൽ ഞാൻ ആ രഹസ്യം പറയുമായിരുന്നില്ല. ഞാനും എന്റെ പിതാവും ഹജ്ജിന് പുറപ്പെട്ടു. വഴിയിൽ വെച്ച് പിതാവ് മരണപ്പെട്ടു. എന്നാൽ മരണശേഷം അദ്ദേഹത്തിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളുകയും വയറ് വീർക്കുകയും മുഖം കറുത്തിരുളുകയും ചെയ്തു. ഞാൻ ആകെ തളർന്നു. ദുഃഖഭാരത്താൽ ക്ഷീണിതനായ ഞാൻ ഉറങ്ങിപ്പോയി. സ്വപ്‌നത്തിൽ ഒരാളെ കണ്ടു. സുന്ദര മുഖവും വെള്ള വസ്ത്രവും മൊഞ്ചുള്ള വാഹനവുമായി അയാൾ ഉപ്പക്കരികിലെത്തി. എന്നിട്ട് ഉപ്പയുടെ മുഖവും വയറും തടവി. അതോടെ പിതാവിന്റെ മുഖം പ്രകാശിച്ചു. വയറ് പഴയ രൂപത്തിലായി. തിരിച്ചുപോകുന്ന ആ സുന്ദര മനുഷ്യനോട് ഞാൻ ചോദിച്ചു: ആരാണ് അങ്ങ്? അദ്ദേഹം തിരിച്ചു ചോദിച്ചു: എന്നെ അറിയില്ലേ. ഞാൻ മുഹമ്മദ് നബിയാണ്. നിന്റെ ഉപ്പ എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വ്യക്തിയായിരുന്നു. പിതാവിന്റെ ഈ പ്രയാസത്തിൽ രക്ഷക്കെത്തിയതാണ് ഞാൻ. ഉടനെ ഞാൻ ഉണർന്നു. ചെന്നുനോക്കിയപ്പോൾ പിതാവിന്റെ മുഖവും വയറും നല്ല രൂപത്തിൽ കാണാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്! (റൂഹുൽ ബയാൻ 224/7).
സ്വലാത്ത് പ്രകൃതിയുടെ നിലക്കാത്ത സംഗീതമാണ്. ഓരോ സമയത്തും തിരുനബി(സ്വ)ക്ക് അല്ലാഹുവിൽ നിന്നും മലക്കുകളിൽ നിന്നും പുണ്യസ്വലാത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നർഥം ലഭിക്കുന്ന രൂപത്തിലാണ് ഖുർആനിന്റെ പ്രതിപാദ്യം. സൂറത്തുൽ അഹ്‌സാബിലെ 56ാം വചനം ‘യുസ്വല്ലൂന’ എന്ന പദം കാല-സമയ വ്യത്യാസമില്ലാതെ അനുനിമിഷം സ്വലാത്ത് നടന്നുകൊണ്ടിരിക്കുന്നു എന്നർഥം കുറിക്കുന്നതാണ്. സൂറത്തുശ്ശർഹിന്റെ നാലാം വചനത്തിൽ പറഞ്ഞതും തിരുദൂതരെ ലോകം എപ്പോഴും വാഴ്ത്തുകയും ഓർക്കുകയും ചെയ്യുന്നുണ്ടെന്നാണ്. സ്വലാത്തിലും വാങ്കുവിളിയിലും മറ്റും ഉയരുന്ന നബിനാമ കീർത്തനമാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്. നിസ്‌കാരത്തിലും വാങ്ക്-ഇഖാമത്തുകളിലും ഖുതുബകളിലുമായി നിർബന്ധ സ്വലാത്തുകൾ മുസ്‌ലിംകൾ അധിവസിക്കുന്ന ഇടങ്ങളിലെല്ലാം നടന്നുകൊണ്ടിരിക്കുന്നു. സൂര്യസഞ്ചാരത്തിന്റെ ഗതിയനുസരിച്ച് ലോകത്തിന്റെ ഓരോ ഭാഗത്തും വാങ്ക്-ഇഖാമത്തുകൾ നിർവഹിക്കപ്പെടുമ്പോൾ സ്വലാത്തിന്റെ സാന്നിധ്യമില്ലാത്ത സമയങ്ങൾ കഴിഞ്ഞുപോകുന്നില്ല എന്ന് ബോധ്യപ്പെടും.
മദീനയിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന വിശ്വാസിമനസ്സിന്റെ മന്ത്രധ്വനിയാണ് സ്വലാത്ത്. അകം നിറയെ അടുക്കിവെച്ച അനുരാഗത്തിന്റെ പ്രതിഫലനങ്ങളായി വിശ്വാസികളിൽ നിന്ന് ഉയർന്നുവരുന്ന സ്വലാത്തുകൾ ലോകത്തിന്റെ മുഴുഭാഗങ്ങളിൽ നിന്നും മദീനയിലേക്കൊഴുകുന്നു. സ്വലാത്ത് എപ്പോഴും മഹത്തരമാണെങ്കിലും ചില സമയങ്ങളിലും സ്ഥലങ്ങളിലും ദിവസങ്ങളിലും അതിന് പ്രത്യേകതയുണ്ട്. വാങ്ക്-ഇഖാമത്തുകൾക്ക് മുമ്പും ശേഷവും, ജുമുഅ ഖുതുബ, രണ്ട് പെരുന്നാൾ ഖുതുബ, മയ്യിത്ത് നിസ്‌കാരത്തിൽ രണ്ടാം തക്ബീറിന് ശേഷം, അത്തഹിയ്യാത്തിൽ, ഖുനൂത്തിൽ, പ്രാർഥനയുടെ ആരംഭത്തിലും ഒടുക്കത്തിലും, പള്ളിയിൽ പ്രവേശിക്കുമ്പോൾ, വെള്ളിയാഴ്ച രാവും പകലും, പ്രയാസങ്ങളുണ്ടാകുമ്പോൾ, പ്രസംഗിക്കുമ്പോൾ, ദർസ് നടത്തുമ്പോൾ, വുളൂഇൽ നിന്ന് വിരമിച്ച ശേഷം, മറന്നത് ഒർമവരാൻ, വീട്ടിൽ പ്രവേശിക്കുമ്പോൾ, തറാവീഹിനിടയിൽ, എഴുത്തുകുത്തുകൾ നടത്തുമ്പോൾ ഇങ്ങനെ സ്വലാത്ത് നിർദേശിക്കപ്പെട്ട പ്രത്യേക ഇടങ്ങളും സമയങ്ങളുമുണ്ട്.
തിരുനാമം കേൾക്കുമ്പോഴും പറയുമ്പോഴും സ്വലാത്ത് ചൊല്ലാൻ നിർദേശമുണ്ട്. ഒരു ദിവസത്തിൽ പലതവണ നബിനാമം കേൾക്കാനും പറയാനും സാഹചര്യമുള്ള ഇക്കാലത്ത് സ്വലാത്ത് വർധിപ്പിക്കാൻ നിരവധി അവസരങ്ങളുണ്ട്. അലി(റ)വിൽ നിന്ന് ഉദ്ധരണം. തിരുനബി(സ്വ) പറയുകയുണ്ടായി: എന്റെ പേര് പറയപ്പെട്ടപ്പോൾ സ്വലാത്ത് ചൊല്ലാത്തവനാണ് വലിയ ലുബ്ധൻ. റസൂൽ(സ്വ) മിമ്പറിൽ കയറുമ്പോൾ മൂന്ന് പ്രാവശ്യം ആമീൻ പറഞ്ഞു. കാരണമന്വേഷിച്ച സ്വഹാബികളോട് അവിടന്ന് പറഞ്ഞത് എന്റെ പേർ കേട്ടിട്ടു സ്വലാത്ത് ചൊല്ലാത്തവന് അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ എന്ന് ജിബ്‌രീൽ(അ) പ്രാർഥിക്കുകയും എന്നോട് ആമീൻ പറയാനാവശ്യപ്പെടുകയും ചെയ്തുവെന്നാണ്.
തിരുനാമം എഴുതുമ്പോഴും എഴുത്തിൽ സ്വലാത്ത് ചേർക്കണം. അബൂഹുറൈറ(റ)വിൽ നിന്ന്. തിരുനബി(സ്വ) അരുളി: ഒരാൾ എന്റെ പേരിൽ എഴുത്തിൽ സ്വലാത്ത് ചേർത്താൽ ആ എഴുത്ത് നിലനിൽക്കുന്ന കാലത്തോളം അല്ലാഹുവിന്റെ മലക്കുകൾ അവന് പൊറുക്കലിനെ തേടുന്നതാണ് (ത്വബ്‌റാനി). മഹത്തുക്കൾ തിരുനാമത്തോടൊപ്പം സ്വലാത്ത് ചേർത്തെഴുതാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അബ്ദുല്ലാഹുബ്‌നു ഹകം(റ) പറഞ്ഞു: ഇമാം ശാഫിഈ(റ)വിനെ സ്വപ്‌നത്തിൽ ദർശിച്ചപ്പോൾ ഞാൻ ചോദിച്ചു; അല്ലാഹു താങ്കളെ എങ്ങനെയാണ് സ്വീകരിച്ചത്? ഇമാം പറഞ്ഞു: പുതുമാരനെ മണിയറയൊരുക്കി സ്വീകരിക്കുന്നതുപോലെ ആനന്ദകരമായ സ്വീകരണമാണ് അല്ലാഹു എനിക്ക് നൽകിയത്. ഞാൻ: എന്താണതിന് കാരണം? ഇമാം: എന്റെ രചനയായ രിസാലയിൽ ഞാനെഴുതിയ സ്വലാത്ത് കാരണമാണെന്നായിരുന്നു. നേരം പുലർന്ന് ഞാൻ ഇമാം ശാഫിഈ(റ)യുടെ രിസാല പരിശോധിച്ചു. ‘വസ്വല്ലല്ലാഹു അലാ മുഹമ്മദിൻ അദദമാ ദകറഹുദ്ദാകിറൂന വ അദദമാ ഗഫല അൻ ദിക്‌രിഹിൽ ഗാഫിലൂൻ’ എന്ന് എനിക്ക് കാണാൻ കഴിഞ്ഞു.
അഞ്ചാം ഖലീഫയെന്നു വിശ്രുതനായ ഉമറുബ്‌നു അബ്ദുൽ അസീസ്(റ) തന്റെ ഭരണ പ്രദേശത്തെ ഉദ്യോഗസ്ഥന്മാർക്കുള്ള അറിയിപ്പുകളിൽ സ്വലാത്തിനെ കുറിച്ച് പ്രത്യേകം ഉണർത്തിയിരുന്നു. ഒരിക്കൽ അദ്ദേഹം എഴുതി: ‘ആമുഖത്തിന് ശേഷം. പലർക്കും പല ലക്ഷ്യങ്ങളാണുള്ളത്. ചിലർ പാരത്രിക പ്രവർത്തനംകൊണ്ട് ദുനിയാവ് കൊതിക്കുന്നു. കഥകളും പാട്ടും ചരിത്രവുമായി പോകുന്നു മറ്റു ചിലർ. പ്രബോധന-സേവന പ്രവർത്തനങ്ങൾ നടത്തുന്നവരും കുറച്ചൊക്കെയുണ്ട്. തിരുനബി(സ്വ)യുടെ പേരിലുള്ള സ്വലാത്ത് പോലും മാറ്റിവെച്ച് മേലാധികാരികൾക്കും ഭരണകർത്താക്കൾക്കും സ്തുതി പാടുന്നവരാണ് അധിക പേരും. എന്റെ ഈ എഴുത്ത് കൈപറ്റിയാൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലാനും മുസ്‌ലിം ഉമ്മത്തിന് വേണ്ടി ദുആ ചെയ്യാനും എല്ലാ ഉദ്യോഗസ്ഥന്മാരോടും കൽപന പുറപ്പെടുവിക്കുക. ഈ രാജ്യമാണ് തിരുസ്വലാത്തിന് ഏറ്റവും കൂടുതൽ കടമപ്പെട്ടിട്ടുള്ളത്. കാരണം ഇവിടന്നാണ് വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് റസൂൽ(സ്വ) തുടക്കം കുറിച്ചിട്ടുള്ളത്.’
മതഗ്രന്ഥങ്ങൾ പഠിക്കുന്നവരും ഹദീസ് പഠിതാക്കളും തിരുനാമം വായിക്കുമ്പോളെല്ലാം സ്വലാത്ത് ചൊല്ലണമെന്ന് ഇമാം നവവി(റ) അദ്കാറിൽ കുറിക്കുകയുണ്ടായി. ഹാഫിള് ഖത്വീബ് അബൂബകറുൽ ബഗ്ദാദിയും ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. ഫർള്-സുന്നത്ത് നിസ്‌കാരങ്ങൾക്ക് ശേഷം കൃത്യമായി സ്വലാത്തുകൾ ചൊല്ലാൻ നിർദേശിക്കുന്നവരാണ് ആത്മജ്ഞാനികളിൽ പലരും. ഇബ്‌നു ഖയ്യിം ജലാഇൽ അഫ്ഹാമിൽ എഴുതി: അബൂബകറുബ്‌നു മുഹമ്മദ്(റ) പറഞ്ഞു. തത്ത്വജ്ഞാനിയും പണ്ഡിതനുമായ അബൂബകറുബ്‌നു മുജാഹിദ്(റ)വിന്റെ അരികിലിരിക്കുകയാണ് ഞാൻ. അവിടേക്ക് അല്ലാമാ ശിബ്‌ലി കടന്നുവന്നു. മഹാനായ അബൂബക്കർ(റ) എഴുന്നേറ്റ് വളരെ ബഹുമാനത്തോടെ ശിബ്‌ലിയെ സ്വീകരിച്ചു. അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും രണ്ട് കണ്ണുകൾക്കിടയിൽ ചുംബിക്കുകയും ചെയ്തു. ഞാൻ അത്ഭുതപ്പെട്ടു. ഞങ്ങൾ വലിയ പരിഗണനയൊന്നും നൽകാത്ത ശിബ്‌ലിയെ ഇത്രയും ആദരവിൽ സ്വീകരിക്കാൻ കാരണമെന്താണ്? ഞാൻ അബൂബക്കർ(റ)വിനോട് ഇതു സംബന്ധമായി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നബി(സ്വ)യെ സ്വപ്‌നത്തിൽ ദർശിച്ചു. അവിടെ കടന്നുവന്ന ശിബിലിയെ തിരുദൂതർ സ്വീകരിച്ചത് ഞാൻ ഇപ്പോൾ ശിബ്‌ലിയെ സ്വീകരിച്ചത് പോലെയായിരുന്നു. നിങ്ങൾ ചോദിച്ച പോലെ ഒരു സംശയം എനിക്കുമുണ്ടായി. തിരുനബി(സ്വ)യോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ശിബ്‌ലി മുപ്പത് വർഷമായി സൂറത്തുത്തൗബയിലെ അവസാന വചനം എല്ലാ നിസ്‌കാരങ്ങൾക്ക് ശേഷവും പാരായണം ചെയ്യുകയും മൂന്ന് പ്രാവശ്യം എന്റെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുന്ന വ്യക്തിയാണ്.
എല്ലാ ആവശ്യ നിർവഹണങ്ങൾക്കും സ്വലാത്തിനെ അവലംബമാക്കുന്നതാണ് ആത്മജ്ഞാനികളുടെ സ്വഭാവം. വിശ്വാസിയുടെ മനസ്സിൽ നിന്നുയരുന്ന സ്വലാത്തിന് വലിയ സ്വാധീന ശക്തിയുണ്ട്. ആവശ്യ നിർവഹണനത്തിനും ആപത്തുകളെ തടയാനും രോഗശമനത്തിനുമെല്ലാം പ്രത്യേക സ്വലാത്തുകൾ രചിക്കുകയായിരുന്നു ആത്മജ്ഞാനികൾ. സ്വലാത്തുൽ മുൻജിയാത്ത്, സ്വലാത്തുന്നാരിയത്ത്, സ്വലാത്തുത്താജ്, സ്വലാത്തുശ്ശിഫാ, സ്വലാത്തു ഇസ്മുൽ അഅ്‌ളം, സ്വലാത്തുൽ കമാലിയ്യ, സ്വലാത്തു ത്വാഹിർ, സ്വലാത്തുൽ നൂരി ദാത്തിയ്യ്, സ്വലാത്തു ആലിൽ ഖദ്ർ, സ്വലാത്തുൽ ഫാതിഹ്, സ്വലാത്തുത്വിബ്ബ് തുടങ്ങി നിരവധി സ്വലാത്തുകൾ മഹാത്മാക്കൾ രചിച്ചിട്ടുണ്ട്. ഇവക്കൊക്കെ വലിയ അത്ഭുതങ്ങളും ഫലങ്ങളുമുണ്ട്. പ്രവാചകർ(സ്വ) നേരിട്ട് പഠിപ്പിച്ചുകൊടുത്ത സ്വലാത്തു ഇബ്‌റാഹീമിയ്യയെ അനുകരിച്ചാണ് ഇത്തരം സ്വലാത്തുകളെല്ലാം ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. പൂർവസൂരികളിൽ പലരും സ്വന്തമായി സ്വലാത്തുകൾ നിർമിച്ചവരും ക്രോഡീകരിച്ചവരുമാണ്. അബൂബക്കർ(റ), ഉമർ(റ), അലി(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഹസൻ ബസ്വരി(റ), ഇമാം ശാഫിഈ(റ), ഹസനുൽ കർഖി(റ), ശൈഖ് അഹ്‌മദുൽ ബദവി(റ), ശൈഖ് ജീലാനി(റ), ഇമാം നവവി(റ) തുടങ്ങിയവരുടെ സ്വലാത്തുകൾ ഏറെ പ്രസിദ്ധം.
ശൈഖ് മുഹമ്മദുബ്‌നു സുലൈമാനുൽ ജസൂലി(റ-മരണം ഹി: 870) ക്രോഡീകരിച്ച സ്വലാത്ത് സമാഹാരമായ ദലാഇലുൽ ഖൈറാത്ത് നബിസ്‌നേഹികളുടെ വിർദുകളിൽ ഉന്നത സ്ഥാനത്തുള്ളതാണ്. ഓരോ ദിവസത്തേക്കും പ്രത്യേകം തയ്യാർ ചെയ്തതു കാണാം. തിരുനബി(സ്വ)യെ കുറിച്ചുള്ള അപദാനങ്ങളും പ്രകീർത്തനങ്ങളുമെല്ലാം സ്വലാത്തിന്റെ താൽപര്യാർഥത്തിൽ തന്നെയാണ് മഹാന്മാരായ പണ്ഡിതന്മാരിൽ പലരും നിരീക്ഷിക്കുന്നത്. മൗലിദുകളും പ്രകീർത്തന ഖസ്വീദകളും കവിതകളും നബിമഹത്ത്വങ്ങൾ വരച്ചിടുന്ന രചനകളുമെല്ലാം നിർവഹിക്കുന്നത് സ്വലാത്തിന്റെ താൽപര്യമാണ്. തങ്ങളുടെ സകല ജ്ഞാനമികവും ശക്തിയും ഈ അർഥത്തിൽ പുറത്തെടുത്ത് അധ്വാനിച്ച വലിയൊരു നിരയെ ചരിത്രത്തിൽ കാണാം.
സ്വലാത്ത് കൊണ്ട് നേടാൻ കഴിയുന്ന നേട്ടങ്ങൾ അനവധിയാണ്. മരണ സമയത്ത് ലഭിക്കുന്ന സമാധാനം, ഈമാനിന്റെ സലാമത്ത്, തിരുശഫാഅത്ത്, ദോഷങ്ങൾ പൊറുക്കുക, ആയുസ്സിലും ജീവിതത്തിലും ബറകത്ത് ലഭിക്കുക, തിരുസ്‌നേഹം പ്രകടിപ്പിക്കുക, മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം തുടങ്ങി ഭൗതികവും അഭൗതികവുമായ നേട്ടങ്ങൾ പണ്ഡിതർ കുറിച്ചിടുന്നുണ്ട്.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Exit mobile version