സ്വഹാബിമാരുടെ ഖബര്‍ തുറന്നു

മഹാന്‍മാരുടെ ഭൗതിക ദേഹം മണ്ണില്‍ ലയിക്കാറില്ലെന്നത് പ്രാമാണികവും വിവിധ അനുഭവങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. ഈ പംക്തിയില്‍ തന്നെ അത്തരമൊരു കുറിപ്പ് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു സംഭവം കൂടി. 1932ലാണിത് നടക്കുന്നത്. ബഗ്ദാദിലെ സല്‍മാന്‍ പാര്‍ക്കാണു വേദി. സ്വഹാബിമാരായ ഹുദൈഫത്തുബ്നുല്‍ യമാന്‍(റ), ജാബിര്‍(റ) എന്നിവരുടെ ഖബറുകള്‍ സ്വപ്നദര്‍ശനാടിസ്ഥാനത്തില്‍ തുറന്നപ്പോഴാണ് ആ അദ്ഭുതത്തിന് ലോകം ദൃക്സാക്ഷിയാവുന്നത്. റോയിട്ടേഴ്സ് പോലുള്ള വിദേശ വാര്‍ത്താ ഏജന്‍സികള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ആ സംഭവത്തിന്റെ വിവര്‍ത്തന കുറിപ്പ് “ലോകത്തെ വിസ്മയം കൊള്ളിച്ച അദ്ഭുത രംഗം’ എന്ന ശീര്‍ഷകത്തില്‍ 1/02/1965ലെ സുന്നിടൈംസില്‍ കാണാം. മൗലാന അബ്ദുല്ലാ യാസീന്‍ ഹുസൈന്‍ സാഹിബിന്റെ പ്രസ്തുത ലേഖനം എ പി മുഹമ്മദ് മൗലവി അന്തമാനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
തുടക്കമിങ്ങനെ: പരിശുദ്ധ ഇസ്‌ലാമിന്റെ സത്യാവസ്ഥയെയും മഹത്ത്വത്തെയും സ്പഷ്ടമാക്കുന്ന ലക്ഷ്യങ്ങളില്‍ സുപ്രധാനവും പൊതു ജനഹൃദയങ്ങള്‍ക്ക് ദൃഢത നല്‍കുന്നതും അനിഷേധ്യവുമായ ഒരു യഥാര്‍ത്ഥ സംഭവമാണ് ഞാനിവിടെ കുറിക്കുന്നത്. നമ്മുടെ ഇക്കാലത്ത് അനേകം ജനങ്ങളുടെ ദൃഷ്ടിക്കു മുമ്പില്‍ വെച്ചു നടന്നതായ ഒരു ചരിത്രമാണത്. ബഗ്ദാദ് പട്ടണത്തില്‍ നിന്ന് 40 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സല്‍മാന്‍ പാര്‍ക്ക്. പൗരാണിക കാലത്ത് അതിന്റെ നാമം മദായിന്‍ എന്നായിരുന്നു. നബി(സ്വ)യുടെ പല സ്വഹാബികളും മുമ്പ് അവിടെ ഗവര്‍ണര്‍മാരായി ഉദ്യോഗം വരിച്ചിട്ടുണ്ട്. അവിടെ ഒരു മനോഹര മന്ദിരം കാണാം. അതിലാണ് സുപ്രസിദ്ധ സ്വഹാബിയായ സല്‍മാന്‍ ഫാരിസ്(റ) അന്ത്യവിശ്രമം കൊള്ളുന്നത്. ഈ കെട്ടിടത്തോട് അടുത്തു തന്നെ നബി(സ്വ)യുടെ മറ്റ് രണ്ട് സുപ്രധാന സ്വഹാബികളായ ഹുദൈഫത്തുബ്നുല്‍ യമാന്‍, ജാബിര്‍(റ) എന്നീ രണ്ട് മഹാത്മാക്കളുടെ പുണ്യ ഖബറുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഈ രണ്ട് സ്വഹാബാക്കളുടെ മഖ്ബറ 1932നു മുമ്പ് സല്‍മാന്‍ പാര്‍ക്കില്‍ നിന്ന് രണ്ട് ഫര്‍ലോങ്ങ് ദൂരെ കാട് കെട്ടിക്കിടക്കുന്ന ഒരു സ്ഥലത്തായിരുന്നു.
ഒരു ദിവസം ഇറാഖിലെ രാജാവായ ഫൈസല്‍ അവ്വലിനോട് ഹുദൈഫ(റ) സ്വപ്നത്തില്‍ ഇങ്ങനെ ആജ്ഞാപിച്ചു: തങ്ങള്‍ രണ്ടു പേരെയും ഈ ഖബറുകളില്‍ നിന്ന് എടുത്ത് ദജ്ല(ടൈഗ്രീസ്) നദിയുടെ അല്‍പം അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അടക്കം ചെയ്യണം. എന്തുകൊണ്ടെന്നാല്‍ തന്റെ ഖബറില്‍ വെള്ളവും ജാബിറിന്റെ ഖബറില്‍ നനവും എത്തികഴിഞ്ഞിരിക്കുന്നു.
ഫൈസല്‍ രാജാവ് ഈ സ്വപ്നം തുടര്‍ച്ചയായി രണ്ടു രാത്രി കണ്ടു. മൂന്നാം രാത്രി ഹുദൈഫ (റ) ഇറാഖിലെ മുഫ്തി അഅ്ളമിനോട് സ്വപ്നത്തില്‍ ഇപ്രകാരം പറഞ്ഞു: “ഞങ്ങള്‍ ഈ വിഷയങ്ങളെ കുറിച്ച് രാജാവിനെ രണ്ടു ദിവസം ഉണര്‍ത്തിച്ചു. പക്ഷേ അദ്ദേഹം തല്‍വിഷയത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല; പിറ്റേന്ന് മുഫ്തി പ്രധാനമന്ത്രി നൂരി സഈദ് പാശയോടൊന്നിച്ച് രാജാവിനെ സന്ദര്‍ശിക്കുകയും സ്വപ്നവാര്‍ത്ത വിവരിച്ചുകൊടുക്കുകയും ചെയ്തു. ദീര്‍ഘമായ ആലോചനക്കു ശേഷം മുഫ്തിയോട് രാജാവിങ്ങനെ പറഞ്ഞു: ഖബര്‍ തുറക്കാന്‍ താങ്കള്‍ വിധി തരികയാണെങ്കില്‍ ഞാനതു നടപ്പില്‍ വരുത്താം.’ ആ ഫത്‌വ താഴെ പറയുന്ന ഗവണ്‍മെന്‍റ് കല്‍പ്പനയോടൊപ്പം പത്രങ്ങള്‍ പ്രസിദ്ധം ചെയ്തു. “വലിയ പെരുന്നാള്‍ ദിവസം ളുഹ്ര്‍ നിസ്കാരാനന്തരം സ്വഹാബികളുടെ ഖബര്‍ തുറക്കുന്നതാണ്.’
പത്രദ്വാരാ ഈ വാര്‍ത്ത പുറത്തുവന്നതോടെ മുസ്‌ലിം രാജ്യങ്ങളിലെല്ലാം മിന്നല്‍ വേഗത്തില്‍ പ്രചരിച്ചു. റോയിട്ടര്‍ പോലെയുള്ള രാഷ്ട്രാന്തരീയ ന്യൂസ് ഏജന്‍സികള്‍ ഈ സുവര്‍ണാവസരം ഒട്ടും പാഴാക്കാതെ തികച്ചും ഉപയോഗപ്പെടുത്തി. അതൊരു ഹജ്ജ് കാലമായിരുന്നു. തല്‍ഫലമായി മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകള്‍ പരിശുദ്ധ ഹറമൈനി ശരീഫൈനിയില്‍ തടിച്ചു കൂടിയിരുന്നു. അവരോരോരുത്തരും ഇങ്ങനെ അപേക്ഷിക്കുവാന്‍ തുടങ്ങി: “മഹാരാജാവേ, ബഹു. സ്വഹാബികളുടെ ജനാസയെ അനുഗമിക്കുന്നതിന്റെ പുണ്യം ഞങ്ങള്‍ക്കും സിദ്ധിക്കുവാന്‍ വേണ്ടി ആ സുദിനം ഹജ്ജിനു ശേഷമാക്കിയാലും.’ ഇത്തരം അപേക്ഷകള്‍ ഹിജാസ്, സിറിയ, ഈജിപ്ത്, ലബനാന്‍, ഫലസ്തീന്‍, ഇറാന്‍, ബല്‍ഗേറിയ, ആഫ്രിക്ക, റഷ്യ മുതലായ നിരവധി രാജ്യങ്ങളില്‍ നിന്നും ഇറാഖ് രാജാവിന് കണക്കില്ലാതെ ലഭിച്ചു.
തുടര്‍ന്ന് രാജാവ് ദിവസം നീട്ടുകയും ഖബറില്‍ വെള്ളമെത്തുന്നത് തടയാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. തിങ്കളാഴ്ച 12 മണിക്ക് ഖബര്‍ തുറന്നു. ഹുദൈഫ(റ)വിന്റെ ശരീരം ക്രൈന്‍ ഉപയോഗിച്ച് പൊക്കിയെടുത്തു സ്ട്രെച്ചറില്‍ വെച്ചു. ഫൈസല്‍ രാജാവ്, മുഫ്തി, തുര്‍ക്കി അംബാസിഡര്‍, മിസ്റിലെ ഫാറൂഖ് രാജകുമാരന്‍ എന്നിവര്‍ ചുമലുകളില്‍ ജനാസ വഹിച്ചു. ഒരു പളുങ്ക്പെട്ടിയില്‍ കിടത്തിയ ശേഷം ജാബിര്‍(റ)ന്റെ ജനാസയും അപ്രകാരം പൊക്കിയെടുത്തു. മഹാത്മാക്കളുടെ പരിശുദ്ധ ദേഹങ്ങള്‍ മൂടിയിരുന്ന വസ്ത്രങ്ങള്‍ക്കോ മുഖത്തുള്ള രോമങ്ങള്‍ക്കു തന്നെയോ യാതൊരുവിധ സ്ഥിതിഭേദവും സംഭവിച്ചിരുന്നില്ല. ജനാസ കണ്ട ഒരാളെങ്കിലും അത് 1300 കൊല്ലത്തെ പഴക്കമുള്ളതാണെന്ന് പറയാന്‍ ധൈര്യപ്പെടില്ല. രണ്ട് മഹാന്‍മാരുടെയും ഉല്‍കൃഷ്ട നേത്രങ്ങള്‍ പറ്റേ തുറന്നായിരുന്നു. സ്ഥലത്ത് സന്നിഹിതരായിരുന്ന യോഗ്യന്മാരായ ഡോക്ടര്‍മാര്‍ ആ കണ്ണുകളുടെ അദ്ഭുതം കണ്ടമ്പരന്നു പോവുകയാണുണ്ടായത്. നേത്ര വിദഗ്ധന്‍മാരില്‍ അഗ്രഗണ്യനും ലോകപ്രസിദ്ധനുമായ ഒരു ജര്‍മന്‍ ഡോക്ടര്‍ അങ്ങേ അറ്റത്തെ ഉല്‍സാഹത്തോടെ, ജനാസ പളുങ്കുപെട്ടിയില്‍ വെച്ചപ്പോള്‍ തിക്കിത്തിരക്കിവന്നു മുഫ്തിയുടെ കൈ പിടിച്ചു പറഞ്ഞു: നിങ്ങളുടെ മതം സത്യ മാണെന്നതിന് ശ്രേഷ്ഠന്‍മാരായ ഈ സ്വഹാബാക്കളെക്കാള്‍ മറ്റെന്തു ലക്ഷ്യം വേണം? അതുകൊണ്ട് ഞാനിതാ ഇസ്‌ലാം സ്വീകരിക്കുന്നു…’
ലേഖനത്തില്‍, ഒരു ജര്‍മന്‍ ഫിലിം കമ്പനി ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് സിനിമാ ശാലകളില്‍ പ്രദര്‍ശിപ്പിച്ചതായും പരാമര്‍ശിക്കുന്നുണ്ട്. ഖബറിടത്തില്‍ നടക്കുന്നത് തടിച്ചു കൂടിയ മഹാസഞ്ചയത്തിന് കാണാന്‍ നാലു സ്ക്രീനുകള്‍ സംവിധാനിക്കുകയും ചെയ്യുകയുണ്ടായി. നിരവധി ജൂതക്രൈസ്തവ കുടുംബങ്ങള്‍ ഈ സംഭവത്തെ തുടര്‍ന്ന് സത്യവിശ്വാസം സ്വീകരിച്ചത്, സുന്നിടൈംസിലേതിനു പുറമെ പാക് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനിയുടെ ജഹാനെ ദീദയിലും പരാമര്‍ശിച്ചുകാണാം.

Exit mobile version