സ്വഹീഹുൽ ബുഖാരി: ഹദീസ് ഗ്രന്ഥങ്ങളിലെ വിസ്മയം

ഇസ്ലാമിക പ്രമാണങ്ങളിൽ ഖുർആൻ കഴിഞ്ഞാൽ പ്രഥമ പരിഗണന ഹദീസിനാണ്. തിരുനബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദങ്ങൾ, നിരോധനകൾ, സൂചകങ്ങൾ എന്നിവയെല്ലാമാണ് ഹദീസ്. ഇലാഹിയ്യായ രഹസ്യങ്ങളടങ്ങിയ ഖുർആനിന്റെ വ്യാഖ്യാനം കൂടിയാണ് തിരുവചനങ്ങൾ. ഹദീസിലൂടെ ഖുർആനിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും ആശയങ്ങളും മനസ്സിലാക്കാം. ആഇശ ബീവി(റ)യോട് തിരുനബി(സ്വ)യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഖുർആനാണ് അവിടത്തെ സ്വഭാവമെന്നായിരുന്നു’ മറുപടി. ഏറ്റവും മികച്ച ഖുർആൻ വ്യാഖ്യാനമായി ജീവിച്ച തിരുദൂതരുടെ ജീവിതം വരുംകാലത്തിന് സമർപിക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് സ്വഹാബാക്കൾ. തിരുജന്മം മുതൽ വഫാത്ത് വരെയുള്ള ജീവിതം അവരുടെ ഹൃത്തടങ്ങളിൽ കല്ലിൽ കൊത്തിവെച്ച പോലെ സുരക്ഷിതമായി. തുറന്ന പുസ്തകമായിരുന്നു നബി(സ്വ)യുടെ ജീവിതം. സ്വകാര്യ ജീവിതം പോലും അനുയായികൾക്ക് പാഠമാവാൻ വേണ്ടി കൂടെയുള്ളവർ പകർത്തി.
എഴുത്തും വായനയും അറിയുന്നവർ കുറവായിരുന്ന ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച സ്വഹാബത്തിന്റെ മനപ്പാഠശേഷിയെ കുറിച്ചുള്ള ചരിത്രശകലങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ഇബ്‌നു റബീഅയുടെ എഴുപത്തിയഞ്ച് വരികളിൽ വിരചിതമായ കവിത ഒരു തവണ കേട്ടയുടനെ മനപ്പാഠമാക്കിയ ഇബ്‌നു അബ്ബാസി(റ) ഉൾപ്പെടെയുള്ളവരാണ് നബിജീവിതം വള്ളിപുള്ളി പിഴക്കാതെ ലോകത്തിനു പകർന്നത്. അസാധാരണമായ ഈ ഗ്രാഹ്യശക്തി കൈമുതലുള്ളതിനാലാണ് തിരുവചനങ്ങൾ ക്രോഡീകരിക്കാത്തതിലുള്ള ഭയം നബിശിഷ്യരെ പിടികൂടാതിരുന്നത്. പരിശുദ്ധ ഖുർആൻ ക്രോഡീകൃതമാകുന്ന കാലമായതിനാൽ ഹദീസുകൾ ഖുർആനുമായി കൂടിക്കലരുമോ എന്ന ഭയവും അവരെ പിന്തിരിപ്പിച്ചതായി ചരിത്ര രേഖകൾ പറയുന്നു. എങ്കിലും തിരുജീവിതം കുറ്റമറ്റ വിധം അടുത്ത തലമുറക്ക് കൈമാറാൻ അവർ മറന്നില്ല.
സ്വഹാബാക്കളുടെ കാലത്തും ചിലയിടങ്ങളിൽ ഹദീസ് രേഖപ്പെടുത്തിവെച്ചിരുന്നു. തിരുദൂതരിൽ നിന്ന് കണ്ടതും കേട്ടതുമൊക്കെ രേഖപ്പെടുത്തിയ അബ്ദുല്ലാഹിബ്‌നു അംറ്(റ)നെ സ്വഹാബാക്കളിൽ ചിലർ വിമർശിച്ചപ്പോൾ തിരുദൂതർ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘നിങ്ങൾ എഴുതൂ. എന്നെ നിയന്ത്രിക്കുന്നവൻ തന്നെ സത്യം, സത്യവചനങ്ങൾ മാത്രമേ ഞാൻ ഉരുവിടുകയുള്ളൂ.’ ഹദീസ് ക്രോഡീകരണത്തിനുള്ള തിരുനബി(സ്വ)യുടെ സമ്മതം കൂടിയായിരുന്നു ഈ വാക്കുകൾ.
താബിഉകളുടെ അവസാനഘട്ടത്തിൽ പുത്തനാശയക്കാരുടെ കടന്നുവരവും, ഹദീസുകളിലെ കൈകടത്തലുകളും നബിവചനങ്ങളുടെ ക്രോഡീകരണത്തിലേക്ക് വഴിതെളിച്ചു. വ്യത്യസ്ത നാടുകളിൽ ഹദീസിൽ അവഗാഹമുള്ള പണ്ഡിതന്മാർ വളർന്നുവന്നത് ഇതിനൊരു അനുകൂല ഘടകവുമായി. ഖുർആൻ ക്രോഡീകരണത്തിന് ഉമറുബ്‌നുൽ ഖത്വാബ്(റ) മുന്നിട്ടിറങ്ങിയതു പോലെ ഹദീസ് ക്രോഡീകരണത്തിന് ഉമറുബ്നു അബ്ദുൽ അസീസ്(റ) മുന്നോട്ടുവന്നു. എല്ലാ വിജ്ഞാന ശാഖകളും തിരുദൂതരുടെ കാലത്തുതന്നെ ഉണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ എണ്ണത്തിലെ കുറവും വളരെ കുറഞ്ഞ പ്രദേശത്തെ അവരുടെ ജീവിതവും നിമിത്തം വൈജ്ഞാനിക നഷ്ടം ഭയക്കാത്തതിനാൽ അവ ക്രോഡീകൃതമായില്ല. പിന്നീട് മുസ്‌ലിംകളുടെ എണ്ണം വർധിക്കുകയും ഭൂപ്രദേശം വികസിക്കുകയും ചെയ്തപ്പോൾ ക്രോഡീകരണം അനിവാര്യമായി. വിഘടിത സംഘങ്ങളുടെ കടന്നുവരവും വികലാശയങ്ങളുടെ വ്യാപന പ്രതിരോധവും അനിവാര്യമായപ്പോൾ പണ്ഡിതന്മാർ ഇതിനു മുന്നോട്ടുവന്നു.
വിജ്ഞാന ശാഖകളെ പണ്ഡിതർ വ്യത്യസ്ത മേഖലകളാക്കി തിരിച്ചു. ഇൽമുൽ കലാം, കർമശാസ്ത്രം, ഹദീസ്, ഖുർആൻ വ്യാഖ്യാനം തുടങ്ങി വിവിധങ്ങളായ വിഭജനം വരുന്നത് ഇവിടെവെച്ചാണ്. മുൻകാലക്കാർക്ക് ഈ വിഷയങ്ങളിലൊന്നും അറിവുണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം. വിജ്ഞാന ശാഖകളുടെ സാങ്കേതിക വേർതിരിവ് ആ ഘട്ടത്തിൽ സംഭവിച്ചു എന്ന് മാത്രമാണ്.
രണ്ട്, മൂന്ന്, നാല് നൂറ്റാണ്ടുകളിൽ ഹദീസ് മേഖല വിപ്ലവകരമായ നേട്ടങ്ങൾ കൈവരിച്ചു. സഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം ഉൾപ്പെടുന്ന സ്വിഹാഹുസ്സിത്തയുടെ ഉദയത്തിന് ജ്ഞാനലോകം സാക്ഷിയായി. അബൂഅബ്ദില്ലാഹ് അന്നൈസാബൂരി, ദാറഖുത്‌നി, ഇബ്‌നു ഹിബ്ബാൻ, ത്വബ്റാനി തുടങ്ങിയ പണ്ഡിത കേസരികൾ നാലാം നൂറ്റാണ്ടിന്റെ സംഭാവനയാണ്.
നാലാം ശതകത്തിനു ശേഷം ഹദീസ് സമന്വയ ശ്രമങ്ങളാണ് നടന്നത്. മുഹമ്മദ് ബിൻ അബ്ദുല്ലാഹിൽ ഖത്വീബ്(റ)ന്റെ മിശ്കാത്തുൽ മസാബീഹും ഇമാം ബൈഹഖി(റ)യുടെ സുനനുൽ കുബ്‌റയും ഇബ്‌നു ഖർറാത്വി(റ)ന്റെ അൽഅഹ്കാമുസ്സുഗ്‌റയുമാണ് നാലാം നൂറ്റാണ്ടിന് ശേഷം വിരചിതമായ ഹദീസ് ഗ്രന്ഥങ്ങൾ. ഇസ്‌ലാമിലെ രണ്ടാം പ്രമാണമായ ഹദീസിന്റെ ക്രോഡീകരണം ആദ്യ നൂറ്റാണ്ടിൽ വ്യാപകമായിരുന്നില്ലെന്നു സാരം. അവ ഹൃദയത്തിൽ സൂക്ഷിച്ച തിരുസ്വഹാബാക്കൾ ഒരു കേടും സംഭവിക്കാതെ അത് താബിഉകൾക്ക് കൈമാറുകയും അവത് ലോകജനതക്ക് വേണ്ടി ക്രോഡീകൃത സ്വഭാവത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്യുകയാണുണ്ടായത്. ഇതിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി.

സ്വഹീഹിലേക്കുള്ള വഴികൾ

ജ്ഞാനം തേടിയുള്ള ദീർഘ യാത്രകൾ ഇമാം ബുഖാരി(റ)യുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ്. പ്രവിശാലമായ ഹിജാസിലെ ഒട്ടുമിക്ക ഗ്രാമങ്ങളും സന്ദർശിക്കുകയും ഹദീസ് പണ്ഡിതരെ കണ്ടെത്തി ചർച്ച നടത്തുകയും സഹവാസം സ്ഥാപിക്കുകയും ചെയ്തു. ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാൻ, നൈസാബൂർ തുടങ്ങിയ വിജ്ഞാന നഗരങ്ങളും മഹാൻ തിരുവചനങ്ങൾക്ക് വേണ്ടി നടന്നുതീർത്തു. ‘ആയിരത്തി എൺപത് ഗുരുക്കളിൽ നിന്ന് ഞാൻ വിദ്യയഭ്യസിച്ചു. അവരെല്ലാം ഹദീസ് പണ്ഡിതരായിരുന്നു’ എന്ന് താരീഖ് ബഗ്ദാദിൽ ഉദ്ധരിക്കുന്നതു കാണാം. സ്വർഗത്തിലേക്കുള്ള പാത ദുർഘടമായതിനാൽ തന്നെ മഹാന്റെ ജീവിതം പരീക്ഷണങ്ങളിൽ നിന്ന് മുക്തമായിരുന്നില്ല. ആരോപണങ്ങൾ പടച്ചുണ്ടാക്കിയ ശത്രുക്കളുടെ കുതന്ത്രങ്ങളും പുത്തനാശയക്കാരുടെ ഒളിയമ്പുകളും ഇമാമിനെ വിടാതെ പിന്തുടർന്നു. അവസാനം സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥ പോലും സംജാതമായി.
അസാധാരണമായ ഓർമശക്തിയുടെ ഉടമയായിരുന്നു മഹാൻ. സ്വഹീഹായ ഒരു ലക്ഷം ഹദീസുകളും അതിന്റെ താഴെയുള്ള രണ്ടു ലക്ഷം ഹദീസുകളും ഇമാമിന് മനഃപാഠമായിരുന്നെന്ന് ഗ്രന്ഥങ്ങളിൽ കാണാം. അപാരമായ ഓർമശക്തിക്ക് വല്ല ചികിത്സയും നടത്തുന്നുണ്ടോ എന്ന് അത്ഭുതപ്പെട്ടയാളോട് അദ്ദേഹം പറഞ്ഞു: ‘നിതാന്ത ജാഗ്രതയും ആഴത്തിലുള്ള ചിന്തയുമുണ്ടെങ്കിൽ ഓർമശക്തി വികസിക്കും.’ രാത്രി ഉറക്കിനിടയിൽ പതിനഞ്ചും ഇരുപതും തവണയൊക്കെ ഞെട്ടി എഴുന്നേറ്റ് വിജ്ഞാനം രേഖപ്പെടുത്തിവെക്കാറുണ്ടായിരുന്നുവെന്ന് സന്തതസഹചാരികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രധാന ശിഷ്യൻ മുഹമ്മദ് ബിൻ യൂസുഫ് അൽഫിറബ്രി പറയുന്നതായി കാണാം: തിരുനബി(സ്വ) നടന്നുപോകുന്നതായി ഞാൻ സ്വപ്നത്തിൽ ദർശിച്ചു. പിന്നിൽ ഇമാം ബുഖാരിയുമുണ്ടായിരുന്നു. നബി(സ്വ)യുടെ കാൽപാദങ്ങൾ അതേ രൂപത്തിൽ ഇമാം പിന്തുടരുന്നതായി ഞാൻ കണ്ടു. തിരുദൂതരെ അനുധാവനം ചെയ്യുന്നതിലുള്ള ജാഗ്രതയും തിരു സ്നേഹത്തിലുള്ള മഹാന്റെ ഉയർച്ചയുമാണ് സ്വപ്നസാരം. ത്വബീബുൽ ഹദീസ് എന്നും ഇമാം അറിയപ്പെട്ടു. ഒരു ഹദീസ് ലഭിച്ചാൽ അതിന്റെ രോഗവും ആരോഗ്യവും മനസ്സിലാക്കാനുള്ള വൈദഗ്ധ്യമായിരുന്നു കാരണം.

സ്വഹീഹുൽ ബുഖാരി

അൽജാമിഅ് അൽമുസ്‌നദ് അസ്സ്വഹീഹ് അൽമുഖ്ത്വസർ മിൻ ഉമൂരി റസൂലില്ലാഹി വസുനനിഹി വ അയ്യാമിഹി എന്നാണ് സ്വഹീഹുൽ ബുഖാരിയുടെ പൂർണനാമം. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യത ലഭിച്ച ഗ്രന്ഥം ബുഖാരിയാണെന്നതിൽ സംശയമില്ല. ഇമാം ബുഖാരി(റ)യെ അതുല്യനാക്കുന്നതും ഈ രചന തന്നെ. സ്വഹീഹ്, ഹസൻ, ളഈഫ് ഹദീസുകളെല്ലാം സമ്മിശ്രമായ രീതിയായിരുന്നു ഹദീസ് ഗ്രന്ഥങ്ങൾ പൊതുവെ അക്കാലത്തുണ്ടായിരുന്നത്. ഇതിൽ നിന്ന് വ്യതിരിക്തമായി സ്വഹീഹ് മാത്രം ഉൾപ്പെടുത്തി ഗ്രന്ഥം രചിക്കണമെന്ന ചിന്ത ഇമാമിൽ ശക്തമായിരുന്നു. ഗുരുവര്യരായ ഇസ്ഹാഖ് ബിൻ റാഹവൈഹിയുടെ അംഗീകാരം കൂടിയായപ്പോൾ ആത്മധൈര്യം കൈവന്നു. അതിനിടെ, ഇമാം വിശറി ഉപയോഗിച്ച് തിരുനബി(സ്വ)യിൽ നിന്ന് പ്രാണികളെ ആട്ടിയകറ്റുന്ന സ്വപ്നം ദർശിക്കുകയുമുണ്ടായി. ഹദീസുകളിലെ വ്യാജങ്ങളെ താങ്കൾ തടയുമെന്നതാണ് സ്വപ്നത്തിന്റെ വ്യാഖ്യാനമെന്ന് പണ്ഡിതന്മാർ അംഗീകാരം നൽകുകയുണ്ടായി. ഈ സ്വപ്നം ഇമാമിനെ സ്വാധീനിച്ചു. തുടർന്ന് 16 വർഷത്തെ കഠിന തപസ്യക്കൊടുവിൽ സ്വഹീഹുൽ ബുഖാരി പിറവിയെടുത്തു. ഓരോ ഹദീസ് രേഖപ്പെടുത്തുമ്പോഴും അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിക്കുമായിരുന്നു. ഇത് തിരുവരുളുകളോടുള്ള ആദരവ് വ്യക്തമാക്കുന്നു. രചന കുറച്ചു സമയത്തേക്ക് നിർത്തിവെച്ച ശേഷം പുനരാരംഭിക്കുമ്പോഴും ബിസ്മി ചൊല്ലുമായിരുന്നു. ഇക്കാരണത്താലാണ് നിരവധി സ്ഥലങ്ങളിൽ ബിസ്മി ആവർത്തിക്കുന്നത്. നൂറുകണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങൾ സഹീഹുൽ ബുഖാരിയുടേതായി കാണാം. ഇതും ഗ്രന്ഥത്തിന്റെ സ്വീകാര്യത വിളിച്ചോതുന്നു. ഇബ്നു ഹജറുൽ അസ്ഖലാനി(റ)യുടെ ഫത്ഹുൽ ബാരി, ഇമാം ജലാലുദ്ദീൻ സുയൂത്വി(റ)യുടെ അത്തൗശീഹ് തുടങ്ങിയവ അവയിൽ പ്രധാനം.

 

അൽവാരിസ് നിഹാൽ നൗഫൽ

 

Exit mobile version