മോശയുടെ സഹോദരൻ അഹറോൻ (ഹാറൂൻ) ആണ് ഇസ്‌റാഈല്യർക്ക് പശുക്കുട്ടിയുടെ സ്വർണവിഗ്രഹം നിർമിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. എന്നാൽ, സാമിരി(ശമരിയക്കാരൻ) ആണെന്നാണ് ഖുർആൻ ഭാഷ്യം. ബൈബിൾ പറഞ്ഞതിന് വിരുദ്ധമായി പിൽക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോൾ ഖുർആൻ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്?
?? ബൈബിളിൽ (പുറപ്പാട് 32:16) അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിതെന്ന് പറയുന്നു. ഖുർആനിൽ (20:88) സാമിരിയാണ് എന്നും പറയുന്നു.
ബൈബിളിൽ പറഞ്ഞതു പോലെയല്ല വിശുദ്ധ ഖുർആനിലുള്ളതെന്നത് ഖുർആനിൽ പറഞ്ഞത് തെറ്റാണെന്നതിന്റെ തെളിവാകുന്നതെങ്ങനെയാണ്?
അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിൾ പറയുന്നത് ശരിയാകണമെങ്കിൽ ഒന്നുകിൽ ദൈവം പറയണം, അല്ലെങ്കിൽ അഹറോൻ അത് നിർമിക്കുന്നത് കണ്ടയാൾ പറയണം? പക്ഷേ, ആ ബൈബിൾ രചയിതാവ് ആരാണ്? അയാൾ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? എന്താണതിന് തെളിവ്?
ആണെങ്കിൽ തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയായിരുന്നുവോ? അല്ലെങ്കിൽ സാക്ഷിയായവരെ അദ്ദേഹം കണ്ടിരുന്നോ? കണ്ടവരെ കണ്ടവരെ കണ്ടിരുന്നോ? ആരൊക്കെയാണവർ? അവരൊക്കെ സത്യസന്ധരാണോ? അതല്ല, പുറപ്പാട് ദൈവം അവതരിപ്പിച്ച് കൊടുത്ത ‘തോറ’യാണെന്നാണോ വാദം? അങ്ങനെയെങ്കിൽ ‘തോറ’ വാങ്ങാൻ പോയതും വന്നതും ശേഷമുള്ള സംഭവങ്ങളും ഇടയിൽ നടന്ന സംഭവവും (ഇത് അത്തരം ഒരു സംഭവമാണ്) എങ്ങനെയാണ് തോറയിൽ ഉണ്ടാവുന്നത്? മോശ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കല്ലറ എവിടെയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ പോലും പഴയ നിയമത്തിൽ കാണാം. അപ്പോൾ അതെങ്ങനെയാണ് മോശക്ക് അവതരിച്ച ഗ്രന്ഥമാകുന്നത്?
വിഗ്രഹാരാധനക്ക് വേണ്ടി പശുക്കുട്ടിയെ ഉണ്ടാക്കിയത് ഹാറൂനാണെന്ന് ബൈബിളിലുണ്ടെങ്കിൽ, ബൈബിളിൽ അബദ്ധങ്ങളുണ്ടെന്നതിനും അത് ദൈവികമല്ല എന്നതിനുമാണ് തെളിവായിത്തീരുന്നത്. കാരണം ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്ത ദാസനാണ് ഹാറൂൻ. ഖുർആനും ബൈബിളും(പുറപ്പാട് 28: 1) ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. പാപങ്ങളിൽ ഏറ്റവും നികൃഷ്ടമാണ് വിഗ്രഹാരാധനയെന്നും ഇരു ഗ്രന്ഥങ്ങളും സിദ്ധാന്തിക്കുന്നുണ്ട്. ജനങ്ങളെ നന്നാക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ തന്നെ ആ വൃത്തികേട് ചെയ്യുന്നുവെന്നത് പ്രവാചകന് മാത്രമല്ല, ദൈവത്തിന് തന്നെയും ന്യൂനതയല്ലേ?
ഹാറൂൻ പശുരൂപം നിർമിച്ച് ആരാധന ചെയ്തുവെങ്കിൽ ബൈബിളിൽ വൈരുധ്യങ്ങളുണ്ട് എന്നതിനും അത് തെളിവാണ്. കാരണം എനിക്കെതിരെ പാപം ചെയ്തവന്റെ പേര് തന്റെ പുസ്തകത്തിൽ നിന്ന് തുടച്ച് നീക്കും എന്ന് ബൈബിളിൽ (പുറപ്പാട് 32: 33)ൽ കാണാം.
തന്റെ പുസ്തകത്തിൽ നിന്ന് അഹറോന്റെ പേര് ദൈവം തുടച്ച് നീക്കിയോ? ഇല്ല! പ്രത്യുത ഈ സംഭവത്തിന് ശേഷം കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടിയയാളായാണ് അദ്ദേഹത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്.
പശുക്കുട്ടിയുടെ കാര്യത്തിൽ ക്ഷുഭിതനായ മൂസാ നബി പ്രതികൾക്ക് വധശിക്ഷ വിധിച്ച കാര്യം ബൈബിളിൽ കാണാം (32: 25-28). എന്നിട്ട് അഹരോൻ ശിക്ഷിക്കപ്പെട്ടോ? പശുക്കുട്ടിയെ നിർമിച്ചയാൾക്കല്ലേ ഏറ്റവും കൊടിയ ശിക്ഷ നൽകേണ്ടിയിരുന്നത്? എന്തുകൊണ്ട് നൽകിയില്ല?
ഒന്നുകിൽ മോശെ പക്ഷപാതിത്വം കാണിച്ചു, അതായത് ദൈവം അനീതി ചെയ്തു എന്ന് പറയേണ്ടിവരും. അതല്ലെങ്കിൽ ബൈബിളിൽ പറഞ്ഞ പശുക്കുട്ടി നിർമാണത്തിന്റെ കർതൃത്വം ഹാറൂനിനെ ഏൽപ്പിക്കുന്ന പ്രസ്താവന ശരിയല്ലെന്ന് പറയേണ്ടി വരും.
ലേവിയരാണ് വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ ഉടപ്പിറപ്പുകളെയാണ് കൊല്ലാനുള്ളത്. എന്നിട്ടും ആരും ഹാറൂനിനെ കൊല്ലാതിരുന്നത് എന്ത്! അല്ലെങ്കിൽ ഹാറൂനിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതമാണ്; ഹാറൂൻ ആ സംഭവത്തിൽ പ്രതിയല്ല. ബൈബിളിലാണ് വിഷയത്തിൽ അബദ്ധം സംഭവിച്ചത്. പിന്നെ ആരാണ് യഥാർത്ഥ പ്രതി? ബൈബിൾ വാസ്തവ വിരുദ്ധമായി ഉദ്ധരിച്ച കാര്യത്തിന്റെ യാഥാർത്ഥ്യം ഖുർആൻ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അതേ, സാമിരിയാണ് പശുവിഗ്രഹം നിർമിച്ചത്. ഖുർആനിക പ്രസ്താവനയിൽ മേൽ പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമേ ഇല്ല.
ചുരുക്കത്തിൽ, സാമിരിയാണ് പശുക്കുട്ടിയെ നിർമിച്ചതെന്ന പ്രസ്താവന ഖുർആനിലെ അബദ്ധമല്ല; പ്രത്യുത ബൈബിളിൽ ചിലർ എഴുതിച്ചേർത്ത അബദ്ധത്തിന്റെ കൃത്യമായ എഡിറ്റിംഗാണ്. ‘തുച്ഛമായ കാര്യലാഭങ്ങൾക്ക് വേണ്ടി സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിങ്കൽ നിന്നാണെന്ന് പറയുകയും ചെയ്യുന്നവനാണ് മഹാനാശം’ (വി.ഖു 2: 79).
ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി