കൂട്ടുകാരനില്‍ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ മാപ്പാക്കാന്‍ കഴിയുകയെന്നത് സൗഹാര്‍ദത്തില്‍ പ്രധാനമാണ്. അവന്‍റെ തെറ്റ് ദീനിയ്യായ വിഷയത്തിലാണെങ്കിലോ എന്നൊരു ചോദ്യം ചിലര്‍ ഉന്നയിച്ചേക്കാം. പരമാവധി അവനെ നന്നാക്കുന്നതിനായി യുക്തിപൂര്‍വം ഇടപെടുകയാണ് നമുക്ക് ചെയ്യാവുന്നതെന്നാണ് അതിനുള്ള മറുപടി. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ സ്വഹാബത്തും താബിഉകളും കാണിച്ചുതന്ന മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ച് മുന്നോട്ടുനീങ്ങുക. ഒന്നുകില്‍ ബന്ധവിച്ഛേദനം, അല്ലെങ്കില്‍ സ്നേഹം നിലനിര്‍ത്തി നീങ്ങല്‍.
അബൂദര്‍റ്(റ) ഒന്നാം കക്ഷികളില്‍ പെട്ട സ്വഹാബിയാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ: നിന്‍റെ സുഹൃത്തിന് ധാര്‍മികതയില്‍ മാറ്റം വന്നാല്‍ അവനെ മുമ്പ് സ്നേഹിച്ചിരുന്ന പോലെ ഇപ്പോള്‍ വെറുക്കുകയും ചെയ്യുക. എന്നാല്‍ അബുദ്ദര്‍ദാഅ്(റ)വിന്‍റെയും വലിയൊരു സംഘം സ്വഹാബത്തിന്‍റെയും നിലപാട് മറിച്ചാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ: കൂട്ടുകാരന് മാറ്റം വന്നെന്നു കരുതി നീ അവനെ വെടിയരുത്. നിന്‍റെ സുഹൃത്തിന് ചിലപ്പോള്‍ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായേക്കാമെന്നോര്‍ക്കുക. ചിലപ്പോള്‍ അവന്‍ നേരെചൊവ്വേ ആകുന്നുമുണ്ടല്ലോ.
ഇബ്റാഹീമുന്നഖഈ(റ) പറയുന്നു: ഒരു തെറ്റു പറ്റിയെന്ന് കരുതി സുഹൃത്തിനെ നീ ഒഴിവാക്കരുത്. ഇന്നത്തെ തെറ്റ് നാളെ അവനൊഴിവാക്കിയേക്കാമല്ലോ. തിരുനബി(സ്വ) പറഞ്ഞു: പണ്ഡിതന് പിണയുന്ന പാതകത്തെ നിങ്ങള്‍ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക. അവനുമായി ബന്ധവിച്ഛേദമരുത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് നിങ്ങള്‍ കാത്തിരിക്കുക (ബഗ്വി-മുഅ്ജം, ഇബ്നു അദിയ്യ്-കാമില്‍).
ഒരിക്കല്‍ ശാമിലെത്തിയ ഉമര്‍(റ) തന്‍റെ പഴയൊരു സുഹൃത്തിനെ പറ്റി അന്വേഷിച്ചു. അവന്‍ പിശാചിന്‍റെ കൂട്ടുകാരനായിരിക്കുന്നുവെന്ന് ആരോ പറഞ്ഞു. ഉടന്‍ ഉമര്‍(റ) തിരുത്തി: ‘അങ്ങനെ പറയരുത്.’
‘എങ്ങനെ പറയാതിരിക്കും. അവനിപ്പോള്‍ മദ്യപാനി വരെയായിരിക്കുന്നു’- നാട്ടുകാര്‍.
ഖലീഫ: ‘അവന്‍ സ്വബോധത്തിലേക്കു വരുന്ന സന്ദര്‍ഭം എന്നെ അറിയിക്കുക.’
പിന്നെ, അവനായി ഇങ്ങനെയൊരു കുറിപ്പ് മഹാന്‍ എഴുതിവച്ചു: ബിസ്മില്ലാഹ്, ഉന്നതനും പ്രതാപിയുമായ അല്ലാഹുവില്‍ നിന്നുള്ള അവതരണമാണീ ഖുര്‍ആന്‍. പശ്ചാത്താപം സ്വീകരിക്കുന്ന, അപരാധികളെ ശക്തമായി ശിക്ഷിക്കുന്ന അല്ലാഹുവില്‍ നിന്ന്…(ഗാഫിര്‍: 1-3). ഖുര്‍ആന്‍ വചനങ്ങള്‍ വായിച്ച് സുഹൃത്ത് പൊട്ടിക്കരഞ്ഞുപോയി. ഉടന്‍ പ്രതിജ്ഞ ചെയ്തു: അല്ലാഹു സത്യം പറയുന്നു, ഉമര്‍ എന്നെ ഉപദേശിക്കുന്നു, ഞാനിതാ തൗബ ചെയ്തു മടങ്ങുന്നു. അയാള്‍ നന്മപൂകി.
ചരിത്രത്തില്‍ കാണാം. രണ്ടു ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ വഴിതെറ്റാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പെട്ട ആരോ അപരനോട് തിരക്കി: ഈ സ്ഥിതിയില്‍ നീ അവനെ വെടിയുമോ, അതോ ബന്ധം തുടരുമോ? അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘എങ്ങനെ വെടിയും? ഈ സന്ദര്‍ഭത്തിലല്ലേ എന്നെ അവന് കൂടുതല്‍ ആവശ്യം. ഞാന്‍ അവനുമായി ബന്ധം തുടരും. സ്നേഹത്തില്‍ അവനെ പറഞ്ഞുതിരുത്തി നന്മയിലേക്ക് കൊണ്ടുവരും.’
ബനൂ ഇസ്റാഈല്‍ ചരിത്രത്തില്‍ ഭക്തരായ രണ്ട് സുഹൃത്തുക്കളുടെ സംഭവമുണ്ട്. ഇരുവരും മലമുകളില്‍ തികഞ്ഞ സൗഹൃദത്തില്‍ ഇബാദത്തിലായി കഴിഞ്ഞുകൂടുകയായിരുന്നു. ഒരു ദിവസം അതിലൊരാള്‍ കുറച്ചു മാംസം വാങ്ങാനായി കുന്നിറങ്ങി. വഴിമധ്യേ അയാളൊരു സുന്ദരിയില്‍ കണ്ണുടക്കി. പ്രണയവും കാമവും മൊട്ടിട്ടു. മൂന്നുനാള്‍ അവളുമായി സല്ലപിച്ചു. തീര്‍ത്തും അവിഹിതമായ ബന്ധം. ഒടുവില്‍ സുബോധം വന്നപ്പോള്‍ മാനഹാനിയോര്‍ത്ത് സുഹൃത്തിനരികിലേക്ക് തിരിച്ചുപോകാന്‍ മടിയായി.
ദിവസങ്ങളായിട്ടും സുഹൃത്തിനെ കാണാതെ വിഷണ്ണനായ സാത്വികന്‍ തിരക്കിയിറങ്ങി. പിഴച്ച പെണ്ണിനൊപ്പം ഗ്രാമത്തിലൊരു ചെറ്റപ്പുരയില്‍ കണ്ടപ്പോള്‍ ആദ്യമൊന്നമ്പരന്നു. സുഹൃത്തിന്‍റെ മനോഗതം മനസ്സിലാക്കിയ സാത്വികന്‍ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചു. ജാള്യനും നിന്ദ്യനുമായി തല താഴ്ത്തിയ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘കൂട്ടുകാരാ, എണീക്കുക. നമുക്കു പഴമയിലേക്കു തന്നെ മടങ്ങാം. എല്ലാം ഞാനറിഞ്ഞു. എങ്കിലും നിന്നെ ഒഴിവാക്കുമെന്നു കരുതരുത്. നിന്നെ തിരഞ്ഞു കണ്ടെത്തിയ ഈ നിമിഷത്തെക്കാള്‍ വിലപ്പെട്ടൊരു സന്ദര്‍ഭം എന്‍റെ ജീവിതത്തിലില്ല. നീ എനിക്കു പ്രിയങ്കരന്‍ തന്നെയാണ്. വരൂ, നമുക്ക് മല മുകളിലേക്കു പോകാം.’ ആത്മസുഹൃത്തിന്‍റെ ക്ഷണം അയാളുടെ മനം കുളിര്‍പ്പിച്ചു. പശ്ചാത്താപ വിവശനായി എണീറ്റു. സുന്ദരിയുടെ കാമനകളെ ആഖിറത്തിനായി ത്യജിച്ചു.
തെറ്റു ചെയ്യുന്ന കൂട്ടുകാരനെയല്ല, അവന്‍റെ പാപത്തെയാണ് നാം വെറുക്കേണ്ടത്. തിരുനബി(സ്വ)യോട് അല്ലാഹു നിര്‍ദേശിച്ചു: അവര്‍ താങ്കള്‍ക്കെതിരു പ്രവര്‍ത്തിച്ചാല്‍ പറയുക, ഞാന്‍ നിങ്ങളുടെ ചെയ്തിയില്‍ നിന്നും മുക്തനാകുന്നു (ശുഅറാഅ്: 216). നിങ്ങളില്‍ നിന്ന് മുക്തനെന്നല്ല, നിങ്ങളുടെ പ്രവര്‍ത്തികളില്‍ നിന്ന് മുക്തനാണെന്ന ഖുര്‍ആന്‍ പരാമര്‍ശം ശ്രദ്ധേയം.
അബുദ്ദര്‍ദാഅ്(റ) പറയുമായിരുന്നു: ‘ഞാന്‍ എന്‍റെ കൂട്ടുകാരന്‍റെ ചീത്ത പ്രവര്‍ത്തികളെയാണ് വെറുക്കുന്നത്. അല്ലാതെ അവനെയല്ല. കാരണം സൗഹൃദം കാത്തുസൂക്ഷിക്കേണ്ടത് എന്‍റെ കടമായാകുന്നു.’ ജഅ്ഫര്‍ സ്വാദിഖ്(റ) പറഞ്ഞു: ‘ഒരു ദിവസത്തെ സൗഹൃദം സാധാരണ ബന്ധമാണെങ്കില്‍ ഒരു മാസത്തേക്കുള്ള കുടുംബബന്ധമാണ്. ഒരു കൊല്ലത്തേക്ക് പറിച്ചുമാറ്റാനാകാത്ത ആത്മബന്ധവുമാണത്. അതിനെ അറുത്തു കളയാന്‍ തുനിഞ്ഞാല്‍ അല്ലാഹു അവനെയും അറുത്തുമാറ്റും.’
കൂട്ടുകൂടുന്നത് നല്ലവരുമായിട്ടാകണം. ബന്ധം സ്ഥാപിച്ച ശേഷമാണ് സുഹൃത്ത് നന്മയില്‍ നിന്ന് വഴിമാറിയതെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധം വിച്ഛേദിക്കരുതെന്നാണ് നിര്‍ദേശം. കാരണം അത് പിശാചിനെ തൃപ്തിപ്പെടുത്തും. പിശാച് ശ്രമിക്കുക ഗുണവാന്മാരായ ആത്മമിത്രങ്ങളില്‍ നിന്ന് എങ്ങനെയെങ്കിലും നമ്മെ അകറ്റാനാണ്. പിശാചിന്‍റെ ഈ പാത പിന്തുടരുന്നവരെ നബി(സ്വ) ആക്ഷേപിച്ചതായി കാണാം. അവിടുന്ന് പറഞ്ഞു: ‘നീ സുഹൃത്തിന്‍റെ കാര്യത്തില്‍ പിശാചിനെ സഹായിക്കുന്നവനാകരുത്’ (ബുഖാരി). ‘അല്ലാഹുവിന്‍റെ അടിമകളില്‍ അതീവ നിന്ദ്യര്‍ സ്നേഹബദ്ധര്‍ക്കിടയില്‍ ഏഷണികൂട്ടി പിരിക്കാന്‍ നടക്കുന്നവരത്രെ’ (അഹ്മദ്).
സുഹൃത്ത് മാപ്പു ചോദിച്ചാല്‍ മാപ്പു നല്‍കുന്നവനാകണം നീ. അവന്‍റെ ന്യായവാദങ്ങള്‍ സ്വീകരിക്കണം. അസത്യമെന്ന് വിധിക്കരുത്. നബി(സ്വ) പറഞ്ഞു: ‘സുഹൃത്ത് കാരണം ബോധിപ്പിച്ചിട്ടും അഗീകരിക്കാത്തവന് കൈക്കൂലി വാങ്ങുന്നവന് സമാനമായ ശിക്ഷ ലഭിക്കുന്നതാണ് ‘(ഇബ്നുമാജ, അബൂദാവൂദ്). വിശ്വാസിയെ പറ്റി അവിടുന്ന് പറഞ്ഞു: ‘യഥാര്‍ത്ഥ മുഅ്മിന്‍ പെട്ടെന്നു ദേഷ്യം പിടിക്കാത്തവനും പെട്ടെന്നുതന്നെ നന്നാകുന്നവനുമാണ്’ (തിര്‍മിദി).
(തുടരും)