ഹജ്ജിന്റെ മനസ്സൊരുക്കം

അനസ്(റ) വിവരിക്കുന്നു: ഞാൻ തിരുനബി(സ്വ)യുടെ അടുത്ത് മിനയിലെ മസ്ജിദുൽ ഖൈഫിൽ ഉണ്ടായിരുന്ന സമയത്ത് മദീനക്കാരനായ ഒരു സ്വഹാബിയും ത്വാഇഫിലെ ബനൂസഖീഫക്കാരനായ ഒരാളും റസൂലിന്റെ അടുത്ത് വന്ന് സലാം പറഞ്ഞ് ഉപചാര പ്രാർഥനകൾ നടത്തി. ശേഷം അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയോട് ചിലത് ചോദിച്ചറിയാനാണ് ഞങ്ങൾ വന്നത്.
നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾ വന്ന കാര്യം ഞാൻ അങ്ങോട്ട് പറഞ്ഞുതരാം. ഇനി, നിങ്ങൾ തന്നെ ചോദിക്കുകയാണെങ്കിൽ ഞാൻ മിണ്ടാതെ കേട്ടോളാം.
അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവിടന്ന് അറിയിച്ചാൽ മതി. അപ്പോൾ ഞങ്ങളുടെ വിശ്വാസവും വർധിക്കും.
അൻസ്വാരി തിരക്കി: അല്ലാഹുവിന്റെ ദൂതരേ, ഞാൻ എന്ത് ചോദിക്കാനാണ് വന്നതെന്ന് അങ്ങ് വിവരിച്ചാലും.
അപ്പോൾ നബി(സ്വ)പറഞ്ഞു: നീ നിന്റെ വീട്ടിൽ നിന്ന് വിശുദ്ധ ഭവനം ലക്ഷ്യമാക്കി വന്നത് കൊണ്ട് നിനക്ക് എന്താണ് ലഭിക്കുക? കഅ്ബയെ ത്വവാഫ് ചെയ്താൽ നിനക്ക് എന്താണ് ലഭിക്കുക? ശേഷം രണ്ട് റക്അത്ത് നിസ്‌കരിച്ചാൽ നിനക്ക് എന്താണ് ലഭിക്കുക? സ്വഫാ-മർവകൾക്കിടയിൽ സഅ്‌യ് ചെയ്താൽ എന്താണ് ലഭിക്കുക? അറഫയിൽ നിൽക്കുന്നത് കൊണ്ട് എന്ത് ലഭിക്കും? ജംറകളെ പല പ്രാവശ്യം എറിഞ്ഞാൽ എന്താണ് ലഭിക്കുക? ബലി നടത്തിയാൽ ലഭിക്കുന്നതെന്ത്? തലമുടി കളഞ്ഞാൽ നിനക്കെന്താണ് ലഭിക്കുക? വീണ്ടും കഅ്ബയെ തവാഫ് ചെയ്താൽ എന്താണ് ലഭിക്കുക? ഇതെല്ലാം എന്നോട് ചോദിച്ചറിയാനല്ലേ നീ വന്നത്?
അൻസ്വാരിയുടെ മറുപടി: അങ്ങയെ നിയോഗിച്ച അല്ലാഹു സത്യം, ഇവയൊക്കെ ചോദിക്കാൻ തന്നെയാണ് ഞാൻ വന്നത്. അവയിൽ ഒന്നിൽ പോലും താങ്കൾക്കു പിഴച്ചിട്ടില്ല!
നബി(സ്വ) തുടർന്നു: നീ നിന്റെ വീട്ടിൽ നിന്ന് വിശുദ്ധ ഭവനം ലക്ഷ്യമാക്കി പുറപ്പെട്ടത് മുതൽ നിന്റെ ഒട്ടകത്തിന്റെ കാലുകൾ ഭൂമിയിൽ വെക്കുന്നതും ഭൂമിയിൽ നിന്ന് ഉയർത്തുന്നതുമായ ഒരോന്നും നിനക്ക് ഓരോ നന്മയായി അല്ലാഹു രേഖപ്പെടുത്തുകയും ഓരോ തിന്മ വീതം മായ്ച്ച് കളയുകയും ഓരോ പദവി ഉയർത്തുകയും ചെയ്യും. ത്വവാഫ് ചെയ്യുമ്പോൾ നീ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഓരോ കാലടിയും നിനക്ക് ഓരോ നന്മയായി അവൻ രേഖപ്പെടുത്തുകയും ഓരോ തിന്മ മായ്ച്ച് കളയുകയും ഓരോ പദവി ഉയർത്തുകയും ചെയ്യും. ത്വവാഫിന് ശേഷം നീ രണ്ട് റക്അത്ത് നിസ്‌കരിച്ചാൽ ഇസ്മാഈൽ(അ)ന്റെ സന്തതികളിൽ നിന്ന് ഒരടിമയെ പണം നൽകി മോചിപ്പിച്ചതിന് സമാനമായിരിക്കുമത്. സ്വഫാ-മർവകൾക്കിടയിൽ സഅ്‌യ് ചെയ്താൽ എഴുപത് അടിമകളെ മോചിപ്പിക്കുന്നതിന് സമാനമാണത്.
നീ അറഫയിൽ നിൽക്കുമ്പോൾ അല്ലാഹു ധാരാളം മലക്കുകളെ ഒന്നാം ആകാശത്തേക്ക് അവതരിപ്പിക്കും. എന്നിട്ടവരോട് അഭിമാനപൂർവം ഇങ്ങനെ പറയും: ഇതാ, ഇവർ എന്റെ അടിമകളാണ്, മുടി ജടകുത്തിയും എണ്ണ തേക്കാതെയും പൊടിപുരണ്ടും യാത്രാക്ലേശങ്ങൾ അനുഭവിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവർ എന്നിലേക്ക് വന്നിരിക്കുകയാണ്. അവർ എന്റെ കാരുണ്യം പ്രതീക്ഷിക്കുന്നു. എന്റെ ശിക്ഷയെ ഭയപ്പെടുന്നു. അതിനാൽ അവരുടെ പാപങ്ങൾ, മണൽത്തരികളുടെ എണ്ണം പോലെ, മഴത്തുള്ളികളുടെ എണ്ണം പോലെ, കടലിലെ നുരകൾ പോലെ ധാരാളം ഉണ്ടെങ്കിലും ഞാൻ അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു.
അപ്പോൾ അല്ലാഹു ഹാജിമാരോടും (നാം കേൾക്കുന്നില്ലെങ്കിലും) ഇങ്ങനെ പറയും: എന്റെ അടിമകളേ, നിങ്ങൾക്കും നിങ്ങൾ ശിപാർശ നടത്തിയവർക്കും പാപങ്ങൾ പൊറുക്കപ്പെട്ടവരായി നിങ്ങൾ പൊയ്‌ക്കൊള്ളൂ.
നീ ജംറകളെ എറിഞ്ഞാൽ ഓരോ കല്ലിന്റെയും എണ്ണമനുസരിച്ച് വലിയ ശിക്ഷകൾക്ക് കാരണമാകുന്ന ഗുരുതരമായ മഹാപാപങ്ങളിൽ നിന്ന്, ഓരോ പാപങ്ങൾ അല്ലാഹു പൊറുത്തു തരും. നീ ബലി നടത്തിയാൽ, നിന്റെ നാഥന്റെ അടുക്കൽ നിനക്കതൊരു നിക്ഷേപമായിരിക്കും. നീ നിന്റെ തലയിൽ നിന്നു മുടി നീക്കം ചെയ്യുമ്പോൾ ഓരോ മുടിയുടെയും എണ്ണമനുസരിച്ച് നിനക്ക് ഓരോ നന്മയുണ്ടാകും. ഓരോ തിന്മ മായ്ക്കപ്പെടും. എല്ലാം കേട്ട് അൻസ്വാരി വീണ്ടും: അല്ലാഹുവിന്റെ റസൂലേ, പാപങ്ങൾ അതിനേക്കാൾ കുറവാണെങ്കിലോ?
നബി(സ്വ) പ്രതിവചിച്ചു: അങ്ങനെയാണെങ്കിൽ നിന്റെ നന്മകളിൽ പെട്ട നിക്ഷേപമായി അത് മാറ്റും. ഇനിയും നീ ഇഫാളത്തിന്റെ ത്വവാഫ് ചെയ്യുമ്പോൾ ഒരു പാപവും ഇല്ലാത്തവനായിട്ടാണ് നീ ത്വവാഫ് ചെയ്യുന്നത്. അപ്പോൾ ഒരു മലക്ക് വന്ന് നിന്റെ രണ്ടു ചുമലുകൾക്കിടയിൽ കൈവെച്ചു പറയും: വരുംകാലത്ത് നന്മ ചെയ്ത് ജീവിക്കുക, കഴിഞ്ഞ കാലങ്ങളിലെ ന്യൂനതകളും പാപങ്ങളുമെല്ലാം നിനക്ക് ബാധിക്കാത്ത വിധത്തിലാക്കിയിട്ടുണ്ട് (അദ്ദുർറുൽമൻസൂർ).
ഹജ്ജനുഷ്ഠാനം ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേതാണല്ലോ. ഹജ്ജിന് വേണ്ടിയുള്ള യാത്രയും ആമുഖ, അനുബന്ധ കാര്യങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കുന്നതിന് സാധിക്കുന്ന സ്ഥിതിയുണ്ടെങ്കിൽ ഹജ്ജ് നിർബന്ധമാകും. ഹജ്ജ് നിർവഹിച്ചാൽ ഹാജിയുടെ ഇസ്‌ലാം പൂർണമാവുന്നു. ആയുസ്സിൽ ഒരു തവണ മാത്രമാണല്ലോ ഹജ്ജ് നിർബന്ധമുള്ളത്. എന്നാൽ ഹജ്ജല്ലാത്ത മൂന്ന് കാര്യങ്ങൾ ആവർത്തിക്കപ്പെടുകയും ഒന്നാമത്തെ കാര്യമായ ശഹാദത്ത് തേയ്മാനം വരാതെ സംരക്ഷിക്കുകയും ചെയ്യണം.
ഹജ്ജ് നിർവഹിക്കുമ്പോൾ ബാധ്യത നീങ്ങുന്നതോടൊപ്പം വിശ്വാസികൾക്ക് ധാരാളം നേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭിക്കുന്നുണ്ട്. കടമയും ബാധ്യതയും വീടുന്നതോടൊപ്പം പ്രത്യേകമായ ധാരാളം പുണ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്ന ഘട്ടമാണ് ഹജ്ജനുഷ്ഠാന കാലം. ഹജ്ജിന്റെ സ്ഥലം, കാലം, കർമങ്ങൾ, ഉപാധികൾ എന്നിവയെല്ലാം വലിയ പ്രതിഫലങ്ങൾ ലഭിക്കുന്നവയാണ്. ഈ ഹദീസിലൂടെ നബി(സ്വ), ഹജ്ജനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ അറിയിച്ചു തരികയാണ്.

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version