ഹജ്ജിന്റെ മാനവിക മുഖം

നിറത്തിന്റെയും പണത്തിന്റെയും പേരിൽ അയിത്തം കൽപിക്കുകയും ജാതിവേർതിരിവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിത്യവാർത്തയാണ്. ജർമനിയിൽ വർണ വിവേചന പരാതികളുടെ എണ്ണം കൂടിവരുന്നതായി ദേശീയ മാധ്യമങ്ങൾ പറയുന്നു. ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, റസ്റ്റോറന്റുകൾ പോലുള്ളയിടങ്ങളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടവർ കൂട്ടമായി പരാതി ഉയർത്തിയ സാഹചര്യത്തിലാണ് വിഷയം ലോക ശ്രദ്ധയിലെത്തിയത്. വിവേചനത്തിന്റെ ഏറ്റവുമടുത്ത മറ്റൊരു ഉദാഹരണമാണ് തമിഴ്‌നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ ഇരായൂർ ഗ്രാമത്തിൽ ദലിത് വിഭാഗക്കാരുടെ കുടിവെള്ള ടാങ്കിൽ മനുഷ്യ വിസർജ്യം തള്ളിയ സംഭവം. അന്വേഷണത്തിനായി ഗ്രാമത്തിലെത്തിയ അധികൃതർ കണ്ടത് ജാതിവിവേചനത്തിന്റെ അങ്ങേയറ്റം മോശമായ കാര്യങ്ങളായിരുന്നു. പ്രദേശത്തെ ചായക്കടയിൽ രണ്ടു തരം ഗ്ലാസുണ്ട്. മുന്തിയ ജാതിക്കാർക്കുള്ളതിൽ ദലിതർക്ക് ചായ നൽകില്ലത്രെ.
അയിത്തോച്ഛാടനം കഴിഞ്ഞ് നൂറു വർഷമായെങ്കിലും തൊട്ടുകൂടായ്മ ഇപ്പോഴും ചില മലയാളികളുടെ പോലും ഹൃദയാന്തരങ്ങളിൽ വേരാഴ്ത്തിയിട്ടുണ്ടെന്ന് സമകാല യാഥാർത്ഥ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ബോധ്യപ്പെടും. മാനസികവും ശാരീരികവുമായ തൊട്ടുകൂടായ്മ ദലിതരോട് ഇന്നും തുടരുന്നുണ്ട് പലയിടത്തും.
എല്ലാതരം വർണവിവേചനങ്ങളെയും നിശിതമായി വിമർശിച്ച പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. വംശീയ വിവേചനത്തിനെതിരെയുള്ള മഹിതമായ ആരാധനയാണ് ഇസ്‌ലാമിലെ ഹജ്ജ്. ഇസ്‌ലാമിലെ അതിശ്രേഷ്ഠവും മാനവികത വിളിച്ചോതുന്നതുമായ ആരാധനാ കർമമാണത്. ധനികനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വേർതിരിവില്ലാതെ ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും എല്ലാ ഭാഷക്കാരും ദേശക്കാരുമായ ദശലക്ഷങ്ങൾ ഒരേ മന്ത്രം ഉരുവിട്ടും ഒരേ വേഷം ധരിച്ചും ഏക ഇലാഹിനെ ലക്ഷ്യമാക്കി പ്രാർത്ഥനയിൽ മുഴുകുന്ന മാനവിക ഐക്യത്തിന്റ സുന്ദരമായ കാഴ്ചകൾ ഹജ്ജ് സമ്മാനിക്കുന്നു. അറഫാ മൈതാനത്ത് ഒഴുകിയെത്തി മനുഷ്യസാഗരം തീർക്കുന്ന വിശ്വാസികൾ വംശീയ ദുരഭിമാനമാനത്തിനെതിരായ ആത്മീയബോധമാണ് സൃഷ്ടിക്കുന്നത്. പൈശാചികതകൾക്കു മേൽ മാനവികതയുടെ വിജയക്കൊടി പറക്കുന്ന ദിവസമാണ് അറഫാ ദിനം. ജന്മമോ കുലമഹിമയോ അല്ല, ആദർശവും കർമവുമാണ് മനുഷ്യ മഹത്ത്വത്തിന്റെ അടിത്തറയെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച ഇസ്ലാമിനു മാത്രമേ ഇത്തരത്തിലൊരു മർതൈ്യക്യത്തിന്റെ ഇതിഹാസം രചിക്കാനാവൂ.
സ്രഷ്ടാവിന്റെ മുമ്പിൽ മനുഷ്യരെല്ലാം തുല്യരാണെന്നും ദൈവഭക്തി മാത്രമാണ് അവരെ ആദരണീയരാക്കി മാറ്റുന്നതെന്നുമാണ് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നത്. വർഗവേർതിരിവോ ജാതിവിവേചനമോ ഖുർആൻ ഒരിക്കലും അംഗീകരിക്കുന്നില്ല. മനുഷ്യരുടെയെല്ലാം സ്രഷ്ടാവ് ഒന്നു മാത്രമാണെന്നും എല്ലാവരും തുല്യരാണെന്നും ഖുർആൻ പലയിടത്തും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. മഹാ കാരുണികനും കരുണാനിധിയുമാണവൻ’ (2/163). പറയുക. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യൻ തന്നെയാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ അവനെ അനുസരിക്കുന്നുണ്ടോ? (21/108) നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ് (16/22) എല്ലാ ഓരോ സമുദായത്തിനും നാം ബലികർമം നിശ്ചയിച്ചിട്ടുണ്ട്. നാൽക്കാലി മൃഗങ്ങളെ നൽകിയതിന്റെ പേരിൽ അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കാനാണത്. നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാണ്. അതിനാൽ അവനെ നിങ്ങൾ അനുസരിക്കുവീൻ (22/34).
മുഴുവൻ മനുഷ്യരും തുല്യരാണെങ്കിലും അവർ വിവിധ വിഭാഗങ്ങളാവാനുള്ള കാരണവും വിശുദ്ധ വേദം വ്യക്തമാക്കി: അല്ലയോ മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ ഗോത്രങ്ങളും വർഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവനാണ് അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ശ്രേഷ്ഠൻ (49: 13).
വിശ്വാസികളുടെ സാർവ ദേശീയ സാഹോദര്യ സംഗമം തന്നെയാണ് ഹജ്ജ്. മാനവിക ഐക്യത്തിന്റെ മഹിതമായ സന്ദേശമാണ് അത് കൈമാറുന്നത്. ഇസ്ലാമിന്റെ സാമൂഹിക സൗന്ദര്യവും സാംസ്‌കാരിക വൈശിഷ്ട്യവും സാഹോദര്യ സൗകുമാര്യതയും ഹജ്ജിലൂടെ അനുഭവിക്കാൻ സാധിക്കുന്നു. രാജാക്കന്മാർ, മന്ത്രിമാർ, ജനസേവകർ, ജനനായകർ, പണ്ഡിതർ, പാമരർ, ധനികർ, ദരിദ്രർ, കവികൾ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലു മുള്ളവർക്കും ഒരേ സ്ഥാനം നൽകുന്ന വിശുദ്ധ ഭവനത്തിനു സമീപത്താണ് വിശ്വാസികൾ സംഗമിക്കുന്നത്. എല്ലാവരുടേതും ഒരേ ലക്ഷ്യം, ഒരേ വിചാരം. ഭാഷയോ വർണമോ ദേശമോ മതിൽക്കെട്ടുകൾ തീർക്കാത്ത സംഗമസ്ഥലി.
അല്ലാഹു ഭൂമി ലോകത്ത് സൃഷ്ടിച്ചിട്ടുള്ള വൈവിധ്യങ്ങളും വ്യത്യസ്തതകളും പ്രപഞ്ചത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തുന്നു. ഭൂമിയിലെ മനുഷ്യേതര ജീവികളും മറ്റു വസ്തുക്കളും വ്യത്യസ്തതകളും വൈവിധ്യങ്ങളുമുൾകൊള്ളുന്നതാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹു ഉപരി ലോകത്തുനിന്ന് വെള്ളം ഇറക്കിയത് നിങ്ങൾ കണ്ടില്ലേ? എന്നിട്ട് അത് മൂലം നാം വ്യത്യസ്ത നിറങ്ങളിലുള്ള പഴവർഗങ്ങളെ ഉൽപാദിപ്പിച്ചു. പർവതങ്ങളിലുമുണ്ട് വെളുപ്പും ചുവപ്പുമുള്ള വർണങ്ങൾ. വ്യത്യസ്തമായ നിറങ്ങളുള്ളവയും തനി കറുത്തിരുണ്ടവയും. മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലുമുണ്ട് അതുപോലെ വർണ വ്യത്യാസമുള്ളവ’ (35/ 27,28). ‘അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയാണ് ആകാശഭൂമികളെ സൃഷ്ടിച്ചതും നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യസ്തമായതും. അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട് തീർച്ച’ (30/22).
മനുഷ്യേതര വർഗങ്ങളിലേതു പോലെ മനുഷ്യരിലുള്ള വർണ വൈവിധ്യവും ലോകത്തിന്റെ സൗന്ദര്യമാണ് പ്രകടിപ്പിക്കുന്നത്. അവയൊരിക്കലും പരസ്പരം വിദ്വേഷം പുലർത്തുവാനോ സമൂഹത്തെ തട്ടുകളായി തിരിക്കാനോ ഉള്ളതല്ല. അല്ലാഹു തന്നെ ഇത് വ്യക്തമാക്കി പറഞ്ഞത് (49: 13) മുമ്പ് ഉദ്ധരിച്ചല്ലോ.
മറ്റൊരു ജനവിഭാഗത്തിനും സാധ്യമാവാത്ത സ്നേഹബന്ധമാണ് അല്ലാഹു മുസ്ലിംകൾക്ക് നൽകിയിട്ടുള്ളത്. അവൻ പറയുന്നു: സത്യവിശ്വാസികൾ സഹോദരന്മാർ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ അനുഗൃഹീതരാവാൻ വേണ്ടി (49/10). അവരുടെ ഹൃദയങ്ങൾക്കിടയിൽ അവൻ യേജിപ്പുണ്ടാക്കി. ഭൂമിയിലുള്ളത് മുഴുവൻ ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കാൻ താങ്കൾക്ക് കഴിയുകയില്ല. പക്ഷേ അല്ലാഹു അവർക്കിടയിൽ യോജിപ്പുണ്ടാക്കി. അവൻ അജയ്യനും തന്ത്രജ്ഞനുമാകുന്നു (8/63). നിങ്ങൾ സംഘടിച്ചുകൊണ്ട് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുവീൻ. ഭിന്നിക്കരുത്. നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു ചെയ്തുതന്ന അനുഗ്രഹം നിങ്ങൾ ഓർക്കുവീൻ. നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അവൻ ഇണക്കമുണ്ടാക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹേദരന്മാരായിത്തീർന്നു. തീക്കുണ്ടിന്റെ വക്കിലായിരുന്നു നിങ്ങൾ. അതിൽ നിന്നും നിങ്ങളെ അവൻ രക്ഷിച്ചു. ഇപ്രകാരം നിങ്ങൾക്ക് അല്ലാഹു തന്റെ സന്ദേശങ്ങൾ വിവരിച്ചുതരുന്നു. നിങ്ങൾ സന്മാർഗം പ്രാപിക്കുന്നതിന് വേണ്ടി (3/103).
മുസ്‌ലിംകൾ മുഴുവൻ ഒറ്റ ശരീരം പോലെ വർത്തിക്കണമെന്നും തനിക്കിഷ്ടപ്പെടുന്നതെല്ലാം തന്റെ സുഹൃത്തിനും ഇഷ്ടപ്പെടണമെന്നുമാണ് പ്രവാചകാധ്യാപനം. ‘മുസ്‌ലിംകൾ പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കമൊഴിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം പ്രകടിപ്പിക്കും’ (സ്വഹീഹ് മുസ്ലിം). ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങൾക്കു ശക്തിപകരുന്നതു പോലെയാണ് വിശ്വാസികൾ. ശേഷം നബി(സ്വ) വിരലുകൾ പരസ്പരം കോർത്തുപിടിച്ചു (മുസ്‌ലിം 2586). സ്വന്തത്തിനിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതു വരെ ഒരാളും യഥാർത്ഥ വിശ്വാസിയാവുകയില്ല (ബുഖാരി, മുസ്‌ലിം).
സത്യസരണിയിൽ നിലകൊള്ളുമ്പോഴുണ്ടാകുന്ന പരസ്പര സ്‌നേഹവും സൗഹൃദവും അതിൽനിന്നു വ്യതിചലിക്കുമ്പോൾ നഷ്ടപ്പെടുമെന്ന് ജൂത ക്രൈസ്തവരുടെ ചരിത്രം വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നുണ്ട്. ജൂതന്മാർ അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിച്ചപ്പോൾ അവർക്കുണ്ടായ ദുരവസ്ഥ ഖുർആൻ എടുത്തു പറയുന്നതിങ്ങനെ: അവർക്കിടയിൽ അന്ത്യനാൾ വരെ നാം ശത്രുതയും വിദ്വേഷവും ഇട്ടു കൊടുത്തിരിക്കുന്നു (3/64). അവർ തമ്മിലുള്ള പോരാട്ടം ശക്തമാണ്. അവർ യോജിപ്പിലാണെന്ന് താങ്കൾ വിചാരിക്കുന്നോ? അവരുടെ ഹൃദയങ്ങൾ ഭിന്നിച്ചവയാകുന്നു (59/14).
മുസ്‌ലിംകൾ അല്ലാഹുവിന്റെ വിധിവിലക്കുകൾ തിരസ്‌കരിക്കുമ്പോൾ അവരുടെ ഹൃദയങ്ങളും അകലുമെന്നും സുകൃതങ്ങൾ ചെയ്ത് റബ്ബിന്റെ സ്നേഹം സമ്പാദിക്കുമ്പോഴാണ് പരസ്പര സ്‌നേഹം വർധിക്കുന്നതെന്നും ഖുർആൻ: സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് കാരുണ്യവാനായ അല്ലാഹു സ്‌നേഹം സ്ഥാപിച്ചുകൊടുക്കുന്നതാണ് (19/96).
എല്ലാ വിധത്തിലുമുള്ള വംശീയാഹങ്കാരത്തിന്റെയും അടിവേരറുക്കുന്ന പ്രസ്താവനകളാണ് റസൂൽ(സ്വ) നടത്തിയിട്ടുള്ളത്. വംശീയമായ പൈതൃക സ്മരണകൾക്കു പകരം ആദർശ സ്മരണകൾക്ക് പ്രാധാന്യം നൽകുമ്പോഴാണ് മനുഷ്യരാശിക്ക് ഗുണം ലഭിക്കുക. മക്കാവിജയ വേളയിൽ ഹറമിൽ തടിച്ചുകൂടിയ ജനങ്ങളോട് നബി(സ്വ) നടത്തിയ പ്രഭാഷണത്തിലെ പ്രധാന പ്രമേയം മനുഷ്യ സമത്വവും പരസ്പര സ്‌നേഹത്തിന്റെ അനിവാര്യതയുമായിരുന്നു. ആ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: മനുഷ്യരേ, ഈ സുദിനം നിങ്ങൾക്ക് എത്രയേറെ പരിശുദ്ധമാണോ, ഈ മാസം (ദുൽഹജ്ജ്) നിങ്ങൾക്ക് എത്രമാത്രം പവിത്രമാണോ, ഈ നാട് നിങ്ങൾക്ക് എത്രയധികം ആദരണീയമാണോ അതുപോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും അതീവ പരിശുദ്ധവും പവിത്രവും ആദരണീയവുമാണ്. പരസ്പരം രക്തംചിന്തലും ധനാപഹരണം നടത്തലും ദുരഭിമാനം പ്രകടിപ്പിക്കലുമെല്ലാം ഓരോരുത്തർക്കും നിഷിദ്ധമാണ്. ജനങ്ങളേ, അല്ലാഹു നിങ്ങളിൽ നിന്ന് അജ്ഞാന കാലത്തെ ദുരഭിമാനങ്ങളൊക്കെയും നീക്കിയിരിക്കുന്നു.
നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. ആരും അക്രമം ചെയ്യരുത്. കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നാഥനെ ആരാധിക്കുക. അഞ്ചുനേരം നിസ്‌കരിക്കുക. റമളാൻ മാസം നോമ്പനുഷ്ഠിക്കുക. നിങ്ങളോട് കൽപിക്കപ്പെട്ട കാര്യങ്ങൾ അനുസരിക്കുക. എങ്കിൽ നിങ്ങൾ നാഥന്റെ സ്വർഗത്തിൽ പ്രവേശിക്കും. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അവരോട് നിങ്ങൾ നല്ല നിലയിൽ മാത്രം വർത്തിക്കുക. സ്ത്രീകളോട് നിങ്ങൾക്ക് അനേകം ബാധ്യതകളുണ്ട്. അവർക്ക് നിങ്ങളോടുമുണ്ട് കടപ്പാടുകൾ. മാന്യമായ നിലയിൽ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങളുടെ ബാധ്യതയാണ്. നിശ്ചയം നിങ്ങൾ അവരെ വിവാഹം ചെയ്തവരാണ്. അവരുടെ സുരക്ഷിതത്വം അല്ലാഹു നിങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്. ദുർവൃത്തികളിൽ നിന്ന് അവർ പൂർണമായും ഒഴിഞ്ഞുനിൽക്കുകയും വേണം (അൽബിദായതു വന്നിഹായ 5/ 233-225).
തിരുദൂതരുടെ ഈ പ്രഖ്യാപനമാണ് ജാതിയുടെയോ വർഗത്തിന്റെയോ വർണത്തിന്റെയോ വിവേചനമില്ലാതെ ഏകോദര സഹോദരന്മാരായി വർത്തിക്കുന്നവരായി മുസ്‌ലിംകളെ മാറ്റിയത്. ജാതിവിവേചനമോ തൊട്ടുകൂടായ്മയോ തീണ്ടികൂടായ്മയോ ലവലേശം സ്പർശിക്കാത്ത വിഭാഗമായി മുസ്‌ലിംകൾ മാറിയതിനു കാരണം ഖുർആനിക പ്രസ്താവനകളും നബിവചനങ്ങളുമാണ്.
കറുത്ത വർഗക്കാരനെ പേപ്പട്ടിയെപ്പോലെ തെരുവോരങ്ങളിൽ തല്ലിക്കൊന്നിരുന്ന കാലഘട്ടത്തിലാണ് പ്രശസ്ത ബോക്‌സിംഗ് ചാമ്പ്യനായ കാഷ്യസ് ക്ലേ ഇസ്‌ലാം പുണർന്ന് മുഹമ്മദലിയാകുന്നത്. കരുത്തുറ്റ ആ ശരീരത്തിലും ആത്മാവിലും ഇസ്‌ലാം സന്നിവേശിച്ചപ്പോൾ താൻ ജീവിക്കുന്ന അനീതിയുടെയും വർണവെറിയുടെയും വ്യവസ്ഥയോടും ചുറ്റുപാടിനോടും അദ്ദേഹം ശക്തമായി പ്രതികരിച്ചു തുടങ്ങി. കറുത്തവർഗക്കാരനായതിന്റെ പേരിൽ കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ മുഹമ്മദലി ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും വിമോചന പാതയാണെന്നും ലോകത്തോട് വിളിച്ചു പറയാനും പിന്നീട് ധൈര്യം കാണിച്ചു.
നീഗ്രോ വർഗക്കാരനായതിന്റെ പേരിൽ ജീവിതത്തിലുടനീളം ആക്രമണങ്ങൾക്കും അവഗണനകൾക്കുമിരയായി ഒടുക്കം ഇസ്‌ലാമിലേക്ക് കടന്നുവന്ന മാൽകം എക്‌സ് എന്നറിയപ്പെട്ടിരുന്ന അൽ ഹാജ് മാലിക് അൽശഹ്ബാസ് പറയുന്നത് കാണുക: ‘സാഹോദര്യത്തിന്റെ തെളിഞ്ഞ ചിത്രമായിരുന്നു ഹജ്ജ് യാത്രയിലുടനീളം എനിക്ക് അനുഭവേദ്യമായത്. രാജാവെന്നോ കർഷകനെന്നോ പണക്കാരനെന്നോ പാമരനെന്നോ ഭേദമന്യേ എല്ലാവരും ഒരേ വസ്ത്രത്തിൽ ഒരൊറ്റ ലക്ഷ്യത്തിനായി കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നു. അവിടെ നിറത്തനിമയോ ജാതിമേന്മയോ ആഢ്യത്തമോ ഒട്ടും പ്രാധാന്യമർഹിക്കുന്നില്ല. വെളുത്തവരും കറുത്തവരും തവിട്ടുനിറമുള്ളവരുമെല്ലാം സഹോദരങ്ങൾ, അല്ലാഹുവെന്ന ഒരേ ഒരുവനെ ആരാധിക്കുന്നവർ!’

 

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

 

 

Exit mobile version