ഹജ്ജിന്‍റെ ചൈതന്യവും സാഫല്യവും

ഹജ്ജിന്‍റെ ചൈതന്യവും സാഫല്യവും

ഹജ്ജ് എന്നാല്‍, ഹജ്ജുല്‍ ബൈത് എന്നാണുദ്ദേശ്യം. ഇസ്ലാം കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഹദീസുകളില്‍ ഹജ്ജുല്‍ ബൈത് എന്നോ തഹുജ്ജുല്‍ ബൈത് എന്നോ ബൈതിലേക്ക് ചേര്‍ത്തി പറഞ്ഞതു കാണാം. ‘ഭവന തീര്‍ത്ഥയാത്ര’ എന്നര്‍ത്ഥം. അല്ലാഹുവിന്‍റെ ഭവനങ്ങളെന്ന് വാഴ്ത്തപ്പെടുന്നവയാണ് പള്ളികള്‍. അതില്‍ ഭൂമിയിലെ ഒന്നാമത്തേതാണ് കഅ്ബാലയം. ‘നിശ്ചയം, മനുഷ്യര്‍ക്കായി നിര്‍മിതമായ ആദ്യഭവനം (പള്ളി) മക്കയിലുള്ളതാണ്. മുബാറകായതും ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണത് (ആലുഇംറാന്‍: 96).

അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളും മഖാമു ഇബ്റാഹീമുമുണ്ട്. അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായി. അവിടേക്കെത്തിച്ചേരാന്‍ ആവതുള്ളവര്‍ ഹജ്ജുല്‍ ബൈത് ചെയ്യണമെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവിനോടുള്ള കടമയില്‍ പെട്ടതാണ് (ആലുഇംറാന്‍: 97).

അല്ലാഹുവിന്‍റെ ഭവനമായ കഅ്ബയെ കേന്ദ്രീകരിച്ച് നിശ്ചയിക്കപ്പെട്ട അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും നിര്‍വഹിക്കുന്നതിനായുള്ള തീര്‍ത്ഥയാത്രയാണ് ഹജ്ജ്. കഅ്ബയെ അല്‍ബൈതുല്‍ ഹറാം (വിശുദ്ധ ഭവനം), അല്‍ബൈതുല്‍ അതീഖ് (സുരക്ഷിത ഭവനം), അല്‍ബൈത് (അല്ലാഹുവിന്‍റെ ഭവനം), കഅ്ബതുല്ലാഹി (അല്ലാഹുവിന്‍റെ കഅ്ബ), അല്‍ബൈതുല്‍ മുഹര്‍റം (പവിത്രമായ ഭവനം), ത്വവാഫ് ചെയ്യുന്നവരും സന്ദര്‍ശകരും എപ്പോഴും ഉണ്ടാവുന്നതിനാല്‍ അല്‍ബൈതുല്‍ മഅ്മൂര്‍ (ഭക്ത സാന്നിധ്യമുള്ള ഭവനം) എന്നെല്ലാം കഅ്ബക്ക് വിശേഷണങ്ങളുണ്ട്. പള്ളിയായിരിക്കെ കഅ്ബ എന്ന പേരിലറിയപ്പെടുകയും ചുറ്റുഭാഗത്തുമുള്ളതിന് വിശുദ്ധ പള്ളി(മസ്ജിദുല്‍ ഹറാം) എന്ന് പറയപ്പെടുകയും ചെയ്യുന്നു. കഅ്ബയും അതിന് ചുറ്റുമുള്ള പള്ളിയും ചേര്‍ന്ന് മൊത്തത്തിനും മസ്ജിദുല്‍ ഹറാം എന്നും വിശേഷണമുണ്ട്.

കഅ്ബ, അതിന് ചുറ്റുമായി മസ്ജിദുല്‍ ഹറാം, അതിന് ചുറ്റുഭാഗത്ത് ‘ഹറം’ (വിശുദ്ധ ഭൂമി) എന്നിങ്ങനെയാണ് പുണ്യഭൂമിയുടെ കിടപ്പ്. കേവലമായ ഒരു പള്ളി എന്ന തലത്തില്‍ നിന്ന് അത്യുന്നതമായ അവസ്ഥയും പദവിയും കഅ്ബക്കുണ്ട്. അതിനാല്‍ കഅ്ബക്ക് സ്വന്തമായി പള്ളി എന്ന അര്‍ത്ഥത്തില്‍ മസ്ജിദ് എന്ന് പ്രയോഗിച്ചു കാണുന്നില്ല. എന്നാല്‍ മസ്ജിദുല്‍ ഹറാം എന്ന് പ്രയോഗിക്കുമ്പോള്‍ അതില്‍ കഅ്ബയും ഉള്‍പ്പെടും. അപ്പോള്‍ തന്നെയും കഅ്ബക്ക് സ്വന്തമായ മഹത്ത്വങ്ങളുണ്ട്. അഥവാ, വിശുദ്ധ ഭൂമിക്കും വിശുദ്ധ ഭുമിയിലെ പള്ളിക്കും (ഹറമും മസ്ജിദുല്‍ ഹറാമും) കഅ്ബയുടെ സാന്നിധ്യംകൊണ്ട് ഒട്ടേറെ മഹത്ത്വങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്.

എഴുപതിനായിരം മലക്കുകള്‍ ഒരു ദിവസത്തിലെന്ന നിലയില്‍ ഏഴാനാകാശത്ത് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ഭവനമാണ് അല്‍ബൈതുല്‍ മഅ്മൂര്‍. അതിന് നേരെ താഴെയാണ് കഅ്ബാലയം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: ‘അല്‍ബൈതുല്‍ മഅ്മൂര്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ?’

അവര്‍ പറഞ്ഞു: ‘അല്ലാഹുവും തിരുദൂതരുമാണ് എറ്റവുമറിയുന്നവര്‍.’

അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അത് ആകാശലോകത്തുള്ള പള്ളിയാണ്. അതിന് നേരെ താഴെയായിട്ടാണ് കഅ്ബ സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിക്കും. അവര്‍ പുറത്തിറങ്ങുകയും ചെയ്യും. പിന്നീട് അവരങ്ങോട്ട് തിരിച്ച് ചെല്ലുകയേയില്ല’ (തഫ്സീറുല്‍ ഖുര്‍ത്വുബി).

 

സംരക്ഷണ വലയം

ഭൂമിയില്‍ മനുഷ്യവാസമുണ്ടാകുന്നതിന്‍റെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലക്കുകള്‍ ഇബാദത്ത് ചെയ്തിരുന്നതും സംരക്ഷിച്ചതുമായ ഭവനമാണ് കഅ്ബാലയം. മലക്കുകള്‍ തന്നെയാണ് അതിന്‍റെ ആദ്യ നിര്‍മാതാക്കള്‍. മലക്കുകള്‍ ബൈതുല്‍ മഅ്മൂറില്‍ മാറി മാറി ഇബാദത്തെടുക്കുന്നവരായിരുന്നു. പിന്നീട് അതിനു സമാനമായ ഒരു ഭവനം ഭൂമിയില്‍ നിര്‍മിക്കാന്‍ അല്ലാഹു അവരോട് നിര്‍ദേശിച്ചു. ബൈതുല്‍ മഅ്മൂറിലെന്ന പോലെ ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ഭവനത്തിലും ഇബാദത്തുകള്‍ നടന്നു. മലക്കുകള്‍ കഅ്ബയെ ത്വവാഫ് ചെയ്തിരുന്നു. ആദം(അ) ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ അവിടുന്ന് ദു:ഖിതനായത് സ്വാഭാവികം. സ്വര്‍ഗീയതയില്‍ നിന്ന് ഭൂമിയിലേക്കുള്ള താമസ മാറ്റമാണല്ലോ നടന്നത്. അല്ലാഹു കഅ്ബ നിര്‍മിച്ച് ഇബാദത്തെടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ മക്കയിലെത്തി നിര്‍മിച്ചതാണ് കഅ്ബാലയം. മലക്കുകളുടെ നേരിട്ടുള്ള സഹായം ഈ നിര്‍മാണത്തിനുണ്ടായിരുന്നു.

ആദം നബി(അ) സ്വര്‍ഗത്തില്‍ വച്ചുണ്ടായ അനുഭവവും അല്ലാഹുവിന്‍റെ അറിയിപ്പും വഴി പിശാചിന്‍റെ ശത്രുത നന്നായി ഗ്രഹിച്ചിരുന്നു. അതിനാല്‍ തന്നെ ഇവിടെ പിശാചിന്‍റെ ശത്രുതയെ ഭയപ്പെട്ടു. പിശാചിനെ തൊട്ട് കാവല്‍ തേടി. അപ്പോള്‍ അല്ലാഹു മലക്കുകളെ കഅ്ബയുടെ ചുറ്റുഭാഗങ്ങളിലുമായി നിശ്ചിത പരിധിയില്‍ നിശ്ചയിച്ചു. വിശുദ്ധ ഭൂമിയെ സുരക്ഷിതവും പവിത്രവുമാക്കി സംരക്ഷിക്കുകയും ചെയ്തു. അന്ന് ഭൂവാസികളായിരുന്ന ഭൂതവര്‍ഗത്തിനു പ്രവേശനമില്ലാത്ത വിധം കഅ്ബയുടെ വളരെ അകലത്തില്‍ അവരെ മാറ്റിനിര്‍ത്തി. ആ പരിധിയാണ് മക്കാ ഹറം എന്നറിയപ്പെടുന്നത് (അഖ്ബാറു മക്ക).

പുണ്യഭൂമിയിലാണ് ആദ്യപിതാവും സഹായികളായ മലക്കുകളും കഅ്ബയുടെ സമീപം താമസിച്ചതും ഇബാദത്തെടുത്തതും. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലെത്തിയ ആദം(അ) ഹജ്ജ് ചെയ്യാനായി മക്കയിലെ കഅ്ബയില്‍ ചെന്നു. സുഖജീവിതത്തില്‍ നിന്ന് അല്ലാഹുവിന്‍റെ അടിമയെന്ന പദവിയില്‍ ഇബാദത്തിന്‍റെ ലോകത്തേക്ക് അല്ലാഹുതന്നെ നിയോഗിക്കുകയായിരുന്നു. മലക്കുകളാല്‍ വലയം ചെയ്യപ്പെട്ട പരിധിയില്‍ വരുന്ന പുണ്യഭൂമിയില്‍ പവിത്രമായ കഅ്ബാലയം. ഖുര്‍ആനില്‍ അല്‍ബൈത് എന്നു പരാമര്‍ശിച്ച് ഹജ്ജ് ചെയ്യാന്‍ പറഞ്ഞ ഭവനമതാണ്. ഹജ്ജുല്‍ ബൈത്(അല്‍ബഖറ: 158), ഹിജ്ജുല്‍ ബൈതി(ആലുഇംറാന്‍: 97), ആമ്മീനല്‍ ബൈത്(അല്‍മാഇദ: 2) എന്നീ സൂക്തഭാഗങ്ങളിലെല്ലാം അല്‍ബൈതിനെ ലക്ഷ്യം വെക്കണമെന്നാണ് നിര്‍ദേശം.

 

ഹജ്ജനുഷ്ഠാനം

ഹജ്ജനുഷ്ഠാനം യാത്രയെയും മുന്നൊരുക്കത്തെയും തയ്യാറെടുപ്പിനെയും സൂചിപ്പിക്കുന്നു. തയ്യാറെടുപ്പ് ആവശ്യമായ ഒരനുഷ്ഠാനമായതിനാല്‍ ആമുഖങ്ങള്‍ മുതല്‍ തന്നെ ജാഗ്രതയും സൂക്ഷ്മതയും ആവശ്യമാണ്. സാഹചര്യപ്പൊരുത്തമുണ്ടായാല്‍ സൂക്ഷ്മവും കൃത്യവുമായ മുന്നൊരുക്കങ്ങളാണുണ്ടാവേണ്ടത്. അല്‍ബൈതാണ് ലക്ഷ്യം. എവിടെ വച്ച് ആരാധിച്ചാലും പ്രാര്‍ത്ഥിച്ചാലും അറിയുന്ന, കേള്‍ക്കുന്നവനാണ് അല്ലാഹു. എന്നിരിക്കെ ജീവിതത്തിലൊരിക്കലെങ്കിലും ദൂരങ്ങള്‍ താണ്ടി മക്കയിലെ ഭവനത്തിങ്കല്‍ വരണമെന്നാണവന്‍ നിശ്ചയിച്ചിരിക്കുന്നത്. അതില്‍ പരീക്ഷണവും പരിചരണവും പരിഗണനയുമുണ്ട്.

ഇസ്തിത്വാഅത്ത് അഥവാ ആവതുണ്ടാകുമ്പോഴാണ് ഹജ്ജനുഷ്ഠാനം ബാധ്യതയാവുക. ബാധ്യതയായി കഴിഞ്ഞാല്‍ പിന്നെ ആവതുണ്ടാക്കി നിര്‍വഹിക്കുകയും വേണം. സാമ്പത്തിക സൗകര്യം ആവതില്‍ പ്രധാന ഘടകമാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ പറ്റിയ വിധം പണമുണ്ടായിട്ട് അതു നിര്‍വഹിക്കാത്തവര്‍ താനൊരു പരീക്ഷണത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് അംഗീകരിക്കാത്തവരാണ്. മറ്റു സാഹചര്യങ്ങളിണങ്ങിയിട്ടും ഹജ്ജ് വിചാരം സജീവമാകാത്തവനെ ആത്മീയനാശം ബാധിക്കാനിടയുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സൂറത്തു ആലുഇംറാനിലെ 97-ാം സൂക്തത്തില്‍ ആവതുള്ളവന് ഹജ്ജ് ചെയ്യണമെന്നത് ബാധ്യതയാണ് എന്ന് പറഞ്ഞ ശേഷം അല്ലാഹു അറിയിക്കുന്നത് ആരെങ്കിലും നിഷേധിയായാല്‍ അല്ലാഹുവിനെ അത് ബാധിക്കുന്നില്ല എന്നാണ്. ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാനാവുന്നത് ആവതുള്ളവന്‍ ഹജ്ജനുഷ്ഠിക്കാത്തപക്ഷം ആ നിലപാടിലൊരു നിഷേധത്തിന്‍റെ സാന്നിധ്യമുണ്ടെന്നാണ്. പണമുള്ളവനെ സംബന്ധിച്ചിടത്തോളം ഹജ്ജ് വലിയ പരീക്ഷണ വിധിയാണെന്ന് സാരം.

 

നഷ്ടമില്ലാത്ത നേട്ടം

സമ്പത്തും സമയവും വിനിയോഗിക്കേണ്ടിവരുന്ന ഇബാദത്താണ് ഹജ്ജ്. ഈ സമ്പത്തും സമയവും പാഴാവില്ല. ദാരിദ്ര്യം ഹജ്ജ് കൊണ്ടുണ്ടാകില്ലെന്നു മാത്രമല്ല, ദാരിദ്ര്യത്തെ തന്നെ ഇല്ലാതാക്കുന്നതാണത്. നബി(സ്വ) പറയുന്നു: ഹജ്ജിന്‍റെയും ഉംറയുടെയും ഇടയില്‍ നിങ്ങള്‍ തുടര്‍ത്തുക. കാരണം അവ രണ്ടും ദാരിദ്ര്യത്തെ ഇല്ലാതാക്കും. നെരിപ്പോടുകള്‍ ഇരുമ്പിലെയും വെള്ളിയിലെയും സ്വര്‍ണത്തിലെയും അഴുക്കുകള്‍ നശിപ്പിക്കും പ്രകാരം പാപങ്ങളെയെല്ലാം അവ ശുദ്ധീകരിക്കുന്നതാണ് (തുര്‍മുദി).

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനായി ചെലവഴിക്കുന്ന പണവും അക്കാലയളവില്‍ ജോലി ചെയ്യാത്തതിനാലും ബിസിനസിലുമുണ്ടാവുന്ന ഇടിവിനാലും സംഭവിക്കുന്ന വരുമാനക്കുറവ് ഒരു നഷ്ടമല്ല. ചെലവഴിക്കുന്ന പണത്തിന് എഴുന്നൂറിരട്ടി മൂല്യമാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു (അഹ്മദ്). പകരം പണം തന്നെ നല്‍കുമെന്നു സൂചിപ്പിക്കുന്ന ഹദീസും (ബൈഹഖി) വന്നിട്ടുണ്ട്. ഹജ്ജ് അനുഷ്ഠിച്ചവന്‍ ദരിദ്രനാവുന്ന പ്രശ്മേയില്ല (ത്വബ്റാനി). ഹജ്ജ് നിര്‍വഹിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ക്കും യാത്രക്കും പണം കൈവശമുള്ളവന് സാമ്പത്തിക കാരണങ്ങളാല്‍ ഹജ്ജ് ചെയ്യാതിരിക്കാനാവില്ല. ശേഷകാല ജീവിതത്തിനെന്ത് എന്ന് ചിന്തിക്കേണ്ടതില്ല. ദാരിദ്ര്യം പിടിപെടുമെന്ന് ഭയപ്പെടേണ്ടതുമില്ല. മബ്റൂറായ ഹജ്ജനുഷ്ഠിക്കാനായാല്‍ പ്രതിഫലവും ഐഹികവും പാരത്രികവുമായ നേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭ്യമാകും.

ദാരിദ്ര്യക്കുറിച്ച് ഭയപ്പെടുത്തി നല്ല വഴിയില്‍ പണം ചെലവഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നവനാണ് പിശാചെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘പിശാച് നിങ്ങളെ ദാരിദ്ര്യത്തെ കുറിച്ച് പേടിപ്പിക്കുന്നു. തിന്മകള്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങള്‍ക്ക് പാപമോചനവും അവന്‍റെ ഔദാര്യവും വാഗ്ദാനം ചെയ്യുന്നു. അവന്‍ എല്ലാം അറിയുന്നവനും പ്രവിശാലമായ അനുഗ്രഹം ചെയ്യുന്നവനുമാണ് (അല്‍ബഖറ: 268).

മനുഷ്യമനസ്സില്‍ അവന് ഹിതമല്ലാത്ത വിചാരങ്ങളും മോഹങ്ങളും ആശങ്കകളും വളര്‍ത്തി നന്മയുടെ മാര്‍ഗത്തില്‍ നിന്ന് തടയാനും തിന്മകള്‍ പ്രവര്‍ത്തിപ്പിക്കാനും പിശാച് ശ്രമം നടത്തും. സത്യവിശ്വാസികള്‍ അല്ലാഹു, നബി(സ്വ) വഴി നല്‍കിയ വാഗ്ദാനങ്ങളെയാണ് മുഖവിലയ്ക്കെടുക്കേണ്ടത്.

ഹജ്ജ് നിര്‍ബന്ധമാകുന്നതിന്‍റെ സാമ്പത്തിക മാനദണ്ഡം പലരും മനസ്സിലാക്കിയോ എന്ന് സംശയമാണ്. അനിവാര്യമായ വീട്, പരിചാരകന്‍, കടങ്ങള്‍, കടം വീട്ടാനാവശ്യമായ പണം എന്നിവ കഴിച്ചുള്ളതില്‍ നിന്ന്, ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരുന്നതുവരെ ചെലവിന് നല്‍കല്‍ ബാധ്യതയുള്ളവരുടെ ഭക്ഷണം എന്നിവ കഴിഞ്ഞാലും തന്‍റെ യാത്രയുടെ പോക്കുവരവുകള്‍ക്കാവശ്യമായതുണ്ടെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാകുന്നതിനുള്ള സാമ്പത്തിക-വിഭവ യോഗ്യതയായി. ഈ കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് ‘അതുണ്ടായാല്‍ മതി’ എന്നാണ് കര്‍മശാസ്ത്ര പണ്ഡിതരുടെ പ്രയോഗം. അഥവാ വലിയ പണക്കാരന് മാത്രമല്ല, ഹജ്ജ് നിര്‍ബന്ധമാവുക എന്നര്‍ത്ഥം.

ഒരിക്കല്‍ മാത്രം നിര്‍വഹിച്ചാല്‍ ബാധ്യത തീരുന്ന അതിമഹത്തായ കര്‍മം അതിന്‍റെ ബാധ്യത ഒത്തിണങ്ങിയ ആദ്യഘട്ടത്തില്‍ തന്നെ നിര്‍വഹിക്കാതിരിക്കുന്നത് ചിലപ്പോള്‍ ഖേദത്തിനിടവരുത്തും. മാത്രമല്ല, ആ ബാധ്യത വീട്ടേണ്ടിയും വരും. ഇബ്നുഹജറില്‍ ഹൈതമി(റ)യുടെ ഫത്വയില്‍ ഇങ്ങനെ കാണാം: ‘ഒരാള്‍ക്ക് ഹജ്ജ് ചെയ്യുന്നതിനുള്ള ശേഷിയുണ്ടായി. പക്ഷേ നിര്‍വഹിച്ചില്ല. പിന്നീടവന്‍ ദരിദ്രനായി. എങ്കില്‍ അവന് ഹജ്ജനുഷ്ഠാനം ബാധ്യതയായി നിലനില്‍ക്കും. അതിനാല്‍ സാധിക്കുമെങ്കില്‍ നടന്നുപോയെങ്കിലും അവന്‍ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. യാത്രയിലെ മറ്റു ചെലവുകള്‍ക്കുള്ളതും ആശ്രിതര്‍ക്ക് താന്‍ തിരിച്ചെത്തുന്നതു വരെ ചെലവിനുള്ളതുമുണ്ടെങ്കില്‍ മാത്രമാണിത്’. എന്നാല്‍ ഇമാം ഗസ്സാലി(റ) ഇഹ്യയിലെഴുതിയതിങ്ങനെ: ‘ഒരാള്‍ക്ക് ഹജ്ജിന് ആവതുണ്ടായിട്ടും അത് വേഗത്തില്‍ നിര്‍വഹിക്കാതെ പിന്തിപ്പിച്ചു. പിന്നീടയാള്‍ ദരിദ്രനായി മാറിയാല്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനാവശ്യമായത്ര സമ്പാദിക്കല്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ സകാത്തോ സ്വദഖയോ ആവശ്യപ്പെട്ട് ഹജ്ജിനുള്ള ചെലവ് കണ്ടെത്തണം. അല്ലാത്തപക്ഷം പാപിയായിട്ടായിരിക്കും മരണപ്പെടുക (ഫതാവല്‍ കുബ്റാ).

 

ഇബ്റാഹീം(അ)

ഹജ്ജിനെത്താന്‍ വിശ്വാസികളെ ഇബ്റാഹീം(അ) വിളിച്ചിരുന്നു. ആ വിളി കേട്ടവരാണ് ഹജ്ജിന് പുണ്യഭൂമിയിലെത്തിച്ചേരുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണത്തില്‍ സുപ്രധാനമായ ഒരു ഘട്ടത്തിന് നേതൃത്വം നല്‍കിയത് ഖലീലുല്ലാഹി ഇബ്റാഹീം(അ)യാണ്. ഇബ്റാഹീം(അ)ന്‍റെ ചരിത്രത്തിലെ തിളക്കമുള്ള ഒരേടായിരുന്നു അത്. അല്ലാഹു എല്ലാ അനുകൂല സാഹചര്യങ്ങളും തീര്‍ത്ത് നിര്‍മാണ പ്രവര്‍ത്തനം എളുപ്പമാക്കി. പണി പൂര്‍ത്തിയായപ്പോള്‍ പ്രസ്തുത കര്‍മം സ്വീകരിക്കാന്‍ മഹാന്‍ പ്രാര്‍ത്ഥിച്ചു: ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് നീ സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ’ (അല്‍ബഖറ: 127).

നിര്‍ദേശിക്കപ്പെട്ട ദൗത്യം കൃത്യമായും ഭംഗിയായും നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തിലും വിനീതനായ ഒരു അടിമയുടെ രീതിയാണിതില്‍ നിന്നു നമുക്ക് പഠിക്കാനുള്ളത്. സ്വീകാര്യമായ ഈ കര്‍മത്തെ വസീലയാക്കിയെന്നോണം ഖലീലുല്ലാഹി നടത്തുന്ന പ്രാര്‍ത്ഥന തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ എത്ര കടുത്തതാണെന്നു പ്രത്യക്ഷത്തില്‍ തോന്നിയാലും വിനീതമായി അത് സ്വീകരിക്കുകയും നിര്‍വഹിച്ച് വിജയിച്ച് ‘ഖലീലുല്ലാഹി’ എന്ന അപരനാമം നേടുകയും ചെയ്ത പ്രവാചകനാണ് ഇബ്റാഹീം(അ).

ഇബ്റാഹീം(അ)ന്‍റെ ജീവിതത്തില്‍ പരീക്ഷണ ഘട്ടങ്ങളേറെയുണ്ടായി. അവയിലെല്ലാം മഹാന്‍ വിജയിച്ചു. ഖുര്‍ആന്‍ ഇത് എടുത്തുപറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു വിജയം ഇബ്റാഹീം(അ) നേടിയപ്പോള്‍ അല്ലാഹു പറഞ്ഞു: അങ്ങയെ ഞാന്‍ ജനങ്ങളുടെ ആകമാനം നേതാവാക്കിയിരിക്കുന്നു’ (അല്‍ബഖറ: 124). ഇബ്റാഹീം(അ) ഓരോ പരീക്ഷണ ഘട്ടത്തിലും വിജയാനന്തരം പ്രാര്‍ത്ഥനകള്‍ നടത്തിയത് കാണാം. അതില്‍ മക്കാ ദേശത്തിന് വേണ്ടിയും ദേശക്കാര്‍ക്ക് വേണ്ടിയും അവിടെയെത്തുന്നവര്‍ക്കും ശേഷകാലക്കാര്‍ക്കും സന്താന പരമ്പരയ്ക്കും അവസാനകാല ദൂതനെ നിയോഗിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

 

ഖലീലുല്ലാഹിയുടെ വിളി

ചരിത്രത്തില്‍ നിരുപമമായ ഒരു വിളിയായിരുന്നു ഇബ്റാഹീം(അ)ന്‍റേത്. ആയിരത്താണ്ടുകള്‍ക്കപ്പുറത്ത് നടന്ന ആ വിളി ദിഗന്തങ്ങളില്‍, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുകയുണ്ടായി. കാലദേശങ്ങളുടെ അകലവും അതിരുകളും അതിനുണ്ടായിരുന്നില്ല. ഇന്നും ആ വിളിയുടെ പ്രത്യുത്തരമായി വിശ്വാസി ലക്ഷങ്ങള്‍ പുണ്യ മണ്ണിലേക്ക് യാത്ര തുടരുകയാണ്.

ജനങ്ങളെ വിളിച്ചറിയിക്കാന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ ഇബ്റാഹീം(അ)നുണ്ടായ ആശങ്ക നാഥനെ അറിയിച്ചു. സ്ഥലകാലങ്ങളുടെ അകലങ്ങള്‍ പ്രതിബന്ധമാകില്ലെന്നും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമെന്നും മറുപടി ലഭിച്ചു. അങ്ങനെ ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനത്തിലേക്കുള്ള സുപ്രധാനമായ ക്ഷണം നിര്‍വഹിക്കുന്ന നിയോഗ ഭാഗ്യവും ഖലീലുല്ലാഹിക്കുണ്ടായി. വിളിക്കുക മാത്രമേ നബി ചെയ്തുള്ളൂ. ബാക്കിയെല്ലാം അല്ലാഹുവാണ് ഒരുക്കിയത്. അന്നു വിളിച്ചത് ഇബ്റാഹീം(അ). പക്ഷേ, വിളി കേള്‍ക്കുന്നത് അല്ലാഹുവിനോട്. ‘ലബ്ബൈക’ (അല്ലാഹുവേ, നിനക്കിതാ ഞാനുത്തരം ചെയ്യുന്നു) എന്നാണല്ലോ പ്രയോഗം.

‘ഇബ്റാഹീം, ജനങ്ങളോട് ഹജ്ജിനെത്താന്‍ വിളംബരപ്പെടുത്തുക. അവര്‍ അങ്ങ് നില്‍ക്കുന്നിടത്തേക്ക് കാല്‍നടക്കാരായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തേറിയും വളരെ ദൂരദിക്കുകളില്‍ നിന്നും വന്നെത്തും’ (അല്‍ബഖറ: 27).

ഖലീലുല്ലാഹിയുടെ വിളി ആകാശഭൂമികള്‍ക്കിടയിലുള്ളവരെല്ലാം കേള്‍ക്കുകയുണ്ടായി. ആ വിളിക്കുത്തരം ചെയ്ത ഒരാളും തല്‍ബിയത് ചൊല്ലി മക്കയിലേക്ക് മുന്നിടാതിരിക്കില്ല. പുരുഷന്മാരുടെ മുതുകിലും സ്ത്രീകളുടെ ഗര്‍ഭാശയങ്ങളിലുമുള്ളവരെല്ലാം ആ വിളിക്കുത്തരം നല്‍കി (തഫ്സീര്‍ റാസി). പ്രപഞ്ചത്തിലുള്ള വസ്തുക്കളെല്ലാം ഈ വിളി ദിഗന്തങ്ങളിലെത്തിക്കാന്‍ താഴ്ന്നും ഒതുങ്ങിയും സഹകരിച്ചു എന്ന് ചരിത്രത്തില്‍ കാണാം.

ഇബ്റാഹീം നബിയുടെ ഈ ക്ഷണത്തിന് പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ അത് സ്വീകരിക്കുന്നതിനും മഹത്ത്വവും നേട്ടങ്ങളുമുണ്ട്. അല്ലാഹുവിന്‍റെ ഭവനത്തില്‍ അവന്‍റെ ക്ഷണമനുസരിച്ചെത്തുന്നവര്‍ക്ക് ഉചിതമായ പാരിതോഷികവും സല്‍കാരവും ഉറപ്പ്. വിശുദ്ധ ഭവനത്തിലേക്ക് ക്ഷണിക്കപ്പെട്ടത് പ്രത്യേക പാരിതോഷികം നല്‍കാനാണ്. ഹാജിമാരെക്കുറിച്ച് അല്ലാഹു തന്നെ തന്‍റെയടുത്തെത്തുന്ന നിവേദകര്‍, അതിഥികള്‍, സന്ദര്‍ശകര്‍ എന്നെല്ലാം വിശേഷിപ്പിച്ചിട്ടുണ്ട്.

ഭൂമിയിലെത്തിയ ആദം(അ)ന് ഉപരിലോകത്തെ പോലെ ആരാധക സാന്ദ്രമായ ഒരു ഇടവും സാഹചര്യവും കാണാതായപ്പോഴുണ്ടായ മനോവ്യഥ നാഥനോടുണര്‍ത്തി. അതുമായി ബന്ധപ്പെട്ട് നടന്ന മുനാജാത്തില്‍ അല്ലാഹു പറഞ്ഞതിങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: ഭൂമിയില്‍ താങ്കളുടെ സന്തതികളില്‍ നിന്ന് തന്നെ തസ്ബീഹും തഖ്ദീസും നടത്തുന്നവരുണ്ടാവും. ഭൂമിയില്‍ ധാരാളം ഭവനങ്ങള്‍ എന്നെ ദിക്റ് ചെയ്യാനായി ഞാന്‍ ഏര്‍പ്പെടുത്തും. അവയിലൊന്നിനെ ഞാനെന്‍റെ പേരില്‍ പ്രത്യേകമായി തിരഞ്ഞെടുക്കും. എന്‍റെ ആദരവുകള്‍ കൊണ്ടതിനെ പ്രത്യേകമാക്കും. ഭൂമിയിലെ സകല ഭവനങ്ങളെക്കാളും ഞാനതിന് മുന്‍ഗണന നല്‍കും. എന്‍റെ ഭവനം എന്ന് ഞാനതിനെ വിളിക്കും. എന്‍റെ മഹത്ത്വം കൊണ്ടതിനെ മഹത്ത്വപ്പെടുത്തും. എന്‍റെ പവിത്രത കൊണ്ട് അതിനെ വലയം ചെയ്യും. ഞാനെനിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലത്ത് അത് സ്ഥാപിക്കും. ആകാശ ഭൂമികള്‍ സൃഷ്ടിക്കുന്ന കാലത്ത് തന്നെ ഞാനതിന്‍റെ സ്ഥലം നിര്‍ണയിച്ചിട്ടുണ്ട്. അതിനെ താങ്കള്‍ക്കും ശേഷമുള്ളവര്‍ക്കും പവിത്രസ്ഥാനവും സുരക്ഷിത സ്ഥാനവുമാക്കും. ആ ഭവനത്തിന്‍റെ മാഹാത്മ്യംകൊണ്ട് അതിന്‍റെ മുകളിലും താഴെയും പരിസരങ്ങളിലുമുള്ളതിനെ ഞാന്‍ പവിത്രമാക്കും. എന്‍റെ പ്രീതി പരിഗണിച്ച് അതിന്‍റെ പവിത്രതയെ ആരെങ്കിലും മാനിച്ചാല്‍ അവന്‍ ധന്യനായി. അതിനെ ആരെങ്കിലും അവഗണിച്ചാല്‍ അവന്‍ എന്‍റെ പവിത്രതയെ അവമതിച്ചവനായിത്തീരും. ആ മണ്ണില്‍ താമസിക്കുന്നവര്‍ എന്‍റെ അയല്‍വാസികളാണ്. അതിനെ ജനനിബിഢമാക്കുന്നവര്‍ എന്‍റെ സന്ദര്‍ശകരും. അവിടം സന്ദര്‍ശിക്കുന്നവര്‍ എന്‍റെ അതിഥികളാകുന്നു. ആ ഭവനത്തിലെത്തിച്ചേരുന്നവന്‍ എന്നെയല്ലാതെ മറ്റൊന്നും ഉദ്ദേശിക്കാത്തവനാണെങ്കില്‍ അവന്‍ എന്നെ സന്ദര്‍ശിച്ചവനും എന്‍റെ ആതിഥേയത്വം സ്വീകരിച്ചവനും എന്‍റെയടുത്ത് നിവേദകനായി എത്തിയവനുമാണ്. അവന് ഞാന്‍ ആദരവ് നല്‍കും. കാരണം അതിഥികളെയും സന്ദര്‍ശകരെയും ആവശ്യങ്ങളുമായെത്തുന്നവരെയും മാന്യമായി പരിഗണിക്കുകയെന്നതും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുയെന്നതും മാന്യന്മാരുടെ ലക്ഷണമാണല്ലോ (തഫ്സീര്‍).

അല്ലാഹുവിന്‍റെ അതിഥികളും സന്ദര്‍ശകരും അവന്‍റെ ഔദാര്യം കാംക്ഷിച്ചെത്തുന്നവരും എന്ന വിശേഷണമാണ് ഹാജിമാര്‍ക്കും ഉംറക്കാര്‍ക്കുമുള്ളത്. മറ്റെവിടെയും ലഭിക്കാത്തത് അവര്‍ക്കവിടെ ലഭിക്കുന്നു. അവിടെ വച്ചല്ലാതെ ചെയ്യാനാവാത്ത ഇബാദതുകള്‍ ചെയ്യാനാകുന്നു. ഖുര്‍ആന്‍ തന്നെ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘അവര്‍ക്കുപകരിക്കുന്ന ഇടങ്ങളില്‍ അവര്‍ സന്നിഹിതരാവാനും അല്ലാഹു അവര്‍ക്ക് നല്‍കിയ മൃഗങ്ങളുടെ മേല്‍, അവയെ ബലിയറുക്കുമ്പോള്‍ അല്ലാഹുവിനെ ദിക്റ് ചെയ്യാനും വേണ്ടി’ (അല്‍ഹജ്ജ്: 27). വിശ്വാസികളെന്ന നിലയില്‍ ഉപകാരപ്രദമായ അടിസ്ഥാന കാര്യങ്ങള്‍ അവര്‍ക്ക് നേടിയെടുക്കാനവസരമുള്ള ഇടമാണ് മക്കയും പരിസരവും.

മക്കയുടെയും കഅ്ബയുടെയും പരിസരവും ഹജ്ജിനോടനുബന്ധിച്ച് സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളും നിര്‍ബന്ധവും ഐച്ഛികവുമായ കര്‍മങ്ങളും തീര്‍ത്ഥാടകനെ ആത്മീയമായി വളരെ വലിയ മഹത്ത്വത്തിനുടമയാക്കുകയാണ്. ഹജ്ജിന്‍റെ യാത്രയുടെ തുടക്കം മുതല്‍ ഇടപെടുന്നതെന്തും മഹത്ത്വങ്ങളുടെ വിളനിലവും പ്രസരണ കേന്ദ്രങ്ങളും വസ്തുക്കളും സമയവുമത്രെ. ഹജ്ജിന്‍റെ യഥാര്‍ത്ഥ ചൈതന്യം തീര്‍ത്ഥാടകന്‍റെ വിജയോപാധികളാണ്.

 

സ്വീകാര്യമായ ഹജ്ജ്

മബ്റൂറായ ഹജ്ജിനു സ്വര്‍ഗമാണ് പ്രതിഫലമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചു. കേവലം ചെയ്തുതീര്‍ക്കുന്ന ചടങ്ങുകളല്ല ഹജ്ജിന്‍റേത്. മറിച്ച് സ്വന്തം ആത്മാവും ശരീരവും ആര്‍ജിച്ചെടുക്കേണ്ട ആത്മീയമായ മഹത്ത്വത്തിന്‍റെ ഉപാധികളാണ്. ആ നിലയില്‍ തന്നെ അതിനെ സമീപിക്കാനും അനുഷ്ഠിക്കാനും തയ്യാറാവേണ്ടതുണ്ട്.

ഹജ്ജ് യാത്രകള്‍ക്ക് പ്രഭാവശേഷി കുറയുന്നതും തീരെ പ്രഭയില്ലാതാവുന്നതുമായ കാലത്തെ കുറിച്ചും അന്നത്തെ തീര്‍ത്ഥാടകരെ കുറിച്ചും നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: ‘ജനങ്ങള്‍ക്ക് ഒരു കാലം വരാനുണ്ട്. അക്കാലത്ത് എന്‍റെ സമുദായത്തിലെ സമ്പന്നര്‍ സുഖവാസത്തിനും അവരിലെ ഇടനിലക്കാര്‍ വ്യാപാരത്തിനും പണ്ഡിതന്മാര്‍ ലോകമാന്യത്തിനും പ്രശസ്തിക്കും ദരിദ്രന്മാര്‍ യാചനക്കും ഹജ്ജ് ചെയ്യുന്നവരായിരിക്കും’ (തഫ്സീറുസ്സആലിബി). ഉമര്‍(റ) ആ കാലഘട്ടത്തിലെ ഹാജിമാരെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയം: ‘മക്കയിലെത്തുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഹാജിമാര്‍ കുറവാണ്’ (തഫ്സീറുസ്സആലിബി).

ഹജ്ജിനെ അതിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടെ അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന നിര്‍ബന്ധബുദ്ധി തീര്‍ത്ഥാടകന് വേണം. ഹജ്ജില്‍ യാത്ര മുതല്‍ ഒന്നും നമുക്ക് നഷ്ടപ്പെടാതെ അമൂല്യമായ സമ്പാദ്യങ്ങളാക്കാം. ഉമ്മ പ്രസവിക്കുന്ന സമയത്തെ പോലെ പാപരഹിതനായി മടങ്ങിവരാം. അപ്പോള്‍ തീര്‍ത്ഥാടകനും അവന്‍/അവന് വേണ്ടി പൊറുക്കലിനെ തേടിയവര്‍ക്കും അല്ലാഹു പൊറുത്തുനല്‍കും. ഹജ്ജും യാത്രയും തമ്മില്‍ ആത്മീയതയുടെ മര്‍മം കൊണ്ട് പാരസ്പര്യപ്പെടുത്തണം. അത്വഴി ഹജ്ജിന്‍റെ ചൈതന്യത്തെ ശക്തിപ്പെടുത്തുക.

Exit mobile version