ഹജ്ജ്; തുടരണം ഈ വിശുദ്ധി

വിശുദ്ധ ഹജ്ജ് നിർവഹിച്ച് ഹാജിമാർ നാട്ടിലേക്ക് യാത്രതിരിക്കുകയാണ്. അല്ലാഹുവിന്റെ ഭവനവും തിരുനബി(സ്വ)യുടെ റൗളയും സന്ദർശിച്ച് അനുഗ്രഹ നിർവൃതിയോടെയാണ് മടക്കം. ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള തിരുഹറമുകൾ നേരിൽ കാണാൻ അവസരമൊരുക്കിയ അല്ലാഹുവിന് സ്തുതിയർപ്പിച്ചും കഅ്ബയോട് വിടപറയുമ്പോൾ കരഞ്ഞും നാടണയുന്നവർ.

ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നതും മക്കയിൽ പ്രവേശിക്കുന്നതും വർഷങ്ങളായി തിരിഞ്ഞുനിന്ന് നിസ്‌കരിക്കുന്ന കഅ്ബാലയം നേരിൽ കാണുന്നതും അതിന് ചുറ്റും ത്വവാഫ് ചെയ്യുന്നതും ഇബ്റാഹീം മഖാമിന്റെ പിന്നിൽവെച്ചു നിസ്‌കരിക്കുന്നതും കഅ്ബയുടെ മൂലയിലുള്ള ഹജറുൽ അസ്‌വദ് ചുംബിക്കുന്നതും ഹാജറ(റ)യുടെ സ്മരണകളുറങ്ങുന്ന മസ്അയിലൂടെ നടക്കുന്നതും കുഞ്ഞു ഇസ്മാഈലി(അ)ന്റെ കാൽപാദത്തിനടിയിൽ ഉറവപൊട്ടിയ സംസം വെള്ളം കുടിക്കുന്നതുമെല്ലാം വർഷങ്ങളോളം സ്വപ്നം കണ്ടവർ ജീവിതത്തിൽ അവ മുഴുവൻ യാഥാർത്ഥ്യമായ സന്തോഷത്തോടെയാണ് യാത്രതിരിക്കുന്നത്.
പാപമോചനവും സ്വർഗപ്രവേശവും സമ്മാനിക്കുന്ന ശ്രേഷ്ഠാരാധന പൂർത്തിയാക്കാൻ സാധിച്ച ആനന്ദത്തിലാണ് ഹാജിമാർ. ‘തെറ്റ് ചെയ്യാതെയും അനാവശ്യ സംസാരങ്ങൾ ഉപേക്ഷിച്ചും ഒരാൾ ഹജ്ജ് നിർവഹിച്ചാൽ ജനിച്ച ദിവസത്തിലെന്ന പോലെ അയാൾ പാപമോചിതനായിരിക്കുമെന്ന’ ഹദീസ് (ബുഖാരി 1449, മുസ്‌ലിം 1350) ഹജ്ജ് നൽകുന്ന ആത്മീയ വിശുദ്ധിയുടെ വിശാലതയും ഹാജിമാർക്ക് മന:സമാധാനത്തിന് വകയുണ്ടെന്ന യാഥാർത്ഥ്യവും സൂചിപ്പിക്കുന്നു.
അനുഗ്രഹങ്ങളുടെ ഉജ്വലമായ വർഷങ്ങൾ പലതും നടന്ന സ്ഥലങ്ങളെല്ലാം ഹാജിമാർ സന്ദർശിച്ചു. തിരുജന്മം നടന്നയിടം, വഹ്‌യിന്റെ ഉത്ഭവമുണ്ടായ ഗുഹ, ഇസ്റാഅ്-മിഅ്റാജ് ആരംഭിച്ച സ്ഥലം തുടങ്ങി നിരവധി പുണ്യങ്ങളുടെ സംഗമ ഭൂമിയാണത്. ചരിത്രത്തിൽ ഇടംപിടിച്ച ഹിറാ പർവതം, സൗർ പർവതം, മസ്ജിദുൽ ജിന്ന്, മസ്ജിദുത്തൻഈം, മസ്ജിദുൽ ജിഅ്റാന, മസ്ജിദുൽ ഹറം, സ്വഫാ-മർവ അടക്കമുള്ള പുണ്യ ഇടങ്ങളെല്ലാം മക്കയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. മക്ക മുഴുവൻ പുണ്യം നിറഞ്ഞതും ദുആക്ക് ഉത്തരം ലഭിക്കുന്നതുമാണെങ്കിലും പ്രാർത്ഥനക്ക് സവിശേഷമായ ഉത്തരലബ്ധിയുണ്ടെന്ന് തിരുനബി(സ്വ) പഠിപ്പിച്ചതും പലർക്കും അനുഭവമുള്ളതുമായ ത്വവാഫിലും മുൽതസിമിനരികിലും കഅ്ബയുടെ സ്വർണപ്പാത്തിക്ക് താഴെയും സംസമിനരികിലും ഇബ്റാഹീം മഖാമിന് പിന്നിലും സ്വഫാ-മർവയിലും സഅ്‌യിനിടയിലും അറഫയിലും മുസ്ദലിഫയിലും മൂന്ന് ജംറകളിലും ഹജറുൽ അസ്‌വദിനു ചാരെയും മദീനയിലുമെല്ലാം കണ്ഠമിടറി പ്രാർത്ഥിച്ചുകൊണ്ടാണ് ഹാജിമാർ സ്വദേശത്തേക്ക് മടങ്ങുന്നത്.
ആ വിശുദ്ധ ഭൂമിയോട് നിറകണ്ണുകളോടെയും വിതുമ്പുന്ന ഹൃദയത്തോടെയുമല്ലാതെ ഒരു ഹാജിക്കും യാത്ര പറയാൻ സാധിക്കില്ല. മക്കയിൽ നിന്ന് പുറത്തു പോകേണ്ടിവന്നപ്പോൾ തിരുനബി(സ്വ) വിതുമ്പുന്ന ചുണ്ടുകളോടെ ആ മണ്ണിലേക്കു നോക്കി പറഞ്ഞത് ഇങ്ങനെ: അല്ലാഹുവാണ് സത്യം, തീർച്ചയായും നീ അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും പുണ്യമുള്ളതാണ്. റബ്ബിന് ഏറ്റവും പ്രിയപ്പെട്ടതുമാണ്. എന്നെ നിന്നിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നില്ലായെങ്കിൽ ഞാൻ ഇവിടം വിട്ട് പോകുമായിരുന്നില്ല (തുർമുദി, നസാഈ, ഇബ്‌നുമാജ).
മദീനാ സന്ദർശനം കൊണ്ട് നേടാനാവുന്ന അനുഭൂതികളിൽ അതിപ്രധാനമായ തിരുനബി(സ്വ)യുടെ റൗള സിയാറത്ത് ചെയ്തും സിദ്ദീഖ്(റ), ഉമർ(റ) എന്നിവരോട് സലാം പറഞ്ഞും ആഇശ ബീവി(റ) അടക്കമുള്ള നബിപത്നിമാർ, ഫാത്വിമ ബീവി(റ) അടക്കമുള്ള മക്കൾ, ഉസ്മാൻ(റ) അടക്കമുള്ള പതിനായിരത്തോളം സ്വഹാബിമാർ, നിരവധി ഔലിയാക്കൾ, മഹാരഥന്മാർ എന്നിവരെല്ലാം അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ പവിത്രമായ ബഖീഇലെത്തിയും ഹംസ(റ), അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) എന്നിവരുടെ ഖബറുകൾ നിലകൊള്ളുന്ന ഉഹുദിലെത്തിയും തന്റെ സങ്കട ഹർജി ബോധിപ്പിച്ചാണ് ഹാജിമാരുടെ പുറപ്പാട്.
തിരുദൂതർ നിർമിച്ചതും കൂടുതൽ സമയം ചെലവഴിച്ചതുമായ മസ്ജിദുന്നബവിയിൽ നിസ്‌കരിച്ചും പ്രവാചകർ(സ്വ) മദീനയിലെത്തിയ ശേഷം ആദ്യമായി നിർമിച്ച മസ്ജിദുൽ ഖുബാഇൽ സന്ദർശനം നടത്തിയും നിസ്‌കാരം നിർവഹിച്ചും മസ്ജിദുൽ ഖിബ്‌ലതൈനിയിൽ സമയം ചെലവഴിച്ചും തിരുനബി(സ്വ) ആദ്യമായി ജുമുഅ നിസ്‌കരിച്ച മസ്ജിദുൽ ജുമുഅ, അവിടത്തെ ദുആഇന് ഉത്തരം ലഭിച്ച മസ്ജിദുൽ ഇജാബ എന്നിവയെല്ലാം കൺകുളിർക്കെ കണ്ട സന്തോഷത്തിലാണ് ഹാജിമാർ. ഇസ്‌ലാമിക പൈതൃകങ്ങളുടെയും ചിഹ്നങ്ങളുടെയും കേന്ദ്രമായ മദീനയിലെ പർവതങ്ങൾ, കിണറുകൾ, ഈത്തപ്പന തോട്ടങ്ങൾ തുടങ്ങി ചരിത്രപരമായ പ്രാധാന്യങ്ങളുള്ള നിരവധി കേന്ദ്രങ്ങളും വസ്തുക്കളും സന്ദർശിച്ച സന്തോഷവും അവർക്കുണ്ട്.
ജീവിതത്തിലെ വലിയൊരഭിലാഷം ആരോഗ്യത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ഒരു സന്തോഷം ഹാജിമാരുടെ മനസ്സിലുണ്ടെന്ന് ചുരുക്കം. ശിഷ്ടകാലം കൂടി അല്ലാഹുവിന്റെ തൃപ്തിയിലാവണമെന്ന തീവ്രമായ ആഗ്രഹമാണ് ഇനി അവർക്ക് ബാക്കിയുള്ളത്. ഹജ്ജിനുപോയി തിരിച്ചുവരുന്നവർ നാടിനോട് അടുത്താൽ ചൊല്ലേണ്ട ഒരു പ്രാർത്ഥന കർമശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട്. ‘അല്ലാഹുവേ, ഈ നാടിന്റെയും നാട്ടുകാരുടെയും നന്മകളും അതിലുള്ള സകല വസ്തുക്കളുടെയും ഗുണങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങൾക്ക് നീ അവിടെ സ്വാസ്ഥ്യവും നല്ല ഭക്ഷണവും നൽകേണമേ. അല്ലാഹുവേ, ഈ നാടിന്റെ സൽഫലങ്ങളെ ഞങ്ങൾക്ക് നീ നൽകേണമേ. ഈ നാട്ടിലെ ദുഷ്ഫലങ്ങളിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ. ഈ നാട്ടുകാർക്ക് ഞങ്ങളെ നീ പ്രിയങ്കരമാക്കിത്തരേണമേ. ഈ നാട്ടിലെ സജ്ജനങ്ങളെ ഞങ്ങൾക്കും പ്രിയങ്കരരാക്കേണമേ’ (തുർമുദി).
ഇതൊരു പ്രാർത്ഥനയാണ്, അതിലുപരി പ്രതിജ്ഞയുമാണ്. ഹജ്ജ് ചെയ്ത് വന്നയാൾ എങ്ങനെയാണ് ഭാവിജീവിതം നയിക്കേണ്ടതെന്നതിന്റെ സൂചനകൾ കൂടി അതിലുണ്ട്. സ്‌നേഹത്തിലും സന്മാർഗത്തിലുമുള്ള ജീവിതവും നിഷിദ്ധമല്ലാത്ത ആഹാരം കഴിക്കാനുള്ള സന്നദ്ധതയും സ്വന്തം നാട്ടിൽ ആശങ്കകളില്ലാതെ ജീവിക്കാനുള്ള താൽപര്യവുമെല്ലാം അതിൽ നിഴലിക്കുന്നുണ്ട്. ഇനിയുള്ള ജീവിതം മുമ്പത്തേത് പോലെയായിരിക്കില്ലെന്ന് കഅ്ബയുടെ അടുത്തുനിന്നും അറഫാ മൈതാനിയിൽ വെച്ചും നബി(സ്വ)യുടെ സവിധത്തിൽ വെച്ചുമെല്ലാം ഏത് ഹാജിയും മനസ്സിലുറപ്പിക്കുന്ന കാര്യമാണ്. ഇനി മുതൽ കൂടുതൽ നല്ല വ്യക്തിയായി ഞാൻ കഴിയുമെന്ന ആ തീരുമാനം നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. തിരിച്ചുവന്ന ശേഷം മുമ്പുള്ളതിനെക്കാൾ ഉത്തമമായ ജീവിതം നയിക്കണമെന്നും അത് ഹജ്ജ് സ്വീകരിക്കപ്പെട്ടുവെന്നതിന്റെ ലക്ഷണമാണെന്നും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹുവിന്റെ ഭവനം സന്ദർശിച്ച് തിരിച്ചെത്തുന്ന ഒരാളുടെ സാമൂഹിക ബാധ്യതയും വ്യക്തിപരമായ ബാധ്യതകളും സത്യത്തിൽ വർധിക്കുകയാണ് ചെയ്യുന്നത്. എപ്പോഴും മാതൃകാ വ്യക്തികളായിരിക്കാൻ അവർ പിന്നീട് തയ്യാറാകണം. ഹജ്ജ് കഴിഞ്ഞുവന്നാൽ മതകർമങ്ങളിൽ മുമ്പത്തെക്കാൾ കൃത്യതയും താൽപര്യവും കാണിക്കണം. ജീവിതചിട്ടകളിലും സ്വഭാവരീതികളിലും കാതലായ മാറ്റം വരുത്തം.
ഹജ്ജ് സമയത്ത് ശരീരം വേണ്ടെന്നുവെച്ച ദുർവികാരങ്ങളും തദനുസൃതമായ പ്രവർത്തനങ്ങളും ഇനിയും വേണ്ടെന്ന് മനസ്സുകൊണ്ട് തീരുമാനിക്കണം. സാധാരണയുള്ള വേഷവിധാനത്തിൽ നിന്ന് ഇഹ്റാം വേഷത്തിലേക്ക് മാറുമ്പോൾ ലഭിച്ച മാനസികമായ മാറ്റം തുടർന്നും ഹൃത്തിൽ നിറയണം. തൽബിയത്തിന്റെ ഓരോ മന്ത്രത്തിനും മനസ്സിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിച്ചതു പോലെ ആത്മീയ ഉണർവ് ഖൽബിൽ തുടർന്നും നിലനിൽക്കണം. അറഫയിലെ നിമിഷങ്ങളിൽ ഇലാഹിയ്യായ ചിന്തകൾ ഉള്ളിൽ തുടിച്ചതുപോലെ തുടർന്നും നിറയണം. മുസ്ദലിഫയിലെത്തുമ്പോൾ സ്വന്തത്തെ മറന്ന് അല്ലാഹുവിൽ സമർപ്പിച്ച പ്രകാരം ജീവിതം സ്രഷ്ടാവിൽ ലയിക്കണം. മിനയിൽ കല്ലെറിയുമ്പോൾ മനസ്സകത്തെ ദുർവികാരങ്ങളെ വലിച്ചെറിയുന്നുവെന്ന് കരുതിയതു പോലെ സർവ തിന്മകളോടും പൊരുതാൻ ഭാവിയിലും സാധിക്കണം. ഭൗതികതയോടുള്ള അഭിനിവേശവും പ്രതിബദ്ധതയും ഉള്ളിന്റെയുള്ളിൽ നിന്ന് പുറത്ത് കടക്കണം.
സ്വഫാ-മർവകൾക്കിടയിലും സഅ്‌യ് നടത്തുന്നിടത്തും മാലിന്യങ്ങളിൽ നിന്ന് തെളിഞ്ഞ ഹൃദയം രുചിച്ചറിഞ്ഞത് ഭാവിയിലും നിലനിൽക്കണം. മുടി മുറിച്ച് വിരമിക്കുമ്പോൾ ശേഷിക്കുന്ന ദുഷ്ചെയ്തികൾ കൂടി വേരോടെ മനസ്സിൽ നിന്ന് പിഴുതെറിയുകയായിരുന്നെന്ന ബോധ്യം മരണംവരെ നിലനിൽക്കണം.
തിരുനബി(സ്വ)യെ സന്ദർശിച്ച് അവിടത്തെ പൊരുത്തം ചോദിച്ച് തിരിച്ചുവന്നവർ തിരുസുന്നത്തുകൾ പരമാവധി ജീവിതത്തിൽ പുലർത്താനും ശ്രമിക്കണം. ഇഹ്‌റാം വേഷത്തിൽ പുരുഷന്മാരെല്ലാം വെള്ളവസ്ത്രം ധരിച്ച് അറഫയിൽ ഒരുമിച്ചുകൂടിയ കാഴ്ച മനസ്സിലുണ്ടല്ലോ. ഇനിയുള്ള ദിനങ്ങളിൽ ശുഭ്രവസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കാൻ പുരുഷന്മാർക്ക് ആ ഓർമ സഹായകമാകണം. വെള്ളവസ്ത്രത്തിന് കൂടുതൽ മഹത്ത്വവും മേന്മയും കൽപ്പിച്ച മതമാണ് ഇസ്‌ലാം. തിരുനബി(സ്വ) കൂടുതൽ ഇഷ്ടപ്പെടുകയും ധരിക്കുകയും ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത വസ്ത്രമാണത്. പല യുദ്ധവേളകളിലും തിരുദൂതരെ സഹായിക്കാനവതരിച്ച മലക്കുകൾ ധരിച്ചിരുന്നത് വെള്ളവസ്ത്രമാണ്. സമുറത്ത് ബിൻ ജുൻദുബി(റ)ൽ നിന്ന് റിപ്പോർട്ട്. ‘റസൂലുല്ലാഹി(സ്വ) പറഞ്ഞു: നിങ്ങൾ വെള്ളവസ്ത്രം ധരിക്കുക. അതാണ് വൃത്തിയുള്ളതും നല്ലതും. നിങ്ങളിൽ നിന്ന് മരണപ്പെടുന്നവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക’ (തുർമുദി, ഇബ്‌നുമാജ).
നാട്ടിൽവെച്ച് എല്ലാ ദിവസവും താടി വടിച്ചിരുന്നവർ ഇഹ്റാമിൽ അത് പറ്റെ ഉപേക്ഷിക്കുകയും സ്രഷ്ടാവിന്റെ നിയമങ്ങൾ ശിരസ്സാവഹിക്കുകയും ചെയ്തു. ആ ശീലം ജീവിതം മുഴുവൻ തുടരാൻ ഹാജിമാർക്ക് കഴിയണം. മീശ വെട്ടിയും താടി വളർത്തിയും തിരുസുന്നത്ത് മുറുകെ പിടിക്കുന്നവരായി മാറണം. മുഖത്തിന്റെ താഴ്ഭാഗത്ത് താടിയെല്ലുകൾ സംഗമിക്കുന്ന സ്ഥലത്ത് മുളക്കുന്ന രോമം മുഴുവൻ നീട്ടണമെന്നാണ് മതനിയമം. അതു സുന്നത്താണ്. താടി വടിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ച് കറാഹത്താണ്. എന്നാൽ മറ്റു മൂന്നു മദ്ഹബുകളും നമ്മുടെ മദ്ഹബിലുള്ള വലിയൊരു വിഭാഗവും അത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ താടി വടിക്കൽ ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. വെട്ടിയും മറ്റും മീശയല്ലാത്ത മുഖരോമങ്ങളിൽ കാണിക്കുന്ന സൗന്ദര്യ പ്രകടനങ്ങൾ കറാഹത്താണെന്നാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർ ഇഹ്‌റാമിന്റെ സമയമല്ലാത്തപ്പോഴെല്ലാം തലമറച്ച് നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഇനി മുതൽ തലമറക്കൽ ജീവിതത്തിന്റെ ഭാഗമാക്കണം. തിരുനബി(സ്വ)യും സ്വഹാബത്തും തലമറക്കാറുണ്ടായിരുന്നു. റസൂലിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ടെന്ന ഖുർആനികാഹ്വാനം ഉൾക്കൊള്ളാൻ അവിടത്തെ വസ്ത്രധാരണവും സ്വഭാവവും പ്രവർത്തനങ്ങളും നമുക്ക് മാതൃകയാവണം. പുരുഷന്മാർക്ക് നിസ്‌കാരത്തിൽ തലമറക്കൽ സുന്നത്താണ്. തല തുറന്നിട്ട് നിസ്‌കരിക്കൽ കറാഹത്തുമാണ് (ഫത്ഹുൽ മുഈൻ).
ഔറത്ത് മറക്കുന്നതിൽ മുമ്പ് വേണ്ടത്ര ശ്രദ്ധയില്ലാതിരുന്ന സ്ത്രീകൾ ഹജ്ജ് കഴിഞ്ഞു വന്നാൽ അതീവ ജാഗ്രത കാണിച്ച് ഭാവിജീവിതം ശുഭകരമാക്കാണം. സ്ത്രീകളുടെ ഔറത്ത് ശരീരം മുഴുവനാണെന്നും അതു മറക്കൽ നിർബന്ധ ബാധ്യതയാണെന്നും മുമ്പ് താൻ പൂർണമായി ധരിച്ചിരുന്നില്ലല്ലോ, ഇനിയും അങ്ങനെയങ്ങ് പോകട്ടെ എന്നു കരുതുന്നത് ശരിയല്ലെന്നും ഹജ്ജുമ്മമാർ മനസ്സിലാക്കണം. ശിരോവസ്ത്രവും പർദയുമെല്ലാം വിശുദ്ധ ഖുർആൻ നിഷ്‌കർഷിച്ച വേഷവിധാനം തന്നെയാണ്. ഖുർആൻ പറയുന്നു: താങ്കളുടെ ഭാര്യമാരോടും പെൺമക്കളോടും വിശ്വാസികളായ സ്ത്രീകളോടും ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിക്കാൻ പറയുക. അതാണ് അവർ തിരിച്ചറിയപ്പെടാൻ ഏറ്റവും എളുപ്പമായത്. അപ്പോൾ അവർ ശല്യംചെയ്യപ്പെടുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ് (അഹ്‌സാബ്).
ഹജ്ജ് കഴിഞ്ഞു വന്നവർ ജീവിതത്തിലുടനീളം മറ്റു മതനിയമങ്ങളും പാലിക്കണം. ഹജ്ജ് യാത്രയും അനുബന്ധ ആരാധനകളും അതിന് പ്രചോദനമാകണം. സഹയാത്രികരെക്കുറിച്ചും അവരുടെ സമീപനത്തെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമൊക്കെ എടുത്തുപറയുന്ന സ്വഭാവം ചിലരിലെങ്കിലും കാണാറുണ്ട്. അതൊഴിവാക്കേണ്ടതാണ്. ഹൃദയം കഴിഞ്ഞാൽ പിന്നെ ശരീരത്തിലെ ഏറ്റവും ശ്രദ്ധേയ അവയവമാണ് നാവ്. വിജയ പരാജയ നിർണയത്തിൽ ഹൃദയത്തെ പോലെ നാവിനും അതിന്റേതായ പങ്കുണ്ട്. നാവ് നന്നായില്ലെങ്കിൽ മറ്റെന്ത് ഗുണങ്ങളുണ്ടായിട്ടും കാര്യമില്ല. കെട്ടഴിച്ചു വിട്ടാൽ അപകടം വിതക്കുന്ന വിനാശകാരിയായ ഈ അവയവത്തെ നന്മയിൽ പിടിച്ചുനിർത്തുക എന്നത് അതീവ ദുഷ്‌കരമാണ്. ആ ചിന്തയോടെയായിരിക്കണം സംസാരത്തിലേർപ്പെടുന്നത്.
നന്മ ചെയ്യുമ്പോൾ സന്തോഷിക്കുകയും തിന്മ ചെയ്താൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന സ്വഭാവം മരണം വരെ വേണം. അല്ലാഹുവിനെ സ്‌നേഹിക്കുകയും അവനിൽ പ്രതീക്ഷ പുലർത്തുകയും അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് മാത്രം ആരാധനകളിൽ നിരതരാവുകയും ഐഹിക വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ കൂടുതൽ പാരത്രിക വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും മതപരമായ ചട്ടക്കൂടിലൂടെ ജീവിതചക്രം മുന്നോട്ടു കൊണ്ടുപോകാൻ സദാ ശ്രമിക്കുകയും വേണം.
എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിപ്പിച്ചും അത്യാഗ്രഹം ഒഴിവാക്കിയും കോപത്തെ കീഴടക്കിയും മനസ്സ് നിയന്ത്രിച്ചും ദുർവ്യയത്തോട് സന്ധിയില്ലാ സമരം നടത്തിയും മനസ്സിലെ മാലിന്യങ്ങൾ നീക്കംചെയ്തും വിജയത്തിന്റെ രാജപാതയിലെത്തണം. കാര്യങ്ങളെല്ലാം ഊർജസ്വലതയോടെ ചെയ്യാനും അനിവാര്യ സാഹചര്യങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കാനും നിരന്തരമായ പരിശ്രമത്തിലൂടെ സ്വസ്ഥമായ മനസ്സും ശാന്തമായ ചിന്താഗതിയും കൈക്കൊള്ളാനും ഹാജിമാർക്ക് കഴിയണം. ജീവിതത്തിന്റെ നിഖില മേഖലകളിലും മാറ്റത്തിന്റെ വക്താക്കളാവാൻ പുതിയ ജീവിതത്തിന് ഒരുങ്ങിനിൽക്കുന്ന ഹാജിക്ക് സാധിക്കണം. കുടുംബബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനും പരസ്പര സഹകരണം വർധിപ്പിച്ച് സ്‌നേഹവും സന്തോഷവും നിലനിർത്താനുമാവണം.
കൊച്ചുനാൾ മുതൽ കൊഞ്ചിച്ചു വളർത്തിയ മാതാപിതാക്കളെ നെഞ്ചോട് ചേർത്തുപിടിച്ചും മക്കളോട് കൂടുതൽ സ്‌നേഹം കാണിച്ചും അവരെ നന്നായി സഹായിച്ചും അവർക്കൊരു കൈത്താങ്ങായും മാറണം. അർഹിക്കുന്ന സ്‌നേഹവും പരിഗണനയും തങ്ങൾക്കു മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന തോന്നൽ അവരിൽ സൃഷ്ടിക്കാനാവണം. ചുരുക്കത്തിൽ, ഭൂതകാലത്തു നിന്ന് പാഠം പഠിച്ച് ഹജ്ജാനന്തര ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ഹാജിമാർക്ക് ബാധ്യതയുണ്ട്. നിഷേധാത്മക മനോഭാവങ്ങൾ തടയാനും മൂല്യവത്തായ ചിന്തകളും ഗുണപരമായ മനോഭാവങ്ങളും ഉൾക്കൊള്ളാനും സാധിക്കണം.

 

സൈനുദ്ദീൻ ശാമിൽഇർഫാനി മാണൂർ

Exit mobile version