ഹറമിന്റെ പാഠങ്ങൾ

കുഴപ്പമില്ല, ആ പുണ്യകർമം ധൈര്യമായി ചെയ്‌തോളൂ. അതിൽ ഒരു ശിർക്കും വരില്ല എന്ന പാഠവും തിരിച്ചറിവും സമ്മാനിക്കുന്ന ഒരു കർമമാണ് സഅ്‌യ്. കഅ്ബയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്വഫാ-മർവ കുന്നുകൾക്കിടയിൽ നടന്നും ഓടിയും നിർവഹിക്കുന്ന ഈ പുണ്യത്തെ കുറിച്ച് പ്രത്യേക രീതിയിലാണ് ഖുർആന്റെ കൽപന കാണുന്നത്. ഒരു സൽകർമത്തെ പറ്റി പറയുമ്പോൾ അതിന്റെ മഹത്ത്വവും പ്രതിഫലങ്ങളുമാണ് പൊതുവെ ഖുർആൻ ഉണർത്താറുള്ളത്. ക്ഷമ ഒരു ഉദാഹരണം. ക്ഷമയെ കുറിച്ച് ഖുർആനിന്റെ പരാമർശ രീതി ശ്രദ്ധിക്കുക: ‘ഭീതി, പട്ടിണി, കനികളുടെയും ശരീരങ്ങളുടെയും കുറവ് വരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമ പാലിക്കുന്നവരെ താങ്കൾ സന്തോഷ സന്ദേശമറിയിക്കുക. അതായത്, തങ്ങൾക്ക് ആപത്തേൽക്കുമ്പോൾ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുന്നവരെ. അവർക്ക് നാഥന്റെയടുക്കൽ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടായിരിക്കും. അവരാണ് സന്മാർഗികൾ (സൂറത്തുൽ ബഖറ 155-157). ഇവിടെ വിശുദ്ധ ഖുർആൻ ക്ഷമ കൈക്കൊള്ളാൻ കൽപിക്കുകയും ക്ഷമയുടെ വമ്പിച്ച പ്രതിഫലവും പ്രതിഫലനവും വിവരിക്കുകയും ചെയ്യുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. മറ്റെല്ലാ സൽകർമങ്ങളെ സംബന്ധിച്ചും ഖുർആനിന്റെ ശൈലി ഇതു തന്നെയാണ്. എന്നാൽ സഅ്‌യിനെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നത് അത് വലിയ പുണ്യമാണ്, അതിന് വലിയ പ്രതിഫലമുണ്ട് എന്നല്ല. മറിച്ച്, അത് പാപമല്ല എന്നാണ്.
തീർച്ചയായും സ്വഫയും മർവയും അല്ലാഹുവിന്റെ ആദരണീയ ചിഹ്നങ്ങളിൽ പെട്ടതാണ്. ആയതിനാൽ ഹജ്ജോ ഉംറയോ നിർവഹിക്കുന്നവർക്ക് അവക്കിടയിലൂടെ സഅ്‌യ് നിർവഹിക്കുന്നതിന് പാപമില്ല (സൂറത്തുൽ ബഖറ 158). ഇവിടെ ഖുർആനിന്റെ ശൈലീ വ്യത്യാസം ശ്രദ്ധിക്കുക. സഅ്‌യ് ഒരു പുണ്യ കർമമാണ് എന്നല്ല, അതൊരു പാപമല്ല എന്നാണ് അല്ലാഹു പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെ? കാരണമുണ്ട്. ജാഹിലിയ്യാ കാലത്ത് സ്വഫാ-മർവ കുന്നുകളിൽ വിഗ്രഹ പ്രതിഷ്ഠകളുണ്ടായിരുന്നു. സ്വഫയിൽ ഇസാഫ് എന്ന പുരുഷ രൂപവും മർവയിൽ സ്ത്രീ രൂപവും. മുശ്‌രിക്കുകൾ അവരുടെ ഹജ്ജ് വേളയിൽ ആ പ്രതിഷ്ഠകളെ പൂജിക്കുകയും പ്രണാമങ്ങളർപ്പിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ സഅ്‌യ് ചെയ്താൽ ശിർക്ക് സംഭവിക്കുമോ എന്ന് ഒട്ടേറെ മുസ്‌ലിംകൾക്ക് ആശങ്കയുണ്ടായിരുന്നു. ഹിജ്‌റ ഏഴാം വർഷം നബി(സ്വ)യും സ്വഹാബത്തും ഉംറ ചെയ്തപ്പോൾ കഅ്ബയിൽ നൂറുകണക്കിന് വിഗ്രഹങ്ങളുണ്ടായിരുന്നു. ഹിജ്‌റയുടെ എട്ടാം വർഷമാണ് പ്രതിമകൾ നീക്കിയത്. മറ്റുള്ളവർ അവിടെവെച്ച് വിഗ്രഹങ്ങളെ ആരാധിക്കുന്നുവെന്നതുകൊണ്ട് അവിടെവെച്ച് മുസ്‌ലിംകൾ സ്വന്തം വിശ്വാസമനുസരിച്ച് കർമങ്ങൾ ചെയ്യുന്നത് തെറ്റാകില്ല. കർമത്തിന്റെ രൂപത്തിലോ സാദൃശ്യത്തിലോ അല്ല ശിർക്കോ പാപമോ സംഭവിക്കുന്നത്. വിശ്വാസത്തിലാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം (സൂറത്തുൽ കാഫിറൂൻ).
ഹറമിൽ നിന്നുള്ള മറ്റൊരു വലിയ പാഠം സജ്ജനങ്ങളിലൂടെ അല്ലാഹുവിലേക്ക് എന്നതാണ്. ഹജ്ജിലേക്ക് ക്ഷണിക്കുന്നത് തന്നെ അല്ലാഹു നേരിട്ടല്ല, ഇബ്‌റാഹീം നബി(അ)ലൂടെയാണ്. താങ്കൾ ജനങ്ങളിൽ ഹജ്ജിന് വിളംബരം നടത്തുക, അപ്പോൾ താങ്കളെ സമീപിക്കും… (സൂറത്തുൽ ഹജ്ജ് 27). ഹജ്ജിന് വിളിച്ചാൽ അവർ താങ്കളെ സമീപിക്കും എന്ന ഖുർആനിക പരാമർശം ഏറെ ശ്രദ്ധേയം.
തീർച്ചയായും അല്ലാഹു ഭക്തി പാലിക്കുന്നവരോട് കൂടെയാണ്, സജ്ജനങ്ങളോട് കൂടെയാണ് (സൂറത്തുന്നഹ്ൽ 128) എന്ന ഖുർആൻ നിലപാടിലേക്ക് വിശുദ്ധ ഹറം വിശ്വാസികളെ ക്ഷണിക്കുന്നു, ബോധവൽകരിക്കുന്നു.

 

സുലൈമാൻ മദനി ചുണ്ടേൽ

Exit mobile version