ഹലാൽ: ഒരു സമുദായത്തിന്റെ മാത്രം ഭക്ഷണനിഷ്ഠ വിവാദമാകുന്നതെങ്ങനെ?

ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഒരു സുഹൃത്ത് പങ്കുവെച്ച അനുഭവം പറഞ്ഞുകൊണ്ട് തുടങ്ങാം. ജോലിയിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകനുള്ള യാത്രയയപ്പിനെ കുറിച്ച് ഓഫീസിൽ ചർച്ച നടക്കുകയാണ്. ഭക്ഷണത്തിലാണ് സംസാരം മുട്ടിനിൽക്കുന്നത്. സദ്യയും ബിരിയാണിയും പൊറോട്ടയും ചിക്കനും അങ്ങനെ പലതും പലതും നിർദേശിക്കപ്പെട്ടു. ഒന്നിലും തീരുമാനം ഉറയ്ക്കാതിരുന്നപ്പോൾ ‘നമുക്ക് കുഴിമന്തി ആക്കിയാലോ’ എന്നൊരഭിപ്രായം സുഹൃത്ത് മുന്നോട്ടുവെച്ചു. പൊടുന്നനെ ഒരു നിശ്ശബ്ദത ആ ആപ്പീസ് മുറിയിലേക്ക് പൊട്ടിവീണു. എന്തോ അരുതാത്തതു കേട്ട പോലെ, ആ നിമിഷം വരെ ഒച്ചവച്ചിരുന്ന പലരും വാക്ക് മുട്ടിയ ഭാവത്തിൽ അന്തിച്ചിരുന്നു.
മൗനം ഭഞ്ജിച്ചുകൊണ്ട് കൂട്ടത്തിലെ നാരീരത്‌നമാണ് ഉള്ളിൽ നുരഞ്ഞ ചോദ്യം പുറത്തേക്ക് തൊടുത്തുവിട്ടത്: ‘അത് ഹലാൽ ഫുഡല്ലേ. നിങ്ങളീ തുപ്പിക്കഴിക്കുന്ന…’ അർധോക്തിയിൽ അവസാനിപ്പിച്ച ആ വാചകത്തിൽ, പൊടുന്നനെ ഉണ്ടായ മൗനത്തിന്റെ വിശദീകരണം മുഴുവൻ ഉള്ളടങ്ങിയിരുന്നു. നിങ്ങൾ എന്നാൽ മുസ്‌ലിംകൾ. ഹലാൽ എന്നാൽ തുപ്പിക്കഴിക്കൽ. ഏതോ ഒരാളുടെ ധാരണപ്പിശകായി മാത്രം ഇതിനെ എഴുതിത്തള്ളാതിരിക്കുക. ഇതൊരു മനോനിലയാണ്. സംഘ്പരിവാരവും അവരുടെ കൊടുവാളായി മാറിയ ചില ക്രൈസ്തവ ഗ്രൂപ്പുകളും അഴിച്ചുവിട്ട വ്യാജപ്രചാരണങ്ങളിൽ മുഖം കുത്തിവീണ അനേകമാളുകളുടെ മനസ്സിലിരുപ്പാണ് ആ സർക്കാർ ഓഫീസിൽ കെട്ടഴിഞ്ഞത്. ഹലാൽ എന്താണെന്ന്, ഹറാം എന്താണെന്ന് ദീർഘനേരം സഹപ്രവർത്തകരോട് വിശദീകരിക്കേണ്ടി വന്നു എന്റെ സുഹൃത്തിന്.
***
ഈ ലേഖനം എഴുതാനിരിക്കുമ്പോൾ abcmalayalam എന്ന സംഘ്പരിവാർ അനുകൂല ഓൺലൈൻ പോർട്ടലിലെ ഒരു വാർത്ത (അതോ ഭാവനയോ) കണ്ണിലുടക്കുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്: ‘ഉസ്താദ് തുപ്പിയ ഭക്ഷണം, ഗതികേടിലായി ഹലാൽ ഹോട്ടലുകൾ; കസ്റ്റമർ കുറഞ്ഞതോടെ ബോർഡുകൾ നീക്കുന്നു’. ഒരു വാർത്തയിൽ വായനക്കാരൻ പ്രതീക്ഷിക്കുന്ന സത്യസന്ധതയോ വ്യക്തതയോ തൊട്ടിട്ടില്ലാത്ത ഒന്നാന്തരം കഥയെഴുത്ത്. ‘ഹോട്ടലുകളിലേക്ക് കയറുമ്പോൾ ഹോട്ടൽ ആരുടേതാണെന്ന് ചോദിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഹലാൽ ഹോട്ടലാണെന്ന് അറിയുമ്പോൾ ചിലർ ഭക്ഷണം കഴിക്കാതെ തിരിച്ചു പോകുന്നുവെന്നാണ് ഉടമകൾ പറയുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ ഹോട്ടലിന് മുമ്പിലെ ഹലാൽ ബോർഡുകൾ നീക്കം ചെയ്യാനും ഇവർ നിർബന്ധിതരായി. തെക്കൻ ജില്ലകളിലെ ഹോട്ടലുകളാണ് ബോർഡുകൾ വ്യാപകമായി എടുത്തു മാറ്റുന്നത്’ എന്നാണ് വാർത്തയിൽ കാണുന്നത്. പക്ഷേ ഏതെങ്കിലും ഹോട്ടലിന്റെ പേരില്ല, നാടില്ല. ഉടമകൾക്കുമില്ല പേരും മുഖവും. ഓൺലൈൻ പോർട്ടൽ കാടടച്ചു വെടിയുതിർക്കുകയാണ്. കൊള്ളുന്നിടത്ത് കൊള്ളട്ടെ എന്ന ഭാവം. ഹലാൽ പ്രചാരണങ്ങളിലൂടെ സംഘ്പരിവാർ ലക്ഷ്യമിടുന്നത് എന്താണ് എന്ന് വാർത്തയിൽ വിദഗ്ധമായിത്തന്നെ ഒളിച്ചുകടത്തുന്നുമുണ്ട്. മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടിയുള്ള അനേകം ആയുധങ്ങളിലൊന്നാണ് ഹലാൽ വിവാദം.
സാമൂഹിക നിരീക്ഷകനും സാമ്പത്തിക വിശാരദനുമായ ബൈജു സ്വാമി മുഖപുസ്തകത്തിൽ എഴുതിയത് വായിച്ചാൽ ചിത്രം കുറേക്കൂടി തെളിഞ്ഞുകിട്ടും: ‘കേരളത്തിൽ നന്നായി പെർഫോം ചെയ്യുന്ന ഒരേയൊരു ബിസിനസ് ആണ് ഹോട്ടൽ & റെസ്റ്റോറന്റ്. സോമറ്റോ, സ്വിഗി പോലെയുള്ള ഡെലിവറി ആപ്പ് സപ്പോർട് മൂലം ഇപ്പോൾ റെസ്റ്റോറന്റ് ഫുഡ് കേരളത്തിൽ ഏത് കുഗ്രാമത്തിലും കിട്ടുന്ന അവസ്ഥ ഉണ്ട്. ഇത് മൂലം കുറേ മുസ്‌ലിം ചെറുപ്പക്കാർ മലബാറിൽ നിന്ന് ഇറങ്ങിവന്ന് മലയാളികളുടെ ഇടയിൽ പുതിയൊരു ഭക്ഷ്യസംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നു. കേരളത്തിൽ ഇത് ഒരു ബില്യൺ ഡോളർ ബിസിനസ് ആയി മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതാണ് ഉസ്താദ് & തുപ്പൽ കാണിച്ച് അട്ടിമറി നടത്താനുള്ള ശ്രമത്തിന്റെ കാരണം. ഇത് കേട്ട് അറപ്പ് മൂലം ആരെങ്കിലും കുറച്ചു പേര് ഹോട്ടൽ ഭക്ഷണം ഉപേക്ഷിച്ചുപോയാൽ അത്രയും നന്നായല്ലോ എന്ന രീതിയിൽ ഒരു പാര. അത്രേയുള്ളൂ ഉദ്ദേശം’.
***
ഉറൂസ് എന്ന അറബി വാക്ക് മലയാളം പോലെ ചിരപരിചിതമാണ് ഓരോ കേരളീയനും. ദർഗകൾ കേന്ദ്രീകരിച്ച് ഓരോ വർഷവും നടന്നുവരാറുള്ള ആത്മീയപ്രധാനമായ അനുസ്മരണച്ചടങ്ങാണ് ഉറൂസ്. ദർഗയിൽ മറപെട്ടുകിടക്കുന്ന മഹാനോടുള്ള ആദരവിന്റെ ഭാഗമായും ആത്മീയമായ പുണ്യം പ്രതീക്ഷിച്ചും ഇസ്‌ലാംമത വിശ്വാസികൾ സംഘടിപ്പിക്കുന്ന ഉറൂസിൽ പങ്കുകൊള്ളാൻ വിവിധ നാടുകളിൽ നിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. വരുന്നവർക്കെല്ലാം ഭക്ഷണം വിതരണം ചെയ്യാറുണ്ട് മിക്ക ഉറൂസുകളിലും. ബറകത്ത് പ്രതീക്ഷിച്ചുകൊണ്ട് വിശ്വാസികൾ മഹത്‌വ്യക്തിത്വങ്ങളെ കൊണ്ട് ഭക്ഷണത്തിൽ മന്ത്രിപ്പിക്കാറുണ്ട്. വിശുദ്ധ ഖുർആൻ വചനങ്ങളോ ദിക്‌റുകളോ ഉരുവിട്ടുകൊണ്ടാണ് ഇങ്ങനെ മന്ത്രിക്കാറുള്ളത്. മതം അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾക്ക് അതിലൊരു അപാകവും തോന്നാറില്ല. ഉള്ളാൾ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മന്ത്രിച്ചൂതുന്നതാണ് ‘ഭക്ഷണത്തിൽ തുപ്പുന്നു’ എന്ന് കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും സംഘ് അനുകൂല മാധ്യമങ്ങളും ദുർവ്യാഖ്യാനിച്ചത്.
ഈ ദുഷ്പ്രചാരണത്തിന്റെ ലക്ഷ്യവും താൽപര്യവും അജ്ഞാതമല്ല. മുസ്‌ലിം സാമൂഹിക ജീവിതത്തെ ശിഥിലമാക്കുക എന്നത് ഒരു സംഘ്പരിവാർ അജണ്ടയാണ്. അതവർ മറച്ചുവെക്കാറില്ല. അവസരം കിട്ടുമ്പോഴെല്ലാം തുറന്നുപറയാറുണ്ട്, അതിനായി പണിയെടുക്കാറുമുണ്ട്. ഒരു ജനതയുടെ സാമൂഹിക ജീവിതത്തെ ശിഥിലമാക്കാനുള്ള ഏറ്റവും എളുപ്പവഴി മനസ്സുകളിൽ ഭീതി ജനിപ്പിക്കലാണ്. ഓരോ വർഗീയ കലാപവും ബാക്കിയാക്കുന്നത് കൊടുംഭീതിയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ച് വായിച്ച ഒരു നിരീക്ഷണമുണ്ട്: കലാപത്തിൽ കൊല്ലപ്പെട്ടവർ ‘ഭാഗ്യവാന്മാർ’; അവർക്ക് കിടക്കാൻ കുഴിമാടമെങ്കിലുമുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് അതുപോലുമില്ലാതാക്കിയതാണ് ഗുജറാത്ത് വംശഹത്യയുടെ ബാക്കിപത്രം. കലാപം നടന്നു രണ്ടു പതിറ്റാണ്ടാകുമ്പോഴും ഗുജറാത്തിലെ മുസ്‌ലിംകൾ ആ ഭീതിയിൽനിന്ന് പുറത്തുകടന്നിട്ടില്ല!

കിരാത നിയമങ്ങളുപയോഗിച്ച് മുസ്‌ലിം യുവാക്കളെ ജയിലിലടക്കുന്നതിന്റെ വാർത്തകൾ നമുക്കിപ്പോൾ പുതുമയല്ല. ഹത്രാസിൽ ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്, ഒടുവിൽ അതിക്രൂരമായി കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇപ്പോഴും യുപി ജയിലിലാണ്. ചുമത്തിയ വകുപ്പ് യുഎപിഎയാണ്. ഒരു സിദ്ദീഖ് കാപ്പനല്ല, അനേകമനേകം സിദ്ദീഖുമാർ ഇങ്ങനെ തടവറയിൽ തള്ളപ്പെട്ടിരിക്കുന്നു. ഇസ്‌ലാം മതത്തിൽ പിറന്നു എന്നതിന്റെ പേരിൽ മാത്രം വേട്ടയാടപ്പെടുന്ന മനുഷ്യർ. കലാപവും ജയിലും കാണിച്ചു ഹിന്ദുത്വശക്തികൾ ഒരു സമുദായത്തെ ഒന്നാകെ പേടിപ്പിച്ചുനിർത്താൻ ശ്രമിക്കുകയാണ്. ബീഫിന്റെ പേരിൽ തല്ലിക്കൊല്ലപ്പെടുന്നവരൊക്കെയും മുസ്‌ലിംകളാണെന്നത് യാദൃച്ഛികമല്ല. ഒരു ആൾക്കൂട്ടക്കൊലയും ആക്‌സമികമല്ല, എല്ലാം ആസൂത്രിതമാണ്. ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ള ‘ആൾക്കൂട്ടം’ അജ്ഞാതജീവികളല്ല, സംഘ്പരിവാറിന്റെ വിഷലിപ്തമായ ആശയങ്ങൾ പങ്കിടുന്നവരാണ്. ലക്ഷ്യം ഭയപ്പെടുത്തലാണ്. പേടിയിൽ നീറിനീറി ജീവിക്കുന്ന, ജീവനുണ്ടായിരിക്കെത്തന്നെ മൃതതുല്യമായ നിലയിലേക്ക് തെന്നിപ്പോയ ഒരു സമൂഹത്തിനു നിവർന്നുനിൽക്കാൻ കഠിനമായ സാഹസം വേണ്ടിവന്നേക്കും. ആ മൃതാവസ്ഥയിലേക്ക് വലിച്ചുകൊണ്ടുപോകാൻ അവർ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഇന്ത്യയിലിപ്പോൾ കാണുന്നത്.

സാമൂഹിക ജീവിതത്തെ അരക്ഷിതമാക്കാൻ ഭയം വിതച്ചാൽ മാത്രം പോരാ, സാമ്പത്തികമായി തകർക്കുകയും വേണമെന്ന് സംഘ്പരിവാറിന് നന്നായി അറിയാം. കലാപങ്ങൾ സംഘടിപ്പിച്ച് മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ തകർക്കുക, വീടുകൾക്ക് തീയിടുക, ഉപജീവന മാർഗം അടച്ചുകളയുക, ദാരിദ്ര്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുക എന്നിവയെല്ലാം അരങ്ങേറ്റുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. കേരളത്തിൽ അങ്ങനെയൊരു കലാപത്തിനിറങ്ങുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സംഘ്പരിവാർ കരുതുന്നു. അതുകൊണ്ടാണ് ഗുജറാത്തിലും ഡൽഹിയിലും മുസഫർ നഗറിലുമൊക്കെ നടത്തിയ സായുധകലാപത്തിന് ഇവിടെ തുനിയാത്തത്. അല്ലാതെ മുസ്‌ലിംകളോടുള്ള ദീനാനുകമ്പ കൊണ്ടോ സ്‌നേഹവായ്പ് കൊണ്ടോ അല്ല. ഒരു കലാപം സംഘടിപ്പിക്കുന്നതിനേക്കാൾ എളുപ്പത്തിൽ വ്യാജപ്രചാരണങ്ങളിലൂടെ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാമെന്ന, സംഘപരിവാരത്തിന്റെ സൃഗാലബുദ്ധിയാണ് ഹലാൽ വിവാദമായി കേരളത്തിൽ കത്തിപ്പടർന്നത്.

വേഷം, ഭക്ഷണം, ഭാഷ ഇതൊക്കെ പൗരന്റെ സ്വയം തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയിൽ. രാജ്യത്തിന്റെ വൈവിധ്യം നിലനിൽക്കുന്നത് ഈ സ്വയം തിരഞ്ഞെടുപ്പിലാണ്. ഒരു ഭാഷ, ഒരു വേഷം, ഒരു വിഭവം, ഒരു പാർട്ടി, ഒരു നേതാവ്, ഒരു മുദ്രാവാക്യം എന്ന വിധം എല്ലാ വൈവിധ്യങ്ങളെയും റദ്ദ് ചെയ്യുന്ന ഏകശിലാത്മകമായ വാദങ്ങൾക്കെതിരെ ജനാധിപത്യത്തിന്റെ ഉയിർപ്പുകൂടിയായി മാറുന്നുണ്ട് ഒരർത്ഥത്തിൽ പൗരന്മാരുടെ സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശം. ഇന്ത്യൻ സമൂഹം ഒരേ ഭക്ഷണസംസ്‌കാരം പിന്തുടരുന്നവരല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും രുചികൾ വ്യത്യസ്തമാണ്. നഗരജീവിതങ്ങളുടെ ഭക്ഷണപ്പളപ്പുകൾ ഗോത്രസമൂഹങ്ങളിൽ പ്രതീക്ഷിക്കുകയേ വേണ്ട. അടിപടലം വൈവിധ്യം നിറഞ്ഞുകത്തുന്ന ഇന്ത്യൻ പരിസരത്ത് എങ്ങനെയാണ് ഒരു സമുദായത്തിന്റെ മാത്രം ഭക്ഷണനിഷ്ഠകൾ വിവാദമാകുന്നത്? ആരെയൊക്കെയാണ് ഹലാൽ സ്റ്റിക്കറുകൾ വിറളിപിടിപ്പിക്കുന്നത്?
മുസ്‌ലിം ജീവിതത്തിന്റെ സമസ്ത സന്ദർഭങ്ങളെയും കടന്നുപോകുന്ന മൂല്യപരമായ ജാഗ്രതയാണ് ഹലാൽ. അത് ഭക്ഷണത്തിലേക്ക് ചുരുക്കിവായിച്ചുവെന്നതാണ് ഈ വിവാദത്തിലെ അദൃശ്യമായ വാരിക്കുഴി. ഹലാലിന്റെ മറ്റു തലങ്ങൾ കൂടി പൊതുവായനക്ക് വിധേയമാക്കിയാൽ അടയാളങ്ങൾ പോലും ബാക്കിവെക്കാതെ വിവാദം അവസാനിക്കുമെന്ന് ഇത് വലിച്ചിട്ടവർക്ക് അറിയാത്ത സംഗതിയല്ല. അതുകൊണ്ടാകണം ഹലാൽ ചർച്ചകൾ ഭക്ഷണത്തിൽ മാത്രമൊതുക്കാൻ അവർ ശ്രദ്ധിച്ചത്. തളികയിലേക്ക് വിളമ്പുന്ന ഭക്ഷണത്തെ മാത്രമല്ല, അരുതായ്മകളിലേക്ക് വെമ്പുന്ന മനസ്സുകളെയും ചുറ്റുന്ന നിഷ്‌കൃഷ്ടമായ നിത്യവ്യവഹാരമാണ് വിശ്വാസിയുടെ ഹലാൽ/ ഹറാമിനെപ്പറ്റിയുള്ള വിചാരപ്പെടലുകൾ എന്ന പ്രാഥമികപാഠം മറച്ചുവെച്ചുകൊണ്ടാണ് ക്ഷീരമുള്ള അകിടിൻ ചുവട്ടിൽ ചോരക്കൊതിയുമായി വർഗീയക്കൊതുകുകൾ വട്ടമിടുന്നത്.
മതം അനുവദിക്കുന്ന മാന്യമായ മാർഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാകണം ക്ഷുത്തടക്കേണ്ടത് എന്നതാണ് ഭക്ഷണകാര്യത്തിൽ ഒരു മുസ്‌ലിം പുലർത്തുന്ന പ്രഥമ പ്രധാനമായ ഹലാൽനിഷ്ഠ. അങ്ങനെ സമ്പാദിച്ച പണം ഉപയോഗിച്ച് എന്തും വാങ്ങിത്തിന്നാമെന്ന് അവൻ കരുതുകയില്ല. ചത്ത പശുവിന്റെ ഇറച്ചി വെറുതെ കിട്ടിയാലും അറിഞ്ഞുകൊണ്ട് അതു വേവിച്ചുകഴിക്കില്ല മുസ്‌ലിംകൾ. മതം അതിനനുവദിക്കില്ല എന്നതുതന്നെ കാരണം. ഇനി അങ്ങനെ ആരെങ്കിലും കഴിക്കുന്നുവെങ്കിൽ അവരുടെ തൊണ്ടയിൽ കോലിട്ടിളക്കി ഛർദിപ്പിക്കാൻ മതം ആർക്കും ക്വട്ടേഷൻ നൽകിയിട്ടുമില്ല! ഞങ്ങൾ വിളമ്പുന്ന ഭക്ഷണം ഈ വക കലർപ്പുകൾ ഒന്നുമില്ലാത്തതാണ് എന്നറിയിക്കാൻ ഒരാൾ തന്റെ ഹോട്ടലിന്റെ കവാടത്തിൽ ഹലാൽ ഫുഡ് എന്നെഴുതി ഒട്ടിച്ചാൽ അതിൽ ഹാലിളകാൻ എന്താണുള്ളത്? ഞങ്ങൾക്ക് അത്തരം നിഷ്ഠകളൊന്നും ബാധകമല്ല, ചത്തതും ചീഞ്ഞതുമൊക്കെ ഞങ്ങൾ വിൽക്കാറുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്നതിന് വേണ്ടി ഒരു ഹോട്ടൽ മുതലാളി തന്റെ കടയ്ക്ക് മുമ്പിൽ നോൺ ഹലാൽ സ്റ്റിക്കർ പതിച്ചാൽ അത് കണ്ടു പ്രകോപിതരാകേണ്ടതുമില്ല. നോൺ ഹലാൽ ഫുഡ് കഴിക്കാൻ ഒരാളിഷ്ടപ്പെടുന്നുവെങ്കിൽ അയാളത് അലോസരങ്ങളില്ലാതെ അകത്താക്കട്ടെ. ഹലാൽ ഭക്ഷണങ്ങൾ കഴിക്കാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള അവകാശവും വകവെച്ചുകൊടുക്കുക. അതാണ് ജനാധിപത്യ മര്യാദ. ഈ മര്യാദയാണ് ഇപ്പോൾ ലംഘിക്കപ്പെടുന്നത്. അതുപക്ഷേ ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്ന അജൻഡയല്ല എന്നതുകൊണ്ടാണ് ഇക്കാര്യം ഗൗരവതരമായി ചർച്ച ചെയ്യേണ്ടിവരുന്നത്. ലക്ഷ്യം മുസ്‌ലിം സമുദായത്തിന്റെ നട്ടെല്ലൊടിക്കലാണ്. സാമ്പത്തികമായി പാപ്പരായ ഒരു വിഭാഗം വളരെ വേഗത്തിൽ മുട്ടിലിഴയാൻ പാകപ്പെടുമെന്ന് സംഘ്പരിവാർ വിചാരിക്കുന്നു (ആ മനോഗതം പിഴക്കുമെന്നതിൽ മുസ്‌ലിംകളെ അടുത്തറിഞ്ഞവർക്ക് മറുത്തൊരഭിപ്രായം ഉണ്ടാകില്ല).
ഗൾഫ് പണത്തിന്റെ ഒഴുക്ക് മലയാളി മുസ്‌ലിം സാമൂഹിക ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത് സംഘ്പരിവാറിനെ കാലങ്ങളായി വല്ലാതെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ മുസ്‌ലിംകൾ സംഘടിതരാണ്, അവർ വിദ്യാഭ്യാസ മേഖലയിലുൾപ്പടെ സ്വയം പര്യാപ്തരാണ്, സർക്കാരുകൾ കനിയാതിരുന്ന കാലത്തും വലിയ സ്വപ്നങ്ങളിലേക്ക് കണ്ണുനട്ടവരാണ് കേരളത്തിലെ മുസ്‌ലിം നേതാക്കൾ. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചവർക്ക് ഈ ദൃശ്യങ്ങൾ നൽകുന്ന പലവിധ ഉത്കണ്ഠകളുണ്ട്. ശൂന്യതയിൽ നിന്ന് വിവാദങ്ങൾ സൃഷ്ടിക്കാനും മുസ്‌ലിംവിരുദ്ധ പൊതുബോധം രൂപപ്പെടുത്താനും അവർ അവസരം പാർത്തുകഴിയുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അവകാശങ്ങൾ ചോദിച്ചുവാങ്ങാനും അതേക്കുറിച്ച് സംസാരിക്കാനും മുസ്‌ലിം സംഘാടനങ്ങളും സമുദായത്തിലെ പുതുതലമുറയും വർധിത താൽപര്യം കാണിക്കുന്നുണ്ട്. സർക്കാർ സർവീസിലെ മുസ്‌ലിം പ്രാതിനിധ്യത്തിലെ കുറവുകളെക്കുറിച്ചും അതിനിടയാക്കിയ ഭരണകൂട നിലപാടുകളെക്കുറിച്ചും പുതുതലമുറ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. അത് സംഘ്പരിവാറിനെ മാത്രമല്ല, ക്രൈസ്തവരിലെ ഒരു വിഭാഗത്തെയും നന്നായി അലോസരപ്പെടുത്തുന്നതിൽ അതിശയമില്ല. ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും സൗജന്യങ്ങളും ചോദ്യോത്തരങ്ങളില്ലാതെ അരമനകളിലേക്ക് ഒഴുകിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ആ ഒഴുക്ക് നിലച്ചതിന്റെ വിഭ്രാന്തിയാണ് മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളായി അരങ്ങിലെത്തുന്നത്. അതു മനസ്സിലാക്കി സംയമനത്തിന്റെ പാത സ്വീകരിക്കുകയാണ് മുസ്‌ലിംകൾക്ക് അഭികാമ്യം. ചില പ്രചാരണങ്ങളെ അവഗണിക്കുകയാണ് അതിനുള്ള ശരിയായ മറുപടി. സമുദായം അങ്ങനെ അവഗണിക്കാൻ അനുശീലിച്ചു തുടങ്ങുന്ന കാലത്ത്, തെരുവിൽ ഉടുമുണ്ടഴിഞ്ഞതിന്റെ ജാള്യത്തോടെ വ്യാജപ്രചാരകർ വന്ന വഴിയേ തിരിച്ചുപോയ്‌ക്കൊള്ളും.

മുഹമ്മദലി കിനാലൂർ

Exit mobile version