ഹൃദയത്തിലേക്കൊരു ചോദ്യം

mugamozhi copyറമളാനിന്‍റെ തിരുമുഖത്തുനിന്ന് സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; ജീവിതത്തില്‍ കഴിഞ്ഞുപോയ എത്ര റമളാനുകള്‍ പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കും? ഇതിന് അഭിമാനപൂരിതമായൊരു മറുപടി നല്‍കാന്‍ ഈ വര്‍ഷം നമുക്കാവണം.
ശരിക്കും പറഞ്ഞാല്‍ മനുഷ്യന്‍ എന്തു വിഡ്ഢിയാണ്! ചെറിയൊരു ആനുകൂല്യം ലഭിക്കാന്‍ എന്തുമാത്രം ത്യാഗം ചെയ്യാനും നാം തയ്യാറാണ്. ചില്ലിക്കാശ് കുറവുകിട്ടുമെന്നതിനാല്‍ മാവേലി സ്റ്റോറുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ കാത്തുകെട്ടി നില്‍ക്കുന്നു. വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ മുദ്രപത്രം വാങ്ങാന്‍ അതിരാവിലെ വരിയിലെത്തുന്നു. അങ്ങനെ പലതും. ചെറിയൊരു കാല ജീവിതത്തിനിടയില്‍ ലാഭം നേടാനുള്ള ത്വര.
മരണാനന്തരമോ? പിന്നെ അവസാനിക്കാത്ത ജീവിതം. അവിടെ വിജയം നേടാനുള്ള ഓഫറുകളുടെ പ്രളയം റമളാന്‍ കാലത്ത് നിലനില്‍ക്കുന്പോള്‍ അതിലൊരു താല്‍പര്യവുമില്ലാതാവാമോ? ആത്മാവിനെ വഴിപ്പെടുത്തി നാളേക്കുവേണ്ടി അധ്വാനിച്ചവരാണ് ശക്തരെന്ന് തിരുവചനം.
നന്മകള്‍ക്ക് പതിന്മടങ്ങു പ്രതിഫലമുള്ള വിശുദ്ധ മാസത്തില്‍ എപ്പോഴും ഓര്‍ക്കേണ്ടതാണിത്. ഓരോ ദിനവും കൊഴിഞ്ഞുതീര്‍ന്ന് അവസാനം പതിവുപോലൊരു റമളാനായി തീര്‍ന്നുപോവാന്‍ കയ്യിലെത്തിയതിനെ അനുവദിക്കരുത്. ഊര്‍ജസ്വലതയോടെ നേരിട്ട് പരലോക പ്രതിഫലം വാരിക്കൂട്ടാന്‍ ബോധപൂര്‍വം തയ്യാറാവുക. അനുകൂലമായ സാക്ഷിനില്‍ക്കുന്നതായി ഈ പുണ്യകാലം മാറട്ടെ.

Exit mobile version