അണ്ഡവും ബീജവും പ്രവാചക വചനങ്ങളിലെ ശാസ്ത്രീയതയും

? നിങ്ങൾ പരാമർശിച്ച ഖുർആൻ സൂക്തത്തിൽ പുരുഷബീജത്തിന്റെ കാര്യം മാത്രമല്ലേ ഉള്ളൂ. അണ്ഡത്തിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ ആധുനിക അന്വേഷണത്തിൽ കണ്ടെത്തി എന്നു പറയുന്ന സംഗതിയിലേക്ക് ഖുർആൻ എത്തിയിട്ടില്ല എന്നല്ലേ അർഥം?

സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരംശം മാത്രമാണ് (മുഴുവനുമല്ല) കുഞ്ഞായിത്തീരുന്നത് എന്ന് സമർഥിക്കാൻ വേണ്ടിയാണ് പ്രസ്തുത സൂക്തം ഉദ്ധരിച്ചത്. എന്നാൽ സ്ത്രീ സ്രവം കൂടിച്ചേരുമ്പോഴാണ് കുഞ്ഞുണ്ടാകുന്നത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആർത്തവം കട്ടിയായാണ് കുഞ്ഞുണ്ടാകുന്നത് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇക്കാര്യം ഖുർആൻ പറയുന്നത് എന്നോർക്കണം.

? ഏത് സൂക്തത്തിലാണ് സ്ത്രീ അണ്ഡത്തെക്കുറിച്ച് പരാമർശമുള്ളത്?

ബീജം, അണ്ഡം എന്നീ സംജ്ഞകൾ രൂപപ്പെട്ടത് പിന്നീടാണ്. അതിനെ കുറിച്ച് ഒന്നുമറിയാത്തവരോട് അങ്ങനെ പറയേണ്ടതില്ലല്ലോ. എന്നാൽ കുഞ്ഞുണ്ടാകുന്നതിൽ അടിസ്ഥാനപരമായി തന്നെ ഉൾച്ചേരുന്ന പുരുഷ സ്ത്രീ സ്രവങ്ങൾ ഉണ്ടെന്ന് തന്നെയാണ് ഖുർആനിക ഭാഷ്യം.
‘മനുഷ്യനെ കൂടിച്ചേർന്ന സ്രവത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന്’വിശുദ്ധ ഖുർആൻ (76:2) പറയുന്നുണ്ട്. ‘നുത്ഫതുൽ അംശാജ്’ എന്ന ഖുർആനിക പ്രയോഗത്തിന് ഇബ്ൻ അബ്ബാസ്(റ) അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം പുരുഷന്റെയും സ്ത്രീയുടെയും സ്രവങ്ങൾ എന്നാണ്. മാത്രമല്ല. പുരുഷ ദ്രാവകം,സ്ത്രീ ദ്രാവകം എന്നീ പ്രയോഗങ്ങൾ ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്. സ്ത്രീ സ്രവത്തെ കുറിച്ച് മാത്രമല്ല; അതിന്റെ നിറത്തെക്കുറിച്ചും  തെറിച്ചു വീഴുന്ന അതിന്റെ പ്രകൃതത്തെക്കുറിച്ചുമൊക്കെ പ്രമാണങ്ങളിൽ കാണാം.

? ആഹ്! അത് അതിശയകരമായിരിക്കുന്നുവല്ലോ. എന്താണ് അതിന്റെ നിറം? അത് എങ്ങനെ ശാസ്ത്രലോകം ഉറപ്പിച്ചു?

2008ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്‌കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാനിടയായി. അതിന്റെ ചിത്രം താഴെക്കൊടുക്കുന്നു(ചിത്രം മ). ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്. 2008 ജൂൺ 11 ന് ബിബിസി പുറത്തുവിട്ട വാർത്തയാണിത്.
അണ്ഡോൽസർജനത്തിന്റെ അവസാന ഘട്ടത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൽഎച്ച് (ലൂറ്റിനൈസിംഗ് ഹോർമോൺ) ആണ് ഫോളിക്കുളാർ ദ്രവത്തെ മഞ്ഞയാക്കുന്നത്.

? എന്താണീ ലൂറ്റിനൈസിംഗ് ഹോർമോൺ?

മഞ്ഞയെന്ന് അർഥം വരുന്ന ലൂറ്റിയസ്(Luteus) എന്ന ലാറ്റിൻ പദത്തിന്റെ നപുംസക രൂപമായ ലൂറ്റിയത്തിൽ നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize) എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോർപ്പസ് ലൂടിയത്തിന്റെ നിർമിതിക്ക് നിമിത്തമായ പ്രവർത്തനങ്ങൾക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനർഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ പ്രവർത്തന ഫലമായാണ് ഫോളിക്കുളാർ ദശ പിന്നിട്ട ഫോളിക്കിൾ അവശിഷ്ടങ്ങൾ കോർ പസ് ലൂടിയം ആയിത്തീരുന്നത്. കോർപസ് ലൂടിയം എന്ന പദദ്വയത്തിനർഥം മഞ്ഞ വസ്തുവെന്നാണ് (Yellow body).

ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാർ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോൾ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിൾ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ ഉണ്മക്ക് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നർഥം.

? ഇസ്‌ലാമിലെ ഏത് പ്രമാണത്തിലാണ് ഈ മഞ്ഞ പ്രതിഭാസത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്?

ഒരിക്കലൊരു ജൂത പണ്ഡിതൻ തിരുനബി(സ്വ)യുടെ അടുക്കൽ വന്ന് ഈ ഭൂമിയിൽ നബിക്കും മറ്റ് ഏതാനും പേർക്കും മാത്രമറിയുന്ന ചില കാര്യങ്ങൾ ഞാൻ ചോദിക്കട്ടേ എന്ന് ആമുഖമായി പറഞ്ഞ് തിരുനബിയോട് അന്വേഷിച്ചു. അതിനു നബി(സ്വ) നൽകിയ മറുപടിക്കിടയിലാണ് ഇത് കടന്നുവരുന്നത്.
പുരുഷസ്രവം വെളുത്ത നിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞ നിറത്തിലുള്ളതുമാണെന്ന് സ്വഹീഹ് മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിൽ കാണാം. ജൂതന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞ ശേഷം ‘അയാൾ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതു വരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന തിരുദൂതരുടെ പരാമർശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകൾക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞ നിറത്തിലുള്ളതാണെന്ന് പ്രവാചകൻ(സ്വ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ വചനപ്പൊരുൾ.
കുഞ്ഞിന്റെ സൃഷ്ടിയിൽ അനിവാര്യമായ പുരുഷസ്രവത്തിന്റെ നിറം ‘അബ്‌യള്’ ആണെന്നു പറഞ്ഞതിനു ശേഷമാണ് സ്ത്രീസ്രവത്തിന്റെ നിറം ‘അസ്വ്ഫർ’ (മഞ്ഞ) ആണെന്ന് റസൂൽ(സ്വ) പറഞ്ഞത്. രണ്ടും കൂടിച്ചേർന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനു ശേഷം വ്യക്തമാക്കി.
സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് സാധാരണഗതിയിൽ നിർഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറമില്ലാത്തതോ ആണ്. ഹദീസുകളിൽ പറഞ്ഞ മഞ്ഞ സ്രവമല്ല ഇവയെന്നും വ്യക്തം. ഇവയ്‌ക്കൊന്നും തന്നെ കുഞ്ഞിന്റെ രൂപീകരണത്തിൽ നേരിട്ട് പങ്കൊന്നുമില്ലതാനും. സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് നിർഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങൾക്കൊന്നും തന്നെ മഞ്ഞനിറമില്ല. അവയൊന്നും കുഞ്ഞിന്റെ രൂപീകരണത്തിൽ സത്താപരമായി ഉൾച്ചേരുന്നുമില്ല.
സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവങ്ങൾ മൂന്നെണ്ണമാണ്. 1. ബർത്തോലിൻ സ്രവം (Bartholin fluid): ശരീരം ലൈംഗിക ബന്ധത്തിന് സജ്ജമായെന്ന് അറിയിച്ചുകൊണ്ട് പുറപ്പെടുന്ന സ്രവമാണിത്. ഇതിന് നിറമില്ല.
2. പാരാ യുറിത്രൽ (Para urethral fluid): രതിമൂർച്ചയിൽ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവം. ഇത് താരതമ്യേന കട്ടിയുള്ളതും വെള്ള നിറമുള്ളതുമായിരിക്കും.
3. സെർവിക്കൽ ശ്ലേഷ്മം (Cervical mucus): സ്ത്രീജനനേന്ദ്രിയത്തെ എല്ലായ്‌പ്പോഴും വരളാതെ സൂക്ഷിക്കുന്ന സ്രവമാണിത്. അണ്ഡോൽസർജന സമയമല്ലെങ്കിൽ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോൽസർജനത്തോടടുക്കുമ്പോൾ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉൽസ ർജന സമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വർണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും.
ഇവിടെയാണ് കുഞ്ഞിന്റെ ഉൽപാദനത്തിൽ നേരിട്ട് പങ്കെടുക്കുന്ന സ്രവം മഞ്ഞയാണെന്ന നബിവചനം പ്രസക്തമാകുന്നത്. വഹ്‌യ് മുഖേനയല്ലാതെ എങ്ങനെയാണ് നബി(സ്വ) അക്കാര്യം പറയുക!

? അതേ ഹദീസിൽ തുടർന്ന് പറയുന്ന കാര്യം ശാസ്ത്ര വിരുദ്ധമല്ലേ? സ്ത്രീയും പുരുഷനും തമ്മിൽ സംസർഗത്തിലേർപ്പെടുമ്പോൾ ആർക്കാണ് ആദ്യം സ്ഖലിക്കുന്നത്, അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആകുമെന്ന് പറയുന്നില്ലേ? അത് വമ്പൻ ശാസ്ത്രീയാബദ്ധമല്ലോ?

രണ്ട് ദ്രാവകങ്ങളും സംയോജിക്കുമ്പോൾ ‘മനിയ്യുറജുൽ’ ‘മനിയ്യുൽ മർഅത്തി’നെ അതിജയിച്ചാൽ കുഞ്ഞ് ആണാകും, അല്ലെങ്കിൽ പെണ്ണാകും എന്നാണ് ഹദീസിലുള്ളത്. അതും ഒരു അത്ഭുതം തന്നെയാണ്. പുരുഷ സ്വഭാവമുള്ള ബീജം(Y)സ്ത്രീ സ്വഭാവമുള്ള ബീജത്തെ (X) അതിജയിച്ചാൽ കുഞ്ഞ് ആണാകും. അല്ലെങ്കിൽ പെണ്ണാകും. അത് ശാസ്ത്രീയമായി ശരിയുമാണ്.

? സ്ത്രീകളുടെ അണ്ഡ ദ്രാവകത്തിന്റെ നിറം മാത്രമല്ല അത് പുറപ്പെടുന്ന സ്വഭാവം വരെ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അത് എവിടെയാണ്?

‘എന്തിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്ന് അവൻ ചിന്തിച്ചു നോക്കട്ടെ. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ സൃഷ്ടിക്കപ്പെട്ടത്. വാരിയെല്ലിനും കടി പ്രദേശത്തിനും ഇടയിൽ നിന്ന് അത് പുറപ്പെടുന്നു ( 86/6-7).’
ഇവിടെ സൂചിപ്പിക്കപ്പെട്ട ദ്രാവകം പുരുഷ ദ്രാവകം മാത്രമാണെന്നും അതല്ല സ്ത്രീയുടെയും പുരുഷന്റെയും ദ്രാവകങ്ങൾ ആണെന്നും വിശദീകരിച്ച പണ്ഡിതന്മാരുണ്ട്. ഒന്നാം അഭിപ്രായം ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അഭിപ്രായം താബിഈ പ്രമുഖനായ ഇക്‌രിമ(റ) അടക്കമുള്ളവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നതായി തഫ്‌സീർ ത്വബ്‌രിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെ ‘തറാഇബി’ൽ നിന്നും എന്നാണ് വിശദീകരണം. ഈ വ്യാഖ്യാന പ്രകാരം പുരുഷ സ്രവം പോലെ തന്നെ സ്ത്രീയുടെ സ്രവവും തെറിച്ചു വീഴുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

? വിശദീകരിക്കാമോ?

നേരത്തെ മഞ്ഞ ദ്രാവകത്തെ കുറിച്ച് സൂചിപ്പിച്ചല്ലോ. അത് എങ്ങനെയാണ് പുറപ്പെടുന്നത് എന്ന് നോക്കാം:
ആർത്തവ ചക്രത്തിന്റെ പതിനാലാം ദിവസം പൂർണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH)പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉൽപാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ദീപിപ്പിക്കുന്നു. അത് GnRH ഉൽപാദനത്തിനു കാരണമാകും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരുതരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് Hyaluronic Acid) ആണുണ്ടാവുക. പുറമെ പ്രായപൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞുകൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും (Cumulas Cells) ഫോളിക്കിളിനകത്തുണ്ടാകും. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുന്നു. അതിനുള്ളിലൂടെ പൂർണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾകൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബ്രിയ (എശായൃശമ)കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ന് അതൊക്കെ നമുക്ക് കൃത്യമായി വീഡിയോ വഴി (https://youtu.be/wcVC3TFI7fQ) കാണാൻ സാധിക്കും.
‘തെറിച്ചുവീഴുന്ന ‘ എന്ന ഖുർആനിക പ്രയോഗത്തിന്റെ കൃത്യത കണ്ടു നമ്മൾ അത്ഭുതപ്പെട്ടുപോകും. സ്ത്രീസ്രവത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത കാലഘട്ടത്തിലാണ് നിറത്തെയും സ്വഭാവത്തെയുമെല്ലാം വിശദീകരിക്കുന്ന പ്രവാചകാധ്യാപനങ്ങളുണ്ടായത് എന്നത് വിസ്മയകരമല്ലേ?

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

Exit mobile version