അദബ് വിജയ നിദാനം

മനുഷ്യൻ പിറന്നുവീണത് മുതൽ ശ്വാസം നിലക്കുന്നത് വരെ പാലിക്കേണ്ട അദബു(മര്യാദ)കൾ അനേകമുണ്ട്. അദബ് പാലിച്ചെങ്കിൽ മാത്രമേ ഇരുലോകത്തും വിജയിക്കാൻ സാധിക്കൂ. സ്വന്തം വിശ്വാസക്കാരനോട് മാത്രമല്ല അദബ് പുലർത്തേണ്ടത്. എന്റെ ആദർശക്കാരനല്ല, എങ്കിൽ അവരെ നശിപ്പിക്കണം എന്ന ചിന്താഗതി വിശ്വാസിയായ ഒരു മനുഷ്യന് പാടില്ല. മുഹമ്മദ് നബി(സ്വ) എല്ലാ മതസ്ഥരെയും സ്‌നേഹിക്കാനും മാനിക്കാനുമാണ് പഠിപ്പിച്ചത്. റസൂൽ(സ്വ)യുടെ മുമ്പിലൂടെ ഒരു ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ അവിടന്ന് എഴുന്നേറ്റുനിന്നു ബഹുമാനിച്ചു. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: റസൂലേ, അങ്ങ് എന്തിനാണ് ഈ ജൂതന്റെ മയ്യിത്തിനു വേണ്ടി എഴുന്നേറ്റുനിന്നത്? അവിടന്ന് മറുപടി പറഞ്ഞു: ‘അതൊരു മനുഷ്യനാണ്.’
ലോകത്ത് ഉന്നതി നേടിയ പണ്ഡിതന്മാരുടെ ചരിത്രമെടുത്തു നോക്കിയാൽ കാണുക അവരുടെ അദബാണ്. ലോകർക്കു മുമ്പിൽ അദബ് പാലിച്ചാൽ അല്ലാഹു നമുക്കും ബഹുമാനമേകും. അദബ് എല്ലാത്തിന്റെയും അടിസ്ഥാനമാണ്. വിജയ നിദാനവും.
നിത്യജീവിതത്തിൽ വ്യത്യസ്ത തുറകളിൽ നാം മര്യാദ പാലിക്കേണ്ടതുണ്ട്. പ്രധാനമായി ഏതെല്ലാം മേഖലകളിലാണ് അതു വേണ്ടതെന്നു നോക്കാം.

വിദ്യാർത്ഥി

മനുഷ്യൻ ജനനം മുതൽ മരണം വരെ വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. അറിവുള്ളവർക്ക് സമൂഹം വലിയ വില കൽപ്പിക്കും. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അത് എവിടെ കണ്ടാലും പെറുക്കിയെടുക്കുക എന്ന പ്രവാചകാധ്യാപനം അറിവിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു. അറിവ് തേടുന്നവൻ എത്ര വലിയവനാണെങ്കിലും അവൻ വിദ്യാർത്ഥി തന്നെയാണ്. അറിവ് തേടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ് മര്യാദ. അതില്ലാത്തവർക്ക് നേട്ടങ്ങൾ കുറയും. അദബിന് പ്രാധാന്യം നൽകിയവർ ഉന്നതിയിലെത്തുകയും ചെയ്യും.
അദബ് ആത്മാവിന്റെ സൗന്ദര്യമാണ്. ശരീരത്തിനെ ജീവസ്സുറ്റതാക്കുന്നത് ആത്മാവാണല്ലോ. ആത്മാവുള്ള ശരീരത്തിലേ ജീവനുള്ളൂ. ഇപ്രകാരമാണ് അറിവ് തേടുന്ന വിദ്യാർത്ഥിയും. അറിവ് തേടുന്നവർക്ക് അദബില്ലെങ്കിൽ നിശ്ചലമായ ശരീരം പോലെയാണവർ.
വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പഠനത്തോളം വേണ്ടത് അദബാണ്. ഇന്നത്തെ കാലത്ത് വിദ്യാർത്ഥികൾ അധ്യാപകരോട് വേണ്ടത്ര മര്യാദ കാണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അധ്യാപകരെ സമൂഹത്തിൽ തരംതാഴ്ത്തുന്ന തലമുറയാണ് നിലവിലുള്ളത്. അധ്യാപകരെ അനുസരിക്കുകയാണ് വിദ്യാർത്ഥി വേണ്ടത്. അവരോടുള്ള പെരുമാറ്റം വളരെ താഴ്മയോടെയായിരിക്കണം. ഗുരുനാഥൻ ഏതു മതസ്ഥനാണെങ്കിലും അവഗണിക്കുകയോ പരിഹസിക്കുകയോ തരംതാഴ്ത്തുകയോ ചെയ്യരുത്.
അധ്യാപകരെ ആത്മാർത്ഥമായി സ്‌നേഹിക്കണം. പഠനകാലത്ത് ചിലപ്പോൾ അവർ വഴക്ക് പറഞ്ഞിട്ടുണ്ടാവാം. അത് നമ്മുടെ നല്ല ഭാവിക്കുവേണ്ടിയാണെന്ന് ഉൾകൊണ്ട് മുന്നോട്ട് പോയവർക്ക് ജീവിതത്തിൽ വിജയിക്കാം. വഴിയിൽ വെച്ച് അവരെ കാണുമ്പോൾ അരികിൽ ചെന്ന് സംസാരിക്കുകയും വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്യുക. നല്ല വിദ്യാർത്ഥിയുടെ ലക്ഷണമാണിതെല്ലാം.
അധ്യാപകരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദബ് വേണ്ടതുണ്ട്. സാന്നിധ്യത്തിലുള്ള മര്യാദ അവരെ അനുസരിക്കലും സൗമ്യമായി പെരുമാറലും നല്ല ചിട്ടയോടെ ജീവിക്കലും കയർത്തു സംസാരിക്കാതിരിക്കലുമാണ്. സാധിക്കുമെങ്കിൽ അവർക്ക് സമ്മാനങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുകയുമാവാം. അവർ പോലുമറിയാതെ ആവശ്യമായ സേവനങ്ങൾ ചെയ്യുന്നതും ഭാവിയിൽ ഉപകാരപ്രദമാവും. ഇത്തരം അദബുകൾ നെഞ്ചോട് ചേർത്തവർ ഇരുലോകത്തും വിജയിച്ചിട്ടുണ്ട്. ശൈഖ് ജീലാനി(റ)യുടെ ചരിത്രം അതിനു തെളിവാണ്. വിദൂരത്തു നിന്ന് അദ്ദേഹം തന്റെ വീട്ടിലേക്ക് വരുന്നത് കണ്ട് മറ്റൊരു വിദ്യാർത്ഥിയോട് ഉസ്താദ് വീടിന്റെ വാതിലടയ്ക്കാനാവശ്യപ്പെട്ടു. അങ്ങനെ വാതിലടഞ്ഞു. ഗുരുവിന്റെ വാതിൽ മുട്ടിവിളിക്കുന്നത് മര്യാദയല്ലെന്ന് നിനച്ച് തുറക്കുന്നത് വരെ കാത്തിരിക്കാൻ അബ്ദുൽ ഖാദിർ(റ) തീരുമാനിച്ചു. രാത്രിയായിട്ടും വാതിൽ തുറന്നില്ല. അടുത്ത ദിവസം ഉസ്താദ് വാതിൽ തുറന്നപ്പോൾ തണുത്തുവിറച്ച് തന്നെ കാത്തുനിൽക്കുന്ന ശൈഖ് ജീലാനി(റ)യെയാണ് കാണുന്നത്. ശിഷ്യന്റെ അദബിൽ സംപ്രീതനായ ഉസ്താദ് പറഞ്ഞു: അബ്ദുൽ ഖാദിർ, ഇന്ന് ഈ ലോകം എന്റെ കൈയിലാണെങ്കിൽ നാളെ അത് നിങ്ങളുടെ അധീനതയിലായിരിക്കും. പ്രവചനം പോലെ പിൽക്കാലത്ത് ഖുതുബുൽ അഖ്താബ് (ഖുതുബുകളുടെ നേതാവ്) ആയി ശൈഖ് മാറി. ഇതാണ് അദബിന്റെ ഗുണം. അത് ജീവിതത്തിൽ ചേർത്തുപിടിച്ചവർക്ക് മാത്രമേ ഇരുലോകത്തും വിജയിക്കാൻ സാധിക്കൂ.

സന്തതികൾ

നാം നമ്മളാവാൻ കാരണക്കാർ നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളാണ്. അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും വേണം. നമുക്ക് ജീവിതത്തിൽ നേർവഴി കാണിക്കുന്ന അവരെ അനുസരിക്കൽ അനിവാര്യം. ജീവിതം ഒരു താക്കോലാണെങ്കിൽ അതിന്റെ സൂക്ഷിപ്പുകാർ നമ്മുടെ മാതാപിതാക്കളാണ്. ആ താക്കോൽ കൊണ്ട് രണ്ട് ഉപയോഗമുണ്ട്. ഒന്ന്, നേർവഴിയുടെ വാതിൽ തുറന്ന് അതിലൂടെ സഞ്ചരിക്കാം. രണ്ട്, തിന്മയുടെ വാതിൽ തുറക്കൽ. എന്നാൽ നേരായ പാത തുറന്ന് സഞ്ചരിച്ചവർക്കേ ഇരുലോക വിജയം സാധിക്കൂ. തിന്മയിലൂടെ സഞ്ചരിച്ചാൽ അമ്പേ പരാജയപ്പെടും. ആ താക്കോൽ സുരക്ഷിതമാക്കുന്നവരാണ് മാതാപിതാക്കൾ. അതുകൊണ്ട് അവരെ ആത്മാർത്ഥമായി സ്‌നേഹിക്കണം. അവർക്ക് വേണ്ട സേവനങ്ങൾ നിർവഹിക്കുന്നതും അവർ ആവശ്യപ്പെടുന്നത് നിറവേറ്റുന്നതും നമ്മുടെ കടമയാണ്. അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) നബി(സ്വ)യോട് ചോദിച്ചു: എങ്ങനെയാണ് അല്ലാഹുവിലേക്ക് അടുക്കാനാവുക?
റസൂൽ(സ)യുടെ മറുപടി: ‘അതിന് മൂന്ന് കാര്യങ്ങൾ വേണ്ടതുണ്ട്.
1. സമയത്തിന് നിസ്‌കരിക്കൽ
2. മാതാപിതാക്കളോട് ഗുണം ചെയ്യൽ
3. അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം നടത്തൽ’
മാതാപിതാക്കളോട് ഗുണം ചെയ്യുന്നവർ അല്ലാഹുവിലേക്ക് അടുക്കുമെന്നാണ് നബി(സ്വ) വ്യക്തമാക്കുന്നത്.
മറ്റൊരിക്കൽ തിരുദൂതരോട് ഒരാൾ ചോദിച്ചു: പ്രവാചകരേ, ഈ ലോകത്ത് ഞാൻ ഏറ്റവും കടപ്പെട്ടത് ആരോടാണ്? അവിടന്നരുളി: ഉമ്മയോട്. പിന്നെ ആരാണെന്ന് ചോദിച്ചപ്പോഴും ഉമ്മയാണെന്നായിരുന്നു ഉത്തരം. മൂന്നാം തവണ ചോദിച്ചപ്പോഴും ഉമ്മ എന്ന് നബി(സ്വ) ആവർത്തിച്ചു. പിന്നെ ആരോട് എന്ന് ചോദിച്ചപ്പോൾ റസൂൽ(സ്വ) ഉപ്പയോട് എന്നാണ് പറഞ്ഞത്.
മാതാപിതാക്കളെ എത്രമാത്രം സ്‌നേഹിക്കുന്നുവോ അത്രത്തോളം നാം അല്ലാഹുവിലേക്ക് അടുക്കുന്നു. മക്കൾ എത്ര വലിയവരായാലും ഉമ്മ ഉമ്മയും ഉപ്പ ഉപ്പയും തന്നെയാണ്. അവരെ അർഹമായി പരിഗണിക്കണം. അവരുടെ മുന്നിൽ ബഹുമാനത്തോടുകൂടി നിൽക്കുകയും അവർ കടന്നുവരുമ്പോൾ ബഹുമാനിച്ച് എഴുന്നേൽക്കലും മര്യാദയാണ്. ഒരുപക്ഷേ നമ്മളെക്കാൾ വിദ്യാഭ്യാസം കുറഞ്ഞവരായിരിക്കും അവർ. എങ്കിലും നമ്മളെക്കാൾ ഉയരെയാണ് അവരെന്നതിൽ സംശയമില്ല. മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗമെന്ന നബിവചനം എപ്പോഴും ഓർമിക്കുക.
പ്രായം ചെന്ന മാതാപിതാക്കളും ചെറിയ മക്കളുമുള്ള വ്യക്തികൾ അവരോട് പാലിക്കേണ്ട മര്യാദയെക്കുറിച്ച് സഈദ് റമളാൻ ബൂത്വി ഹികമിന്റെ വ്യാഖ്യാനത്തിൽ വിശദീകരിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനായി തന്റെ മുമ്പിൽ തുറന്നുകിടക്കുന്ന വിശാലമായ ഉപജീവനമാർഗത്തിൽ പ്രവേശിക്കുക എന്നാണത്.
മാതാപിതാക്കളുടെ മനസ്സറിഞ്ഞുള്ള ഒരു ദുആ മതി നമ്മുടെ ഇഹലോകവും പരലോകവും രക്ഷപ്പെടാൻ. മാതാപിതാക്കളോടുള്ള മര്യാദ മക്കളുടെ എല്ലാ വിജയങ്ങളുടെയും അടിത്തറയാണെന്നു സാരം.

സുഹൃത്തുക്കൾ

ഹൃദയം നന്നാകാനുള്ള മാർഗമാണ് നല്ലവരോടുള്ള കൂട്ടുകെട്ട്. നല്ല സുഹൃത്തുക്കൾ സന്മാർഗത്തിലേക്കെത്തിക്കുകയും ചീത്ത കൂട്ടുകാർ തെറ്റായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ എപ്പോഴും നല്ല സുഹൃത്തുക്കൾ വേണം. നന്മകൾക്ക് കൂടെനിൽക്കുന്ന കൂട്ടുകാർ എന്നെന്നും തുണയാണ്. അത്തരം സ്‌നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കണം. അവരുമായി എപ്പോഴും സ്‌നേഹത്തോടെയും സന്തോഷത്തോടെയും സൗഹൃദത്തോടെയും വർത്തിക്കണം. നല്ല കൂട്ടുകെട്ടിന് ഏറ്റവും നല്ല ഉദാഹരണമാണ് നബി(സ്വ)യും അബൂബക്കർ(റ)വും. സിദ്ദീഖ്(റ) തന്റെ ജീവിതം മുഴുവനും മാറ്റിവെച്ചത് ഇഷ്ട സുഹൃത്തായ റസൂലിന് വേണ്ടിയായിരുന്നു. സൗർ ഗുഹയിൽ സ്വന്തം കാലുകൊണ്ട് ദ്വാരമടച്ചുപിടിച്ച് തിരുദൂതർക്ക് തന്റെ മടിത്തട്ടിൽ ശയനമൊരുക്കിയ അദ്ദേഹത്തെ സർപ്പം ദംശിച്ചത് പ്രസിദ്ധം. വേദന സഹിക്കാനാവാതെ വന്നപ്പോഴും നബിയെ ഉണർത്തിയില്ല. കാല് വലിച്ചാൽ അത് പുറത്തേക്ക് വന്ന് സുഹൃത്തിനെ അക്രമിക്കുമെന്നായിരുന്നു ആധി. കണ്ണിൽ നിന്ന് കണ്ണുനീർ മുഖത്ത് ഉറ്റി വീണപ്പോഴാണ് റസൂൽ(സ്വ) കാര്യമറിയുന്നത്. എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്ന ചോദ്യത്തിന് അങ്ങയുടെ ഉറക്കത്തിന് തടസ്സമായെങ്കിലോ എന്ന് കരുതിയിട്ടാണെന്നു മറുപടി. വിശുദ്ധ ഉമിനീർ പുരട്ടിക്കൊടുത്തു റസൂൽ. ഉടനെ വിഷമിറങ്ങി മുറിവ് ഭേദമായി. ഇതാണ് യഥാർത്ഥ സ്‌നേഹബന്ധം!
സുഹൃത്തിന്റെ വേദനകൾ നമ്മുടേതായി ഏറ്റെടുക്കുക, പറ്റാവുന്നത്രയും പരിഹരിച്ച് കൊടുക്കുക, അതാണ് വേണ്ടത്. പ്രതിസന്ധിഘട്ടത്തിൽ വിളിച്ചാൽ ഓടിച്ചെല്ലുക. അത് അവരോടുള്ള മര്യാദയാണ്. സാമ്പത്തികമായും ശാരീരികമായും സഹായിക്കേണ്ടിവരും. അപ്പോഴൊന്നും വിസമ്മതിക്കാതിരിക്കുന്നതാണ് നല്ല സൗഹൃദത്തിന്റെ അകക്കാമ്പ്.
ഉത്തമ കൂട്ടുകാരോടുള്ള ബന്ധങ്ങൾ നമ്മുടെ ഹൃദയത്തെ നന്നാക്കും. സുഹൃത്തുക്കളുമായി ഏതെങ്കിലും സാഹചര്യത്തിൽ തെറ്റിയാലും അവരുടെ ന്യൂനതകൾ മറച്ചുവെക്കണം. അവ പരസ്യമാക്കുന്നത് വിശ്വാസിക്ക് ഉചിതമല്ല. ഇതെല്ലാം അദബിന്റെ ഭാഗമാണ്. സുഹൃത്ത് നമ്മെ തെറ്റിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയാണെങ്കിൽ സ്വയം പിന്മാറുകയും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും വേണം. തെറ്റ് ചെയ്യുമ്പോൾ ഹൃദയം കറുത്തും കടുത്തും പോകുമെന്നും അവസാനം ഈമാനില്ലാതെ നശിക്കുമെന്നും ഉണർത്തുക. അവൻ സന്നദ്ധനാകുന്നില്ലെങ്കിൽ നമുക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാം.
നല്ല സൗഹൃദങ്ങൾ വിലമതിക്കാനാവാത്തതാണ്. അത് എപ്പോഴും പരിരക്ഷിക്കണം. അവരുടെ പരിമിതികളെ മറച്ചുവെക്കുകയും ഉയരങ്ങളിലേക്കെത്തിക്കാൻ പിന്തുണക്കുകയും വേണം. നല്ലവരോടുള്ള സഹവാസം മൂലം നമ്മളും നന്മയിലേക്ക് പ്രേരിതരാകും. ആരുടെയും പണം കണ്ട് സുഹൃത്താക്കരുത്. ആ ലക്ഷ്യത്തോടെ ഇങ്ങോട്ട് അടുക്കുന്നവരോട് അകലുന്നതാണ് നല്ലത്. പണമില്ലാത്തൊരു ഘട്ടത്തിൽ അവരെല്ലാം അകന്നുപോകും.
ആദ്യമായി നാം ബന്ധം സ്ഥാപിക്കേണ്ടത് രക്ഷിതാവായ അല്ലാഹുവിനോടാണ്. അല്ലാഹുവിലേക്കടുത്താൽ അവൻ നമ്മിലേക്കുമടുക്കും. നാഥൻ നമ്മെ ഇഷ്ടപ്പെട്ടാൽ ലോകരെ അവനതറിയിക്കും; ഞാൻ ഇയാളെ ഇഷ്ടപ്പെടുന്നു, നിങ്ങളും ഇദ്ദേഹത്തെ ഇഷ്ടപ്പെടുക. അങ്ങനെ ലഭിക്കുന്നവ നല്ല ബന്ധങ്ങളായിരിക്കും. വിദ്യാർത്ഥി, സന്തതി, സുഹൃത്ത് എന്ന നിലയിലെല്ലാം പാലിക്കേണ്ട ജീവിത മര്യാദകൾ അദബുകളിൽ പ്രധാനമാണ്. സ്വന്തത്തോടും അപരരോടും നീതി പുലർത്തിയും അദബുകൾ പാലിച്ചും നമുക്ക് ഇരുലോക വിജയം വരിക്കാം.

 

മുഹമ്മദ് ശാമിൽ അസൈനാർ കാരികുളം

 

Exit mobile version