അനുധാവനം മാത്രമല്ല തിരുപ്രണയം

തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം നിങ്ങളിൽ നിന്ന് അന്ത്യനാളിൽ എല്ലായിടങ്ങളിലും എന്നോട് ഏറ്റവും അടുത്തുണ്ടാവുക ഈ ലോകത്തുവെച്ച് എന്റെ മേൽ സ്വലാത്ത് ധാരാളമായി ചൊല്ലുന്നവരാണ് (ബൈഹഖി).
നബി(സ്വ)യുടെ വഫാത്തിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് നാം ജനിക്കുന്നതും ജീവിക്കുന്നതും. നബി(സ്വ)യെ ഭൂമുഖത്തുവെച്ച് നേരിൽ കാണുവാനും കൂടെ കഴിയുവാനും നമുക്ക് അവസരമുണ്ടായില്ല. അവിടത്തെ സാമീപ്യം കൊണ്ടും ഇടനിലക്കാരില്ലാത്ത പരിചരണം കൊണ്ടും ഭാഗ്യം സിദ്ധിച്ചവരല്ല നാം. എന്നാൽ നബി(സ്വ) കാരണമായി ധാരാളം അനുഗ്രഹങ്ങളും മഹത്ത്വങ്ങളും സൗഭാഗ്യങ്ങളും നേടിയെടുക്കാനുള്ള അവസരങ്ങൾ എല്ലാ വിശ്വാസികൾക്കും എക്കാലവുമുണ്ട്. നബി(സ്വ)യിൽ വിശ്വസിക്കുകയും സ്‌നേഹിക്കുകയും അനുധാവനം നടത്തുകയും ചെയ്യുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകരുമായി ബന്ധപ്പെട്ട ഏത് അടുപ്പവും കർമവും വാക്കും വിചാരങ്ങളുമെല്ലാം ഏറെ സന്തോഷകരമായിരിക്കും. റസൂലിനോടടുക്കാനും അവിടത്തെ സാമീപ്യം ലഭിക്കാനുമുള്ള മോഹം വിശ്വാസിയിൽ സ്വാഭാവികം.
നബി(സ്വ) ജീവിച്ച കാലത്ത് സത്യവിശ്വാസിയായി ജീവിക്കുന്നതിന്റെ മഹത്ത്വം ചെറുതല്ല. സത്യവിശ്വാസിയായി ജീവിക്കുന്നവരെ സംബന്ധിച്ച് നബി(സ്വ) അവർക്കും തിരിച്ചും ഏറെ പ്രിയപ്പെട്ടതായിരിക്കും. ജീവിത കാലത്ത് തിരുദൂതരെ നേരിൽ കാണാനായില്ല എന്നത് പിന്നീടു വന്ന വിശ്വാസികളെയെല്ലാം വേദനിപ്പിക്കുന്ന കാര്യമാണ് താനും. അതിനാൽ തിരുദർശനത്തിന് അവലംബിക്കേണ്ട മാർഗം എന്തെന്നറിയുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത് യഥാർഥ വിശ്വാസികളുടെ രീതിയാണ്. അങ്ങനെ അവർ വിജയം വരിക്കും.
നബി(സ്വ) പറഞ്ഞല്ലോ: എന്റെ സമുദായത്തിൽ എന്നോട് ഏറ്റവും കരുത്തുറ്റ സ്‌നേഹമുള്ളവർ നിങ്ങൾക്ക് ശേഷം വരാനുള്ള ഒരു ജനതയാണ്. സ്വന്തം സമ്പത്തും കുടുംബത്തെയും മുഴുവൻ നൽകിയാണെങ്കിലും എന്നെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നാണ് അവരിൽ ഓരോരുത്തരും ആഗ്രഹിക്കുക (മുസ്‌ലിം).
നബി(സ്വ)യുടെ വിയോഗാനന്തരം വരുന്ന വിശ്വാസികൾ തിരുദൂതരെ കാണാനും ദർശന മാഹാത്മ്യം സമ്പാദിക്കാനും അതിയായി ആഗ്രഹിക്കുന്നവരായിരിക്കും. അതിനുവേണ്ടി അവരുടെ സമ്പത്തും കുടുംബവും ത്യജിക്കേണ്ട ഘട്ടം വന്നാലും നബി(സ്വ)യെ കാണുക എന്ന മഹത്തായ സൗഭാഗ്യമാണവർ തിരഞ്ഞെടുക്കുക. അവരുടെ ഹൃദയാന്തരങ്ങളിലെ ഈമാനിന്റെ ശക്തിയും നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ആഴവുമാണിത് കാണിക്കുന്നത്.
അതുകൊണ്ടുതന്നെ അനുധാവനത്തേക്കാൾ ഒരുപടി മുന്നിൽ നബി(സ്വ)യെ കാണണമെന്ന ആഗ്രഹം ഖൽബിൽ നിറച്ചു ജീവിക്കുന്നവനായിരിക്കും നബിസ്‌നേഹി. തിരുസ്‌നേഹത്തെ അനുധാവനത്തിൽ മാത്രം ഒതുക്കി അവതരിപ്പിക്കൽ സ്‌നേഹത്തിന്റെ അർഥതലങ്ങളെ യഥാവിധി ഉൾക്കൊള്ളാത്തവരുടെയും മനസ്സിലാക്കിയിട്ടില്ലാത്തവരുടെയും പൊള്ളവാദമാണ്. സ്‌നേഹത്തിന്റെ ആഴവും പരപ്പുമനുസരിച്ച് അതിന്റെ പ്രയോഗ രീതികളും നിലപാടുകളും പ്രകടമാവുക എന്നത് സ്വാഭാവികമാണ്. അതിനെ യഥാവിധി പ്രകടിപ്പിക്കാൻ സാധിക്കുന്നത് മഹാഭാഗ്യവുമാണ്. നബിസ്‌നേഹമെന്നത് നടനമല്ല, വിവിധ നന്മകളുടെ ചാലകശക്തിയാണ്. ഇസ്‌ലാം പഠിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതുമായ നന്മകൾക്ക് നബിസ്‌നേഹം കാരണമാകുന്നുണ്ട്. എക്കാലത്തെയും വിശ്വാസികളിൽ ഇതുണ്ടാവും. പിൽക്കാലത്ത് വരുന്ന മുഅ്മിനുകൾക്ക് കാണാൻ മോഹമുണ്ടാകുന്നതും നബിസ്‌നേഹത്തിന്റെ ഭാഗമാണ്.
നബി(സ്വ)യും ശേഷക്കാരായ വിശ്വാസികളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഹദീസിൽ കാണാം. അവിടന്ന് ഒരിക്കൽ പറഞ്ഞു: ‘എന്റെ അടുത്ത സഹോദരങ്ങളെ ഞാൻ കണ്ടിരുന്നുവെങ്കിൽ!’ ഇതുകേട്ട സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളല്ലേ അങ്ങയുടെ സഹോദരങ്ങളും അനുചരന്മാരും? നബി(സ്വ)യുടെ മറുപടി: അതേ, പക്ഷേ ഞാനുദ്ദേശിച്ചത് നിങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ഒരു ജനതയെയാണ്. നിങ്ങൾ എന്നിൽ വിശ്വസിച്ചതുപോലെ അവരും എന്നിൽ വിശ്വസിക്കും. നിങ്ങൾ എന്നെ സത്യമാക്കിയത് പോലെ അവരും സത്യമാക്കും. നിങ്ങൾ എന്നെ സഹായിച്ചതു പോലെ അവരും എന്നെ സഹായിക്കും. അതുകൊണ്ട് ഞാൻ എന്റെ സഹോദരങ്ങളെ കണ്ടുമുട്ടിയെങ്കിൽ എത്ര നന്നായിരുന്നു! (അദ്ദുർറുൽ മൻസൂർ).
നബി(സ്വ)യുടെ കാലത്ത് ജീവിച്ച വിശ്വാസികൾ അവിടത്തെ കാണാൻ ആഗ്രഹിച്ചതു പോലെ, നബി(സ്വ) അവരെ കാണാൻ ആഗ്രഹിച്ചതു പോലെ, പിൽക്കാലക്കാരായ വിശ്വാസികൾ നബി(സ്വ)യെ കാണാനും അവിടന്ന് അവരെ കാണാനും ആഗ്രഹിക്കുന്നുവെന്നത് വിശ്വാസികളും റസൂലും തമ്മിലുള്ള പാരസ്പര്യത്തിന്റെ കരുത്താണ് കാണിക്കുന്നത്. വിശ്വാസി മാനസങ്ങൾ നബിസ്‌നേഹത്താൽ നിറഞ്ഞതും അതിന്റെ പ്രയോഗത്തിന് വഴികൾ തേടിക്കൊണ്ടിരിക്കുന്നതുമായിരിക്കും. നബി(സ്വ)യുടെ അടുത്തെത്താനുള്ള മോഹവും പ്രവാചകരെകൊണ്ട് ഗുണം നേടാനുള്ള ആഗ്രഹവും അവിടത്തെ സഹായിക്കാനുള്ള ഉത്സാഹവും സത്യവിശ്വാസത്തിന്റെ അനിവാര്യമായ ഗുണങ്ങളാണെന്ന് ചുരുക്കം.
നബി(സ്വ)യുടെ മുഖകമലം കണ്ടു തിരുചാരത്തിരിക്കാൻ ഈ ലോകത്തുവെച്ച് നമുക്ക് അവസരമുണ്ടായില്ല. പലർക്കും അവിടന്ന് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്ക് എത്തിച്ചേരാനും സാധിച്ചില്ല. എന്നാൽ അവസാനിക്കാത്ത വിജയവും അഭംഗുരമായ അനുഭൂതിയും സമ്മാനിക്കുന്ന തിരുസാമീപ്യത്തിന്റെ സ്ഥിരമായ സൗഭാഗ്യം വിശ്വാസികൾക്കുണ്ടെന്ന അറിയിപ്പാണ് ഈ ഹദീസിൽ. ഈ ലോകത്ത് നടക്കാത്തതും എന്നാൽ ആഖിറത്തിൽ സാധിക്കുന്നതുമായ പ്രസ്തുത സൗഭാഗ്യം എങ്ങനെ നേടാനാവുമെന്ന വിശ്വാസിയുടെ ആലോചനക്കുള്ള പരിഹാരമാണ് സ്വലാത്ത് വർധിപ്പിക്കൽ. എങ്കിൽ പാരത്രിക ലോകത്ത് നബിസാമീപ്യം നേടാൻ അവസരം ലഭിക്കും.
സ്വലാത്ത് പുണ്യവചനമെന്നതിലുപരി അല്ലാഹുവും മലക്കുകളും ചെയ്തുകൊണ്ടിരിക്കുന്ന ഇബാദത്താണ്. സ്വലാത്ത് ചൊല്ലുക വഴി അല്ലാഹു, മലക്കുകൾ, മുഅ്മിനുകൾ എന്നിങ്ങനെ ആ മഹദ്കർമത്തിൽ നാമും കണ്ണിചേർക്കപ്പെടുന്നു. ആഖിറത്തിൽ നബിസാമീപ്യം നേടിത്തരാൻ സ്വലാത്ത് കാരണമാകുമെന്നത് സ്വലാത്തിന്റെ നേട്ടങ്ങളിൽ പ്രധാനമാണ്. ഒരു സ്വലാത്ത് പോലും വെറുതെയാകില്ല. നബി(സ്വ)യുടെ പേര് പറയുമ്പോൾ പറയുന്നവൻ അതിനോട് ചേർത്തും കേൾക്കുന്നവൻ ഒരു പൂരണമെന്ന നിലയിലും സ്വലാത്ത് ചൊല്ലണം. ചൊല്ലാതിരിക്കുന്നത് അവലക്ഷണമാണ്. സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹുവിന്റെ കൽപനക്ക് വഴിപ്പെടലും തിരുസ്‌നേഹാദരത്തിന്റെ അനുഷ്ഠാനവുമാണ് നിർവഹിക്കുന്നത്. മാത്രമല്ല, ഒന്നിന് പത്തെന്ന ക്രമത്തിൽ പ്രതിസ്വലാത്തുമുണ്ടാകുന്നുണ്ട്. ‘എന്റെ മേൽ ഒരാൾ ഒരു സ്വലാത്ത് ചൊല്ലിയാൽ അതു കാരണമായി പത്ത് സ്വലാത്ത് അല്ലാഹു അവന് ചെയ്യുന്നതാണ്’ എന്ന ഹദീസ് പ്രസിദ്ധം. ലാഭം മാത്രം പ്രദാനിക്കുന്ന, വലിയ ഭാഗ്യങ്ങളും വിജയങ്ങളും നേടിത്തരുന്ന സ്വലാത്ത് വർധിപ്പിക്കാൻ നാം അവസരം കണ്ടെത്തേണ്ടതുണ്ട്.
വിശുദ്ധ റബീഉൽ അവ്വൽ ആഗതമാവുകയാണ്. നബിസ്‌നേഹത്തിന്റെ വൈവിധ്യമാർന്ന പ്രയോഗ ശീലുകളാൽ അന്തരീക്ഷം മുഖരിതമാവുന്ന മനോഹരമായ നാളുകൾ. നബി(സ്വ)യോടടുക്കുവാനും ഇഷ്ടം കൂടുവാനും നേട്ടങ്ങൾ കൈവരിക്കുവാനും ഉപയോഗപ്പെടുത്തേണ്ട ഈ സുവർണാവസരം വിനഷ്ടമാകരുത്. സ്വലാത്തും സ്വലാത്ത് വർധിപ്പിക്കാൻ കാരണമാകുന്നവയും ധാരാളമാകട്ടെ, അതിലെല്ലാം നാം പങ്കാളികളാവുക.
നബിസ്‌നേഹം നമ്മുടെ ഈമാനിന്റെ പൂർണതയുടെ അടയാളമായി റസൂൽ(സ്വ) വിശേഷിപ്പിച്ചിട്ടുണ്ട്. നബി(സ്വ) കാണാൻ ആഗ്രഹിക്കുകയും നബി(സ്വ)യെ കാണാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്ന വിതാനത്തിലേക്ക് നമ്മുടെ വിശ്വാസവും പ്രവാചക സ്‌നേഹവും ഉയർന്നുവരേണ്ടതുണ്ട്. തിരുസ്‌നേഹം ഹൃദയത്തിലുറച്ചവരിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പണ്ഡിതന്മാർ ധാരാളം വിശദീകരിച്ചിട്ടുണ്ട്: ‘നബി(സ്വ)യുടെ ചരിത്രവും വഹ്‌യിന്റെ അവതരണരീതിയും അവർ പാരായണം ചെയ്ത് പഠിച്ചറിയും. വിശേഷണങ്ങളെയും സ്വഭാവശീലങ്ങളെയും അവിടത്തെ ചലനനിശ്ചലനങ്ങളിലും ഉറക്കിലും ഉണർച്ചയിലും ഇബാദത്തുകളിലും കുടുംബത്തോടും അനുചരന്മാരോടുമുള്ള ഇടപഴക്കങ്ങളിലും അനുവർത്തിച്ചിരുന്ന ചിട്ടകളും മര്യാദകളും പഠിച്ചറിയാൻ പരിശ്രമിക്കും. അങ്ങനെ നബി(സ്വ)യോടൊപ്പം ജീവിച്ച അനുചരന്മാരിലൊരാളെന്ന പോലെ അവനായിത്തീരും (മദാരിജുസ്സാലികീൻ).
നബി(സ്വ)യിലുള്ള വിശ്വാസത്തിന്റെയും അവിടത്തോടുള്ള സ്‌നേഹത്തിന്റെയും ഫലവും അടയാളവുമാണ് നബിചരിത്രം അറിയാനും പഠിക്കാനുമുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും. റബീഉൽ അവ്വലിൽ നബിപഠനത്തിന് കൂടുതൽ ഉത്സാഹം കാണിക്കുകയും അതുവഴി പ്രവാചക പ്രണയത്തിന് കൂടുതൽ കരുത്തും തിളക്കവും ഭദ്രതയും നേടി വിജയം ഉറപ്പുവരുത്താനും നാം പരിശ്രമിക്കുക.

അലവിക്കുട്ടി ഫൈസി എടക്കര

Exit mobile version